19/04/2026

സൈരന്ദ്രി : ഭാഗം 06

രചന – രജിഷ അജയ്ഘോഷ്

കേശു വേഷം മാറി തിരികെയെത്തുമ്പോഴും സൈറയുടെ ചിരിയൊച്ച മുഴങ്ങുന്നുണ്ടായിരുന്നു. കഴിക്കാനിരുന്നപ്പോൾ യാത്രയെക്കുറിച്ചൊക്കെ കിള്ളി ചോദിക്കുന്നുണ്ട് അമ്മമ്മ.. സൈറ കഞ്ഞി ആസ്വദിച്ച് കുടിക്കുന്ന തിരക്കിലാണ്… കണ്ണിമാങ്ങാ അച്ചാറിലെ മാങ്ങ കടിച്ച് കണ്ണിറുക്കിയടച്ച് നാവ് കൊണ്ട് ശബ്ദമുണ്ടാക്കിയവൾ… “ഓ.. എന്തൊരു ടേസ്റ്റാ…” വീണ്ടും മാങ്ങയൊന്ന് കടിച്ചവൾ… “ചന്ദ്രിയമ്മേടെ കൈപ്പുണ്യം സമ്മതിക്കാതെ വയ്യാട്ടോ.. ഉഗ്രനായിട്ടുണ്ട് .. ഞാൻ തിരികെ പോവുമ്പോ കൊണ്ടുപോവാൻ എടുത്തു വെക്കണേ..”കഴിച്ച് കഴിഞ്ഞ് സൈറയെഴുന്നേറ്റ് പോവുന്നതിടെ ചന്ദ്രിയമ്മയോട് പറഞ്ഞു.. ” അതിന് പോവാനായില്ലല്ലോ കുട്ട്യേ…” പത്മാവതിയമ്മയാണ്.. ” ഇല്ല അച്ഛമ്മേ.. ചന്ദ്രിയമ്മയെ ഓർമ്മിപ്പിച്ചതല്ലേ.. ” “എന്തുണ്ടാക്കി കൊടുത്താലും അതിനിഷ്ടാ.. നന്നായി ആസ്വദിച്ച് കഴിച്ചോളും…” ചന്ദ്രിയമ്മ സൈറ പോയ വഴിയേ നോക്കി പറയുന്നുണ്ട്.. ” അവള് ഒറ്റക്കല്ലേ ചന്ദ്രി.. വായ്ക്ക് രുചിയായിട്ട് വല്ലതും കഴിക്കണത് ഇപ്പഴാവും..” പത്മാവതിയമ്മ ഒന്നു നിശ്വസിച്ചു. ” കയ്യിലിരിപ്പ് കൊണ്ടല്ലേ… ആരെയും പറ്റാതെ ഇട്ടെറിഞ്ഞ് പോയത് സൈറ തന്നെയല്ലേ.. അഹങ്കാരം അല്ലാതെന്താ.. ” കേശു അൽപ്പം ഈർഷ്യയോടെ പറഞ്ഞു കൊണ്ട് എഴുന്നേറ്റ് കൈകഴുകാൻ നടന്നു..

“കേശൂ….. ” പത്മാവതിയമ്മയുടെ സ്വരത്തിൽ ശാസന കലർന്നിരുന്നു.. ” ഈ അമ്മമ്മയെന്തിനാ അവളോടിത്ര സ്നേഹം കാണിക്കുന്നത്? എനിക്ക് അതാ മനസിലാവാത്തത്..”കേശു തിരിഞ്ഞു നിന്നു.. “ആരെന്തൊക്കെ പറഞ്ഞാലും അവളെനിക്ക് എൻ്റെ മാധവൻ്റെ മകള് തന്ന്യാ.. ” അൽപ്പം കടുപ്പിച്ച് പറഞ്ഞ് കൊണ്ട് പത്മാവതിയമ്മ മുറിയിലേക്ക് നടന്നു.. കേശു തൻ്റെ റൂമിലേക്കും.. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരില്ലെന്നായപ്പോൾ കേശു എഴുന്നേറ്റ് പത്മാവതിയമ്മയുടെ റൂമിലേക്ക് നടന്നു..എന്തിൻ്റെ പേരിലായാലും അമ്മമ്മയുടെ മുഖം മാറിയാൽ അവന് സങ്കടമാണ്.. ” അമ്മമ്മ ഉറങ്ങിയില്ലേ.. “കട്ടിലിൽ ചാരിയിരിയിക്കുന്ന പത്മാവതിയമ്മയോട് ചോദിച്ചിട്ടും മറുപടിയൊന്നും വന്നില്ല.. സൈറയെ പറഞ്ഞത് ഇഷ്ടപ്പെട്ടിട്ടില്ല.. അതിൻ്റെയാണ് കനം… പതിയെ കട്ടിലിലേക്ക് കയറി ആ മടിയിലേക്ക് തല വെച്ചവൻ… ” ഉറക്കം വരുന്നില്ല അമ്മമ്മേ… ഒന്ന് മസ്സാജ് ചെയ്യെന്നേ… ” അമ്മമ്മയുടെ കൈയ്യെടുത്ത് തലയിലേക്ക് വെച്ചു കേശു… ആളുടെ അനക്കമില്ല… ” അല്ലേലും അമ്മമ്മക്കിപ്പൊ എന്നോട് വല്യ സ്നേഹമൊന്നൂല്ല…

ഏത് നേരവും വാല് പോലെ സൈറയുണ്ടല്ലോ.. അവള് മടീൽ കിടക്കുമ്പോഴേക്കും കഥ പറയാനും ഉറക്കാനുമൊക്കെ അമ്മമ്മക്ക് എന്ത് ഉത്സാഹമാ.. നമ്മളെയൊന്നും ആർക്കും കണ്ണീപിടിക്കൂലാ.. ” സങ്കടംഭാവിച്ച് പറഞ്ഞ്കൊണ്ട് കേശു അമ്മമ്മയെ ഒളികണ്ണിട്ട് നോക്കി… ഏറ്റമട്ടുണ്ട്… ” അവള് നമ്മുടെ വീട്ടിൽ വിരുന്നു വന്നതല്ലേ കേശൂട്ടാ… അപ്പൊ അതിനെ നല്ലോണം നോക്കണ്ടെ.. അതിനിഷ്ടപ്പെട്ടതൊക്കെ ഉണ്ടാക്കിക്കൊടുക്കണ്ടെ.. അതിനർത്ഥം നിന്നോട് സ്നേഹമില്ലാന്നാണോ…? നിന്നെക്കഴിഞ്ഞല്ലേ എനിക്കാരുമുള്ളൂ… ” അമ്മമ്മയുടെ വാത്സല്യം നിറഞ്ഞ ശബ്ദത്തോടൊപ്പം കൈകൾ മുടിയിഴകൾക്കിടയിലൂടെ ഇഴയാൻ തുടങ്ങിയതും കേശു കണ്ണുകൾ തുറന്നു… ” ഇങ്ങനെ അധികനേരം ഇരുന്നാലെ നാളെ പത്മത്തിൻ്റെ നടുവേദനിക്കും.. പിന്നെ വൈദ്യരെക്കാണേണ്ടി വരും.. തൈലം തേക്കേണ്ടി വരും… ചൂടുപിടിക്കേണ്ടി വരും.. അതോണ്ട് നമുക്ക് കിടക്കാട്ടോ..” അമ്മമ്മയുടെ മടിയിൽ നിന്നും എഴുന്നേറ്റ് കൊണ്ട് കേശു പറഞ്ഞു…

പത്മാവതിയമ്മ കിടന്നതും ” ഉമ്മ…”ആ കവിളിലൊന്ന് ചുണ്ട് ചേർത്ത് അമ്മമ്മയെ ചുറ്റിപ്പിടിച്ച് കിടന്നവൻ… ❤❤ ഉറക്കത്തിനൊരു സുഖം കിട്ടണമെങ്കിൽ അയാളെയൊന്ന് വിളിക്കണം..പക്ഷേ ഈ നമ്പറിൽ നിന്നു വിളിച്ചാൽ അയാളെടുക്കില്ലെന്ന് ഉറപ്പാണ്.. ചിന്തിച്ചു കൊണ്ട്സൈറ ബാഗ് തുറന്നു… ബാഗിൽ കരുതിയ ഒരു സിം എടുത്ത് ഫോണിലേക്ക് ഇട്ടു. നമ്പർ ഡയൽ ചെയ്തു.. “ഹലോ…”മറുപുറത്ത് അയാളുടെ സ്വരം കേട്ടു.. സൈറ നിശബദയായിരുന്നു.. “ഹലോ.. ആരാണ്.. ” വീണ്ടും അയാളുടെ ശബ്ദം കേട്ടു… ” സൈരന്ദ്രി..” ഉറച്ച ശബ്ദമായിരുന്നു അവളുടേത്… മറുപുറം നിശബ്ദമായി.. “ഹലോ..കേൾക്കുന്നില്ലേ.. ” സൈറ വീണ്ടും ചോദിച്ചതും അയാൾ കോൾ കട്ടാക്കിയിരുന്നു .. സൈറ വീണ്ടും ഡയൽ ചെയ്തു കൊണ്ടിരുന്നു.. അയാൾ ഫോണെടുത്തതേയില്ല.. ഒടുവിൽ അയാൾ ഫോൺ ഓഫാക്കിയിരുന്നു… ‘അപ്പോൾ നിങ്ങളെന്നെ ഭയക്കുന്നു… അതാണ് ഒന്നും പറയാതെ ഫോൺ ഓഫാക്കിയത്.. നിങ്ങളുടെ ഈ ഭയം അതാണെനിക്ക് കാണേണ്ടത്.. ഇനിയുള്ള ഓരോ ദിവസവും നിങ്ങളുടെ സമാധാനം ഇല്ലാതാവും.. സൈരന്ദ്രിയുടെ വിജയത്തിൻ്റെ നാളുകളാവുമത്… ‘ സൈറയുടെ ചുണ്ടിൽ ക്രൂരമായ ചിരി വിരിഞ്ഞു.. ആ ചിരിയോടെ കണ്ണുകളടച്ചവൾ.. ❤❤

മൊബൈലിൽ മെസ്സേജിൻ്റെ ശബ്ദം കേട്ടാണ് കേശു ഉണർന്നത്.. ഗുഡ് മോർണിംഗ് കേശുവേട്ടാ.. ശാലുവിൻ്റെ മെസ്സേജാണ്… തിരികെയൊരു ഗുഡ് മോർണിങ് അയച്ചതും എഴുന്നേറ്റോ?കഴിച്ചോ…? ചോദ്യങ്ങളുടെ പെരുമഴ തന്നെ പിന്നാലെയെത്തി.. ഫോണെടുത്ത് വെച്ച് എഴുന്നേറ്റു.. ചന്ദ്രിയമ്മയുടെ കാപ്പിയും കുടിച്ച് വീടിനടുത്തുള്ള വിത്തുകളും വളങ്ങളും സൂക്ഷിക്കുന്ന ഷെഡ്ഡിൽ നിൽക്കുമ്പോഴാണ് കുമാരേട്ടൻ കയറിവന്നത്.. കൂടെ മകൻ അഭിഷേകുമുണ്ട്.. “ആഹാ.. ഇന്ന് അഭിക്കുട്ടനുമുണ്ടല്ലോ.. ” കേശു അവർക്കരികിലേക്ക് നടന്നു.. “ഇവൻ്റെ സ്കൂളിൽ നിന്നും ക്രിക്കറ്റിൻ്റെ മത്സരത്തിനായിട്ട് കുട്ടികൾ തിരുവനന്തപുരത്തേക്ക് പോവുന്നുണ്ടത്രേ.. ഇവനും പോണംന്ന് പറഞ്ഞ് ബഹളമാ.. ” കുമാരേട്ടൻ ഇഷ്ടപ്പെടാത്ത മട്ടിൽ പറഞ്ഞു.. “അഭിക്കുട്ടൻ നല്ലകളിക്കാരനല്ലേ കുമാരേട്ടാ.. അവൻ പോയിട്ട് വരട്ടേന്നേ.. ” “പത്താം ക്ലാസല്ലേ കുഞ്ഞേ… പഠിത്തത്തിൽ ശ്രദ്ധിക്കാതെ കളിക്കാനൊക്കെ നടന്നാൽ..” കുമാരേട്ടൻ്റെ വാക്കുകളിൽ ഒരച്ഛൻ്റെ ആധി നിറഞ്ഞു..

” അവൻ പഠിച്ചോളും കുമാരേട്ടാ.. പഠിക്കുന്നതിനോടൊപ്പം അവനിഷ്ടമുള്ളതൊക്കെ ചെയ്തോട്ടെ.. ഒന്നിനും നമ്മള് നിരുത്സാഹപ്പെടുത്താണ്ടാ.. നാളെ നല്ലൊരു ക്രിക്കറ്റ് കളിക്കാരനായാലോ.. അല്ലേടാ…” കുമാരേട്ടനോട് പറയുന്നതിനൊപ്പം അഭിയുടെ തോളത്ത് തട്ടി കേശു.. “കുഞ്ഞിൻ്റെ അഭിപ്രായം അതാണെങ്കിൽ അങ്ങനെ ചെയ്യാം.. “കുമാരൻ സമ്മതിച്ചു.അഭിയുടെ മുഖം സന്തോഷത്താൽ വിടർന്നു… ” അഭിക്കുട്ടാ.. ഏട്ടനെ വഴക്കു കേൾപ്പിക്കരുത് ട്ടോ..കളിക്കാൻ പോണതൊക്കെ കൊള്ളാം നന്നായി പഠിച്ചോണം.. ” അഭിയോടായി കേശു പറഞ്ഞതും “ഞാൻ പഠിക്കണുണ്ട് ഏട്ടാ..” ആവേശത്തോടെ പറഞ്ഞവൻ.. ” എന്നാ വാ.. ചായ കുടിച്ചിട്ട് പോവാം.. ” കേശു അവരെയും കൂട്ടി വീട്ടിലേക്ക് നടന്നു.. ചന്ദ്രിയമ്മയുടെ ചായയും കുടിച്ച് ഇറങ്ങാൻ നേരം അഭിയുടെ പോക്കറ്റിലേക്ക് കുറച്ച് നോട്ടുകൾ വെച്ചു കൊടുത്തു കേശു.. “അയ്യോ അതൊന്നും വേണ്ട കുഞ്ഞേ.. എൻ്റേൽ കാശുണ്ടായിരുന്നു.. “കുമാരേട്ടൻ വിലക്കി.. “ഇതെൻ്റെ അനിയന് കൊടുക്കുന്നതാ.. ” കേശുപറഞ്ഞപ്പോൾ മറ്റൊന്നും പറയാനായില്ല കുമാരേട്ടന്… കുമാരേട്ടൻ തിരികെ ഇറങ്ങുമ്പോഴാണ് സൈറ ജോഗിങ്ങ് കഴിഞ്ഞ് വരുന്നത്…

” കുമാരേട്ടൻ്റെ കൂടെയാരാ പുതിയൊരാള്… ” അഭിയേ നോക്കി ചിരിയോടെ ചോദിച്ചവൾ.. “എൻ്റെ മോനാ.. അഭിഷേക്..” സൈറ അഭിയെ പരിചയപ്പെട്ടു.. “അപ്പൊ ക്രിക്കറ്റ് പ്ലെയർ ആണല്ലേ.. മാച്ച് കഴിഞ്ഞ് വന്നിട്ട് നമുക്കൊന്ന് കളിക്കണം ട്ടോ..” സൈറ ആവേശത്തിലാണ്.. “ചേച്ചിക്ക് ക്രിക്കറ്റ് കളിക്കാൻ അറിയാമോ.. ” അഭി അത്ഭുതത്തോടെ ചോദിച്ചു… “ചെറുതായിട്ട്.. “അവനെ നോക്കി കണ്ണിറുക്കിക്കൊണ്ട് സൈറ നടന്നു.. “പിന്നേയ്.. മാച്ചിൽ ജയിച്ചു വന്നാൽ എൻ്റെ വക ഒരു സമ്മാനമുണ്ട് ട്ടോ..” തിരിഞ്ഞ് നിന്ന് അഭിയോട് പറഞ്ഞതും അവൻ ചിരിയോടെ തലയാട്ടി.. കുളിയും കഴിഞ്ഞ് മൂളിപ്പാട്ടും പാടി അടുക്കളയിലേക്ക് നടന്നു.. ചന്ദ്രിയമ്മയുടെ ദോശയും ചട്നിയും ആസ്വദിച്ചു കഴിച്ചു..ഉച്ചവരെ ചന്ദ്രിയമ്മക്കൊപ്പം അടുക്കളയിൽ തന്നെ കൂടി… ചന്ദ്രിയമ്മ പറയുന്ന പഴങ്കഥകൾ കേൾക്കാൻ നല്ല രസമാണ്.. എല്ലാത്തിലും കേശുവുണ്ടാവും.. ചന്ദ്രിയമ്മയുടെ പാചകത്തിന് ഒരൊഴുക്കുണ്ട്.. സാമ്പാറും ഉപ്പേരിയും ചോറുമൊക്കെ പല അടുപ്പുകളിൽ ഒരേ സമയത്ത് തയ്യാറാക്കുന്നത് കാണുമ്പോൾ സൈറക്ക് അത്ഭുതമാണ്.. കുമാരേട്ടൻ ഇടക്ക് കുളത്തിൽ നിന്നും പിടിച്ച മീനുമായി വന്നതോടെ അതിൻ്റെ പണിയായി..

ചാരം പുരട്ടിയ മീൻ കല്ലിൽ ഉരച്ച് വൃത്തിയാക്കി കഴുകിയെടുത്തു… ഇഞ്ചിയും വെളുത്തുള്ളിയും കറിവേപ്പിലയും കുരുമുളകും പച്ചമുളകും അരച്ചെടുത്ത് അതിലേക്ക് മുളകും മഞ്ഞളും ഉപ്പും ചേർത്തിളക്കിയെടുത്തു.. അതിലേക്ക് അൽപ്പം വെളിച്ചെണ്ണയും ചെറുനാരങ്ങ നീരും കൂടി ചേർത്ത് കഷ്ണങ്ങളാക്കിയ മീനിലേക്ക് തേച്ചുപിടിപ്പിച്ചു.. “അരമണിക്കൂർ കഴിഞ്ഞ് പൊരിച്ചെടുക്കാം” ചന്ദ്രിയമ്മ മസ്സാല തിരുമ്മിയത് മൂടി വെച്ചു.. പാത്രങ്ങൾ കഴുകി ഒതുക്കിയും അടുക്കള വൃത്തിയാക്കിയും ചന്ദ്രിയമ്മ തിരക്കിൽ തന്നെയാണ്.. “അൽപ്പനേരം റെസ്റ്റെടുത്തൂടെ ചന്ദ്രിയമ്മേ..?” സൈറയവരോട് ചോദിച്ചു.. “ആര് ചന്ദ്രിയോ.. ചന്ദ്രിക്ക് വെറുതെയിരുന്നാലാണ് മേല് വേദനയെന്നാ പറയാറ്.. ” സൈറയോട് മറുപടി പറഞ്ഞത് പത്മാവതിയമ്മയാണ്.. സൈറക്കരികിലേക്ക് വന്നവർ.. “മോൾക്ക് കേൾക്കണോ.. നാലഞ്ച് വർഷം മുൻപ് ഇവളുടെ കഷ്ടപ്പാട് കണ്ടിട്ട് കേശൂട്ടൻ ഒരു പെണ്ണിനെ ജോലിക്ക് കൊണ്ടുവന്നു… ചന്ദ്രി ഒരാഴ്ച്ച തികച്ച് നിർത്തിയില്ല അവളെ… ” “അതെന്താ ചന്ദ്രിയമ്മേ.. ” സൈറയവരെ നോക്കി.. ” അതിനൊരു വൃത്തീം വെടിപ്പുമില്ലാന്നേ.. ” ഉടനെ തന്നെ ചന്ദ്രിയമ്മയുടെ മറുപടി വന്നു.

“അതൊന്നുമല്ല കാര്യം.. ആ പെണ്ണ് കേശൂട്ടന് ഭക്ഷണം കൊടുക്കുന്നതൊന്നും ചന്ദ്രിക്ക് ഇഷ്ടപ്പെട്ടില്ലാന്നേ.. ” പത്മാവതിയമ്മ ചിരിയോടെ പറഞ്ഞു… “അങ്ങനെയല്ല മോളെ… കേശൂട്ടൻ എന്നെ വിളിക്കുമ്പോഴേക്കും അവളിങ്ങ് ഓടി വരും.. മനുഷ്യരെ കാണാത്ത പോലെയൊരു നോട്ടവും കിണുങ്ങലും.. എനിക്കതൊന്നും ഇഷ്ടായില്ല.. അല്ലേലും എനിക്ക് ചെയ്യാനാവുന്ന കാലത്തോളം ഞാൻ ചെയ്തോളും.. ” ചന്ദ്രിയമ്മ പറയുന്നത് കേട്ടപ്പോൾ സൈറയ്ക്ക് അവരോട് വല്ലാത്ത സ്നേഹം തോന്നി.. സ്വന്തം മകനായി കേശുവിനെ കരുതുന്നവർ.. പൊരിച്ച മീനും കൂട്ടിയുള്ള ഉച്ചയൂണിന് വല്ലാത്ത രുചി തോന്നി സൈറക്ക്… ചന്ദ്രിയമ്മയുടെ സ്നേഹത്തിൻ്റെ രുചി.. ഉച്ചകഴിഞ്ഞതും വേഷം മാറി ബുള്ളറ്റെടുത്ത് റോഡിലേക്കിറങ്ങി.. വെറുതെയൊന്ന് കറങ്ങണം.. ഇടവഴികഴിഞ്ഞതും മുന്നിൽ നടന്നുവരുന്ന സാമിനെ കണ്ടു… കാണാതെ പോവാമെന്ന് കരുതിയെങ്കിലും ആള് കയ്യ് ഉയർത്തിക്കാണിക്കുന്നുണ്ട്.. വണ്ടി പതിയെ സ്പീഡ് കുറച്ചു.. “എവിടേക്കാ…” സാമാണ്.. ” ഞാൻ വെറുതെ.. ടൗണ് വരെ.. ” “ഞാനും വന്നോട്ടെ.. എനിക്ക് ടൗണിലൊന്ന് പോണായിരുന്നു.” സാം ചോദിച്ചപ്പോൾ “കേറിക്കോ…” എന്നു പറഞ്ഞവൾ.. റോഡിലേക്ക് കയറിയതും ബുള്ളറ്റിൻ്റെ സ്പീഡ് കൂടിത്തുടങ്ങിയിരുന്നു..

“ഡോ… ഒന്ന് പതുക്കെപ്പോടോ.. ഒരു കുപ്പി ചോദിച്ചെന്ന് വെച്ച് താനെന്നെ കൊല്ലാൻ കൊണ്ടുപോവുകയാണോ..?”സാമിൻ്റെ ചോദ്യം കേട്ടപ്പോൾ സൈറ സ്പീഡ് കുറച്ചു… “സ്പീഡിൽ ഓടിച്ചാണ് ശീലം… കാറ്റത്തൊരു അപ്പൂപ്പൻ താടിപോലെ പാറി നടക്കാൻ ഒരു സുഖം.. ” നേർത്ത ചിരിയോടെ പറഞ്ഞവൾ… “ഉം.. പിന്നെ.. കയ്യും കാലുമൊടിഞ്ഞ് മൊത്തം പെയിൻറുമിളകി കിടക്കുമ്പോ അതിനേക്കാൾ സുഖമായിരിക്കും..” കളിയാക്കിക്കൊണ്ട് സാം പറഞ്ഞപ്പോൾ സൈറ ഉറക്കെ ചിരിച്ചു.. റോഡിന് ഇരുവശങ്ങളിലുമുള്ളവർ ആ ചിരി കേട്ട് തിരിഞ്ഞു നോക്കുന്നുണ്ട്.. “തന്നെയാ നോക്കുന്നത്… എന്തൊരു ചിരിയാടോ..” സാം അത് കണ്ട് പറഞ്ഞു. ” ചിരിക്കാൻ തോന്നിയാൽ ചിരിക്കണം…പാടാൻ തോന്നിയാൽ പാടണം.. എന്ത് ചെയ്യാൻ തോന്നുന്നോ അത് ചെയ്യണം അതാണെൻ്റെ പോളിസി.. ” സൈറ കൂളായി പറഞ്ഞു.. “അപ്പൊ വെള്ളമടിക്കാൻ തോന്നിയാലോ.. ” സാം വിടുന്നമട്ടില്ല.. “വെള്ളമടിക്കണം… ” ഉടനെ സൈറയുടെ മറുപടി വന്നു… സാം ഉറക്കെചിരിച്ചു.. അതിനൊപ്പം സൈറയും… ടൗണിനടുത്ത് എത്താറായപ്പോഴാണ് രണ്ടു ബൈക്കുകൾ തന്നെ പിൻതുടരുന്നത് സൈറ ശ്രദ്ധിച്ചത്.. തുടരും.. ( സൈരന്ദ്രിയുടെ കഥയാണിത്… അത് കൊണ്ടു തന്നെ അവളെന്താണെന്ന് പറഞ്ഞു കൊണ്ട് പതിയെ പോവുന്ന കഥയാണിത്..)