19/04/2026

സൈരന്ദ്രി : ഭാഗം 32

രചന – രജിഷ അജയ്ഘോഷ്

“ഞാൻ… ഞാനിങ്ങനെ കുറച്ച് നേരം ഇരുന്നോട്ടെ കേശുവേട്ടാ…?”
കാതിനരുകിൽ സൈറയുടെ നേർത്ത സ്വരം കേട്ടു…
കേശുവിൻ്റെ ഹൃദയത്തിൽ ഒരു സ്ഫോടനം തന്നെ നടന്നു…
അവളിൽ നിന്നും ഒട്ടും അകലാതെ ചേർത്ത് പിടിച്ച് അവിടെത്തന്നെയിരുന്നവൻ… ആ നെഞ്ചോടൊട്ടി തോളിൽ തല ചായ്ച്ച് സൈറയും..

“ഇനിയും ഈ ഇഷ്ടം കണ്ടില്ലെന്ന് നടിക്കാനാവില്ലെനിക്ക്.. എന്നെയാരും ഇത്രയേറെ സ്നേഹിച്ചിട്ടില്ല.. എനിക്കുവേണ്ടി ആരും കാത്തിരുന്നിട്ടില്ല.. ഈ കരുതലും പ്രണയവും
എൻ്റെ ശ്വാസം നിലക്കുന്നത് വരെ
വേണമെനിക്ക്.. ” സൈറയുടെ നേർത്ത സ്വരം
കേശുവിൻ്റെ കാതിൽ പതിഞ്ഞു..
സൈറയെ ചേർത്ത് പിടിച്ചിരുന്ന കേശുവിൻ്റെ കൈകൾ ഒന്നുകൂടി മുറുകി..
എന്നും കൂടെയുണ്ടാവുമെന്ന് പറയുന്നത് പോലെ..

“ഇങ്ങനൊന്ന് കേൾക്കാൻ എത്ര കൊതിച്ചിട്ടുണ്ടെന്നറിയോ… അത്രക്കിഷ്ടാടോ..” ചേർത്ത് പിടിച്ച കൈകൾ വിടാതെ കേശു പറയുമ്പോൾ അത്രമേൽ നേർത്തിരുന്നു അവൻ്റെ സ്വരം…
തിരികെ വരുമോ എന്നറിയാത്ത ദിവസങ്ങളിൽ പോലും തന്നെ കാത്തിരിന്നവനാണ്.. എന്ത് പറയണമവനോട്.. സൈറക്ക് വാക്കുകൾ ഒന്നും പുറത്തേക്ക് വന്നില്ല… തോളിൽ ചേർത്തുവെച്ച മുഖം ഒന്നൂടി അമർത്തിവെച്ചവൾ…
രണ്ടാളുടെയും മനസ് നിറഞ്ഞു..
ഒന്നും പറയാതെ കുറച്ച് നേരം അതേ ഇരിപ്പ് തുടർന്നശേഷം കേശുപതിയെ സൈറയെ തോളിൽ പിടിച്ച് നേരെയിരുത്തി…
അവളുടെ മുഖത്തേക്ക് നോക്കുമ്പോൾ കണ്ണുകൾ നിറഞ്ഞിട്ടുണ്ട്..
അവളുടെ കണ്ണുകൾ നിറഞ്ഞ് കണ്ടത് ഹോസ്പിറ്റലിൽ വേദന സഹിക്കാനാവാതെ കിടന്നപ്പോൾ മാത്രമാണ്.. പിന്നെയൊരിക്കലും അവൾ കരഞ്ഞിട്ടില്ലെന്ന് കേശു ഓർത്തു..

“ഇതെന്താ കണ്ണൊക്കെ നിറഞ്ഞിരിക്കുന്നെ?” അവളുടെ കവിളിലേക്ക് കൈ ചേർത്താണ് കേശു ചോദിച്ചത്..

“സന്തോഷം കൊണ്ടാ.. എൻ്റെ സ്വന്തമെന്ന് ധൈര്യത്തോടെ പറയാനൊരാളുണ്ടല്ലോ
ഇപ്പോ… “സൈറയൊന്ന് കണ്ണുചിമ്മി…ചിരിച്ചു..
ആ ചിരിയിൽ വല്ലാത്തൊരു ഭംഗിയുണ്ടായിരുന്നു..

“ഇവിടെല്ലാവരും തൻ്റെ സ്വന്തമല്ലേടോ..”

“ആണ്.. പക്ഷേ, അതിനേക്കാളേറെ എൻ്റെ മാത്രമായൊരാൾ… ”

“പട്ടാളക്കാരിക്കും നാണമോ..” കേശുചിരിയോടെ അവളുടെ മുഖത്തേക്ക് നോക്കി..
ചിരിയോടെ തന്നെ കട്ടിൽ ക്രാസയിലേക്ക് തല ചാരിയവൾ..
❤❤

ഉച്ചകഴിഞ്ഞ് മുറ്റത്തെ മരത്തണലിൽ സൈറയെ വീൽചെയറിലിരുത്തി കൊടുത്തിട്ടാണ് കേശു വയലിലേക്ക് പോയത്.. അച്ഛമ്മയുണ്ട് അവൾക്കടുത്ത്..

” സൈറക്കൊച്ചേ..” സാമിൻ്റെ ശബ്ദം കേട്ടപ്പോ തിരിഞ്ഞു നോക്കി..

“എവിടാരുന്നു? കണ്ടിട്ട് രണ്ടു ദിവസമായല്ലോ.. ”

” കുഞ്ഞിച്ചെക്കനെ കാണാൻ തോന്നിയപ്പോ രേഷ്മേടെ വീട്ടിലൊന്ന് പോയി…
അല്ല കൊച്ചേ ഇതൊന്നും അഴിച്ചു
കളയാനായില്ലേ.. ” പൊട്ടിയ കയ്യിലേക്ക് നോക്കുന്നുണ്ടവൻ..

“നാളെപ്പോയി സ്കാൻ ചെയ്താലേ അറിയാൻ പറ്റുള്ളു..
ഇതൊക്കെ അഴിച്ച് പറിച്ച് കളഞ്ഞിട്ട് പഴയത് പോലെ ഓടിച്ചാടി നടക്കാൻ കൊതിയാവുന്നു.. ”
സൈറയൊന്ന് നിശ്വസിച്ചു..

“വേദനയുണ്ടോ?”

“കുറവുണ്ട്.. കയ്യും കാലുമൊന്ന് അനക്കി നോക്കാമെന്ന് വിചാരിച്ചാ അച്ഛമ്മയും കേശുവേട്ടനും സമ്മതിച്ചിട്ട് വേണ്ടേ..” സൈറ ഇടം കണ്ണിട്ട് പത്മാവതിയമ്മയെ നോക്കി..

” ഡോക്ടറെ കണ്ടിട്ട് മതി അനക്കലും നടക്കലുമൊക്കെ…” പത്മാവതിയമ്മ ഗൗരവത്തിൽ പറഞ്ഞു..

“ഓ.. മതിയേ..” സൈറ കുഞ്ഞുങ്ങളെപ്പോലെ ചുണ്ടുകൂർപ്പിച്ചു… സാമിനോട് പിന്നെയും ഓരോന്ന് പറഞ്ഞങ്ങനെയിരുന്നു..

“മമ്മി വരുന്നുണ്ടല്ലോ.. ” ഗേറ്റും കടന്ന് സലീന വരുന്നത് കണ്ടപ്പോൾ സൈറചിരിയോടെ പറഞ്ഞു..

“അയ്യോ.. മമ്മിയിങ്ങോട്ട് വന്നോ?”സാം വേഗം എഴുന്നേറ്റു..
സലീന വന്നവഴി സാമിനോട് എന്തോ ആംഗ്യം കാണിച്ചിട്ട് പിന്നെ ചെവിക്ക് പിടിച്ചു.. കൊച്ചു പിള്ളേരെപ്പോലെ സാം മുഖം ചുളിച്ചത് കണ്ടപ്പോൾ സൈറയും പത്മാവതിയമ്മയും ചിരിച്ചു..

“സൈറക്കൊച്ചേ പോവാണേ… “സാം ദയനീയമായി പറഞ്ഞപ്പോൾ സൈറ എന്താണെന്ന് കൈയ്യുയർത്തി ചോദിച്ചു.. വന്നിട്ട് പറയാമെന്നും പറഞ്ഞവൻ മമ്മിയുടെ തോളത്ത് കൈയ്യിട്ട് അവരെയും കൂട്ടി നടന്നു..സലീന ഇടക്കൊന്ന് തിരിഞ്ഞ് സൈറയോട് കൈകൊണ്ട് നാളെ വരാമെന്ന് കാണിച്ചു..

കേശു തിരികെ വന്നപ്പോഴാണ് സാമിന് പെണ്ണുകാണാൻ പോവുന്ന കാര്യം പറഞ്ഞത്..
എല്ലാരും ഒരുങ്ങുന്ന നേരത്ത് മുങ്ങിയതാണ് സാം..
ഒടുവിൽ കാണാതെ വന്നപ്പോൾ മമ്മി അന്വോഷിച്ചു വന്നതാണ്..

“എന്നിട്ട് സാം വന്നിട്ട് ഒന്നും പറഞ്ഞില്ലല്ലോ.. ” സൈറക്ക് വിശ്വാസം വന്നില്ലായിരുന്നു..

“അവനിപ്പോൾ കല്യാണം വേണ്ടാന്ന്.. കുറച്ച് നാളും കൂടെ അടിച്ച് പൊളിച്ച് നടക്കട്ടേന്ന്..
പക്ഷേ വീട്ടുകാര് പിടിച്ച പിടിയാലേ കൊണ്ടുപോയിട്ടുണ്ട്.. ” കേശു ചിരിച്ചു…

രാത്രിയൊരു ഏഴ് കഴിഞ്ഞപ്പോൾ സാം വന്നു..
പക്ഷേ ആൾക്ക് പോയ മുഖമായിരുന്നില്ലെന്ന് മാത്രം..

“സൈറാ… ദേ ഇങ്ങോട്ട് നോക്കിയേ..” കേശുവിൻ്റെ ശബ്ദം കേട്ടാണ് സൈറ തിരിഞ്ഞു നോക്കിയത്..
സാമിൻ്റെ മുഖത്ത് ചിരിയാണ്..

“സാം പെൺകുട്ടി എങ്ങനെയുണ്ട്.. ” സൈറക്ക് ആകാംക്ഷയാണ്..

” ഉം… തരക്കേടില്ല.. ”

“എന്നിട്ട് തീരുമാനമായോ?”

“ഏതാണ്ട് ആയപോലെയാണ്.. “ഒരീണത്തിൽ മുഖത്ത് നോക്കാതെ ചെറുചിരിയോടെ തല താഴ്ത്തി പറയുന്നവനെ കണ്ട് സൈറയും കേശുവും മുഖാമുഖം നോക്കിപ്പോയി..

“എടാ കള്ളാ… വെറുതെയല്ല ഈ ചിരിയൊക്കെ.. ഇവിടന്ന് ഉന്തിത്തള്ളി കൊണ്ടുപോയവനാ.. എനിക്കിപ്പൊ പെണ്ണ് കെട്ടണ്ടാന്ന് പറഞ്ഞവനാ..
എന്നിട്ടിപ്പൊ കല്യാണമായെന്ന്… ” കേശു ഉറക്കെ ചിരിച്ചു..

സാം ചമ്മലോടെ സൈറയെ നോക്കിയപ്പോൾ അവിടെ അതിനേക്കാൾ ചിരിയാണ്..

“കൊച്ചിൻ്റെ പേരെന്താടാ…” കേശു ചിരിക്കിടയിൽ ചോദിച്ചു..

“ലിയോന… ലിയാന്ന് വിളിക്കും..”

“ആര്?” കേശുവും സൈറയും ഒരേ ശബ്ദത്തിൽ കോറസ്സ് പോലെ ചോദിച്ചുപോയി..

“അവൾടെ വീട്ടുകാര്…” സാം നിഷ്കളങ്കനായി..
പിന്നെയും രണ്ടാളും കൂടി സാമിനെ കളിയാക്കിക്കൊണ്ടിരുന്നു..

ലിയോന നേഴ്സാണ്..സലീനയുടെ ഒരു കൂട്ടുകാരിയുടെ ചേച്ചിയുടെ മകൾ..
രണ്ടു വീട്ടുകാർക്കും ഇഷ്ടപ്പെട്ടതോടെ വിവാഹം
പറഞ്ഞു വെച്ചു..
രാവിലെ ഹോസ്പിറ്റലിൽ പോവുമ്പോൾ വരാമെന്നും പറഞ്ഞ് രാത്രി ഭക്ഷണവും കഴിച്ചാണ് സാം പോയത്..

കേശുവും സാമും സൈറയും കൂടിയാണ് ഹോസ്പിറ്റലിലേക്ക് പോയത്.. ഡൽഹിയിലെ ഫയലുകളെല്ലാം ഡോക്ടറെ കാണിച്ചു..
കെട്ടഴിച്ച് എക്സ്റേ എടുത്തു നോക്കിയപ്പോൾ
പൊട്ടിയ എല്ലുകൾ കൂടിയിട്ടുണ്ട്.. ചെറിയ രീതിയിൽ നീരുണ്ട്…
വേദനയുണ്ടാവും എങ്കിലും ഇനി പതിയെ നടന്നു തുടങ്ങാം എന്ന് പറഞ്ഞു..
കയ്യിലെയും കാലിലെയും കെട്ടഴിച്ചപ്പോൾ തന്നെ സൈറക്ക് ആശ്വാസം തോന്നി..
കേശുവിൻ്റെ മുഖത്തേക്കൊന്ന് നോക്കിയപ്പോൾ അതിനേക്കാൾ ആശ്വാസം ആൾക്കാണെന്ന് തോന്നി..

വേഗം തന്നെ ഹോസ്പിറ്റലിൽ നിന്നിറങ്ങി..

വീട്ടിലെത്തി കാർ നിർത്തിയപ്പോൾ സൈറ ഡോറ് തുറന്നൊന്ന് ഇറങ്ങാൻ നോക്കിയെങ്കിലും
വേദന തോന്നി.. ഇത്രനാൾ
അനക്കാതിരുന്നതിൻ്റെയാവും അൽപ്പം ബലക്കുറവും..

“എന്തേ പറ്റുന്നില്ലേ…” കൈ കെട്ടി നിന്ന് ചോദിക്കുന്ന
കേശുവിനെ നോക്കിയൊന്ന് നന്നായി ചിരിച്ചു കാണിച്ചു..
“പതിയെ നടന്നോളാൻ പറഞ്ഞെന്ന് കരുതി
തനിയെ നടക്കാനൊന്നും ആയിട്ടില്ല.. ഇങ്ങ് വാ..”
കേശു കൈ നീട്ടി അവൾക്കരുകിലേക്ക് ചേർന്നു..

“കാലൊന്ന് നിലത്ത് വെച്ച് നോക്കിയേ..” കാറിൽ നിന്നും എഴുന്നേൽപ്പിച്ച് ഇടുപ്പിലൂടെ കൈയ്യിട്ട് ചേർത്ത് നിർത്തിക്കൊണ്ടവൻ പറഞ്ഞപ്പോൾ
ആദ്യമായി നടത്തം തുടങ്ങുന്ന കുഞ്ഞിനെപ്പോലെ
സൈറ നടന്നു തുടങ്ങി..
പതിയെ നടന്ന് ഉമ്മറത്തെത്തിയപ്പോഴേക്കും വേദന തോന്നി സൈറക്ക്.. അവളുടെ മുഖത്തെ ഭാവങ്ങൾ നോക്കിയിരുന്ന കേശു പെട്ടന്ന് തന്നെ അവളെ എടുത്തു കൊണ്ട് തന്നെ അകത്തേക്ക് കയറി..

ഹാളിലെ കസേരയിൽ ഇരുത്തിയപ്പോൾ പോയ വിവരമറിയാൻ പത്മാവതിയമ്മയും ചന്ദ്രിയമ്മയും നോക്കിയിരിക്കുന്നുണ്ട്..
കെട്ടഴിച്ചതറിഞ്ഞപ്പോൾ സന്തോഷമാണ് രണ്ടാൾക്കും..

“ഇനി കുറച്ച് ദിവസം മൂപ്പൻ്റെ എണ്ണയിട്ടാ മതി..
നീരും വേദനയും മാറിക്കോളും.. കേശൂട്ടാ ഉച്ചകഴിഞ്ഞ് പോയിട്ട് എണ്ണ വാങ്ങീട്ട് വാ…”കാലൊന്ന് നോക്കിയിട്ട് പത്മാവതിയമ്മ പറഞ്ഞു.. വാങ്ങാമെന്ന് കേശു സമ്മതിച്ചു..

“വേണ്ടച്ഛമ്മേ… പ്ലീസ്.. എനിക്ക് മടുത്തു.. ” സൈറയൊന്ന് കെഞ്ചിനോക്കി..

“വേണം കുട്ടീ.. ഇല്ലെങ്കിൽ ഇപ്പൊ മാറിയാലും ഇടക്കിടെ വേദന വരും.. ഇതാവുമ്പോ എല്ലാം മാറി പഴയത് പോലെ ൻ്റെകുട്ടിക്ക് ഓടി നടക്കാലോ.. ” തലയിലൊന്ന് തലോടിക്കൊണ്ട് സ്നേഹത്തോടെ അച്ഛമ്മ പറഞ്ഞപ്പോൾ മറ്റൊന്നും പറയാനായില്ലവൾക്ക്..

സൈറയെ കട്ടിലിലേക്ക് കിടത്തിയെഴുന്നേൽക്കുമ്പോൾ അവളുടെ നീണ്ട മൂക്കിൻ തുമ്പിലൊന്ന് മൂക്കുരസി മാറി കേശു…
കേശുവിൻ്റെ നീക്കം പ്രതീക്ഷിക്കാത്തത് കൊണ്ടാവാം സൈറയുടെ കണ്ണുകൾ മിഴിഞ്ഞ് വന്നു.. ഒറ്റക്കണ്ണിറുക്കിക്കാട്ടി കേശു പോയപ്പോൾ
സൈറയൊന്ന് അമ്പരന്നു..
അവൻ്റെ മുഖത്തെ കുസൃതിയും പ്രണയവും അവളിൽ ചിരിയായി.. ഇതുവരെയില്ലാത്ത അനുഭൂതി തോന്നി സൈറക്ക്..

കേശു മൂപ്പനെ കണ്ട് എണ്ണ വാങ്ങാനായി പോയി..
ഒടിവിനും ചതവിനും പച്ചമരുന്നരച്ച് വെച്ച് കെട്ടി എണ്ണയും കൊടുത്ത് വിടുന്ന മൂപ്പനെ കാണാൻ താഴെ നാട്ടിൽ നിന്നുവരെ ധാരാളം ആളുകൾ വരുന്നുണ്ട്..
ഉച്ച കഴിഞ്ഞ സമയമായത് കൊണ്ട് തിരക്ക് കുറവുണ്ട്.. മരുന്നുകൾ കൂട്ടി കാച്ചിയഎണ്ണ തേച്ച് പിടിപ്പിച്ച് കിടക്കാൻ നേരം ചൂടുവെള്ളത്തിൽ കഴുകി കളയണം..
കേശു കൊണ്ടുവന്നപ്പോൾ തന്നെ ചന്ദ്രിയമ്മ
സൈറയുടെ കയ്യിലും കാലിലും എണ്ണതേച്ചു കൊടുത്തു..
ചൂടുള്ള വെള്ളത്തിൽ കഴുകിയ ശേഷമാണ് കഴിക്കാനിരുന്നത്.ഏറെ നാളുകൾക്ക് ശേഷം എല്ലാരും കൂടി ഒരുമിച്ചിരുന്നു..
സൈറ ഇടക്കൊന്ന് കേശുവിനെ നോക്കുമ്പോൾ
ആള് കണ്ണ് ചിമ്മിക്കാട്ടി.. സൈറയാകട്ടെ തിരികെ ഒറ്റക്കണ്ണിറുക്കിയതും കേശു തരിപ്പിൽ കേറി ചുമച്ചു പോയി…

“വെള്ളം കുടിക്ക്.. “തലക്കിട്ട് രണ്ട് കൊട്ടും കൊട്ടി അച്ഛമ്മ വെള്ളമെടുത്ത് കേശുവിനു കൊടുത്തപ്പോൾ സൈറ മുഖത്ത് ഭാവമാറ്റമേതുമില്ലാതെ കഴിക്കുന്ന തിരക്കിലായിരുന്നു..

കൈകഴുകാനും കിടക്കാനുമൊക്കെ കേശു തന്നെയാണ് കൂടെയുണ്ടായിരുന്നത്.. മറ്റാർക്കും കാണാത്ത വിധം രണ്ടാളുടെയും ചുണ്ടിൽ നേർത്ത ചിരിയുണ്ടായിരുന്നു..

കിടത്തിയ ശേഷം കണ്ണിമക്കാതെ നോക്കുന്നവനോട് എന്തെന്ന് പുരികമുയർത്തി സൈറ..

“ഉം… ഇതെന്താ ഒരു കള്ളത്തരം ?”

“ഒരു ഉമ്മ തരട്ടേ…” ഒരീണത്തിൽ ചെറിയൊരു ചമ്മലോടെ ചോദിക്കുന്നവനെയൊന്ന് തുറിച്ച് നോക്കിയവൾ..

“ഇതായിരുന്നോ കാര്യം…” മുഖമുയർത്തി ചുണ്ടിലേക്ക് വിരൽ തൊട്ടു സൈറ…
ഇത്തവണ കേശുവൊന്ന് ഞെട്ടി..
നെറ്റിയിലൊരു കുഞ്ഞു മുത്തം കൊടുക്കണമെന്ന് തോന്നിപ്പോയിരുന്നു… പക്ഷേ.. സൈറ കുറച്ചൂടി ഫാസ്റ്റാണെന്ന് തോന്നിയപ്പോൾ ഒരു ഞെട്ടൽ…

ധൈര്യം കുറച്ച് കുറവായത് കൊണ്ട് വേഗം നെറ്റിയിലൊന്ന് ചുണ്ടമർത്തി മാറിയവൻ…
വല്ലാത്തൊരു വെപ്രാളത്തോടെ പുറത്തേക്ക് പോകുന്നവനെ കണ്ട് ചിരി വന്നപ്പോഴും നെറ്റിയിൽ അവൻ്റെ ചുണ്ട് അപ്പോഴും പതിഞ്ഞിരിപ്പുണ്ടെന്ന് തോന്നി സൈറക്ക്..

തുടരും……