18/04/2026

സൈരന്ദ്രി : ഭാഗം 10

രചന – രജിഷ അജയ്ഘോഷ്

“വെള്ളമടിച്ചു കഴിയുമ്പോ ചിലപ്പോ കൂടെയുള്ളോർക്കിട്ട് രണ്ടെണ്ണം കൊടുക്കുന്ന സ്വഭാവം ഉണ്ടെനിക്ക്… ചിലപ്പോ വാളും വെക്കും..ഭയങ്കര അലമ്പാവും അപ്പൊ സാമിന് ബുദ്ധിമുട്ടാവില്ലേ…” നടക്കുന്നതിനിടയിൽ ഒരു താളത്തിൽ ഉറക്കെത്തന്നെ ചോദിച്ചവൾ.. ” അത് ഞാൻ അഡ്ജസ്റ്റ് ചെയ്തോളാം…” അവളെ നോക്കി ഉറക്കെ വിളിച്ചു പറഞ്ഞവൻ… ” എന്നാ ആലോചിക്കാം.. ” പറഞ്ഞ് കൊണ്ട് കൈ വീശി നടന്നവൾ… ചിരിയോടെ സാമും…. ❤❤ “ഹൊ.. മടുത്തു പോവാം.. “ശാലിനി കിതപ്പോടെ പറഞ്ഞു.. “ഏയ്..മടുക്കാനോ.. എന്ത് ഭംഗിയാ ഇവിടൊക്കെ.. കണ്ടിട്ടും മതിവരാത്തത്പോലെ..നീ ഭാഗ്യവതിയാ ശാലു.. നിൻ്റെ കേശുവേട്ടനുമൊത്ത് എന്നും നടക്കാലോ.. “നിവ്യ ആവേശത്തോടെ പറഞ്ഞു.. “എനിക്കീനടപ്പൊന്നും ഇഷ്ടമേയല്ല.. നിനക്കൊക്കെ വേണ്ടിയാ വന്നത് തന്നെ.. ” ശാലിനിയാണ്.. ” ദേ.. നിൻ്റെയാള്….” പണിക്കാർക്കിടയിൽ നിൽക്കുന്ന കേശുവിനെ നിവ്യ ചൂണ്ടിക്കാണിച്ചതും ശാലിനിയുടെ ചുണ്ടിൽ ചിരി വിരിഞ്ഞു..

മടുപ്പൊക്കെ എങ്ങോ പോയി… കുമാരേട്ടനോട് എന്തൊക്കെയോ പറയുന്നുണ്ട്.. “മോളെപ്പഴാ വന്നെ.. ” കുമാരേട്ടനാണ് ചോദിച്ചത്… “ഇന്നലെ രാത്രിയായി..” ശാലു പറഞ്ഞുവെങ്കിലും കണ്ണുകൾ അപ്പോഴും കേശുവിലാണ്… ചെരുപ്പിടാത്ത കാലിൽ പറ്റിപ്പിടിച്ചിരിക്കുന്ന ചെളി കണ്ടതും അവളുടെ മുഖം ചുളിഞ്ഞിരുന്നു.. “ഞങ്ങടെ കേശുമോൻ്റെ പെണ്ണാലേ..” എന്ന് പറഞ്ഞു കൊണ്ട് പ്രായമായൊരു ആദിവാസി സ്ത്രീ വന്ന് ശാലുവിൻ്റെ കയ്യിൽ പിടിച്ചു… കേശുവിനോടുള്ള സ്നേഹം അവരുടെ മുഖത്ത് കാണാം.. ശ്ശേ…ശാലു പെട്ടന്ന് ആ കൈ തട്ടിമാറ്റി… എന്തായീ കാട്ടിയത്… അവൾ ദേഷ്യത്തോടെ അവരെ നോക്കി.. അവരുടെ മുഖം വല്ലാതായി.. കേശുവും കുമാരേട്ടനും മുഖത്തോട് മുഖം നോക്കി.. ” ശാലു… ഇത് ചിരുതമ്മ… കാലങ്ങളായി നമ്മുടെ വീട്ടിൽ പണിക്ക് വരുന്നതാ.. ” കേശു വേഗംതന്നെ അവൾക്കടുത്തേക്ക് വന്നു. “അതിന്?…പണിക്ക് വരുന്നവര് പണിയെടുത്താ പോരെ… കണ്ട ജാതിക്കാരൊക്കെ ഇങ്ങനെ പെരുമാറുന്നത് കേശുവേട്ടൻ പണിക്കാരെയൊക്കെ തലേൽക്കേറ്റി ഇരുത്തീട്ടാ..” ശാലുവിൻ്റെ എടുത്തടിച്ച മറുപടിയിൽ കേശു നാണംകെട്ടു.. കുമാരേട്ടൻ വേഗം വയലിലേക്ക് ഇറങ്ങി.. താനെന്തോ വല്യ അപരാധം ചെയ്തത് പോലെ ചിരുതയ്ക്കും തോന്നി.. നിറഞ്ഞ കണ്ണുകളോടെ ശാലുവിന് നേരെ കൈകൂപ്പിയിട്ടവർ തിരികെ നടന്നു…

“വാടീ… പോവാം.. “നിവ്യ വേഗം ശാലുവിനെ വിളിച്ചു. “ഒന്ന് നിന്നേ.. ” കേശുവിൻ്റെ സ്വരത്തിൽ ഗൗരവം നിറഞ്ഞു.. “നീയൊക്കെ ഡോക്ടറാവാൻ തന്നെ പഠിക്കുന്നതാണോ? രോഗികൾ വരുമ്പോൾ അവരുടെ ജാതീം കാശുമൊക്കെ നോക്കീട്ടാവും ചികിത്സ കൊടുക്കുന്നതല്ലേ.. ആ സ്ത്രീയൊന്ന് തൊട്ടപ്പോ നിനക്കെന്താ സംഭവിച്ചത്.. ഏ.. ” അവസാന വാചകം പറയുമ്പോൾ കേശുവിൻ്റെ പല്ലുകൾ ഞെരിഞ്ഞമർന്നു.. കേശുവിൻ്റെ അത്തരമൊരു ഭാവം ശാലു ആദ്യമായി കാണുകയായിരുന്നു.. “ആദ്യം മനുഷ്യത്വം എന്താന്ന് പഠിക്ക്.. എന്നിട്ട് ഡോക്ടറും എഞ്ചിനീയറുമൊക്കെ ആയാമതി.. മനസ്സിലായോ?…”കേശു വീണ്ടും പറയുമ്പോൾ ശാലു വേഗം തലയാട്ടി.. ശാലുവും കൂട്ടുകാരും തിരികെ നടക്കുമ്പോഴും ചിരുതയുടെ നിറഞ്ഞ കണ്ണുകൾ കേശുവിനെ നോവിക്കുന്നുണ്ടായിരുന്നു.. വയലിലേക്ക് ഇറങ്ങാൻ തോന്നിയില്ലവന്.. ഏറുമാടത്തിലേക്ക് നടന്നു… കാലും പുറത്തേക്കിട്ട് സ്വർണ്ണനിറത്തിലുള്ള നെൽക്കതിരുകളെ നോക്കിയിരുന്നു..

മനസ്സിലപ്പോഴും ചിരുതയുടെ കൈ തട്ടിയെറിഞ്ഞ ശാലുവിൻ്റെ മുഖഭാവമായിരുന്നു.. “ഇതെന്താടാ ഈ നേരത്ത് ഇവിടെ?.. നിൻ്റെ പെണ്ണ് വന്നപ്പൊ സ്വപനം കണ്ടിരിപ്പാണോ?.. “സാമിൻ്റെ സ്വരം കേട്ടു… കേശുവൊന്ന് ചിരിക്കാൻ ശ്രമിച്ചു.. ആ മുഖഭാവം പുതിയതാണെന്ന് തോന്നി സാമിന്.. “എന്താടാ… എന്തുപറ്റി…” സാം കേശുവിനോട് ചേർന്നിരുന്നു… കുഞ്ഞുനാൾ മുതലുള്ള സൗഹൃദമാണ് അവർ തമ്മിൽ.. പരസ്പരം പങ്കുവയ്ക്കാത്ത ഒന്നും തന്നെയില്ല ഇക്കാലംവരെയും.. അതുകൊണ്ട് തന്നെ നടന്നതെല്ലാം കേശു സാമിനോടു പറഞ്ഞു… “ശാലിനിയെ നിനക്കറിയാവുന്നതല്ലേടാ..” എല്ലാം പറഞ്ഞ് കഴിഞ്ഞപ്പോൾ സാം തിരികെ ചോദിച്ചു. “വല്ലപ്പോഴും ലീവിന് വരുമ്പോൾ കാണുമെന്നല്ലാതെ ഞങ്ങളങ്ങനെ ഒരുപാട് സംസാരിക്കാറൊന്നുമില്ല.. അവളുടെ സ്വഭാവമൊന്നും എനിക്കറിയില്ലെടാ.. ഞാനതൊന്നും ശ്രദ്ധിച്ചിട്ടുമില്ല.. ഇപ്പൊ ഇങ്ങനെയൊക്കെ കാണുമ്പോ…” അവൻ പാതിവഴിയിൽ പറഞ്ഞുനിർത്തി…

” അവരൊക്കെ ടൗണിൽ ജീവിക്കുന്നോരല്ലേടാ.. ചിലപ്പോ അതിൻ്റെയാവും.. നീയൊന്ന് സംസാരിക്ക്.. ” “ഉം… ” കേശു അലസമായൊന്ന് മൂളി… രണ്ടാളും മൗനമായ് കുറച്ച് സമയം കടന്നു പോയി.. സൈറയുടെ ബുള്ളറ്റിൻ്റെ ശബ്ദം കേട്ടു… സ്പീഡിൽ നല്ല മുഴക്കത്തോടെ ബുള്ളറ്റ് അവരെയും കടന്ന് പോയി… “ദാ ഈ പോയതും അത് പോലൊരുത്തിയാ… പക്ഷേ… എന്തിനും എവിടെയും കൂടിക്കോളും കക്ഷി… ആരോടും പരിചയക്കുറവുമില്ല.. മമ്മിക്ക് ആളെ നല്ലോണം ബോധിച്ചിട്ടുണ്ട്… ” സാം പറഞ്ഞു… “അവിടേം വന്നോ അവൾ?… ” കേശുവിന് അത്ഭുതമാണ് തോന്നിയത്.. ” ഉം.. അപ്പക്ക് വയ്യാന്ന് പറഞ്ഞപ്പോ അപ്പയെ കണ്ടു… മമ്മീടെ ബീഫ് കഴിക്കാൻ വീണ്ടും വരാമെന്ന് പറഞ്ഞാണ് തിരികെ പോന്നത്..നല്ല കുട്ടിയാ സൈറ..” സാം പറഞ്ഞു നിർത്തി.. ❤❤ രാത്രി പാർട്ട്നേർസിൻ്റെ ചെറിയൊരു പാർട്ടിയുണ്ടായിരുന്നു.. വൈകികിടന്നതു കൊണ്ട് നേരം വെളുത്തത് അറിഞ്ഞതേയില്ല.. ദേവരാജൻ കണ്ണുകൾ തുറന്ന് ക്ലോക്കിലേക്ക് നോക്കി… 10 മണി കഴിഞ്ഞിരിക്കുന്നു.. ഭാനു അമ്പലത്തിൽ പോവുമെന്ന് പറഞ്ഞതുകൊണ്ട് ചായ കിട്ടണമെങ്കിൽ സ്വയം ഇടേണ്ടിവരും.. അയാൾ ഒന്നുകൂടി കണ്ണടച്ചു… “ദേവമാമ്മേ… എന്തൊരു ഉറക്കാ… നേരം ഉച്ചയാവാറായിട്ടോ.. “താളത്തിൽ പറയുന്നത് കേട്ട് ദേവരാജൻ കണ്ണ് തുറന്നു..

കസേരയിൽ ഇരിക്കുന്നയാളെ കണ്ടതും അയാൾ വിളറി വെളുത്തു… “നീ….. നീയെന്താ ഇവിടെ?…” പരിഭ്രമത്തോടെ ചോദിച്ചയാൾ… “ഈ സ്വരമൊന്ന് കേൾക്കാമെന്ന് കരുതി ഫോൺ വിളിച്ചാൽ ഫോണെടുക്കണ്ടേ… പിന്നെ ഞാനെന്തു ചെയ്യാനാ.. ഒന്നും നോക്കിലാ ഞാനിങ്ങു പോന്നു.. ഇവിടെ വന്നപ്പൊ വാതില് ചാരിയിട്ടിട്ടേയുള്ളൂ.. സുഖമായി കയറി വന്നു… ” ബുള്ളറ്റിൻ്റെ താക്കോൽ വിരലിലിട്ട് ചുഴറ്റിക്കൊണ്ടിരുന്നവൾ.. സൈരന്ദ്രി.. ദേവരാജൻ തിടുക്കപ്പെട്ട് എഴുന്നേറ്റു പുറത്തേക്കിറങ്ങാൻ ശ്രമിച്ചു… “ഹാ.. അങ്ങനങ്ങ് പോയാലോ.. അവിടിരിക്കെന്നേ.. ” സൈറ വേഗം വാതിലടച്ചു.. “നീയെന്താ ഈ കാട്ടണേ.. വാതിൽ തുറക്ക്.. ” സൈറയെ തള്ളിമാറ്റി ദേവരാജൻ വെപ്രാളപ്പെട്ട് വാതിൽ തുറക്കാൻ ശ്രമിച്ചു… സൈറയുടെ മുഖത്ത് പുച്ഛം നിറഞ്ഞു…

വാതിലിൽ നിന്നും ഒരടി പോലും മാറാതെനിന്നവൾ… “പഴയ പത്ത് വയസ്കാരി സൈരന്ദ്രിയല്ല ഇത്.. നീ തന്ന നോവിൽ കരഞ്ഞ് തളർന്ന് ഒടുവിൽ പകയുടെ കരുത്താർജ്ജിച്ച് വന്നവളാ ഞാൻ.. ഞാനനുഭവിച്ച വേദന, എൻ്റെ നഷ്ടപ്പെട്ട ബാല്യം, കൗമാരം എല്ലാം നീയറിയണം…” അവൾ ദേഷ്യത്തോടെ പറയുന്നതിനൊപ്പം അയാളെ പിടിച്ച് തള്ളി… വേച്ച് പോയ ദേവരാജൻ കട്ടിലിൻ്റെ ഒരറ്റത്ത് ആശ്രയത്തിനായി പിടിച്ചു.. സൈറ തൻ്റെ പോക്കറ്റിൽ നിന്നും ഒരു ടാബ്ലെറ്റെടുത്ത് അയാൾക്ക് നേരെ നീട്ടി.. ” ദാ.. ഇത് കഴിക്ക്.. ” അയാൾ തല വിലങ്ങനെയാട്ടി… മേശപ്പുറത്തിരിക്കുന്ന ഫോണെടുത്ത് കോൾ ചെയ്യാനൊരു ശ്രമം നടത്തി നോക്കി.. സൈറയാനേരം കൊണ്ട് മേശമേൽ ഇരുന്ന ജെഗ്ഗിൽ നിന്നും ഗ്ലാസ്സിലേക്ക് വെള്ളം ഒഴിച്ചു.. “ഇതില്ലാതെ കോൾ ചെയ്യാൻ പറ്റില്ലല്ലോ..” കൈയ്യിൽ സിം പിടിച്ച് സൈറ പറയുമ്പോൾ അയാൾ പതറി കട്ടിലിലേക്ക് ഇരുന്നു.. കഴിഞ്ഞ തവണ അടിവാങ്ങി വന്നവർ പറഞ്ഞ് സൈറയുടെ കരുത്ത് ഏറെക്കുറെ മനസ്സിലായിരുന്നു അയാൾക്ക്…

ഒപ്പം ഭാനുവെങ്ങാൻ വന്നാലോ എന്ന ഭയവും.. ” ദാ.. ഇതങ്ങ് കഴിക്ക്… ” സൈറ വീണ്ടും ടാബ്ലെറ്റും വെള്ളവും നീട്ടി.. തട്ടിക്കളയാൻ ശ്രമിച്ചെങ്കിലും നിമിഷ നേരം കൊണ്ടാ കൈ തിരിച്ച് പിടിച്ചവൾ.. ആ….. അയാൾ ഉറക്കെ വിളിച്ചുപോയി.. കൈവിട്ട് അയാളുടെ കവിളിൽ കുത്തിപ്പിടിച്ച് ടാബ്ലെറ്റ് വായിലേക്കിട്ട് വെള്ളവുമൊഴിച്ചവൾ.. ഇറക്കാൻ മടിച്ചയാളുടെ വായടച്ചുപിടിച്ചു… ടാബ്ലെറ്റ് ഇറങ്ങിയ ശേഷമാണ് കൈവിട്ടത്… “അപ്പൊ ഇനി ദേവരാജനില്ല…” ഉറപ്പിച്ച് പറഞ്ഞു കൊണ്ടവൾ ഫോണെടുത്ത് സിം ഇട്ടു.. വാതിൽ തുറന്ന് പുറത്തേക്കിറങ്ങി… പുറത്തെ മേശമേൽ അയാളുടെ ഫോൺ വെച്ച് ഉമ്മറത്തെ വാതിൽ തുറന്ന് വീണ്ടും ചാരിവെച്ച് റോഡിലേക്ക് നടന്നു… വായിൽ എന്തോ ചവർപ്പ് തോന്നി ദേവരാജന്.. തൻ്റെ ജീവൻ അവസാനിക്കാൻ പോവുന്നുവെന്ന ചിന്തയിൽ അയാൾ പരിഭ്രാന്തനായി… ടാബ്ലെറ്റ് ഇറങ്ങിപ്പോയി എന്നുറപ്പായി… ശരീരം വെട്ടി വിയർത്തു… വല്ലാത്ത പരവേശം… വെള്ളം കുടിക്കാൻ ജെഗ്ഗ് എടുത്തെങ്കിലും വിറയൽ കൊണ്ട് താഴേക്ക് വീണു.. വല്ലാത്തൊരു പരവേശത്തോടെ അയാളും താഴെ വീണു.. റോഡിനരികിൽ ചേർത്ത് വെച്ച ബുള്ളറ്റെടുത്ത് പോവുമ്പോൾ ദേവരാജൻ്റെ ഭയം നിറഞ്ഞമുഖം സൈറയുടെ ഉള്ളിൽ സന്തോഷം നിറച്ചു…

നേരെ നാദിയെ കാണാനാണ് പോയത്… കോഫീഷോപ്പിലെ ടേബിളിൽ നാദിയുടെ കൈയ്യിലേക്ക് കൈ ചേർത്തു വെച്ചു…. എവിടെ അവൾക്ക് പരിഭവമാണ്.. “നാദീ..സോറീ എനിക്ക് പിടിച്ച് നിൽക്കാൻ പറ്റാത്തത് കൊണ്ടല്ലേ… രണ്ടു തവണമാത്രം… ” സൈറ പതിയെ പറഞ്ഞു.. “രണ്ട് മസാല ടീ… ” ഷോപ്പിലെ ബോയോട് കയ്യുയർത്തിക്കാണിച്ചു നാദിറ… എന്നിട്ട് ഫോണിലേക്ക് നോക്കിയിരുന്നു.. “നാദീ…. ” സൈറ വീണ്ടും കെഞ്ചി.. “രണ്ട് ബർഗർ കൂടി.. “ചായ കൊണ്ടുവന്നതും അയാളോട് പറഞ്ഞു കൊണ്ട് നാദി സൈറയെ നോക്കി.. വാടിയ മുഖം കണ്ടതും നാദിക്ക് ചിരിയാണ് വന്നത്.. “ചായ തണുക്കും മുൻപ് എടുത്തു കുടിക്കാൻ നോക്ക് പെണ്ണേ… “ചിരിയോടെ പറഞ്ഞതും സൈറയുടെ മുഖത്തേക്ക് ആ ചിരി പടർന്നു.. “ഞാനയാളെ കണ്ടിരുന്നു… ചെറിയൊരു ഡോസ് കൊടുത്തിട്ടുണ്ട്.. “ചായ ചുണ്ടോട് ചേർത്ത് കൊണ്ടാണ് സൈറ പറഞ്ഞത്… നടന്നതെല്ലാം വിശദമായിത്തന്നെ നാദിയോട് പറഞ്ഞു… “അത് കലക്കി.. അയാൾക്ക് ഭയം തോന്നണം.. ബാക്കി പതിയെ കൊടുക്കാം.. “നാദി ഉഷാറായി.. സൈറ ചിരിയോടെ കഴിച്ചു…

ഒരു മാസത്തെ ലീവാണ് നാദിക്ക്.. അതിന് മുൻപ് വിചാരിച്ചത് പോലെ കാര്യങ്ങളെല്ലാം തീർക്കാമെന്ന് പറഞ്ഞാണ് രണ്ടാളും പിരിഞ്ഞത്.. തറവാട്ടിലേക്കാണ് സൈറ നേരെ പോയത്… മുറ്റത്ത് ബുള്ളറ്റ് ഒതുക്കി നിർത്തുമ്പോഴെ അകത്ത് നിന്നും കരച്ചിലും ബഹളവും കേട്ടു… എന്തുപറ്റി… ഉള്ളിലൊരു കാളൽ തോന്നി.. തിടുക്കപ്പെട്ട് അകത്തേക്ക് കയറുമ്പോൾ ചന്ദ്രിയമ്മ അച്ഛമ്മയെ താങ്ങിപ്പിടിച്ചിട്ടുണ്ട്… ” അച്ഛമ്മേ…. ” വിളിച്ചു കൊണ്ട് അവർക്കരികിലെത്തി… “ദേവന് വയ്യാണ്ടായീന്ന്.. ഹോസ്പിറ്റലിലാത്രേ.. എൻ്റെ കുട്ടിക്ക് എന്ത് പറ്റിയാവോ..” സൈറയോട് പറഞ്ഞു കൊണ്ട് പത്മാവതിയമ്മ കണ്ണുനീരൊപ്പി.. ഓ… അതാണ് കാര്യം… ആള് ഹോസ്പിറ്റലിലായി… ശാലുവും കരഞ്ഞുകൊണ്ട് ഇറങ്ങി… കേശുവാണ് കാറെടുത്തത്… പത്മാവതിയമ്മയും ശാലുവും കൂട്ടുകാരും കൂടി കാറിലേക്ക് കയറി…. അവർക്ക് പിന്നാലെ സൈറയുടെ ബുള്ളറ്റും പാഞ്ഞു… ഹോസ്പിറ്റലിലേക്ക് കയറുമ്പോഴേ ഭാനുമതിയും ശ്രേയയും കരഞ്ഞോണ്ട് നിൽക്കുന്നുണ്ട്..

ശാലു അവർക്കടുത്തേക്ക് ഓടി.. ” അമ്പലത്തിൽ പോയിട്ട് വരുമ്പോ വിയർത്തു കുളിച്ച് നിലത്ത് കിടക്കുന്നത് കണ്ടു… ബോധമില്ലായിരുന്നു… “ഭാനുമതി മകളോട് പറയുന്നുണ്ട്. എല്ലാവരും ചേർന്നപ്പോൾ കൂട്ടക്കരച്ചിലും ബഹളവുമായി.. കേശു ഡോക്ടറെ കണ്ടു തിരികെയിറങ്ങി… “ബീപിയൊന്ന് കൂടിയതാ… ഇപ്പൊ റൂമിലേക്ക് മാറ്റും.. വേറെ കുഴപ്പമൊന്നുമില്ല.. ” അവൻ പറഞ്ഞപ്പോൾ എല്ലാ മുഖങ്ങളിലും ആശ്വാസം നിഴലിച്ചു… അൽപ്പസമയം കൊണ്ട് ദേവരാജനെ റൂമിലേക്ക് മാറ്റി… എല്ലാവരും റൂമിലേക്ക് നടന്നു… എല്ലാവരും ഭയന്ന കാര്യവും അയാളുടെ സുഖവിവരവും അന്വേഷിച്ചു ചുറ്റും കൂടി… മക്കളെയും അമ്മയെയും ഭാര്യയെയും കണ്ടപ്പോൾ അയാളുടെ മുഖത്തും ആശ്വാസം നിഴലിച്ചു… സൈറ പുറത്ത് മാറി നിന്നതേയുള്ളു… അവരുടെ സംസാരം കഴിയട്ടെ.. അത് കഴിഞ്ഞാണ് തൻ്റെ ഊഴം… തുടരും….. ( വൈകിയതിന് സോറീട്ടോ..)