20/04/2026

സൈരന്ദ്രി : ഭാഗം 28

രചന-  രജിഷ അജയ്ഘോഷ്

 

“സൈറാ.. ഇപ്പൊ എന്തു തോന്നുന്നെടൊ?” പതിവ് പോലെയുള്ള കാഴ്ച്ചക്കിടയിൽ കേശു അവളുടെ കൈയ്യെടുത്ത് തൻ്റെ കൈയ്യിൽ പിടിച്ചാണ് ചോദിച്ചത്..

“നന്നായൊന്ന് കുളിക്കാൻ തോന്നുന്നു… എത്ര ദിവസമായിങ്ങനെ കിടപ്പ് തുടങ്ങിയിട്ട്.. തറവാട്ടിലെ കുളത്തിൽ നീന്തിക്കുളിക്കണം… ” വേദന കുറവുണ്ടോ? എന്ന ഉദ്ദേശത്തിൽ ചോദിച്ചതാണ് എന്നാൽ ആ മറുപടി കേട്ട് കേശുവിന് ചിരി വന്നുപോയി…

ദിവസങ്ങൾ വീണ്ടും കടന്നു പോയി..
അന്നത്തെ ആക്രമണത്തിന് ഇന്ത്യൻ സേന പകരം വീട്ടിയപ്പോൾ എതിർഭാഗത്തിന് ചെറുത്തു നിൽക്കാനായില്ല… അവരുടെ സംഘത്തിലെ ഇരുപതോളം പേരെ വധിച്ചു..
ഒടുവിൽ ഒരുപാട് ചർച്ചകൾക്കൊടുവിൽ വീണ്ടും ജമ്മുവിൽ ക്രമസമാധാനം പുനസ്ഥാപിച്ചു..

സൈറയെ റൂമിലേക്ക് മാറ്റി.. മുറിവ് ഉണങ്ങിത്തുടങ്ങിയത് കൊണ്ട് സംസാരിക്കാം..
എങ്കിലും പഴയത് പോലെ പൊട്ടിച്ചിരിക്കാൻ കഴിയില്ലെന്നത് മാത്രമാണ് സങ്കടമായവൾ പറയുന്നത്.. ഒരിക്കൽ പോലും എനിക്കിനി എണീക്കാൻ പറ്റുമോ? സംസാരിക്കാനാവുമോ? മുഖത്തിൻ്റെ ഭംഗി പോയി എന്നൊന്നും അവൾ
വേവലാതിപെടാറില്ലെന്ന് കേശു ഓർത്തു..
ഡോക്ടർ പറഞ്ഞതാണ് ശരി അവൾ എക്സ്ട്രാ ഓർഡിനറിയാണ്..
സൈറയെ നോക്കാനും ഭക്ഷണം കൊടുക്കാനും എല്ലാം നേഴ്സുണ്ട്.. പൊട്ടിയ കൈയ്യിലും കാലിലും വേദനയുണ്ട്..കേശു പകല് മുഴുവൻ അവൾക്കൊപ്പം തന്നെയിരിക്കും… രാത്രി അവൾക്ക് കൂട്ടിനൊരു നേഴ്സുണ്ട്..ഇടക്കുള്ള വേദനയിൽ സൈറമുഖം ചുളിക്കുമ്പോൾ
കേശുവിൻ്റെ കൈ അവളുടെ കൈയ്യിൽ മുറുകും..
ഞാനുണ്ടെന്ന് പറയാതെ പറയുന്നത് പോലെ..
ഒരേ വീട്ടിലായിരുന്നപ്പോൾ ഉണ്ടായിരുന്ന ചെറിയൊരു അകലം പോലും ഇപ്പോഴില്ല..

പുറത്താരോ വന്നപ്പോഴാണ് കേശു വാതിൽ തുറന്നത്.. കേശുവിന് മുന്നിൽ നിൽക്കുന്നവളെ മനസിലായില്ല..

“സൈറാ….” നീട്ടി വിളിച്ചു കൊണ്ടൊരു പെണ്ണ് ഓടി അകത്തേക്ക് കയറി… സൈറയുടെ കണ്ണുകൾ വിടർന്നു.. ചിരിയോടെ കിടന്നു..
അടുത്തു ചെന്നവൾ സൈറയുടെ കിടപ്പ് കണ്ട് പൊട്ടിക്കരഞ്ഞുപോയി..
“എൻ്റെ നാദീ.. നീയിങ്ങനെ സെൻ്റിയാവാതെ.. ” സൈറ ചിരിച്ചു..

“നീ അപകടത്തിൽ പെട്ട ദിവസം മുതൽ ഞാനനുഭവിച്ച വേദന… നിന്നെയൊന്ന് കാണാൻ പോലും കഴിയാതെ ശ്വാസംമുട്ടി ഞാൻ മരിച്ചു പോവുമെന്ന് തോന്നിപ്പോയി.. “കൊച്ചു കുഞ്ഞുങ്ങളെ പോലെ നാദി കരഞ്ഞുകൊണ്ടിരുന്നു.. സൈറക്കറിയാം അവളൊരുപാട് വിഷമിച്ചെന്ന് അതുകൊണ്ട് കുറച്ച് നേരം കരഞ്ഞു തീർക്കട്ടെ എന്ന് കരുതി മിണ്ടാതിരുന്നതേയുള്ളൂ..

കേശുവിന് ആളെ മനസിലായില്ലെങ്കിലും സൈറക്ക് വേണ്ടപ്പെട്ടയാളാണെന്ന് തോന്നി..
“നാദീ ഇതാണ് കേശുവേട്ടൻ… ” സൈറ നാദിയെ പരിചയപ്പെടുത്തി..നാദി വേഗം തന്നെ കേശുവിനെ സ്വയം പരിചയപ്പെടുത്തി..
ഇങ്ങേരല്ലേ അങ്ങേരെന്ന് നാദി കണ്ണു കൊണ്ട് സൈറയോട് ചോദിച്ചതിന് സൈറ ചിരിച്ചു..

“രണ്ടാഴ്ച്ചത്തെ ലീവുണ്ടെനിക്ക്.. ഇനി ഞാൻ നോക്കിക്കോളാം എൻ്റെ സൈരന്ദ്രിയെ..” സൈറക്കടുത്തിരുന്നു നാദി..
സൈറ നോക്കിയത് കേശുവിനെയാണ്.. പെട്ടന്ന് ആ മുഖം വാടിയത് കണ്ടു..
ഒന്നും പറയാതെ പെട്ടന്ന് പുറത്തേക്കിറങ്ങിയവൻ.

“നീ ഉറപ്പിച്ചതാണോ?”

“ഉം… നിൻ്റെ കേശുവേട്ടനോട് പോയി റെസ്റ്റെടുക്കാൻ പറയ്.. പാവം തനിച്ചിവിടെ മടുത്തു കാണും… ”
ശരിയാണെന്ന് തോന്നി സൈറക്ക്.. എത്ര ദിവസമായി ഇവിടിങ്ങനെ..

ഉച്ചകഴിഞ്ഞാണ് കേശുവേട്ടൻ വന്നത്.. രാവിലത്തെ തെളിച്ചം ആ മുഖത്തില്ല..

” കേശുവേട്ടൻ നാട്ടിലേക്ക് പോവുന്നുണ്ടോ?
നാദി കുറച്ച് ദിവസത്തേക്ക് ഇവിടുണ്ടാവും..
കേശുവേട്ടന് റെസ്റ്റെടുക്കാലോ.. ” സൈറ പതിയെ ചോദിച്ചു..

“ഞാനിവിടെ നിക്കുന്നത് തനിക്ക് ബുദ്ധിമുട്ടാണെങ്കിൽ പോവാം.. ” മുഖത്തേക്ക് നോക്കാതെയവൻ പറഞ്ഞപ്പോൾ സൈറ വല്ലാതായി..

“പോവണ്ട…” അത്രമാത്രം പറഞ്ഞവൾ. അതും അവനെ നോക്കാതെ..
നാദിക്കാണ് ചിരി വന്നത്.. രണ്ടും കൊള്ളാം…

“എന്നാ നമുക്ക് രണ്ടാൾക്കും ഇവളുടെ കൂടെക്കൂടാം…” നാദി കേശുവിന് നേരെ കൈ നീട്ടി.. കേശുചിരിയോടെ കൈ ചേർത്തു..

നാദികൂടെ വന്നതോടെ സൈറ ഉറങ്ങുമ്പോഴും കേശുവിന് ബോറടിയില്ലാതായി.. സൈറയെക്കാൾ സംസാരിക്കുമവൾ..

സൈറക്കിന്നാണ് പ്ലാസ്റ്റിക് സർജറി നടത്തുന്നത്.. വേറൊരു ഹോസ്പിറ്റലിൽ നിന്നും വരുന്ന മറ്റൊരു പ്രഗൽഭനായ ഡോക്ടറാണ് സർജറി ചെയ്യുന്നത്.
തുടയിൽ നിന്നും മാംസമെടുത്ത് പൊള്ളിയ ഭാഗത്ത് ചേർക്കണം..

നാദിക്കും കേശുവിനുമാണ് ടെൻഷൻ.. സൈറ ചിരിയോടെ തന്നെയാണ്..
രാവിലെ സർജറിക്കു മുൻപൊന്ന് കണ്ടതാണ്.. ഇന്നിനി റൂമിലേക്ക് കൊണ്ടു വരില്ല..
ഉച്ചകഴിഞ്ഞ് എല്ലാം ഭംഗിയായെന്ന് ഡോക്ടർ പറഞ്ഞിട്ട് പോയി..

രണ്ടു ദിവസം കഴിഞ്ഞാണ് സൈറയെ വീണ്ടും റൂമിലേക്ക് മാറ്റിയത്…മരുന്നിൻ്റെ ക്ഷീണത്തിൽ അവൾ വേഗമുറങ്ങി..
ഇടക്കൊന്ന് കണ്ണ് തുറന്നപ്പോൾ അരികിൽ നാദിയും കേശുവേട്ടനും തന്നെ നോക്കിയിരിക്കുന്നുണ്ട്..
തുടയിൽ നിന്നും ജീവൻ പോവുന്നൊരു വേദന വന്നപ്പോൾ ആഹ്… എന്നൊരു ശബ്ദം സൈറയിൽ നിന്നും പുറത്തേക്ക് വന്നു..
കരുതലോടെ കേശുവിൻ്റെ ഒരു കൈ തൻ്റെ കൈ പൊതിഞ്ഞു പിടിക്കുന്നതും മറ്റേ കൈ കൊണ്ട് തലയിൽ തലോടുന്നതും അറിഞ്ഞു…
വല്ലാത്തൊരാശ്വാസമാണ് ഈ കരുതലിനെന്ന് തോന്നി സൈറക്ക്..

നിനക്ക് വേദനിക്കുമ്പോൾ നീറുന്നതെൻ്റെ ഹൃദയമാണ് സൈറാ… നിൻ്റെ വേദനകൾ പകുത്ത് വാങ്ങാൻ കഴിയുമായിന്നെങ്കിൽ എന്നേ ഞാനതെല്ലാം എൻ്റെ സ്വന്തമാക്കിയേനേ…
കേശുവിൻ്റെ കണ്ണു നിറഞ്ഞിരുന്നു…

നാദിയുടെ ലീവ് കഴിഞ്ഞ് അവൾ തിരികെ പോയി..
വേദനകൾ അൽപ്പം കുറഞ്ഞതോടെ സൈറ പതിയെ ചിരിച്ചു തുടങ്ങി.. സർജറി മുഖത്തായത് കൊണ്ട് അധികം സംസാരിക്കാനോ മുഖമനക്കാനോ പാടില്ലെന്ന് ഡോക്ടർ പ്രത്യേകം പറഞ്ഞിട്ടാണ് പോയത്..
ഇടക്ക് മിലിട്ടറി ഓഫീസേഴ്സ് വന്ന് കണ്ട് വിവരങ്ങൾ അന്വേഷിച്ച് പോയി..

രാവിലെ ന്യൂസ് പേപ്പറെടുത്തപ്പോൾ ഞായറാഴ്ച്ചപതിപ്പിലെ സൈറയുടെ ചിത്രം കണ്ടാണ് കേശു അത് വായിച്ച് നോക്കിയത്..
“”” മരണത്തെ അതിജീവിച്ചവൾ….””” എന്ന തലക്കെട്ടോടെ സൈറയുടെ ഫോട്ടോയും ഉണ്ടതിൽ..

അന്ന് നാടിനെ നടുക്കിയ സ്ഫോടനം മുതൽ ഈ ദിവസം വരെ സൈറ അനുഭവിച്ച വേദനകൾ.. ഒരു രാജ്യം മുഴുവൻ ഒറ്റക്കെട്ടായ് അവൾക്ക് വേണ്ടി പ്രാർത്ഥിച്ചത്.. ഒടുവിൽ പതിനൊന്നാം ദിവസം അവൾ തിരികെ ജീവിതത്തിലേക്ക് വരുന്നുവെന്ന വാർത്ത…. അങ്ങനെ എല്ലാം വിശദമായി അതിൽ എഴുതിയിരുന്നു…
ആ ദിവസങ്ങളിൽ താനനുഭവിച്ച വേദനയോർത്ത് കേശുവിൻ്റെ കണ്ണു നിറഞ്ഞു..

സൈറയുണർന്നപ്പോൾ കേശു ആ ന്യൂസ് പേപ്പർ അവളുടെ കയ്യിൽ വെച്ച് കൊടുത്തു..താനറിയാത്ത പലതും അവളതിൽ നിന്നും അറിഞ്ഞു.. വേദനകൾ മാത്രമേ അറിഞ്ഞിരുന്നുള്ളൂ.. തനിക്ക് വേണ്ടി
ഈ രാജ്യം മുഴുവൻ പ്രാർത്ഥിച്ചിരുന്നുവെന്നത്
അറിഞ്ഞപ്പോൾ സന്തോഷം കൊണ്ട് കണ്ണു നനഞ്ഞു.. അഭിമാനം തോന്നി..കേശുവേട്ടനെ നോക്കുമ്പോൾ ആ കണ്ണുകളിലും നീർത്തിളക്കമാണ്.. വേഗം മുഖം തിരിച്ചു..
പെട്ടന്നായത് കൊണ്ട് സർജറി ചെയ്ത ഭാഗത്ത് വേദനിച്ചു.. ആ..

“എന്താ സൈറായിത്… ശ്രദ്ധിക്കണമെന്ന് ഡോക്ടർ പറഞ്ഞതല്ലേ…” കേശു വേഗം അവൾക്കടുത്തെത്തി.. പതിയെ മുഖം നേരെ വെച്ചു..

“ശ്രദ്ധിച്ചില്ലെങ്കിലേ ഇവിടെത്തന്നെ കൂടേണ്ടി വരും..
വേദന വേറെയും.. നിനക്ക് വീട്ടിലേക്ക് പോണമെന്ന ചിന്തയൊന്നുമില്ലേ?”

ഇല്ലെന്നവൾ കണ്ണുചിമ്മി…
“എന്നാപ്പിന്നെ തനിവിടെത്തന്നെ കൂടിക്കോ…” അൽപ്പം ദേഷ്യം കലർത്തിയവൻ പറഞ്ഞപ്പോൾ
കൊശവൻ……. എന്നവൾ മനസ്സിൽ പറഞ്ഞു..
വായനക്കാൻ പാടില്ലാത്തോണ്ടാ.. അല്ലേൽ ഉറക്കെ പറഞ്ഞ് ചുണ്ടൊന്ന് കോട്ടിയേനേ..
❤❤
രാവും പകലും വീണ്ടും മാറി മാറി വന്നു..
സർജറിക്ക് ശേഷം ഇന്നാണ് സൈറയുടെ മുഖം കാണാനാവുന്നത്.. ഡോക്ടർ വന്ന് മുഖത്ത് ഒട്ടിച്ചതെല്ലാം പതിയെ മാറ്റി.. ഒന്നു നോക്കിയപ്പോഴേക്കും കേശുവിൻ്റെ കണ്ണ് നിറഞ്ഞു.. വേഗം പുറത്തേക്ക് നടന്നവൻ..

അനന്തപത്മനാഭൻ ഡോക്ടറത് പ്രത്യേകം ശ്രദ്ധിച്ചു..
“ഹേ.. ആദികേശ്.. താനെന്താടോ പുറത്ത് നിൽക്കുന്നത്..” ഡോക്ടർ കേശുവിൻ്റെ അടുത്തേക്ക് വന്നു…

“ഞാൻ… എനിക്ക്.. പെട്ടന്ന് സൈറയുടെ മുഖം കണ്ടപ്പോൾ… ”

“മുഖത്തിൻ്റെ ഒരു ഭാഗത്തിന് മാറ്റം വന്നല്ലേ..
ചെറിയ മിനുക്കു കൂടി ചെയ്യാനുണ്ടെടോ… പൂർണ്ണമായും പഴയത് പോലെയാവില്ല എന്നാലും കുറച്ചു കൂടി മാറ്റം വരും…” അനന്തപത്മനാഭൻ ഡോക്ടർ കേശുവിനെ ആശ്വസിപ്പിച്ചു..

“ഇതിപ്പൊ പേഷ്യൻ്റിനേക്കാൾ ടെൻഷൻ തനിക്കാണല്ലോടോ..”
കേശു നിശബ്ദനായി നിന്നതേയുള്ളൂ…

വീണ്ടും ചെറിയൊരു സർജറി കൂടി വേണ്ടിവന്നു മുഖത്ത്.. ഒടുവിൽ പൊള്ളിയടർന്ന പാട് ഏറെക്കുറെ മാറിക്കിട്ടി.. എങ്കിലും ഇടത് വശത്ത് നിന്ന് നോക്കുമ്പോൾ മുഖത്തിനൊരു മാറ്റം വന്നു..
സൈറയൊന്നിലും പരാതിപ്പെട്ടില്ല..

വേദനകൾ കുറഞ്ഞതോടെ വീണ്ടും ഫുൾ ബോഡി ചെക്കപ്പും കൂടി നടത്തിയ ശേഷമാണ് ഡോക്ടർ
ഡിസ്ചാർജിനെക്കുറിച്ച് പറഞ്ഞത്.. പൊട്ടിയ കാലും കയ്യും കെട്ടഴിച്ചിട്ടില്ല..

“ഈയൊരു ദിവസം കൂടി കഴിഞ്ഞാൽ വീട്ടിലേക്ക്
പോവാം ന്ന്.. “കേശു സന്തോഷത്തോടെ സൈറയെ നോക്കി… സൈറ അവനെത്തന്നെ നോക്കി കിടന്നു.. എത്ര ദിവസമായി തനിക്കു വേണ്ടി
ഈ മനുഷ്യൻ കൂട്ടിരിക്കുന്നു..
കുറച്ച് ദിവസത്തെ പരിചയം കൊണ്ടു മാത്രം ഒരാൾക്കെങ്ങനെ ഇത്രയേറെ സ്നേഹിക്കാൻ കഴിയും.. അതും തന്നെപ്പോലൊരുത്തിയെ..

പിറ്റേന്ന് രാവിലെ കേശു ഹോസ്പിറ്റലിലേക്ക് വന്നപ്പോൾ അവൻ്റെ ബാഗും എടുത്തിരുന്നു.. ലോഡ്ജിലെ റൂം ഒഴിഞ്ഞു..
നേഴ്സ് സൈറയെ എഴുന്നേൽപ്പിക്കേണ്ടത് എങ്ങനെയാണെന്ന് കേശുവിന് കാണിച്ചു കൊടുത്തു.. മരുന്നുകൾ കൊടുക്കേണ്ടതെല്ലാം
ടേബിളിലേക്ക് എടുത്തു വെച്ചു..
സൈറ അവരോട് നന്ദി പറഞ്ഞ് വലത്തേ കൈ കൊണ്ടവരെയൊന്ന് പുണർന്നു…
വേഗം സുഖമാവട്ടെയെന്ന് പറഞ്ഞവർ..

ഡോക്ടർ വന്ന് സെറയെ ഒന്നുകൂടി പരിശോധിച്ചു..
ചെക്കപ്പിൻ്റെയെല്ലാം ഡീറ്റെയിൽ അടങ്ങിയ ഫയൽ കേശുവിനെ ഏൽപ്പിച്ചു..
“ഇനി നിങ്ങളുടെ നാട്ടിലെ ഹോസ്പിറ്റലിൽ കാണിച്ചാൽ മതി.. എന്താവശ്യവുമെങ്കിലും എന്നെ വിളിക്കാം.. “പേഴ്സണൽ നമ്പറും പറഞ്ഞു കൊടുത്തു അദ്ദേഹം..

“മിടുക്കിക്കുട്ടി.. തൻ്റെ ആത്മധൈര്യം ഒന്നുകൊണ്ട് മാത്രമാണ് താൻ തിരിച്ചു വന്നത്..
കീപ് ഇറ്റ് അപ്പ്.. ” ഡോക്ടർചിരിയോടെ പറഞ്ഞു കൊണ്ട് സൈറയുടെ കവിളിലൊന്ന് തട്ടി..

“താങ്ക്സ് ഡോക്ടർ…” സൈറയും ചിരിച്ചു..
ഹോസ്പിറ്റലിലെ കാര്യങ്ങളെല്ലാം തീർത്ത് ഉച്ചകഴിഞ്ഞാണ്

പോവാനായത്.. സൈറക്ക്
കാലു നീട്ടിഇരിക്കാനായി പ്രത്യേക വീൽ ചെയറുമായി അറ്റൻഡർ വന്നു.. ആവശ്യം വന്നാൽ നിവർത്തിയിട്ട് കിടക്കാനും കഴിയും…
നേഴ്സ് പറഞ്ഞത് പോലെ കേശു അവളെ തന്നിലേക്ക് ചേർത്ത് പിടിച്ച് എഴുന്നേൽപ്പിച്ച് ഇരുത്തി.. പിന്നെ കൈകളിൽ എടുത്ത് വിൽച്ചെയറിലേക്ക് പതിയെ ഇരുത്തി..ഏറെ നാളുകൾക്ക് ശേഷംഹോസ്പിറ്റലിൻ്റെ വെളിയിലേക്കവൾ ഇറങ്ങുമ്പോൾ അവളെ കാത്തെന്ന പോലെ
റിപ്പോർട്ടർമാരും ക്യാമറാമാൻമാരും നിൽക്കുന്നുണ്ടായിരുന്നു..

“മാം ഹൗ ആർ യു… ” ഇടയിൽ നിന്നും ഒരാൾ വിളിച്ചു ചോദിച്ചു.. സൈറ ചിരിയോടെ സുഖമാണെന്ന് പറഞ്ഞു… ക്യാമറക്കണ്ണുകൾ
അവളുടെ ചിരിക്കുന്ന മുഖത്തെ പകർത്തി..

സൈറക്ക് അധികം ബുദ്ധിമുട്ടാവുമെന്ന് കരുതി അനന്തപത്മനാഭൻ ഡോക്ടർ തന്നെയാണ് കൂടുതൽ വിവരങ്ങൾ മീഡിയക്കാരോട് പങ്കുവെച്ചത്…

തുടരും..
(ഇനി നമുക്ക് തറവാട്ടിലേക്ക് പോവാം)