രചന – രജിഷ അജയ്ഘോഷ്
“നേരം ഒരുപാടായി ഉറങ്ങിക്കോ.. ” പുതപ്പെടുത്ത് നന്നായി പുതപ്പിച്ചു കൊടുത്തു.. അമ്മമ്മയുടെ അരികിൽ ആ ചൂടിൽ പറ്റിച്ചേർന്ന് കിടന്നു.. അവരവനെ ചേർത്ത് പിടിച്ചു.. ഏറെനേരം കഴിഞ്ഞിട്ടും കേശുവിന് ഉറക്കം വന്നില്ല.. സൈറയിപ്പോഴും തനിച്ചാണ്.. ഒറ്റക്കായ നിമിഷങ്ങളിലൊക്കെ അവളും ആഗ്രഹിച്ചുകാണില്ലേ ഇതുപോലൊരു ചേർത്ത് പിടിക്കൽ.. ഇല്ല സൈറാ നീയിനി ഒറ്റക്കല്ല.. കൂടെ ഞാനുണ്ടാവും.. എന്നും… ❤❤ മഴയായത് കൊണ്ട് രാവിലത്തെ ജോഗിങ് നടക്കില്ല.. സൈറയെഴുന്നേറ്റ് ഫ്രഷായി അടുക്കളയിലേക്ക് നടന്നു.. അടുപ്പിനോട് ചേർന്ന തറയിൽ കയറിയിരുന്നു.. മഴയത്ത് തീച്ചൂട് പറ്റിയിരിക്കാൻ നല്ല സുഖമാണ്.. കൂടെ ചന്ദ്രിയമ്മയുടെ ചൂട് കാപ്പിയും.. “ചന്ദ്രിയമ്മേ ഇന്ന് ദോശ ഞാനുണ്ടാക്കട്ടേ..” ദോശക്കല്ല് അടുപ്പിലേക്ക് വെച്ചപ്പോൾ ചോദിച്ചു നോക്കി.. “തീച്ചൂട് തട്ടും കുട്ടീ.. കൈയ്യെങ്ങാൻ കല്ലിൽ തട്ടിയാൽ പൊള്ളും..” “ഞാൻ സൂക്ഷിച്ചോളാം.. പ്ലീസ്..”കുറച്ചധികം കെഞ്ചിയിട്ടാണ് സമ്മതം കിട്ടിയത്.. എണ്ണ തേച്ച് മാവൊഴിക്കുന്നതും പാകമാവുമ്പോൾ എടുക്കുന്നതും ഒരെണ്ണമൊഴിച്ച് ചന്ദ്രിയമ്മ തന്നെ കാണിച്ചു തന്നു..
ചന്ദ്രിയമ്മക്കത് നിസാരകാര്യമാണെങ്കിലും യുദ്ധത്തിന് പോവുന്നതിനേക്കാളും ശ്രദ്ധയാണ് സൈറക്ക്… “ഇത്രമതിയോ.. “ദോശമാവ് തവിയിൽ കോരിയെടുത്ത് ചന്ദ്രിയമ്മയോട് ചോദിക്കുന്നവളെ കണ്ടാണ് കേശു അടുക്കളയിലേക്ക് കയറിയത്.. “മതി.. ” മറുപടി കിട്ടിയതും മാവൊഴിച്ച് പരത്തിയത് ഷേപ്പ് മാറി ഒരു പരുവമായിരുന്നു.. മൂടി വെക്കുന്നതും ഒടുവിലത് എടുക്കാൻ പെടുന്ന കഷ്ടപ്പാടും കണ്ടപ്പോൾ കേശുവിന് ചിരിയാണ് വന്നത്.. ചന്ദ്രിയമ്മയുടെ കയ്യിൽ നിന്നും കാപ്പി വാങ്ങി അടുപ്പിൻ്റെ തറയിലേക്ക് അവനും ഇരുന്നു.. “പറ്റുന്ന പണി ചെയ്താപ്പോരെ… ” അവൻ സൈറയെ കളിയാക്കി.. അവളവനെ ഒന്ന് നോക്കി തൻ്റെ പണി തുടർന്നു.. “ചന്ദ്രിയമ്മേ ഇന്ന് രാവിലെ ചായ കുടിക്കാൻ ശശാങ്കൻ ചേട്ടൻ്റെ കടയിലേക്ക് പോവേണ്ടിവരുമെന്നാ തോന്നുന്നേ.” വീണ്ടും നാശായ ദോശയിലേക്ക് നോക്കിയാണവൻ വിളിച്ച് പറഞ്ഞത്.. കറിക്കരിയുന്ന ചന്ദ്രിയമ്മ ചിരിച്ചു.. സൈറ മൗനമാണ്.. ഒന്നുരണ്ടെണ്ണം കൂടി കഴിഞ്ഞതോടെ ദോശ വല്യ ഷെയ്പ്പൊന്നും വന്നില്ലെങ്കിലും മുറിയാതെ കിട്ടിത്തുടങ്ങി.. സൈറ കേശുവിനെ നോക്കി ഇപ്പോഴെങ്ങനെയുണ്ടെന്ന മട്ടിൽ പുരികമുയർത്തി..തീരാറായപ്പോഴേക്കും ഒരു വിധം ദോശ ചുടാനവൾ പഠിച്ചെടുത്തിരുന്നു..
“താനിന്ന് സ്കൂളിലേക്ക് വരുന്നുണ്ടോ..?” കഴിച്ച് കഴിഞ്ഞാണ് കേശു ചോദിച്ചത്.. “ഉം… ടൗണിലൊന്ന് പോയിട്ട് പോവാം.. ” സൈറ പറഞ്ഞപ്പോൾ കേശു തലയാട്ടി.. റെഡിയായിറങ്ങുമ്പോൾ പത്മാവതിയമ്മ ഹാളിലുണ്ട്.. “രണ്ടുമാസം അച്ഛമ്മേടെ കൂടെയുണ്ടാവുമെന്ന് പറഞ്ഞിട്ട് മുഴുവൻ സമയവും പുറത്ത് തന്നെ..” ചെറിയ കുട്ടികളേപ്പോലെ പരിഭവം പറയുന്ന അച്ഛമ്മയുടെ കവിളിലൊന്ന് സൈറ ചുണ്ടമർത്തി.. “വേഗം വരാട്ടോ…” എന്നും പറഞ്ഞ് നടന്നു.. “ഉച്ചക്ക് ഉണ്ണാൻ നേരത്ത് രണ്ടും ഇവിടെക്കാണണം..” പിന്നിൽ അച്ഛമ്മയുടെ സ്വരം കേട്ടു.. “ഓ.. ആയിക്കോട്ടെ പത്മാവതിയമ്മേ.. “താളത്തിൽ കണ്ണും ചിമ്മി പറഞ്ഞവൾ… ചിരിയോടെ കേശുവും.. ടൗണിലെ കടയിൽ നിന്നും വാങ്ങിച്ചു കൂട്ടിയതെല്ലാം താങ്ങിപ്പിടിച്ചു സൈറ വരുമ്പോൾ കാറിൽ ചാരി നിൽപ്പുണ്ട് കേശു.. “നീയാ കട മൊത്തം വാങ്ങിയോ.. ” “ഇയാള് തമാശ പറയാതെ ഇതൊന്ന് കാറിലേക്ക് എടുത്ത് വെച്ചേ..” സൈറയവനെ നോക്കി കണ്ണുരുട്ടി..
എല്ലാം കാറിൻ്റെ പിൻസീറ്റിലൊതുക്കി വെച്ച് രണ്ടാളും മുന്നിലിരുന്നു.. “മഴ കുറവുണ്ടല്ലേ.. ” സൈറ പുറത്തേക്ക് കണ്ണുനട്ടു. “ഉം.. തനിക്കീ നാടൊക്കെ ഇഷ്ടായെന്ന് തോന്നുന്നുണ്ടല്ലോ… ” കേശു ചോദിച്ചപ്പോൾ സൈറ മനോഹരമായി ചിരിച്ചു.. “നാടും നാട്ടുകാരും എല്ലാം ഇഷ്ടപ്പെട്ടു…” “എത്രനാൾ ലീവുണ്ട്?” “രണ്ടു മാസത്തേക്കാണ്… എന്തെങ്കിലും എമർജൻസിയുണ്ടെങ്കിൽ പെട്ടന്ന്പോവേണ്ടി വരും..” സൈറ പറഞ്ഞു.. പോവാതിരുന്നുകൂടെ എന്ന് ചോദിക്കാൻ തോന്നിയവന്.. അവളെയൊന്ന് നോക്കി ഒരു നേർത്ത ചിരിയോടെ ഡ്രൈവിങ്ങിൽ മാത്രം ശ്രദ്ധിക്കാൻ ശ്രമിച്ചു… സ്കൂളിലെത്തിയതും സൈറയെക്കണ്ട് കുട്ടികൾ ഉത്സാഹത്തോടെ ഓടി വരുന്നത് കണ്ടു.. വാങ്ങിയതെല്ലാമെടുത്ത് അവർക്കൊപ്പം കേശുവും സ്കൂളിനത്തേക്ക് കയറി.. കൊണ്ടുവന്നതെല്ലാം തുറന്ന് കുട്ടികൾക്ക് നൽകി.. കുട്ടികൾക്കായുള്ള കളറിംഗ് ബുക്കുകളും കഥ ബുക്കുകളും കളറുകളുമായിരുന്നു അതിനുള്ളിൽ.. ഏറെ ഉത്സാഹത്തോടെ കുട്ടികൾ അതിൽ വരക്കുന്നതും നോക്കി സൈറയിരുന്നു.. ❤❤
രണ്ടു ദിവസം കൊണ്ട് മഴ പൂർണ്ണമായും മാറി.. ക്യാമ്പെല്ലാം പിരിച്ചുവിട്ടു.. മഴവെള്ളം കെട്ടിക്കിടന്ന വീടെല്ലാം വൃത്തിയാക്കി.. വീട് നശിച്ച് പോയവർ ബന്ധുവീടുകളിൽ പോയി.. ചിലരുടെയെല്ലാം നെല്ല് മഴയിൽ മുളച്ച് പോയിരുന്നു.. കൃഷി വകുപ്പ് ഉദ്യോഗസ്ഥർ വന്ന് നഷ്ടം കണക്കെടുത്ത് പോയി.. പതിയെ ആളുകൾ അവരുടെ പണികളുമായി സാധാരണ രീതിയിലായി… കേശുവും സൈറയും തമ്മിലുള്ള അകലം കുറഞ്ഞു… “കേശൂട്ടാ ദേവൻ വിളിച്ചിരുന്നു.. നമ്മളോട് ഒന്നവിടെ വരെ ചെല്ലാൻ പറഞ്ഞു..” ഉച്ചക്കാണ് പത്മാവതിയമ്മ കേശുവിനോട് പറഞ്ഞത്.. “എന്തിനാന്ന് ചോദിച്ചില്ലേ.. ” “നേരിട്ട് കണ്ട് പറയാത്രേ..അത്യാവശ്യമാണ് ഇന്നന്നെ ചെല്ലണമെന്ന്.. ” “ഉം.. ” അവനൊന്ന് മൂളി.. കല്യാണക്കാര്യം പറയാനാവും ചെല്ലാൻ പറഞ്ഞതെന്ന് കേശു ഊഹിച്ചു.. ശാലു ഇന്ന് രാവിലെക്കൂടി വിളിച്ചിരുന്നു.. അവളോട് വഴക്കിട്ട് തൻ്റെ സമാധാനം കളയാനാവാത്തത് കൊണ്ട് ഫോണെടുത്തില്ല.. ഇന്നെന്തായാലും എല്ലാവരോടും തനിക്കീ വിവാഹത്തിന് താത്പര്യമില്ലെന്ന് തുറന്ന് പറയണമെന്ന് കേശു ഉറപ്പിച്ചു.. സൈറ മുറ്റത്തൂടെ നടക്കുന്നതിനിടയിലാണ് തെച്ചിയിൽ നിന്നും കിളിക്കുഞ്ഞുങ്ങളുടെ കലപില കേട്ടത്..
എത്തി നോക്കിയിട്ടും കാണാതായപ്പോഴാണ് പുറത്ത് കിടന്നിരുന്ന സ്റ്റൂളെടുത്തിട്ട് എത്തിവലിഞ്ഞ് നോക്കിയത്.. ഒരമ്മക്കിളിയും മൂന്ന് കുഞ്ഞുങ്ങളും.. അമ്മ കൊണ്ടുവന്ന ഭക്ഷണത്തിനായി ബഹളം വെക്കുന്നുണ്ട്.. നല്ല രസമുള്ള കാഴ്ച്ച.. കിളികളുടെ ബഹളം ആസ്വദിക്കുന്നതിനിടയിൽ പഴയ സ്റ്റൂളിൻ്റെ കാലകന്ന് പോവുന്നത് അറിഞ്ഞതേയില്ല.. സ്റ്റൂളിൻ്റെ അകന്ന കാല് ശബ്ദത്തോടെ പൊട്ടിയതും സൈറ മൂടുംകുത്തി താഴേക്ക് വീണതും ഒരുമിച്ചായിരുന്നു.. ഹോ.. വേദനിച്ചിടം തടവിക്കൊണ്ട് ചുറ്റും നോക്കുമ്പോഴാണ് ശബ്ദം കേട്ട് പുറത്തേക്ക് വരുന്ന കേശുവിനെ കണ്ടത്… നിലത്തിരിക്കുന്ന സൈറയെയും പൊട്ടിയ സ്റ്റൂളും കണ്ടപ്പോഴേ കേശുവിന് കാര്യം പിടികിട്ടി.. സൈറയുടെ ദയനീയമായ നോട്ടം കണ്ടതോടെ ചിരി വന്നുപോയി… “വാ… എണീക്ക്…”ചിരി കടിച്ച് പിടിച്ചാണ് അവൾക്ക് നേരെ കൈ നീട്ടിയത്.. മടിച്ച് മടിച്ചാണ് അവൻ നീട്ടിയ കൈയ്യിലവൾ കൈ ചേർത്തത്… എഴുന്നേറ്റ് നിന്നവളുടെ ചമ്മിയഭാവം കണ്ടപ്പോൾ കേശുവിൻ്റെ ചിരി ഉറക്കെയായിപ്പോയി… ചന്ദ്രിയമ്മയും പത്മാവതിയമ്മയും കൂടിയായതോടെ ആ ചിരി കൂട്ടച്ചിരിയാവാൻ അധികനേരം വേണ്ടി വന്നില്ല…
ആദ്യം പരിഭവം നടിച്ചവൾ പതിയെ അവരുടെ ചിരിയിലേക്ക് ചേർന്നു.. “എടോ താൻ ദേവമാമ്മയുടെ വീട്ടിലേക്ക് വരുന്നോ.. ” ആട്ടു കട്ടിലിരുന്ന് വായിക്കുന്ന സൈറക്കരികിൽ കേശു ഇരുന്നു.. “ഭാവിവധുവിനെ കാണാനല്ലേ.. ഞാനില്ലേ.. ” സൈറയവനെ കളിയാക്കി.. കേശുവിന് വല്ലായ്മ തോന്നി.. ശാലുവിനെ വിവാഹം കഴിക്കാനിരിക്കുന്ന ആളായാണ് സൈറയും തന്നെ കാണുന്നതെന്ന ചിന്തയവനെ അസ്വസ്ഥനാക്കി.. പിന്നെയൊന്നും മിണ്ടാതെ പുറത്തേക്ക് നടന്നു.. ഒട്ടും താൽപര്യമില്ലാതെയാണ് ദേവമാമ്മയുടെ വീട്ടിലേക്ക് കയറിയത്.. അമ്മമ്മ മകനെ കണ്ട സന്തോഷത്തിൽ വിശേഷങ്ങളും മഴ വരുത്തിയ ബുദ്ധിമുട്ടുകളുമൊക്കെ പറയുന്നുണ്ട്.. കേശു നിശബ്ദനായിരുന്നതേയുള്ളൂ.. “ശാലുമോള് എന്നാ പോയത്?”ഇടക്ക് അമ്മമ്മ ചോദിക്കുന്നത് കേട്ടു.. “അവള് പോയിട്ടില്ല അമ്മേ…”ഭാനുമതിയാണ് പറഞ്ഞത്.. “അതെന്തു പറ്റി.. ” “അതിനെക്കുറിച്ച് പറയാനാണമ്മേ വരാൻ പറഞ്ഞത്.. എനിക്കാണെങ്കിൽ ആകെയൊരു വയ്യായ്കയാ.. ” പറഞ്ഞ് കൊണ്ടയാൾ കേശുവിനെ നോക്കി.. അവനൊന്നും മിണ്ടാതെ തലതാഴ്ത്തി.. “ഇവര് തമ്മിലെന്തോ സൗന്ദര്യപ്പിണക്കം.. അന്ന് ഇവിടെ വന്ന അന്നു തുടങ്ങിയതാ.അതിൻ്റെ പേരില് ഊണുമില്ല ഉറക്കവുമില്ല.. പഠിക്കാനും പോവില്ലെന്ന് പറഞ്ഞ് വാശി പിടിച്ചിരിപ്പാണവള്..” ദേവരാജൻ വിഷമത്തോടെ പറഞ്ഞു..
“വല്യ പഠിപ്പ് പഠിക്കണ കുട്ടികളൊക്കെ ഇങ്ങനെ അവധിയെടുത്താൽ എങ്ങനെ ശരിയാവാനാ.. നിങ്ങടെ പിണക്കമൊന്നും മാറീലേ കേശൂ.. ” പത്മാവതിയമ്മ അവനെ നോക്കി.. അവൻ തല കുനിച്ചിരുന്നു… “ശാലൂനെയൊന്ന് കാണട്ടെ ഞാൻ..” പത്മാവതിയമ്മ ശാലുവിൻ്റെ മുറിയിലേക്ക് നടന്നു.. പത്മാവതിയമ്മ തിരികെ വരുമ്പോൾ ശാലുവും കൂടെയുണ്ടായിരുന്നു.. “കേശൂട്ടാ… നീയിങ്ങ് വന്നേ..” അമ്മമ്മ വിളിച്ചപ്പോൾ അരികിൽ നിന്നു.. “പിണക്കമൊക്കെ ജീവിതത്തിലുണ്ടാവും.. സ്നേഹമുള്ളിടത്തേ പിണക്കവും ഉണ്ടാവു.. അതിങ്ങനെ നീണ്ടുപോവാതെ നോക്കണം രണ്ടാളും…” അച്ഛമ്മ പറയുമ്പോൾ ശാലു അനുസരണയോടെ തലയാട്ടി.. “കേശൂട്ടാ നിന്നോടും കൂടിയാ.. “അവൻ്റെ നിൽപ്പ് കണ്ട് ദേഷ്യപ്പെട്ടാണത് പറഞ്ഞത്.. “അമ്മമ്മേ.. ഇവളുണ്ടല്ലോ “കേശു പറഞ്ഞു തുടങ്ങിയതും പത്മാവതിയമ്മ കൈയ്യുയർത്തി തടഞ്ഞു.. “ഇനി കുറ്റവും കുറവുമൊന്നും പറയണ്ട.. രണ്ടാളും പരസ്പരം സംസാരിച്ച് പിണക്കം മാറ്റിയിട്ട് പോയാമതി.. ” ഉറപ്പിച്ച് പറഞ്ഞ് അമ്മമ്മ തിരിഞ്ഞു നടന്നു..
“ഭാനൂ.. നീയൊരു ചായയിട്.. നമുക്ക് അകത്തേക്കിരിക്കാം.. ” പത്മാവതിയമ്മക്കൊപ്പം മകനും മരുമകളും കൂടി പോയതോടെ കേശുവും ശാലുവും തനിച്ചായി.. ശാലുവിൻ്റെ ഏങ്ങലടികൾ ഉയർന്നപ്പോൾ കേശുവിനും വിഷമം തോന്നി.. താൻ കാരണമാണ് അവളിപ്പോൾ സങ്കടപ്പെടുന്നത്..കാര്യങ്ങൾ പറഞ്ഞു മനസിലാക്കാമെന്ന് ഉറപ്പിച്ച് അവൾക്ക് നേരെ തിരിഞ്ഞു.. “ശാലൂ…” വിളിച്ചതേ ഓർമ്മയുള്ളൂ പാഞ്ഞു വന്നവൾ അവനെ ഇറുകെ പുണർന്നിരുന്നു.. കേശുവൊന്ന് ഞെട്ടി.. ശ്വാസമെടുക്കാൻ പോലും മറന്നു പോയിരുന്നു.. “ശാലൂ.. എന്തായിത് നേരെ നിക്ക്.. ഞാനൊന്നു പറയട്ടെ..” കേശു അവളെ പിടിച്ചു മാറ്റാൻ ശ്രമിച്ചെങ്കിലും അവളൊന്നുകൂടി മുറുകെ പിടിച്ചു.. “ഞാൻ വിളിച്ചിട്ടെന്താ ഫോണെടുക്കാത്തെ.. കേശുവേട്ടനില്ലാതെ എനിക്കു പറ്റില്ലാഞ്ഞിട്ടാ..ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നുന്നു..
” ശാലു കരച്ചിലാണ്.. കേശു ബലം പിടിച്ച് അവളുടെ കൈകൾ വിടർത്തി.. “നീയിവിടെ ഇരിക്ക്.. നമുക്ക് സംസാരിക്കാം.. ” അടുത്ത് കിടന്ന സോഫയിലേക്ക് അവളെ പിടിച്ചിരുത്തി… അവനും അടുത്തിരുന്നു.. “നീയിങ്ങനെ ചെറിയ കുട്ടികളെപ്പോലെ വാശിപിടിക്കാതെ.. ഞാൻ പറയട്ടെ..” പരമാവധി മയത്തിലാണവൻ സംസാരിച്ച് തുടങ്ങിയത്.. “നമ്മുടെ രണ്ട് പേരുടെയും ചിന്തകളും ഇഷ്ടങ്ങളുമൊക്കെ വേറെയാണ്.. തൻ്റെ കാഴ്ച്ചപ്പാടുകളുമായി ഒത്തുപോവാൻ എനിക്കോ എൻ്റെ രീതികളുമായി പൊരുത്തപ്പെടാൻ തനിക്കോ കഴിയാതെ നമ്മൾ ഒരുമിച്ചാൽ അതൊരു പരാജയമേ ആവൂ.. അത്കൊണ്ട് ഞാൻ തന്നെ മാമ്മയോടും അമ്മമ്മയോടും കാര്യങ്ങളൊക്കെ പറഞ്ഞ് മനസ്സിലാക്കിക്കോളാം.. ” കേശു പറഞ്ഞ് നിർത്തിയതും ഒന്നൊതുങ്ങിയ ശാലുവിൻ്റെ കരച്ചിൽ ഉച്ചത്തിലായി.. ഹൊ.. ഈ പെണ്ണ് കരഞ്ഞ് വിളിച്ച് എല്ലാവരെയും വരുത്തും.. ഹാ.. വരട്ടെ എല്ലാം തുറന്ന് പറയാം എന്ന് കരുതി കേശു മിണ്ടാതിരുന്നു..
അൽപ്പനേരം കഴിഞ്ഞിട്ടും കേശുവിൻ്റെ അനക്കമൊന്നുമില്ലെന്ന് കണ്ടതും ശാലു കരച്ചിൽ നിർത്തി കണ്ണും മൂക്കും തുടച്ചു.. “അതേ…കേശുവേട്ടാ…” പതിയെ വിളിച്ചു.. “ഉം… “കേശു മൂളി.. “കേശുവേട്ടനന്ന് ചോദിച്ചില്ലേ… പഠിത്തമൊക്കെ കഴിഞ്ഞിട്ട് ഇവിടെ ജോലി ചെയ്യാൻ പറ്റുമോന്ന്… പറ്റും… എനിക്ക് സമ്മതമാണ്.. നമ്മുടെ തറവാട്ടിൽ നിന്നു കൊണ്ട് ഇവിടെ അടുത്ത് ജോലി നോക്കാം.. എൻ്റെ കൂടെ കേശുവേട്ടൻ ഉണ്ടായാമതി.. “ശാലു ശാന്തമായി പറഞ്ഞു.. തുടരും…

by