The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – രജിഷ അജയ്ഘോഷ്
“ഒരു മിനിട്ട് ഞാനും കൂടി വരാം.. ” പിന്നിൽ സൈറയുടെ സ്വരം കേട്ടു…
“വേണ്ട സൈറാ അത് റിസ്കാണ്..
രാത്രിയും..”കേശു പറഞ്ഞു..
“ഞാനൊരു പട്ടാളക്കാരിയാണ് കേശുവേട്ടാ..
രാത്രിയും പകലും വ്യത്യാസമില്ലാതെ ഈ നാടിന് കാവൽ നിൽക്കുന്നവൾ.. “അവളുടെ വാക്കുകളിൽ ആത്മവിശ്വാസവും ധൈര്യവും നിറഞ്ഞുനിന്നു..
കേശുവിന് മറുത്തൊന്നും പറയാനായില്ല..
ഇട്ടിരുന്ന ഡ്രസ്സിനുമേലെ ഒരു കോട്ടെടുത്തിട്ട്
ചന്ദ്രിയമ്മയോട് വിവരം പറഞ്ഞു..
രാത്രിയല്ലേ എന്ന ചോദ്യത്തിന് കേശുവിന് കൊടുത്ത അതേ മറുപടി തന്നെ പകരം നൽകി..
കോവലൻ മുന്നിൽ നടന്നു.. പിന്നിൽ സൈറയും കേശുവും.വയൽ വരമ്പിലൂടെ പകൽ ഓടിച്ചാടി നടക്കുന്നതാണെങ്കിലും രാത്രിയായത് കൊണ്ടും മഴവെള്ളം കാരണവും സൈറയുടെ കാലുകൾ വരമ്പിൽ നിന്നും തെന്നി മാറുന്നുണ്ടായിരുന്നു..
മനസ്സിൽ നിരാലംബരായ ഒരുപറ്റം മനുഷ്യർ മാത്രമായിരുന്നതിനാൽ മറ്റൊന്നും ശ്രദ്ധിക്കാതെ
കാലുകൾ വലിച്ച് നടന്നു..
അൽപ്പദൂരം കഴിഞ്ഞതും വരമ്പുകൾ കാണാത്ത വിധം വെള്ളം കവിഞ്ഞൊഴുകുന്നുണ്ട്..
വയലും വരമ്പും ഒന്നായി ഒരു കടൽപോലെ…
കേശു സൈറയെ പിന്നിലാക്കി അവൾക്ക് നേരെ കൈ നീട്ടി..
വാ… അവൻ്റെ കൈയ്യിൽ പിടിച്ചായിരുന്നു മുന്നോട്ടുള്ള യാത്ര…
വയൽ കഴിഞ്ഞ് റോഡിലേക്ക് കയറിയതോടെ വേഗം നടന്നു.. മഴയപ്പോഴും കനത്തിൽ പെയ്തു കൊണ്ടിരുന്നു…
ആദിവാസികളുടെ പാടിക്ക് ( കോളനി ) അടുത്തെത്തിയപ്പോഴേ ഉറക്കെയുള്ള കരച്ചിലുകളും ബഹളങ്ങളും കേൾക്കുന്നുണ്ട്..
മൂവരും ഓടുകയായിരുന്നു അങ്ങോട്ട്..
മഴയെ വകവെക്കാതെ കേട്ടറിഞ്ഞആളുകൾ തടിച്ചുകൂടിയിട്ടുണ്ട്..
കേശു അവർക്കിടയിലൂടെ തിക്കിത്തിരക്കി മുന്നിലെത്തിയപ്പോഴാണ് തകർന്ന വീടുകൾ കണ്ടത്..
അലറിക്കരയുന്ന ബൊമ്മന് അരികിലേക്കവൻ ചെന്നപ്പോഴാണ് അയാളുടെ ചെറിയ മകൻ ആ വീടിനുള്ളിൽ ഉണ്ടെന്ന കാര്യം അറിയുന്നത്..
വീടിൻ്റെ പകുതിയിലധികം ഇടിഞ്ഞു വീണിട്ടുണ്ട്..
ബാക്കി ഭാഗം ഏത് നിമിഷവും വീഴാം… പച്ചക്കട്ടയിൽ മണ്ണുചേർത്ത് ഉണ്ടാക്കിയ ചുമരുകളാണ് അധികം വീടുകൾക്കും.. വളരെ ബലം കുറവാണവക്ക്..
അത് കൊണ്ട്തന്നെ ആളുകൾക്ക് അവിടേക്ക് പോവാൻ ഭയമാണ്.. മകൻ അകത്താണെന്നറിഞ്ഞ ബൊമ്മൻ വീട്ടിലേക്ക് ഓടാൻ ശ്രമിച്ചെങ്കിലും മറ്റുള്ളവർ അയാളെ ബലമായി പിടിച്ചുവെച്ചിട്ടുണ്ട്.
വിവരങ്ങൾ അറിഞ്ഞപ്പോൾ സൈറ മറ്റൊന്നും ആലോചിച്ചില്ല.. ഒന്ന് ശ്വാസം വലിച്ചുവിട്ട് ആ വീടിനുള്ളിലേക്ക് ഓടുകയായിരുന്നു..
സാമിനോട് ഇനിയെന്ത് ചെയ്യുമെന്ന് ആലോചിക്കുമ്പോഴാണ് സൈറ പാതി ഇടിഞ്ഞ വീടിനുള്ളിലേക്ക് ഓടുന്നത് കേശു കണ്ടത്.. അവൻ്റെ ഉള്ളൊന്ന് കിടുങ്ങി..
“സൈറാ.. അങ്ങോട്ട് പോവണ്ട അപകടമാണ്..” ഉറക്കെ വിളിച്ചു പറഞ്ഞെങ്കിലും അവളതൊന്നും കേട്ടതേയില്ല.. സാമവൻ്റെ കൈയ്യിൽ മുറുക്കിപ്പിടിച്ചിരുന്നു..
ആളുകൾ മുഴുവൻ ശ്വാസമടക്കിപ്പിടിച്ചു നിന്നു..
പൊളിഞ്ഞു വീണ മൺകട്ടകളിൽ തട്ടിത്തടഞ്ഞ്
പലപ്പോഴും കാലിടറിയെങ്കിലും ആ അച്ഛൻ്റെ കരച്ചിലിൻ്റെ ശബ്ദമായിരുന്നു മുന്നോട്ട് പോവാനുള്ള സൈറയുടെ കരുത്ത്.. ടോർച്ചിൻ്റെ വെളിച്ചത്തിൽ തകർന്നടിഞ്ഞ ഭാഗത്തേക്ക് നോക്കുമ്പോൾ ഭയം തോന്നി. ഈശ്വരാ ആ കുഞ്ഞുജീവന് ആപത്തൊന്നും വരുത്തല്ലേ…
ഇതിനടിയിൽ അവനുണ്ടാവരുതെന്ന് പ്രാർത്ഥിച്ച് പൊളിഞ്ഞ് വീഴാറായ ഭാഗത്തേക്ക് നടന്നു..
അവിടെയും കട്ടയുടെ പൊടികളും മണ്ണുമുണ്ട്..
പാത്രങ്ങളും പായയും തുണികളും അങ്ങിങ്ങായിക്കിടക്കുന്നതിനിടയിലൂടെ പരതി നോക്കി.. കാണുന്നില്ലല്ലോ..
പുറത്ത് നിന്നും മറ്റുള്ളവർ അവളെ തിരികെ വിളിക്കുന്നതവൾ കേട്ടില്ല..
അവിടെയാ കുഞ്ഞില്ലെന്ന സത്യം മനസ്സിലാക്കിയതും അവൾക്ക് ഭയം തോന്നി..
ഓരോ ദുരന്തങ്ങൾ വരുമ്പോഴും രക്ഷാപ്രവർത്തനങ്ങൾക്ക് പോവുമ്പോഴും
ആർക്കും ഒന്നും സംഭവിക്കരുതേ എന്ന പ്രാർത്ഥനയാണ് ഉള്ളിലുണ്ടാവുക.. ചിലപ്പോഴൊക്കെ ജീവനറ്റ ശരീരങ്ങൾ കാണുമ്പോൾ അവരുടെ ബന്ധുക്കളുടെ കരച്ചിൽ കാണുമ്പോൾ ഉള്ളിൽ ഞങ്ങളെപ്പോലുള്ളവരും കരയുകയാവും.. മറ്റാരുമറിയാതെ..
പട്ടാളക്കാരാണെങ്കിലും ഞങ്ങളും മനുഷ്യരല്ലേ..
ഇവിടെയും ഈ നിമിഷം കണ്ണുകൾ ഒഴുകുന്നുണ്ട്..
ആ കുഞ്ഞു ജീവനൊന്നും വരുത്തല്ലേ എന്ന പ്രാർത്ഥനയോടെ കട്ടകൾക്കിടയിലേക്ക് നടന്നു..
എവിടെത്തുടങ്ങുമെന്നറിയാതെ ടോർച്ചിൻ്റെ വെളിച്ചത്തിനൊപ്പം ചുറ്റും കണ്ണുകൾ പരതിയപ്പോഴാണ് ഒരു കാലുകണ്ടത്..
വർദ്ധിച്ച ഹൃദയമിടിപ്പോടെ ഓടിച്ചെന്ന് നോക്കുമ്പോൾ പൊളിഞ്ഞു വീണ കട്ടകൾക്കടുത്തായി ഒരു കട്ട പോലും ദേഹത്ത് തട്ടാത്ത വിധത്തിൽ കുഞ്ഞ് കിടക്കുന്നു.. കമിഴ്ന്നാണ് കിടപ്പ്.. കട്ടക്കടുത്തായത് കൊണ്ട് പെട്ടന്ന് ആളെ കാണാൻ കഴിയില്ല..
മറ്റൊന്നും നോക്കിയില്ല വാരിയെടുത്തു നെഞ്ചോടു ചേർത്തു.. മഴ നനഞ്ഞ് കുതിർന്നിട്ടും ആ കുഞ്ഞ് ഉണർന്നിരുന്നില്ല..
ഇടക്കെപ്പോഴോ ആ ശ്വാസം മുഖത്തടിച്ചപ്പോൾ
വേഗം പുറത്തേക്ക് നടന്നു.. ജീവനുണ്ട് ആശ്വാസം..
“ആ… “മേലെ നിന്നും ഓടിൻ്റെ കഷ്ണമൊന്നിളകി സൈറയുടെ നെറ്റിയിലേക്ക് വീണപ്പോൾ അറിയാതെ ശബ്ദം വന്നുപോയി.. തലക്കൊരു തരിപ്പ് പോലെ..
കണ്ണൊന്ന് അടച്ച് തുറന്ന് മഴയെ വകവെക്കാതെ മുന്നോട്ട് നടക്കുമ്പോൾ പുറത്ത് നിന്നും പല ടോർച്ചുകളുടെയും വെളിച്ചം അവൾക്ക് മേലെ പതിഞ്ഞു..
ഓടി വന്ന ബൊമ്മനെ കണ്ടവൾ അയാൾക്ക് നേരെ കുഞ്ഞിനെ നീട്ടി.. വിറക്കുന്ന ശരീരത്തോടെ
അയാൾ കുഞ്ഞിനെ വാങ്ങി നെഞ്ചോട് ചേർക്കുന്നതും തുരുതുരെ ചുംബിക്കുന്നതും നോക്കി നിന്നു…
കുഞ്ഞിൻ്റെ അനക്കമൊന്നും കാണാത്തതിനാൽ അയാൾ ഭയത്തോടെ സൈറയെ നോക്കി..
“ഒന്നുമില്ല.. വേഗം ഹോസ്പിറ്റലിലേക്ക്
പോവാം.. “ബൊമ്മൻ്റെ ചുമലിൽ തട്ടിയവൾ…
അപ്പോഴേക്കും മറ്റുള്ളവരും അടുത്തെത്തിയിരുന്നു..
“ഈ കുഞ്ഞിനെ എത്രയും പെട്ടന്ന് ഹോസ്പിറ്റലിൽ എത്തിക്കണം.. ” ഉറക്കെ പറഞ്ഞവൾ..
വേഗം തന്നെ കൂട്ടത്തിലൊരാൾ കാറെടുത്തുവന്നു..
പകച്ച് നിൽക്കുന്ന ബൊമ്മനിൽ നിന്നും കുഞ്ഞിനെ വാങ്ങി കാറിലേക്ക് കയറിയത് സൈറയാണ്..
ബൊമ്മനും കൂടെയാരോ ഒരാളും കയറി..
കാറ് പാടിയിൽ നിന്നും റോഡിലേക്ക് കയറിയപ്പോഴേക്കും വീടിൻ്റെ ബാക്കി ഭാഗം ഇടിഞ്ഞു വീണിരുന്നു..
“വേഗം അടുത്തുള്ള ഹോസ്പിറ്റലിലേക്ക് വിട്.. ”
വണ്ടിയോടിക്കുന്നയാളോട് പറഞ്ഞു കൊണ്ട് കാറിൽക്കിടന്ന തുണിയെടുത്ത് കുഞ്ഞിൻ്റെ തലയും മുഖവും തുടച്ചു കൊണ്ടിരുന്നു..
എല്ലാവരും നനഞ്ഞാണ് ഇരിക്കുന്നത്..
ക്വാഷാൽറ്റിയിലേക്ക് കുഞ്ഞിനെക്കിടത്തി പുറത്തേക്ക് നടക്കുമ്പോൾ ഭയത്തോടെ നിൽക്കുന്ന കുഞ്ഞിൻ്റെ അച്ഛനെ ചേർത്ത് പിടിച്ചവൾ.. ഡോക്ടറും നഴ്സുമാരും കുഞ്ഞിൻ്റെ നനഞ്ഞ വസ്ത്രമെല്ലാം മാറ്റുന്നുണ്ട്.. കൈയ്യും കാലുമെല്ലാം ഉരച്ച് ചൂടാക്കുന്നുണ്ട്..
“അവിടെ ഇരുന്നോളൂട്ടോ..” ഇടക്കൊരു സിസ്റ്റർ വന്നു പറഞ്ഞപ്പോൾ സൈറ ബൊമ്മനെയും കൂട്ടി അടുത്തുള്ള കസേരയിലേക്ക് ഇരുന്നു..
പുറത്ത് നിന്നും കേശുവും സാമും ഓടി വരുന്നത് കണ്ടു.. അവരോട് കുഞ്ഞിനെ അകത്ത് കിടത്തിയെന്ന് പറഞ്ഞു..
“സൈറ ഇതെന്താ ചോര ?”മഴവെള്ളത്തിനൊപ്പം നെറ്റിയിലൂടെ ഒലിച്ചിറക്കുന്ന ചുവപ്പിലേക്ക് നോക്കി സാമാണ് ചോദിച്ചത്..
“എന്തോ തലയിലേക്ക് വീണിരുന്നു.
അതിൻ്റെയാവും.. സാരല്ല.. ” നിസാരമായി പറഞ്ഞവൾ.. അപ്പോഴാണ് കേശുവും ശ്രദ്ധിച്ചത്..
“വന്നേ ഡോക്ടറെ കാണാം..” കേശു അവളുടെ കൈയ്യിൽ പിടിച്ചു..
ഓട് തട്ടിയ ഭാഗത്ത് ആഴത്തിൽ മുറിവുണ്ടായിരുന്നു.. മൂന്ന് സ്റ്റിച്ചിട്ട ശേഷമാണ് പുറത്തിറങ്ങിയത്.. മൂന്ന് ദിവസത്തേക്ക് ആൻ്റിബയോട്ടിക് കഴിക്കണം..
“സാരല്ലാത്രേ.. നോക്കിയില്ലെങ്കിൽ നേരം വെളുക്കുമ്പോഴേക്കും കാണായിരുന്നു…
മുറിവുണ്ടായാൽ ഡോക്ടറെ കാണണമെന്ന് നിനക്കറിയില്ലേ സൈറാ..” പുറത്തിറങ്ങാൻ കാത്തു നിന്നത്പോലെ കേശു ശബ്ദമുയർത്തി…
സൈറ മറുപടിയൊന്നും പറയാതെ അവൻ്റെ മുഖത്തേക്ക് നോക്കി നിന്നു..
” കാര്യം പറയുമ്പോ നോക്കി പേടിപ്പിക്കുന്നോ..” കേശു ഒന്നുകൂടി അവൾക്കടുത്തേക്ക് നീങ്ങി.. സൈറയിൽ ഭാവമാറ്റമൊന്നും കണ്ടില്ല..
“മതീടാ.. ആളുകൾ ശ്രദ്ധിക്കുന്നു.. “സാം കേശുവിനോട് പറഞ്ഞപ്പോൾ അവൻ ഇഷ്ടപ്പെടാത്ത മട്ടിൽ മുഖം തിരിച്ചു..
കൊച്ചു കുഞ്ഞുങ്ങൾ വാശി കാണിക്കുന്നത് പോലെ.. സൈറക്ക് ചിരി വന്നുപോയി..
നഴ്സ് വന്ന് കുഞ്ഞിന് ബോധം വീണെന്ന് പറഞ്ഞപ്പോൾ ബൊമ്മൻ സൈറയെ നോക്കി കൈകൂപ്പി… അവളാ കൈകൾ ചേർത്ത് പിടിച്ച് അയാൾക്കൊപ്പം അകത്തേക്ക് നടന്നു..
കുഞ്ഞിക്കണ്ണുകൾ തുറന്ന് ചുറ്റും നോക്കുന്ന മൂന്നു വയസ്സുകാരൻ രാഹുൽ.. ബൊമ്മൻ അവനെക്കെട്ടിപ്പിടിക്കുന്നുണ്ട്.. തിരികെ നിറയെ ഉമ്മകൾ കൊടുക്കുന്നുണ്ടവൻ..
കേശു സൈറയെ നോക്കുമ്പോൾ
നഷ്ടപ്പെട്ടെന്ന് കരുതിയതെല്ലാം തിരികെ കിട്ടിയ അച്ഛൻ്റെയും മകൻ്റെയും സന്തോഷം ആസ്വദിച്ചു നിൽക്കുകയാണവൾ.. നിറഞ്ഞ ചിരിയുണ്ടവളുടെ മുഖത്ത്.. അവളുടെ ധൈര്യവും ആത്മവിശ്വാസവും കൊണ്ടുമാത്രമാണ് ഈ നിമിഷം സന്തോഷത്തിൻ്റേതായത്.. അല്ലെങ്കിൽ… ചിന്തിക്കാൻ പോലും കഴിയുന്നില്ല..
“കുട്ടി ഭയന്ന് ബോധം പോയതാണ്… വേറെ പരിക്കുകൾ ഒന്നും തന്നെയില്ല.. എന്തായാലും കുറെയധികം നനഞ്ഞതല്ലേ ഇന്നൊരു രാത്രി ഇവിടെക്കിടക്കട്ടെ… ” എന്ന് ഡോക്ടർ പറഞ്ഞപ്പോൾ ബൊമ്മനത് സമ്മതിച്ചു..
അവരോട് യാത്ര പറഞ്ഞ് സൈറയെയും കൂട്ടി കേശുവും സാമും വന്ന കാറിൽ തന്നെ വീട്ടിലേക്ക് പോയി…
നേരം വെളുത്ത് തുടങ്ങിയിരുന്നു..ചന്ദ്രിയമ്മ തൊഴുത്തിലാണ്.. ചാരിയിട്ട അടുക്കള വാതിലിലൂടെ അകത്ത് കയറി രണ്ടാളും..
” ടാബ്ലറ്റ് കഴിച്ചതല്ലേ..ഫ്രഷായിട്ട് കുറച്ച് നേരം കിടന്നോ.. ക്ഷീണം കാണും.. ” മുറിയിലേക്ക് നടക്കുന്നതിനിടയിൽ കേശു പറയുന്നുണ്ട്..
മണ്ണും ചെളിയും പറ്റിയ നനഞ്ഞ വസ്ത്രമെല്ലാം മാറി ബാത്റൂമിൻ്റെ മൂലക്കിട്ടു.. മേലൊന്നു കഴുകിയ ശേഷമാണ് കിടന്നത്..
മഴ ശക്തി കുറഞ്ഞെങ്കിലും ഇപ്പോഴും പെയ്യുന്നുണ്ട്..
ഏറെനേരം നനഞ്ഞ് നിന്നതിനാലാവാം നല്ല തണുപ്പുണ്ട്.. കമ്പിളിക്കുള്ളിലേക്ക് ചുരുണ്ടുകൂടിക്കിടന്നു.പെട്ടന്ന് തന്നെ ഉറങ്ങിപ്പോയി..
മണിക്കൂറുകൾക്ക് ശേഷം സൈറ കണ്ണു തുറക്കുമ്പോൾ പുറത്ത് മറ്റാരുടെയോ ശബ്ദം കേൾക്കുന്നുണ്ട്.. തലയ്ക്കുമ്പോൾ വേദന തോന്നി.
താമസിയാതെ മുറിലേക്ക് ആരോ വരുന്നത്പോലെ തോന്നി..
“അയ്യോ.. നേരാണല്ലോ കുട്ടീടെ തലേൽ എന്തോ പറ്റീട്ടുണ്ട്.. ” പത്മാവതിയമ്മ വേവലാതിയോടെ അവൾക്കരികിലിരുന്നു..
“ഞാനപ്പഴേ പറഞ്ഞില്ലേ ബൊമ്മൻ്റെ പെരയിടിഞ്ഞ് വീണത് ഇവിടത്തെ കൊച്ചിൻ്റെ തലേലാണെന്ന്..
നാട് മുഴുവൻ അതാ പറയണതേ.. ഞാനതല്ലേ ഈ പെരുമഴപോലും വകവെക്കാതെ ഓടിപ്പിടിച്ചിങ്ങ് വന്നത്..” നാട്ടിലെ പരദൂഷണക്കാരി ഭാർഗവിത്തള്ള
വലിയ സംഭവം കണക്കെ പറഞ്ഞത് കേട്ട് സൈറ അന്തം വിട്ടു..
“എന്നാലും എൻ്റെ ഭഗവതീ.. ” അച്ഛമ്മ നെഞ്ചിൽ കൈ ചേർത്തു.. സൈറയാ കൈയ്യിൽ പിടിച്ചു..
“ചെറിയൊരു മുറിവ് അത്രേയുള്ളൂ.. ” അച്ഛമ്മയോട് പറഞ്ഞവൾ..
“കയ്യിനോ കാലിനോ വല്ല ഒടിവോ ചതവോ ഉണ്ടോ കൊച്ചേ… ” പറയുന്നതിനിടക്ക് അവർ സൈറയുടെ കമ്പിളി നീക്കി നോക്കി..
“നിങ്ങൾക്കിതെന്തിൻ്റെ കേടാ..ഏ… ആരേലും പറയുന്നതും കേട്ട് ഇറങ്ങിക്കോളും.. ഇനിയീ നാട്ടിലാകെ പൊടിപ്പും തൊങ്ങലും ചേർത്ത് പറഞ്ഞ് നടക്കാനുള്ളതായല്ലോ.. “കേശുവിൻ്റെ സ്വരം വാതിൽക്കൽ നിന്ന് കേട്ടതും ഭാർഗ്ഗവി വേഗം കമ്പിളിയെല്ലാം നേരെയിട്ട് നേരെ നിന്നു..
“ഞാനങ്ങനെ ചെയ്യോ മോനെ… വിവരമൊന്ന് അറിയാന്ന് കരുതി അത്രേയുള്ളൂ.. ” വിനീതമായി തലകുനിച്ച് നിൽക്കുന്നുണ്ടവർ..
“വിവരമൊക്കെ അറിഞ്ഞല്ലോ.. ന്നാ വിട്ടോ..” കേശു ഗൗരവത്തിൽ തന്നെയാണ്.. അവർ തലയാട്ടി..
“അതേയ് പെരയൊക്കെ വീണതല്ലേ..തലക്ക് വല്ലതും പറ്റിയോന്ന് അറിയണെങ്കിലേ മറ്റേ സ്കാനിങ്ങില്ലേ.. ശ്ശോ..ഞാനതിൻ്റെ പേരും മറന്നു..
അതൊന്ന് എടുത്ത് നോക്കിയാ മതീട്ടോ… ”
പോവുന്ന പോക്കിൽ സൈറയോട് സ്വകാര്യമായി പറഞ്ഞവർ..
” നിങ്ങള് പോണുണ്ടോ…. ” കേശുവിൻ്റെ ശബ്ദം വീണ്ടും ഉയർന്നതും അവരെന്തോ പിറുപിറുത്തു കൊണ്ട് തിടുക്കപ്പെട്ട് പുറത്തേക്ക് നടന്നു..
സൈറക്കത് കണ്ട് ചിരിയാണ് വന്നത്..
തുടരും..