18/04/2026

സൈരന്ദ്രി : ഭാഗം 36

രചന – രജിഷ അജയ്ഘോഷ്

 

“കല്യാണം കഴിഞ്ഞ് ആദ്യമായിട്ട് നിൻ്റെ അച്ഛാച്ഛൻ എനിക്ക് വാങ്ങിത്തന്നതാ.. അങ്ങേർക്കിത് വല്യ ഇഷ്ടമായിരുന്നു..” പത്മാവതിയമ്മ ചിരിച്ചു..

“എന്നിട്ടെന്താ ഇതിടാത്തെ?” സൈറയാണ്..

“ഈ വയസ്സാം കാലത്തോ? ചെറിയ പ്രായത്തിൽ കുറെയിട്ടതാ.. പിന്നെ മാറ്റി വെച്ചു.. ”

“നമുക്കിഷ്ടമുള്ള വസ്ത്രങ്ങളും ആഭരണങ്ങളുമൊക്കെ ധരിക്കാനെന്തിനാ വയസ്സൊക്കെ നോക്കുന്നതെൻ്റെ അച്ഛമ്മേ..
നമുക്കിഷ്ടമുള്ളത് ചെയ്യണം.. ഇഷ്ടം പോലെ നടക്കണം.. ” സൈറ പറഞ്ഞു..

“അന്നൊക്കെ അങ്ങനെയായിരുന്നു കുട്ടിയെ..
അതൊരു കാലം..പക്ഷേ എൻ്റെ കുട്ടികൾ ഇഷ്ടം പോലെ സന്തോഷായിട്ട് ജീവിക്കണം.. അത്രേയുള്ളു എനിക്ക്.. ” പത്മാവതിയമ്മയുടെ ശബ്ദമിടറി…
കേശു അവരെ ചേർത്തു പിടിച്ചു..

“നാളെത്തന്നെ പോയി ഇതെല്ലാം മാറ്റി കുട്ടിക്ക് ഇഷ്ടമുള്ളതെടുക്കാം.. ”

“അച്ഛമ്മക്കറിയാലോ ഞാനങ്ങനെ ആഭരണങ്ങളൊന്നും ഉപയോഗിക്കാറില്ല.. എന്തിനാ വെറുതെ ഇതൊക്കെ.. “സൈറ താത്പര്യമില്ലാതെ പറഞ്ഞു..

“വേണം.. നിറയെ ആഭരണങ്ങളൊക്കെ അണിഞ്ഞ് വേണം എൻ്റെ കേശൂട്ടൻ്റെ പെണ്ണ് മണ്ഡപത്തിലേക്ക് കയറാൻ.. എൻ്റെ ഒരു സ്വപ്നമാണത്.. ഇതൊക്കെ സൂക്ഷിച്ച് വെച്ചതും ഇവൻ്റെ പെണ്ണിന് കൊടുക്കാൻ വേണ്ടിയാണ്.. ”
അച്ഛമ്മ അൽപ്പം വികാരഭരിതയായി..
സമ്മതിക്കെടോ.. കേശുവും കണ്ണുകൊണ്ട് കാണിച്ചു..

“ശരി സമ്മതിച്ചു.. ഇനി ഇതും പറഞ്ഞ് ഈ കണ്ണ് നിറക്കണ്ടാട്ടോ..” സൈറ അച്ഛമ്മയോട് ചേർന്നിരുന്ന് ആ തോളിലേക്ക് മുഖം ചേർത്തു..
പത്മാവതിയമ്മയുടെ മുഖം തെളിഞ്ഞു..

“പക്ഷേ ഒരു കാര്യം…” സൈറ മുഖമുയർത്തിയതും കേശുവും പത്മാവതിയമ്മയും ഒരുപോലെ സൈറയെ നോക്കി..

“നമുക്ക് ഇതൊന്നും മാറ്റെണ്ട.. ഇതൊക്കെയൊന്ന് ക്ലീൻ ചെയ്താമതി.. എനിക്കീ മോഡലൊക്കെ
ഇഷ്ടായി.. കേശുവേട്ടനോ..?” സൈറ ചോദിച്ചപ്പോൾ കേശു ചിരിച്ചുകൊണ്ട് തലയാട്ടി..

“ഇതൊക്കെ പഴയ മോഡലല്ലേ കുട്ടീ.. ഇപ്പഴത്തെ കുട്ടികൾക്കിതൊന്നും ഇഷ്ടാവില്ലാന്ന് കരുതിയാണ് മാറ്റാമെന്ന് പറഞ്ഞത്.. ”

“എന്നാലും സാവിത്രിയമ്മയുടെ ആഭരണങ്ങൾ ഞാനണിയുമ്പൊ അച്ഛമ്മക്കും കേശുവേട്ടനും കാണാലോ..” സൈറയുടെ വാക്കുകൾ കേട്ട് പത്മാവതിയമ്മയുടെയും കേശുവിൻ്റെയും മനസ് നിറഞ്ഞു.. അച്ഛമ്മ അവളെ വാത്സല്യത്തോടെ ഒന്ന് തലോടി..

“എന്നാ നാളെത്തന്നെ കല്യാണ ഡ്രസ്സും എടുക്കാം.. ഇനി വൈകണ്ട..” എന്നും പറഞ്ഞിറങ്ങിയ അമ്മമ്മക്ക് പിന്നാലെ കേശുവും പുറത്തേക്കിറങ്ങി..
അവരിറങ്ങിയപ്പോൾ തന്നെ സൈറ വാതിലടച്ചു തിരിയും മുന്നേ വാതിൽക്കൽ മുട്ടുകേട്ടു…
വാതിൽ തുറന്നതും കേശു പെട്ടന്ന് വന്ന് സൈറയെ ഇറുകെ പുണർന്നു..
സൈറയൊന്ന് ഞെട്ടി..
“സൈറാ….” പതിയെ വിളിച്ചവൻ…

“ഉം… ”

“ലവ് യൂ…” കാതോരം പറഞ്ഞവൻ.. സൈറയുടെ ചുണ്ടിൽ ചിരിയാണ്..
“ലവ് യൂ കേശൂട്ടാ…..”

❤❤

“ചന്ദ്രീ ഉച്ചത്തേക്കൊന്നും ഉണ്ടാക്കാൻ നിക്കണ്ട.. വേഗം റെഡിയായിക്കോ.. കല്യാണത്തിന് ആഭരണങ്ങളും വസ്ത്രങ്ങളുമൊക്കെ എടുക്കാൻ പോവാം.. “ചായ കുടിക്കുന്ന സമയത്താണ് പത്മാവതിയമ്മ പറഞ്ഞത്..
ചന്ദ്രിയമ്മ അമ്പരന്നു നിന്നു..

“ഞാൻ… ഞാനോ.. “അവരൊന്ന് വിക്കി..

“പിന്നല്ലാതെ… അമ്മയല്ലാതെ ആരാ മകൻ്റെ കല്യാണത്തിന് താലിയും മാലയുമൊക്കെ
നോക്കി എടുക്കുന്നെ?” സൈറ ചിരിയോടെ
ചന്ദ്രിയമ്മയെ നോക്കി.. അവർ നിറഞ്ഞ കണ്ണുകളോടെ കേശുവിനെ നോക്കി..
കേശു എഴുന്നേറ്റ് വന്ന് ചന്ദ്രിയമ്മയെ ചേർത്ത് പിടിച്ചു..

“ഈ മകനെ കാണാതിരിക്കാൻ കഴിയില്ലെന്ന് പറഞ്ഞ് സ്വന്തമായൊരു ജീവിതം പോലും വേണ്ടെന്ന് വെച്ച ഈ അമ്മ വേണം എൻ്റെ പെണ്ണിന് വേണ്ടതെല്ലാം തെരഞ്ഞെടുക്കാൻ…”
കേശു പറഞ്ഞു നിർത്തുമ്പോൾ ചന്ദ്രിയമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.. അവരവൻ്റെ മുഖത്ത് തലോടി.. ഒരമ്മയുടെ വാത്സല്യത്തോടെ കവിളിലൊന്ന് ചുണ്ടു ചേർത്തു.. കേശു
തിരികെയും..
കണ്ടു നിന്ന പത്മാവതിയമ്മയുടെയും സൈറയുടെയും കണ്ണു നിറഞ്ഞു..

സൈറക്ക് വല്യ ആഭരണങ്ങൾ വേണ്ടെന്ന് അറിയാവുന്നത് കൊണ്ട് നേർത്ത ചെറിയൊരു ചെയിനും കുമ്പളത്താലിയുമാണ് കേശു നോക്കിയത്.. ചെറുതല്ലേ എന്ന് പത്മാവതിയമ്മ പറഞ്ഞെങ്കിലും സൈറക്ക് അതുമതിയെന്ന് പറഞ്ഞപ്പോൾ മനസ്സില്ലാ മനസ്സോടെ സമ്മതിച്ചു..
ചന്ദ്രിയമ്മയെ കാണിച്ചപ്പോൾ ആൾക്കത് ഇഷ്ടപ്പെട്ടു..
പഴയ ആഭരണങ്ങൾ കഴുകി വാങ്ങിയപ്പോൾ പുതിയത് പോലെ തിളക്കം വന്നു.. അച്ഛമ്മയുടെ വലിയ ജിമിക്കിയെടുത്ത് ചെവിയോട് ചേർത്ത് വെച്ച് ഭംഗി നോക്കുന്നവളെ കണ്ട് മൂന്നാളും
ചിരിച്ചു..
നിശ്ചയം നടത്താത്തത് കൊണ്ട് കല്യാണത്തിന് മാറാൻ രണ്ടു പേരുടെയും പേരുകൊത്തിയ മോതിരത്തിന് അളവുകൊടുത്തു..

സാരിയെക്കുറിച്ച് ഒട്ടും അറിവില്ലാത്തത് കൊണ്ട് ആ ജോലി അമ്മമ്മക്കും ചന്ദ്രിയമ്മക്കും ഏൽപ്പിച്ചു കൊടുത്തു സൈറ..അവര് എടുക്കുന്ന സാരികൾ ദേഹത്ത് വെച്ചു നോക്കുമ്പോൾ കേശുവിനെ നോക്കും.. ഏറെ നേരത്തെ തിരച്ചിലിനൊടുവിൽ എല്ലാർക്കും ഇഷ്ടപ്പെട്ടൊരു ഓറഞ്ചിൽ ഗോൾഡൻ ബോർഡറുള്ള ഗോൾഡൻ ഷെയ്ഡുള്ളൊരു സാരിയെടുത്തു.. നിറയെ മുത്തുകൾ പതിപ്പിച്ചിട്ടുണ്ട്..
സെയിൽസ് ഗേൾ ഇട്ടിരുന്ന ടീ ഷർട്ടിനു മുകളിൽ സാരി ഭംഗിയായി ഉടുപ്പിച്ച് കാണിച്ചു കൊടുത്തു.. സൈറയുടെ കണ്ണുകൾ ആദ്യം തേടിയത് കേശുവിനെയാണ്..
സാരിയിൽ സൈറയെ കണ്ടതിൻ്റെ അമ്പരപ്പിൽ നിൽക്കുന്നവനോട് കൊള്ളാമോ എന്നവൾ പുരികമുയർത്തി..
ഉഗ്രൻ എന്നവൻ കൈ കൊണ്ട് കാണിച്ചു..
ചന്ദ്രിയമ്മയുടെയും പത്മാവതിയമ്മയുടെയും മുഖം കണ്ടാലറിയാം ഇതെടുത്ത മട്ടാണെന്ന്.. തലേ ദിവസത്തേക്കുള്ളതും എടുത്തു..
കേശുവിന് ചന്ദനക്കളർ ഷർട്ടുംകസവുമുണ്ടും..

ചന്ദ്രിയമ്മക്കും പത്മാവതിയമ്മക്കും
സെറ്റ്സാരിയും സെറ്റുംമുണ്ടും രണ്ടു മൂന്നെണ്ണം എടുത്തു..

“താങ്ക്സ്…”ചന്ദ്രിയമ്മയുടെ സന്തോഷം കണ്ടപ്പോൾ കേശു സൈറയുടെ കാതിൽ പതിയെ പറഞ്ഞു..

“എന്തിന്?” സൈറ കണ്ണു മിഴിച്ചു…

“ദാ… ആ ചിരി കണ്ടോ…അതിന്..” അവൻ ചന്ദ്രിയമ്മയെ കാണിച്ചു കൊടുത്തു..
സതീഷും കൂടി വന്നിട്ട് ബാക്കിയുള്ളവർക്കെടുത്തോളാമെന്ന് കേശു പറഞ്ഞതോടെ അന്നത്തെ ഷോപ്പിങ്ങ് അവസാനിപ്പിച്ച് പുറത്ത് നിന്ന് ഭക്ഷണവും കഴിച്ച് തിരികെയെത്തുമ്പോൾ രാത്രിയേറെ വൈകിയിരുന്നു..

പിറ്റേന്ന് ഉച്ചയോടടുത്താണ് സൈറയെത്തേടി
ഡൽഹിയിലെ മിലിട്ടറി ഓഫീസിൽ നിന്നും ഒരു കോൾ വന്നത്..
നാടിനു വേണ്ടി സ്വന്തം ജീവൻ പണയപ്പെടുത്തി മരണത്തെ മുഖാമുഖം കണ്ട് പൊരുതി ജീവിച്ച സൈരന്ദ്രി മാധവനെ പ്രധാനമന്ത്രി ആദരിക്കുന്നു..
ധീരവനിതയ്ക്കുള്ള ആ പുരസ്കാരം സ്വീകരിക്കാൻ സൈറയെ ക്ഷണിച്ചു കൊണ്ടുള്ള കോളായിരുന്നു അത്..
സന്തോഷം കൊണ്ട് സൈറയുടെ കണ്ണ് നിറഞ്ഞു..

“താങ്ക് യു സർ…ഐ വിൽ ബി ദേർ… ” അവളുടെ സ്വരം ഇടറി..
സന്തോഷത്തോടെ ഓടിച്ചെന്ന് അച്ഛമ്മയെ കെട്ടിപ്പിടിച്ചു വട്ടം കറക്കി..

“നിർത്തുകുട്ടീ…” അവരൊന്ന് വെപ്രാളപ്പെട്ടു..

ബഹളം കേട്ട് വന്ന കേശുവിനെ കണ്ടപ്പോൾ അച്ഛമ്മയുണ്ടെന്ന് പോലും ഓർക്കാതെ ഓടിച്ചെന്ന് കവിളിൽ ചുണ്ട് ചേർത്തു…
ഈ പെണ്ണിനിതെന്ത് പറ്റിയെന്ന് കവിളിൽ കയ്യും വെച്ച് വായും പൊളിച്ച് കേശു ചിന്തിച്ചു പോയി..
ഒടുവിൽ ആവേശത്തോടെ അതിലേറെ സന്തോഷത്തോടെ അവാർഡിൻ്റെ കാര്യം പറയുമ്പോൾ കേട്ടു നിന്നവരുടെ മുഖവും സന്തോഷത്താൽ വിടർന്നിരുന്നു..

കേശു ഡേറ്റ് ചോദിച്ചപ്പോഴാണ് കല്യാണം കഴിഞ്ഞ് അടുത്ത ദിവസമാണെന്ന് സൈറ ചിന്തിച്ചത്..
ഇനിയെന്ത് ചെയ്യുമെന്ന ഭാവത്തിലവൾ കേശുവിനെ നോക്കി.. അവനൊന്ന് ആലോചിച്ചു..

“കല്യാണം കഴിഞ്ഞശേഷം രാത്രിയിലുള്ള ഫ്ലൈറ്റിന് കയറാം.. ഒരു റൂമെടുത്ത് ഒന്നുറങ്ങി ഫ്രഷായി രാവിലെ ഫങ്ങ്ഷന് പോവാടോ..”കേശു പറഞ്ഞപ്പോൾ സൈറക്കും സമ്മതമായിരുന്നു..

“ആ തിരക്കിനിടയിൽ പോവുന്നത് ബുദ്ധിമുട്ടാവും.. എന്നാലും സാരല്ല..പോയിട്ട് വാ.. ” അച്ഛമ്മ കൂടി പറഞ്ഞപ്പോൾ അവൾ ചിരിച്ചു..

അത്രമേൽ തിരക്കോടെ ഓരോ ദിവസങ്ങൾ കടന്നു പോയി.. കേശുവിനെ ഒന്ന് കാണാൻ കൂടെ കിട്ടാതായി.. സാമുണ്ട് എന്തിനും അവൻ്റെ കൂടെ…
സായുവും സതീഷും കുടുംബവും ഒരാഴ്ച്ച മുൻപേ എത്തി… കുമാരേട്ടനും സത്യേച്ചിയും വീട്ടിലെ ജോലികളിലാണ്..കല്യാണ ബഹളങ്ങൾ വീട്ടിലും നിറഞ്ഞു..
എല്ലാവർക്കും ഓരോരോ ഉത്തരവാദിത്തങ്ങൾ ഉണ്ട്.. സൈറ മാത്രം ഫ്രീയാണ്.. എന്ത് സഹായത്തിന് ചെന്നാലും എല്ലാവരും സ്നേഹത്തോടെ മാറ്റി നിർത്തും..

“ചേച്ചി വരുന്നോ… ഇന്ന് കളിയുണ്ട്.. ” ഉച്ചകഴിഞ്ഞ്
ബോറഡിച്ചിരുക്കുമ്പോഴാണ് അഭിക്കുട്ടൻ ബാറ്റുമായി വന്ന് ഗേറ്റിനരികിൽ നിന്നും ചോദിച്ചത്..
“ദാ.. വരുന്നു… ” സൈറ കൈ ഉയർത്തിക്കാട്ടി അവനരികിലേക്ക് നടന്നു..
ഇത്തവണ ആദ്യമായിട്ടാണ് കളിക്കാനിറങ്ങുന്നത്..

“സൈറാ…. “അഭിക്കൊപ്പം കുറച്ച് ദൂരം നടന്നപ്പോൾ
പിന്നിൽ നിന്നും പത്മാവതിയമ്മ വിളിച്ചത് സൈറ കേട്ടില്ല..

” എന്താ അമ്മമ്മേ?”കേശുവാണ് വിളി കേട്ടത്..

“കുട്ടി കുമാരൻ്റെ മോൻ്റൊപ്പം പുറത്തേക്ക് പോയി..
കല്യാണമായ കുട്ടിയല്ലേ.. പഴയത്പോലെ കളിച്ച് നടന്നാൽ ആളോള് ഓരോന്ന് പറയില്ലേ.. നീയൊന്ന് പോയി കൂട്ടീട്ട് വാ.. ” പത്മാവതിയമ്മ വെപ്രാളപ്പെട്ടു..
കേശുചിരിച്ചു..

“അവള് കളിച്ചോട്ടെ അമ്മമ്മേ.. സൈറയെ നമുക്കറിയില്ലേ അത് മതി.. ആളുകളെ പേടിച്ച് അവളുടെ ഒരിഷ്ടവും ഇല്ലാതാക്കാൻ ഞാനിഷ്ടപ്പെടുന്നില്ല.. താലി ഒരിക്കലും ഒരു ബന്ധനമാക്കാൻ ഞാനാഗ്രഹിക്കുന്നില്ല..
സൈറക്കൊപ്പം അവളുടെ സ്വപ്നങ്ങൾക്കൊപ്പം കൂട്ടായി നിൽക്കാനാണ് എനിക്കിഷ്ടം.. “കേശു പറഞ്ഞപ്പോൾ പത്മാവതിയമ്മയുടെ കണ്ണ് നിറഞ്ഞു..

“ഏതൊരു പെണ്ണും ഇതേ ആഗ്രഹിക്കൂ..
രണ്ടാളും എന്നും സന്തോഷത്തോടെ
ഇരുന്നാമതി.. “കേശുവിനെ ചേർത്തു പിടിച്ചവർ..
❤❤

സാമിൻ്റെ ഒത്തു കല്യാണമാണിന്ന്..
കല്യാണത്തിരക്കാണെങ്കിലും സൈറയും കേശുവും
പള്ളിയിലേക്ക് പോയി..
ഇരുനിറത്തിൽ മെലിഞ്ഞ സുന്ദരിക്കുട്ടിയാണ് ലിയോന..
സാമിനൊപ്പം നിൽക്കുമ്പോൾ സൈറയെ കണ്ട് അവളൊന്ന് ചിരിച്ചു..
രണ്ടാളും നല്ല ചേർച്ചയാണെന്ന് സൈറ കൈ കൊണ്ട് കാണിച്ചു..
പള്ളിയിലെ ചടങ്ങുകളെല്ലാം കഴിഞ്ഞ് ഫോട്ടോയെടുപ്പും കഴിഞ്ഞ് സാം വരുമ്പോഴേക്കും കേശുവും സൈറയും ഭക്ഷണം കഴിച്ച് കഴിഞ്ഞിരുന്നു..
ലിയോന സൈറയെ ചിരിയോടെ കെട്ടിപ്പിടിച്ചു..

” ടി വി യിലൊക്കെ കണ്ട സൈരന്ദ്രി സാമിൻ്റെ ഫ്രണ്ടാണെന്ന് അറിഞ്ഞപ്പോൾ മുതൽ ആഗ്രഹിച്ചതാ കാണുമ്പോ ഇങ്ങനെയൊന്ന് കെട്ടിപ്പിടിക്കാൻ…” ലിയോന സന്തോഷത്തിലാണ്..

“സൈറയുടെ ഫ്രണ്ടായത് കൊണ്ട് വേണേൽ നമ്മളെയും ഒന്നു കെട്ടിപ്പിടിച്ചോ ലിയാ…” സാം
കളിയായി പറഞ്ഞു…

“ഏയ്… വേണ്ടാന്നേ… “ലിയോന കണ്ണൊന്ന് ചിമ്മിച്ചിരിച്ചു….
അത് കണ്ട് സൈറയും കേശുവും ഉറക്കെ ചിരിച്ചു.. സാം ചമ്മിയ മട്ടിലാണ്..
കല്യാണത്തിരക്കായത് കൊണ്ട് വേഗം തന്നെ അവരോട് യാത്ര പറത്തിറങ്ങി..

വീട്ടിലെത്തുമ്പോൾ പത്മാവതിയമ്മയുടെ നാട്ടിൽ നിന്നും ബന്ധുക്കൾ എത്തിയിട്ടുണ്ട്.
കേശുവിന് ചിലരെയൊക്കെ അറിയാം..
പത്മാവതിയമ്മ തന്നെ സൈറയെ എല്ലാവരെയും പരിചയപ്പെടുത്തിക്കൊടുത്തു..
കളവും മുറ്റവും നിറഞ്ഞ വലിയ പന്തലിടുന്നതിൻ്റെ തിരക്കിലാണ് മാധവനും സതീഷും.. വേഷം മാറി കേശുവും അവർക്കൊപ്പം ചേർന്നു..

സൗഭാഗ്യക്കൊപ്പം സൈറ ബ്യൂട്ടീപാർലറിലൊന്ന് പോയി വന്നു.. രാത്രിയായതോടെ പന്തല്
പണി കഴിഞ്ഞ് നിറയെ അലങ്കാര ബൾബുകൾ വഴിയിലും പന്തലിലും ജ്വലിച്ചു നിന്നു..
വരുന്നവരെല്ലാം സ്നേഹത്തോടെ സൈറയോട് പെരുമാറിയപ്പോൾ പുതിയ അനുഭവങ്ങൾ ആസ്വദിക്കുകയായിരുന്നവൾ..

പിറ്റേന്ന് രാവിലെ മുതൽ ആളുകൾ വന്ന് തുടങ്ങി…
സതീഷും മാധവനും ചേർന്ന് ദേവരാജനെ കൊണ്ടുവരാൻ പോയി..
കുറെ കഴിഞ്ഞ് നിരാശരായവർ മടങ്ങി വന്നപ്പോൾ പത്മാവതിയമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകി..
“എന്നാലും ആരും വരില്ലെന്ന് പറഞ്ഞല്ലോ.. ”
കേശു പക്ഷേയത് പ്രതീക്ഷിച്ചിരുന്നു..

ഉച്ചകഴിഞ്ഞ് സൈറയുടെ ബുള്ളറ്റുമായി നാദിയെത്തി..
“നാദീ…. ” സൈറ ഓടിച്ചെന്നവളെ കെട്ടിപ്പിടിച്ചു..
നാദി തിരികെയും..
“സൈറാ.. നീ തടി വെച്ചല്ലോ…” നാദിയവളെ നോക്കി പറഞ്ഞു..

“ശരിക്കും… ”

“ആടാ… നല്ല കാശ്മീരി ആപ്പിളുപോലെ ചുവന്ന് തുടുത്ത്..”നാദിയുടെ ഭാവം കണ്ട് സൈറ ചിരിച്ചു പോയി…
പിന്നെ രണ്ടാളും ഒരുമിച്ചായിരുന്നു അന്നേ ദിവസം മുഴുവൻ…
രാത്രിയായതോടെ ആ നാടുമൊത്തം തറവാട്ടിലേക്കെത്തി… ജോലികളെല്ലാം മറ്റുള്ളവർ ഏറ്റെടുത്തപ്പോൾ കേശു പൂർണ്ണമായും പന്തലിൽ വരുന്നവരോട് സംസാരിച്ച് നിന്നു..
സൈറ ബന്ധുക്കളോട് മിണ്ടിപ്പറഞ്ഞ് അകത്തായിരുന്നു..
ഭക്ഷണം കഴിക്കാനിറങ്ങിയപ്പോൾ കേശുവേട്ടനെ ഒന്ന് കണ്ടു.. ഒരു ചിരികിട്ടി അത്രമാത്രം..

നാളെ രാത്രി ഏഴു മണിക്കാണ് ഡൽഹിക്കുള്ള ഫ്ലൈറ്റ്.. കഴിച്ചു കഴിഞ്ഞ് വന്ന് കൊണ്ടുപോവാനുള്ളതെല്ലാം പാക്ക് ചെയ്തു വെച്ചു… അതിനിടയിൽ ഫോൺ അടിച്ചത് എടുത്തു നോക്കിയപ്പോൾ കേശുവേട്ടനാണ്.. ഇതെന്താ ഇപ്പോ എന്ന ചിന്തയോടെ ഫോണെടുത്ത് ചെവിയോട് ചേർത്ത് വെച്ചു..

“സൈറാ….” നീട്ടിയുള്ള ആ വിളി കേട്ടപ്പോഴേ സൈറയുടെ ചുണ്ടിൽ ചിരി വിടർന്നു….

“ഉം… ” മൂളിയപ്പോൾ മറുപുറത്ത് ചിരിയാണ്..

“ഉറക്കം വന്നോ?”

“ഇല്ല.. ഞാൻ ബാഗൊക്കെ റെഡിയാക്കുകയായിരുന്നു… ”

“ഞാനും… എന്നാ ശരീടാ താൻ ഉറങ്ങിക്കോ.. ഞാനെന്തായാലും വൈകും..” കേശു പറഞ്ഞപ്പോൾ സൈറ തന്നെ ഫോൺ ഓഫാക്കി വെച്ചു..
തിരിഞ്ഞു നോക്കുമ്പോൾ നാദി ആക്കിയൊരു ചിരിയോടെ ഇരിപ്പുണ്ട്.. അവളെ നോക്കിയെന്ന് ചുണ്ടുകോട്ടി അടുത്ത് പോയിരുന്നു..

നാദിയാണ് സൈറയുടെ രണ്ടു കൈയ്യും നിറയെ മൈലാഞ്ചിയിട്ടത്.. ഉണങ്ങും മുൻപേ ഉറക്കം തൂങ്ങുന്നവളുടെ കൈകൾ സൂക്ഷിച്ച് പിടിച്ച് കൂട്ടിരുന്നവൾ.. പിന്നെയെപ്പോഴോ രണ്ടാളും ഉറക്കത്തെ കൂട്ടുപിടിച്ചിരുന്നു..

തുടരും..