19/04/2026

സൈരന്ദ്രി : ഭാഗം 14

രചന – രജിഷ അജയ്ഘോഷ്

ചിലപ്പോഴൊക്കെ സൈറ ഉറക്കെചിരിച്ചു.. ചിലപ്പോഴൊക്കെ അവളുടെ മുഖത്ത് കൗതുകമായിരുന്നു.. അത്രയടുത്ത് അവളിലെ മുഖഭാവങ്ങളും ചിരിയൊച്ചകളും കേശുവിനെ അത്ഭുതപ്പെടുത്തുന്നുണ്ടായിരുന്നു… കണ്ണുകൾ അവളിൽ മാത്രമായിരുന്നു… എത്ര പെട്ടന്നാണവൾ ഈ വീടുണർത്തിയത്… എല്ലാ മുഖങ്ങളിലും ചിരി നിറച്ചത്.. പഴയ ഓർമ്മകളിൽ പത്മാവതിയമ്മയുടെ മുഖത്തും ചിരിയാണ്.. എട്ടും പൊട്ടും തിരിയാത്ത പ്രായത്തിൽ ഭാര്യയായി.. എന്തെല്ലാം വിഡ്ഢിത്തങ്ങൾ കാണിച്ചു കൂട്ടിയിരിക്കുന്നു. അദ്ദേഹമെന്നും സ്നേഹത്തോടെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കിത്തരും.. “ആഹാ.. പത്മാവതിയമ്മ സ്വപനം കാണുവാണല്ലേ.. ഞാനുറങ്ങാൻ പോവുവാണേ.. ” സൈറയാണ്.. ഉമ്മ…ചമ്മിയ ചിരി ചിരിക്കുന്ന അച്ഛമ്മയുടെ കവിളിലൊന്ന് അമർത്തിമുത്തി റൂമിലേക്ക് നടന്നു.. സതീഷും അമ്മക്കരികിൽ തന്നെ കിടന്നതോടെ പഴയകാല കഥകൾ വീണ്ടും തുടർന്നു.. സൈറയുടെ പതിവുകൾ വീണ്ടും തുടങ്ങി.. 5.30ന് എഴുന്നേറ്റ് ഓടാൻ ഇറങ്ങി..

ശശാങ്കൻ ചേട്ടൻ്റെ ചായക്കടയിൽ കയറിട്ട് ഒരാഴ്ച്ചകഴിഞ്ഞു… “ഇത്രേം ദിവസം കുഞ്ഞിനെ കാണാതിരുന്നപ്പോ ഇനീപ്പോ ലീവ് കഴിഞ്ഞ് പോയോന്ന് കരുതി.. ” ശശാങ്കൻ സൈറയെ കണ്ടയുടനെ പറഞ്ഞു.. “തറവാട്ടിൽ കൊയ്ത്തും പണിയും തുടങ്ങിയപ്പോ അതിന് പുറകെയായി.. ” സൈറ ചിരിയോടെ പറഞ്ഞു.. കാപ്പി കുടിച്ചുകഴിഞ്ഞ് പതിവ് നാരങ്ങ മിഠായിപ്പൊതിക്കൊപ്പം ഒരു കോലുമിഠായിയുമെടുത്ത് വായിലേക്കിട്ട് പുറത്തേക്കിറങ്ങി… തറവാട്ടിൽ എത്തിയപ്പോൾ തിരികെപോവാൻ റെഡിയായി സതീഷ് കാറിനരികിൽ എത്തിയിട്ടുണ്ട്. ആളുടെ മുഖത്ത് നിരാശയോ സങ്കടമോ ചേർന്നൊരു ഭാവമാണ്.. “ഇറങ്ങിയോ.. ” “ഉം.. ഇപ്പവിട്ടാ രാത്രിയെത്താം.. അയ്യേ.. ഇതെന്താ പെണ്ണേ കൊച്ചുപിള്ളേരെപ്പോലെ ലോലിപോപ്പുമായിട്ട്.. ” സതീഷ് അവളെ കളിയാക്കി.. ” ഇതിലങ്ങനെ കുട്ടികൾക്ക് മാത്രമുള്ളതാണെന്ന് എഴുതീട്ടൊന്നുമില്ല.. വേണമെങ്കിൽ ഇതൊന്ന് കഴിച്ചോ.. ” കയ്യിലെ നാരങ്ങ മിഠായിപ്പൊതി അയാൾക്ക് നേരെ തുറന്ന് പിടിച്ചു സൈറ.. ഒന്നെടുത്ത് വായിലേക്കിട്ട് എല്ലാവരോടും യാത്ര പറഞ്ഞ് സതീഷിൻ്റെ കാർ ഗേറ്റ് കടന്നതും കയ്യിലെ മിഠായിപ്പൊതി അച്ഛമ്മയെ ഏൽപ്പിച്ച് സൈറ കുളിക്കാൻ കയറി.. കൊയ്ത്ത് കഴിഞ്ഞത് കൊണ്ട് പണിക്കാർ കുറവാണ്..

വയലിലൂടെയൊക്കെ ഒന്ന് നടന്ന ശേഷം വാഴപ്പണി നടക്കുന്നിടത്തേക്ക് കേശു നടന്നു… “ഞാൻ രണ്ടെണ്ണം എടുത്തിട്ടുണ്ടേ..” വാഴത്തോട്ടത്തിൽ നിന്നും സൈറയുടെ ശബ്ദം കേട്ടപ്പോൾ ഇവളെപ്പോ ഇവിടെയെത്തി എന്നു ചിന്തിച്ചവൻ… അടുത്തനിമിഷം വായും പൊളിച്ച് നിന്നുപോയി.. കുഞ്ഞുങ്ങളെ എടുക്കുന്നത് പോലെ രണ്ട് വാഴക്കുടപ്പൻ എടുത്ത് വരുന്നുണ്ട് സൈറ.. “കേശുവേട്ടനെത്തിയോ.. ഇതേ തോരൻ വെച്ചാൽ നല്ലതാന്ന് കുമാരേട്ടൻ പറയണകേട്ടു.. ചന്ദ്രിയമ്മക്കൊപ്പം ഇന്നത്തെ പരിപാടി ഇതാക്കാം.. എങ്ങനെയുണ്ട്.. “ഒറ്റപ്പുരികമുയർത്തി പറയുന്നവളോട് നന്നായിട്ടുണ്ട് എന്ന് പറഞ്ഞ് അവളുടെ ഡ്രസ്സിലേക്ക് ചൂണ്ടിയവൻ.. പിങ്ക് ടീ ഷർട്ട് നിറയെ ബ്രൗൺ നിറത്തിൽ പാടുകൾ.. “ശോ.. ഇത് ഞാൻ ശ്രദ്ധിച്ചില്ല..” “എൻ്റെ കുമാരേട്ടാ ഇതൊന്ന് നോക്കിയേ.. ഇത് കറയാണെന്ന് ഇവൾക്ക് പറഞ്ഞ് കൊടുക്കണ്ടേ..”കേശുവിൻ്റെ ചോദ്യം കേട്ടാണ് അയാളും നോക്കിയത്.. ” ഞാൻ കുഞ്ഞിനറിയാന്ന് കരുതി.. ” അയാൾ നിഷ്കളങ്കമായ് ചിരിച്ചു. രണ്ടും കൊള്ളാം… ഇതിനെയൊക്കെ ആരാണാവോ പട്ടാളത്തിൽ എടുത്തേ..കേശു പിറുപിറുത്തു..

കാര്യം വ്യക്തമായില്ലെങ്കിലും തന്നെ എന്തോ പറഞ്ഞതാണെന്ന് സൈറക്കും മനസ്സിലായി.. കൊശവൻ… ചുണ്ടൊരുവശത്തേക്ക് കോട്ടി പെണ്ണ്.. കേശു ചിരികടിച്ച് പിടിച്ച് വാഴത്തോട്ടത്തിനുള്ളിലേക്ക് നടന്നു.. ❤❤ നെല്ലെല്ലാം ഉണക്കി പത്തായപ്പുരയിലേക്ക് മാറ്റി. ഇനി ചോറിനാവശ്യമുള്ളത് മാത്രംപുഴുങ്ങി ഉണക്കണം.. പുതിയൊരിനം നെൽവിത്ത് വന്നിട്ടുണ്ടെന്ന് കൃഷിഭവനിൽ വിളിച്ചപ്പോഴാണ് അറിഞ്ഞത്. ഇത്തവണ കുറച്ച് വയലിൽ ഇനം മാറ്റി വിത്തിടണം… ഒന്നന്വേഷിക്കാമെന്ന് കരുതി ബൈക്കെടുത്ത് കൃഷിഭവനിലേക്ക് പോവുമ്പോൾ കുട്ടികൾ ക്രിക്കറ്റ് കളിക്കുന്നുണ്ട്.. കണ്ണുകൾ അവർക്കിടയിലേക്ക് അറിയാതെതന്നെ പോയി… സൈറയെ ആ കൂട്ടത്തിൽ കണ്ടില്ല.. ഇപ്പൊ വീട്ടിൽ പോയാലും അവളെവിടെയാണെന്ന ചിന്ത അറിയാതെ കടന്നു വരുന്നത് പോലെ.. അമ്മമ്മയ്ക്കൊപ്പമോ ചന്ദ്രിയമ്മക്കൊപ്പമോ അവളുണ്ടെങ്കിൽ അറിയാതൊരു ചിരി വന്നു പോവും.. അവളധികവും കലപില കൂട്ടിക്കൊണ്ടിരിക്കും.. പൊട്ടിച്ചിരിക്കും.. ആ ചിരിയിലെ അഴക് ഇത്രനാൾ താൻ ശ്രദ്ധിച്ചിട്ടേയില്ല.. വല്ലാത്തൊരു പെണ്ണ്… ശാലു തന്ന വേദനകൾ എത്ര പെട്ടന്നാണ് സൈറ മാറ്റിയത്..

രണ്ടു ദിവസമായി ശാലുവിനെക്കുറിച്ചൊന്ന് ചിന്തിച്ചിട്ടു പോലുമില്ല.. എന്തിനെന്നറിയാതെ മനസ്സ് സൈറയിലേക്ക് അടുക്കുന്നത് അറിയുന്നുണ്ട്… ശരിയോ തെറ്റോ എന്ന് അറിയുന്നില്ലെന്ന് മാത്രം.. വൈകിട്ടൊരു നാലുമണി കഴിഞ്ഞതോടെ പെട്ടന്ന് മഴക്കാറ് ഉരുണ്ടു കൂടി… നല്ല വെയിലായിരുന്ന പകൽ ഇരുണ്ടുമൂടി.. “മഴക്കാറ് കേറീലോ പുതുശ്ശേരിക്കാർക്ക് ഇന്നലെ കൊയ്ത്ത് തുടങ്ങീട്ടല്ലേ ഉള്ളൂ.. വെള്ളത്തിൽക്കിടന്നാൽ കൊയ്തതെല്ലാം നശിക്കൂലോ.. എല്ലാരും കൊയ്ത്തും പണീം കഴിഞ്ഞിട്ട് മഴ പെയ്താൽ മതിയെൻ്റെ ഭഗവതീ.. കാത്തോളണേ..നീയേ തുണ..” പത്മാവതിയമ്മ ഇരുണ്ടു മൂടിയ പ്രകൃതിയിലേക്ക് നോക്കി പ്രാർത്ഥനയിലാണ്.. എല്ലാവരും കൊയ്ത്തും നെല്ലൊണക്കലും നടത്തുന്ന സമയമായത് കൊണ്ട് സകലരും പ്രാർത്ഥിക്കുന്നുണ്ടാവും.. പെട്ടന്ന് വലിയ മഴത്തുള്ളികൾ പൊട്ടിവീണു… തല്ലിയലച്ചൊരു പെയ്ത്ത്.. “ചതിച്ചല്ലോ ഭഗവതീ… എത്രയാൾക്കുള്ള അന്നമാ മഴയത്ത് കിടക്കണെ..” പത്മാവതിയമ്മ താടക്ക് കൈ കൊടുത്തിരിപ്പാണ്.. ഒരു മണിക്കൂറോളം നിർത്താതെ പെയ്ത ശേഷമാണ് മഴയൊന്ന് തോർന്നത്.. ചെറിയൊരു വെളിച്ചമുണ്ട്.. വെള്ളം കെട്ടിക്കിടക്കുന്ന മുറ്റത്തൂടെ പാൻ്റ് മുട്ടിനൊപ്പം മടക്കിവെച്ച് വെറുതെ വെള്ളത്തുള്ളികളെ തട്ടിത്തെറിപ്പിച്ചങ്ങനെ നടന്നു…

കേശുവേട്ടൻ ഓടിക്കയറി വരുന്നുണ്ട്.. ആളുടെ ഷർട്ടെല്ലാം നനഞ്ഞൊട്ടിയിട്ടുണ്ട്. ” നീയാ മഴ മുഴവനും നനഞ്ഞോ കേശൂട്ടാ?..” പത്മാവതിയമ്മ അവന് തല തുടക്കാനായി തോർത്തു നീട്ടുന്നതിനിടയിൽ വേവലാതിപ്പെടുന്നുണ്ട്.. “സാമിൻ്റവിടെ നെല്ല് മുഴുവൻ വെയിലത്തിട്ടതായിരുന്നു.. മഴവന്നപ്പോ എല്ലാം വാരിയെത്തണ്ടേ.. എല്ലാവരും കൂടെ ഒത്തു പിടിച്ചിട്ടും ലേശം നനഞ്ഞു പോയി… വല്ലാത്തൊരു വരവായിരുന്നില്ലേ..” തല തുടച്ചുകൊണ്ടവൻ പറഞ്ഞു.. കുറച്ച് കഴിഞ്ഞതും വീണ്ടും മഴ ചെറുതായി പൊടിഞ്ഞ് തുടങ്ങി.. “സൈറാ അകത്തേക്ക് കയറ്.. മഴ നനഞ്ഞ് അസുഖം വരുത്തിവെക്കണ്ട..” കേശുവാണ്.. തിരിഞ്ഞു നോക്കുമ്പോൾ ആള് വേഷം മാറി വന്നിട്ടുണ്ട്.. ഒന്ന് നോക്കിയിട്ട് വീണ്ടും മുറ്റത്ത് തന്നെ നിന്നു… മഴത്തുള്ളികൾക്ക് ശക്തികൂടിത്തുടങ്ങി.. കണ്ണടച്ച് മുഖമുയർത്തി കയ്കൾ വിടർത്തി നിന്നു.. ഹൊ.. എന്തൊരു സുഖം.. സൈറാ…. കേശുവിൻ്റെ സ്വരം ഉയർന്നു.. അതിൽ ശാസനയും കരുതലും കലർന്നിരുന്നു.. ശ്ശോ… കൊശവൻ നശിപ്പിച്ചു.. നിരാശയോടെ അകത്തേക്ക് കയറി… വീർപ്പിച്ച് പിടിച്ച മുഖവുമായി അകത്തേക്ക് കയറുമ്പോൾ അച്ഛമ്മ ചിരിയോടെ നിൽപ്പുണ്ട്..

“അതേയ് പേടിച്ചിട്ടൊന്നുമല്ല… ജലദോഷം പിടിച്ചാൽ ഞാൻ തന്നെ തുമ്മണോല്ലോന്ന് കരുതീട്ടാ..” സ്വകാര്യംപോലെ അച്ഛമ്മയോട് പറഞ്ഞിട്ട് അടുക്കളയിലേക്ക് നടന്നു.. ചന്ദ്രിയമ്മ പഴംപൊരിക്കുന്നുണ്ട്… മൊരിഞ്ഞു വരുന്ന മണം മൂക്കിലേക്ക് കയറിയതും അടുപ്പിനടുത്ത് കയറിയിരുന്നു.. “ഞാനുണ്ടാക്കി നോക്കട്ടെ… ” “എണ്ണേലുള്ള കളിയൊന്നും വേണ്ട.. ഞാനിപ്പൊ ഉണ്ടാക്കിത്തരാം.. “ചന്ദ്രിയമ്മ തറപ്പിച്ച് പറഞ്ഞതോടെ മിണ്ടാതിരുന്നു.. എന്നിട്ടും ഇടക്കൊന്ന് എണ്ണയിൽ നിന്നും കോരിയെടുക്കാൻ നോക്കിയതിന് കയ്യിലൊരു കൊട്ടും കിട്ടി.. ആദ്യം കോരിയെടുത്ത രണ്ട് പഴംപൊരി പാത്രത്തിലാക്കി ഉമ്മറത്തെത്തി തിണ്ണയിൽ കയറിയിരുന്നു.. മഴ, ചൂട് പഴംപൊരി ഒരു കട്ടൻ കൂടിവേണം.. ആ സാരല്ല കഴിച്ചിട്ട് എടുക്കാം.. മഴ കൊള്ളാൻ സമ്മതിക്കില്ല എന്നാലും ആസ്വദിക്കാമല്ലോ എന്ന മട്ടിൽ സെറ്റിയിൽ ഇരിക്കുന്ന കേശുവിനെയൊന്ന് നോക്കി കഴിച്ചു തുടങ്ങി… തിണ്ണയിലിരുന്ന് താഴേക്ക് തൂക്കിയിട്ടാട്ടുന്ന കാലുകളിലേക്ക് മഴയുടെ നേർത്ത ഊറൽ ഇടക്കിടെ തെറിക്കും..

പഴംപൊരി ഊതിയാറ്റിക്കഴിക്കുമ്പോൾ നല്ല രുചി തോന്നി സൈറക്ക്.. ഒന്ന് കഴിച്ച് അടുത്തതെടുക്കാൻ പാത്രത്തിലേക്ക് കൈയിട്ടെങ്കിലും അത് ശൂന്യമായിരുന്നു.. തിരിഞ്ഞു നോക്കുമ്പോൾ കേശുവുണ്ട് ഒന്നുമറിയാത്തമട്ടിൽ കഴിച്ചുകൊണ്ടിരിക്കുന്നു.. അച്ഛമ്മ അരികിലുണ്ട്.. തൻ്റെ നോട്ടം കണ്ടിട്ടാവാം അച്ഛമ്മ ചിരിക്കുന്നുണ്ട്.. കേശുവേട്ടനോട് വഴക്കിട്ടിട്ട് കാര്യമില്ലാത്തത് കൊണ്ട് ആളെയൊന്ന് നോക്കി അടുക്കളയിലേക്ക് നടന്നു.. പക്ഷേ.. പോവുന്ന പോക്കിൽ പഴംപൊരി കയ്യിലാക്കിയെന്ന് മാത്രം.. “ഡീ.. ” കേശുവിൻ്റെ വിളികേട്ടു…. “പോടാ..കൊശവാ.. “പിടിച്ചു വാങ്ങിയ പഴംപൊരി കടിച്ച് കൊണ്ട് വിളിച്ചവൾ.. പത്മാവതിയമ്മ ഉറക്കെച്ചിരിച്ചു.. “അമ്മമ്മേ.. ” കേശുവാണ്…. “നീ ചോദിച്ച് വാങ്ങിയതല്ലേ..അനുഭവിച്ചോ..” പറയുമ്പോഴും പത്മാവതിയമ്മയുടെ ചുണ്ടിൽ ചിരിയാണ്.. നേരം ഇരുട്ടിയതോടെ മഴയും ശക്തികൂടി. കാറ്റും വീശിത്തുടങ്ങിയിരുന്നു.. “കാലം തെറ്റിയുള്ള മഴയാണല്ലോ..ഇതെന്തു ഭാവിച്ചുള്ള പെയ്ത്താണാവോ..” ചന്ദ്രിയമ്മയുടെ വേവലാതി നിറഞ്ഞ സ്വരം അടുക്കളയിൽ നിന്നുയർന്നു.. വൈകിട്ട് വെറുതെ കൂട്ടുകാർക്കൊപ്പം പോവാറുള്ള കേശു അന്ന് വീട്ടിൽത്തന്നെയിരുന്നു..

ഇടക്ക് വീശിയകാറ്റിൽ കറൻ്റു പോയി… “ചന്ദ്രീ ആ എമർജെൻസി ലൈറ്റിങ്ങെടുത്തോ…” പത്മാവതിയമ്മ മുറിയിൽ നിന്നും വിളിച്ചു പറയുന്നുണ്ട്.. മേശമേൽ വെച്ച ഫോണെടുക്കാമെന്ന് കരുതി സൈറ തപ്പിപ്പിടിച്ച് റൂമിൽ നിന്നിറങ്ങിയതും ചന്ദ്രിയമ്മ വെളിച്ചം തെളിച്ചിരുന്നു.. പിന്നെ എല്ലാവരും ഒരുമിച്ചൊരു കട്ടിലിൽ തന്നെയിരുന്നു.. ഇടക്ക് സാം വിളിച്ചപ്പോഴാണ് കാറ്റിൽ ഒരു പൂമരം കടപുഴകിമറിഞ്ഞ് ലൈനിലേക്ക് വീണതാണെന്ന് പറഞ്ഞത്.. “ഞാനൊന്നു നോക്കിയിട്ട് വരാം.. “കേശു വേഗം ടോർച്ചെടുത്ത് പുറത്തേക്ക് നടന്നു.. “നല്ല മഴയാ.. സൂക്ഷിക്കണേ മോനേ.. ” പിന്നിൽ നിന്നും ചന്ദ്രിയമ്മേടെ വേവലാതി നിറഞ്ഞ ശബ്ദം കേട്ടു… “മ്.. നിങ്ങള് കഴിച്ച് കിടന്നോ…” കുട നിവർത്തുന്നതിനിടെയാണവൻ പറഞ്ഞത്.. “എന്തൊരു കാലമാണെൻ്റെ ദൈവമേ.. ഈ നശിച്ച മഴേം കാറ്റും ഇനി എന്തെല്ലാം വരുത്തിവെക്കുമോ എന്തോ…” ചന്ദ്രിയമ്മയൊന്ന് നെടുവീർപ്പിട്ടു.. കേശുവിൻ്റെ ടോർച്ചിൻ്റെ വെളിച്ചം അകന്നുപോയി.. സൈറയും ചന്ദ്രിയമ്മയും പത്മാവതിയമ്മയുടെ മുറിയിൽ തന്നെയിരുന്നു.. ഒരു മണിക്കൂറ് കഴിഞ്ഞപ്പോൾ കറൻ്റ് വന്നു.. കുറച്ച് കഴിഞ്ഞ് കേശുവും എത്തിക്കഴിഞ്ഞാണ് അത്താഴം കഴിച്ചത്..

മഴ അപ്പോഴും തിമിർത്ത് പെയ്തു കൊണ്ടേയിരുന്നു.. ഉറക്കത്തിലെപ്പോഴോ ആരുടെയോ ശബ്ദം കേട്ടത് പോലെ തോന്നിയപ്പോഴാണ് സൈറ എഴുന്നേറ്റത്.. സമയം ഒരു മണി കഴിഞ്ഞിരുന്നു.. മുറിക്ക് പുറത്തിറങ്ങി നോക്കുമ്പോൾ കേശു ആരോടോ സംസാരിക്കുന്നുണ്ട്.. “ഞാൻ വരാം.. ” കേശു പറഞ്ഞുകൊണ്ട് വേഗം റൂമിലേക്ക് നടന്നു.. “എന്താ കേശുവേട്ടാ..” സൈറ വേഗം അവനരികിലേക്ക് നടന്നു.. “മഴ കാരണം പാടിയിൽ രണ്ട് വീടു തകർന്നത്രേ.. പണിക്ക് വരുന്ന കോവലനാണ് വന്നത്.. ഞാനൊന്നു നോക്കീട്ട് വരാം..” പറഞ്ഞു തിരിഞ്ഞവൻ.. “ഒരു മിനിട്ട് ഞാനും കൂടി വരാം.. ” പിന്നിൽ സൈറയുടെ സ്വരം കേട്ടു… “വേണ്ട സൈറാ അത് റിസ്കാണ്.. രാത്രിയും..”കേശു പറഞ്ഞു.. “ഞാനൊരു പട്ടാളക്കാരിയാണ് കേശുവേട്ടാ.. രാത്രിയും പകലും വ്യത്യാസമില്ലാതെ ഈ നാടിന് കാവൽ നിൽക്കുന്നവൾ.. “അവളുടെ വാക്കുകളിൽ ആത്മവിശ്വാസവും ധൈര്യവും നിറഞ്ഞുനിന്നു.. തുടരും..