18/04/2026

സൈരന്ദ്രി : ഭാഗം 25

രചന – രജിഷ അജയ്ഘോഷ്

 

“ഇനിയൊന്നും എടുക്കാനില്ലല്ലോ?” കാറിൻ്റെ ഡിക്കിയിലേക്ക് ബാഗെടുത്ത് വെച്ചു കൊണ്ട് കേശു ശാലുവിനോട് ചോദിച്ചു..

“ഇല്ല…”

“എന്നാ കേറിക്കോ.. ” കേശു കാറിൽ കയറി.. അടുത്തായി ശാലുവും..

“അച്ഛൻ ഇനി എണീക്കില്ലേ കേശുവേട്ടാ…” യാത്രക്കിടയിൽ ശാലു ചോദിച്ചതിന് എന്ത് മറുപടി പറയുമെന്ന് കേശുവിന് അറിയില്ലായിരുന്നു..

“നാളെ ചെക്കപ്പിന് പോവുമ്പോൾ ഡോക്ടറോട് തന്നെ ചോദിക്കാം.. നീയും കൂടെ വന്നോ.”

“ഉം… ” ശാലു മൂളി..
പെട്ടന്നുള്ള അച്ഛൻ്റെ വയ്യായ്ക ശാലുവിനെ തളർത്തിയിരുന്നു..

ഉച്ചകഴിഞ്ഞിരുന്നു തറവാട്ടിലെത്തുമ്പോൾ..
ശാലു നേരെ അച്ഛനരികിലേക്കാണ് പോയത്..
കേശു ഒന്നു നോക്കിയിട്ട് മുറിയിലേക്ക് നടന്നു..
വേഷം മാറിയിട്ട് നേരെ അമ്മമ്മയുടെ മുന്നിലേക്കാണ് കയറിയത്.. ആളുറക്കമാണെന്ന് കണ്ടതും അടുക്കളയിലേക്ക് നടന്നു..

“ചന്ദ്രിയമ്മേ ഇത്തിരി ചോറെടുത്തോ.. ” അടുപ്പിൻ്റെ അടുത്തുള്ള മേശക്കരികിലെ സ്റ്റൂളിലേക്ക് ഇരുന്നവൻ…

“മോനങ്ങോട്ട് ഇരുന്നോ.. ശാലുമോളും കഴിച്ചില്ലല്ലോ.. രണ്ടാൾക്കും എടുക്കാം..”

” നല്ല ക്ഷീണതോന്നുന്നുണ്ട് ചന്ദ്രിയമ്മേ..
കഴിച്ചിട്ടൊന്നുറങ്ങണം.. ഇവിടെ മതി..”
ചന്ദ്രിയമ്മ കൂടുതലൊന്നും പറയാതെ തിടുക്കപ്പെട്ട് അവനു കഴിക്കാനുള്ളത് എടുത്ത് വെച്ചു..

“നന്നായൊന്ന് ഉറങ്ങിയാൽ ക്ഷീണം കുറയും..
എത്രദിവസത്തെ അലച്ചിലാ… ആകെ കോലം കെട്ടു.. “ഒരമ്മയുടെത് പോലെ വേവലാതി നിറഞ്ഞതായിരുന്നു ചന്ദ്രിയമ്മയുടെ ശബ്ദം..
വാത്സല്യത്തോടെ അവൻ്റെ തലയിലൊന്ന് തലോടിയവർ..

“അമ്മമ്മ ഉച്ചക്ക് മരുന്നു കഴിച്ചിട്ടാണോ
കിടന്നത്..”

“ഉം.. കഴിച്ചു.. മരുന്നിൻ്റെ ക്ഷീണം നല്ലോണമുണ്ട് അമ്മക്ക്… അധികനേരവും മയക്കം തന്നെ..” ചന്ദ്രിയമ്മയൊന്ന് നെടുവീർപ്പിട്ടു..

കൈകഴുകി കഴിഞ്ഞ് അമ്മമ്മയെ നോക്കിയപ്പോൾ ഉറക്കം തന്നെയാണ്… അരികിൽ പറ്റിച്ചേർന്നു കിടന്നു..
കണ്ണുകൾ അടഞ്ഞു പോയി… കുറെ ദിവസങ്ങൾക്ക് ശേഷം സുഖമായൊന്ന്
ഉറങ്ങിയവൻ…
കണ്ണു തുറക്കുമ്പോൾ അമ്മമ്മയുടെ കൈവിരലുകൾ തൻ്റെ തലയിലൂടെ അരിച്ചിറങ്ങുന്നുണ്ട്.. സുഖത്തോടെ കണ്ണടച്ചു തന്നെ കിടന്നു ഏറെ നേരം..

“മടുത്തു പോയോ എൻ്റെ കുട്ടി.. “കണ്ണു തുറന്നപ്പോൾ അമ്മമ്മ ചോദിച്ചതിന് ആ കവിളിലൊന്ന് മുത്തി കണ്ണു ചിമ്മിക്കാണിച്ച്
എഴുന്നേറ്റ് പുറത്തേക്കിറങ്ങി..

“കുട്ടി വിളിച്ചിരുന്നോ?” അമ്മമ്മ ചോദിച്ചതിന് ഇല്ലെന്ന് തലയാട്ടി..
നേരെ കുളത്തിനരികിൽ പോയിരുന്നു.
മൂന്നാഴ്ച്ച കഴിഞ്ഞിരിക്കുന്നു വയലിലേക്കൊന്ന് ഇറങ്ങിയിട്ട്..

സൈറ പോയദിവസം വല്ലാത്തൊരു മൂകതയായിരുന്നു.. തന്നെ മാത്രമല്ല അമ്മമ്മയെയും ചന്ദ്രിയമ്മയെയും ഒക്കെ സങ്കടത്തിലാക്കിയാണ് അവൾ പോയത്.. വല്ലാത്തൊരു ശൂന്യതയായിരുന്നു… അവളുടെ കളി ചിരികളില്ലാതെ വീടാകെ ഉറങ്ങിയത് പോലെ…
അവളുമൊത്തുള്ള ഓരോ നിമിഷങ്ങളും ഓർത്ത് കിടന്ന് എപ്പോഴോ ഉറങ്ങിപ്പോയി…

ഫോണടിച്ചപ്പോഴാണ് കേശു ഉണർന്നത്..
“കേശൂട്ടാ… ദേവേട്ടന് തീരെ വയ്യ.. ” മറു തലക്കൽ കരച്ചിലോടെ ഭാനു അമ്മായീടെ സ്വരം കേട്ടു..

“എന്താ?” അവനൊന്നും മനസിലായില്ല..

“ഇന്നലെ വൈകിട്ട് അച്ഛന് വയ്യായ്ക കൂടിയെന്ന് പറഞ്ഞപ്പൊ ഞാനും ദേവേട്ടനും കൂടി എൻ്റെ വീട്ടിലേക്ക് വന്നതാ… രാത്രിയായപ്പോ ദേവേട്ടൻ തിരിച്ച് വീട്ടിലേക്ക് പോയി.. രാവിലെവിളിച്ചിട്ട് കിട്ടാതായപ്പോൾ ഞാൻ ഭാസിയെയും കൂട്ടി ചെന്ന് നോക്കുമ്പോ അനക്കമില്ലാതെ ദേവേട്ടൻ…. ” ഭാനുമതി ഉറക്കെക്കരഞ്ഞു…

“എവിടെയാ ഉള്ളത്…”

” സെൻ്റ്മേരീസ് ഹോസ്പിറ്റലിൽ.. ”
അന്ന് തുടങ്ങിയ ഓട്ടമാണ്..
ദേവമാമ്മക്ക് മാറ്റമൊന്നും കാണാത്തത് കൊണ്ട് വേറൊരു ഹോസ്പിറ്റലിൽ കൊണ്ടു പോയി.. രണ്ടു ദിവസത്തിന് ശേഷം മെഡിക്കൽ കേളേജിലേക്കും..

ടെസ്റ്റുകളിലൊന്നും രോഗം കണ്ടു പിടിക്കാനായില്ല..
ജീവനുണ്ടെന്ന് മാത്രം..
അമ്മമ്മയെ കൂടുതലൊന്നും അറിയിച്ചില്ല..ഭാനു അമ്മായിയെ തറവാട്ടിലാക്കി.
ദീപക്കും കേശുവും ഹോസ്പിറ്റലിലും..
ഒരാഴ്ച്ച അവിടെക്കിടന്ന ശേഷം വീട്ടിലേക്ക് കൊണ്ടുവന്നു… സംസാരിക്കാനോ, ശരീരം അനക്കാനോ കഴിയില്ല ..കണ്ണ് തുറന്ന് ചുറ്റും നോക്കും അത്ര മാത്രം.. പറയുന്നതെല്ലാം കേൾക്കാമെന്ന് തോന്നുന്നു ഇടക്കിടെ കണ്ണ് നിറയുന്നത് കാണാം…

ഭാനു അമ്മായിക്ക് തനിയെ മാമയെ നോക്കാൻ ബുദ്ധിമുട്ടാവുമെന്നോർത്ത് തറവാട്ടിലേക്കാണ് കൊണ്ടുവന്നത്…മകൻ്റെ അവസ്ഥ കണ്ട് പത്മാവതിയമ്മയാകെ തളർന്നു…

രണ്ടാഴ്ച്ചയോളം ഹോസ്പിറ്റലിലെ അലച്ചിൽ കാരണം കേശു കിടന്നതേ ഉറങ്ങിപ്പോയി..
ചന്ദ്രിയമ്മ വന്ന് വിളിച്ചപ്പോഴാണ് അമ്മമ്മക്ക് എന്തോ വയ്യായ്കയാണെന്ന് അറിഞ്ഞത് തന്നെ..

ശരീരമാകെ വിയർത്തൊഴുകുന്നുണ്ട്… ആകെപ്പാടെയൊരു വെപ്രാളം പോലെ… വേഗം വാരിയെടുത്ത് കാറിലേക്ക് കയറ്റി..
വണ്ടിയോടിക്കുമ്പോൾ പലപ്പോഴും നിയന്ത്രണം വിടുന്നത് പോലെ തോന്നിയവന്..

അറ്റാക്കായിരുന്നുവത്രേ… പെട്ടന്ന് എത്തിച്ചതുകൊണ്ട് രക്ഷപ്പെട്ടുവെന്നാണ് ഡോക്ടർ പറഞ്ഞത്.. ശ്വാസം നിലച്ച് പോയി കേശുവിന്..
അമ്മമ്മയില്ലാത്ത തൻ്റെ ജീവിതത്തെക്കുറിച്ച് ചിന്തിക്കാൻ കൂടി കഴിയില്ലവന്..
പിന്നീടുള്ള ഒരാഴ്ച്ചയും ഹോസ്പിറ്റലിൽ അമ്മമ്മയെ ചുറ്റിപ്പറ്റി നടന്നു..കൂടെ ഉറങ്ങി..
ചെറിയ കുട്ടികളെപ്പോലെ..
ഇന്നലെയാണ് തിരിച്ച് വീട്ടിലെത്തിയത്..

“ശാലുവിന് ഒരാഴ്ച്ച ലീവുണ്ട്.. നീയൊന്ന് പോയി കൂട്ടീട്ട് വരുമോ ” എന്ന് ഭാനുവമ്മായി ചോദിച്ചപ്പൊ ഇല്ലെന്ന് പറയാൻ കഴിഞ്ഞില്ല..വെളുപ്പിന് എഴുന്നേറ്റ് പോയതാണ്…
നാളെയിനി മാമയെ ചെക്കപ്പിന് കൊണ്ടു പോവണം…
ആകെപ്പാടെ സമാധാനമില്ലാതായിട്ട് ദിവസങ്ങളായിരിക്കുന്നു..

കേശു കുളത്തിലിറങ്ങി ഏറെനേരം നീന്തി… ഇരുട്ടു വീണിട്ടാണ് വീട്ടിലേക്ക് കയറിയത്.. ശാലു ഫോണിൽ എന്തോ നോക്കുന്നുണ്ട്..
ചന്ദ്രിയമ്മ അടുക്കളയിലും അമ്മമ്മക്കരികിലേക്കുമായി ഓടി മടുക്കുന്നുണ്ട്.. ദേവ മാമ്മക്ക് അരികിൽ എപ്പോഴും ആള് വേണ്ടത് കൊണ്ട് ഭാനുവമ്മായിക്ക് മറ്റൊന്നും ശ്രദ്ധിക്കാൻ കഴിയില്ല..

ശാലു ഇതൊന്നും ശ്രദ്ധിക്കുന്നതേയില്ല..
സൈറയുണ്ടായിരുന്നെങ്കിൽ അമ്മമ്മക്കൊപ്പം ഇരുന്നേനെ… ആ മനസ്സിലെ സങ്കടങ്ങൾ കുറക്കാൻ അവൾക്ക് കഴിഞ്ഞേനേയെന്ന് കേശു ഓർത്തു..
ഇത്രയും ദിവസത്തിനിടക്ക് നിനക്കൊന്ന് വിളിക്കാൻ പോലും തോന്നിയില്ലല്ലോ സൈറാ…
അല്ലേലും ഞാൻ നിനക്കാരുമല്ലല്ലോ…

വേഷം മാറിയിട്ട് നേരെ കുമാരേട്ടൻ്റെ വീട്ടിലേക്കാണ് കേശു പോയത്..
സത്യച്ചേച്ചിയോട് കുറച്ച് ദിവസം ചന്ദ്രിയമ്മയെ സഹായിക്കാൻ വരാൻ പറഞ്ഞേപ്പിച്ചു.. കുമാരേട്ടനോട് നാളേക്കുള്ള പണികളും പറഞ്ഞു കൊടുത്താണ് തിരികെ ഇറങ്ങിയത്..

“കുട്ടിയെന്താണോ വിളിക്കാത്തത്?എത്തീട്ട് വിളിക്കാന്ന് പറഞ്ഞിട്ട് പോയതാ… അങ്ങോട്ട് വിളിച്ചിട്ടാണെങ്കിൽ കിട്ടുന്നതുമില്ല…. “രാത്രി കിടക്കുമ്പോൾ അമ്മമ്മ പറയുന്നുണ്ട്..

“അവള് നമ്മളെയൊക്കെ മറന്ന്
പോയിക്കാണും.. ” കേശു അമ്മയെ കെട്ടിപ്പിടിച്ചു കിടന്നു…

“ഏയ് തിരക്കിലായിപോയിക്കാണും…
സ്നേഹത്തിൻ്റെ വില അറിയുന്ന കുട്ടിയാ
സൈറമോള്… അവള് നമ്മളെയൊന്നും മറക്കില്ല കേശൂട്ടാ…” പത്മാവതിയമ്മ സ്വയം ആശ്വസിക്കുന്നുണ്ട്..

ഉം.. എന്നിട്ടാണല്ലോ എൻ്റെ സ്നേഹം
കാണാതെയവൾ പോയത്… കേശു പിറുപിറുത്തു..
നീ പോയതോടെ സങ്കടങ്ങൾ മാത്രമാണ് സൈറാ..
സ്വസ്ഥത എന്താണെന്ന് അറിഞ്ഞിട്ടേയില്ല..
മിസ് യൂ….. കാതോരം അവൾ പറഞ്ഞിട്ട് പോയത് ഓർമ്മ വന്നു..
എന്നെങ്കിലും വരുമായിരിക്കും…
ഫോണെടുത്ത് വിളിച്ചു നോക്കിയെങ്കിലും സ്വിച്ച് ഓഫാണ്….

രാവിലെ ദേവരാജന് ചെക്കപ്പുണ്ട്.. ശാലുവും ഭാനുവും കേശുവും കൂടിയാണ് പോയത്…
ഇനിയൊരു എഴുന്നേറ്റ് നടക്കൽ പ്രയാസമാണെന്ന് ഡോക്ടർ തുറന്നു പറഞ്ഞു..
ഞരമ്പുകൾ തളർന്നു പോയിരിക്കുന്നു..
ശാലുവും ഭാനുവും കരയുന്നത് കണ്ട് കണ്ണീരൊഴുക്കി ദേവരാജൻ..
ആശ്വസിപ്പിക്കാനാവാതെ കേശുവും..

തിരികെയെത്തുമ്പോൾ സതീഷിൻ്റെയും മാധവൻ്റെയും കാറുകൾ മുറ്റത്ത് കിടക്കുന്നുണ്ട്..
കേശു കാറ് നിർത്തിയപ്പോഴേക്കും സതീഷിറങ്ങി വന്നിരുന്നു.. രണ്ടാളും കൂടി ചേർന്നാണ് ദേവരാജനെ എടുത്ത് അകത്തേക്ക് കിടത്തിയത്..
മാധവൻ അപ്പോഴേക്കും അടുത്ത് വന്നിരുന്നു..
വിവരങ്ങളെല്ലാം ചോദിച്ചറിഞ്ഞു രണ്ടാളും..

അമ്മമ്മ ചോദിച്ചപ്പോൾ ശരിയാവുമെന്നാണ് ഡോക്ടർ പറഞ്ഞതെന്ന് പറയേണ്ടി വന്നു..

അമ്മമ്മയും ദേവമാമയും വയ്യാതിരിക്കുന്നത് കൊണ്ട് എല്ലാവരും വന്നതിൻ്റെ ഉത്സാഹമൊന്നും തോന്നിയതേയില്ല.. സതീഷിൻ്റെ കുട്ടികൾ മാത്രം ഓടിക്കളിക്കുന്നുണ്ട്..
കേശു അമ്മമ്മയെ നോക്കാൻ ചെല്ലുമ്പോൾ സൗഭാഗ്യയും നിർമ്മലയും അരികിലുണ്ട്..
സൗഭാഗ്യയോട് മിണ്ടിയും പറഞ്ഞും ഇരിക്കുമ്പോഴും
നിർമ്മലയോട് ആദ്യമായി ഒരകലം തോന്നി
കേശുവിന്…
കുഞ്ഞു സൈറയെ നോവിക്കുന്ന മുഖമാണ് മനസ്സിലാകെ… എന്തൊരു ദുഷ്ടയാണവർ..

ചന്ദ്രിയമ്മയോട് ചോദിച്ച് അടുക്കളയിലേക്ക് വേണ്ടതെല്ലാം വാങ്ങിച്ചു കൊടുത്തിട്ട് വയലിലേക്കിറങ്ങി നടന്നു..
പണികളെല്ലാം നോക്കി തിരികെ വരുമ്പോൾ സാമിൻ്റെ വീട്ടിലും കയറി…

“എന്താടാ സ്ഥിതികളൊക്കെ?” കണ്ടപാടെ സാം ചോദിച്ചതാണ് ..

“ഓ… ഒന്നും പറയണ്ടെടാ.. മാമക്കിനി വല്യമാറ്റമൊന്നും പ്രതീക്ഷിക്കണ്ട..”

“ഓടി നടന്നിരുന്ന മനുഷ്യൻ എത്ര പെട്ടന്നാ കിടപ്പിലായത്…”സാമൊന്ന് നെടുവീർപ്പിട്ടു..
പപ്പയെക്കൂടി കണ്ടിട്ടാണ് തിരികെ ഇറങ്ങിയത്..

“ടാ… നിന്നെ സൈറ വിളിച്ചിരുന്നോ?” പിന്നിൽ നിന്നും സാം വിളിച്ചു ചോദിക്കുന്നുണ്ട്…

“ഇല്ലെടാ.. അമ്മമ്മയാണെങ്കിൽ ഇടക്കിടെ ചോദിക്കുന്നുമുണ്ട്.. ”

“ഞാൻ വിളിച്ചിട്ട് കിട്ടിയില്ല.. അവിടേക്ക് വിളിച്ചു കാണുമെന്ന് കരുതിയിരിക്കുവായിരുന്നു.. ”

“ഉം… ”

“ചിലപ്പോ തിരക്കാവും.. ന്യൂസിലൊക്കെ അതിർത്തിയിലെ പ്രശ്നങ്ങളാ കാണിക്കുന്നത് മുഴുവൻ…” സാം സ്വയം ഉത്തരം കണ്ടെത്താൻ ശ്രമിച്ചു..

രണ്ടു മൂന്നു ദിവസം കഴിഞ്ഞാണ് വന്നവരൊക്കെ തിരികെപ്പോയത്… വീണ്ടും പഴയത് പോലെ ദിവസങ്ങൾ. അമ്മമ്മക്കിപ്പോൾ ക്ഷീണം കുറവുണ്ട്.പതിയെ എഴുന്നേറ്റ് നടക്കും.

രാവിലെ മാമയുടെ കുളിയെല്ലാം കഴിഞ്ഞാൽ കേശു വയലിലേക്ക് ഇറങ്ങും…
അന്ന് ഉച്ചക്ക് ഊണിന് വരുമ്പോഴാണ് അകത്ത് നിന്നും പതിവില്ലാത്ത ബളഹം കേട്ടത്..

“നിങ്ങൾക്കതിൻ്റെ വിലയെത്രയാന്ന് അറിയുവോ? ഏ… അറിയുവോന്ന്…” ശാലുവിൻ്റെ സ്വരമാണ്..

“ഞാൻ കണ്ടില്ല മോളെ…. “ചന്ദ്രിയമ്മ ദയനീയമായി പറയുന്നുണ്ട്…

“കണ്ടില്ലെന്നല്ല ശ്രദ്ധിച്ചില്ലെന്ന് പറ…
സെർവൻ്റ്സിനെയൊക്കെ നിർത്തേണ്ടിടത്ത് നിർത്താതെ വീട്ടുകാരിയാക്കിയാൽ ഇതല്ല ഇതിലപ്പുറം നടക്കും… നോൺസെൻസ്… ” പറയുന്നതിനൊപ്പം ചന്ദ്രിയമ്മയെ തള്ളിയിരുന്നു ശാലു… അപ്രതീക്ഷിതമായതിനാൽ പിന്നിലേക്ക് വേച്ച് പോയ ചന്ദ്രിയമ്മയെ കേശു വേഗം പിടിച്ചു…

“ശാലു…. ” കേശുവിൻ്റെ സ്വരത്തിനൊപ്പം കൈയ്യും ഉയർന്നപ്പോഴേക്കും പത്മാവതിയമ്മയുടെ കൈകൾ ശാലുവിൻ്റെ മുഖത്ത് പതിഞ്ഞിരുന്നു..

“വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണം…
ചന്ദ്രി ഇവിടത്തെ ഒരംഗം തന്നെയാണ്… ഇനിയും അങ്ങനെ തന്നെയാവും..
നിൻ്റെ സാധനങ്ങൾ സൂക്ഷിച്ച് വെക്കേണ്ടത് നിൻ്റെ ജോലിയാണ്.. കേട്ടല്ലോ..” പത്മാവതിയമ്മയുടെ ശബ്ദമുയർന്നു..
ശാലു തലയാട്ടി… തൻ്റെ അൻപതിനായിരത്തിൻ്റെ ഫോണാണ് മേശവിരിപ്പ് മാറ്റിയപ്പോൾ അവര് തട്ടി താഴെയിട്ടത്..ഉള്ളിൽ ദേഷ്യമായിരുന്നുവെങ്കിലും അച്ഛമ്മയോട് മറുത്ത് പറയാനുള്ള ധൈര്യം വന്നില്ലവൾക്ക്.. ശാലു ചവിട്ടിത്തുള്ളി റൂമിലേക്ക് പോയി..
മകൾ ചെയ്തത് ശരിയല്ലെന്ന് തോന്നിയത് കൊണ്ട്
ഭാനുമതി മിണ്ടാതിരുന്നു..

ശാലുവിൻ്റെ സ്വഭാവം ഏറെക്കുറെ മനസിലാക്കിയത് കൊണ്ട് കേശുവിന് വല്യ ഞെട്ടലൊന്നും തോന്നിയില്ല.. എന്നാൽ അവൾ പറഞ്ഞ വാക്കുകൾ ചന്ദ്രിയമ്മയെ വേദനിപ്പിച്ചു..ഒപ്പം പേരക്കുട്ടിയുടെ
സ്വഭാവം പത്മാവതിയമ്മയെ അസ്വസ്ഥയാക്കി..

ആ സംഭവത്തിന് ശേഷം ശാലു അധികവും മൗനമായിരുന്നു.. രണ്ട് ദിവസം കഴിഞ്ഞ് പോവുകയും ചെയ്തു..

ഒരു മാസം ആയപ്പോഴേക്കും ദേവരാജൻ്റെ കിടപ്പുമായി എല്ലാവരും പൊരുത്തപ്പെട്ട് തുടങ്ങി…
അയാളുടെ മനസ് മാത്രം തൻ്റെ പ്രവർത്തിയുടെ ഫലമാണല്ലോ അനുഭവിക്കുന്നത് എന്നോർത്ത് കരഞ്ഞുകൊണ്ടിരുന്നു..

ഒരു ദിവസം വൈകിട്ട് കേശു കുളി കഴിഞ്ഞ് വേഷം മാറുമ്പോഴാണ് സാം ഓടി വന്നത്…

“ടാ… ടീവീല് ഒരു ന്യൂസ് കണ്ടിരുന്നു… ” അവൻ വല്ലാതെ കിതച്ചു..

“എന്താടാ?…”കേശു പുരികം ചുളിച്ചു..

നീ വാ… സാം കേശുവിനെ കൂട്ടി വേഗം വന്ന് ടീവി ഓണാക്കി…

“ജമ്മുവിൽ ഇന്ത്യൻസൈന്യം സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമണം.. സൈനീക വാഹനം പൂർണ്ണമായും കത്തിനശിച്ചു..
വാഹനത്തിലുണ്ടായിരുന്നത് മലയാളിയായ വനിതാ സൈനിക ഉദ്യോഗസ്ഥയടക്കം ആറ് പേർ… രണ്ട് മൃതദേഹങ്ങൾ കിട്ടി.. ബാക്കിയുള്ളവർക്കായി അന്വേഷണം തുടരുന്നു.. ”
ന്യൂസ് ചാനൽ വെച്ചപ്പോൾ തന്നെ ഫ്ലാഷ് ന്യൂസ് കണ്ടു…

കേശു ഒന്നും മനസ്സിലാവാത്തത് പോലെ അന്തം വിട്ട് സാമിനെ നോക്കി..

“എടാ… ആ മലയാളി വനിത നമ്മുടെ സൈറയാണെന്നാ കേട്ടേ…” സാം വിറച്ചുകൊണ്ട് പറഞ്ഞൊപ്പിച്ചു…

സൈരന്ദ്രി മാധവ് എന്ന പേര് ടി വി സ്ക്രീനിൽ തെളിയുന്നത് കേശു കണ്ടു..

തുടരും..