17/04/2026

സൈരന്ദ്രി : ഭാഗം 21

രചന – രജിഷ അജയ്ഘോഷ്

സൈറ സാമിനൊപ്പം സാമിൻ്റെ വീട്ടിലെത്തിയപ്പോഴെ ബീഫിൻ്റെ മണം മൂക്കിലേക്ക് കയറുന്നുണ്ട്..
സൈറയെ കണ്ടതും മമ്മി ഉത്സാഹത്തിലാണ്..അടുക്കളയിൽ മമ്മിയുടെ പാചകവും നോക്കിയിരിക്കുമ്പോഴാണ് സാം ഒരു ചെറിയ കാനുമായി വന്നത്..
എന്താണെന്ന് പുരികമുയർത്തിയവൾ..
“നല്ല കള്ളാ.. നീ വാ നമുക്കിന്നൊരു
പിടി പിടിക്കാം..”
സാമൊരു കള്ളച്ചിരിയോടെ പറഞ്ഞു..

സൈറക്കത് പുതിയ അനുഭവമായിരുന്നു..
വലിയൊരു ഗ്ലാസിലൊഴിച്ച് ഒറ്റ വലിക്ക് കുടിച്ചോ.. എന്ന് പറഞ്ഞ് അവൾക്ക് നേരെ സാം നീട്ടി…
മുഴുവൻ മടമടാന്ന് അകത്താക്കി മമ്മി കാണാതെ സാം കൊണ്ടുവന്ന ബീഫെടുത്ത് വായിലേക്ക് വെച്ചവൾ..
കണ്ണടച്ച് ആ സ്വാദ് ആസ്വദിച്ചു..
കിടിലൻ… കൈ കൊണ്ട് സാമിനെ ആംഗ്യം കാണിച്ചു..

അവനൊരു ഗ്ലാസൊഴിച്ചതും
“ഇതിനാണല്ലേ രണ്ടും കൂടി മുങ്ങിയത്..” കേശുവിൻ്റെ സ്വരം വാതിൽക്കൽ നിന്നും കേട്ടു..

“സൈറക്കൊച്ച് നമ്മുടെ കള്ളിൻ്റെ രുചിയൊന്ന് അറിയട്ടേന്നേ…” സാം പറഞ്ഞപ്പോൾ ഇനി അതിൻ്റെയൊരു കുറവേയുള്ളൂ എന്ന് കേശു പതിയെപറഞ്ഞു..

സാം ഒഴിച്ച് വെച്ചതും കൂടി സൈറയെടുത്തു കുടിച്ചു.. ബീഫെടുത്ത് വായിലേക്കിട്ടു..
“ദേണ്ടടാ അവള് വീണ്ടും കുടിക്കുന്നു.. ഇന്ന് മിക്കവാറും നീയവളെ എടുത്ത് വീട്ടിലാക്കേണ്ടി വരും..” കേശു സാമിനെ തോണ്ടി..

“അത് മധുരക്കള്ളാടാ.. അവൾക്ക് അത് മുഴുവൻ കുടിച്ചാത്തന്നെ കേറത്തില്ല..”

സൈറ രണ്ടു ഗ്ലാസിലും നിറച്ച് രണ്ടാൾക്ക് നേരെയും നീട്ടിപ്പിടിച്ചു.. സാമൊന്ന് വാങ്ങി..
കേശു വേണ്ടെന്ന് പറഞ്ഞു..

“അവൻ ബിയർ മാത്രേ കഴിക്കുള്ളൂ… നമുക്ക് കഴിക്കാന്നേ..” സൈറയോട് പറഞ്ഞ് കൊണ്ട് സാം ഗ്ലാസ് ചുണ്ടോടടുപ്പിച്ചു..

അടുക്കളയിൽ നിന്നും പാത്രം നിലത്ത് വീഴുന്ന ശബ്ദം കേട്ടു… ഈ മമ്മിയതൊന്ന് കുടിക്കാനും സമ്മതിക്കില്ല..ഗ്ലാസും മേശമേൽ വെച്ച് സാം അടുക്കളയിലേക്ക് നടന്നു..

സൈറ ബീഫ് കഴിക്കുന്ന തിരക്കിലാണ്.. കേശു അവൾക്കരികിൽ ചെന്നിരുന്നു..
ബീഫിൻ്റെ പാത്രം അവന് നേരെ നീട്ടിക്കൊണ്ട് കണ്ണുകൊണ്ട് കഴിക്കാൻ പറഞ്ഞു..
അവനും എടുത്തു കഴിച്ചു തുടങ്ങി… അല്ലെങ്കിലും ബീഫ് കഴിക്കാൻ തുടങ്ങിയത് ഇവിടെ വന്നപ്പോൾ മുതലാണ്..
വീട്ടിൽ അമ്മമ്മക്ക് ഇഷ്ടമല്ലാത്തത് കൊണ്ട് വാങ്ങാറില്ല.. സാമിനൊപ്പം ഇവിടെ വന്ന് ഇടക്ക് കഴിക്കും..

കഴിച്ചു കൊണ്ടിരിക്കെ തനിക്കു വേണ്ടെന്ന് പറഞ്ഞുവെച്ചത് കൂടി സൈറയെടുത്ത് കുടിച്ചു..

“സൈറാ മതീട്ടോ..” കേശുവൊന്ന് ഓർമ്മിപ്പിച്ചതിന് കണ്ണു ചിമ്മിക്കാണിച്ചവൾ..
എന്തോ വശപ്പിശകുണ്ടോ.. സൈറയെ ഒന്ന് നോക്കിയവൻ.. ബീഫ് ആസ്വദിച്ച് കഴിക്കുന്ന തിരക്കിലാണ്..
മധുരക്കള്ളല്ലേ.. ഇവളുടെ കപ്പാസിറ്റിക്ക് ഇതൊക്കെയെന്ത്..

മമ്മിക്ക് കള്ളപ്പം ഉണ്ടാക്കാൻ എടുത്ത് വെക്കണമെന്ന് പറയാൻ വിളിച്ചതാണെന്നും പറഞ്ഞ് കൊണ്ട് സാം വന്നു.. ഗ്ലാസിലെ കള്ളെടുത്ത് കുടിച്ചു പകുതിയായപ്പോൾ അവൻ്റെ മുഖം ചുളിഞ്ഞു..
ഈശ്വരാ… പണി പാളിയോ… വേഗം പുറത്തിറങ്ങി ഫോണെടുത്ത് ഷാപ്പിലെ സുജിത്തിനെ വിളിച്ചു..

എന്താടാ… പിന്നാലെ കേശു വന്നു…

സുജിത്ത് പറഞ്ഞത് കേട്ട് സാം കേശുവിന് മറുപടി കൊടുക്കാതെ അകത്തേക്കോടി..
കഥയറിയാതെ കേശുവും..

സൈറയതാ അടുത്ത ഗ്ലാസും മൊത്തിവലിച്ച് കുടിച്ചു കഴിഞ്ഞു…
“സൈറക്കൊച്ചേ…” സാം വിളിച്ചു നോക്കി..
സൈറയവനെ നോക്കി ചിരിച്ചു… നിഷ്കളങ്കമായ ചിരി… ഹയ് എന്താ രസം..
കേശുവും സാമും മുഖാമുഖം നോക്കി..

“ടാ സാധനം മാറിപ്പോയെടാ.. ഇത് സ്പീഡാന്ന്.. അവന് കാൻ മാറിപ്പോയി.. “സാം ദയനീയമായി പറഞ്ഞു.. അപ്പോഴാണ് ആ അഴകുള്ള ചിരിയുടെ രഹസ്യം കേശുവിന് കത്തിയത്..

സൈറയെ നോക്കുമ്പോൾ അടുത്തത് കുടിക്കാനുള്ള പുറപ്പാടാണ്…
കേശു ഓടിച്ചെന്ന് ഗ്ലാസെടുത്ത് കയ്യിൽ പിടിച്ചു..
“സൈറാ മതി… ”

“ഒന്നൂടി കേശൂട്ടാ… ഒന്നൂടി… ” അവളുടെ നാവ് കുഴഞ്ഞു തുടങ്ങിയിരുന്നു..

“മതി നിർത്തിക്കോ.. സാം ഇതെടുത്ത് വെച്ചേ… ”

സൈറ എഴുന്നേറ്റ് രണ്ടാളെയും മാറി മാറി നോക്കി..
“സാം…. ഒന്ന്.. “അവനെ നോക്കി കെഞ്ചി…

“സൈറാ….” കേശു ശാസനയോടെ വിളിച്ചു..

“താൻ കേശുവല്ലാ….. കൊശവനാ…
കൊശവൻ…..” അവൾ കണ്ണു കൂർപ്പിച്ച് പറയുന്നുണ്ട്.. സാമിനത് കേട്ട് ചിരി വന്നു പോയി..

“സാമൂട്ടാ യു ആർ സോ സ്വീറ്റ്… നിനക്കെന്നോട് എന്തൊരു സ്നേഹാ… ഐ ലൈക്ക്യൂ …”
സാമിൻ്റെ ഇരു കവിളിലും പിടിച്ചു വലിച്ചവൾ…

സൈറയുടെ അവസ്ഥയുടെ കൂടെ സാമിനോടുള്ള പെരുമാറ്റം കൂടി ആയതോടെ കേശുവിൻ്റെ മുഖം മാറി…

“നമ്മുടെ കള്ളിൻ്റെ രുചിയറിഞ്ഞല്ലോ.. ഇനി ഇതിൻ്റെ ക്ഷീണംകൂടി അറിഞ്ഞ് കഴിയുമ്പോ
കൊണ്ടുവന്നത് പോലെ ഈ മുതലിനെ അങ്ങോട്ടാക്കിയേക്ക് ട്ടോ.. സാമൂട്ടാ…” സാമിനെ നോക്കി ഒരു താളത്തിൽ പറഞ്ഞ് കൊണ്ട് കേശു നടന്നു…

“ടാ… പോവല്ലേടാ…” പിന്നിൽ സാമിൻ്റെ ശബ്ദം കേട്ടെങ്കിലും അവൻ നടന്നു…

“സാമൂട്ടാ…… “സൈറ വിളിക്കുന്നുണ്ട്…

“സാമൂട്ടന് പറക്കാനിഷ്ടവാണോ..
നമുക്ക് പറന്നാലോ.. ”
കർത്താവേ.. കയ്യീന്ന് പോയ മട്ടാണല്ലോ..
ഷാപ്പിലെ സുജിത്തിനോട് മധുരക്കള്ളാണ് ചോദിച്ചത്..
മധുരക്കള്ളാണെന്ന് കരുതിയാണ് സൈറയെ വിളിച്ചത്.. അവൾക്കൊരു രസമാവട്ടെയെന്നേ കരുതിയുള്ളൂ..

ഒടുവിൽ മമ്മിയോട് തന്നെ എല്ലാം പറയേണ്ടി വന്നു..
മമ്മി കൈകൊണ്ട് പുറത്ത് രണ്ടു മൂന്ന് തല്ലിയെങ്കിലും സൈറയെകൂട്ടി മുറിയിൽ കൊണ്ടിരുത്തി..ആളിപ്പോഴും പറക്കാനുള്ള മൂഡിലാണ്.
മമ്മി തന്നെ നോക്കി പേടിപ്പിച്ചു കൊണ്ട് അവൾക്കെന്തൊക്കെയോ കലക്കിക്കൊടുക്കുന്നുണ്ട്… അവൾ മമ്മിയെ തൊട്ടുതലോടുന്നുണ്ട്…
ശ്ശോ…ഒന്നും വേണ്ടായിരുന്നു… സാം ആലോചനയോടെ പുറത്തേക്ക് നടന്നു….

ഐ ലൈക്യൂ… അവൾടെയൊരു സാമൂട്ടൻ..
കേശുവിന് വീടെത്തിയിട്ടും കലി മാറിയില്ല…
എന്തൊരു കുടിയാ പെണ്ണ് കുടിച്ചത്..
ഇങ്ങ് വരട്ടെ..
ശ്ശേ… ഞാനെന്തിനാ ഇങ്ങനെ വേവലാതിപ്പെടുന്നെ..
അറിയില്ല.. പക്ഷേ, സൈറയെക്കുറിച്ച് ചിന്തിക്കാനാവുന്നില്ലെന്ന് മാത്രം..

വൈകുന്നേരമായപ്പോഴാണ് സൈറ വന്നത്.. കേശു പുറത്തായിരുന്നു.
“ഇതെന്താ കുട്ട്യേ മുഖമൊക്കെ വല്ലാതിരിക്കുന്നെ” കണ്ണും മുഖവുമൊക്കെ വാടിയിരിക്കുന്നത് കണ്ട് പത്മാവതിയമ്മ ചോദിച്ചു..

” അത്…. ഒരു തലവേദന.. ” അച്ഛമ്മയുടെ മുഖത്ത് നോക്കാനായില്ലവൾക്ക്…

” ഇങ്ങ് വാ…” അവര് തന്നെ കൈപിടിച്ച് മുറിയിൽ കൊണ്ടുപോയി നെറ്റിയിലെന്തോ തേച്ചു തന്നു..
അടുത്ത് കിടത്തി പതിയെ തലയിൽ തലോടിക്കൊണ്ടിരുന്നു… കണ്ണുകൾ അടഞ്ഞു പോയി..

രാത്രി കേശു വന്നപ്പോൾ അച്ഛമ്മയോട് ഒട്ടിക്കിടക്കുന്നവളെ കണ്ടു..
എങ്ങനെ എത്തിയേ ആവോ…
“കുട്ടിക്ക് തലവേദനയാ.. ഒന്നുറങ്ങട്ടെ .. ” അച്ഛമ്മ പറഞ്ഞതിന് ഒന്നു മൂളിയവൻ..
തലവേദന വന്ന വഴി അച്ഛമ്മക്കറിയില്ലല്ലോ…
കഴിക്കാൻ വിളിച്ചിട്ടും എഴുന്നേൽക്കാതെ
അവളുറക്കം തന്നെയായിരുന്നു…

രാവിലെ വയലിൽ പോയി തിരികെ വരുമ്പോൾ എഴുന്നേറ്റ വന്ന പോലെ സൈറ ഉമ്മറത്തിരുപ്പുണ്ട്..
ഇന്ന് ഓട്ടോം ചാട്ടോം ഒന്നും ഇല്ലേ ആവോ..
ഇന്നലത്തെ കാര്യം ഓർത്തപ്പോൾ തന്നെ ദേഷ്യംവന്നത് കൊണ്ട് കാണാത്ത മട്ടിൽ അകത്തേക്ക് കയറിപ്പോയി..

ചായകുടിക്കാനിരുന്നപ്പോഴേക്കും അവൾ കുളികഴിഞ്ഞ് വന്നിരുന്നു… ആ ഭാഗത്തേക്ക് നോക്കിയതേയില്ല..
“ഞാനും… ” ഉച്ചകഴിഞ്ഞ് കേശു പണിക്കാരുടെ അടുത്തേക്കിറങ്ങിയപ്പോൾ പിന്നിലവളും വന്നു..
അവനൊന്നും മിണ്ടാതെ നടന്നു..

“എന്തിനാ പിണക്കം…” അവൾ ചോദിക്കുന്നുണ്ട്.

“താനെപ്പെഴാ ഈ ദുശ്ശീലങ്ങളൊക്കെ തുടങ്ങിയത്?”
തിരിച്ചൊന്നു ചോദിച്ചവൻ..

“പ്ലസ് ടുവിൽ കൂട്ട് കുറച്ച് ബോയ്സായിരുന്നു..
പെൺകുട്ടികൾക്ക് നമ്മളോടൊരു പുച്ഛം പോലെ..
അവന്മാരുടെ കൂടെ ഇടക്ക് ബിയറൊക്കെ കുടിക്കാൻ തുടങ്ങി… പ്ലസ് ടു കഴിഞ്ഞപ്പോ
ചോദിക്കാനും പറയാനും ആരുമില്ലാത്തത് കൊണ്ടാവാം അതൊരു പതിവാക്കി..
ഇടക്കെപ്പോഴോ വലിക്കാനും പഠിച്ചു..
പിന്നെയെപ്പോഴോ ഇതൊക്കെ ശീലമായി…”

“അപ്പൊ താൻ സ്ഥിരമായിട്ട് ഉപയോഗിക്കോ.”കേശു ഞെട്ടലോടെ ചോദിച്ചു..

“ഉപയോഗിച്ചിരുന്നു.. രണ്ട് വർഷം മുൻപ് വരെ..
രണ്ടുവർഷത്തിനിടക്ക് ഇവിടെ വന്നതിന് ശേഷമാണ് കഴിച്ചത്..”
കേശു തിരിഞ്ഞ് അവൾക്കഭിമുഖമായി നിന്നു..

“എടോ താനിന്നലെ വല്ലാതെ ഓവറായിപ്പോയി..
എന്തൊക്കെയാ പറഞ്ഞേന്ന് വല്ലതും ഓർമ്മയിലുണ്ടോ?”

“മ്ച്ചും…. ” അവൾ തോളനക്കി..

“കുഞ്ഞേ…. ” കുമാരേട്ടൻ സൈറയെക്കണ്ട്
വിളിച്ചതും കേശുവെന്തോ പറയാൻ വന്നത് നിർത്തി.. അവർക്കരികിലേക്ക് നടന്നു…

വൈകിട്ട് അച്ഛമ്മയോടൊപ്പം പതിവ് പോലെ ഇരിക്കുമ്പോഴാണ് സൈറയുടെ ഫോണടിച്ചത്..
ഫോൺ അറ്റൻഡ് ചെയ്ത് സംസാരിച്ച് കഴിഞ്ഞതും അവൾ വേഗം ടീവിക്കരികിലേക്ക് നടന്നു..

“ചന്ദ്രിയമ്മേ… ആ റിമോട്ടൊന്ന് താ.. ഇപ്പൊത്തരാം..”

ന്യൂസ് ചാനൽ വെച്ചതും “”ജമ്മുവിൽ ഭീകരാക്രമണം.20 ഇന്ത്യൻ സൈനികർക്ക് വീരമൃത്യു. “”ആ ഫ്ലാഷ് ന്യൂസ് കണ്ടവൾ ശ്വാസമെടുക്കാൻ മറന്നു നിന്നു..
ടീവിയിലെ ദൃശ്യങ്ങൾ ഒന്നുകൂടി നോക്കിയശേഷം അവൾ മുറിയിലേക്ക് നടന്നു..

ഫോൺ വന്നശേഷം സൈറ തിടുക്കപ്പെട്ടത് കണ്ട് കേശുവും പത്മാവതിയമ്മയും അവൾക്ക് പുറകെ വന്നിരുന്നു.. ആ കാഴ്ച്ച അവരെയും വേദനിപ്പിച്ചു..
രാജ്യസ്നേഹമുള്ള ഏതൊരാളെയും ഇത്തരം സംഭവങ്ങൾ വേദനിപ്പിക്കുക തന്നെ ചെയ്യും..

നാദിയാണ് വിളിച്ചത്.. അതിർത്തിയിൽ പ്രശ്നങ്ങൾ രൂക്ഷമാവാൻ സാധ്യതയുണ്ട്.. ചിലപ്പോൾ തിരികെ പോവേണ്ടിവരുമെന്ന് അറിയിക്കാൻ.

തിരികെ പോവേണ്ടിവന്നാൽ താൻ വന്ന കാര്യം നടക്കാതെ പോവും.. ഒരുപാട് നാളത്തെ കാത്തിരിപ്പ് വെറുതെയാവും.. സൈറയാകെ അസ്വസ്ഥയായി..
കൊല്ലാനാണെങ്കിൽ എളുപ്പമാണ്.. പക്ഷേ തൻ്റെ ലക്ഷ്യം അതല്ല.. നരകിക്കണം അയാൾ..

പക്ഷേ അതിനൊരു സാഹചര്യം വേണം.. സന്ദർഭം ഒത്തുവരണം.. എത്രയും പെട്ടന്ന് തന്നെ..

തുടരും..

(കുറച്ചൂടി സീരിയസ്സായിട്ടാണ് ഇനിയുള്ള ഭാഗങ്ങൾ )