രചന – രജിഷ അജയ്ഘോഷ്
രാവിലെ കുളികഴിഞ്ഞിറങ്ങുമ്പോൾ സായുവും അച്ഛനും റൂമിൽ സൈറയെ കാത്തിരിപ്പുണ്ട്..
“ഇങ്ങ് വാ…” മാധവൻ അവളെ അടുത്തേക്ക് വിളിച്ചു..
ഒരു ജ്വല്ലറി ബോക്സെടുത്ത് ചിരിയോടെ നിൽക്കുന്നവൾക്ക് നേരെ നീട്ടി.
“എന്താ അച്ഛാ ഇത്?” സൈറയുടെ മുഖം ചുളിഞ്ഞു..
“എൻ്റെ മോൾടെ കല്യാണത്തിന് അച്ഛൻ്റെ സമ്മാനം. നിൻ്റെ കല്യാണം നമ്മുടെ വീട്ടിൽ വച്ച് ആർഭാടമായി നടത്തണമെന്നായിരുന്നു ആഗ്രഹം..
അതൊന്നും നടന്നില്ലെങ്കിലും ഇതെങ്കിലും സ്വീകരിക്കണം.. ഇനിയിപ്പൊ അച്ഛനോടും വെറുപ്പാണെങ്കിൽ…” മാധവൻ പറഞ്ഞ് പൂർത്തിയാക്കും മുന്നേ” അച്ഛാ…” ന്ന് വിളിച്ച് സൈറ അയാളുടെ കയ്യിലുള്ളത് വാങ്ങിക്കൊണ്ട് നെഞ്ചിലേക്ക് ചേർന്നു.. മാധവൻ്റെ കണ്ണു നിറഞ്ഞു പോയി.. അവളെ ചേർത്ത് പിടിച്ച് വാത്സല്യത്തോടെ നെറ്റിയിൽ ചുണ്ടമർത്തുമ്പോൾ അയാളൊന്നു വിതുമ്പി..
“എന്നെയെന്താ തവിടുകൊടുത്തു വാങ്ങിയതാണോ?” അച്ഛൻ്റെയും ചേച്ചിയുടെയും സ്നേഹം കണ്ട് സായൂട്ടൻ പരിഭവിച്ചു..
” ഇങ്ങു വാടാ കുശുമ്പാ.. ” സൈറ അച്ഛൻ്റെ നെഞ്ചിൽ നിന്നും മാറാതെ ഒരു കൈ സായുവിന് നേരെ വിടർത്തി പിടിച്ചു.. സായു ഓടി വന്ന് ആ കൈക്കുള്ളിൽ കയറി.. മാധവൻ സന്തോഷത്തോടെ തൻ്റെ രണ്ടു മക്കളെയും ചേർത്തു പിടിച്ചു..
“എൻ്റെ മക്കളെന്നും ഈ സ്നേഹത്തോടെ കഴിയണം..” അയാൾ രണ്ടാളെയും വാത്സല്യത്തോടെ തലോടി..
❤❤
നേർത്ത ചെയിനിൻ്റെ ഇടയിൽ മുത്തുള്ള സിംപിൾ പാദസരവും നിറയെ കല്ലുകൾ പതിപ്പിച്ച നെക്‌ലെയ്സും അതിന് ചേർന്ന കമ്മലും വളകളും മാധവൻ കൊണ്ടുവന്ന ബോക്സിലുണ്ടായിരുന്നു..
ബ്യൂട്ടീഷൻ വന്ന് സൈറയെ ഒരുക്കി.. ഓറഞ്ച് പട്ടുസാരിയിൽ നിറയെ ആഭരണങ്ങളും മുല്ലപ്പൂവും അണിഞ്ഞ് സൈരന്ദ്രിയൊരു മണവാട്ടിയായി..
“യ്യോ… എൻ്റെ സുന്ദരിക്കുട്ടീ…. ” വാതിൽ തുറന്ന് വന്ന നാദി സൈറയെ കെട്ടിപ്പിടിച്ച് കവിളിൽ ചുണ്ടമർത്തി..
“നീയൊന്ന് നേരെ നിന്നേ.. ഞാനൊരു പിക് എടുക്കട്ടെ.. “നാദി ഫോണെടുത്തു.. സൈറ ചിരിയോടെ നിന്നു..
“ഒരുങ്ങിക്കഴിഞ്ഞാൽ എൻ്റെ പെണ്ണിൻ്റെ ഫോട്ടോ എടുത്ത് അയച്ചുകൊടുക്കണമെന്ന് ഓരാളെന്നോട് പറഞ്ഞിട്ടുണ്ട്.. “നാദി ഫോട്ടോ ഷെയർ ചെയ്യും മുൻപേ സൈറ അവളുടെ കയ്യിൽ പിടിച്ചു..
“അങ്ങനെയിപ്പൊ കാണണ്ട.. നേരിട്ട് കണ്ടാമതി.. ”
സൈറ നാദിയുടെ ഫോൺ തൻ്റെ കയ്യിലാക്കി.
“വേണ്ടേ… പാവം കാത്തിരിക്കും..”
“വേണ്ട.. കാത്തിരുന്നോട്ടെ..”
വേണ്ടെങ്കിൽ വേണ്ട.. എനിക്കിപ്പെന്താ.. നാദി പിറുപിറുത്തു..
ഒരുക്കം കഴിഞ്ഞ് അച്ഛമ്മക്കുംഅച്ഛനും സതീഷിനും ദക്ഷിണ കൊടുത്ത് കാൽതൊട്ട് അനുഗ്രഹം വാങ്ങി.. അച്ഛമ്മയുടെ കൈ പിടിച്ചാണ് മുറ്റത്തൊരുക്കിയ മണ്ഡപത്തിലേക്ക് നടന്നത്..
പന്തലിൽ നിരന്നിരിക്കുന്നവർക്കിടയിലൂടെ അമ്മമ്മയുടെ കൈ പിടിച്ച് നടന്നു വരുന്നവളെ കണ്ട് കേശുവിൻ്റെ ചുണ്ടിലൊരു ചിരി വിരിഞ്ഞു..
ആദ്യമായാണ് സൈറയെ സാരിയിൽ കാണുന്നത്..
അവൾക്കേതും ചേരുമെന്ന് തോന്നി..
സൈറ മുഖമുയർത്തി നോക്കുമ്പോൾ കേശു തന്നെയാണ് നോക്കുന്നത്.. സൈറ അവനെ നോക്കി പുരികമുയർത്തിയ ശേഷം ഒറ്റക്കണ്ണടച്ചതും ആളൊന്ന് ഞെട്ടി…
ഈ പെണ്ണ്… ചിരി കടിച്ച് പിടിച്ച് തല താഴ്ത്തിയവൻ..
“ടാ… ചോരയൂറ്റീത് മതീടാ..” അടുത്ത് നിൽക്കുന്ന സാമാണ്…
സൈറയുടെ മുഖത്ത് ചിരിയാണ്.. ഭംഗിയുള്ള ചിരി..
കേശുവിൻ്റെ അരികിൽ ഇരിക്കുമ്പോഴും
അവളുടെ മുഖത്ത് ചിരി തന്നെയാണ്..
മന്ത്രോച്ചാരണങ്ങൾ കേട്ടു.. പൂജാരി
താലിയെടുത്ത് കേശുവിന് നേരെ നീട്ടി…
“താലി കെട്ടിക്കോളൂ…. “കേശുവിൻ്റെ കൈയ്യൊന്ന് വിറച്ചു.. ചെറിയൊരു പരിഭ്രമം പോലെ.. താലികെട്ടുമ്പോഴും ചിരിയോടെ തെളിഞ്ഞ മുഖത്തോടെ ഇരുന്നവൾ.. സിന്ദൂരത്താൽ സീമന്തരേഖ ചുവന്നു.. മാധവൻ നീട്ടിയ മാല വാങ്ങി സൈറ കേശുവിൻ്റെ കഴുത്തിൽ ഇട്ടു കൊടുത്തു..
രണ്ടാളും പരസ്പരം മോതിരം മാറി..മാധവൻ
കേശുവിൻ്റെയും സൈറയുടെയും കൈകൾ തമ്മിൽ ചേർത്തു വെച്ചു..
പൂജാരി പറഞ്ഞത് കേട്ട് മൂന്ന് വലം വെച്ചു..
പത്മാവതിയമ്മയുടെ കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞു… ചന്ദ്രിയമ്മ തൻ്റെ മക്കളെ കൺനിറച്ചു കണ്ടു..
നിർമ്മല ഒരു ഭാഗത്ത് അന്യയെപ്പോലെ ഒതുങ്ങി നിന്നു..
എല്ലാവരും ചേർന്ന് ഫോട്ടോയെടുപ്പും പാലും പഴവുമൊക്കെയായി കുറെയേറെ ചടങ്ങുകളും ഉണ്ടായിരുന്നു..
വിവാഹത്തിന് വന്ന എല്ലാവരെയും കണ്ട് സംസാരിച്ചു.. ചീതയും ചിരുതയുമൊക്കെ കുടുംബത്തോടെ എത്തിയിരുന്നു..
ചേതനയെയും ഒപ്പമുള്ള കുട്ടികളെയും കൂട്ടി ഫോട്ടോയെടുത്തപ്പോൾ അവരുടെ മുഖത്തെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാത്ത വിധമായിരുന്നു..
നിറയെ വിഭവങ്ങളുള്ള സദ്യയായിരുന്നു ഒരുക്കിയത്.. വന്നവരിൽ അധികം ആളുകളും കഴിച്ചു കഴിഞ്ഞ ശേഷമാണ് കേശുവും സൈറയും കഴിക്കാനിരുന്നത്.. ഊണും കഴിഞ്ഞ് ചടങ്ങിനെന്ന പോലെ പത്മാവതിയമ്മ ആരതിയുഴിഞ്ഞ് സൈറയെയും കേശുവിനെയും അകത്തേക്ക് കയറ്റി..
“ഞാനിറങ്ങുവാണേ.. നാളെ ഡൽഹിയിൽ വെച്ച് കാണാം.. “നാദി സൈറയെ ഒന്നു പുണർന്നു..
സൈറയും..കേശുവിനോടും യാത്ര പറഞ്ഞാണ് നാദി ഇറങ്ങിയത്..
“അമ്മമ്മേ ഞങ്ങളൊന്ന് ദേവ മാമ്മക്കടുത്ത് പോയാലോ? മാമ്മക്ക് ആഗ്രഹമുണ്ടാവും.. പറയാൻ വയ്യല്ലോ..” കേശു തന്നെ പത്മാവതിയമ്മയോട്
ചോദിച്ചു..
“അത് ശരിയാ… പോയിട്ട് വാ.. “അമ്മമ്മ സമ്മതിച്ചതോടെ സൗഭാഗ്യക്കരുകിൽ നിന്ന സൈറക്കടുത്തേക്ക് കേശു നടന്നു..
“എടോ നമുക്കൊന്ന് ദേവമാമ്മയെ കണ്ടിട്ട് വരാം.. ”
സൈറയത് കേട്ട് മുഖം ചുളിച്ചു…
“മാമക്ക് നമ്മളെ കണ്ടില്ലെങ്കിൽ വിഷമമാവില്ലേ അതാ.. “ആരും കാണാതെ കണ്ണൊന്നിറുക്കി കേശു പറഞ്ഞപ്പോൾ സൈറ തലയാട്ടി..
കേശുവിൻ്റെ കൈ സൈറയുടെ കൈയ്യിൽ പിടിത്തമിട്ടു..
❤❤
ദേവരാജൻ്റെ വീട്ടിലെത്തി ബെല്ലമർത്തിയിട്ടും
വാതിൽ തുറക്കാതെ വന്നപ്പോൾ സൈറയും കേശുവും മുഖത്തോടുമുഖം നോക്കി..
കേശു വീണ്ടും വീണ്ടും ബെൽ സ്വിച്ചിൽ വിരലമർത്തി..
കുറച്ച് സമയത്തിനു ശേഷം പരിചയമില്ലാത്തൊരാളാണ് വാതിൽ തുറന്ന് വന്നത്.. വിവാഹ വേഷത്തിൽ മുന്നിൽ നിൽക്കുന്നവരെ കണ്ട് അയാൾ അമ്പരന്ന് നോക്കുന്നുണ്ട്..
ഭാനുമതി രണ്ടു ദിവസം മുൻപ് അവരുടെ വീട്ടിലേക്ക് പോയതാണെന്നും അയാൾ ദേവരാജനെ നോക്കാൻ വന്ന പുതിയ ഹോം നഴ്സാണെന്നും കേശു ചോദിച്ചറിഞ്ഞു..
ദേവരാജൻ്റെ സഹോദരിയുടെ മകനാണെന്ന് പറഞ്ഞപ്പോൾ അയാൾ അകത്തേക്ക് വിളിച്ചു..
ദേവരാജൻ്റെ റൂമിൻ്റെ വാതിൽ തുറന്നതും മൂത്രത്തിൻ്റെ രൂക്ഷഗന്ധം സൈറയുടെയും കേശുവിൻ്റെയും മൂക്കിലേക്ക് കയറി. രണ്ടാളുടെയും മുഖം ചുളിഞ്ഞുപോയി..
“ഞാനൊന്ന് ഉറങ്ങിപ്പോയപ്പോഴേക്കും യൂറിൻ ബാഗ് നിറഞ്ഞെന്ന് തോന്നുന്നു.. ഒരു മിനിട്ട് ഞാനതൊന്ന് മാറ്റട്ടേ..” ഹോം നഴ്സ് വേഗം മുറിയിലേക്ക് കയറിപ്പോയി..
“കയറിക്കോളൂ സാർ.. “അൽപ്പസമയം കഴിഞ്ഞ് അയാൾ പുറത്തേക്ക് വന്നു..
ദേവരാജൻ കണ്ണടച്ചു കിടക്കുന്നത് കണ്ടാണ് കേശുവും സൈറയും അകത്ത് കയറിയത്..
കാലൊച്ച കേട്ട് ദേവരാജൻ കണ്ണു തുറന്നപ്പോൾ മുന്നിൽ കല്യാണ വേഷത്തിൽ രണ്ടുപേർ…
അതും ഒരിക്കലും കാണാൻ ആഗ്രഹിക്കാത്തവർ.. അയാൾ ഞെട്ടി.. വേഗം നോട്ടം മാറ്റിക്കളഞ്ഞു..
“ഹാ… ഇങ്ങോട്ട് നോക്കെന്നേ.. നിങ്ങള് കൊല്ലാൻ ശ്രമിച്ചവൾ എൻ്റെ പെണ്ണായിട്ട് വന്നത് ശരിക്കൊന്ന് കണ്ടോ…”കേശു പരിഹാസത്തോടെ പറഞ്ഞു..
ദേവരാജൻ വേഗം കണ്ണടച്ചുകളഞ്ഞു..
“കണ്ണടച്ച് ഇരുട്ടാക്കുകയേ രക്ഷയുള്ളൂ..
ഇപ്പോത്തന്നെ നിങ്ങളിവിടെ ഒരു അധികപ്പറ്റായിതുടങ്ങിയെന്ന് ഇവിടെ വന്നപ്പോഴേ മനസിലായി.. ഇനിയെന്തൊക്കെ കാണണം.. കേൾക്കണം.. ഇതൊരു തുടക്കം മാത്രമേ ആയിട്ടുള്ളൂ.. ഇനിയുള്ള കാലം നിങ്ങൾ മരണത്തെ കൊതിക്കും..” അയാളുടെ അടഞ്ഞ കണ്ണുകളിലേക്കും ക്ഷീണിച്ച മുഖത്തേക്കും നോക്കി പറയുമ്പോൾ സൈറയുടെ മുഖത്ത് ആഗ്രഹിച്ച കാഴ്ച്ച കണ്ട നിർവൃതിയായിരുന്നു.. കേശു അവളെ തന്നിലേക്ക് ചേർത്തു പിടിച്ചു..
പോവാം… അവൻ ചോദിച്ചപ്പോൾ തലയാട്ടി..
ദേവരാജൻ്റ ഇറുക്കിയടച്ച കൺകോണിലൂടെ കണ്ണീരെഴുകി…
“ഇയാളുടെ മലവും മൂത്രവും കോരി മടുത്തു..
ഇതൊന്ന് ചത്തു കിട്ടിയിരുന്നെങ്കിൽ എൻ്റെ ദൈവമേ.. ” ഭാനുമതി പറഞ്ഞ വാക്കുകൾ അയാൾ വീണ്ടും ഓർത്തു..
ആരോഗ്യമുള്ള കാലത്ത് പണവും കൊണ്ട് എന്തും നേടാമെന്ന് അഹങ്കരിച്ചിരുന്നതാണ്..
പക്ഷേ, ഇന്ന്….
ഒന്നു വീണാൽ തീരാവുന്നതേയുള്ളൂ മനുഷ്യനെന്ന്
മനസിലാവുന്നുണ്ട് അയാൾക്ക്..
പുറത്തിറങ്ങിയതും സൈറ പെട്ടന്ന് കേശുവിനെ കെട്ടിപ്പിടിച്ചു.. അപ്രതീക്ഷിതമായതിനാൽ അവനൊന്ന് ഞെട്ടി..
ഒരു കവിളിൽ കൈ ചേർത്ത് മറു കവിളിലൊന്ന് ചുണ്ടമർത്തിയവളെ നോക്കി അവൻ കണ്ണു മിഴിച്ചു..
“ഈ കാഴ്ച്ച കാണാൻ കൊണ്ടു വന്നതിന്…” കണ്ണു ചിമ്മിയവൾ നടന്നപ്പോഴും കേശു ചലിക്കാനാവാതെ നിന്നു… പിന്നെ ചിരിയോടെ കാറിലേക്ക് കയറി..
ഡൽഹിക്ക് പോവാനുള്ളത് കൊണ്ട് സ്പീഡിലാണ് കേശു തിരികെ ഡ്രൈവ് ചെയ്തത്..
“വേഗം കുളിച്ച് മാറിക്കോ രണ്ടാളും.. സമയം വൈകും..” തറവാട്ടിൽ എത്തിയതും പത്മാവതിയമ്മ ധൃതികൂട്ടി..
സൈറ കേശുവിനോട് കുളിച്ചിട്ട് വരാമെന്ന് പറഞ്ഞ് റൂമിൽ കയറി വാതിലടച്ചപ്പോഴാണ് ആഭരണങ്ങളും സാരിയും അഴിച്ച് മാറ്റണമല്ലോ എന്നോർത്തത് തന്നെ..
ചന്ദ്രിയമ്മയെ വിളിക്കാനായി വാതിൽ തുറക്കും മുന്നേ വാതിലിൽ തട്ടു കേട്ടു…
തുറന്നതും കേശു തിടുക്കപ്പെട്ട് അകത്തേക്ക് കടന്നിരുന്നു..
ഉം… സൈറയവനെ നോക്കി…
ചുമ്മാ….. അവനൊന്നു ചിരിച്ചു.. കാണാൻ ഭംഗിയുള്ളൊരു കുസൃതിച്ചിരി…
“നേരം വൈകും.. നമുക്ക് റെഡിയാവണ്ടേ?” സൈറ തിടുക്കം കൂട്ടുന്നുണ്ട്..
“വേണം.. അതിന് മുൻപ്…. “കേശുവിൻ്റെ വാക്കുകൾ പാതിയിൽ മുറിഞ്ഞു..
“അതിന് മുൻപ് ?” സൈറ ചോദിച്ചു..
കേശു ഇരുകൈകളും വിടർത്തിപ്പിടിച്ചു.. കണ്ണുകൊണ്ട് സൈറയെ ക്ഷണിച്ചു…
ചിരിയോടവൾ ആ കൈകൾക്കുള്ളിലേക്ക് അവൻ്റെ നെഞ്ചിലേക്ക് ചേർന്നു… ഇരുവരും മുറുകെ പുണർന്നു… കേശുവേട്ടൻ്റെ ചുണ്ടുകൾ സിന്ദൂരം ചാർത്തിയ നെറ്റിയിൽ പലകുറി അമരുന്നത് സൈറയറിഞ്ഞു..
വലിയ ജിമിക്കിയിലൊന്ന് തട്ടിയപ്പോൾ അതിൻ്റെ ആട്ടവും നോക്കി നിന്നുപോയി..
എൻ്റെ പെണ്ണ്….. ഹൃദയത്തിൻ്റെ മന്ത്രണം..
“റെഡിയായിക്കോട്ടോ..” കേശു പറഞ്ഞു കൊണ്ട് ഒന്നുകൂടി സൈറയുടെ നെറ്റിയിൽ ചുണ്ടു ചേർത്ത് തിരിഞ്ഞു നടന്നു…
ചന്ദ്രിയമ്മയെ വിളിച്ച് സാരിയും ആഭരണങ്ങളും അഴിച്ചു വെച്ചു… വേഗം തന്നെ കുളിച്ച് വേഷം മാറിയിറങ്ങി…
ബാഗെല്ലാം ഒരുക്കിവെച്ചത് കൊണ്ട് എല്ലാരോടും യാത്ര പറഞ്ഞ് വേഗം തന്നെയിറങ്ങി.. സാമാണ് എയർപോർട്ടിലേക്ക് വരുന്നത്..
“നീയാ പന്തലൊക്കെയൊന്ന് അഴിച്ച് മാറ്റാൻ കൂടണേ..” യാത്രക്കിടയിൽ കേശു സാമിനോട് പറയുന്നുണ്ട്..
“അതൊക്കെ ഞാൻ നോക്കിക്കോളാം… നിങ്ങള് പോയിട്ട് വാ.. ”
എയർപോർട്ടിലെ പാർക്കിങ്ങിൽ കാറിൽ നിന്നിറങ്ങിയ സൈറ സാമിനെ കെട്ടിപ്പിടിച്ചു..
“പോയിട്ട് വരാം.. ”
“ഉം…ടി വി യിൽ കണ്ടോളാം ഞങ്ങൾ..” സാം അവളുടെ മുഖത്തൊന്ന് തലോടി…
കേശുവും യാത്ര പറഞ്ഞു..
❤❤
മിലിട്ടറി യൂണിഫോമിൽ സൈറയെ ആദ്യമായി കാണുകയായിരുന്നു കേശു..
പ്രധാനമന്ത്രിയടക്കം പ്രമുഖരടങ്ങുന്ന സദസ്സിൽ അഭിമാനത്തോടെ തലയുയർത്തിപ്പിടിച്ചു സൈറ നിന്നു..
“””സൈരന്ദ്രി”””ഇന്ത്യയുടെ ധീരവനിതയാണെന്ന് എടുത്തു പറഞ്ഞു കൊണ്ട് പ്രധാനമന്ത്രി അവൾക്ക് അവാർഡ് സമ്മാനിച്ചു..
ഈ നാടിന് വേണ്ടി സധൈര്യം പോരാടിയവളാണ് സൈരന്ദ്രി… മരണത്തെ അതിജീവിച്ചവൾ… അദ്ദേഹം വീണ്ടും അവളെ വിശേഷിപ്പിച്ചു…
നിറഞ്ഞ കയ്യടിയായിരുന്നു സദസ്സിൽ നിന്നുള്ള മറുപടി…
സന്തോഷവും അഭിമാനവും കൊണ്ട് സൈറയുടെ കണ്ണുനിറഞ്ഞു…
ക്യാമറക്കണ്ണുകൾ പലകുറി ആ മനോഹര നിമിഷങ്ങൾ പകർത്തി..
ഓരോ പട്ടാളക്കാരനും നാടിനു വേണ്ടി സ്വയം സമർപ്പിക്കുന്നവരാണ്.. അവർക്കൊപ്പം എന്നും എല്ലാവരുടെയും സ്നേഹവും പ്രാർത്ഥനയും വേണമെന്ന് സൈറ പറഞ്ഞപ്പോൾ വീണ്ടും കരഘോഷം കേട്ടു…
സൈറയുടെ സഹപ്രവർത്തകർ ഓരോരുത്തരായി വന്ന് അവളെ അഭിനന്ദിച്ചു… നാദി കെട്ടിപ്പിടിച്ച് ചുംബിച്ചാണ് സന്തോഷം പ്രകടിപ്പിച്ചത്…
വേദിക്ക് താഴെ ചിരിയോടെ തന്നെ നോക്കി നിൽക്കുന്നവനെ കണ്ടപ്പോൾ തൻ്റെ സന്തോഷം അവനോട് പങ്ക് വെക്കാനാണ് അരികിലേക്ക് ഓടിച്ചെന്നത്..
“കൺഗ്രാറ്റ്സ് സൈറ….” കൈ നീട്ടിക്കൊണ്ട് പറഞ്ഞവൻ്റെ കൈ തട്ടിമാറ്റിക്കൊണ്ട് ആ നെഞ്ചിലേക്ക് ചേർന്നു…
മാധ്യമ പ്രവർത്തകരുടെ ക്യാമറയിൽ ആ മനോഹര ദൃശ്യം പതിഞ്ഞു..
രണ്ടാളെയും ചേർത്ത് നിർത്തി ഒരുപാട് ഫോട്ടോകളും എടുത്ത് ഇൻ്റർവ്യൂവും കഴിഞ്ഞാണ് മാധ്യമ പ്രവർത്തകർ വിട്ടത്…
കല്യാണത്തിന് സഹപ്രവർത്തകർക്കൊന്നും വരാൻ കഴിയാതിരുന്നത് കൊണ്ട് ലെ മെറീഡിയൻ ഹോട്ടലിൽ വെച്ച് രാത്രിയൊരു പാർട്ടി കൊടുത്തു…
ഫോർമാലിറ്റികൾ ഇല്ലാതെ പാട്ടിനൊപ്പം ചുവടുകൾ വെച്ചും ചെറിയ രീതിയിൽ ഡ്രിങ്ക്സുമൊക്കൊയായി
വളരെ മനോഹരമായൊരു രാത്രി…
രാവേറെ വൈകിയാണ് എല്ലാവരും പിരിഞ്ഞത്..
സൈറയും കേശുവും അന്ന് രാത്രി അവിടെത്തന്നെ നിന്നു..
ഭംഗിയായി അലങ്കരിച്ച വലിയ മുറിയിലെ കട്ടിലിലേക്ക് മലർന്ന് വീണ് കിടന്ന് സൈറ ഉറക്കെച്ചിരിച്ചു…
ഇവൾക്ക് ഓവറായോ? എന്ന മട്ടിൽ കേശു സൈറയെ നോക്കി…
“കേശുവേട്ടാ… ആം വെരി ഹാപ്പി….
കേശുവേട്ടനോ? “ചിരിക്കിടയിൽ ഉറക്കെ വിളിച്ചു ചോദിച്ചവൾ….
കേശു അവൾക്കരികിൽ ഇരുന്നു…
“നിൻ്റെയീ ചിരിയാണ് എൻ്റെ സന്തോഷം
സൈറാ…..”
കേശു പറഞ്ഞത് കേട്ട് സൈറ എഴുന്നേറ്റ് അവനോട് ചേർന്നിരുന്നു…
“നിങ്ങളെ ഞാൻ വല്ലാതെ ഇഷ്ടപ്പെടുന്നു
കേശുവേട്ടാ… ഭാര്യക്ക് ഒരു അംഗീകാരം കിട്ടുമ്പോൾ ഭർത്താവെത്രത്തോളം സന്തോഷിക്കുമെന്ന് ഇന്ന് ഞാനറിഞ്ഞു.. കേശുവേട്ടൻ്റെ ചിരി കണ്ടപ്പോ എനിക്ക് മനസ്സിലായി എന്നേക്കാൾ സന്തോഷിക്കുന്നത് കേശുവേട്ടനാണെന്ന്…”
പറഞ്ഞ് നിർത്തുമ്പോൾ ഇരു കൈകളാലും കേശുവിൻ്റെ മുഖം ചേർത്ത് പിടിച്ച് നെറ്റിയിൽ അത്രമേൽ ഇഷ്ടത്തോടെ സൈറ ചുണ്ട് ചേർത്തു…
അതിലേറെ പ്രണയത്തോടെ കേശു തിരികെയും..
നിമിഷനേരങ്ങൾ കൊണ്ട് ചുണ്ടുകൾ നെറ്റിയും
കവിളും ചുണ്ടുകൾ തമ്മിലുമായി പ്രണയം പകർന്നു കൊണ്ടിരുന്നു…
അടുത്ത ദിവസത്തെ പത്രങ്ങളിൽ
സൈരന്ദ്രി മാധവൻ എന്ന പെണ്ണിൻ്റെ വലിയ ചിത്രമുണ്ടായിരുന്നു… അവളുടെ കരുത്താർന്ന ജീവിതത്തിൻ്റെ വലിയ കഥയുണ്ടായിരുന്നു…
ആ കഥക്കിടയിൽ പ്രിയപ്പെട്ടവൻ്റെ നെഞ്ചിൽ ചേർന്നു നിൽക്കുന്ന ചിത്രവും ഭംഗിയോടെ തെളിഞ്ഞു കാണാം…
അവസാനിച്ചു…
(സൈറ എൻ്റെ പ്രിയപ്പെട്ട നായികയാണ്… സൈറക്കൊപ്പമാണ് ഇത്രയും നാൾ ജീവിച്ചത്..
കൂടെ നിന്ന എല്ലാവരോടും ഒത്തിരി സ്നേഹം..❤)

by