20/04/2026

സൈരന്ദ്രി : ഭാഗം 03

രചന – രജിഷ അജയ്ഘോഷ്

യ്യിൽ എരിയുന്ന സിഗരറ്റും മുന്നിലെ ഗ്ലാസിൽ മദ്യവുമായി സൈരന്ദ്രി… അടുത്തായി പാതിയായ കുപ്പിയും ഇരിപ്പുണ്ട്.. ഇടത് കയ്യിലെ ഗ്ലാസിലെ മദ്യം ഒറ്റവലിക്ക് കുടിച്ചു… ഇടക്ക് സിഗരറ്റ് ആഞ്ഞു വലിച്ചു പുകയൂതി പുറത്തേക്ക് വിട്ടു… വീണ്ടും മദ്യം ഗ്ലാസ്സിലേക്ക് പകർന്നു സോഡയും ഒഴിച്ച് ചുണ്ടിലേക്ക് ചേർത്തതും കേശു വാതിൽ തുറന്ന് അകത്തേക്ക് കയറിയിരുന്നു.. വാതിലിൻ്റെ ശബ്ദം കേട്ട് സൈരന്ദ്രി സൂക്ഷിച്ച് നോക്കി.. ആളെ വ്യക്തമായി കാണാൻ കഴിയാത്തത് കൊണ്ട് കണ്ണ് ചിമ്മി തുറന്ന് നോക്കിയപ്പോഴേക്കും കേശു ലൈറ്റിട്ടു.. “ആരിത് ആദികേശോ…. ” സൈരന്ദ്രിയുടെ കുഴഞ്ഞ ശബ്ദം കേട്ടു… “താനാള് കൊള്ളാലോ.. തന്നെ സമ്മതിക്കണം. ഇത്രയും ആളുകളുള്ളപ്പോൾ ആരെയും നോക്കാതെ മദ്യപിക്കാൻ നല്ല ധൈര്യം തന്നെ.. ഇനിയെന്തൊക്കെ തോന്നിവാസമുണ്ട് കയ്യിൽ.. ” കേശുവിൻ്റെ സ്വരത്തിൽ പുച്ഛം കലർന്നു…. ” ദാ.. ഇതൊന്ന് പിടിപ്പിക്ക് കേശുവേട്ടാ… വല്ലാത്തൊരു സാധനാട്ടൊ ഇത്.. സുഖമായുറങ്ങാം.. ” മദ്യം നിറച്ച ഗ്ലാസ് കേശുവിന് നേരെ നീട്ടി സൈരന്ദ്രി…

കേശു ദേഷ്യംകൊണ്ട് കൈ ചുരുട്ടിപ്പിടിച്ചു.. “വേദന നിറഞ്ഞ ഓർമ്മകളൊന്നുമില്ലാതെ അപ്പൂപ്പൻ താടിപോലെ പറന്ന് നടക്കാം… ” അവൾ വീണ്ടും പറയുന്നുണ്ട്.. “സൈറാ….” കേശു ദേഷ്യത്തോടെ വിളിച്ചു.. “വേണ്ടേ.. വേണ്ടെങ്കിൽ ഞാൻ കുടിച്ചോളാം.. ” ഈണത്തിൽ പറയുന്നതിനൊപ്പം ഗ്ലാസിലുള്ളത് ചുണ്ടിലേക്ക് ചേർത്തു ഒറ്റവലിക്ക് കുടിച്ചു… ” സൈറമോളെ…. ” പുറത്ത് നിന്നും ചന്ദ്രികയുടെ സ്വരം കേട്ടപ്പോൾ കേശു തിടുക്കപ്പെട്ട് പുറത്തേക്ക് നടന്നു.. “മോളെ കഴിക്കാൻ വിളിക്കാൻ വന്നതാ കേശൂട്ടാ..” കേശുവിനെ കണ്ടപ്പോൾ ചന്ദ്രിക പറഞ്ഞു.. “സൈറ ഉറങ്ങി ചന്ദ്രിയമ്മേ…ഞാൻ കഴിക്കാൻ വിളിച്ചപ്പോ വിശപ്പില്ലെന്ന് പറഞ്ഞു..” അവനങ്ങനെ പറയാനാണ് തോന്നിയത്.. ” അയ്യോ.. അതൊന്നും കഴിച്ചില്ലല്ലോ.. ” “ചന്ദ്രിയമ്മ പൊക്കോളൂ.. അവൾക്ക് വിശക്കുമ്പോ വന്നോളും.. “കേശുപറഞ്ഞപ്പോൾ ചന്ദ്രിക താഴേക്ക് നടന്നു.. കേശു തിരികെ സൈരന്ദ്രിക്കരികിലെത്തുമ്പോൾ തറയിൽ മലർന്ന് കിടന്നവൾ എന്തെല്ലാമോ പുലമ്പുന്നുണ്ടായിരുന്നു…. ❄❄❄

രാവിലെ കണ്ണുകൾ വലിച്ച് തുറന്ന് ചുറ്റും നോക്കുമ്പോൾ തലേ ദിവസത്തെ ഓർമ്മകളാണ് ആദ്യം സൈരന്ദ്രിയുടെ മനസ്സിലേക്കെത്തിയത്… തണുപ്പടിച്ച് നിലത്ത് കിടന്നതിനാലാവാം ദേഹമാകെ നല്ല വേദന തോന്നി.. അയ്യോ.. കുപ്പി… വെപ്രാളത്തോടെ ചുറ്റും പരതി സൈരന്ദ്രി… ഒന്നും കാണാനില്ല… തലേ ദിവസത്തെ അവ്യക്തമായ ഓർമ്മയിലെവിടെയോ കേശുവിൻ്റെ മുഖം തെളിഞ്ഞു വന്നു.. ഓ… മൈ ഗോഡ്…ഇനിയെങ്ങനെ അങ്ങേരെ നോക്കും.. തലക്ക് കൈ കൊടുത്തിരുന്നു പോയവൾ… തണുപ്പിനെ വകവയ്ക്കാതെ പച്ചവെള്ളത്തിൽ കുളിച്ചിറങ്ങുമ്പോൾ സമയം ആറര കഴിഞ്ഞിരുന്നു.. സധാരണ അഞ്ച് മണിക്കെഴുന്നേറ്റ് ജോഗിങ്ങും കഴിഞ്ഞ് വരുന്ന സമയമാണ്… തലേ ദിവസത്തെ ഹാങ്ങോവറിൽ പതിവ് തെറ്റിയിരിക്കുന്നുവെന്ന് അവളോർത്തു…

തോളൊപ്പമുള്ള മുടിയിഴകളെ അലസമായിട്ട് പുറത്തേക്കിറങ്ങി… ആരും എഴുന്നേറ്റിട്ടില്ലെന്ന് തോന്നുന്നു ഒച്ചയും അനക്കവുമൊന്നും കേട്ടതേയില്ല… മുറ്റത്തിട്ടിരുന്ന പന്തലഴിച്ചത് കൊണ്ട് മാണിക്യ മംഗലം തറവാട് ശരിക്കും കാണാം.. പഴയ കാലത്തിൻ്റെ പ്രൗഡി വിളിച്ചോതുന്ന തറവാടാണ്… കാലത്തിൻ്റെ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്… ചുറ്റും പൂച്ചെടികളും പച്ചപ്പു നിറഞ്ഞ മരങ്ങളും എല്ലാം കാണുമ്പോൾ മനസ്സിനൊരു കുളിർമ്മ തോന്നി സൈരന്ദ്രിക്ക്.. “ഇന്ന് പാലിന് കൂടുതൽ ആവശ്യമുള്ളതാണെൻ്റെ രാധേ.. നീയിങ്ങനെ ചുരത്താതിരുന്നാൽ ഞാനാ കുടുങ്ങാൻ പോണത്… നിൻ്റെ കുട്ടിക്കുള്ളത് വെച്ചിട്ടേ ഞാൻ കറന്നെടുക്കൂ…” തൊഴുത്തിനുള്ളിൽ നിന്നും ചന്ദ്രികയുടെ ശബ്ദം കേട്ടപ്പോൾ സൈരന്ദ്രി കൗതുകത്തോടെ നോക്കി.. പശുവിൻ്റെ അകിടിൽ പിടിച്ച് പാല് കറന്നു കൊണ്ടാണ് സംസാരം.. “പുല്ലും വെള്ളോം വേണെങ്കിൽ വേഗം ചുരത്താൻ നോക്ക്.. എനിക്ക് വേറെ പണിയുള്ളതാ.. “ചന്ദ്രിയമ്മ വീണ്ടും പറയുന്നുണ്ട്…

സൈരന്ദ്രി ഉറക്കെ ചിരിച്ചു പോയി… “ഈ പറഞ്ഞതൊക്കെ പശുവിന് മനസിലായിട്ടുണ്ടാവും…” ചിരിക്കിടെ അവൾ പറഞ്ഞു.. “ഇണങ്ങിക്കഴിഞ്ഞാൽ നമ്മള് പറയുന്നതൊക്കെ ഇവർക്കും മനസ്സിലാവും… കേശൂട്ടൻ രാധേ…ന്ന് നീട്ടി വിളിച്ചാൽ അപ്പൊ ഉറക്കെക്കരയും ഇവൾ.. ” പാൽ കറന്ന പാത്രം മാറ്റിവെച്ച് പശുക്കിടാവിനെ പാല് കുടിക്കാൻ അകിടിനടുത്ത് കൊണ്ടാക്കുന്നതിനിടയിൽ ചന്ദ്രിക പറയുമ്പോൾ സൈരന്ദ്രിക്ക് അത്ഭുതമാണ് തോന്നിയത്… അമ്മയുടെ മുലപ്പാൽ നുണയുന്ന പശുക്കിടാവിനെ നോക്കി നിൽക്കുമ്പോൾ ഉള്ളിലെവിടെയോ ചെറിയൊരു നോവ് തോന്നിയവൾക്ക്… ” മോള് വാ.. ഞാൻ ചായയിട്ട് തരാം.. ” ചന്ദ്രിക അടുക്കളയിലേക്ക് നടക്കുന്നതിനിടയിൽ പറയുന്നത് കേട്ടു… “ഇപ്പൊ വേണ്ട ചന്ദ്രിയമ്മേ… ഞാനൊന്ന് നടന്നിട്ട് വരാം…” ചിരിയോടെ പറഞ്ഞവൾ.. “വൃശ്ചികമാസമായത് കൊണ്ട് നല്ല തണുപ്പുണ്ട്.. കുട്ടിക്കിതൊന്നാന്നും ശീലമില്ലാത്തതല്ലേ.. തണുപ്പടിച്ച് പനി പിടിപ്പിക്കണ്ടാട്ടോ… ” വാത്സല്യത്തോടെ ചന്ദ്രിക പറയുമ്പോൾ സൈരന്ദ്രിയുടെ മുഖം ഒന്നുകൂടി തെളിഞ്ഞിരുന്നു..

” രണ്ടുവർഷം ഡൽഹിയിലായിരുന്നു പോസ്റ്റിങ്.. അവിടെ തണുപ്പ് തുടങ്ങിയാ ശരീരമൊക്കെ തണുത്തുറഞ്ഞ് പോവും.. അതോണ്ട് ഈ തണുപ്പൊന്നും പ്രശ്നമില്ലാന്നേ.. വേഗം വരാം..” പറഞ്ഞ് കൊണ്ടവൾ തിരിഞ്ഞു നടന്നിരുന്നു… വഴിയൊന്നും അറിയില്ലെങ്കിലും മുന്നിൽക്കണ്ട നടവഴികളിലൂടെയങ്ങനെ നടന്നു… തറവാട്ടുപറമ്പിൽ അധികവും പടർന്നു പന്തലിച്ച് കിടക്കുന്ന വമ്പൻമരങ്ങളാണ്… തെങ്ങും കവുങ്ങും അതിനിടയിലുണ്ട്.. പ്ലാവും മാവുമൊക്കെ പല ഇനത്തിലുള്ളതുണ്ട്… പണ്ട് മുതലേയുള്ള ഇഞ്ചിയും ചേനയും കൃഷികൾക്കൊപ്പം പുതിയതായി ഏലകൃഷിയും തുടങ്ങിയിട്ടുണ്ട്… ചുറ്റുമുള്ള കാഴ്ച്ചകളിലൂടെ കണ്ണോടിച്ച് സ്വർണ്ണ നിറമുള്ള നെൽക്കതിരുകൾ വിളഞ്ഞ് നിൽക്കുന്ന വയലിൽ എത്തിയിരുന്നു സൈരന്ദ്രി… കണ്ണെത്താ ദൂരത്തോളം പരന്ന് കിടക്കുന്ന നെൽപ്പാടങ്ങൾ മാണിക്യമംഗലത്ത്കാരുടെയാണ്… ആ നാട്ടിലെ ആദിവാസി വിഭാഗത്തിലെ കുറെപേർ അവിടത്തെ സ്ഥിരം പണിക്കാരാണ്.. മഞ്ഞുതുള്ളികൾ പറ്റിപ്പിടിച്ച നെൽക്കതിരുകളിലൂടെ കൈവിരലോടിച്ച് വയൽ വരമ്പിലൂടെ നടക്കുമ്പോൾ സൈരന്ദ്രിയുടെ ചുണ്ടിലും ഭംഗിയുള്ള ചിരി വിരിഞ്ഞിരുന്നു..

“ഇന്നലത്തെ കെട്ടടങ്ങിയോ…” അരികിൽ കേശുവിൻ്റെ ശബ്ദം കേട്ടു … അവനെ നോക്കി ചമ്മിയൊരു ചിരി ചിരിച്ചവൾ. “ഞാൻ…വെറുതെ.. ” മറുപടി എന്തു പറയുമെന്നറിയാതെ വാക്കുകൾ പാതിയിൽ മുറിഞ്ഞുപോയി…. ചുണ്ടിൻ്റെ കോണിൽ പുച്ഛം നിറച്ചൊരു ചിരിയോടെ കേശു വീട്ടിലേക്ക് നടന്നു.. സൈരന്ദ്രി തൻ്റെ കാഴ്ച്ചകളിലേക്കും…. ❄❄❄ “നീയീ നേരം വെളുക്കുന്നതിന് മുന്നേ എവിടെപ്പോയതാ കേശൂവേ…” ഉമ്മറപ്പടി കടന്ന് അകത്തേക്ക് കടന്നപ്പോൾ ദേവരാജൻ കേശുവിനോട് ചോദിച്ചു.. “നെല്ല് വിളഞ്ഞ് തുടങ്ങിയത് കൊണ്ട് കിളിശല്യം വല്ലാതെ കൂടുതലാ.. നേരം വെളുക്കുമ്പോഴേക്കും എല്ലാം കതിര് തേടി വരും… ഞാനൊന്ന് നോക്കാൻ പോയതാ..” വല്യമാമ്മയോട് മറുപടി പറയുമ്പോൾ അരികിലിരിക്കുന്ന ശാലുവിൻ്റെ കണ്ണുകൾ തന്നിലാണെന്ന് അവനറിഞ്ഞിരുന്നു.. പതിയെ അവളെ നോക്കിയൊന്ന് ചിരിച്ച് അടുക്കളയിലേക്ക് നടന്നു… “ചന്ദ്രിയമ്മേ… കാപ്പി.. ” അടുക്കളയിലെ സ്ലാവിൽ കയറിയിരുന്നവൻ.. കേശുവിന് രാവിലെ കട്ടൻ കാപ്പിയാണിഷ്ടം… ചന്ദ്രിയമ്മയുടെ ചുക്കും ഏലക്കായും പൊടിച്ച് ചേർത്ത സ്പെഷ്യൽ കാപ്പി…

“സൈറമോള് നടക്കാനിറങ്ങിയിരുന്നു.. കണ്ടിരുന്നോ.. ” കാപ്പിയവന് നേരെ നീട്ടിക്കൊണ്ട് ചന്ദ്രിയമ്മ ചോദിച്ചതിന് അവനൊന്ന് മൂളി… ചൂടുകട്ടൻ ഊതിക്കുടിച്ചു കൊണ്ട് ഉമ്മറത്തേക്ക് നടന്നു കേശു… ഗാർഡൻഓസ് എടുത്ത് ചെടികൾ നനച്ചു കൊണ്ടിരിക്കുമ്പോൾ പിന്നിൽ കാൽപ്പെരുമാറ്റം കേട്ടു.. തിരിഞ്ഞു നോക്കുമ്പോൾ ശാലുവാണ്… അവളെ നോക്കിയൊന്ന് ചിരിച്ച് വീണ്ടും നനക്കൽ തുടർന്നു… ശാലു അരികിൽ നിൽക്കുന്നുണ്ടെന്നറിയാം.. കണ്ടാൽ കുറുമ്പുകൾ പറഞ്ഞു അവളെ ദേഷ്യം പിടിപ്പിക്കാറാണ് പതിവ്.. ഇന്നെന്തോ ഒന്നും പറയാനാവാത്തത് പോലെ… “കേശുവേട്ടാ…” അവൻ ഒന്നും മിണ്ടുന്നില്ലെന്ന് കണ്ടതും ശാലുതന്നെ സംസാരത്തിന് തുടക്കമിട്ടു.. ” ഉം… “വെറുതെയൊന്ന് മൂളിയവൻ.. “ദേഷ്യമാണോ…?” പതിയെ ചോദിച്ചവൾ… ” ദേഷ്യമൊന്നുമില്ല…” “എനിക്കറിയാം കേശുവേട്ടൻ എന്നെ അങ്ങനെയൊന്നും കണ്ടിട്ടില്ലെന്ന്.. പക്ഷേ.. എനിക്കിഷ്ടമാണ്…” ശാലു പറഞ്ഞപ്പോൾ കേശുവൊന്ന് അവളെ നോക്കി.. അവൾ ചിരിച്ചു…

“എന്തായാലും എല്ലാവരും സമ്മതിച്ചസ്ഥിതിക്ക് ഇനി സ്നേഹിച്ചാ മതി… ഞാൻ കാത്തിരുന്നോളാം.. ” ചിരിയോടെ പറഞ്ഞ് കൊണ്ടവൾ തിരിഞ്ഞു നടന്നിരുന്നു… കേശു അത് നോക്കി നിന്നു.. ❄❄ എല്ലാം ചുറ്റിനടന്ന് കണ്ട് സൈരന്ദ്രി വരുമ്പോഴേക്കും എല്ലാവരും ബ്രേക്ക്ഫാസ്റ്റ് കഴിഞ്ഞിരുന്നു.. “ചായകൂടി കുടിക്കാതെ എവിടെപ്പോയാതാ എൻ്റെ കുട്ടി.. ” പത്മാവതിയമ്മ സൈരന്ദ്രിയെ കണ്ടതും ചോദിച്ചു.. “വെറുതെ ഇവിടെയൊക്കെയൊന്ന് കാണാൻ… എന്ത് ഭംഗിയാ ഈ നാട്…” സൈറ അവർക്കരികിൽ ഇരുന്നു… “തനിയെ പോയോ സൈറമോളെ… ” മാധവനും അവർക്കടുത്തേക്ക് വന്നു… “ഞാനെന്നും തനിച്ചല്ലേ അച്ഛാ…” സൈറ പറഞ്ഞതും മാധവൻ്റെ മുഖം വാടി… അറിയാതെ വായിൽ നിന്ന് വീണ വാക്കുകൾ അയാളെ വേദനിപ്പിച്ചെന്ന് തോന്നിയതും സൈറയ്ക്കും വിഷമം തോന്നി.. ” അമ്മയും മോനും കൂടി സംസാരിച്ചിരിക്ക്.. ഞാൻ ചായ കുടിച്ചിട്ട് വരാം…” അവൾ വേഗം എഴുന്നേറ്റ് അടുക്കളയിലേക്ക് നടന്നു…

പാത്രങ്ങൾ കഴുകുന്നതിനിടയിൽ തീ കത്തിക്കുകയും അടുപ്പത്തിരിക്കുന്ന ചോറിൻ്റെ പാകം നോക്കുകയും ചെയ്യുന്ന ചന്ദ്രികയെ കണ്ടപ്പോൾ അവൾ ചുറ്റും നോക്കി… ഒരാളും സഹായത്തിനില്ല… പത്മാവതിയമ്മയുടെ മരുമക്കളും പേരക്കുട്ടികളുമൊക്കെയായി ധാരാളം സ്ത്രീകളുണ്ടെങ്കിലും അടുക്കളയിൽ ചന്ദ്രിയമ്മ തനിച്ചാണെന്ന് തോന്നിയവൾക്ക്.. സൈറയെ കണ്ടതും “മോൾക്ക് ചായ തരാട്ടോ… ” എന്നും പറഞ്ഞ് സാരിയുടെ അറ്റത്ത് കൈ തുടച്ചു ചന്ദ്രിക.. “ഞാനെടുത്തോളാം… ചന്ദ്രിയമ്മയുടെ ജോലി നടക്കട്ടെ… ” എന്നു പറഞ്ഞ് ചായ വെക്കാനുള്ള പാത്രമെടുത്തു സൈരന്ദ്രി.. അടുക്കളയിലെ സ്ലാവിൻമേൽ കയറിയിരുന്ന് ചായ കുടിക്കുമ്പോഴും ഓടിനടന്ന് പണിയെടുക്കുന്ന ചന്ദ്രികയെ നോക്കിക്കാണുകയായിരുന്നവൾ… രണ്ട് കൈ കൊണ്ട് പത്ത് കൈകളുടെ ജോലി ചെയ്യുന്നുണ്ടവർ.. അതും പരാതിയും പരിഭവങ്ങളുമില്ലാതെ… അതിനിടയിൽ സൈറ മോളെ… എന്ന് വിളിച്ച് കൊണ്ട് നാട്ടിലെയും വീട്ടിലെയും കാര്യങ്ങൾ ഓരോന്ന് പറയുന്നുമുണ്ട്… അതിനിടയിലാണ് കേശുവിന് വേണ്ടി ശാലുവിനെ ആലോചിച്ച കാര്യവും സൈറയറിഞ്ഞത്… “ചന്ദ്രിയമ്മ കഴിച്ചോ….” പുട്ടും കടലയും കഴിക്കുന്നതിനിടയിൽ സൈറ ചോദിച്ചതിന് നേർത്ത ചിരിയായിരുന്നു മറുപടി…

“ചെല്ല് കഴിക്ക്… ഞാൻ സഹായിക്കാം.. ” കഴിച്ച് കഴിഞ്ഞതും വേഗം ചന്ദ്രികയുടെ കയ്യിലെ ചട്ടുകം വാങ്ങി സാമ്പാറിലേക്കിടാൻ വഴറ്റിക്കൊണ്ടിരുന്ന വെണ്ടക്കയെ ഇളക്കാൻ തുടങ്ങിയവൾ.. ” വേണ്ട മോളെ… ഞാൻ ചെയ്തോളാം… എനിക്കിതൊക്കെ ശീലമായി….”ചന്ദ്രിയമ്മ ചട്ടുകം പിടിച്ച് വാങ്ങാൻ ശ്രമിച്ചെങ്കിലും സൈറയത് കൊടുത്തില്ല.. “ഇവിടെയുള്ളവരൊന്നും ചന്ദ്രിയമ്മേനെ സഹായിക്കില്ലേ…” സൈറ ചോദിച്ചതിന് മറുപടിയായി വീണ്ടും നേർത്തൊരു ചിരി മാത്രമായിരുന്നു ചന്ദ്രിയമ്മയുടെ മറുപടി… “എനിക്കിതൊന്നും ഉണ്ടാക്കാൻ അറിയില്ലാട്ടോ… പാകം നോക്കണെ… ” സൈറ ഇടക്കിടെ ചന്ദ്രികയെ ഓർമ്മിപ്പിച്ചു .. സാമ്പാറാവും വരെ അവരെ ചുറ്റിപ്പറ്റി അടുക്കളയിൽ തന്നെ കൂടി… തന്നെ കേൾക്കാനും തനിക്കൊപ്പമൊരാളെ കിട്ടിയതിൽ ചന്ദ്രികക്കും സന്തോഷം തോന്നി.. ” കേശൂട്ടന് തേങ്ങ വറുത്തരച്ച സാമ്പാറാ ഇഷ്ടം… ” ചന്ദ്രിയമ്മ പറഞ്ഞത് കേട്ടു.. ചന്ദ്രിയമ്മ എന്ത് പറഞ്ഞ് വന്നാലും അതൊടുവിൽ കേശൂട്ടനിൽ എത്തി നിൽക്കുന്നത് സൈറ ശ്രദ്ധിച്ചിരുന്നു… വീട്ടിൽ എല്ലാവരും ഉള്ളത് കൊണ്ട് കേശു അന്ന് പുറത്തേക്ക് പോയില്ല… അമ്മമ്മയെ നോക്കി നടന്നപ്പോഴാണ് മുറിയിൽ നിന്നും ചിരിയൊച്ചകൾ കേട്ടത്..

വാതിൽ തുറന്ന് നോക്കുമ്പോൾ അമ്മമ്മയുടെ മടിയിൽ തലവെച്ച് സൈറ കിടക്കുന്നുണ്ട്.. അവളുടെ മുടിയിഴകളിലൂടെ വിരലോടിച്ച് അമ്മമ്മയും… വീട്ടിലിരിക്കുമ്പോൾ താനും ഇത് പോലെ അമ്മമ്മയുടെ മടിയിൽ തലചേർത്ത് വെച്ച് കിടക്കാറുണ്ട്.. അത്കണ്ട് മനസ്സിലൊരു കുഞ്ഞു കുശുമ്പ് തോന്നിയവന്… ഉച്ചയൂണും കഴിഞ്ഞ് എല്ലാവരും തിരികെ പോവാനിറങ്ങി… മാധവൻ സൈരന്ദ്രിയെ ചേർത്തു പിടിച്ചാണ് യാത്ര പറഞ്ഞത്.. നിർമ്മല അവളെയൊന്ന് നോക്കുക കൂടി ചെയ്തില്ല…. അത് പ്രതീക്ഷിച്ചത് കൊണ്ടാവാം സൈരന്ദ്രിക്കും പ്രത്യേകിച്ചൊന്നും തോന്നിയില്ല… ദേവരാജനും ഭാനുമതിയും കേശുവിനോട് പതിവിലും കൂടുതൽ സ്നേഹം പ്രകടിപ്പിച്ചു.. ശാലിനി കേശുവിനെ നോക്കി കണ്ണു കൊണ്ട് യാത്ര ചോദിച്ചു… കേശു ചിരിയോടെ തലയാട്ടി.. സതീഷും സൗഭാഗ്യയും മക്കളും കൂടി യാത്ര പറഞ്ഞിറങ്ങിയപ്പോൾ പത്മാവതിയമ്മ കണ്ണു നിറച്ചു… “അയ്യേ…പത്മാവതിയമ്മ കരയുന്നോ.. ഇങ്ങ് വന്നേ നമുക്കൊന്ന് നടന്നിട്ട് വരാം.. ” സൈരന്ദ്രി അവരെയും കൂട്ടി തോട്ടത്തിലൂടെ നടന്നു…

തേൻവരിക്കയുടെ മധുരവും മൂവാണ്ടൻ്റ രുചിക്കഥയും പറഞ്ഞു തുടങ്ങിയതോടെ പത്മാവതിയമ്മയുടെ മുഖത്ത് സങ്കടം മാറി തെളിച്ചം വന്നു തുടങ്ങിയിരുന്നു… ❄❄❄ വയലിൻ്റെ നടുവിലായി കെട്ടിപ്പൊക്കിയ ഏറുമാടത്തിൽ സാമിനൊപ്പമിരുന്നു കേശു… ഇടക്കൊക്കെ ഈ കൂടിക്കാഴ്ച്ച പതിവാണ്.. ചുറ്റും പരന്ന് കിടക്കുന്ന നെൽപ്പാടങ്ങൾക്കിടയിൽ നേർത്ത കാറ്റേറ്റ് കിടക്കാൻ കേശുവിന് ഏറെ ഇഷ്ടമാണ്.. “അല്ല എന്താ നിൻ്റെ പ്രശ്നം…” സാം ചോദിച്ചു.. ” ശാലു.. അവൾക്ക് എന്നോടൊരു ഇഷ്ടമുണ്ടെന്ന് തോന്നിയിട്ടേയില്ല… എല്ലാരുംകൂടി തീരുമാനിച്ചപ്പോൾ മറുത്തൊന്നും പറയാനും കഴിഞ്ഞില്ല..എന്തോ മനസ്സിനൊരു സുഖം തോന്നുന്നില്ലെടാ ..” അലസതയോടെ കേശു പറഞ്ഞു… ” നിന്നെക്കുറിച്ച് ശരിക്കും അറിയാവുന്ന കുട്ടിയല്ലേ ശാലു.. പിന്നെ നീ കേട്ടിട്ടില്ലേ നമ്മള് സ്നേഹിക്കുന്നവരെയല്ല നമ്മളെ സ്നേഹിക്കുന്നവരെ തിരികെ സ്നേഹിക്കണമെന്ന്.. പുറത്തു നിന്നൊരു പെൺകുട്ടി വരുന്നതിനേക്കാൾ നിന്നെ സ്നേഹിക്കുന്നവൾ തന്നെയല്ലേ നല്ലത്…” സാം പറയുമ്പോൾ കേശു എന്തോ ആലോചനയിലാണ്.. “ഉം.. അതും ശരിയാലേ..” കേശു ആലോചനക്കിടെ പറഞ്ഞു..

വയലിനു നടവിലൂടെയുള്ള ചെമ്മൺ പാതയിലൂടെ ഒരു ബുള്ളറ്റ് ചീറി പാഞ്ഞു വരുന്ന ശബ്ദം കേട്ടു… “ഏതവനാണോ ഇമ്മാതിരി സ്പീഡിൽ.. ” അൽപം ഈർഷ്യയോടെ സാം ചോദിച്ചു പോയി.. കേശുവും ആ വണ്ടി വരുന്നവഴിയെ കണ്ണും നട്ടിരുന്നു… “അവനല്ലെടാ.. ഇതവളാ….” കേശു പറയുന്നത് കേട്ട് സാം അവനെ നോക്കി.. “ഏതവള്…” “ഇന്നലെ വന്നില്ലേ പട്ടാളക്കാരി.. സൈരന്ദ്രി… അവളാ.. ” കേശു വല്യ താത്പര്യമില്ലാത്ത മട്ടിൽ പറഞ്ഞു… “ആഹാ..ആള് ഉഷാറാണല്ലോ…. “സാം സൈറ പോയ വഴിയേ എത്തി നോക്കി.. ” ഉഷാറ് കുറച്ച് കൂടുതലാ…” കേശു പിറുപിറുത്തു… “അതെന്താടാ അങ്ങനെ..? “സാം വീണ്ടും ചോദിച്ചു… തലേ ദിവസം രാത്രിയിലെ സൈരന്ദ്രി വെള്ളമടിച്ച് ഓഫായിപ്പോയെന്ന് കേശു പറയുമ്പോൾ സാം വായും പൊളിച്ചിരുന്നു പോയി… ❄❄ ബുള്ളറ്റിലൊന്ന് കറങ്ങി സന്ധ്യയോടെയാണ് സൈറ തിരികെയെത്തിയത്… ജീൻസും ടീഷർട്ടും മാറി ചെറിയൊരു ഫ്രോക്കുമിട്ട് താഴേക്ക് നടന്നു… ചന്ദ്രിയമ്മയുടെ കയ്യിൽ നിന്നും ചായയും വാങ്ങി അടുക്കളയിൽ തന്നെ ഇരുന്ന് കുടിക്കുമ്പോഴാണ് ഫോൺ ശബ്ദിച്ചത്….

സ്ക്രീനിൽ നാദിറ എന്ന പേര് കണ്ടതും സൈറയുടെ മുഖത്ത് പുഞ്ചിരി വിരിഞ്ഞു… “നാദി ….” നീട്ടി വിളിച്ചു കൊണ്ട് ഫോണെടുത്ത് പുറത്തേക്ക് നടന്നവൾ.. “നാട്ടിൽ പോയതിൽ പിന്നെ യാതൊരു വിവരവും ഇല്ലല്ലോ സൈറക്കുട്ടാ..” മറുപുറത്ത് നാദിറയാണ്.. “ഈ നാടും കാഴ്ച്ചകളും വല്ലാത്തൊരു അനുഭവമാണ് മോളെ… ഗ്രാമീണ സൗന്ദര്യം എന്നൊക്കെ പറയില്ലെ അത് ഇവിടെ വന്നാൽ കാണാം.. ചുറ്റും നിറഞ്ഞു നിൽക്കുന്ന പച്ചപ്പ് കാണുമ്പോൾ നമ്മളുടെ മനസ്സ് നിറയും.. ” സൈരന്ദ്രിയുടെ വാക്കുകളിൽ സന്തോഷമായിരുന്നു… “ആഹാ.. അത് കൊള്ളാലോ… എന്നിട്ട് നീ ആരെത്തേടിയാണോ അവിടേക്ക് പോയത് അയാളെ കണ്ടോ..?” നാദിറയുടെ ചോദ്യം കേട്ടു…. “കണ്ടു… ഈ രാത്രി മുതൽ അയാൾക്ക് ഉറക്കമുണ്ടാവില്ല.. അയാളുടെ സ്വസ്ഥത നശിപ്പിക്കും ഞാൻ…. എന്നിട്ട് ഇഞ്ചിഞ്ചായി നരകിപ്പിക്കും.. എന്നാലെ ഈ സൈരന്ദ്രിയുടെ മനസ്സിന് ആശ്വാസം കിട്ടൂ…” സൈറയുടെ കണ്ണിൽ പകയുടെ കനൽ ആളിക്കത്തി.. തുടരും….