18/04/2026

സൈരന്ദ്രി : ഭാഗം 27

രചന – രജിഷ അജയ്ഘോഷ്

 

ഒരാൾ കൂടി വീരമൃത്യു വരിച്ചിരിക്കുന്നു..അവരുടെ സംസാരത്തിൽ നിന്നും മനസ്സിലായവന്…
ആരാണെന്ന് അറിഞ്ഞിട്ടില്ല…
കേശു എല്ലാം കേട്ട് വിളറിനിക്കുന്ന മാമയുടെ കൈ പിടിച്ചു കൊണ്ട് മുന്നോട്ട് നടന്നു…

മിലിട്ടറി ഓഫീസേഴ്സും ഡോക്ടർമാരും തമ്മിൽ എന്തോ സംസാരിക്കുന്നുണ്ട്.. വിറക്കുന്ന കാലുകളോടെ അവർക്കരികിലേക്ക് നടന്നു..
സൈരന്ദ്രിയുടെ റിലേറ്റീവ്സ് ആണെന്ന് പറഞ്ഞു..

സൈരന്ദ്രിയെന്ന് കേട്ടതും ഒരു ഡോക്ടർ അവർക്കരികിലേക്ക് വന്നു..
ഡോക്ടർ അനന്തപത്മനാഭൻ…ആള് പാലക്കാട് കാരനാണ്.. തമിഴ് കലർന്ന മലയാളത്തിലാണ് സംസാരം..

“വരൂ… നമുക്ക് അകത്തേക്കിരിക്കാം.. ” ഡോക്ടർ നടക്കുന്നതിന് പിന്നാലെ യാന്ത്രികമായാണ് രണ്ടു പേരും അകത്തേക്ക് കയറിയത്..

“സൈരന്ദ്രിയുടെ അവസ്ഥ ഗുരുതരംതന്നെയാണ്..
ബോധം വന്നിട്ടില്ല.. ” ഡോക്ടർ പറഞ്ഞു നിർത്തിയപ്പോൾ മരണപ്പെട്ടത് വേറെയാളാണെന്ന ആശ്വാസമായിരുന്നു മാധവൻ്റെയും കേശുവിൻ്റെയും മുഖത്ത്.. അയാൾക്കും കുടുംബവും ബന്ധുക്കളും ഉണ്ടാവും..പക്ഷേ ഈ നിമിഷം ഇങ്ങനെ ചിന്തിക്കാനേ അവർക്കാവൂ..

“സ്ഫോടനത്തിൽ സൈരന്ദ്രിയും കിഷൻചന്ദും പുറത്തേക്ക് തെറിച്ചു വീണിട്ടുണ്ട്.. അതുകൊണ്ടാണ് രണ്ടാൾക്കും അപ്പോൾ ജീവനുണ്ടായിരുന്നത്.. കിഷൻചന്ദിൻ്റെ ശരീരത്തിൽ അധിക ഭാഗവും പൊള്ളലേറ്റിരുന്നു.. തലയടിച്ച് വീണതു കൊണ്ട് രക്തം ക്ലോട്ടായിപ്പോയി.. ഇന്ന് രാവിലെ ആള്
മരണപ്പെട്ടു..” ഡോക്ടർ കാര്യങ്ങൾ വിശദീകരിച്ചു..

“ഡോക്ടർ സൈരന്ദ്രി…”കേശു പ്രതീക്ഷയോടെ അയാളെ നോക്കി..

“ഒന്നും പറയാൻ കഴിയില്ലെടോ.. മുഖത്ത് പൊള്ളലുണ്ട്.. കൈക്കും കാലിനും പൊട്ടലും..
ആൾക്ക് ബോധം വീണാൽ മാത്രമേ കൂടുതൽ കാര്യങ്ങൾ അറിയാൻ കഴിയൂ…
ഇന്ന് കൂടുതൽ സ്കാനിങ്ങുകളും ടെസ്റ്റുകളും ചെയ്യും..
ഒന്നും സംഭവിക്കാതിരിക്കാൻ നമുക്ക് ദൈവത്തിനോട് പ്രാർത്ഥിക്കാം…” ഡോക്ടർ വളരെ സൗമ്യമായാണ് സംസാരിച്ചത്…
കേശു തലയാട്ടി..” ഒന്നു കാണാൻ…” അവൻ പ്രതീക്ഷയോടെ ഡോക്ടറെ നോക്കി..

“ഉച്ചക്ക് മുൻപ് കാണാൻ സൗകര്യം ചെയ്യാം..”

തളർന്നിരിക്കുന്ന മാധവനെ പിടിച്ച് പുറത്തേക്കിറങ്ങി.. നീണ്ട ഹാളിൽ നിരത്തിയിട്ടിരിക്കുന്ന ചെയറിൽ മാമയെ ഇരുത്തി അരികിൽ തന്നെയിരുന്നു…
കുറെ നേരത്തിനുശേഷം കിഷൻ ചന്ദിൻ്റെ മൃതദേഹം പുറത്തേക്കിറക്കിയപ്പോൾ മാമയെ അവിടെയിരുത്തി ഒന്നുപോയി കണ്ടു കേശു..
ഒന്നേ നോക്കിയുള്ളൂ… തിരിച്ചറിയാനാവാത്ത പൊള്ളി വികൃതമായ മുഖം കണ്ടതും തകർന്നുപോയി… ഒരുപാട് വേദനിച്ചാണ് ആ പാവം വിധിക്ക് കീഴടങ്ങിയത്..
അയാളുടെ ആത്മശാന്തിക്ക് വേണ്ടി പ്രാർത്ഥിച്ച് നിറഞ്ഞ കണ്ണുകൾ തുടച്ച് നടക്കുമ്പോൾ സൈറയുടെ മുഖത്ത് പൊള്ളലുണ്ടെന്ന് ഡോക്ടർ പറഞ്ഞതാണ് കേശുവിന് ഓർമ്മ വന്നത്..

കയറിക്കണ്ടോളാൻ നഴ്സ് വന്ന് പറഞ്ഞപ്പോൾ അവര് നൽകിയ വസ്ത്രവും ധരിച്ച്
മാമയെ കൂട്ടി അകത്തേക്ക് നടക്കുമ്പോൾ
കേശുവിൻ്റെ ഹൃദയം പതിവിലധികം മിടിക്കുന്നുണ്ടായിരുന്നു….

കണ്ണടച്ച് പച്ചപുതച്ച് ഓക്സിജൻ്റെ സഹായത്തോടെ ശാന്തമായി ഉറങ്ങുകയാണവൾ.. മുഖത്തിൻ്റെ ഇടത്തേ ഭാഗത്ത് പൊള്ളിയിട്ടുണ്ട്.. വേദനകൾ ഒന്നും അറിയാതെ പലതരം മെഷീനുകൾക്കിടയിൽ വയറുകളിൽ പൊതിഞ്ഞ് പൊള്ളിയ മുഖവുമായിക്കിടക്കുന്ന മകളെ കണ്ട് മാധവൻ്റെ തൊണ്ടയിൽ നിന്നും കരച്ചിലിൻ്റെ ശബ്ദം പുറത്തേക്ക് വന്നു..

സൈറാ….. തൊണ്ടയിൽ സങ്കടം തിങ്ങി ശ്വാസംമുട്ടി കേശുവിന്… ആ കിടപ്പ് അത്രമേൽ നോവിച്ചവനെ.മാധവനെ ചേർത്തു പിടിച്ചു തിരികെ നടന്നു…

ഉച്ചയായതൊന്നും അറിഞ്ഞതേയില്ല.. ഹോസ്പിറ്റലിലെ ടി വി യിൽ കിഷൻചന്ദിൻ്റെ ഫോട്ടോയും അതിനൊപ്പം മരണവാർത്തയും കണ്ടു..
ഇടക്ക് ഗുരുതരാവസ്ഥയിൽ എന്ന തലക്കെട്ടോടെ ചിരിയോടെ യൂണിഫോമിൽ നിക്കുന്ന സൈറയെയും…

രാജ്യം മുഴുവൻ പരിക്കേറ്റ ധീരയായ സൈരന്ദ്രിയുടെ ജീവനുവേണ്ടി പ്രാർത്ഥനയായിരുന്നു..
പ്രായമായവർക്കവൾ മകളായി.. മറ്റുള്ളവർക്ക് സഹോദരിയായി..ജാതി മത ഭേദമന്യേ എല്ലാവരും അവളുടെ തിരിച്ചുവരവിനായി പ്രാർത്ഥിച്ചു..

ഇനി കാണിക്കില്ലെന്ന് അറിഞ്ഞിട്ടും അവളൊന്ന് കണ്ണു തുറന്നെങ്കിൽ എന്ന് ആഗ്രഹിച്ചുകൊണ്ട് ഹോസ്പിറ്റലിൽ തന്നെയിരുന്നു.. രാത്രി മാത്രം റൂമിലേക്ക് പോയി…

മാധവൻ സായുവിനെ വിളിച്ചപ്പോഴാണ് നിർമ്മലയും സായുവും തറവാട്ടിലേക്ക് വന്നെന്ന് സായു പറഞ്ഞത്.. ചേച്ചിയെക്കുറിച്ചോർത്ത് അമ്മ ഭയങ്കര കരച്ചിലാണെന്ന് സായു പറഞ്ഞപ്പോൾ മാധവന് പുച്ഛമാണ് തോന്നിയത്.. സ്വന്തം മകൾ കൺമുന്നിലുണ്ടായിട്ട് സ്നേഹിക്കാതെ നോവിച്ചിട്ട് അവൾ മരണത്തോട് മല്ലിടുമ്പോൾ കരയുന്നുവത്രേ…
അച്ഛമ്മയെ ശ്രദ്ധിക്കണമെന്ന് ഒന്നുകൂടി ഓർമ്മിപ്പിച്ച് ഫോൺ ഓഫാക്കി..

പത്ത് ദിവസം കഴിഞ്ഞു ഡൽഹിയിലെത്തിയിട്ട്.. രാവും പകലും പ്രാർത്ഥന മാത്രം.. അവളുടെ തിരിച്ചുവരവിനായൊരു കാത്തിരിപ്പ്..
സമയം നോക്കാതെ എപ്പോഴെങ്കിലും വല്ലതും കഴിക്കും രണ്ടാളും..പകല് മുഴുവൻ ഹോസ്പിറ്റലിൽ ഇരിക്കും രാത്രിയേറെ വൈകി റൂമിലേക്ക് പോവും..

പതിനൊന്നാം ദിവസമാണ് സൈറ മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടർ പറഞ്ഞത്..
പ്രതീക്ഷക്കുള്ള വകയുണ്ട്.. വീണ്ടും രണ്ടു ദിവസങ്ങൾ കഴിഞ്ഞാണ് അവൾ കണ്ണു തുറന്നത്..
ഡോക്ടർക്കൊപ്പം മാധവനും കേശുവും സൈറയെ കാണാൻ കയറി…

കണ്ണുതുറന്ന് കിടക്കുന്നവളെ കണ്ട് ആശ്വാസത്തിനിടയിലും രണ്ടു പേരുടെയും കണ്ണുകൾ നിറഞ്ഞു.. സൈറയൊന്ന് ചിരിക്കാൻ ശ്രമിച്ചെങ്കിലും വേദനയാൽ കണ്ണടച്ചു പോയി..
കൺകോണിലൂടെ കണ്ണുനീരൊഴുകി..

“വൈദ്യശാസ്ത്രത്തിന് കഴിയുന്നതെല്ലാം ഞങ്ങൾ ചെയ്യും… സൈരന്ദ്രിയെ നമുക്ക് തിരികെ
കൊണ്ടുവരാം… ” സൈറയെ കണ്ടിറങ്ങിയ ശേഷം
ഡോക്ടറുടെ റൂമിലെത്തിയപ്പോഴാണ് അനന്തപത്മനാഭനത് പറഞ്ഞത്. മാധവൻ അയാൾക്ക് നേരെ കൈകൂപ്പി..
ഡോക്ടർ എഴുന്നേറ്റ് വന്ന് ആ കൈ ചേർത്ത് പിടിച്ചു..

“സീ മിസ്റ്റർ മാധവൻ… സൈരന്ദ്രിയെ ഇവിടെയെത്തിക്കുമ്പോൾ കിഷൻ ചന്ദിനേക്കാൾ മോശമായിരുന്നു അവളുടെ അവസ്ഥ…
ഞങ്ങൾക്ക് ഒട്ടും പ്രതീക്ഷയില്ലായിരുന്നു രണ്ടു ദിവസം മുൻപ് വരെ.. പക്ഷേ അവൾ സൈരന്ദ്രി
പൊരുതി ജീവിച്ചവളാണ്.. പലപ്പോഴും പൾസ് വളരെ വീക്കായിരുന്നു.. എന്നിട്ടും അവൾ അതിജീവിച്ചു..
ഇപ്പോൾ പോലും ഒരുപാട് വേദന സഹിക്കുന്നുണ്ടവൾ..” മാധവൻ തലയാട്ടി..

“നമ്മൾ അവൾക്ക് ധൈര്യമായി ഒപ്പം നിന്ന് ഈ അവസ്ഥയിൽ നിന്നും അവളെ കൊണ്ടുവരണം…
ഇനി ഒരുപാട് ചികിത്സകൾ വേണ്ടിവരും..
അവൾ പഴയത് പോലെ മിടുക്കിയാവും.. ബികോസ് ഷി ഈസ് ആൻ എക്സ്ക്രാ ഓർഡിനറി വുമൺ..” ഡോക്ടറുടെ വാക്കുകളിൽ ഉറപ്പും സൈറയോടുള്ള ആദരവും പ്രകടമായിരുന്നു..

കുറച്ച് ദിവസങ്ങൾക്ക് ശേഷം മാധവൻ്റെയും കേശുവിൻ്റെയും മുഖത്ത് ചെറിയൊരു തെളിച്ചം വന്നു.. ഡോക്ടർ പകർന്ന് നൽകിയ ആത്മവിശ്വാസത്തോടെയാണ് പുറത്തിറങ്ങിയത്.
നാളേക്കൊരു പ്രതീക്ഷ വന്നതിനാലാവാം അന്നത്തെ ഭക്ഷണം രുചിയറിഞ്ഞ് കഴിച്ചു..

പിറ്റേന്ന് മുതൽ സൈറ ഉണർന്നിരിക്കുന്ന സമയത്ത് കാണാൻ കയറും… ഒന്നും പറയില്ലെങ്കിലും കണ്ണുകൊണ്ടവൾ സംസാരിക്കും..
എല്ലാം മാറുമെന്ന് ആശ്വസിപ്പിച്ച് പോരുമ്പോൾ
ഒരു സന്തോഷമാണ്..

മാമ വല്ലാതെ ക്ഷീണിച്ചിരിക്കുന്നു.. ഉറക്കവും ഭക്ഷണം കഴിക്കലുമെല്ലാം സമയം തെറ്റിയാണ്..
കേശു നിർബന്ധിച്ചിട്ടാണ് ഷുഗറും ബിപിയും ടെസ്റ്റ് ചെയ്തത്.. രണ്ടും ഹൈയാണ്…
ഇനിയും ഇവിടെ നിന്നാൽ ബുദ്ധിമുട്ടാവുമെന്ന് കേശുവിന് തോന്നി..

മാമ നാട്ടിലേക്ക് പൊയ്ക്കോ.. ഞാനിവിടെ നിന്നോളാമെന്ന് പറഞ്ഞിട്ടും പോവാൻ മാധവൻ കൂട്ടാക്കിയില്ല.. ഒടുവിൽ സൈറക്കൊപ്പം ഇവിടെത്തന്നെ അഡ്മിറ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തേണ്ടി വന്നു…

പിറ്റേന്ന് സൈറയെ കാണാൻ കയറിയപ്പോൾ
അച്ഛൻ പോവുകയാണെന്ന് പറഞ്ഞു..
അവൾ സമ്മതത്തോടെ തലയനക്കി…
കേശുവിനോട് പോവുന്നില്ലേയെന്ന് കണ്ണുകൊണ്ട് ചോദിച്ചു.. ഇല്ലെന്നവൻ കണ്ണു ചിമ്മി..

മാധവനെ കോഴിക്കോട്ടേക്കുള്ള ഫ്ലൈറ്റിൽ കയറ്റി വിട്ടു.. സാമിനോട് എയർപോർട്ടിൽ വന്ന് മാമയെ കൂട്ടാൻ വിളിച്ചേൽപ്പിച്ചു..
മാമകൂടെ പോയതോടെ കേശുവിന് വല്ലാത്തൊരു വീർപ്പ് മുട്ടൽ തോന്നിത്തുടങ്ങി…
രാത്രി ഹോസ്പിറ്റലിൽ നിന്നും ഇറങ്ങി റോഡിലൂടെയങ്ങനെ നടന്നു…
വന്നിട്ട് പത്തിരുപത് ദിവസമായെങ്കിലും റൂമും ഹോസ്പിറ്റലും വിട്ട് പുറത്തേക്കിറങ്ങാൻ തോന്നിയിട്ടേയില്ല… വെറുതെ ചീറിപ്പായുന്ന വാഹനങ്ങളുടെ ബഹളങ്ങൾ ശ്രദ്ധിക്കാതെ വഴിയോരക്കാഴ്ച്ചകളിൽ ലയിച്ചങ്ങനെ നടന്നു..

ഇടക്ക് കണ്ട വൃത്തിയുള്ള തട്ടുകടയിൽ നിന്നും പാനീപൂരി വാങ്ങിക്കഴിച്ചു.. രാത്രിയേറെ വൈകിയിട്ടും വീണ്ടും നടന്നുകൊണ്ടിരുന്നവൻ.. നടപ്പിൻ്റെ ദിശ മാറിയതിനാലാവാം തിരികെ നടന്നപ്പോൾ വഴി മാറിയത് പോലെ.. ഒടുവിൽ ലോഡ്ജിലേക്ക് പോവാൻ ടാക്സി വിളിക്കേണ്ടി വന്നു..സുഖമായി ആ രാത്രിയവൻ ഉറങ്ങിപ്പോയി..

രാവിലെ ഹോസ്പിറ്റലിലേക്ക് നടക്കുമ്പോൾ വല്ലാത്തൊരു ആവേശമാണ്. സൈറയെ കാണാനുള്ളിലൊരു തിടുക്കമാണ്..
അവൾ ഉണർന്നപ്പോൾ നേഴ്സ് വന്നു പറഞ്ഞു..

കണ്ണു തുറന്നു കിടക്കുന്നവൾക്കരികിലേക്ക് ചെന്ന് അടുത്തുള്ള കസേരയിലേക്കിരുന്നു.. അവളുടെ
ട്രിപ്പിട്ട കൈയ്യിലേക്ക് കൈ ചേർത്തു പതിയെ തലോടി..

“മാമ ഇന്നലെ പോയീട്ടോ..”കേശു പറഞ്ഞപ്പോൾ അവളൊന്നു തലയനക്കി.. പിന്നെ ചുണ്ടനക്കി.. കേശു ചെവി അവൾക്കടുത്തേക്ക് അടുപ്പിച്ചു..

“പോവായിരുന്നില്ലേ….”

“കുട്ടിയെ കൂട്ടീട്ട് വന്നാ മതീന്നാണ് മാണിക്യ മംഗലത്തെ പത്മാവതിയമ്മേടെ കല്പന.. ” കേശു ചിരിച്ചു.. സൈറയുടെ ചുണ്ടിൻ്റെ കോണിലും നേരിയൊരു ചിരി തങ്ങിനിന്നു…
ചിലപ്പോഴൊക്കെ വേദനകൾ കൊണ്ട് അവളുടെ മുഖം ചുളിയുന്നുണ്ടായിരുന്നു.

അവളുടെ കണ്ണുകൾ അടയും വരെ അവിടെത്തന്നെയിരുന്നു.. അന്നും ഡൽഹിയിലെ പുതിയ കാഴ്ചകൾ തേടിയങ്ങനെ കേശു നടന്നു..

പിന്നീടുള്ള ദിവസങ്ങളിൽ രാവിലെ സൈറ ഉണരാനുള്ള കാത്തിരിപ്പാണ്.. കുറച്ച് സമയം അവൾക്കരികിൽ ഇരിക്കാം.. തലേ ദിവസം രാത്രിയിലെ നടത്തത്തിനിടക്ക് കണ്ട കാഴ്ച്ചകൾ പറഞ്ഞു കേൾപ്പിക്കും..
ഒന്നോ രണ്ടോ വാക്കിൽ എന്തെങ്കിലും പറയാൻ സൈറ ശ്രമിക്കുമെങ്കിലും മുഖത്തെ പൊള്ളിയ വേദന കൊണ്ട് കണ്ണു നിറയും..
ഒന്നും പറയണ്ട.. ഞാൻ പറയുന്നത് കേട്ടാമതിയെന്ന് പറഞ്ഞാൽ ഒന്നുമില്ലെന്ന് അവൾ കണ്ണുചിമ്മും..

മുഖത്തെ മുറിവുണങ്ങുന്നതിന് അനുസരിച്ച് സൈറ കൂടുതൽ സംസാരിച്ച് തുടങ്ങി..
മുഖത്തെ പൊള്ളിയ ഭാഗത്ത് ആ മുറിവൊന്ന് ഉണങ്ങിയിട്ട് വേണം പ്ലാസ്റ്റിക് സർജറി ചെയ്യാൻ…
ഡോക്ടർ ഇടക്കൊരു ദിവസം കേശുവിനെ അകത്തേക്ക് വിളിപ്പിച്ച് സംസാരിച്ചതാണ്..

“സൈറാ.. ഇപ്പൊ എന്തു തോന്നുന്നെടൊ?” പതിവ് പോലെയുള്ള കാഴ്ച്ചക്കിടയിൽ കേശു അവളുടെ കൈയ്യെടുത്ത് തൻ്റെ കൈയ്യിൽ പിടിച്ചാണ് ചോദിച്ചത്..

“നന്നായൊന്ന് കുളിക്കാൻ തോന്നുന്നു… എത്ര ദിവസമായിങ്ങനെ കിടപ്പ് തുടങ്ങിയിട്ട്.. തറവാട്ടിലെ കുളത്തിൽ
നീന്തിക്കുളിക്കണം… ”
വേദന കുറവുണ്ടോ? എന്ന ഉദ്ദേശത്തിൽ ചോദിച്ചതാണ് എന്നാൽ ആ മറുപടി കേട്ട് കേശുവിന് ചിരി വന്നുപോയി…

തുടരും…

(സൈറ തിരികെ വന്നൂട്ടോ.. എല്ലാരും തിരികെ വിളിച്ചാൽ സൈറയെങ്ങനെ കേൾക്കാതിരിക്കും അല്ലേ..☺)