രചന – രജിഷ അജയ്ഘോഷ്
“നാളെ നമുക്കൊന്ന് പുറത്ത് പോവാം.. എനിക്ക് സംസാരിക്കാനുണ്ട്.. ” സൈറയവനെ നോക്കി..
“പോവാം.. ഇപ്പൊ ഒന്നുറങ്ങിക്കോട്ടോ..” അവളുടെ കൈക്ക് മേലെ കൈ ചേർത്ത് വെച്ചവൻ..
പിന്നെ പുറത്തേക്ക് നടന്നു..
സൈറക്ക് മുന്നിൽ ചിരിച്ചെങ്കിലും പുറത്തിറങ്ങിയപ്പോൾ സൈറക്കെന്താവും പറയാനുള്ളത് എന്ന ചിന്തയായിപ്പോയി കേശുവിന്.
അവൾക്ക് തന്നെ ഇഷ്ടമല്ലെന്ന് പറയാനാവുമോ?
അതോ വേറെ ഇഷ്ടം ഉണ്ടാവുമോ?
ചിന്തകൾ പലവഴിക്കായപ്പോൾ തലയൊന്ന് കുടഞ്ഞ് ശ്വാസം വലച്ച് വിട്ട് കാറിലേക്ക് കയറി..
രാത്രി എട്ട്മണി കഴിഞ്ഞാണ് അമ്മമ്മയെ കൂട്ടി കേശു തിരികെയെത്തിയത്..
സൈറ ഉറക്കത്തിലാണെന്ന് കണ്ടതും കുളിക്കാൻ കയറി. തിരികെ വന്ന് നോക്കുമ്പോഴും സൈറ ഉണർന്നിട്ടില്ല..പതിയെ വിളിച്ചുണർത്തിയപ്പോൾ ബോധമില്ലാത്തത് പോലെ ചുറ്റും നോക്കുന്നത് കണ്ടു..
“ഇനി ഭക്ഷണം കഴിച്ച് മരുന്നും കുടിച്ചിട്ട് ഉറങ്ങാം…
വാ…”കേശു കൈ നീട്ടി..
ഉറക്കപ്പിച്ചോടെ നോക്കുന്നത് കണ്ടിട്ടവന് ചിരിയാണ് വന്നത്..
മടിപിടിച്ച് കിടന്നവളെ എഴുന്നേൽപ്പിച്ച് ഇരുത്തിയപ്പോഴേക്കും ചന്ദ്രിയമ്മ ഭക്ഷണവുമായി വന്നു..
ക്ഷീണം കൊണ്ടാവാം വീണ്ടും കിടത്തിയതും അവൾ കണ്ണടച്ചു കിടന്നിരുന്നു..
ആ മുഖത്തേക്കൊന്ന് നോക്കി കേശു റൂമിലേക്ക് നടന്നു…
സൈറക്കെന്താവും പറയാനുണ്ടാവുകയെന്ന ചിന്തയിൽ കേശുവിൻ്റെ മനസാകെ അസ്വസ്ഥമായിരുന്നു..
അവൾക്കിഷ്ടമില്ലെങ്കിൽ നിർബന്ധിച്ച് കൂടെ കൂട്ടില്ലെന്ന് ഉറപ്പിച്ചു.. ഇഷ്ടമാണെങ്കിൽ ഒന്നിനു വേണ്ടിയും ഉപേക്ഷിക്കില്ലെന്നും…
അമ്മമ്മ എന്തു പറയുമെന്നറിയില്ല.. തൻ്റെ ഇഷ്ടം കാണാതിരിക്കാനാവില്ല അമ്മമ്മക്ക്..
സൈറയുടെ തീരുമാനം അറിഞ്ഞിട്ട് വേണം അമ്മമ്മയോട് സംസാരിക്കാൻ… ദേവമാമ്മക്ക് വിഷമമാവും.. ശാലു ഇപ്പൊ വിളിക്കാറില്ലെന്ന് ഇപ്പോഴാണ് ഓർത്തത് പോലും.. സൈറക്കൊപ്പം ഡൽഹിയിലായിരുന്നപ്പോൾ വിളിച്ചിരുന്നു..
സൈറക്കെന്താവുമെന്ന് ടെൻഷനടിച്ചിരിക്കുന്ന സമയത്ത് കേശുവേട്ടൻ എന്തിനാ അവിടെപ്പോയി നിക്കുന്നെ? ഹോംനേഴ്സിനെ ഏർപ്പാടാക്കിയാപ്പോരെ? എന്നവൾ ചോദിച്ചിരുന്നു..
ആ ചോദ്യം കേട്ടപ്പോൾ വല്ലാത്ത ദേഷ്യമാണ് തോന്നിയത്.വായിൽ തോന്നിയതൊക്കെ വിളിച്ചു പറഞ്ഞു.
പിന്നെയവൾ വിളിച്ചിട്ടില്ല.. സൈറയെ പഴയത് പോലെയാക്കണം എന്ന ആഗ്രഹമായിരുന്നു പിന്നീടങ്ങോട്ട്.അതിനിടയിൽ ശാലുവിനെക്കുറിച്ച് ഓർത്തതേയില്ല..
ഓരോന്ന് ആലോചിച്ച് കിടന്ന് എപ്പോഴോ കേശു ഉറങ്ങിപ്പോയി..
പിറ്റേന്ന് ഉച്ചകഴിഞ്ഞാണ് സൈറയെ കൂട്ടി പുറത്തേക്ക് പോയത്…
വല്ല പാർക്കിലോ മറ്റോ പോവാമെന്നാണ് കേശു കരുതിയതെങ്കിലും റോഡരികിലുള്ളൊരു തണൽമരത്തിനരികിൽ വണ്ടിയൊതുക്കാനാണ് സൈറ പറഞ്ഞത്..
“ഇതെന്താടോ ഇവിടെ?”കേശുവിന് അമ്പരപ്പാണ് തോന്നിയത്..
“ഇവിടാവുമ്പോൾ നമ്മള് മാത്രമല്ലേ ഉണ്ടാവൂ..”
“ഞാൻ കരുതിയത് നല്ലൊരു പാർക്കിലേക്ക് പോവാന്നാണ്…”
കേശു പറയുന്നത് കേട്ടപ്പോൾ സൈറയാ മുഖത്തേക്ക് നോക്കി.. സന്തോഷമാണവിടെ..
പ്രതീക്ഷ നിറഞ്ഞ ആ നോട്ടം തൻ്റെ ഹൃദയത്തിൻ്റെ ആഴങ്ങളിൽ മുറിവേൽപ്പിക്കുന്നുണ്ട്..
“ഞാനെൻ്റെ ഇഷ്ടം പറയാൻ വന്നതല്ല കേശുവേട്ടാ…” പതിയെ പറഞ്ഞവൾ..
കേശുവിൻ്റെ മുഖം വാടി..
“ഇവിടെ വന്നതിന് ശേഷമുള്ള സൈരന്ദ്രിയെ മാത്രമേ കേശുവേട്ടനറിയൂ.. അതിന് മുൻപുള്ള സൈരന്ദ്രിയെക്കുറിച്ച് പറയാനുണ്ടെനിക്ക്..
ഞാനിവിടെ വന്നതിന് ഒരു ലക്ഷ്യമുണ്ടായിരുന്നു..”
കേശുവിന് ഒന്നും മനസിലായില്ല..
സൈറയെ നോക്കുമ്പോൾ അവളുടെ മുഖത്ത് ഗൗരവമാണ്..
“കേശുവേട്ടൻ്റെ ദേവൻമാമയായിരുന്നു എൻ്റെ ലക്ഷ്യം…” സൈറ വീണ്ടും പറഞ്ഞപ്പോൾ കേശു ഞെട്ടിപ്പോയി…
“നീയെന്തൊക്കെയാ സൈറാ ഈ പറയുന്നെ..
എന്നെ ഇഷ്ടമല്ലെങ്കിൽ അത് പറഞ്ഞാമതി…
വെറുതേ ഓരോന്ന് പറയണ്ട…”
“വെറുതെ പറഞ്ഞതല്ല കേശുവേട്ടാ.. അയാളിങ്ങനെ കിടക്കാൻ കാരണക്കാരി ഞാനാണ്.. ഒരിക്കലും ആരോടും പറയില്ലെന്ന് കരുതിയതാണ്. പക്ഷേ, നിങ്ങളോടത്
പറയാതെ വയ്യ…
രണ്ട് പെൺമക്കളുള്ള അയാൾ അയാളുടെ ഇളയ മകളുടെ പ്രായമുള്ള എന്നോട് പത്താം വയസ്സിൽ ചെയ്ത ക്രൂരതകൾക്ക് പ്രതികാരം ചെയ്യാനായി മാത്രം വന്നതാണ് ഞാൻ…”
സൈറ പറയുമ്പോൾ കേശു നിഷേധാർത്ഥത്തിൽ തലയാട്ടി.. കൈയ്യിലേക്ക് മുഖം അമർത്തിപ്പിടിച്ചു..
വിശ്വസിക്കാൻ വയ്യ.. ദേവമാമ അങ്ങനെ ഒരാളല്ല.. അച്ഛൻ്റെ സ്ഥാനമാണ് തൻ്റെ മനസിൽ ദേവമാമക്ക്. മാമയെക്കുറിച്ച് ഒരാളും ഒരിക്കലും കുറ്റം പറയുന്നത് കേട്ടിട്ടില്ല.. അങ്ങനെയൊരാൾക്ക് ഇങ്ങനെയാവാൻ കഴിയുമോ?
പക്ഷേ, സൈറയൊരിക്കലും കള്ളം പറയില്ല..
അതും ഇങ്ങനൊരു കാര്യം..
കേശുവാകെ അസ്വസ്ഥനായി..
അവൻ്റെ ഭാവങ്ങൾ ശ്രദ്ധിച്ച് സൈറയിരുന്നു..
“ഞാനന്ന് രാത്രി ജമ്മുവിലേക്ക് പോയില്ല.. രാത്രി അയാൾക്കരികിലായിരുന്നു.. ഇനിയൊരിക്കലും അയാൾക്ക് എഴുന്നേൽക്കാനാവില്ലെന്ന് ഉറപ്പാക്കിയിട്ട് രാവിലെയാണ് പോയത്..
എൻ്റെ ശരി അതായിരുന്നു.. ഇന്നും ആ കാര്യത്തിൽ ഞാൻ ഹാപ്പിയാണ്..
എന്നെ മുഴുവനായി കേശുവേട്ടൻ അറിയണമെന്ന് തോന്നിയത് കൊണ്ടാണ് സംസാരിക്കാനുണ്ടെന്ന് പറഞ്ഞത്. ” സൈറ പറഞ്ഞ് നിർത്തി..
കേശു ഒന്നും മിണ്ടാനാവാതെ ഇരുന്നു പോയി..
വരുമ്പോൾ സന്തോഷമായിരുന്ന മുഖത്ത്
സങ്കടമായത് സൈറയറിഞ്ഞു..
“പോവാം…” ഒരുപാട് നേരം കഴിഞ്ഞിട്ടും ഒന്നും പറയാതെ ഇരിക്കുന്നവനോട് സൈറ പറഞ്ഞതും
തലയാട്ടിക്കൊണ്ട് കേശു കാറ് സ്റ്റാർട്ട് ചെയ്തു..
സൈറ ഇടക്ക് നോക്കുമ്പോഴെല്ലാം കേശുവിൻ്റെ മുഖത്ത് ഗൗരവമാണ്.. തികച്ചും മൗനം മാത്രം..
വീട്ടിലെത്തി കാറ് നിർത്തിയിട്ട് വെപ്രാളത്തോടെയവൻ അകത്തേക്ക് കയറിപ്പോവുന്നത് കണ്ടു…
ഇറങ്ങാനാവാതെ എന്തു ചെയ്യണമെന്നറിയാതെ സൈറയിരുന്നു..
മാമനെ ദ്രോഹിച്ചവളോടുള്ള ദേഷ്യമാവും ആ മനസിലെന്ന് തോന്നി സൈറക്ക്..
റൂമിലെത്തിയതും ബെഡ്ഡിലേക്കിരുന്നു പോയി കേശു… ഒരിക്കൽ പോലും ചിന്തിക്കാത്തൊരു കാര്യം കേട്ടതിൻ്റെ ഷോക്കിലായിരുന്നവൻ..
അതും തനിക്കേറെ പ്രിയപ്പെട്ട ആളെക്കുറിച്ച് താൻ പ്രണയിക്കുന്നവളുടെ വാക്കുകളിലൂടെ..
സൈറയെങ്ങനെ ഇതെല്ലാം സഹിച്ചു..
പെട്ടന്നാണ് സൈറയെ കാറിൽ നിന്നും ഇറക്കിയില്ലല്ലോ എന്നോർത്തത്..
ശ്ശോ.. കൈ കൊണ്ട് തലയിലൊന്ന് തട്ടിയിട്ട് പുറത്തേക്ക് ഓടി…
സീറ്റിലേക്ക് ചാരിയിരിക്കുന്നവളെ കണ്ടപ്പോൾ ചെയ്തത് വല്യ തെറ്റാണെന്ന് ഓർത്തപ്പോൾ
ആ മുഖത്തേക്ക് നോക്കാൻ കഴിഞ്ഞില്ലവന്..
“സോറീ… ഞാൻ പെട്ടന്ന്… ” വാക്കുകൾക്കായവൻ പരതിയപ്പോൾ പരിഭവമേതുമില്ലാതെ അവൾ പുഞ്ചിരിച്ചു..
ഡോറ് തുറന്ന് അവളെ വാരിയെടുത്ത് കേശു നടക്കുമ്പോൾ സൈറയുടെ കണ്ണുകൾ പതിവുപോലെ അവൻ്റെ മുഖത്തേക്കൊന്ന് ചെന്നു..
എപ്പോഴും ചേർത്ത് പിടിക്കുമ്പോൾ നേർത്ത ചിരിയുള്ള മുഖത്ത് ഒരുതരം നിർവികാരതയാണെന്നവൾ അറിഞ്ഞു..
സൈറയെ കട്ടിലിലേക്ക് കിടത്തി തിരിയുമ്പോഴും വീണ്ടും സോറീയെന്ന് പറഞ്ഞവൻ..
കണ്ണൊന്ന് ചിമ്മിക്കാണിക്കാതെ വീണ്ടും തിരിഞ്ഞു നോക്കാതെയവൻ പുറത്തേക്കിറങ്ങിയപ്പോൾ
സൈറക്കാണ് വേദനിച്ചത്..
എന്തെന്നറിയാത്തൊരു നൊമ്പരം തോന്നിയവൾക്ക്…
ഇടക്കിടെ വന്നു നോക്കുന്നയാൾ പിന്നെ
രാത്രിയാണ് വന്നത്…
സൈറയെ എഴുന്നേൽപ്പിച്ചിരുത്തി.. സൈറ അവനെ നോക്കാതെ മുഖം തിരിച്ചു..
കുറച്ച് കഴിഞ്ഞിട്ടും കേശു പോയില്ലെന്ന് തോന്നിയപ്പോഴാണ് നോക്കിയത്..
ആ കണ്ണുകൾ നിറഞ്ഞിരിക്കുന്നു.. നോട്ടം തന്നിലാണ്.. സൈറ വേഗം മുഖം താഴ്ത്തിപ്പോയി..
“സൈറാ…” പതിയെ വിളിച്ചവൻ..
കണ്ണുകൾ മാത്രം ഉയർത്തി നോക്കി സൈറ..
കേശു അവൾക്കടുത്തേക്ക് വന്നിരുന്ന് അവളുടെ കൈയ്യെടുത്ത് തൻ്റെ കൈകൾക്കുള്ളിൽ പൊതിഞ്ഞു പിടിച്ചു..
“ഡോക്ടർ പറഞ്ഞത് പോലെ താനൊരു എക്സ്ട്രാ ഓർഡിനറി വുമണാണ്.. താൻ ചെയ്തതാണ് ശരി.. പെട്ടന്ന് കേട്ടപ്പോ ഞാനൊന്ന് ഞെട്ടിപ്പോയി.. ”
കേശു പറയുന്നത് കേട്ട് സൈറ ചിരിച്ചു..
“അതേയ്… എനിക്കിപ്പോൾ കൂടുതലിഷ്ടം തോന്നുന്നു തന്നോട്.. “മുഖത്തിനടുത്തേക്ക് മുഖം അടുപ്പിച്ച് പതിയെ പറഞ്ഞ കേശുവിനെയൊന്ന് തറപ്പിച്ച് നോക്കി സൈറ..
ചുണ്ടിൻ്റെ കോണിൽ വിരിയാൻ നിൽക്കുന്ന പുഞ്ചിരിയെ വിദഗ്ദമായി ഒളിപ്പിച്ചവൾ..
“തനിക്കൊരിത്തിരി ഇഷ്ടം പോലും എന്നോട് തോന്നുന്നില്ലേടോ..” കേശു വീണ്ടും ചോദിച്ചു..
ചുണ്ടിലെ ഒളിപ്പിച്ചചിരിയോടെ തന്നെ തല വിലങ്ങനെ ആട്ടിയവൾ..
കേശു വീണ്ടും എന്തോ പറയാൻ തുടങ്ങും മുന്നേ ചന്ദ്രിയമ്മ സൈറക്കുള്ള ഭക്ഷണവുമായി വന്നു..
ഭക്ഷണം കഴിച്ച് സൈറയെ കേശു കിടത്തുന്നത് വരെ ചന്ദ്രിയമ്മയുണ്ടായിരുന്നു..
അതു കഴിഞ്ഞതും പത്മാവതിയമ്മ വന്നു..
ഒന്നും പറയാനാവാതെ സൈറയെ നോക്കി
കേശു തൻ്റെ റൂമിലേക്ക് പോയി..
തനിക്കൊരിത്തിരി ഇഷ്ടം പോലും എന്നോട് തോന്നുന്നില്ലേടോ.. കേശു ചോദിച്ചതോർക്കേ സൈറക്ക് ചിരി വന്നു.. ആ ചിരിയോടെ തന്നെ ഉറങ്ങിപ്പോയി..
പിറ്റേന്ന് പതിവെല്ലാം കഴിഞ്ഞാണ് കേശു വയലിലേക്കൊന്ന് ഇറങ്ങിയത്.. വല്ലപ്പോഴും വന്ന് പണിയെടുക്കുന്നത് നോക്കുമെന്നല്ലാതെ പണിയെന്തെങ്കിലും എടുത്തിട്ട് മാസങ്ങൾ കഴിഞ്ഞിരിക്കുന്നു..
കുമാരേട്ടനോട് ഇത്തവണത്തെ വിത്തിടലിനെക്കുറിച്ച് സംസാരിച്ച ശേഷമാണ് വീട്ടിലേക്ക് നടന്നത്.. കൃഷിയോഫീസിൽ
വിളിച്ചപ്പോൾ പുതിയ ഇനം നെൽവിത്ത് വന്നിട്ടുണ്ടെന്ന് അറിയാൻ പറ്റി.. വിളവ് മേനി കൂടുതൽ കിട്ടുമത്രേ..
എന്തായാലും ഇത്തവണ കുറച്ച് ഭാഗത്ത് പുതിയ ഇനം വിത്തിറക്കണം..
വീട്ടിലെത്തിയ ഉടനെ തന്നെ സൈറയുടെ റൂമിലേക്കാണ് പോയത്.. ഏതോ ബുക്ക് വായിക്കുന്നുണ്ട്.. കേശുവിനെ കണ്ടതും
“എന്നെയൊന്ന് എണീപ്പിച്ചിരുത്താമോ കേശുവേട്ടാ..” എന്ന് ചോദിച്ചു കൊണ്ട്
സൈറ വലത്തേക്കൈ അവന് നേരെ നീട്ടി..
അവൾക്കടുത്തേക്ക് ചാഞ്ഞ് തൻ്റെ നെഞ്ചോട് ചേർത്ത് പിടിച്ച് പതിയെ അവളെ എണീപ്പിച്ചു..
കട്ടിൽ ക്രാസയിൽ തലയിണ ചാരിവെച്ച് അതിലേക്ക് ചേർത്തിരുത്തി…
അവളിൽ നിന്നും അകലാൻ ശ്രമിച്ചെങ്കിലും തന്നെ ചുറ്റിപ്പിടിച്ച സൈറയുടെ വലത്തേ കൈയ്യ് തൻ്റെ പുറത്ത് മുറുകുന്നത് കേശുവറിഞ്ഞു…
“ഞാൻ… ഞാനിങ്ങനെ കുറച്ച് നേരം ഇരുന്നോട്ടെ കേശുവേട്ടാ…?”
കാതിനരുകിൽ സൈറയുടെ നേർത്ത സ്വരം കേട്ടു…
കേശുവിൻ്റെ ഹൃദയത്തിൽ ഒരു സ്ഫോടനം തന്നെ നടന്നു…
അവളിൽ നിന്നും ഒട്ടും അകലാതെ ചേർത്ത് പിടിച്ച് അവിടെത്തന്നെയിരുന്നവൻ… ആ നെഞ്ചോടൊട്ടി തോളിൽ തല ചായ്ച്ച് സൈറയും..
തുടരും

by