രചന – രജിഷ അജയ്ഘോഷ്
വേഗം ഫോണെടുത്ത് നാദിയെ വിളിച്ചു..
“നാദീ നീയൊന്ന് ഇവിടെ വരെ വാ.. എൻ്റെ വണ്ടി ഗേറ്റിനകത്താ എടുത്താൽ ഇവിടെ അറിയും.. എനിക്കയാളെ ഈ രാത്രി തന്നെ കാണണം..”
സൈറയുടെ വാക്കുകളിൽ പക നിറഞ്ഞുനിന്നു..
പുറത്തിറങ്ങാൻ എല്ലാവരും ഉറങ്ങുന്നത് വരെ കാത്തിരിക്കേണ്ടി വന്നു.. അടുക്കള വാതിൽ വഴി പതിയെ ശബ്ദമുണ്ടാക്കാതെ പുറത്തിറങ്ങി
മതിലിലൂടെ വലിഞ്ഞ് കയറി പുറത്തിറങ്ങുമ്പോൾ
നാദി കാറുമായി കാത്തിരിക്കുന്നുണ്ട്..
” പോവാം.. “വേഗം കാറിൽക്കയറി ഡോറടച്ചു സൈറ..
“കുറെ മുറിഞ്ഞോടാ..”നാദിയവളുടെ കൈ പിടിച്ചു നോക്കി..
“കുറച്ച് തോല് പോയി… സാരല്ല..
ഇതൊന്നും കണ്ട് സൈറ പേടിക്കില്ലെന്ന് അയാളോടൊന്ന് പറയണം..”
“റിസ്കാണ്.. നീ സൂക്ഷിക്കണം.. ”
“ഉം..ഞാൻ ശ്രദ്ധിച്ചോളാം.. ” സൈറ അകത്ത് കയറാനുള്ള വഴികൾ ആലോചിച്ച് തുടങ്ങി..
❤❤
12 മണി കഴിഞ്ഞിട്ടും ദേവരാജന് ഉറക്കം വന്നില്ല..
സൈരന്ദ്രി…
അവൾ വന്നതിന് ശേഷം ശരിക്കൊന്ന് ഉറങ്ങിയിട്ടില്ല..
സമാധാനത്തോടെ ഭക്ഷണം കഴിച്ചിട്ടില്ല..
ഇന്നത്തോടെ എല്ലാം തീരുമെന്ന് കരുതിയിരുന്നതാണ്.. പക്ഷേ അവൾ വീണ്ടും രക്ഷപ്പെട്ടു… പരിക്ക് മാത്രമേ ഉള്ളൂ എന്നാണ് അറിയാൻ കഴിഞ്ഞത്.. അയാൾക്ക് നിരാശ തോന്നി..
ബാൽക്കണിയിലെ ചെയറിലിരുന്ന് മുന്നിലിരുന്ന കുപ്പിയിൽ നിന്നും ഒരു പെഗ്ഗെടുത്ത് ഐസിട്ട് വായിലേക്കൊഴിച്ചു..
ഇതിനൊന്നും നെഞ്ചിലെ ഭയത്തെ ഇല്ലാതാക്കാനാവില്ല എന്നറിയാം…
“നിങ്ങള് കിടക്കുന്നില്ലേ.. സമയം 12 കഴിഞ്ഞു.. വയ്യാത്തതാണെന്ന് ഓർമ്മ വേണം.. ” ഭാനുമതി പാതിയുറക്കത്തിൽ നിന്നും എഴുന്നേറ്റ് വന്നതാണ്..
“നീ കിടന്നോ.. ഞാൻ വന്നോളാം..”
കൂടുതൽ പറഞ്ഞിട്ട് കാര്യമില്ലെന്നറിയാവുന്നത് കൊണ്ട് അവർ അകത്തേക്ക് പോയി..
ഒരു പീറപ്പെണ്ണ് തൻ്റെ ഉറക്കം കളയാൻ മാത്രം വളർന്നു.. ഇതങ്ങനെ വിട്ടുകൂടാ..
അവളെ കൊല്ലണം.. ഇനിയൊരു പിഴവുണ്ടായിക്കൂടാ.. അയാൾ ഉറപ്പിച്ചു..
ഗ്ലാസിലേക്കൊഴിക്കാതെ മദ്യം കുപ്പിയോടെ വായിലേക്ക് കമഴ്ത്തി..
വിടില്ല ഞാൻ… അയാൾ പാതി ബോധത്തിൽ പുലമ്പുന്നുണ്ടായിരുന്നു..
“ഡോ.. ഡോ… “ആരോ വിളിക്കുന്നത് പോലെ..
ദേവരാജൻ കഷ്ടപ്പെട്ട് അടഞ്ഞു തുടങ്ങിയ കണ്ണുകൾ വലിച്ച് തുറന്നു..
മുന്നിലൊരു മങ്ങിയ രൂപം…
വീണ്ടും കണ്ണടഞ്ഞു തുടങ്ങിയപ്പോയാണ് മുഖത്ത്
ശക്തിയായി വെള്ളം പതിച്ചത്..
ഇത്തവണ കണ്ണുകൾ മുഴുവൻ തുറന്നു..
“സൈരന്ദ്രീ… ” അയാളുടെ കുഴഞ്ഞ നാവുകൾ പറയുന്നുണ്ടായിരുന്നു.. ബലമില്ലാത്ത കാലുകളാൽ അയാൾ ഭയത്തോടെ എഴുന്നേൽക്കാൻ ശ്രമിക്കുന്നുണ്ട്..
“പിന്നിൽ നിന്നും ഒളിച്ച് ആക്രമിക്കുന്നത് ഭീരുത്വമാണ് ദേവരാജാ… അത് കൊണ്ട് മുന്നിൽ നിന്ന് നിനക്കൊരു സമ്മാനം തരാൻ വന്നതാണ് ഞാൻ..” പറയുന്നതിനൊപ്പം എഴുന്നേറ്റു നിന്ന അയാളുടെ അടിവയറിനിട്ടൊന്ന് ആഞ്ഞു ചവിട്ടി.. അയാൾ പിന്നിലെ പൂച്ചട്ടിയിലേക്ക് തലയടിച്ച് വീണു.. അടിവയർ പൊത്തിപ്പിടിച്ച് ഉറക്കെക്കരഞ്ഞു..
അയാളുടെ കരച്ചിൽ കേട്ടാണ് ഭാനുമതി ഉറക്കത്തിൽ നിന്നും എഴുന്നേറ്റത്.. വേഗം ബാൽക്കണിയിലെത്തുമ്പോൾ നിലത്ത് കിടപ്പുണ്ട് ദേവരാജൻ..
“കുടിച്ച് വെളിവില്ലാതെ വീണ് കിടക്കണത് കണ്ടില്ലേ.. ഞാനപ്പോഴും നിങ്ങളെ വിളിച്ചതല്ലേ മനുഷ്യാ.. ” അവരയാളെ പിടിച്ചെഴുന്നേൽപ്പിക്കാൻ ശ്രമിച്ചു.. അപ്പോഴാണ് തലയിൽ നിന്നും ചോര തറയിലേക്ക് പടരുന്നത് കണ്ടത്..
“അയ്യോ.. ആരേലും ഓടിവരണേ…” അവരുറക്കെ അലറി വിളിച്ചു…
❄❄
“നാദീ സ്പീഡിൽ വിട്ടോ.. വീട്ടിലുള്ളവർ ഉണരും മുൻപെത്തണം.. ” ദേവരാജൻ്റെ വീട്ടിൽ നിന്നും ഓടിയണച്ചെത്തിയ സൈറ കാറിൽ കയറി..
“എന്തായി.. മരിച്ചൊന്നും പോവില്ലല്ലോ..”നാദിയവളെ നോക്കി..
“തലയടിച്ചിട്ടുണ്ട്.. എന്നാലും മരിക്കാൻ വഴിയില്ല..
അങ്ങനെ മരിച്ചാൽ അയാൾക്കുള്ള ശിക്ഷ കുറഞ്ഞു പോവില്ലേ.. ” സൈറയുടെ മുഖം ഇരുണ്ടിരുന്നു…
വീടിനടുത്തെത്തി വണ്ടി നിർത്തിയതും
“ഓകെ ഡാ… “നാദിയെ ഒന്ന് ഇറുകെ പുണർന്ന് സൈറ വേഗം ഇറങ്ങി..
വന്നത് പോലെത്തന്നെ തിടുക്കപ്പെട്ട് അകത്തെത്തുമ്പോൾ ആരും ഉണർന്നിട്ടില്ലായിരുന്നു..
ആശ്വാസത്തോടെ വാതിലടച്ച് കട്ടിലിലേക്ക് വീണു..
ഇനിയൊന്ന് സുഖമായുറങ്ങണം..
വാതിലിൽ ആരോ തട്ടുന്നത് കേട്ടാണ് കണ്ണു തുറന്നത്.. ഉറക്കച്ചടവോടെ വാതിൽ തുറന്ന് നോക്കുമ്പോൾ ചന്ദ്രിയമ്മയാണ്..
” വയ്യായ്ക വല്ലതുമുണ്ടോ മോളെ.. ”
“ഏയ്.. നേരം വെളുത്തത് അറിഞ്ഞില്ല.. ഉറങ്ങിപ്പോയി.. ” അവളൊന്ന് ചിരിച്ചു..
“ഇവിടത്തെ അമ്മ മോളെ നോക്കാൻ പറഞ്ഞിട്ടാ പോയതേ.. പിന്നെ രാത്രി മരുന്ന് കഴിച്ച് കടന്നതല്ലേന്ന് കരുതി വന്നതാ ഞാൻ.. 10 മണി കഴിഞ്ഞു.. വന്ന് കാപ്പി കുടിക്ക്..” പറഞ്ഞിട്ട് ചന്ദ്രിയമ്മ അടുക്കളയിലേക്ക് നടന്നു..
“അച്ഛമ്മ എവിടെപ്പോയതാ ചന്ദ്രിയമ്മേ..” അടുക്കളയിലുന്ന് കാപ്പി കുടിച്ചു കൊണ്ടിരിക്കുമ്പോഴാണ് സൈറ ചോദിച്ചത്..
“അയ്യോ അത് മോളറിഞ്ഞില്ലാലേ.. ദേവൻ സാറിന് ഇന്നലെ രാത്രിയെന്തോ വയ്യാതായീത്രേ…
അപ്പൊത്തന്നെ ഹോസ്പിറ്റലിൽ കൊണ്ടുപോയി..
അമ്മ അറിഞ്ഞ് വിഷമിക്കണ്ടാന്ന് കരുതിയിട്ട് രാവിലെയാ ഇവിടെ വിവരം അറിയിച്ചതേ..
അറിഞ്ഞപാടേ കേശൂട്ടൻ അമ്മേം ശാലുമോളേം കൂട്ടിപ്പോയി.. “ചന്ദ്രിയമ്മ വല്യ സംഭവം പോലെ പറയുന്നുണ്ട്..
“ശ്ശോ.. അത് വല്യ കഷ്ടായല്ലോ.. ” സൈറ സങ്കടം ഭാവിച്ചു..
ചന്ദ്രിയമ്മക്കൊപ്പം അടുക്കളയിലും മുറ്റത്തുമായങ്ങനെ നടന്ന് ഉച്ചയായി.. കൈയ്ക്ക് വേദന കൂടുതൽ തോന്നുന്നത് ഇപ്പോഴാണ്..ചോറുണ്ട് വേദനക്കുള്ള ടാബ്ലെറ്റും കഴിച്ച് ആട്ടുകട്ടിലിൽ കിടന്നൊന്ന് ഉറങ്ങി..
തലയിൽ ആരോ തലോടിയത് പോലെ തോന്നിയപ്പോഴാണ് കണ്ണു തുറന്നത്..
അച്ഛമ്മയാണ്.. മകനെക്കുറിച്ച് ഓർത്താവാം മുഖത്ത് സങ്കടമാണ്.. അത് കണ്ടപ്പോൾ വിഷമം തോന്നിയെങ്കിലും അയാളത് അർഹിക്കുന്നതാണെന്ന് അവൾക്ക് ഉറപ്പായിരുന്നു.
“വേദന കൂടുതലുണ്ടോ?” അരികിൽ ഇരുന്നു കൊണ്ട് അച്ഛമ്മ ചോദിച്ചപ്പോൾ ഇല്ലെന്ന് കണ്ണു ചിമ്മി കാണിച്ചവൾ..
ദേവരാജൻ്റെ അവസ്ഥയെക്കുറിച്ച് പറയുമ്പോൾ അച്ഛമ്മ നിറഞ്ഞ കണ്ണുകൾ തുടക്കുന്നുണ്ട്..
കേശുവേട്ടൻ വന്ന് അച്ഛമ്മയെ അകത്തേക്ക് കൊണ്ടു പോയി…
“ഞാനും വരുന്നു…”അടുത്ത ദിവസം കേശു ഹോസ്പിറ്റലിലേക്ക് പോവാനിറങ്ങിയപ്പോഴാണ്
സൈറയും കൂടെ കയറിയത്..
കേശുവിന് സന്തോഷം തോന്നിയെങ്കിലും അയാളെ ഒന്നുകൂടി പേടിപ്പിക്കണമെന്ന ചിന്തയായിരുന്നു സൈറക്ക്..
ഹോസ്പിറ്റലിൽ ദേവരാജനും ഭാനുമതിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ.. തലേ ദിവസം രാത്രിയുണ്ടായതിനെക്കുറിച്ചൊക്കെ ഭാനുമതി പറഞ്ഞുകൊണ്ടിരുന്നു..
“കേശുവേട്ടാ..ഭാനു വല്യമ്മക്ക് ചായയെന്തെങ്കിലും വാങ്ങിച്ച് കൊടുക്ക്.. ഞാനിവിടെ
ഇരുന്നോളാം.. “ദേവരാജൻ ഉറക്കത്തിലാണെന്ന് കണ്ടതും സൈറ പറഞ്ഞു..
“അത് ശരിയാ.. ഞാനത് വിട്ടു പോയി.. ” കേശു അപ്പോഴാണ് ഓർത്തത് തന്നെ..
അവർ രണ്ടാളും പുറത്തിറക്കിയതും സൈറ ദേവരാജനരികിലെത്തി സ്റ്റീലിൻ്റെ ഗ്ലാസ് ഒന്ന്
നിലത്തേക്കിട്ടു..
ആ ശബ്ദത്തിൽ ഞെട്ടിയുണർന്ന അയാൾ കണ്ടത് സൈറയെയാണ്… ഭയത്തോടെ ചുറ്റിനും നോക്കി..
“ആരുമില്ല.. നമ്മളിപ്പൊ ഒറ്റക്കാ.. അതായത് ഞാനിപ്പൊ തന്നെ കൊന്നാലും ആരും അറിയാൻ പോണില്ലാന്ന്..” അയാളുടെ കാതിൽ പറഞ്ഞവൾ..
“നീ…. നീയല്ലേ ഇന്നലെ….” അയാൾ വെപ്രാളപ്പെട്ടു..
“ആഹാ… അതൊക്കെ ഓർമ്മയുണ്ടോ?
ഞാൻ കരുതി ഇയാൾക്ക് ബോധമില്ലാന്ന്..
നിങ്ങളെന്നെയൊന്ന് തോണ്ടി…
ഞാനൊന്ന് മാന്തി… അത്രേയുള്ളൂ… ” സൈറയുടെ സ്വരത്തിൽ പരിഹാസം കലർന്നു..
“ഒരൽപ്പം പിഴച്ചു പോയെന്ന് വെച്ച് നീയങ്ങനെ നെഗളിക്കണ്ട… ഇനിയൊരു
പിഴവുണ്ടാവില്ലെനിക്ക്.. ” ദേവരാജൻ സൈറയെ നോക്കി പല്ലിറുമ്മി…
“ഓഹോ.. ഭീഷണിയാണോ?.. ഞാൻ റെഡി..
തനിക്ക് പറ്റുംപോലെ ശ്രമിച്ചു നോക്ക്..”
പറഞ്ഞു കൊണ്ട് മേശമേൽ ഇരുന്ന കത്തി
കയിലെടുത്തതും ദേവരാജൻ പിടഞ്ഞെഴുന്നേൽക്കാൻ ശ്രമിച്ചു..
കവറിലിരുന്ന ആപ്പിളൊന്നെടുത്ത് കഴുകി കത്തികൊണ്ട് മുറിച്ചവൾ ഓരോന്നായി വായിലേക്ക് വെച്ചു..
ഇക്കൊന്ന് ദേവരാജന് നേരെ നീട്ടിയെങ്കിലും അയാൾ മുഖം വെട്ടിച്ചു..
“എണീറ്റിരിക്കുന്നത് കണ്ടപ്പോ ഞാൻ കരുതി ആപ്പിൾ തിന്നാനാവുംന്ന്.. വേണ്ടെങ്കി വേണ്ട.. ”
സൈറ തിന്നുകൊണ്ടിരുന്നു..
കേശുവും ഭാനുവും തിരികെ വന്നപ്പോഴാണ്
ദേവരാജന് സമാധാനമായത്..
തിരികെയിറങ്ങാൻ നേരം ഭാനുമതിയോട് യാത്ര പറഞ്ഞശേഷം ദേവരാജനെ നോക്കി…
അയാൾ കണ്ണടച്ചു കിടപ്പാണ്..
“അപ്പോ കാണാട്ടോ ഭാനുവല്യമ്മേ…” ഭാനുവിനോടാണ് പറഞ്ഞതെങ്കിലും കണ്ണുകൾ ദേവരാജനിലാണ്…
അയാളാണെങ്കിൽ ഇല്ലാത്ത ഉറക്കം ഭാവിച്ചും..
❤❤
ദിവസങ്ങൾ പോയിക്കൊണ്ടിരുന്നു..
ദേവരാജൻ വീട്ടിലേക്ക് പോയി.. ശാലു ഹോസ്റ്റലിലേക്കും..
കേശുവിന് സമാധാനം ഇല്ലാത്ത ദിവസങ്ങളായിരുന്നു.. ശാലുവിനെ ഇഷ്ടപ്പെടാൻ കഴിയുന്നില്ല… വിളിക്കുമ്പോൾ എന്തെങ്കിലുമൊക്കെ പറഞ്ഞൊപ്പിക്കും.. ഇതെങ്ങനെ അവസാനിക്കുമെന്നറിയില്ല..
സൈറ കൂടെയുള്ളപ്പോൾ മറ്റൊന്നും ഓർക്കാറില്ല..
അവളുടെ ചിരിയിൽ കൂടെ കൂടും..
എന്തിനും ഉത്സാഹമാണവൾക്ക്..
ഇപ്പൊ പുതിയൊരു സ്വഭാവം കൂടി വന്നിട്ടുണ്ട് തനിക്ക്.. രാത്രി കഴിച്ച് കഴിഞ്ഞ് അമ്മമ്മക്കൊപ്പം അവളുടെ കൂടെയിരുന്ന് കഥ പറച്ചിൽ.. ചന്ദ്രിയമ്മക്കും ഉണ്ടാവും എൻ്റെ കുസൃതികൾ പറയാൻ..
എന്ത് കേട്ടാലും പെണ്ണ് ചിരിക്കും..
അതും ഉറക്കെ.. അത് നോക്കിയിരിക്കാൻ തോന്നും..
“എന്താടാ കള്ളക്കാമുകാ ശാലുവിനെ സ്വപ്നം
കണ്ടിരിപ്പാണല്ലേ.. “ഗേറ്റിനരികിൽ നിന്ന് സാമാണ്..
“പോടാ….. $$$ ” വായിൽ തോന്നിയ രണ്ട് തെറി അന്തസായി വിളിച്ചു പറഞ്ഞു കേശു….
“ശ്ശൊ…വേണ്ടായിരുന്നു.. “പിറുപിറുത്തു കൊണ്ട് സാം അകത്തേക്ക് കയറി..
കേശുവിനെ നോക്കി നന്നായൊന്ന് ചിരിച്ചു കാണിച്ചു.. കേശു ചിറി കോട്ടി…
“അല്ലെടാ സൈറക്കൊച്ചെന്തിയേ… ഇന്ന് കണ്ടില്ലല്ലോ.. “സാം ചുറ്റും നോക്കി..
“ചന്ദ്രിയമ്മേടെ കൂടെ ആ പശുനെ കുളിപ്പിക്കുന്നുണ്ട്.. ”
“അവക്കതൊക്കെ അറിയാമോ?”സാം കണ്ണുമിഴിച്ചു..
“അതറിയണമെങ്കിൽ തെഴുത്തിൻ്റെ പുറത്തൊന്ന് പോയി നോക്ക്.. “കേശു കൈ ചൂണ്ടി..
എന്നാൽ അതൊന്നു കാണണമല്ലോ എന്ന മട്ടിൽ നോക്കിയ സാം ഉറക്കെ ചിരിച്ചു പോയി.. പശുവിനൊപ്പം നനഞ്ഞൊട്ടി സൈറയും..
“അല്ല ചന്ദ്രിയമ്മേ… ഇതിൽ ആരാ ഇപ്പൊ കുളിക്കുന്നെ ആവോ.. “ചിരിക്കിടയിലാണ് സാം ചോദിച്ചത്..
സൈറയവനെ നോക്കി കണ്ണുരുട്ടി..
“എടോ തന്നെക്കൂട്ടി വരാൻ മമ്മിയെന്നെ പറഞ്ഞ് വിട്ടതാ.. “സാം വിളിച്ചു പറഞ്ഞു..
“ബീഫുണ്ടോ..” അവൾ തിരികെ ചോദിച്ചു..
“ഉം… മമ്മി വരട്ടിയെടുക്കുന്നുണ്ട്.. ”
“ഞാനൊന്ന് കുളിച്ചിട്ട് വരാവേ.. ” പറയുന്നതിനൊപ്പം ആള് പോയിരുന്നു..
സൈറ സാമിനൊപ്പം സാമിൻ്റെ വീട്ടിലെത്തിയപ്പോഴെ ബീഫിൻ്റെ മണം മൂക്കിലേക്ക് കയറുന്നുണ്ട്..
സൈറയെ കണ്ടതും മമ്മി ഉത്സാഹത്തിലാണ്..അടുക്കളയിൽ മമ്മിയുടെ പാചകവും നോക്കിയിരിക്കുമ്പോഴാണ് സാം ഒരു ചെറിയ കാനുമായി വന്നത്..
എന്താണെന്ന് പുരികമുയർത്തിയവൾ..
“നല്ല കള്ളാ.. നീ വാ നമുക്കിന്നൊരു
പിടി പിടിക്കാം..”
സാമൊരു കള്ളച്ചിരിയോടെ പറഞ്ഞു..
തുടരും..

by