രചന – രജിഷ അജയ്ഘോഷ്
“നമ്മുടെ വീടല്ലേ സൈറാ.. അവിടെ അമ്മമ്മേം ചന്ദ്രിയമ്മേം നീയും ഞാനും മാത്രേ ഉണ്ടാവൂ..
ഞങ്ങൾക്കെല്ലാം ഈ സൈറയെ ഒരുപാടിഷ്ടമാണ്.
കല്യാണം കഴിഞ്ഞാലും സൈറ എന്താണോ അത് പോലെ മതി എന്നും… എപ്പോഴും.. കൂടുതലൊന്നും ആലോചിച്ച് ടെൻഷനാവണ്ട..” കോർത്തു പിടിച്ച സൈറയുടെ വിരലുകളെ ഒന്നുകൂടി മുറുക്കിപ്പിടിച്ചു ചുണ്ടിലേക്ക് ചേർത്തവൻ..
കേശുവിൻ്റെ വാക്കുകൾ കേട്ടപ്പോൾ ചെറിയൊരു ആശ്വാസം തോന്നി സൈറക്ക്…
ചെറിയൊരു ചിരിയോടെ കേശുവേട്ടനെ നോക്കുമ്പോൾ കോർത്ത് പിടിച്ച വിരലുകളുടെ ചേർച്ച നോക്കുകയാണവൻ.. സൈറയൊന്ന് കൈ വലിച്ചെങ്കിലും കേശു മുറുക്കിപ്പിടിച്ചിരുന്നു..
“എന്തായാലും തീരുമാനമായി.. കല്യാണം എങ്ങനെ വേണമെന്നാ തൻ്റെ അഭിപ്രായം.. ” കേശു സൈറയെ നോക്കി പുരികമുയർത്തി..
“എൻ്റെ ചിന്തകളിൽ കല്യാണമെന്നൊരു കാര്യം തന്നെയില്ലായിരുന്നു..”
“അത് പണ്ടല്ലേ… അതോ ഇപ്പോഴും അങ്ങനെ തന്നെയാണോ?”കേശുവിൻ്റെ വാക്കുകളിൽ കുസൃതിയാണ്..
“അങ്ങനെ ചോദിച്ചാൽ…നിങ്ങളൊറ്റക്കായി പോവില്ലേ അത്കൊണ്ട് ഒരു കല്യാണത്തെക്കുറിച്ചൊക്കെ ചിന്തിക്കാം.. ”
ഇടംകണ്ണിട്ട് കേശുവിനെയൊന്ന് നോക്കി സൈറ..
“ഓ അങ്ങനെ..അല്ലാതെ തനിക്ക് വേണ്ടീട്ടല്ലാലേ..”
കേശു അതുവരെ മുറുക്കി പിടിച്ചിരുന്ന സൈറയുടെ കൈയ്യൊന്ന് അയച്ചു..
സൈറ ചിരിയോടെ അയഞ്ഞ കൈ ചേർത്തു പിടിച്ചു..
“എനിക്കൊരു ബെസ്റ്റ് ഫ്രണ്ടിനെ വേണം.. അച്ഛനും അമ്മയും കൂടെപ്പിറപ്പുകളും വേണം..
നിങ്ങൾക്ക് അതെല്ലാം ആവാൻ കഴിയോ..”
സൈറയവനോട് ചേർന്നിരുന്നു കൊണ്ട് അവൻ്റെ തോളിലേക്ക് തല ചായ്ച്ചു.
“ആവാലോ… പിന്നെ?”കേശു പതിയെ ചോദിച്ചു..
” ഞാൻ ചിലപ്പോഴൊക്കെ ചെറിയ കുഞ്ഞുങ്ങളെപ്പോലെ വാശി പിടിക്കുമ്പൊ
വഴക്കിട്ടാലും ചേർത്ത് പിടിക്കണം.. അമ്മയെപ്പോലെ ഞാനുറങ്ങുന്നത് വരെ ഉറങ്ങാതിരിക്കണം.. എത്ര വഴക്കിട്ടാലും ഒരു മുത്തം കൊണ്ട് ആ പരിഭവങ്ങൾ മാറ്റണം..” ഒരീണത്തിലങ്ങനെ പറയുന്ന സൈറയെ നോക്കിയപ്പോൾ കേശുവിന് വല്ലാത്ത വാത്സല്യമാണ് തോന്നിയത്.. സ്നേഹവും വാത്സല്യവും കിട്ടാതെ പോയവൾ..
തോളിൽ ചാഞ്ഞ് കിടക്കുന്നവളുടെ മുഖം
കൈക്കുള്ളിലാക്കി നെറ്റിയിൽ ചുണ്ടമർത്തിയവൻ..
ഉള്ളിലെ സ്നേഹവും വാത്സല്യവും ചേർത്ത് അമർത്തി മുത്തി.. സൈറ കണ്ണടച്ചു പോയി..
കുറച്ചുനേരത്തേക്ക് ശ്വാസം പോലും എടുക്കാൻ മറന്നത് പോലെ.. അത്ര തീവ്രമായിരുന്നവൻ്റെ ചുംബനം..
“ഇതുപോലെ മതിയോ?”കേശുവേട്ടൻ്റെ സ്വരം കേട്ട് കണ്ണു തുറന്നു.. മറുപടി പറയാതെ ആൾടെ ഇരു
കവിളിലും പിടിച്ചു വലിച്ചുകൊണ്ട് ചിരിച്ചു..
ഉറക്കെ.. ഉറക്കെ പൊട്ടിച്ചിരിച്ചു..
കേശു ആ ചിരി നോക്കിയിരുന്നു പോയി..
❤❤
പണിക്കരെ കണ്ടുവന്നപ്പോൾ കിട്ടിയ ആദ്യത്തെ ഡേറ്റിന് ഒരു മാസം തികച്ചില്ല.. അടുത്തത് നോക്കാമെന്ന് പറഞ്ഞെങ്കിലും ആദ്യത്തേത് മതിയെന്ന് പത്മാവതിയമ്മ ഉറപ്പിച്ച് പറഞ്ഞു..
അതിന് രണ്ടു ദിവസം മുൻപ് സാമിൻ്റെ ഒത്തു കല്യാണം..
“ഒരുപാട് കാര്യങ്ങൾ ചെയ്യാനില്ലേ അമ്മേ.. കുറഞ്ഞ ദിവസമല്ലേയുള്ളൂ..” സതീഷ് വീണ്ടുമൊന്ന് പറഞ്ഞു നോക്കി..
“നാളെ മുതൽ എല്ലാവരും കൂടി ചേർന്നാൽ തീരാവുന്ന തിരക്കെയുള്ളൂ.. ഒന്നിനും ഒരു കുറവുമുണ്ടാവരുത്..” അമ്മ വീണ്ടും പറഞ്ഞതോടെ സതീഷും വായടച്ചു..
മാധവന് സന്തോഷത്തോടൊപ്പം സമയക്കുറവിൻ്റെ ടെൻഷനും ഉണ്ടായിരുന്നുവെങ്കിലും അമ്മയോടത് കാണിച്ചില്ല..
സൈറ ആദ്യം വിളിച്ചത് നാദിയെയാണ്..
കല്യാണക്കാര്യം പറഞ്ഞപ്പോഴേ അവൾ ഉറക്കെ ചിരിച്ചു.. സൈറയെ കളിയാക്കി..
ഒടുവിൽ കേശുവേട്ടനോടും സംസാരിച്ച ശേഷമാണ് ഫോൺ വെച്ചത്..
വന്നപ്പോൾ മുതൽ നിർമ്മല ഇടക്കിടെ തന്നെ ശ്രദ്ധിക്കുന്നത് സൈറ കണ്ടിരുന്നു.. എന്തോ പറയാൻ ശ്രമിക്കുന്നത് പോലെ.. പക്ഷേ
സൈറയവരെന്നൊരാൾ അവിടെ ഇല്ലാത്ത മട്ടിലാണ് നടന്നത്..
രാത്രി അമ്മമ്മയുടെ മടിയിൽ തലചേർത്തു കിടന്നു കേശു..
“നിനക്കും തോന്നുന്നുണ്ടോ കല്യാണം പെട്ടന്നായിപ്പോയീന്ന്..” അവൻ്റെ മുടിയിലൂടെ വിരലോടിച്ചു കൊണ്ടാണ് പത്മാവതിയമ്മ ചോദിച്ചത്..
“അമ്മമ്മേടെ ഇഷ്ടമല്ലേ എൻ്റിഷ്ടം… “ചിരിയോടെ അവനൊന്നു കൂടി അമ്മമ്മയിലേക്ക് പതുങ്ങി…
കള്ളച്ചെക്കൻ…പത്മാവതിയമ്മ പിറുപിറുത്തു..
“നിനക്ക് ഉറക്കമൊന്നുമില്ലേ മാധവാ…”മാധവൻ അരികിലേക്ക് വരുന്നത് കണ്ട് പത്മാവതിയമ്മ ചോദിച്ചു..
“ഞാൻ അമ്മയോടൊന്നു സംസാരിക്കാൻ…” അയാൾ പത്മാവതിയമ്മക്കരികിൽ ഇരുന്നു..
കേശു അമ്മമ്മയുടെ മടിയിൽ തന്നെ കിടന്നു..
“സൈറയെ ഞാനങ്ങു കൊണ്ടുപോയിക്കോട്ടേ..
എന്തായാലും കല്യാണത്തിന് ഒരുമാസം തികച്ചില്ലല്ലോ.. “മാധവൻ മടിച്ചാണ് ചോദിച്ചത്..
അങ്ങനൊരു ചോദ്യം പ്രതീക്ഷിക്കാത്തതു കൊണ്ടാവാം പത്മാവതിയമ്മ പെട്ടന്ന് മൗനമായി..
കേശുവും ഒന്നു ഞെട്ടി..
“കുട്ടിയോട് ചോദിച്ചോ നീയ്.. ”
” ഇല്ല.. അമ്മയോട് സംസാരിച്ചിട്ടാവാം എന്ന് കരുതി.. ”
“അവൾക്ക് സമ്മതാണെങ്കിൽ കൊണ്ടു പോയ്ക്കോ.. മകളുടെ കാര്യത്തിൽ നിനക്കും ആഗ്രഹങ്ങൾ ഉണ്ടാവുമെന്നെനിക്കറിയാം.. ”
പത്മാവതിയമ്മയൊന്ന് നിശ്വസിച്ചു..
“നിർമ്മലക്ക് സൈറയോടുള്ള പെരുമാറ്റത്തിലൊരു മാറ്റം പോലെയുണ്ട്.. കുറച്ചായി സൈറയെ നമുക്ക് കൂട്ടാമെന്ന് പറയുന്നു.. “മാധവൻ പറഞ്ഞപ്പോൾ പത്മാവതിയമ്മയൊന്ന് മൂളി..
കേശുവിന് പക്ഷേ മാമ സൈറയെ കൊണ്ടുപോവുന്നത് അത്ര ഇഷ്ടപ്പെട്ടില്ല..
അവളുടെ ഇഷ്ടംപോലെ ചെയ്യട്ടെ എന്നുകരുതി മാത്രം മിണ്ടാതിരുന്നു…
രാവിലെ മാധവൻ തന്നെയാണ് സൈറയോട് വീട്ടിലേക്ക് പോവാമെന്ന് പറഞ്ഞത്..
“എന്തേ അച്ഛാ പെട്ടന്ന്.. ” അവൾക്ക് അമ്പരപ്പാണ് തോന്നിയത്..
“നിൻ്റെ കല്യാണം അവിടെ വെച്ച് നടത്തണമെന്നാണ് അച്ഛൻ്റെ ആഗ്രഹം..
പിന്നെ കല്യാണം തീരുമാനിച്ച സ്ഥിതിക്ക് ഇവിടെ നിൽക്കുന്നതും ശരിയല്ലല്ലോ.. ”
മാധവൻ്റെ വാക്കുകൾ കേട്ട് സൈറ വല്ലാതായി..
“എനിക്കൊന്ന് ആലോചിക്കണം..” അത്രമാത്രം അച്ഛനോട് പറഞ്ഞു..
അച്ഛൻ പോയപ്പോൾ കേശുവേട്ടനെ അകത്തും പുറത്തുമെല്ലാം നോക്കിയെങ്കിലും കണ്ടില്ല..
അച്ഛമ്മയോട് ചോദിച്ചപ്പോഴാണ് സതീഷിനൊപ്പം പുറത്തേക്ക് പോയതാണെന്ന് അറിഞ്ഞത്..
കുറച്ച് കഴിഞ്ഞ് കേശു വന്നപ്പോൾ തന്നെ കൊച്ചു കുട്ടികളെപ്പോലെ അവൻ്റെ പിന്നിൽ കൂടി..
“എന്താണൊരു ചുറ്റിക്കളി.. ” കേശു അവളെ നോക്കി പുരികം ചുളിച്ചു..
” അച്ഛൻ കൂടെച്ചെല്ലാൻ പറയുന്നു.. ഞാനെന്താ ചെയ്യാ.. ” പതിവില്ലാത്ത വിധം അവൾ അഭിപ്രായം ചോദിച്ചപ്പോൾ കേശുവിന് ചിരി വന്നു..
“തനിക്ക് പോണോ?”ഉടനെ തിരിച്ച് ചോദിച്ചു..
“എനിക്കിഷ്ടമല്ല.. ” ഒറ്റ വാക്കിൽ ഒന്നും ചിന്തിക്കാതെ തന്നെ പറഞ്ഞവൾ…
“ഇഷ്ടമല്ലെങ്കിൽ പോവണ്ടടോ.. ഇവിടാരും താൻ പോവാൻ പറയില്ല..”
“കല്യാണം തീരുമാനിച്ചു കഴിഞ്ഞ് ഇവിടെ നിക്കുന്നത് ശരിയല്ലെന്നാണ് അച്ഛൻ പറഞ്ഞത്..
അങ്ങനെയൊക്കെയുണ്ടോ?” സൈറക്ക് വീണ്ടും സംശയമാണ്..
കേശു അവളുടെ കൈ പിടിച്ച് പുറത്തേക്കിറങ്ങി നേരെ അമ്മമ്മക്കരുകിലെത്തി..
” അമ്മമ്മേ.. “അലമാരയിൽ സെറ്റും മുണ്ടും മടക്കി
വെച്ചുകൊണ്ടിരുന്നവർ കേശുവിൻ്റെ സ്വരം കേട്ട് തിരിഞ്ഞു നിന്നു..
“മാമക്കൊപ്പം പോവാൻ ഇവൾക്ക് താൽപര്യമില്ലാന്ന്.. ഇവിടെ നിക്കുന്നതിൽ എന്തെങ്കിലും കുഴപ്പമുണ്ടോന്ന് ചോദിച്ച് വന്നതാ.. അമ്മമ്മ തന്നെ പറയ്…” അവൻ സൈറയെ അമ്മമ്മക്ക് മുന്നിലേക്ക് നിർത്തി..
പത്മാവതിയമ്മ ചിരിയോടെ അവൾക്കരികിലേക് വന്നു..
“പണ്ടുള്ളോര് പറയണതാ കല്യാണമുറപ്പിച്ച ചെക്കനും പെണ്ണും ഒരു വീട്ടിൽ നിക്കാൻ പാടില്ലാന്ന്.. ഇപ്പൊ അതൊന്നും നോക്കണ്ട.. ഇത്രനാളും ഒരുമിച്ച് നിന്നിട്ട് ഒരു ഭൂകമ്പം ഉണ്ടായിട്ടില്ലല്ലോ.. അപ്പൊ ഇനീം ഉണ്ടാവില്ല.. ” പത്മാവതിയമ്മ ചിരിച്ചു.. സൈറയും..
“ഇപ്പൊ സമാധാനമായോ?” കേശു പുരികമുയർത്തി..
സൈറ കേശുവിനെ നോക്കിക്കൊണ്ട് അച്ഛമ്മയുടെ കവിളിലൊന്ന് ചുണ്ടമർത്തി..
ഓഹോ അത്രക്കായോ… കേശുവും അവളെ നോക്കിയിട്ട് അമ്മമ്മയുടെ അടുത്ത കവിളിൽ മുത്തി.. എങ്ങനെയുണ്ട് എന്ന ഭാവത്തിൽ സൈറയെ ഒന്നു നോക്കി..
“ആഹാ… ഇക്കണക്കിന് പോയാൽ രണ്ടിനെയും രണ്ടിടത്താക്കേണ്ടി വരുമെന്നാ തോന്നണത്..” പത്മാവതിയമ്മ പറഞ്ഞതും രണ്ടും രണ്ടുവഴിക്കോടിയിരുന്നു…
❤❤
“മോളെ… ” പിന്നിൽ നിർമ്മലയുടെ സ്വരം കേട്ട് സൈറയൊന്ന് തറഞ്ഞു നിന്നു പോയി..
ചെറിയ പ്രായത്തിൽ ഒരു പാട് കേൾക്കാൻ കൊതിച്ച വാക്കുകൾ.. ഇന്ന് പക്ഷേ, വലിയ വികാരങ്ങൾ ഒന്നും തന്നെയില്ല.. അപ്രതീക്ഷിതമായി കേട്ട ഞെട്ടൽ മാത്രം..
“മാധവനും നിർമ്മലക്കും ഒരു മകൻ മാത്രമല്ലേയുള്ളൂ.. പിന്നേതാണ് മകൾ… “തിരിഞ്ഞു നിന്നു കൊണ്ട് പുച്ഛത്തോടെ തന്നെ നിർമ്മലയെ നോക്കി ചോദിച്ചു…
അവരുടെ മുഖം കുനിയുന്നതിന് മുന്നേ തന്നെ നിറഞ്ഞ കണ്ണുകൾ കണ്ടിരുന്നു. അതിന് പക്ഷേ സൈറയുടെ മനസിളക്കാനുള്ള ശക്തിയുണ്ടായിരുന്നില്ലെന്ന് മാത്രം..
“അമ്മ.. അമ്മയോട് ക്ഷമിക്കണം.. ” അത്രമേൽ പതിഞ്ഞ സ്വരത്തിൽ നിർമ്മല അപേക്ഷിച്ചു..
“തെറ്റുപറ്റിപ്പോയി… ഇനിയുള്ള കാലം
സ്നേഹിച്ച്….”
“മതി… ” നിർമ്മല പറഞ്ഞ് പാതിയാക്കിയപ്പോഴെ സൈറ കയ്യുയർത്തി..
“ഞാനനുഭവിച്ച വേദനകളിൽ വല്യ പങ്കും നിങ്ങൾ കാരണമാണ്.. നിങ്ങളന്ന് കൂടെ കൂട്ടിയിരുന്നെങ്കിൽ എനിക്ക് ഇങ്ങനെ നീറി ജീവിക്കേണ്ടി വരില്ലായിരുന്നു.. തനിച്ചാവില്ലായിരുന്നു..
എനിക്ക് വെറുപ്പാണ് നിങ്ങളോട്.. എന്നിട്ടും നിങ്ങളെ വെറുതെ വിടുന്നത് ഒരു കാലത്ത് ഞാൻ അമ്മേയെന്ന് വിളിച്ചിരുന്നത് കൊണ്ടാണ്… നിങ്ങൾ വാരിത്തന്ന ഭക്ഷണം കഴിച്ചു പോയത് കൊണ്ടാണ്.
ഇനിയൊരു സ്നേഹവും വേണ്ടെനിക്ക്.. ” സൈറ പൊട്ടിത്തെറിച്ചു..
നിർമ്മല കരഞ്ഞുകൊണ്ട് മുറിയിലേക്ക് പോയി..
സൈറ തൻ്റെ മുറിയിലേക്കും…
“ഒരു നിമിഷം… ” സൈറയുടെ ശബ്ദം കേട്ട് കട്ടിലിൽ ഇരുന്ന നിർമ്മല നിറഞ്ഞൊഴുകുന്ന കണ്ണുകൾ തുടച്ച് എഴുന്നേറ്റതും
കയ്യിലിരുന്ന കവർ നിർമ്മലക്ക് നേരെ നീട്ടി സൈറ..
എന്തെന്ന ഭാവത്തിൽ നോക്കുന്ന അവരുടെ കൈക്കുള്ളിലേക്ക് വെച്ച് കൊടുത്തു..
” ദത്തെടുക്കുന്ന സമയത്ത് അച്ഛൻ എൻ്റെ പേരിലെഴുതിയ പ്രോപ്പർട്ടിയുടെ ആധാരമാണ്.. എൻ്റെ പേരിൽ നിക്ഷേപിച്ച പണത്തിൻ്റെ ചെക്കുമുണ്ട്..കഴിഞ്ഞ വരവിന് ഇതേൽപ്പിച്ച് മടങ്ങണമെന്ന് കരുതിയതാണ്.. പെട്ടന്ന് പോവേണ്ടി വന്നത് കൊണ്ട് അത് നടന്നില്ല..
ഇതെല്ലാം സ്വന്തം ചോരയിലുണ്ടായ മകന് നഷ്ടമാവുന്നത് ഓർത്തല്ലേ നിങ്ങളെന്നെ അകറ്റിയത്…”
സൈറ പറഞ്ഞു നിർത്തുമ്പോൾ നിർമ്മലയുടെ കയ്യിലിരുന്ന കവറൊന്നു വിറച്ചു..
“ക്ഷമിക്ക് മോളെ.. “നിർമ്മലയൊന്ന് വിതുമ്പി..
” ഒരിക്കലും എനിക്കതിനാവില്ല…” നിർമ്മലയോട് ഒട്ടും ദയ തോന്നിയില്ല സൈറക്ക്..
അവളിറങ്ങി പോവുന്നതും നോക്കി നിർമ്മല തകർന്നു നിന്നു..
“ഈ രാജ്യം മുഴുവൻ ചേച്ചിയെ സ്നേഹിക്കുന്നുണ്ട്..
സൈരന്ദ്രി എൻ്റെ ചേച്ചിയാണെന്ന് പറയാൻ എനിക്കെന്ത് അഭിമാനമാണെന്നോ… ചേച്ചിക്ക് എന്നെ എന്തിഷ്ടമാണെന്നോ.. അമ്മ മാത്രമെന്താ ചേച്ചിയെ സ്നേഹിക്കാത്തെ? അമ്മ കാരണമാണ് എനിക്ക് ചേച്ചിക്കൊപ്പമുള്ള ബാല്യം നഷ്ടമായത്.. എൻ്റെ അമ്മയെങ്ങനെയാ ഇത്രക്കും ദുഷ്ടയായിപ്പോയത്?.. “നിർമ്മലയുടെ കാതുകളിൽ
സായു പലവട്ടം പറഞ്ഞ വാക്കുകൾ തുളഞ്ഞു കയറി.. ചെവി പൊത്തിക്കൊണ്ടവർ കട്ടിലിലേക്കിരുന്നു..
അച്ഛനൊപ്പം പോവുന്നില്ലെന്ന് പറയാൻ അച്ഛമ്മയെ തന്നെ ഏൽപ്പിച്ചു..മാധവന് വിഷമം തോന്നിയെങ്കിലും അവളുടെ സന്തോഷത്തിന് പ്രാധാന്യം കൊടുത്തു..
വീട്ടിലാകെ തിരക്കാണ്.. പെയിൻ്റിങ്ങും ചെറിയ മിനുക്കുപണികളും തകൃതിയായി നടക്കുന്നുണ്ട്.. സതീഷും കുടുംബവും തിരികെപ്പോയി.. ഒരാഴ്ച്ച മുൻപ് എത്താമെന്ന് ഉറപ്പുകൊടുത്താണ് സതീഷിറങ്ങിയത്..
കല്യാണം വിളിക്കാൻ ഇറങ്ങിയതോടെ കേശു രാത്രിയിലാണ് തിരികെ എത്തുക.. അധികം ദിവസമില്ലാത്തത് കൊണ്ട് ഓടിപ്പാഞ്ഞ് ആളൊരു പരുവമായിട്ടുണ്ട്.. ബന്ധുക്കളുടെ വീടുകളിലേക്ക് മാധവൻ തന്നെ പോയി ക്ഷണിക്കുന്നത് കൊണ്ട് കേശുവിന് അതൊരു ആശ്വാസമാണ്…
കല്യാണത്തിന് രണ്ടാഴ്ച്ച മുമ്പാണ് സ്വർണ്ണവും ഡ്രസ്സുമെടുക്കാൻ പോവാൻ തീരുമാനിച്ചത്..
പോവുന്നതിൻ്റെ തലേന്ന് രാത്രി പത്മാവതിയമ്മ കേശുവിനെയും കൂട്ടി സൈറക്കടുത്തേക്ക് വന്നു..
“ഇതൊക്കെ പഴയ ആഭരണങ്ങളാ..
ഇത് ഇവൻ്റെയമ്മ സാവിത്രിയുടേതാ.. കല്യാണത്തിന് അവളണിഞ്ഞത് മുഴുവൻ ഇതിലുണ്ട്.. ” പത്മാവതിയമ്മ ഒരു പഴയജ്വല്ലറി ബോക്സ് തുറന്നു വെച്ചു.. മകളുടെ ഓർമ്മകളിൽ ആഭരണങ്ങളിലൂടെയൊന്ന് വിരലോടിച്ചവർ..
കണ്ണ് നിറഞ്ഞത് ആരും അറിയാതെ ഒപ്പിയെടുത്തു.
പേരൊന്നും അറിയില്ലെങ്കിലും സൈറയത് ഓരോന്നും കയ്യിലെടുത്തു നോക്കി..
“ഇത് പാലക്കാമാല, ഇത് മാങ്ങാ മാല പിന്നെ ഇതാണ് നാഗപടത്താലി… ” പത്മാവതിയമ്മ ഓരോന്നും കയ്യിലെടുത്തു കാണിച്ചു..
പലതരം വളകൾ.. കല്ലു പതിച്ച കമ്മൽ..
“ഇത് നോക്കിയേ.. ഇതെൻ്റെയാ.. ” പത്മാവതിയമ്മ അടുത്ത ബോക്സ് തുറന്നു..
“ഇത് കൊള്ളാലോ.. “വലിയൊരു ജിമിക്കിക്കമ്മൽ
കേശു കയ്യിലെടുത്തു പിടിച്ചു..
“കല്യാണം കഴിഞ്ഞ് ആദ്യമായിട്ട് നിൻ്റെ അച്ഛാച്ഛൻ എനിക്ക് വാങ്ങിത്തന്നതാ.. അങ്ങേർക്കിത് വല്യ ഇഷ്ടമായിരുന്നു..” പത്മാവതിയമ്മ ചിരിച്ചു..
തുടരും..

by