18/04/2026

സൈരന്ദ്രി : ഭാഗം 17

രചന – രജിഷ അജയ്ഘോഷ്

കുട നിവർത്തിപ്പിടിച്ച് സാമിൻ്റെ വീട് ലക്ഷ്യമാക്കിയവൾ നടക്കുമ്പോൾ കേശു വണ്ടിയെടുക്കാതെ അവിടെത്തന്നെയിരുന്നു.. ഞാനെന്താ ഇങ്ങനെ? അവൾക്കിഷ്ടമുള്ളവരുടെ കൂടെ വന്നോട്ടെ.. സൈറ തന്നെ ശ്രദ്ധിക്കാതെ സാമിനോട് മിണ്ടുമ്പോൾ എന്തിനാണിങ്ങനെ ദേഷ്യം വരുന്നതാവോ? ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങളുമായി കേശു ഇരുന്നു.. അൽപ്പം കഴിഞ്ഞ് സാമും സൈറയും നടന്നു വരുന്നത് കണ്ടു.. “നീ പോയില്ലാർന്നോ?”സാമാണ്.. “എന്തേ പോണായിരുന്നോ?”കേശുവും തിരിച്ചു ചോദിച്ചു.. “അയ്യോ വേണ്ടേ.. നീ വണ്ടിയെട്…. “സാം മുന്നിൽ കയറി… പിന്നിൽ സൈറയും.. സ്കൂളിലെ ക്യാമ്പിലേക്ക് കയറിയതും സൈറയുടെ സുഖവിവരങ്ങൾ തിരക്കി ആളുകൾ അവളെ പൊതിഞ്ഞു… ചിരുതമ്മയും ചീരുവുമൊക്കെ കയ്യിലും മുഖത്തും തൊട്ട് നോക്കുന്നുണ്ട്.. ആ സ്നേഹപ്രകടനങ്ങളിൽ മനസ്സ് നിറഞ്ഞ് സൈറ നിന്നു.. “കുഞ്ഞേ…” പിന്നിൽ നിന്നും ശബ്ദം കേട്ട് തിരിഞ്ഞു നോക്കുമ്പോൾ ബൊമ്മനാണ്..

കയ്യിൽ മോനുണ്ട്.. “ആഹാ..വാവ മിടുക്കനായല്ലോ.. ” സൈറയാ കുഞ്ഞിക്കവിളിൽ പതിയെ തൊട്ടു.. “ദൈവത്തിനെപ്പോലെ കുഞ്ഞ് വന്നത്കൊണ്ട് എനിക്കെൻ്റെ മോനെ തിരിച്ചു കിട്ടി… കുഞ്ഞിന് നല്ലത് വരാൻ എന്നും ദൈവത്തിനോട് പ്രാർത്ഥിക്കും ഞാൻ…” ബൊമ്മൻ കണ്ണു നിറച്ചു.. “ഇവൻ്റെ അമ്മയെ കണ്ടില്ലല്ലോ.. ” സൈറ ചോദിച്ചു. “ഇവനെ എനിക്ക് തന്നിട്ട് അവള് പോയി.. അമ്മയെ കാണാനുള്ള യോഗമില്ലാത്തവനാ എൻ്റെ കുട്ടി.. ഇവന് വേണ്ടിയാ ഞാൻ ജീവിക്കണത് തന്നെ.. ” ബൊമ്മനത് പറയുമ്പോൾ ഒന്നുമറിയാത്ത മൂന്നു വയസ്സുകാരൻ ചിരിക്കുന്നുണ്ടായിരുന്നു.. ബൊമ്മൻ്റെ വാക്കുകൾ കേട്ട സൈറ എന്തു പറയുമെന്നറിയാതെ നിന്നു.. നൂറ്റമ്പത്തോളം ആളുകൾക്ക് ഭക്ഷണമുണ്ടാക്കേണ്ടതുണ്ട്.. കേശുവും സാമും കൂട്ടുകാരും ആകെത്തിരക്കിലാണ്.. ഉച്ചക്ക് തിരക്കൊന്നൊഴിഞ്ഞ് വീട്ടിലേക്ക് പോവാനിറങ്ങുമ്പോഴാണ് സൈറയെ നോക്കിയത്.. കുട്ടികൾക്കിടയിലുന്ന് അവർക്കൊപ്പം ഉച്ചഭക്ഷണം കഴിക്കുന്നുണ്ട്… “ഡാ.. അവളെ കണ്ടോ?”സാം പിന്നിൽ നിന്നും ചോദിച്ചപ്പോൾ കണ്ണുകൊണ്ട് മുന്നിലേക്ക് കാണിച്ചു..

ആ കാഴ്ച്ച കണ്ട് സാം ചിരിച്ചു.. “മനുഷ്യത്വമുള്ള കുട്ടിയാടാ അവള്…” സാം പറഞ്ഞപ്പോൾ കേശുവിൻ്റെ കണ്ണുകൾ സൈറയിൽ മാത്രമായിരുന്നു.. “വാടാ നമുക്ക് കഴിച്ചിട്ട് വരാം ” സാം വിളിച്ചപ്പോൾ അവനൊപ്പം നടന്നു.. നേരം ഇരുട്ടുന്നത് വരെ അവർക്കൊപ്പം തന്നെയിരുന്നു സൈറ.. രാത്രിഎല്ലാവരും കിടന്ന ശേഷം കേശു പത്മാവതിയമ്മയുടെ അടുത്ത് ചെന്നു കിടന്നു.. “ഇന്നെന്തേ ഉറക്കം വന്നില്ലേ?” അവനെ കണ്ടതും പത്മാവതിയമ്മ ചോദിച്ചു.. കണ്ണൊന്ന് ചിമ്മിയിട്ട് അവർക്കരികിൽ കയറിക്കിടന്നവൻ.. ഇടക്കിടക്ക് ഈ വരവ് പതിവായത് കൊണ്ട് അവർ ചിരിയോടെ ഒന്നൊതുങ്ങി കിടന്നു.. പകലത്തെ വിശേഷങ്ങൾ ഓരോന്നായി അമ്മമ്മയെ പറഞ്ഞു കേൾപ്പിച്ചു കൊണ്ടിരുന്നവൻ.. “സൈറയെന്തിനാ അമ്മമ്മേ ഇവിടെയെല്ലാം വിട്ട് പോയത്?”ഇടക്കവൻ ചോദിച്ചു..

“ഇതെന്താപ്പൊ ഇങ്ങനൊരു ചോദ്യം.. ” “വെറുതെ.. ” പത്മാവതിയമ്മ കുറച്ച് നേരം മൗനമായിരുന്നു.. “നിനക്കോർമ്മയുണ്ടോ ആദ്യമായ് സൈറയെ കൊണ്ടുവന്നത്?..” അമ്മമ്മയുടെ ചോദ്യം കേട്ട് കേശു ഓർത്തുനോക്കി.. ” ഇല്ല…” അവൻ തറപ്പിച്ചു പറഞ്ഞു.. “എൻ്റെ അലമാരയിലെ താഴെ ഭാഗത്ത് ചെറിയൊരു പെട്ടി കാണും.അതിങ്ങെടുത്തേ..” അമ്മമ്മയുടെ വാക്കുകൾ കേട്ട് തപ്പിയപ്പോൾ കേശുവിന് പഴയൊരു പെട്ടി കിട്ടി.. പത്മാവതിയമ്മ അതിനുള്ളിൽ നിന്നും ചെറിയ പുസ്തകം പോലുള്ളൊരു പഴയ ആൽബം കൈയ്യിലെടുത്തു. “ഇതൊന്ന് കണ്ടുനോക്ക്.. ” അമ്മമ്മ പറഞ്ഞപ്പോൾ കേശുവത് വാങ്ങി മറിച്ചു നോക്കി.. മാധവൻ മാമ്മയും നിർമ്മല അമ്മായിയുമാണ് ഫോട്ടോയിൽ.. അമ്മായിയുടെ കയ്യിൽ ചെറിയൊരു കുഞ്ഞുണ്ട്.. ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോയാണ്.. “സൈറയെ ആദ്യമായി ഇവിടേക്ക് കൊണ്ടുവന്ന ദിവസം എടുത്ത ഫോട്ടോയാണത്.. ആ കുഞ്ഞിനെ എടുത്ത് നിക്കുമ്പോൾ എത്ര സന്തോഷമാണ് നിർമ്മലക്കും മാധവനും..” അമ്മമ്മയുടെ വാക്കുകൾ കേട്ട് കേശു ആ ഫോട്ടോയിലേക്ക് സൂക്ഷിച്ച് നോക്കി..

ശരിയാണ് ചിരിയോടെയാണ് രണ്ടാളും നിൽക്കുന്നത്.. ആ കുഞ്ഞു മുഖത്തും ചിരിയാണ്.. ” വിവാഹം കഴിഞ്ഞ് അഞ്ചു വർഷം കഴിഞ്ഞിട്ടും മക്കളുണ്ടാവാതായപ്പോൾ നിർമ്മലയുടെ നിർബന്ധത്തിന് വഴങ്ങിയാണ് സൈറയെ ദത്തെടുത്തത്..ആറുമാസം മാത്രം പ്രായമുള്ള കുഞ്ഞായിരുന്നു അന്നവൾ.. സൈരന്ദ്രി എന്ന പേരിട്ടത് നിൻ്റെ അച്ഛച്ഛനാണ്.. പേര് പോലെത്തന്നെ ഐശ്വര്യമുള്ളൊര് കുഞ്ഞ്.. നിനക്കും ശ്രേയക്കും ശേഷം ഈ വീട്ടിൽ അവളുടെ കളിചിരികളും നിറഞ്ഞുനിന്നു.. ദേവനന്ന് ഇവിടന്ന് താമസം മാറിയിരുന്നു.. ഞങ്ങൾക്കെല്ലാം വളരെ പ്രിയപ്പെട്ടവളായിരുന്നു സൈറ.. നീയെപ്പോഴും കുഞ്ഞിനെ ചുറ്റിപ്പറ്റി നടക്കും.. നിനക്കന്ന് നാലു വയസല്ലേയുള്ളൂ അതാ ഓർമ്മയില്ലാത്തത്..” അമ്മമ്മ പറഞ്ഞപ്പോൾ കേശു തലയാട്ടി.. ” അവൾക്ക് രണ്ട് വയസ്സു കഴിഞ്ഞപ്പോഴാണ് മാധവന് ജോലിയാവശ്യത്തിനായി തൃശ്ശൂര് പോവേണ്ടി വന്നത്.. പിന്നെ നിർമ്മലയും കുഞ്ഞും അവനൊപ്പം പോയി.. നല്ല സന്തോഷത്തോടെ കഴിഞ്ഞിരുന്ന നാളുകൾ…” പത്മാവതിയമ്മയൊന്ന് നെടുവീർപ്പിട്ടു.. “പിന്നെന്താ സംഭവിച്ചത്?”കേശു ആകാംക്ഷയോടെ ചോദിച്ചു..

“സൈറക്ക് ഒമ്പത് വയസ്സായപ്പോഴാണ് നിർമ്മല ഗർഭിണിയായത്… എല്ലാവർക്കും സന്തോഷം തന്നെയായിരുന്നു.. ആ പ്രാവശ്യം ഓണത്തിന് വന്ന കുഞ്ഞുസൈറക്കും വരാൻ പോവുന്ന വാവയെക്കുറിച്ച് പറയാൻ നൂറ് നാവായിരുന്നു.. പക്ഷേ… മാറ്റം വന്നത് നിർമ്മലക്കായിരുന്നു.. സ്വന്തം ചോരയിൽ ഒരു കുഞ്ഞുണ്ടാവുമെന്നറിഞ്ഞപ്പോൾ മുതൽ ദത്തെടുത്ത് ഇത്രയും നാൾ പൊന്നുപോലെ നോക്കിയ കുഞ്ഞിനെയവൾ അകറ്റി നിർത്താൻ തുടങ്ങി.. മറ്റാരും അറിഞ്ഞില്ലെങ്കിലും ആ കുഞ്ഞുമനസ്സത് മനസ്സിലാക്കിയിരിക്കണം.. സൈറയുടെ കളിചിരികൾ കുറഞ്ഞു.. നിർമ്മലയെ പ്രസവത്തിനായി അവളുടെ വീട്ടുകാർ കൊണ്ടുപോയപ്പോൾ മാധവൻ മകളെ എൻ്റെയടുത്ത് കൊണ്ടുവന്നു.. അമ്മ തന്നെ തനിച്ചാക്കിപ്പോയത് അവളെ വല്ലാതെ വേദനിപ്പിച്ചു.. ഊണും ഉറക്കവുമില്ലാതെ കരച്ചിലും ബഹളവുമായിരുന്നു ഇവിടെ.. ഒടുവിൽ മാധവൻ നിർമ്മലയെ വിളിച്ചെങ്കിലും മറ്റുള്ളവർക്ക് സൈറ ബുദ്ധിമുട്ടാവുമെന്ന് പറഞ്ഞ് നിർമ്മലയവളെ കൂടെക്കൂട്ടാൻ തയ്യാറായില്ല… അന്ന് മുതലാണ് അവളുടെ കളിചിരികൾ ഇല്ലാതായത്..

പിന്നെ സായുമോനുണ്ടായപ്പോൾ നിർമ്മല ഒന്നുകൂടി അവളിൽ നിന്നകന്നു.. മാധവൻ അന്നും അവളുടെ പ്രിയപ്പെട്ട അച്ഛനായിരുന്നു.. ഞാൻ വാവയുടെ മാത്രം അമ്മയാണെന്നും നിൻ്റെ അച്ഛനും അമ്മയും മറ്റാരോ ആണെന്നും ഒരിക്കൽ നിർമ്മല സൈറ മോളോട് തുറന്നു പറഞ്ഞു.. പാവം കുഞ്ഞിനത് താങ്ങാനായില്ല.. പനി പിടിച്ച് ഒരാഴ്ച്ചയോളം ഹോസ്പിറ്റലിൽ കിടന്നു.. മാധവൻ എത്ര വഴക്കിട്ടിട്ടും നിർമ്മലയിൽ മാറ്റമൊന്നും ഉണ്ടായില്ല. കുഞ്ഞിനെ തൊടാനും എടുക്കാനുമൊന്നും സൈറയെ സമ്മതിക്കാതെയായി..ഒടുവിൽ സഹികെട്ട് മാധവൻ സൈറയെ ഇവിടെ കൊണ്ടാക്കി… അന്നിവിടെ വരുമ്പോൾ ഊണും ഉറക്കവുമില്ലാതെ കോലം കെട്ടുപോയിരുന്നു പാവം കുട്ടി.. രണ്ടുമാസത്തോളം മാത്രമേ അവളിവിടെ നിന്നുള്ളൂ..ഇവിടെ നിക്കില്ലെന്ന് മാധവനോട് പറഞ്ഞ് പിന്നെയവൾ ഹോസ്റ്റലിലേക്ക് പോയി.. അതിന് ശേഷം ഇപ്പഴാണ് തിരിച്ചു വന്നത്..” പത്മാവതിയമ്മ പറഞ്ഞു നിർത്തുമ്പോൾ മറ്റാരും അറിയാത്ത നിർമ്മലയുടെ മുഖം കേശു തിരിച്ചറിയുകയായിരുന്നു..

സ്വന്തമാണെന്ന് കരുതിയവർ ആരുമല്ലെന്ന് അറിഞ്ഞപ്പോൾ ആ കുഞ്ഞു സൈറക്ക് എത്ര വേദനിച്ചിട്ടുണ്ടാവും.. അവളേറ്റുവാങ്ങിയ അവഗണനകൾ തനിക്ക് ചിന്തിക്കാൻ പോലും കഴിയുന്നില്ല.. അച്ഛനും അമ്മയും ഇല്ലെങ്കിലും ആ കുറവൊന്നും അറിയിക്കാതെയാണ് അച്ഛച്ഛനും അമ്മമ്മയും തന്നെ വളർത്തിയത്… അമ്മാവൻമാരൊക്കെ വരുമ്പോൾ തനിക്കായി വസ്ത്രങ്ങളും കളിപ്പാട്ടങ്ങളും കൊണ്ടുവരും.. ഭക്ഷണം കഴിപ്പിക്കാനും കുളിപ്പിക്കാനും താരാട്ടുപാടിയുറക്കാനും ചന്ദ്രിയമ്മയുണ്ടാവും.. കുറച്ച് വലുതാവുന്നത് വരെയും അച്ഛനും അമ്മയും അച്ഛച്ഛനും അമ്മമ്മയും ആണെന്നാണ് താൻ കരുതിയിരുന്നത് തന്നെ.. എന്നിട്ട് പോലും വലുതായപ്പോൾ എനിക്ക് മാത്രമെന്താ അച്ഛനും അമ്മയുമില്ലാത്തതെന്ന് സങ്കടപ്പെട്ടിട്ടുണ്ട്.. അപ്പോൾ സൈറയെത്ര സങ്കടപ്പെട്ടിട്ടുണ്ടാവും.. ചെറിയ പ്രായത്തിൽ തന്നെ തനിച്ചായിപ്പോയവൾ.. അവളെങ്ങനെ അതെല്ലാം അതിജീവിച്ചിരിക്കും.. കേശുവിന് അവളെ കാണാൻ തോന്നി..

ചേർത്ത് പിടിച്ച് നിനക്ക് ഞാനുണ്ടെന്ന് പറയാൻ തോന്നി.. “എന്നിട്ടെന്താ നിർമ്മല അമ്മായി കാരണമാണ് സൈറ പോയതെന്ന് ആരുമറിയാതെ പോയത്?” കേശു തൻ്റെ സംശയം മറച്ചു വെച്ചില്ല.. “മാധവനന്ന് വല്ലാതെ വിഷമിച്ചിരിക്കുന്ന സമയമായിരുന്നു.. സ്വന്തമായി കരുതി വളർത്തിയെടുത്ത മകളൊരുവശത്ത് ഭാര്യയും സ്വന്തം ചോരയും മറുവശത്ത്.. എന്തെല്ലാം പറഞ്ഞിട്ടും നിർമ്മല സൈറയെ അവഗണിച്ചു കൊണ്ടിരുന്നപ്പോൾ ഞാനാണ് സൈറയെ ഇങ്ങോട്ട് കൊണ്ടുവരാൻ പറഞ്ഞത്..പക്ഷേ.. അവൾ ഇവിടെ കൂടുതൽ നിന്നില്ല.. അധിക സമയവും മുറിക്കുള്ളിലൊതുങ്ങിക്കൂടി.. വല്ലാത്തൊരു പെരുമാറ്റമായിരുന്നു അന്ന്.. ഒടുവിൽ ഇവിടെ പറ്റില്ലെന്ന് വാശി പിടിച്ച് ഹോസ്റ്റലിലേക്ക് മാറി.. നിർമ്മല തന്നെയാണ് അവൾക്ക് സായുവിനെ ഇഷ്ടമില്ലാത്തത് കൊണ്ട് പോയതാണെന്ന് എല്ലാവരോടും പറഞ്ഞത്.. കുടുംബത്തിൽ വിള്ളലുണ്ടാവണ്ടെന്ന് കരുതി മാധവനന്ന് മൗനം പാലിച്ചതേയുള്ളൂ..

പക്ഷേ ഇക്കാലമത്രയും അവളെ മകളായിത്തന്നെ കണ്ടു അവൻ.. ഇടക്ക് ഹോസ്റ്റലിൽ പോവും.. അവൾക്ക് വേണ്ടതെല്ലാം ചെയ്തു കൊടുക്കും..” പത്മാവതിയമ്മ പറഞ്ഞു നിർത്തി.. മാധവൻ മാമ്മയുടെ മൗനം സൈറയെ എല്ലാവർക്കും മുന്നിൽ തെറ്റുകാരിയാക്കിയതാണ്. എടുത്തു വളർത്തിയവരെ ഉപേക്ഷിച്ച് പോയവൾ.. ആർക്കോ ഉണ്ടായതല്ലേ അവൾ തനി ഗുണം കാണിച്ചതാ.. സൈറയെക്കുറിച്ച് പലപ്പോഴും കേട്ട വാക്കുകൾ താനും എപ്പോഴോ വിശ്വസിച്ചിരുന്നു.. അത്കൊണ്ട് തന്നെയാണ് വന്നിട്ടും അകന്ന് നിന്നത്.. പക്ഷേ ഇന്ന് എല്ലാം തെറ്റായിരുന്നുവെന്ന് അറിയുമ്പോൾ അറിയാതെയാണെങ്കിലും താനും അവളെ വേദനിപ്പിച്ചിരുന്നു എന്നൊരു തോന്നൽ കേശുവിൻ്റെ ഉള്ളിൽ നിറഞ്ഞുനിന്നു.. “ആദ്യമൊക്കെ വിളിച്ചാൽ കിട്ടുമായിരുന്നു.. പിന്നെക്കുറെക്കാലാം വിളിയോ പറച്ചിലോ ഒന്നുമില്ലായിരുന്നു.. അങ്ങോട്ട് വിളിച്ചാലും എടുക്കാതെയായി.. മാധവനോടും അങ്ങനെ തന്നെ.. രണ്ട് മൂന്ന് വർഷം മുൻപ് ഒരു ദിവസമെന്നെ ഇങ്ങോട്ട് വിളിച്ചു.. സൈറയാണെന്ന് പറഞ്ഞു.. ഇപ്പൊ പട്ടാളത്തിലാണെന്ന് പറഞ്ഞു.. വല്ലാത്ത ഉത്സാഹത്തോടെ ഒരുപാട് സംസാരിച്ചു..

പിന്നെ ഇടക്ക് വിളിക്കും.. വരാമെന്ന് പറയും.. ഇത്തവണയവൾ വന്നു… പഴയ സൈറയായി.. ആ കളിയും ചിരിയുമൊക്കെ എന്നും കാണണേ ഭഗവതീന്നൊരു പ്രാർത്ഥനയേ ഉള്ളൂ.. ” പത്മാവതിയമ്മ നിറഞ്ഞ കണ്ണുകൾ തുടച്ചു.. കേശു അമ്മമ്മയെ ചേർത്തു പിടിച്ചു.. കണ്ണുകൾ തുടച്ചു കൊടുത്തു.. “നേരം ഒരുപാടായി ഉറങ്ങിക്കോ.. ” പുതപ്പെടുത്ത് നന്നായി പുതപ്പിച്ചു കൊടുത്തു.. അമ്മമ്മയുടെ അരികിൽ ആ ചൂടിൽ പറ്റിച്ചേർന്ന് കിടന്നു.. അവരവനെ ചേർത്ത് പിടിച്ചു.. ഏറെനേരം കഴിഞ്ഞിട്ടും കേശുവിന് ഉറക്കം വന്നില്ല.. സൈറയിപ്പോഴും തനിച്ചാണ്.. ഒറ്റക്കായ നിമിഷങ്ങളിലൊക്കെ അവളും ആഗ്രഹിച്ചുകാണില്ലേ ഇതുപോലൊരു ചേർത്ത് പിടിക്കൽ.. ഇല്ല സൈറാ നീയിനി ഒറ്റക്കല്ല.. കൂടെ ഞാനുണ്ടാവും.. എന്നും… തുടരും…