രചന – അജിഷ അജയ്ഘോഷ്
അകത്തേക്ക് വരുന്നയാളെ കണ്ടതും പത്മാവതിയമ്മയുടെ ചുണ്ടിൽ ചിരി വിരിഞ്ഞു… “മാണിക്യമംഗലത്തെ പത്മാവതിയമ്മക്ക് ഒരായിരം പിറന്നാൾ ആശംസകൾ..” പറഞ്ഞു കൊണ്ടവൾ അവരെ കെട്ടിപ്പിടിച്ചു കവിളിൽ ഉമ്മ വെച്ചു…. ” സൈരന്ദ്രി…” ചുറ്റും നിന്നവരിൽ ആരോ പറയുന്നത് കേട്ട് അവൾ മുഖമുയർത്തി.. എല്ലാവരെയും നോക്കിയെന്ന് ചിരിച്ചു.. “ഓരോ അവധിക്കും വരാമെന്ന് പറഞ്ഞ് പറ്റിച്ചിട്ട് ഒടുവിൽ വന്നല്ലോ എൻ്റെ സൈറമോള്.. അത് മതിയെനിക്ക്… വരാൻ വൈകിയപ്പോ ഇത്തവണയും പറ്റിക്കുകയാണെന്ന് കരുതി.. ” പത്മാവതി അവളെ ചേർത്ത് പിടിച്ച് പറഞ്ഞതും അവൾ ചിരിച്ചു… ” ഇത്തവണ എൻ്റെ അച്ഛമ്മക്ക് തന്ന വാക്ക് പാലിച്ചു ഞാൻ…. രണ്ടു മാസം ഇവിടെ അച്ഛമ്മേടെ കൂടെത്തന്നെയുണ്ടാവും… അത് പോരെ.. ” “അതുമതി….” പത്മാവതിയമ്മയുടെ മുഖത്ത് സന്തോഷം നിറഞ്ഞു… “അച്ഛാ.. “മാധവനെ നോക്കിയവൾ വിളിച്ചു… അപ്പോഴും മകളെ കണ്ട അമ്പരപ്പായിരുന്നു മാധവൻ്റെ മുഖത്ത്… “ഇന്നലെ വിളിച്ചപ്പോഴും കൂടെ വരുന്ന കാര്യമൊന്നും പറഞ്ഞതേയില്ലല്ലോ…. ” അയാൾ അവൾക്കരികിലെത്തി… ” സർപ്രൈസ്….” അവൾ ചിരിച്ചു…
കുടുംബക്കാരുടെ കണ്ണുകൾ മുഴുവൻ സൈരന്ദ്രിയിലാണ്… പന്ത്രണ്ട് വർഷങ്ങൾക്ക് മുൻപ് കണ്ട പെൺകുട്ടിയിന്ന് വളർന്ന് സുന്ദരിയായൊരു യുവതിയായിരിക്കുന്നു.. വെളുത്തു മെലിഞ്ഞൊരു പെണ്ണ്.. ജീൻസും സ്ലീവ് ലെസ്സ് ഷോർട്ട്ടോപ്പുമാണ് വേഷം… പെൺകുട്ടിയാണെന്ന് തോന്നാൻ ആഭരണങ്ങൾ ഒന്നും തന്നെയില്ല.. സൂക്ഷിച്ച് നോക്കിയാൽ കാതിലൊരു മിനുക്കം കാണാം.. ചെറിയൊരു കല്ല് പതിപ്പിച്ച സ്റ്റെഡ്.. പോണി ടെയിൽ കെട്ടിയ മുടി… ചെറുപ്പത്തിൽ മാധവമാമ്മയുടെ കൈ പിടിച്ച് വരുന്ന കുഞ്ഞു സൈറയുടെ മുഖം കേശുവിന് ഓർമ്മ വന്നു… കാലം അവളിൽ ഒരുപാട് മാറ്റങ്ങൾ വരുത്തിയെന്ന് അവൻ ചിന്തിച്ചു.. ” കേശൂട്ടനെ ഓർമ്മയുണ്ടോ സൈറമോൾക്ക്.. ” അരികിൽ നിൽക്കുന്നവനെ നോക്കി പത്മാവതിയമ്മ ചോദിച്ചപ്പോൾ ” അന്ന് ചെറിയൊരു ചെക്കനായിരുന്നു.. പക്ഷേ ഇപ്പൊ കണ്ടാൽ അറിയില്ലാട്ടോ..” സൈറ അവനെ നോക്കി ചിരിയോടെ പറഞ്ഞു.. “സൈറയും…” കേശു ചിരിച്ചു.. എല്ലാവരും വന്ന് പരിചയപ്പെടുന്നുണ്ട്.. നേർത്ത ചിരിയോടെ തന്നെ അവർക്കുള്ള മറുപടി കൊടുക്കുന്നുണ്ട് സൈരന്ദ്രി… ഇടക്ക് അവളുടെ കണ്ണുകൾ നിർമ്മലയിലേക്കായി..
മുഖത്തൊരു ചിരി കഷ്ടപ്പെട്ടണിഞ്ഞ് കൊണ്ട് നിൽക്കുന്നുണ്ടവർ.. “നിർമ്മലയെന്താ ഒന്നും മിണ്ടാതെ നിൽക്കുന്നെ..?” വല്യമ്മായി ഭാനുമതി ചോദിച്ചപ്പോൾ അവരൊന്നും മിണ്ടിയില്ല.. ” അത് അമ്മ പെട്ടന്ന് എന്നെ കണ്ടതിൻ്റെ ഷോക്കിലായിട്ടാ അല്ലേ അമ്മേ…” സൈരന്ദ്രി പെട്ടെന്ന് പറഞ്ഞപ്പോൾ നിർമ്മല അത് ശെരിയെന്ന പോലെ തലായാട്ടി.. കേക്ക് മുറിക്കൽ ഭംഗിയായി നടന്നു… മക്കൾ ഓരോരുത്തരും അവരവരുടെ സ്നേഹോപകഹാരമായി അമ്മയുടെ കൈകളിൽ സ്വർണ്ണവളകൾ അണിയിച്ചു… എല്ലാവരുടെയും സ്നേഹപ്രകടനങ്ങൾ കഴിഞ്ഞപ്പോഴാണ് സൈരന്ദ്രി ബാഗിൽ നിന്നും വർണ്ണക്കടലാസിൽ പൊതിഞ്ഞൊരു സമ്മാനം പത്മാവതിയമ്മക്ക് നൽകിയത്… അത് തുറന്ന് നോക്കിയതും അവരുടെ മുഖത്ത് ആശ്ചര്യമായിരുന്നു… പത്മാവതിയമ്മയുടെ ജീവൻ തുടിക്കുന്നൊരു എണ്ണച്ഛായാചിത്രം… ” ഇതെങ്ങനെ…. ” അമ്പരപ്പോടെ തന്നെയവർ ചോദിച്ചു…
“എൻ്റെയൊരു സുഹൃത്തുണ്ട് കൗശിക്.. അവൻ വരച്ചതാ… പിന്നെ ഫോട്ടോ സായൂട്ടൻ കഴിഞ്ഞ ഓണത്തിന് അയച്ചു തന്നതാ.. ” സൈരന്ദ്രി പറഞ്ഞു.. സൈരന്ദ്രിയുടെ അനിയനാണ് സായൂജ് എന്ന സായൂട്ടൻ… ഡൽഹിയിൽ എൻജിനിയറിംഗിന് പഠിക്കുന്നു… ലീവു കിട്ടാത്തത് കൊണ്ട് ആളെത്തിയിട്ടില്ല… വിശാലമായ മുറ്റത്ത് പന്തലിൽ സദ്യവട്ടങ്ങൾ നിരന്നു… ഇടക്ക് കേശു വന്ന് പത്മാവതിയമ്മയോട് എന്തെല്ലാമോ സംസാരിച്ച് പുറത്തേക്കിറങ്ങി… മുറ്റത്തിൻ്റെ അറ്റത്തായി നിൽക്കുന്നവർക്കരികിലേക്ക് നടന്നവൻ.. ആദിവാസികളായ പുരുഷന്മാരും സ്ത്രീകളും കുഞ്ഞുങ്ങളും കേശുവിനെ കണ്ടതും ബഹുമാനത്തോടെ അവനു ചുറ്റും നിന്നു… കാലങ്ങളായി കൃഷിയിറക്കാനും തോട്ടപ്പണിക്കും മാണിക്യമംഗലത്ത്കാർക്കൊപ്പം നിൽക്കുന്നവരാണവർ… പത്മാവതിയമ്മ അവർക്ക് അമ്പ്രാട്ടിയാണ്… കേശു അവർക്ക് യജമാനനാണെങ്കിലും മുതിർന്നവർക്ക് അവൻ മകനെപ്പോലെയാണ്… ആദ്യത്തെ പന്തിയിൽ അവർക്ക് ഇലയിട്ടു…
ഊണും കഴിഞ്ഞ് പോകാൻ നേരം പുരുഷന്മാർക്ക് ഓരോ കോടി മുണ്ടും സ്ത്രീകൾക്ക് സാരിയും തൻ്റെ കൈ കൊണ്ട് കൊടുത്തു പത്മാവതിയമ്മ.. അവർക്ക് അത് വല്യ സന്തോഷമാണ്… അവരുടെ അമ്പ്രാട്ടിക്ക് ഒരുപാട് വർഷത്തെ ആയുസ്സും ആരോഗ്യവും നേർന്നാണ് അവർ പോയത്.. സദ്യയും മൂന്നു കൂട്ടം പായസവും വന്നവരെല്ലാം ആസ്വദിച്ചു കഴിച്ചു… ചിലരെല്ലാം പിരിഞ്ഞു പോയെങ്കിലും മറ്റുള്ളവർ വല്ലപ്പോഴുമുള്ള കൂടിക്കാഴ്ച്ചകൾക്കിടയിൽ വിശേഷങ്ങൾ പങ്കുവെയ്ക്കുന്ന തിരക്കിലാണ്.. അകത്തളത്തിലെ ചർച്ചയിൽ എപ്പോഴോ സൈരന്ദ്രിയും കടന്നു വന്നു… “മാധവൻ്റെ ദത്തുപുത്രിയാണോ നേരത്തെ വന്നത്..?”മഹിളകളിൽ ഒരാൾ ചോദിച്ചു… “അത് തന്നെ… കല്യാണം കഴിഞ്ഞ് അഞ്ചുവർഷം കഴിഞ്ഞിട്ടും മക്കളില്ലാതെയായപ്പോൾ മാധവനും നിർമ്മലയും ദത്തെടുത്തതാണ് സൈരന്ദ്രിയെ..പൊന്നുപോലെയാ വളർത്തിയത്.. പക്ഷേ അറിവു വെച്ചു തുടങ്ങിയപ്പോ പെങ്കൊച്ചിന് ഇവിടെ നിക്കാൻ വയ്യ… പിന്നെ ഹോസ്റ്റലിൽ നിന്നാ പഠിച്ചതൊക്കെ… പോയതിന് ശേഷം ഇന്നാണത്രേ തിരിച്ച് വന്നത്..” കുടുംബത്തിലെ അകന്ന ബന്ധുവായ ഒരു സ്ത്രീ തനിക്കറിയാവുന്നത് വിവരിച്ചു…
“അതൊക്കെ ശരിയാ… പക്ഷേ പെങ്കൊച്ചിപ്പോ പട്ടാളത്തിലാന്നാ കേട്ടെ….” മറ്റൊരു സ്ത്രീ ശബ്ദം കുറച്ച് രഹസ്യമായി പറഞ്ഞു.. ചിലർക്കെല്ലാം അതൊരു പുതിയ അറിവായിരുന്നു… അറിയാമായിരുന്നവർ ഇതൊക്കെ എനിക്ക് നേരത്തേ അറിയാമായിരുന്നു എന്ന ഭാവത്തിലിരുന്നു… “എന്തായാലും മാധവന് പിന്നെയൊരു ആൺകുട്ടി ഉണ്ടായത് നന്നായി… ” “അതെ… അല്ലെങ്കിലും ഈ കുട്ടിയുടെ തന്തേം തള്ളേം എങ്ങനെയുള്ളവരാന്ന് ആർക്കറിയാം… മകളും അവരുടെ സ്വഭാവം കാണിക്കാതിരിക്കുമോ… അട്ടയെപ്പിടിച്ച് മെത്തയിൽ കിടത്തിയാൽ കിടക്കില്ലെന്ന് കേട്ടിട്ടില്ലേ.. ” “അത് തന്നെ… “ഓരോരുത്തരും അവരവർക്ക് തോന്നിയതും കേട്ടതും പറയുന്നുണ്ട്.. അച്ഛമ്മയുടെ റൂമിൽ ബാഗ്കൊണ്ട് വെച്ച് താഴേക്കിറങ്ങിയ സൈരന്ദ്രിയത് കേട്ട് ഒരു നിമിഷം നിന്നു…
താനാരാണെന്ന് തനിക്കറിയാം.. മറ്റാരെയും അത് ബോധിപ്പിക്കേണ്ട കാര്യമില്ല.. ചുണ്ടിൽ ചിരി വരുത്തി പുറത്തേക്ക് നടന്നവൾ.. എല്ലാവരുടെയും കളി ചിരികൾക്കിടയിലേക്ക് ചെല്ലാൻ എന്തോ ഒരു മടി തോന്നിയവൾക്ക്.. മനസ്സിൽ ഇപ്പോഴുമുള്ള മങ്ങിയ ഓർമ്മകളിൽ തന്നോട് വാത്സല്യം കാണിച്ചവരാണ് ഏറെയും… പിന്നീടൊരിക്കലും തിരികെ വരാതിരുന്നപ്പോ ദേഷ്യമോ.. വെറുപ്പോ തോന്നിക്കാണും.. ” സൈറാ….. ഇങ്ങ് വാ…” സൗഭാഗ്യവിളിച്ചപ്പോൾ അവർക്കരികിലേക്ക് നടന്നു… മാധവേട്ടൻ്റെ മകളാണെന്ന് പറഞ്ഞ് സൗഭാഗ്യയുടെ ബന്ധുക്കളെ പരിചയപ്പെടുത്തി… ആൾക്കൂട്ടങ്ങളും ബഹളങ്ങളും മടുത്തപ്പോൾ സൈറ അച്ഛമ്മയുടെ റൂമിനടുത്ത് ചന്ദ്രിക അവൾക്കായി വൃത്തിയാക്കിയിട്ട റൂമിലേക്ക് നടന്നു… കുളിച്ച് ഫ്രഷായി നീണ്ട് നിവർന്നൊന്നു കിടന്നതേ ഓർമ്മയുള്ളൂ…. ബോധമില്ലാത്ത വിധം ഉറക്കത്തിലേക്ക് വീണിരുന്നു അവൾ.. ഉണരുമ്പോൾ നേരം ഇരുട്ടിയിരുന്നു… ആരോ തൻ്റെ ദേഹത്ത് പുതപ്പിട്ടിട്ടുണ്ട്… പുതപ്പ് മാറ്റി എഴുന്നേറ്റപ്പോൾ നേർത്ത തണുപ്പ് തോന്നി.. വയനാടൻ മണ്ണിൻ്റെ തണുപ്പ്… തേക്കിൽ തീർത്ത പടികളിറങ്ങി താഴെയെത്തുമ്പോൾ പത്മാവതിയമ്മയുടെ ചുറ്റുമിരുന്ന് മക്കളെല്ലാം കൂടി എന്തോ ചർച്ചയിലാണ്… അവർക്കടുത്തേക്ക് ചെല്ലാൻ തോന്നിയില്ല.. നേരെ അടുക്കളയിലേക്ക് നടന്നു…
“ഒരു സ്ട്രോങ്ങ് ചായ കിട്ടുമോ… ” പാത്രങ്ങൾ കഴുകിക്കൊണ്ടിരിക്കുന്ന ചന്ദ്രികയോട് സൈറ ചോദിച്ചു.. “ഇപ്പൊ തരാം…” ചെറുചിരിയോടെ പറഞ്ഞു കൊണ്ടവർ നനഞ്ഞ കൈ ഉടുത്ത കോട്ടൺ സാരിയുടെ തലപ്പിൽ തുടച്ചു.. ചന്ദ്രിക ചായ എടുത്തപ്പോൾ അവളതും വാങ്ങി അടുക്കളയിലിട്ട സ്റ്റൂളിൽ ഇരുന്നിരുന്നു… “ചന്ദ്രിയമ്മേ ഒരു കട്ടൻ..” എന്നു പറഞ്ഞു കൊണ്ട് കേശുവും വന്നു.. സൈറ അവനെ നോക്കിയൊന്ന് ചിരിച്ചു.. “ഇത് സിറ്റിയല്ല.. ഇതൊരു നാട്ടിൻപുറമാണ് അതോർമ്മ വേണം.. ” സൈറയെ നോക്കി അൽപ്പം ഗൗരവത്തോടെ കേശു പറഞ്ഞപ്പോൾ “എന്താ.. ” അവളൊന്നും മനസ്സിലാവാതെ അവനെ നോക്കി.. “മാന്യമായി വസ്ത്രം ധരിക്കണമെന്ന്… നേരെചൊവ്വേ തുണിയിടാതെ കിടന്നുറങ്ങുന്നത് കണ്ടപ്പോ പുറത്തിറക്കുമ്പോഴെങ്കിലും തുണിയിട്ട് വരുമെന്ന് കരുതി.. ഇവിടെയാർക്കും ഇത്തരം പരിഷ്കാരങ്ങൾ ഒന്നൂല്ല..” അൽപ്പം കനപ്പിച്ചവൻ പറഞ്ഞു… സൈരന്ദ്രി തൻ്റെ ബനിയനിലേക്കും ട്രൗസറിലേക്കും നോക്കി…
സ്ഥിരമായി ഉപയോഗിക്കുന്ന വേഷമായതിനാൽ അവൾക്കതിൽ കുഴപ്പമൊന്നും തോന്നിയില്ല.. ” ഞാനിതിൽ കംഫർട്ടബിളാണ്….” “ആയിരിക്കാം… പക്ഷേ.. ഇവിടെ പറ്റില്ല… “കേശു തറപ്പിച്ച് പറഞ്ഞ് പുറത്തേക്ക് നടന്നു… ❄❄❄ അകത്ത് അമ്മയും മക്കളും തമ്മിലുള്ള സംസാരം ഒടുവിൽ കേശുവിൻ്റെ കല്യാണത്തിലെത്തി.. ” കേശൂട്ടാ…. ” അമ്മമ്മയുടെ വിളികേട്ട് മുറ്റത്ത് നിന്ന കേശു അവർക്കരികിലെത്തി.. പത്മാവതിയമ്മ അവനെപ്പിടിച്ച് അരികിലിരുത്തി.. “നിന്നെ പെണ്ണുകെട്ടിക്കണ കാര്യാ ഇവടെ പറയണെ.. നിനക്കെന്താ അഭിപ്രായം.. ” അമ്മമ്മയുടെ ചോദ്യം കേട്ട് അവനൊന്ന് പരുങ്ങലിലായി.. “ഞാനെന്ത് പറയാനാ.. ” “നിൻ്റെ മനസ്സിൽ ആരെങ്കിലുമുണ്ടോ..?”മാധവൻ മാമ്മയാണ്… “ഏയ്.. എനിക്കങ്ങനെയൊന്നൂല്ല… ” കേശു തിടുക്കപ്പെട്ട് പറഞ്ഞു.. ” ശാലൂനും കല്യണ ആലോചനകൾ നടക്കുന്നുണ്ട് അല്ലേ ദേവാ..” പത്മാവതിയമ്മ ദേവരാജനോട് ചോദിച്ചു..
” ഉം.. അവൾക്കിപ്പോ ഇരുപത്തിരണ്ടായി… ഈ വർഷത്തോടെ പഠിപ്പും കഴിയും… പിന്നെ ബാക്കി പഠിപ്പൊക്കെ കല്യാണം കഴിഞ്ഞിട്ടും ആവാമല്ലോ.. ” ദേവരാജനാണ്.. പത്മാവതിയമ്മയൊന്ന് ആലോചിച്ചു.. ഭാനുമതിയുടെ പിന്നിൽ നിൽക്കുന്ന ശാലിനിയെ നോക്കുമ്പോൾ ദയനീയ ഭാവമാണ്.. “അങ്ങനെയാണെങ്കിൽ കേശൂട്ടന് ശാലൂനെ കൊടുക്കുന്നതിനെക്കുറിച്ച് ആലോചിച്ചാലോ.. എന്താ അഭിപ്രായം…” പത്മാവതിയമ്മയുടെ ചോദ്യം കേട്ട് കേശു ഞെട്ടി… ശാലുവിൻ്റെ മുഖം തെളിഞ്ഞു.. ദേവരാജൻ ഭാനുമതിയെ നോക്കി.. അവർ ചിരിയോടെ സമ്മതമെന്ന പോലെ തലയാട്ടി.. “ശാലു… ” ദേവരാജൻ വിളിച്ചതും അവൾ ഓടി അയാൾക്കരികിൽ വന്നിരുന്നു… ” അച്ഛമ്മ പറഞ്ഞത് കേട്ടോ മോള്… എന്താ മോൾടെ അഭിപ്രായം.. എന്തായാലും പറഞ്ഞോ..” ദേവരാജനവളുടെ തലയിൽ വാത്സല്യത്തോടെ തലോടിക്കൊണ്ടാണ് ചോദിച്ചത്… ശാലുവിന് ചമ്മൽ തോന്നി… ഇടംകണ്ണിട്ട് കേശുവിനെ നോക്കുമ്പോൾ അവനിരുന്ന് വിയർക്കുന്നുണ്ട്.. “എനിക്ക്.. എനിക്ക് സമ്മതാണ്.. ” പറഞ്ഞു തീർന്നതും ആരെയും നോക്കാതെ പുറക്കോടിയവൾ… അത് കണ്ട് എല്ലാവരും ചിരിക്കുമ്പോഴും കേശു അമ്പരപ്പോടെയിരുന്നു പോയി…
ശാലുവിനെ ഒരിക്കലും അങ്ങനെയൊന്നും കണ്ടിട്ടേയില്ല… മാധവനും സതീഷുമൊക്കെ കേശുവും ശാലുവും ഒന്നിക്കുന്നതിൽ സന്തോഷമാണെന്ന് തുറന്ന് പറഞ്ഞു.. “അവളുടെ ഇഷ്ടമാണ് ഞങ്ങളുടെയും ഇഷ്ടം.. പിന്നെ കേശുവും ശാലുവും എനിക്ക് ഒരുപോലെ തന്നെയാ…” ദേവരാജനാണ്.. ” കേശൂട്ടനെന്താ മിണ്ടാതെയിരിക്കുന്നെ.. ” പത്മാവതിയമ്മ ചോദിച്ചപ്പോൾ അവനൊന്നുമില്ലെന്ന് തലയാട്ടി… “ശാലുവിൻ്റെ നോട്ടവും കുറുമ്പും കണ്ടപ്പോഴേ അവൾക്ക് കേശൂട്ടനെ ഇഷ്ടമാണെന്ന് എനിക്ക് തോന്നിയിരുന്നു.. നിനക്കോ കേശൂട്ടാ…” “ഞാൻ… എനിക്കങ്ങനെയൊന്നും ഇല്ല അച്ഛമ്മേ.. ” അച്ഛമ്മയുടെ ചോദ്യം കേട്ടവൻ പറഞ്ഞു.. “ഉം… ശാലു ആവുമ്പോ നമ്മുടെ കുട്ടിയല്ലെ.. നിന്നെയറിയുന്നവൾ..നിനക്കവള് നന്നായിച്ചേരും..” വാത്സല്യത്തോടെ പറയുന്ന അച്ഛമ്മയെ നോക്കിച്ചിരിക്കാൻ ശ്രമിച്ചവൻ… വാക്കാൽ എല്ലാം തീരുമാനിച്ച് എല്ലാവരും പിരിയുമ്പോഴും മറുത്തൊന്നും പറയാനാവാതെ കേശുവിരുന്നു…
അമ്മമ്മയാണ് അവനെല്ലാം… അമ്മമ്മയുടെ തീരുമാനമൊന്നും തെറ്റാറില്ല.. സ്വയം ആശ്വസിച്ച് റൂമിലേക്ക് നടന്നവൻ.. അമ്മമ്മയുടെ റൂമിനടുത്തെത്തിയപ്പോഴേ കാറ്റിൽ സിഗരറ്റിൻ്റെ മണം അവൻ്റെ മൂക്കിലേക്ക് കയറി.. ആരായിപ്പൊ ഇവിടെ സിഗരറ്റ് വലിക്കാൻ… എന്ന് ചിന്തിച്ച് എല്ലായിടത്തും നോക്കി.. തൻ്റെ മുറിക്കടുത്തുള്ള മുറിയിൽ നേരിയ വെളിച്ചം കണ്ടപ്പോൾ ചാരിയിട്ട വാതിൽ പാളികൾക്കിടയിലൂടെ അകത്തേക്ക് നോക്കി കേശു.. അകത്ത് കണ്ട കാഴ്ച്ചയിൽ അവനൊന്ന് ഞെട്ടി.. കയ്യിൽ എരിയുന്ന സിഗരറ്റും മുന്നിലെ ഗ്ലാസിൽ മദ്യവുമായി സൈരന്ദ്രി… അടുത്തായി പാതിയായ കുപ്പിയും ഇരിപ്പുണ്ട്.. ഗ്ലാസിലെ മദ്യം ഒറ്റവലിക്ക് കുടിച്ചു… ഇടക്ക് സിഗരറ്റ് ആഞ്ഞു വലിച്ചു പുകയൂതി പുറത്തേക്ക് വിട്ടു… വീണ്ടും മദ്യം ഗ്ലാസ്സിലേക്ക് പകർന്നു സോഡയും ഒഴിച്ച് ചുണ്ടിലേക്ക് ചേർത്തതും കേശു വാതിൽ തുറന്ന് അകത്തേക്ക് കയറി.. തുടരും.. (പതിയെ പോവുന്ന കഥയാണ് ട്ടോ..)

by