17/04/2026

സൈരന്ദ്രി : ഭാഗം 05

രചന – രജിഷ അജയ്ഘോഷ്

ണ്ടി നേരെപ്പോയത് ബീച്ചിലേക്കാണ്.. കാറിൽ നിന്നിറങ്ങി നടക്കുമ്പോൾ ശാലുവിൻ്റെ കൈ കേശുവിൻ്റെ കൈയ്യിൽ ചേർന്നിരുന്നു.. ആദ്യമൊന്ന് ഞെട്ടിയെങ്കിലും അവനാ കൈ വിടാതെ നടന്നു.. കടൽക്കാറ്റേറ്റ് മണലിൽ ഇരിക്കുമ്പോൾ ശാലുവിൻ്റെ മുഖത്ത് സന്തോഷമായിരുന്നു.. ഏറെ നാളായി മനസ്സിൽ സൂക്ഷിച്ച തൻ്റെ പ്രണയം തനിക്കരുകിൽ… അവൾ കേശുവിനെ നോക്കി.. തിരകളിൽ ഓടിക്കളിക്കുന്ന കുട്ടികൾക്കിടയിലാണ് അവൻ്റെ കണ്ണുകൾ.. കുറച്ച് നേരം കൂടി അവിടെ ചിലവഴിച്ച ശേഷം ഷോപ്പിംഗും കഴിഞ്ഞാണ് ഹോസ്റ്റലിലേക്ക് പോയത്. ❤❤ തറവാടിനടുത്തുള്ള വലിയ മുറ്റത്ത് നെല്ല് ഒക്കലിനുള്ള തയ്യാറെടുപ്പുകൾ നടക്കുന്നുണ്ട്.അടുത്തയാഴ്ച്ച കൊയ്ത്തും പണിയും തുടങ്ങും..

ചന്ദ്രിക പണിക്കാർക്കുള്ള ചായയുമായി ഇറങ്ങിയതും സൈറയും അവർക്കൊപ്പം കൂടി… ആണുങ്ങൾ രണ്ടു പേർ പുല്ല്ചെത്തിക്കോരുന്നുണ്ട്. ഒരു പെണ്ണ് അടിച്ചു വൃത്തിയാക്കുന്നുണ്ട്… ഇതെല്ലാം വൃത്തിയാക്കി ചാണകം കൊണ്ട് മെഴുകിയിടുമത്രേ.. ഉണങ്ങിയ ശേഷമാണ് വയലിൽ കൊയ്തിടുന്ന നെൽക്കതിരുകൾ കൊണ്ട് വന്ന് നെല്ലും പുല്ലും വേർതിരിക്കുന്നത്.. ചന്ദ്രിയമ്മ പറയുമ്പോൾ ഇത്തവണ എല്ലാം നേരിൽ കാണാമല്ലോ എന്ന് സൈറയും കരുതി. അവിടെ നിന്നും കുളത്തിലേക്ക് നടന്നു.. ” പടവുകളിലൊക്കെ പായല് പിടിച്ച് കിടക്കുന്നുണ്ട്. നോക്കിപ്പോണേ മോളെ.. “ചന്ദ്രിയമ്മ പറഞ്ഞപ്പോൾ “ആയിക്കോട്ടെൻ്റെ ചന്ദ്രിയമ്മേ.. ” എന്നും പറഞ്ഞവരുടെ കവിളിലൊന്നു പിടിച്ചു വലിച്ചവൾ.. കുളത്തിനടുത്തെത്തുമ്പോൾ തന്നെ തണുപ്പാണ്.. ചുറ്റും മരങ്ങൾ.. പടവുകളിറങ്ങി ഏറ്റവും താഴത്തെ പടിയിൽ സൈറ ഇരുന്നു.. കല്ലെടുത്ത് വെള്ളത്തിലിടുമ്പോൾ ഓളം വെട്ടുന്നതും നോക്കിയിരുന്നപ്പോഴാണ് നീന്താൻ തോന്നിയത്… വെള്ളത്തിലേക്ക് കുതിച്ച് ചാടി…

തണുപ്പ് ശരീരത്തിലേക്ക് പടർന്നു തുടങ്ങി… ഏറെ നേരം നീന്തി.. വല്ലാത്തൊരു ഉത്സാഹം വെള്ളത്തിലങ്ങനെ പാറി നടന്നവൾ.. ഏറെക്കഴിഞ്ഞ് തിരികെ കയറിയപ്പോഴാണ് മാറ്റയുടുക്കാൻ ഒന്നുമില്ലെന്ന് ഓർത്തത് തന്നെ… കുളത്തിനരുകിലൂടെ ചെറിയ നടവഴിയിലൂടെ ഈറനോടെ തന്നെ നടന്നു.. ബനിയനും പാൻ്റും ശരീരത്തോട് ഒട്ടിക്കിടന്നിരുന്നു.. “കുളം കണ്ടിട്ട് വരാന്ന് പറഞ്ഞിട്ട് വെള്ളത്തിൽ ഇറങ്ങിയോ കുട്ട്യേ… നനഞ്ഞൊട്ടിയല്ലോ..വേഗം ഇങ്ങ് കയറിയേ..” അടുക്കളപ്പുറത്തെത്തിയ സൈറയെ കണ്ട് ചന്ദ്രിയമ്മ വെപ്രാളപ്പെട്ടു.. “നീന്തിക്കഴിഞ്ഞപ്പോഴാ ഡ്രസ്സൊന്നും കയ്യിലില്ലെന്ന് ഓർത്തത്..” നിസ്സാരമട്ടിൽ പറഞ്ഞ് കൊണ്ട് സൈറ അകത്തേക് നടന്നു.. “കുട്ടിയെ വഴീലാരും കണ്ടില്ലല്ലോ.. “ചാന്ദ്രിയമ്മ വീണ്ടും ചോദിച്ചു.. ” ഇല്ലല്ലോ.. എന്താ.. ” “ഒന്നൂല്ല.. പോയി മാറി വാ..” ചന്ദ്രിയമ്മ പറഞ്ഞതും തലയാട്ടിക്കൊണ്ടവൾ അകത്തേക്ക് നടന്നു.. സൈറ വേഷം മാറി വന്നപ്പോൾ ചന്ദ്രിയമ്മ അടുക്കളയിൽ ഉച്ചത്തേക്കുള്ള ഭക്ഷണം ഉണ്ടാക്കുന്നതിൻ്റെ തിരക്കിലാണ്… “ദാ.. ഇതങ്ങ് കുടിച്ചേ.. “ചൂടുള്ള ചായ നീട്ടി ചന്ദ്രിയമ്മ.. ചായ കുടിച്ച് കഴിഞ്ഞ് മോരുകറിക്കുള്ള തേങ്ങ ചിരവാൻ സൈറയും കൂടി..

സമയം കുറച്ചധികമെടുത്തെന്ന് മാത്രം.. ഒന്നുരണ്ടു തവണ തേങ്ങാമുറി കയ്യിൽ നിന്നും വീണു പോയി.. പപ്പടം കാച്ചാൻ കൂടാമെന്ന് പറഞ്ഞെങ്കിലും എണ്ണയിൽ കളിക്കെണ്ടെന്ന് പറഞ്ഞ് ചന്ദ്രിയമ്മ അതിൽ തൊടീച്ചില്ല.. വയലിൽ പണിയെടുക്കുന്നവർക്കുള്ള ഊണ് പാത്രങ്ങളിലേക്ക് മാറ്റുമ്പോഴാണ് ചന്ദ്രിയമ്മ ഉണ്ടാക്കിയ വിഭവങ്ങൾ കണ്ടത്.. സാമ്പാറും ഉപ്പേരിയും മോരുകറിയും മീൻ വറുത്തതുമുണ്ട്.. പപ്പടവും അച്ചാറും വേറെയും.. ” അധികം വീടുകളിലും പണിക്കർക്ക് ഒരു കറിയും ഉപ്പേരിയുമൊക്കെയേ കാണൂ.. നമ്മള് കഴിക്കണത് പണിയെടുക്കുന്നോർക്കും കൊടുക്കണമെന്ന് കേശൂട്ടന് നിർബന്ധാ.. എല്ലാരോടും സ്നേഹത്തോടെയേ പെരുമാറൂ.. അതോണ്ടന്നെ നമുക്ക് പണിക്ക് വിളിച്ചാൽ ആരും വരില്ലാന്ന് പറയില്ല.. “ചന്ദ്രിയമ്മ വീണ്ടും കേശുവിലേക്ക് എത്തിയിരുന്നു..

“ചന്ദ്രിയമ്മേടെ വീടെവിടാ..” സൈറയാണ് ” പാലക്കാടായിരുന്നു വീട്.. അച്ഛനും അമ്മയും മരിച്ചപ്പോ പതിനേഴാം വയസ്സില് വകേലൊരു ബന്ധു ഇവിടെ കൊണ്ടുവിട്ടതാ.. പിന്നെ ഇതാണെൻ്റെ വീട്.. കേശൂട്ടൻ ഉണ്ടായതോടെ അവനായി എൻ്റെ ലോകം തന്നെ.. ” പഴയ ഓർമ്മകളിലൂടെ ചന്ദ്രിയമ്മയുടെ മനസ് സഞ്ചരിച്ചു .. സൈറയും പഴയ ഓർമ്മകളിലെ ചന്ദ്രിയമ്മയുടെ മുഖം ഓർത്തെടുക്കാൻ ശ്രമിച്ചു.. മുണ്ടും ബ്ലൗസുമണിഞ്ഞ് വീടിൻ്റെ അകത്തെല്ലാം ഓടിനടന്ന ചെറുപ്പക്കാരിയുടെ മങ്ങിയ രൂപം മനസ്സിൽ തെളിഞ്ഞു വന്നു.. “ചന്ദ്രിയമ്മയെന്താ കല്യാണമൊന്നും കഴിക്കാതിരുന്നെ..?” “ഇവിടത്തെ അമ്മയുടെ നിർബന്ധത്തിന് വഴങ്ങി കല്യാണാലോചനകളൊക്കെ വന്നിരുന്നു.. അന്ന് കേശൂട്ടന് ഒരു വയസ്സാ.. എന്തിനും മ്മാ.. ന്ന് നീട്ടി വിളിച്ച് എൻ്റെ പിന്നാലെ വരും.. അവനെവിട്ട് പോവുന്നതിനെക്കുറിച്ച് ചിന്തിക്കാനെ പറ്റാതായപ്പോൾ ഞാൻ തന്നെ അമ്മയോട് പറഞ്ഞു എനിക്കിപ്പോ കല്യാണം വേണ്ടെന്ന്.. ഇവിടെ നിക്കാൻ സമ്മതിച്ചാ മതീന്ന്.. പിന്നെ ഇക്കാലമത്രയും അവൻ്റെ വളർച്ച കണ്ട് ജീവിച്ചു.. ഇനിയുള്ള കാലവും അത് മതി.. ” ചാന്ദ്രിയമ്മയുടെ വാക്കുകളിൽ കേശുവിനോടുള്ള വാത്സല്യം നിറഞ്ഞു നിന്നു..

കേശുവേട്ടൻ എത്ര ഭാഗ്യവാനാണ്.. കേശുവേട്ടന് വേണ്ടി മാത്രം സ്വന്തം ജീവിതം വേണ്ടെന്ന് വെച്ചൊരു അമ്മയുണ്ട്.. അമ്മമ്മയുണ്ട്.. തനിക്കോ.. സൈറയുടെ കണ്ണുനിറഞ്ഞു.. ചന്ദ്രിയമ്മ അത് കാണാതിരിക്കാനായി അവൾ പുറത്തേക്ക് നടന്നു.. കുമാരേട്ടൻ പണിക്കാർക്കുള്ള ഭക്ഷണമെടുത്ത് പോയതും ചന്ദ്രിയമ്മ ഊണ് കഴിക്കാൻ വിളിച്ചു.. പത്മാവതിയമ്മ ഒരു മണിക്ക് കഴിക്കും.. സൈറ ചന്ദ്രിയമ്മക്കൊപ്പമിരുന്നു… ഊണും കഴിഞ്ഞ് ഉമ്മറത്തെ ചാരുകസേരമേൽ നിവർന്നൊന്നിരുന്നു.. കൊള്ളാം.. ഇരിക്കാനൊരു സുഖമൊക്കെയുണ്ട്.. ഹെഡ്സെറ്റെടുത്ത് ചെവിയിൽ വെച്ച് പാട്ടും കേട്ട് കണ്ണടച്ചങ്ങനെയിരുന്നു… ആരോ തട്ടി വിളിച്ചപ്പോഴാണ് കണ്ണു തുറന്നത്.. ചന്ദ്രിയമ്മയാണ്… ” എന്തൊരു ഉറക്കാമോളെ… വന്ന് ചായ കുടിച്ചേ.. ” ചന്ദ്രിയമ്മ പറഞ്ഞപ്പോൾ അവർക്കു പുറകെ നടന്നു… അടുക്കളയിലേക്ക് അടുക്കും തോറും നല്ല മണം.. കയ്യും വായും കഴുകിയിരുന്നപ്പോൾ നല്ല ചൂടുള്ള ഉണ്ണിയപ്പം മുന്നിൽ… ഒന്നെടുത്ത് കടിച്ചപ്പോൾ നല്ല സ്വാദ്.. “ഓഹ്..കിടിലൻ..” ചന്ദ്രിയമ്മയെ കയ്യുയർത്തി കാണിച്ചു കൊണ്ട് കഴിച്ചു..

” പണ്ടും ഉണ്ണിയപ്പത്തിനോടായിരുന്നു സൈറമോൾക്ക് പ്രിയം.. മാധവനൊപ്പം വരുമ്പോഴൊക്കെ ഉണ്ണിയപ്പം ചോദിക്കുമായിരുന്നു” അച്ഛമ്മയാണ്… ” ആണോ.. എനിക്കോർമ്മയില്ലാട്ടോ..” “എന്താ വേണ്ടേന്ന് വെച്ചാ ചന്ദ്രിയോട് പറഞ്ഞാ മതി.. സ്വന്തം നാടുംവീടും വിട്ട് എത്രകാലായി എൻ്റെ കുട്ടി തനിച്ച്… ആരേലും ഉണ്ടാക്കണ എന്തേലും കഴിച്ച്…” പത്മാവതിയമ്മയുടെ ശബ്ദമിടറി.. “തനിച്ചല്ലല്ലോ അച്ഛമ്മേ.. അച്ഛമ്മയെന്നെ വിളിക്കാറില്ല.. അച്ഛനും സായൂട്ടനും വിളിക്കും.. സായൂട്ടൻ ഇടക്കെന്നെ കാണാൻ വരും.. അമ്മയോട് പറഞ്ഞിട്ടില്ല… അച്ഛനറിയാം.. ” അച്ഛമ്മയെ ആശ്വസിപ്പിക്കാൻ പറഞ്ഞു തുടങ്ങിയതാണെങ്കിലും അവളിലും നോവ് നിറഞ്ഞു.. “ഇനിയെൻ്റെ കുട്ടീൻ്റെ കല്യാണം കൂടികൂടണം അച്ഛമ്മക്ക്.. കേശൂൻ്റത് തീരുമാനമായി.. ഇനി സൈറ മോൾടെകൂടി നടത്തണം.. മാധവനോട് പറഞ്ഞിട്ടുണ്ട് ഞാനത്..” അച്ഛമ്മയുടെ വാക്കുകൾ കേട്ട് സൈറ കണ്ണും മിഴിച്ചിരുന്നു… “എൻ്റെ അച്ഛമ്മേ ഞാൻ കല്യാണത്തെക്കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ല.. ” “ഇനീം ചിന്തിക്കാലോ.. വയസ്സ് 23 കഴിഞ്ഞു… ഇനിയെപ്പഴാ മൂക്കില് പല്ല് മുളച്ചിട്ടോ..” അച്ഛമ്മ വിടുന്നമട്ടില്ല..

അച്ഛമ്മയോട് പറഞ്ഞിട്ട് കാര്യമില്ല… അച്ഛനോട് സംസാരിക്കാം എന്നുറപ്പിച്ചു സൈറ… മുറ്റത്ത് ആരുടെയോ ശബ്ദം കേട്ടപ്പോൾ സൈറ എത്തിനോക്കി..പണി കഴിഞ്ഞ് കൂലിക്ക് വന്നവരാണ്‌.. ചന്ദ്രിയമ്മ എല്ലാർക്കും കട്ടൻ കൊടുക്കുന്നുണ്ട്.. കുമാരേട്ടൻ കണക്കെഴുതി കൂലി കൊടുക്കുന്നുണ്ട്. സൈറ അവർക്കരുകിലേക്ക് നടന്നു.. ചിലരൊക്കെ ചിരിക്കുന്നുണ്ട്. മറ്റു ചിലർ സൈറയെ അത്ഭുതത്തോടെ നോക്കുന്നുണ്ട്.. പ്രായമായ ഒരു സ്ത്രീയുടെ കാതിലെ കമ്മലിലാണ് സൈറയുടെ കണ്ണ്.. ഓലപോലെന്തോ ചുറ്റിയത് പോലെ.. അതിനുള്ളിൽ ചുവപ്പും കറുപ്പും കലർന്ന എന്തോ ഉണ്ട് ..എന്നാലും ഇതെങ്ങിനെയാവും കാതിലിട്ടത്.. ” അത് കൊള്ളാലേ ചന്ദ്രിയമ്മേ…” സൈറയത് ചൂണ്ടി പറഞ്ഞു.. “ചീതമ്മേ.. നിൻ്റെ കാതിലിട്ടത് കുട്ടിക്കിഷ്ടമായെന്നാ പറഞ്ഞത്.. “ചന്ദ്രിയമ്മ അപ്പൊത്തന്നെ അവരോട് പറഞ്ഞു.. ” ഇത് തന്നാലും കുട്ടിക്കിടാൻ പറ്റില്ലല്ലോ.. “ചീതമ്മ പറഞ്ഞത് കേട്ടു… “ഇതെന്ത് കൊണ്ടുണ്ടാക്കീതാ…” സൈറ വിടുന്ന മട്ടില്ല… “കൈതയോല ചുരുട്ടിയുണ്ടാക്കും… അതിനുള്ളിൽ കുന്നിക്കുരുവും ഒട്ടിക്കും… ചെറുപ്പക്കാരുടെ കാതിലൊന്നും കേറൂല.. ഞങ്ങളെപ്പോലെ വയസ്സായവരാണ് ഇതിടുക..” “ഇതുപോലെ ഒന്ന് എനിക്കും തരണം ട്ടോ.. നിങ്ങടെ ഓർമ്മക്ക് സൂക്ഷിച്ച് വെക്കാലോ.. ” സൈറയത് പറഞ്ഞപ്പോൾ ചീതമ്മക്കും സന്തോഷമായി..

അവർ തമ്മിലെന്തൊക്കെയോ ആദിവാസി ഭാഷയിൽ പറയുന്നുണ്ട്.. പക്ഷേ നമ്മളെപ്പോലുള്ളവരോട് നമ്മുടെ ഭാഷയിൽ സംസാരിക്കാനും അവർക്കറിയാം… അവരിറങ്ങിയതിന് പിന്നാലെയങ്ങനെ വയലിലൂടെ നടന്നവൾ.. ശൂ…ശൂ…. പിന്നിൽ നിന്നും ശബ്ദം കേട്ടപ്പോഴാണ് സൈറ തിരിഞ്ഞു നോക്കിയത്.. ദേ നിക്കണു ഇളിച്ചോണ്ടൊരുത്തൻ പിന്നിൽ… ” ഉം.. എന്താ..” സൈറയവനെ നോക്കി ചോദിച്ചു.. “എൻ്റെ പേര് സാംസൺ…” “അതിന്…?” അവളവനെ ഗൗരവത്തോടെ നോക്കി.. ” അതിനൊന്നൂല്ല… ഞാൻ കുട്ടിയെ പരിചയപ്പെടാൻ വന്നതാ.. “സാം ചമ്മിയ ചിരി ചിരിച്ചു.. ആ ചിരി കണ്ടപ്പോൾ സൈറക്കും ചിരി വന്നുപോയി.. ” സൈരന്ദ്രി..” അവൾ സാമിനുനേരെ കൈ നീട്ടി. “സാംസൺ… എല്ലാവരും സാം എന്ന് വിളിക്കും..” സാം അവളുടെ കയ്യിലേക്ക് തൻ്റെ കൈ ചേർത്ത് വെച്ചു.. ” ദാ.. ആ കാണുന്നതാണെൻ്റെ വീട്.. “വയലിൻ്റെ അറ്റത്തു കാണുന്ന വീട്ടിലേക്ക് കൈ ചൂണ്ടി സാം.. ” വീട്ടിലാരൊക്കെയുണ്ട്..?” സൈറയാണ്.. ” പപ്പേം അമ്മേം.. ഒരു പെങ്ങളുണ്ടായിരുന്നതിനെ കെട്ടിച്ചു വിട്ടു..

” സൈറ ചിരിയോടെ നടന്നു.. പിന്നിലായി സാമും… “അല്ല.. സാധനമുണ്ടോ കയ്യിൽ.. “സാം മടിച്ചാണ് ചോദിച്ചത്.. “എന്ത് സാധനം.. ” സൈറ സംശയത്തോടെയവനെ തിരിഞ്ഞുനോക്കി.. ” മിലിട്ടറി… “കൈ കൊണ്ട് ആംഗ്യം കാണിക്കുന്നതിനൊപ്പം പറയുന്നവനെ കൂർപ്പിച്ച് നോക്കിയവൾ.. “ഓ.. അപ്പൊ അതാണ് ഈ പരിചയപ്പെടലിൻ്റെ ഉദ്ദേശം.. ” “ഏയ് അങ്ങനെയല്ല.. താൻ കഴിക്കുന്ന ആളാവുമ്പൊ കയ്യിലുണ്ടാവുമെന്ന് കരുതി ചോദിച്ചെന്നേയുള്ളൂ… “സാമിൻ്റെ പറച്ചിൽ കേട്ട് സൈറയുടെ കണ്ണ് മിഴിഞ്ഞു… ” കേശു പറഞ്ഞിരുന്നു താൻ അടിച്ച്ഓഫായിപ്പോയ കഥയൊക്കെ… “ചിരിയോടെ പറയുന്ന സാമിനെ കണ്ടപ്പോൾ നിക്കണോ ഓടണോ എന്ന അവസ്ഥയിലായി സൈറ.. കൊശവൻ… ദുഷ്ടൻ ഈ ചതി ചെയ്യുമെന്ന് കരുതിയില്ല.. ഇനി ആരോടൊക്കെ പറഞ്ഞു കാണുമോ ആവോ.. എന്തായാലും പെട്ടു.. ” അത്… തരാം… എപ്പഴാ വേണ്ടേന്ന് പറഞ്ഞാ മതി..” മടിച്ച് കൊണ്ടവൾ പറഞ്ഞൊപ്പിച്ചു.. “ഓ.. ആയിക്കോട്ടെ..” സാം പറഞ്ഞു.. സൈറ തിടുക്കപ്പെട്ട് നടക്കുന്നത് കണ്ടപ്പോൾ സാമിന് ചിരിയാണ് വന്നത്… ❤❤ കേശു തിരികെ വീട്ടിലെത്തിയപ്പോൾ രാത്രിയായിരുന്നു… അച്ഛമ്മ കഴിക്കാതെ കാത്തിരിക്കുമെന്നറിയാവുന്നത് കൊണ്ട് കവലയിൽ ഇറങ്ങാതെ നേരെ വീട്ടിലേക്ക് പോന്നതാണ്… അച്ഛമ്മയുടെ മുറിക്ക് മുന്നിലെത്തിയപ്പോൾ ഉറക്കെ ചിരി കേൾക്കുന്നുണ്ട്…

സൈറയുടെയും ചന്ദ്രിയമ്മയുടെയും ശബ്ദമാണ്… അച്ഛമ്മ എന്തോ പറയുന്നുണ്ട്.. ഇതെന്താ ഇപ്പൊ ഇത്രക്ക് ചിരിക്കാൻ… കേശു അകത്തേക്ക് തലയിട്ടു നോക്കി.. “എന്നിട്ട്…” സൈറ ആകാംക്ഷയോടെ ചോദിക്കുന്നുണ്ട്.. “എന്നിട്ടെന്താ അങ്ങേര് വിറച്ച് വിറച്ച് താലികെട്ടി… ” പത്മാവതിയമ്മ പറഞ്ഞ് തീർന്നതും സൈറ വീണ്ടും ചിരി തുടങ്ങി… ” അങ്ങനെ കല്യാണത്തിന് മുന്നേ അച്ഛമ്മ അച്ഛാച്ഛനെ പേടിപ്പിച്ചല്ലേ…” “ഞാൻ കുഞ്ഞിലേ മുതലേ അങ്ങനെയാ.. എൻ്റെ ശരീരം വേദനിച്ചാൽ ആരാന്ന് നോക്കില്ല നല്ല തല്ല് കൊടുക്കും… ഇത് പിന്നെ തല്ലിയില്ല ഒര് നുള്ള് കൊടുത്തു…” പത്മാവതിയമ്മയാണ്.. ഓ.. അപ്പൊ അതാണ് കാര്യം..അമ്മമ്മ പലപ്പോഴും പറയാറുള്ള കഥയാണത്.. മാണിക്യ മംഗലത്തെ രവീന്ദ്രനാഥ് പത്മാവതിയെ താലികെട്ടുമ്പോൾ കെട്ടിയ കൂട്ടത്തിൽ അൽപ്പംതലമുടിയും കുടുങ്ങി.. അമ്മമ്മയ്ക്ക് വേദനിച്ചതും കല്യാണമാണെന്നോ ചുറ്റിനും ആളുകളുണ്ടെന്നോ അവരോർത്തില്ല..

അച്ഛച്ഛൻ്റെ കയ്യിൽ നല്ലൊരു നുള്ളു കൊടുത്തു… വേദനയോടെ ആള് ‘അയ്യോ… ‘ എന്ന് പറഞ്ഞപ്പോൾ ചുറ്റും കൂടിയവർ ഒന്നും മനസ്സിലാവാതെ പരസ്പരം നോക്കി.. അമ്മമ്മയാവട്ടെ ഒന്നുമറിയാത്ത മട്ടിൽ നിന്നു… അന്നത്തെ ആ പേടി കൊണ്ടാണ് തന്നെഅദ്ദേഹം ഇക്കാലമത്രയും ഒരു വാക്ക് കൊണ്ട് പോലും നോവിക്കാത്തതെന്ന് ഇടക്ക് തമാശ പോലെ അമ്മമ്മ പറയാറുള്ളത് ഓർത്ത് കേശുവിന് ചിരി വന്നുപോയി… തുടരും ( സൈറയെ ഇഷ്ടാവുന്നുണ്ടോ..)