18/04/2026

സൈരന്ദ്രി : ഭാഗം 29

രചന – രജിഷ അജയ്ഘോഷ്

“മാം ഹൗ ആർ യു… ” ഇടയിൽ നിന്നും ഒരാൾ വിളിച്ചു ചോദിച്ചു.. സൈറ ചിരിയോടെ സുഖമാണെന്ന് പറഞ്ഞു… ക്യാമറക്കണ്ണുകൾ
അവളുടെ ചിരിക്കുന്ന മുഖത്തെ പകർത്തി..

സൈറക്ക് അധികം ബുദ്ധിമുട്ടാവുമെന്ന് കരുതി അനന്തപത്മനാഭൻ ഡോക്ടർ തന്നെയാണ് കൂടുതൽ വിവരങ്ങൾ മീഡിയക്കാരോട് പങ്കുവെച്ചത്…

ആംബുലൻസിൽ എയർപോർട്ട് വരെ.. പിന്നെ ഫ്ലൈറ്റിൽ കോഴിക്കോട്ടേക്ക്.. അവിടെ സൈറയെ കാത്ത് ഇന്ത്യൻ സേനയിലെ കുറച്ച് പേർ ഉണ്ടായിരുന്നു.. മാതൃരാജ്യത്തിനായി ജീവൻ പോലും ത്യജിക്കാൻ തയ്യാറായവളെ അവർ സല്യൂട്ട് ചെയ്തു.. രാജ്യത്തിൻ്റെ നന്ദിയറിയിച്ചു..
ആ യൂണിഫോം കണ്ടപ്പോൾ സൈറയുടെ കണ്ണൊന്ന് നിറഞ്ഞു.. ഇനി തനിക്ക് ഈ നാടിൻ്റെ കാവൽക്കാരിയായി തുടരാനാവില്ല..
തൻ്റെ ശരീരത്തിൻ്റെ ബലഹീനത തന്നെയാണ് കാരണം..

അവൾക്കായി പ്രത്യേക സൗകര്യമൊരുക്കിയ ഫ്ലൈറ്റിലേക്ക് സൈറയുടെ വീൽചെയർ കയറ്റി..
യാത്രക്കാരെല്ലാം ആദരവോടെ എഴുന്നേറ്റു നിന്നു.. സ്നേഹത്തോടെ അതിലേറെ വാത്സല്യത്തോടെ അവളുടെ അരികിലേക്ക് വന്നവർ..
അത്രമേൽ പ്രിയപ്പെട്ടവളെ കണ്ടത് പോലെ ഓരോ മുഖങ്ങളിലും സന്തോഷം നിറഞ്ഞു.. വിശേഷങ്ങൾ ചോദിച്ചവർ.. വേഗം സുഖമായി വരാൻ പ്രാർത്ഥിച്ചവർ. അഭിമാനത്തോടെ തലയുയർത്തിപ്പിടിച്ച് നിറഞ്ഞ ചിരിയോടെ സൈറയിരുന്നു… അടുത്തായി കേശുവും..

വീണ്ടും ആംബുലൻസിലാണ് വീട്ടിലേക്ക് തിരിച്ചത്..
മരുന്നിൻ്റെ ക്ഷീണം കാരണമാവാം സൈറ ഉറങ്ങിപ്പോയി.. വീടെത്തിയപ്പോൾ രാത്രിയായിട്ടുണ്ട്..കേശു പതിയെ
സൈറയെ എടുത്ത് തൻ്റെ നെഞ്ചോട് ചേർത്ത് പിടിച്ചു ഇറങ്ങിയപ്പോഴാണ് സൈറ കണ്ണു തുറന്നത്.
ഇറങ്ങിക്കഴിഞ്ഞ് തന്നെ വീൽചെയറിലിരുത്തുമെന്ന് സൈറ കരുതിയെങ്കിലും കേശു അവളെ ഒന്നുകൂടി ചേർത്ത് പിടിച്ച് അകത്തേക്ക് നടന്നു. അവൻ്റെ മുഖത്തേക്ക് നോക്കിയപ്പോൾ മുന്നോട്ടുള്ള നടത്തത്തിൽ മാത്രമാണവന് ശ്രദ്ധ…

“ചന്ദ്രിയമ്മേ എല്ലാം റെഡിയല്ലേ…” ചന്ദ്രിയമ്മയെ നോക്കിയവൻ..

“ആ… കിടത്തിക്കോ.. ”

ചന്ദ്രിയമ്മ വിരിച്ചിട്ട ബെഡ്ഡിലേക്ക് പതിയെ സൈറയെ കിടത്തി.. പൊട്ടിയ കാല് പതിയെ ശരിയാക്കി വെച്ചു..

“വന്നോ എൻ്റെ കുട്ടി.. ” അപ്പോഴേക്കും പത്മാവതിയമ്മ തിടുക്കപ്പെട്ട് എത്തിയിരുന്നു..
ആ കിടപ്പ് കണ്ടിട്ട് നിറഞ്ഞ കണ്ണുകൾ തുടച്ച് സൈറയുടെ കൈയ്യിൽ പിടിച്ചവർ…

“അച്ഛമ്മേ.. ”

” എൻ്റീശ്വരാ മുഖത്തൊക്കെ എന്ത് പറ്റീതാ.. ” പത്മാവതിയമ്മ അവളുടെ മുഖവും കൈയ്യുമൊക്കൊ തൊട്ടു നോക്കി..

“ആ പഴയ മുഖത്തിന് ചന്തം പോരാന്നേ.. ഞാനൊന്ന് മാറ്റി നോക്കിയതാ.. എങ്ങനുണ്ട്? കൊള്ളാമോ?” സൈറ കുസൃതിയോടെ ഇടത് കൈ കൊണ്ട് പത്മാവതിയമ്മയുടെ താടിയിലൊന്ന് തൊട്ടു…
അച്ഛമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട്..

വാതിൽക്കലോളം വന്നിട്ട് സൈറയെ കണ്ടപ്പോൾ നെഞ്ച് പിടഞ്ഞു നിൽപ്പുണ്ട് ചന്ദ്രിയമ്മ..
“ചന്ദ്രിയമ്മേ… നിങ്ങളൊക്കെയിങ്ങനെ കരഞ്ഞോണ്ടിരുന്നാ ഞാനങ്ങ് ഡെൽഹിക്ക് തിരികെപ്പോവും ട്ടോ… ” സൈറ പറഞ്ഞപ്പോൾ
അവരൊന്നുകൂടി വിതുമ്പി..
നിർമ്മല വാതിൽക്കൽ വന്നൊന്ന് നോക്കി..
അവളോട് എന്തെങ്കിലും ചോദിക്കാൻ മടി തോന്നിയത് കൊണ്ട് തലതാഴ്ത്തി നിന്നു..
സൈറയത് കണ്ടെങ്കിലും അവരെ ശ്രദ്ധിച്ചതേയില്ല..

“കേശുവേട്ടാ എനിക്കെന്തെങ്കിലും കഴിക്കാൻ തരാതെ ദേ ഇവര് രണ്ടാളുംകൂടി കരഞ്ഞോണ്ടിരിക്കുന്നത് കണ്ടോ?” കൊണ്ടുവന്ന ബാഗുവെക്കാൻ റൂമിലേക്ക് വന്ന കേശുവിനോട് സൈറ പരിഭവം പറഞ്ഞു..
അവനറിയാം അവരുടെ കരച്ചിൽ മാറ്റാനുള്ള അവളുടെ വിദ്യയാണതെന്ന്..

“അല്ലെങ്കിലും സൈറ വന്നിട്ട് അവൾക്കെന്തെങ്കിലും കൊടുക്കണ്ടേ അമ്മമ്മേ.. വേഗം ചെന്ന് രണ്ടാളും കൂടെ എടുത്തോണ്ട് വന്നേ.. ” കേശു അമ്മമ്മയെയും ചന്ദ്രിയമ്മയേയും പറഞ്ഞു വിട്ടു..

” അച്ഛനെ കണ്ടില്ലല്ലോ കേശുവേട്ടാ..”

“ഞാൻ വിളിച്ചിരുന്നു.മാമേം സായുവും വീട് വരെ പോയതാ.. ഇപ്പൊ വരും.. “കേശു
പറഞ്ഞ് തീരുമ്പോഴേക്കും സായു ഓടിയണച്ച് വന്നിരുന്നു..

“ചേച്ചിക്കുട്ടീ…. ” വാതിൽക്കലെത്തിയതും ഉറക്കെ വിളിച്ചവൻ… ഓടിവന്ന് സൈറക്കടുത്തിരുന്ന് ചേച്ചിയെ തൊട്ടു നോക്കി..
“പേടിപ്പിച്ചു കളഞ്ഞൂട്ടോ…. ” ചുണ്ടുകൂർപ്പിച്ചവൻ…

“പോടാ…” സൈറ ഒരു കൈ കൊണ്ടവനെ ചേർത്തു പിടിച്ചു… രണ്ടു പേരുടെയും കണ്ണുനിറഞ്ഞു.,
ഒന്നും പറയാതെ കുറച്ച് നേരം ഇരുന്നവർ..
മാധവൻ വന്ന് രണ്ട് പേരെയും നോക്കി നിന്നു..

“നോക്കിയേടാ നമ്മളെ നോക്കി അസൂയപ്പെടുന്നത് കണ്ടോ..” സൈറ മാധവനെ കാണിച്ച് സായുവിനോട് പറഞ്ഞു..
മാധവൻ അവർക്കരികിൽ ഇരുന്നു..
എല്ലാവർക്കും സങ്കടമാണെങ്കിലും മാധവന് സന്തോഷമായിരുന്നു.. കാരണം മകളെ തിരിച്ച് കിട്ടില്ലെന്ന് ഭയന്നഅയാൾക്ക് അവളെചിരിയോടെ കണ്ടപ്പോഴേ മനസ് നിറഞ്ഞിരുന്നു..

സൈറക്ക് ചൂടുള്ള കുത്തരിക്കഞ്ഞിയുമായി അമ്മമ്മയും ചന്ദ്രിയമ്മയും വന്നു..കേശു വന്ന് അവളെ എഴുന്നേൽപ്പിച്ചു.
അമ്മമ്മയാണ് കഞ്ഞി കോരിക്കൊടുത്തത്. മരുന്നെല്ലാം കൊടുത്ത് സൈറയെ കിടത്തിയിട്ടാണ് കേശു പുറത്തിറങ്ങിയത്. അമ്മമ്മയെ അടുത്ത് കിടത്തി ആ ചൂടിൽ സൈറ സുഖമായി കിടന്നുറങ്ങി..
ഭക്ഷണം കഴിച്ച് വന്നശേഷം സൈറയെ ഒന്ന് കൂടി നോക്കിയിട്ടാണ് കേശു കിടക്കാൻ പോയത്..

മാസങ്ങൾക്ക് ശേഷം സുഖമായൊന്ന് ഉറങ്ങിയെങ്കിലും ഒരുറക്കം കഴിഞ്ഞതും കേശു സൈറയെ നോക്കാനായി എഴുന്നേറ്റു.. സൈറക്കെന്തെങ്കിലും ബുദ്ധിമുട്ടുണ്ടാവുമോന്ന് അറിയില്ല.. ചെന്ന് നോക്കുമ്പോൾ
അമ്മമ്മയും സൈറയും നല്ല ഉറക്കത്തിലാണ്.. അമ്മമ്മ കൈകൾ കൊണ്ട്അവളെ പൊതിഞ്ഞു കിടപ്പുണ്ട്..

സൈറ വന്നതറിഞ്ഞ് രാവിലെ നേരത്തെ തന്നെ സത്യേച്ചി വന്നു..
സൈറ എഴുന്നേറ്റപ്പോൾ അവളെ ചേർത്ത് പിടിച്ച് എഴുന്നേൽപ്പിച്ച് വീൽച്ചെയറിൽ ഇരുത്തിക്കൊടുത്തു കേശു.. അവളുടെ കാര്യങ്ങളൊക്കെ സത്യേച്ചിയും ചന്ദ്രിയമ്മയും ഏറ്റെടുത്തു.. എണീക്കാനും കിടത്താനും വീൽചെയറിലിരുത്താനും കേശു തന്നെ വേണം..

ചന്ദ്രിയമ്മ ചൂടുവെള്ളത്തിൽ മേലൊന്ന് തുടച്ച് കൊടുത്തു.. അയഞ്ഞ നൈറ്റിയാണ് സൈറയുടെ വേഷം.മുടി ചീകിയൊതുക്കി കെട്ടിവെച്ചു കൊടുത്തതും ചന്ദ്രിയമ്മ തന്നെയാണ്..
രാവിലെ മുതൽ സൈറയെ കാണാൻ ഓരോരുത്തരായി വന്നുകൊണ്ടിരുന്നു..
” സൈറക്കൊച്ചേ… ” ന്ന് നീട്ടി വിളിച്ച് സാമും മമ്മിയും പപ്പയും കൂടിയാണ് വന്നത്.. തണുപ്പ് പോയത് കൊണ്ട് പപ്പക്കിപ്പോൾ ശ്വാസംമുട്ടൽ മാറിയിട്ടുണ്ട്..

മമ്മിയവളെ തൊട്ടും തലോടിയും ഇരുന്നപ്പോൾ
ചെറുതൊന്ന് വാങ്ങിയാലോന്ന് കൈകൊണ്ട് ആംഗ്യം കാണിച്ചു സാം…

“ടാ… സാമേ….” എന്ന് ഈണത്തിൽ വിളിക്കുന്നതിനൊപ്പം പുറം നോക്കിയൊന്ന് കൊടുത്തു കേശു… വേദന കൊണ്ട് സാമിൻ്റെ മുഖം ചുളിഞ്ഞു..ആംഗ്യം കാണിച്ചത് അവൻ കണ്ടെന്ന്
സാമിന് മനസ്സിലായി..

“നീയിങ്ങ് വന്നേടാ..നിനക്ക് സുഖമല്ലേടാ..
അളിയാ.. “കേശു സാമിനെ പുറത്തേക്ക് കൊണ്ടുപോയി..

“ഓ.. ഇപ്പൊ നല്ല സുഖം കിട്ടുന്നുണ്ട്.. ” കേശുവിൻ്റെ കൈ പതിഞ്ഞിടത്ത് സാം തൊട്ടു നോക്കി..

“നീയിതെങ്ങോട്ടാടാ.. ഞാൻ അവളോടൊന്ന് നേരാംവണ്ണം മിണ്ടിയിട്ടു കൂടിയില്ല.. “സാം കേശുവിനെ നോക്കി..

“നീയത്ര മിണ്ടിയത് മതി.. രണ്ടും കൂടി കുരുത്തക്കേട് ഒപ്പിച്ച് വെക്കാതിരുന്നാ മതി.. ആ കിടക്കുന്ന മൊതലൊന്ന് എണീറ്റ് നടക്കട്ടെ… “കേശു പറയുന്നത് കേട്ട് സാം വായ് പൊളിച്ചു നിന്നു..

“ഓ.. നീയൊന്ന് പോയേടാ… എനിക്കറിയത്തില്ലേടാ അവൾക്ക് വയ്യാന്ന്.. ഞാനവളെയൊന്ന് ഉഷാറാക്കാൻ പറഞ്ഞതല്ലേ.. “സാം ചിരിച്ചു..
പിന്നെ എന്തോ ഓർത്തത് പോലെ തല ചെരിച്ച് കേശുവിനെ നോക്കി..

“എന്താടാ?”കേശു അവനെ നോക്കി പുരികമുയർത്തി..

“ഒന്നൂല്ലേ…” സാം വന്ന ചിരി ചുണ്ടുകടിച്ച് പിടിച്ച് ഒതുക്കുന്നുണ്ട്…

“ടാ.. നീ വെറുതെ ആളെ പൊട്ടനാക്കാതെ കാര്യം പറയുന്നുണ്ടോ?”കേശുവിന് ദേഷ്യം വന്നു തുടങ്ങിയിരുന്നു..

“നീയല്ലേ ഞങ്ങളെയൊക്കെ പൊട്ടന്മാരാക്കുന്നത് ”

“ഞാനോ? “കേശു കണ്ണു മിഴിച്ചു..

“എടാ കള്ളക്കാമുകാ… എനിക്കൊന്നും മനസിലാവില്ലെന്ന് കരുതിയോ നീ..” സാം ചോദിച്ചു..
ഇത്തവണ കേശു ഒന്നും മിണ്ടിയില്ല..

“എന്ത് കാര്യമായാലും എടാ സാമേ..ഇനിയെന്ത് ചെയ്യുമെന്ന് ചോദിച്ച് വരുന്നവനാ.. ഇപ്പൊ നമ്മളെയൊന്നും ആർക്കും വേണ്ട.. ” സാം മുഖം തിരിച്ചു..

“സോറീടാ.. ഒന്നും പറയാൻ പറ്റീല്ല…”കേശു സാമിൻ്റെ തോളിൽ പിടിച്ചു…

“സോറി നീ തന്നെ വെച്ചോ… ഞാനെൻ്റെ സൈറക്കൊച്ചിനെയൊന്ന് കണ്ടിട്ട് വരട്ടെ..” സാം കേശുവിൻ്റെ കൈയ്യെടുത്ത് മാറ്റി സൈറക്കടുത്തേക്ക് നടന്നു… കേശുവിന് വിഷമം തോന്നി.. അവൻ പറഞ്ഞത് ശരിയാണ്. എന്തിനും അവൻ്റെ അഭിപ്രായം ചോദിക്കാറുണ്ട്.. എന്തും തുറന്ന് പറയാറുമുണ്ട്.. സൈറയോടുള്ള ഇഷ്ടം മാത്രം പറഞ്ഞിട്ടില്ല..
പറയാൻ പറ്റുന്നൊരു അവസ്ഥയായിരുന്നില്ലല്ലോ..

ശശാങ്കൻ ചേട്ടനും ജാനകിയും ചീരയും ചിരുതയും മുതൽ ഓരോരുത്തരായി വൈകുന്നേരം വരെ സൈറക്കു ചുറ്റും ആളുകളായിരുന്നു..
കുറച്ചു ദിവസങ്ങൾ കൊണ്ട് സൈറ ഈ ഗ്രാമത്തിലുള്ളവർക്ക് അത്രയേറെ പ്രിയപ്പെട്ടവളായി മാറിയിരുന്നു..

വൈകിട്ട് സൈറയൊന്ന് ഉറങ്ങിയപ്പോഴാണ്
കേശുവൊന്ന് പുറത്തേക്ക് പോയത്.. തിരികെ വരുമ്പോൾ വായനശാലയിൽ നിന്നെടുത്ത കുറച്ച് ബുക്കുകളും കയ്യിലുണ്ട്..
സൈറയുടെ കട്ടിലിനരികിലുള്ള മേശമേൽ ബുക്കുകൾ അടുക്കി വെച്ചു..

“‘ഇതില് മലയാളവും ഇംഗ്ലീഷുമുണ്ട്.. താൻ തനിച്ചിരുന്ന് ബോറഡിക്കണ്ട..” കണ്ണു തുറന്ന് കിടക്കുന്നവളോട് പറഞ്ഞവൻ..
അവൾ തലയാട്ടി..

വീണ്ടും ദിവസങ്ങൾ കടന്നു പോയി… മാധവനും നിർമ്മലയും സായുവും തിരികെപ്പോയി..
പകൽ ആരെങ്കിലുമൊക്കെയുണ്ടാവും സൈറയെ കാണാൻ… രാത്രിയായാൽ പത്മാവതിയമ്മ അവൾക്കടുത്ത് വന്നിരിക്കും… കേശു അവളെ എഴുന്നേൽപ്പിച്ചിരുത്തും.. ചന്ദ്രിയമ്മയും കൂടി വന്നിരുന്നാൽ പിന്നെ പഴയത് പോലെ ഓരോ കഥകൾ പറഞ്ഞ് കൂടും… അതിനിടയിലൂടെ സൈറക്കുള്ള ഭക്ഷണവും മരുന്നും കൊടുക്കും..

വായിക്കുമ്പോഴും ആരോടെങ്കിലും മിണ്ടിപ്പറഞ്ഞിരിക്കുമ്പോഴും ഇടക്കിടെ കേശു ജനലിലൂടെ എത്തിനോക്കിപ്പോവുന്നത് സൈറ കാണാറുണ്ട്..
ആളിപ്പോൾ വയലിലേക്കൊന്നും പോവാറേയില്ലെന്ന് തോന്നുന്നു.. കുമാരേട്ടനാണ് കാര്യങ്ങളെല്ലാം നോക്കുന്നത്.. ഒന്നെഴുന്നേൽക്കണമെന്ന് തോന്നുമ്പോഴേക്കും ആള് മുന്നിലുണ്ടാവും..
ചിലപ്പോഴൊക്കെ അത്ഭുതം തോന്നിപ്പോവും..

ഇപ്പൊ കെട്ടിയ കാലും കയ്യും നനക്കാതെ പ്ലാസ്റ്റിക് കവറിട്ട് കെട്ടിയശേഷം

ചന്ദ്രിയമ്മയും സത്യേച്ചിയും കൂടി കുളിപ്പിക്കാറുണ്ട്..
കുളിക്കാൻ തുടങ്ങിയതോടെ അച്ഛമ്മയുടെ വക തലയിലൊരു എണ്ണ തേപ്പിക്കലുണ്ട്..
തലയിലാകെ എണ്ണ തേച്ച് പിടിപ്പിച്ച് അച്ഛമ്മ മസ്സാജ് ചെയ്ത് കഴിയുമ്പോൾ സൈറക്ക് ഉറക്കം വരും..
ചാരിയിരുന്ന് ഒന്ന് മയങ്ങിയിട്ടാണ് മിക്ക ദിവസവും കുളിക്കാറ്…
കുളികഴിഞ്ഞ് വന്നാൽ തല തുടക്കലും ഉണക്കലുമൊക്കെ അച്ഛമ്മയാണ്.. സൈറ എല്ലാത്തിനും ഇരുന്ന് കൊടുക്കും.. ഇത്രനാൾ അനുഭവിക്കാത്ത ആ സ്നേഹവും കരുതലും
അവളും ആസ്വദിച്ചിരുന്നു..

തുടരും