രചന – രജിഷ അജയ്ഘോഷ്
തിരികെ പോവേണ്ടിവന്നാൽ താൻ വന്ന കാര്യം നടക്കാതെ പോവും.. ഒരുപാട് നാളത്തെ കാത്തിരിപ്പ് വെറുതെയാവും.. സൈറയാകെ അസ്വസ്ഥയായി..
കൊല്ലാനാണെങ്കിൽ എളുപ്പമാണ്.. പക്ഷേ തൻ്റെ ലക്ഷ്യം അതല്ല.. നരകിക്കണം അയാൾ..
പക്ഷേ അതിനൊരു സാഹചര്യം വേണം.. സന്ദർഭം ഒത്തുവരണം.. എത്രയും പെട്ടന്ന് തന്നെ..
നഷ്ടപ്പെട്ട ബാല്യവും കൗമാരവും എല്ലാം ആഘോഷിക്കണമെങ്കിൽ അയാൾക്കുള്ളത് കൊടുത്തേ പറ്റൂ…
കേശുവേട്ടൻ അരികിൽ വന്നിരിക്കുന്നത് അറിഞ്ഞപ്പോൾ തിരിഞ്ഞ് നോക്കി..
” അതിർത്തിയിൽ പ്രശ്നം രൂക്ഷമാണല്ലേ..” സൈറയെ ആശ്വസിപ്പിക്കാൻ വന്നതാണെങ്കിലും അങ്ങനെയാണ് ചോദിച്ചു പോയത്.. അവൾ അതെയെന്ന് തലയനക്കി..
ഇനിയിപ്പൊ എന്തു പറയും.. കേശു അവളുടെ കയ്യിൽ പിടിച്ചു ഒരാശ്വസിപ്പിക്കൽ എന്ന പോലെ..
“എനിക്കുടനെ തിരിച്ച് പോവേണ്ടി വരും..
ഏത് നിമിഷവും ഒരു വിളി വരാം.”സൈറയുടെ വാക്കുകൾ കേട്ട് കേശു ഞെട്ടി..
“രണ്ടു മാസത്തെ ലീവുണ്ടെന്ന് പറഞ്ഞിട്ട്..?”
“രാജ്യത്തിന് വേണ്ടി കാവൽ നിൽക്കുന്നവരല്ലേ.. അത്യാവശ്യം വന്നാൽ ലീവ് ക്യാൻസൽ ചെയ്ത് പോവേണ്ടി വരും..” സൈറ പറഞ്ഞപ്പോൾ
കേശുവിൻ്റെ കൈ അവളുടെ കൈയ്യിൽ മുറുകി.
പോവരുതെന്ന് പറയാൻ തോന്നി..
ഒന്ന് ചേർത്ത് പിടിക്കാനും… പക്ഷേ ഒന്നും മിണ്ടാതെ പോന്നതേയുള്ളൂ..
സൈറ നാദിയെ വിളിച്ചു.. അവൾ ആശ്വസിപ്പിച്ചെങ്കിലും നിരാശ തോന്നി..
കണ്ണടച്ച് ചുണ്ടുകൾ കൂട്ടിപ്പിടിച്ച് കട്ടിലിലേക്ക് കയറിയിരുന്നു.. കാൽമുട്ടുകൾ മടക്കി അതിലേക്ക് മുഖം ചേർത്ത് വെച്ചു..
പഴയ കാലത്തിൽ എവിടെയോ ഒരു പത്തു വയസുകാരി സൈരന്ദ്രിയെ കണ്ടു…
ആ ഓർമ്മകളിൽ തന്നെ കണ്ണുകൾ നിറഞ്ഞു.. ചുണ്ടുകൾ വിതുമ്പിപ്പോയി..
അച്ഛനും അമ്മയും താനും എത്ര സന്തോഷത്തിലാണ് ജീവിച്ചത്… നിലത്ത് വെക്കാതെ കൊഞ്ചിച്ചാണ് രണ്ടാളും കൊണ്ടു നടന്നത്… ഇഷ്ടമുള്ളതെല്ലാം വാങ്ങിത്തന്ന്
രാജകുമാരിയെപ്പോലെ..
അച്ഛനാണ് അമ്മയുടെ വയറ്റിലൊരു
കുഞ്ഞാവയുണ്ടെന്ന് പറഞ്ഞത്..
അമ്മയുടെ വയറ്റിലെ കുഞ്ഞാവയെക്കുറിച്ച് ഒരുപാട് സ്വപ്നം താനും കണ്ടിരുന്നു.. എനിക്കൊപ്പം കളിക്കാനും കൈ പിടിച്ച് നടക്കാനും ഒരാൾ..
ഹൊ.. എന്തൊരു സന്തോഷമായിരുന്നു.
പക്ഷേ അമ്മക്ക് തന്നോട് ദേഷ്യം പോലെ.. പിന്നീടുള്ള ദിവസങ്ങളിൽ അത് കൂടിക്കൂടി വന്നതേയുള്ളൂ…. എന്തിനും ഏതിനും വഴക്ക് പറഞ്ഞു തുടങ്ങി..
കുഞ്ഞു മനസ്സിൽ അത് വല്ലാത്ത നോവായിരുന്നു.
ഓരോ ദിവസവും കരഞ്ഞു തീർത്തു..
അമ്മ സ്വന്തം വീട്ടിലേക്ക് പോയപ്പോൾ തന്നെ കൊണ്ടു പോവാതിരുന്നതിന് വല്ലാതെ കരഞ്ഞു.
അച്ഛൻ അച്ഛമ്മക്കരികിലാക്കി എന്നെ..
ഒരുപാട് വാശിപിടിച്ചെങ്കിലും അമ്മയെന്നെ കൊണ്ടു പോവാൻ തയ്യാറായില്ല..
ഈ വീടിൻ്റെ ഓരോ മൂലകളിലും തൻ്റെ കണ്ണുനീരുണ്ടാവും.. അത്രയേറെ കരഞ്ഞിരിക്കുന്നു.
അച്ഛമ്മക്കൊപ്പമാണ് കിടക്കാറ്.. കേശുവേട്ടൻ കളിച്ച് നടക്കുമ്പോൾ താൻ കരഞ്ഞൊതുങ്ങി..
അമ്മക്ക് സായൂട്ടൻ ഉണ്ടായിക്കഴിഞ്ഞ് അച്ഛൻ എന്നെയും കൂടെ കൊണ്ടുപോയി..
വെളുത്തു ചുവന്നൊരു കുഞ്ഞുവാവ..
അവനെ കണ്ടപ്പോൾ എല്ലാ സങ്കടങ്ങളും മറന്നു പോയി..
അവനെ തൊട്ടപ്പോൾ അമ്മ വഴക്കു പറഞ്ഞു..
അവൻ അമ്മയുടെ കുഞ്ഞാണെന്ന്.. ഞാൻ ദയനീയമായി അമ്മയെ നോക്കി.
“കുഞ്ഞാവയാണ് എൻ്റെയും മാധവേട്ടൻ്റയും കുഞ്ഞ്.നിന്നെ ഞങ്ങൾ ദത്തെടുത്തതാണ്. ”
ഒരു ദയയുമില്ലാതെ അമ്മയന്ന് എൻ്റെ മുഖത്ത് നോക്കി പറഞ്ഞു..
അമ്മ വെറുതെ പറഞ്ഞതാവുമെന്ന് കരുതി.. എന്നാലും അമ്മയെന്തിനാ എന്നോട് ദേഷ്യപ്പെടുന്നെ?.സാരമില്ല എനിക്കിവിടെ നിന്നാമതി.. ഇവിടെ കുഞ്ഞാവയുണ്ടല്ലോ… വഴക്കു പറഞ്ഞാലും അമ്മയുണ്ടല്ലോ..
അച്ഛനെന്നെ വഴക്കു പറയില്ല.. എന്നും സ്നേഹമാണ്..
അച്ഛനോട് അമ്മ പറഞ്ഞതിനെപ്പറ്റി ചോദിച്ചപ്പോൾ അച്ഛനൊന്നും പറയാതെ കണ്ണുനിറച്ചുകൊണ്ട് ചേർത്ത് പിടിച്ച് നെറുകയിൽ ചുണ്ടു ചേർത്തതേയുള്ളൂ.. മറുപടി പറയാത്ത അച്ഛനിൽ നിന്നും അമ്മ പറഞ്ഞതാണ് സത്യമെന്ന് മനസ്സിലായപ്പോഴാണ് വല്യ സങ്കടം തോന്നിയത്..
ആദ്യം വഴക്കു പറഞ്ഞു തുടങ്ങിയ അമ്മ ദേഹോപദ്രവവും തുടങ്ങിയതോടെ അച്ഛനും അമ്മയും തമ്മിൽ വഴക്കായി.. ഒടുവിൽ അച്ഛൻ എന്നെ തറവാട്ടിൽ അച്ഛമ്മക്കൊപ്പമാക്കി..
ഒരു ദിവസം കേശുവേട്ടന് പനിപിടിച്ചപ്പോഴാണ് അച്ഛമ്മ തന്നെ മാറ്റിക്കിടത്തിയത്.. വയ്യാതായാൽ കേശുവേട്ടന് അച്ഛമ്മക്കൊപ്പം കിടക്കണമെന്ന് വാശിയാണ്..
തനിച്ച് കിടക്കാൻ പേടി തോന്നി.. അച്ഛനൊന്നു വന്നെങ്കിൽ എന്ന് ആഗ്രഹിച്ചാണ് കിടന്നത്..കരഞ്ഞ് തളർന്ന് എപ്പോഴോ മയങ്ങിപ്പോയി…
ഉറക്കത്തിൽ ആരോ ചേർന്ന് കിടക്കുന്നതറിഞ്ഞു..
അച്ഛാ.. ഉറക്കത്തിനിടയിലും വിളിച്ചു കൊണ്ട് കെട്ടിപ്പിടിച്ചു.. തിരികെ കെട്ടിപ്പിടിച്ച കൈകൾ മുറുകുന്നതറിഞ്ഞപ്പോൾ അകന്ന് മാറാൻ ശ്രമിച്ചെങ്കിലും നടന്നില്ല..
ഭയം കൊണ്ട് അലറാൻ ശ്രമിച്ചപ്പോൾ കൈകൾ കൊണ്ടയാൾ വായപൊത്തിപ്പിടിച്ചു..
കുതറി മാറുന്ന കാലുകളെ ചവിട്ടിപ്പിടിച്ചു.. കരുത്തിനാൽ പിഞ്ചുടലിനെ അയാൾ ഞെരിച്ചുടച്ചു..
എല്ലുകൾ പൊടിയുന്നത് പോലെ വേദനിച്ചു..
കൈയ്യെടുത്തപ്പോൾ ശബ്ദം പുറത്തേക്ക് വരാതിരിക്കാനായി വായിൽ തുണി തിരുകുമ്പോഴാണ് ആ മുഖം കണ്ടത്..
ദേവൻ മാമ്മൻ…
മാമനെന്തിനാ തന്നെ വേദനിപ്പിക്കുന്നതെന്ന് മാത്രം മനസ്സിലായില്ല..
മാമൻ ഉടുപ്പ് ഊരി മാറ്റിയപ്പോൾ വേണ്ടെന്ന് തലയാട്ടാനേ കഴിഞ്ഞുള്ളൂ.. അയാൾക്കപ്പോൾ സന്തോഷമായിരുന്നു..
എൻ്റെ കുഞ്ഞു മാറിടങ്ങളെ അയാൾ ഞെരിച്ചുടച്ചു.. വേദന കൊണ്ടെൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകി.. കാലുകളെ ചവിട്ടിപ്പിടിച്ചു..
ശരീരമാകെ വേദനിപ്പിച്ചു.. തുടകൾക്കിടയിൽ
വല്ലാതെ നൊന്തു… ഞാൻ പിടഞ്ഞു കൊണ്ടിരുന്നു.
ഒടുവിൽ ആ വല്യ ശരീരം എൻ്റെ കുഞ്ഞുടലിൽ
വീണ്ടും അമർന്നപ്പോൾ ശ്വാസം മുട്ടി മരിക്കുമെന്ന് കരുതിപ്പോയി..
ബോധം പോയതാവാം പിന്നെയൊന്നും ഞാനറിഞ്ഞതേയില്ല.. ഉണരുമ്പോൾ ഞാൻ തനിച്ചായിരുന്നു..
വേദന കൊണ്ടാവാം പനിച്ചത്.. കേശുക്കുട്ടൻ്റെ പനി സൈറമോൾക്കും കിട്ടിയെന്നും പറഞ്ഞ് അച്ഛമ്മ തന്ന ഗുളികയും കുടിച്ച് അച്ഛമ്മയുടെ മുറിയിൽ കിടന്നു..
വാതിൽക്കൽ ഒരു നിഴലനക്കം അനക്കം കേട്ടാൽ എൻ്റെ ഉള്ളിൽ ഭയം നിറഞ്ഞു തുടങ്ങി.. തനിച്ചു കിടക്കാനാവാതെ അച്ഛമ്മയെ പുറത്തേക്ക് വിടാതെ ചുറ്റിപ്പിടിച്ചിരുന്നു..
അച്ഛമ്മയോട് യാത്ര പറയാനെന്നവണ്ണം അകത്തേക്ക് വന്ന അയാൾ എൻ്റെ അടുത്തേക്ക് മുഖമടുപ്പിച്ചു.. നെറ്റിയിൽ തലോടി.. മാറിലൊന്ന് കയ്യമർത്തിയതും വേദന കൊണ്ട് കണ്ണ് നിറഞ്ഞൊഴുകി..
“സൈറമോള് വരുന്നോ എൻ്റെ കൂടെ?”സ്നേഹം നിറച്ച ചോദ്യം കേട്ടു…. ഭയത്തോടെ ഇല്ലെന്ന് തലയാട്ടി..
” പോവുന്നുണ്ടെങ്കിൽ പോയിക്കോട്ടോ.. അവിടെ ശ്രേയയും ശാലുവും കളിക്കാനുണ്ടാവും..
അപ്പൊ ഈ സങ്കടമൊക്കെ മാറിക്കിട്ടും..” അച്ഛമ്മ തന്നെ തലോടിക്കൊണ്ട് പറഞ്ഞപ്പോൾ ഇല്ലെന്ന് പറഞ്ഞു..
“ഞാനിടക്ക് വരാട്ടോ അമ്മേ.. ” എന്ന് പറഞ്ഞയാൾ പോവുമ്പോൾ കണ്ണുകൾ തന്നിലായിരുന്നു. അയാളുടെ മുഖത്ത് വല്ലാത്തൊരു ഭാവമായിരുന്നു..
ആരോടും ഒന്നും പറയാനാവാതെ വേദനയോടെ കഴിഞ്ഞ ദിവസങ്ങൾ.. ശരീരത്തിൻ്റെ വേദന കുറഞ്ഞിട്ടും മനസ്സ് നീറിക്കൊണ്ടിരുന്നു..
പഠിത്തത്തിൽ ഉഴപ്പി.. അച്ഛനെയും അമ്മയെയും വിട്ടു പിരിഞ്ഞ സങ്കടമാണെന്ന് എല്ലാവരും കരുതി..
തീരെ പറ്റില്ലെന്നായപ്പോൾ അച്ഛനോട് നിർബന്ധം പിടിച്ചാണ് ഹോസ്റ്റലിലേക്ക് മാറിയത്..
എല്ലാവരോടും ദേഷ്യമായിരുന്നു.. സ്നേഹം കാണിച്ച് പറ്റിച്ച അമ്മയോടും എന്നെ അച്ഛമ്മക്കടുത്ത് വിട്ട അച്ഛനോടും ദേഷ്യമായിരുന്നു..
ഫോൺ വിളിച്ചാൽ അധികവും എടുക്കാതെ, കാണാൻ വന്നപ്പോളെല്ലാം മൗനമായിരുന്നും പ്രതിഷേധിച്ചു..
വലുതാവുന്നതിന് അനുസരിച്ച് ആ രാത്രിയുടെ നോവുകളും കൂടി വന്നു കൊണ്ടിരുന്നു..
താനൊരു ചീത്തക്കുട്ടിയാണെന്നൊരു തോന്നൽ.. എന്തോ വലിയ തെറ്റ് ചെയ്തത് പോലെ…
അയാൾ ഞെരുക്കിയ മാറിടങ്ങളിൽ നിന്ന് ചോര പൊടിയുന്നത് പോലെ..
ആരോടും അധികം അടുക്കാതെ ഒതുങ്ങിക്കൂടി..
എപ്പോഴും പലതരം ചിന്തകളിൽ മാത്രം മുഴുകി.
പ്ലസ്ടുവിൽ ചേർന്നപ്പോഴാണ് കുറച്ച് ബോയ്സിനെ കണ്ടത്.. അവരെപ്പോഴും നല്ല ചിരിയും കളിയുമാണ്. എന്തോ അവരെപ്പോലെയാവാൻ കൊതി തോന്നിയപ്പോഴാണ് അവരുമായി അടുത്തത്..
ക്ലാസ് കഴിഞ്ഞാൽ സിനിമക്ക് പോയി. ബിയറ് കുടിക്കാൻ പഠിച്ചു.. സിഗരറ്റിൻ്റെ ചവർപ്പിനെ ഇഷ്ടപ്പെട്ട് തുടങ്ങി..
പുതിയ സിനിമകൾ ഇറങ്ങിയാൽ രാത്രി ഹോസ്റ്റൽ മതിൽ ചാടിക്കടന്ന് കാണാൻ പോവും.. അവർക്കൊപ്പം ഉറക്കെ കൂവും… ഒഴിവു ദിനങ്ങൾ അവരുടെ വീടുകളിൽ വരുന്നുകാരിയായി..
ചങ്ക് പറിച്ച് തന്ന സുഹൃത്തുക്കൾ..
പക്ഷേ പ്ലസ് ടു കഴിഞ്ഞതോടെ എല്ലാരും പലവഴി പിരിഞ്ഞു.. ഞാൻ വീണ്ടും തനിച്ചായി..
അവര് പഠിപ്പിച്ച ശീലങ്ങൾ മാത്രം കൂടി വന്നു..
പുതിയ കേളേജിൽ ചേർന്നു.. കാശ് എത്ര വേണമെങ്കിലും അച്ഛൻ അയച്ച് തരും..
ഇടക്ക് കാണാൻ വരും.. ഞാനൊന്നും മിണ്ടാതെയിരിക്കും..
വെറുതെ അലസമായ ദിവസങ്ങൾ..
ഉപദേശിക്കാനോ വഴക്കിടാനോ ആരുമില്ലാതെ തോന്നിയ പോലെ യാതൊരു ലക്ഷ്യവുമില്ലാതെ നടന്നു..
“ഹൊ.. നിനക്കെന്ത് സുഖാ.. ആരും ഉപദേശിക്കാൻ വരില്ലല്ലോ.. ഇഷ്ടം പോലെ നടക്കാം.” ചിലരൊക്കെ അസൂയയോടെ പറഞ്ഞപ്പോൾ ഞാൻ ചിരിച്ചതേയുള്ളൂ.. അവർക്കറിയില്ലല്ലോ
ഒറ്റപ്പെടലിൻ്റെ നോവ്..
കോളേജിൽ ആരോ പറഞ്ഞാണ് ആർമി
സെലക്ഷനെക്കുറിച്ച് അറിഞ്ഞത്..
അത് വരെ യാതൊരു ലക്ഷ്യബോധവുമില്ലാതിരുന്ന എനിക്കൊരു തോന്നൽ.. ആർക്കും
വേണ്ടാത്തവളല്ലേ.. ഈ നാടിനു കാവൽക്കാരിയാവാം..
അങ്ങനെ അന്വോഷിച്ചാണ് MEPS ൽ റിപ്പോർട്ട് ചെയ്തത്..
പിന്നെ ഫിസിക്കൽ ടെസ്റ്റും കൗൺസിലിങ്ങും കഴിഞ്ഞപ്പോഴും ആരോടും ഒന്നും പറഞ്ഞിരുന്നില്ല.
ട്രെയിനിംഗ് വളരെ പ്രയാസം നിറഞ്ഞതായിരുന്നു..
അവിടെ നിന്നാണ് നാദിറയെ കണ്ടത്..
ആരോടും അടുക്കാത്ത സൈറയെ
നാദി പിന്നാലെ നടന്ന് കൂട്ടുകാരിയാക്കി…
ഏത് നേരവും ചിരിക്കുന്ന കലപിലാന്ന് ചെലക്കുന്നൊരു പെണ്ണ്…
ആദ്യമായി സങ്കടങ്ങളുടെ ഭാണ്ഡങ്ങൾ അവൾക്കു മുന്നിൽ തുറക്കേണ്ടി വന്നു തനിക്ക്… തുറപ്പിച്ചു പെണ്ണ്..
കൂടെ നിന്ന് കരുത്ത് പകർന്നു തന്നവൾ..
അവൾ തന്നെയാണ് കൗൺസിലിങ്ങിന് കൊണ്ട് പോയത്.. ആഴ്ച്ചയിൽ ഒരുദിവസം അവൾക്കൊപ്പം പോവും.. പതിയെ മനസിലെ ചിന്തകൾക്ക് മാറ്റം വന്നു തുടങ്ങി..
ഒന്ന് കുളിച്ചാൽ തീരാവുന്ന അഴുക്കേ ശരീരത്തിൽ പറ്റിയിട്ടുള്ളൂ എന്ന് മനസിലാക്കിയെടുത്തു..
“തെറ്റ് ചെയ്തത് അയാളാണ്.. നിനക്കൊന്നും സംഭവിച്ചിട്ടില്ല.. നീയെന്തിനാഇങ്ങനെ സ്വയം നശിക്കുന്നെ.. ” നാദിയുടെ വാക്കുകൾ കരുത്ത് പകർന്നു…
ശരിയാ.. തെറ്റ് ചെയ്തത് അയാളാണ്… എൻ്റെ ജീവിതം ഇങ്ങനെ മാറ്റിയത് അയാളാണ്.. സ്വപ്നം കാണേണ്ട പ്രായത്തിൽ ഞാനനുഭവിച്ച വേദന അയാളറിയണം..
പിന്നീട് അതിനുള്ള വഴികൾ തേടി നടന്നു..
എന്തിനും കൂടെ നാദിയുണ്ടായിരുന്നു..
അച്ഛൻ വിളിക്കുമ്പോൾ മിണ്ടാൻ തുടങ്ങി..
സായുവും അച്ഛനും കാണാൻ വരുമ്പോൾ പഴയ സൈറയായി അവർക്കൊപ്പം കൂടി..
ഇടക്ക് അച്ഛൻ തറവാട്ടിൽ വരുമ്പോൾ അച്ഛമ്മയും സംസാരിക്കും… നാട്ടിലേക്ക് വരാൻ പറയും…
വരാമെന്ന് വാക്കു കൊടുക്കുമെങ്കിലും ആ നാട്ടിലേക്ക് വരാനുള്ള കരുത്താർജ്ജിക്കാൻ രണ്ടുവർഷം വേണ്ടിവന്നു..
അയാൾക്കുള്ള ശിക്ഷയും ഉറപ്പിച്ചാണ് ലീവിന് വന്നത്.. നാദി കൂടെ വന്നതോടെ എല്ലാം ഉറപ്പായതാണ്..
പക്ഷേ.. പെട്ടന്നുള്ള അതിർത്തിയിലെ പ്രശ്നം
കാരണം വിചാരിച്ചത് പോലെ നടക്കാതെ പോയാൽ അയാൾ രക്ഷപ്പെടും…
എന്താണൊരു വഴി…
തനിക്ക് തിരികെ പോവേണ്ടി വരുമോ?സൈറക്ക് ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി..
തുടരും..
( സൈറയുടെ പാസ്റ്റ് ചുരുക്കി എഴുതിയതാണ്.. ഇപ്പൊ ദേവരാജനും സൈരന്ദ്രിക്കും ഇടയിലുള്ള പ്രശ്നം മനസ്സിലായിക്കാണുമല്ലോ..ഇനി പറ ഇത്തരം ദേവരാജൻമാരെ വെറുതെ വിടണോ..)

by