17/04/2026

സൈരന്ദ്രി : ഭാഗം 33

രചന – രജിഷ അജയ്ഘോഷ്

ധൈര്യം കുറച്ച് കുറവായത് കൊണ്ട് വേഗം നെറ്റിയിലൊന്ന് ചുണ്ടമർത്തി മാറിയവൻ…
വല്ലാത്തൊരു വെപ്രാളത്തോടെ പുറത്തേക്ക് പോകുന്നവനെ കണ്ട് ചിരി വന്നപ്പോഴും നെറ്റിയിൽ അവൻ്റെ ചുണ്ട് അപ്പോഴും പതിഞ്ഞിരിപ്പുണ്ടെന്ന് തോന്നി സൈറക്ക്..

സൈറക്കൊപ്പം കിടക്കാൻ പോയ അമ്മമ്മയെ
പിടിച്ച് തനിക്കൊപ്പം കിടത്തി കേശു..
“ന്നാ നീ പോയിട്ട് ചന്ദ്രിയോട് പറയ് കുട്ടീടെ കൂടെയൊന്ന് കിടക്കാൻ…” പത്മാവതിയമ്മ പറഞ്ഞപ്പോൾ കേശു എഴുന്നേറ്റ് പോയി ചന്ദ്രിയമ്മയോട് സൈറക്കൊപ്പം കിടക്കാൻ പറഞ്ഞേൽപ്പിച്ചു.. തിരികെ വരുന്ന വഴി സൈറയെ വാതിൽക്കൽ നിന്നൊന്ന് എത്തി നോക്കി..
അവളുറങ്ങിയിട്ടുണ്ട്..

“എത്ര ദിവസായീലേ ഇങ്ങനെയൊന്ന് കെട്ടിപ്പിടിച്ച് കിടന്നിട്ട്…” അമ്മമ്മയോട് ചേർന്ന് കിടന്നു കേശു…
“ഉം…ഉറങ്ങിക്കോ…”പത്മാവതിയമ്മ വാത്സല്യത്തോടെ അവൻ്റെ തലയിലൂടെ കൈവിരലോടിച്ചു കൊണ്ടിരുന്നു..
കേശുവിന് ഉറക്കം വന്നതേയില്ല… അമ്മമ്മയോട് സൈറയുടെ കാര്യം എങ്ങനെ പറയുമെന്ന ചിന്തയിലാണവൻ..
ഇടക്കൊന്ന് തലയുയർത്തി അമ്മ മ്മയെ നോക്കിയപ്പോൾ കണ്ണടച്ച് കിടപ്പാണ്.. തലയിൽ വെച്ച വിരലുകൾ അപ്പോഴും ചലിക്കുന്നുണ്ട്..
ഉറങ്ങിയിട്ടില്ലെന്ന് ഉറപ്പാണ്..

“പത്മാവതിയമ്മേ…..” പതിയെ വിളിച്ചു നോക്കി..

“ഉം…. ” പത്മാവതിയമ്മ ചെറുതായൊന്നു മൂളി..

“അതേയ്… “അവനൊന്നു അമ്മമ്മയെ തോണ്ടി..

“എന്താ കേശൂട്ടാ നിനക്കുറക്കം വരണില്ലേ.. ”

“ഇല്ലാ… അമ്മമ്മെ ഞാനൊരു കാര്യം പറയട്ടേ.. ”

“പറയ്….”

“സൈറയെ ഇനിയെന്നും നമുക്കൊപ്പം കൂട്ടിയാലോ?…”

“അവള് ഇവിടെ നിന്നോട്ടെ എനിക്കതിൽ സന്തോഷമേയുള്ളൂ… അതിനിത്ര ചോദിക്കാനുണ്ടോ കേശൂട്ടാ…”
പത്മാവതിയമ്മ നിസാരമായി പറഞ്ഞപ്പോൾ അമ്മമ്മക്ക് പറഞ്ഞത് മനസിലായില്ലെന്ന് കേശുവിന് തോന്നി..

“”അങ്ങനെയല്ല അമ്മമ്മേ…”

“പിന്നെങ്ങനെയാടാ… നീയെന്താന്ന് വെച്ചാ പറയ്.. ഇത് കൊറേ നേരമായി കിണുങ്ങിക്കൊണ്ട്.. ”

“എനിക്ക്.. എനിക്കവളെ ഇഷ്ടാണ് അമ്മമ്മേ..
അമ്മമ്മ സമ്മതിക്കണം..” ഒറ്റ ശ്വാസത്തിൽ പറഞ്ഞൊപ്പിച്ചവൻ..
പത്മാവതിയമ്മയുടെ വിരലുകൾ നിശ്ചലമാവുന്നത് കേശു അറിഞ്ഞു.. അമ്മമ്മ ഒന്നും മിണ്ടുന്നില്ല..
കുറച്ച് നേരം നിശബ്ദത മാത്രമായിരുന്നു..
കേശുവിനെന്തോ സങ്കടം തോന്നി..
അമ്മമ്മയോട് ഒന്നുകൂടി ചേർന്ന് കിടന്ന് കൊച്ചു കുഞ്ഞിനെപ്പോലെ ആ മാറിലേക്ക് പതുങ്ങിയവൻ…

അത്രയേറെ സങ്കടം വരുമ്പോഴാണ് കേശു ഇങ്ങനെ ചേർന്ന് കിടക്കാറുള്ളുവെന്ന് പത്മാവതിയമ്മക്കും അറിയാം.. അമ്മയും അച്ഛനുമില്ലാത്ത കുട്ടിയാണ്.. ഇത് പോലെ തൻ്റെ നെഞ്ചോടൊട്ടിക്കിടന്ന് വളർന്നവൻ.. അവൻ്റെ സങ്കടം എന്തിൻ്റെ പേരിലായാലും തനിക്കത് സഹിക്കാനാവില്ല..
അവരവൻ്റെ നെറ്റിയിലൊന്ന് ചുണ്ടമർത്തി..

“കേശൂട്ടാ…” കവിളിൽ കൈ ചേർത്ത് വാത്സല്യത്തോടെ വിളിച്ചു.. അവനൊന്നുകൂടി പറ്റിപ്പിടിച്ച് കിടന്നതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല..

“ടാ ചെക്കാ.. നിൻ്റെ ഓട്ടവും പാച്ചിലും വെപ്രാളവുമൊക്കെ കണ്ടപ്പോഴേ എനിക്ക് മനസിലായതാ ഇതിങ്ങനേ വരുള്ളൂന്ന്….” പത്മാവതിയമ്മ ചിരിച്ചു… ഇത്തവണ കേശുവാണ് ഞെട്ടിയത്… കേട്ടതൊക്കെ ഒന്നുകൂടി ഓർമ്മിച്ചെടുത്തപ്പോൾ ചാടിയെഴുന്നേറ്റ് ലൈറ്റിട്ടു..

അമ്മമ്മയെ നോക്കുമ്പോൾ ആ മുഖത്ത് ചിരിയാണ്… സന്തോഷം കൊണ്ട് ചുളുക്കു വീണ രണ്ടു കവിളിലും പിടിച്ച് വലിച്ചവൻ…

“ടാ… നോവുന്നു… ” പത്മാവതിയമ്മ കൈ ഓങ്ങി..
കേശു ചിരിയോടെ ആ കൈ പിടിച്ച് തൻ്റെ മുഖത്തേക്ക് ചേർത്തു വെച്ചു..

“അമ്മമ്മയെ വിട്ട് നിക്കാൻ വയ്യെന്ന് പറഞ്ഞ്
പഠിപ്പും കളഞ്ഞ് വന്നവനാണ് മാസങ്ങളോളം ഡൽഹിയിൽ പോയി നിന്നത്.. അപ്പഴേ സൈറ നിനക്ക് അത്രക്ക് പ്രിയപ്പെട്ടതാണെന്ന് എനിക്ക്
മനസിലായതാ… പക്ഷേ അതേത് വിധമാണെന്ന് അറിയില്ലായിരുന്നു..
ഇവിടെ വന്നതിന് ശേഷം അതെനിക്ക് മനസിലായി..
അമ്മമ്മക്ക് സന്തോഷമേയുള്ളു..
സൈറ നല്ല കുട്ടിയാ.. സ്നേഹം ആവോളമുളളവളാ…” പറഞ്ഞ് നിർത്തുമ്പോൾ പത്മാവതിയമ്മയുടെ വാക്കുകളിൽ സൈറയോടുള്ള ഇഷ്ടമായിരുന്നു..

“അല്ലേലും അമ്മമ്മ എൻ്റെ മുത്താണ്.. ”
അമ്മമ്മയെ വീണ്ടും കെട്ടിപ്പിടിച്ച് കേശു കിടന്നു..

“നീയന്ന് സൈറമോൾക്കൊപ്പമായിരുന്നപ്പോൾ ശാലു ഇവിടെ വന്നിരുന്നു.” കുറച്ച് സമയം കഴിഞ്ഞാണ് പത്മാവതിയമ്മയത് പറഞ്ഞത്..

“എന്നിട്ട് വിളിച്ചപ്പോഴൊന്നും അമ്മമ്മ അതേക്കുറിച്ച് പറഞ്ഞില്ലല്ലോ.. ”

“അന്നത്തെ അവസ്ഥ അങ്ങനെയായിരുന്നല്ലോ.. നിന്നെ വിഷമിപ്പിക്കണ്ടാന്ന് കരുതി..
ശാലുവിന് നീ സൈറക്കൊപ്പം നിൽക്കുന്നത് ഇഷ്ടമല്ലായിരുന്നു.. ഞാൻ നിന്നെ തിരിച്ചുവിളിക്കണം എന്ന ആവശ്യവുമായാണ് അന്നവൾ വന്നത്..”

“എന്നിട്ട് അമ്മമ്മയെന്തു പറഞ്ഞു?”

“ഞാൻ തിരികെ വിളിക്കില്ലെന്ന് പറഞ്ഞു.. സൈറയും എൻ്റെ പേരക്കുട്ടി തന്നെയാണെന്ന്
പറഞ്ഞപ്പോൾ അവൾക്കത്ര ഇഷ്ടപ്പെട്ടില്ല..
പിന്നെ… ” പറയാൻ വന്നതെന്തോ പാതിയിൽ നിർത്തിയവർ..

“പിന്നെന്താ അമ്മമ്മേ? ” കേശു വീണ്ടും ചോദിച്ചു..

“ഞാൻ കാരണമാണ് നീയിങ്ങനെ ചേറിലും ചെളിയിലും ആയതത്രേ.. ഞാൻ സ്നേഹത്തിൻ്റെ പേരും പറഞ്ഞ് നിൻ്റെ ജീവിതം നശിപ്പിക്കുകയാണെന്ന്.. എനിക്കത് കേട്ടപ്പോൾ വല്ലാത്ത വിഷമമായിപ്പോയി കേശൂട്ടാ..” പത്മാവതിയമ്മയുടെ സ്വരം മാറുന്നത് കേശു അറിഞ്ഞു..

“ഞാനെപ്പോഴെങ്കിലും അങ്ങനെ പറഞ്ഞിട്ടുണ്ടോ? ഇല്ലല്ലോ.. പിന്നെന്തിനാ അവള് പറയുന്നത് കേട്ട് അമ്മമ്മ സങ്കടപ്പെടുന്നെ.. ശാലു നമ്മുടെ കൂടെ ചേരില്ല അമ്മമ്മേ.. അവൾക്ക് ഈ നാടും ഇവിടുള്ളോരെയൊന്നും കണ്ണിൽ പിടിക്കില്ല..
അങ്ങനെയൊരാളെ കൂടെക്കൂട്ടിയാൽ എന്നും സങ്കടപ്പെടാനെ സമയം കാണു.. “അവനവരെ ഒന്നുകൂടി ചേർത്ത് പിടിച്ചു..

” അത് ശരിയാ.. നമുക്ക് സൈറ മതി..
ഈ വീടുണർന്നത് കുട്ടിയന്ന് വന്നതിന് ശേഷാ..
പിന്നെ ദേവനോടെന്ത് പറയുമെന്നതാണൊരു പ്രശ്നം.. അവനാണെങ്കിൽ കിടന്നും പോയില്ലേ..”
പത്മാവതിയമ്മയൊന്ന് നെടുവീർപ്പിട്ടു…
കയ്യിലിരുപ്പിൻ്റെ ഫലമാണ് അനുഭവിക്കുന്നതെന്ന് പറയാൻ തോന്നിയെങ്കിലും കേശു ഒന്നും മിണ്ടാതെ കിടന്നു.. അമ്മമ്മയുടെ കൈകൾ താളം പിടിച്ചപ്പോൾ കണ്ണുകളടഞ്ഞു പോയി..

അമ്മമ്മയോട് പറഞ്ഞകാര്യം സൈറയോട് പറയണമെന്ന് കരുതിയാണ് കേശു എഴുന്നേറ്റത് തന്നെ.. ഒന്നു ഫ്രഷായി അവളെ വിളിക്കാൻ പോയപ്പോൾ ആളെയവിടെ കണ്ടില്ല..
അടുക്കളയിലെത്തുമ്പോൾ അടുപ്പിനടുത്തൊരു കസേരയിൽ ഇരുന്ന് കാപ്പി കുടിക്കുന്നുണ്ട്.. ചന്ദ്രിയമ്മ തിരക്കിലാണ്..

“തനിയെ എഴുന്നേറ്റോ?” അവൾക്കരികിൽ സ്ലാവിലേക്ക് കയറിയിരുന്നവൻ..

“ചന്ദ്രിയമ്മ സഹായിച്ചു.. ഇപ്പൊ അത്ര ബുദ്ധിമുട്ടില്ലാതെ എഴുന്നേൽക്കാലോ.. ”
സൈറയവനെ നോക്കിയൊന്ന് കണ്ണു ചിമ്മി..

ചന്ദ്രിയമ്മയൊന്ന് പുറത്തേക്ക് പോയ നേരം നോക്കി സൈറയുടെ മൂക്കിലൊന്ന് മൂക്കുരസി പുറത്തേക്ക് പോയവൻ…
ഒന്നു അമ്പരന്ന് പോയെങ്കിലും പതിയെ സൈറ ചുണ്ട് കടിച്ച് പിടിച്ച്ചിരിച്ചു..

പത്മാവതിയമ്മക്കും സന്തോഷമുള്ള ദിവസമായിരുന്നു.. സൈറക്കും കേശുവിനും ഇഷ്ടമാണെന്ന് തോന്നിയിരുന്നുവെങ്കിലും ഉറപ്പായപ്പോൾ മനസിനൊരു ഉണർവ്വ് വന്നത് പോലെ..
നാളെ തനിക്ക്എന്തെങ്കിലും സംഭവിച്ചു പോയാൽ കേശുവിന് അത് താങ്ങാനാവുമോ എന്നൊരു പേടിയുണ്ടായിരുന്നു.. ഇപ്പോഴതില്ല..അവനെ ആശ്വസിപ്പിക്കാൻ സൈറക്കാവും..
ആ ഒരു ആശ്വാസത്തോടെ തന്നെയാണ് അടുക്കളയിലേക്ക് നടന്നത്.. അവിടെ സൈറയെ കണ്ടപ്പോൾ ചിരിയോടെ അവളുടെ കവിളിലൊന്ന് തലോടി അടുത്തിരുന്നു..

“ചന്ദ്രീ ഉടനെതന്നെ ഇവിടൊരു കല്യാണണ്ടാവും ട്ടോ..” പത്മാവതിയമ്മ അതേ ചിരിയോടെ സൈറയെ നോക്കി പറഞ്ഞു..

“കേശൂട്ടൻ്റെ കല്യാണത്തീയ്യതി ഉറപ്പിച്ചോ
അമ്മേ.. “ചന്ദ്രിയമ്മ ഉത്സാഹത്തിലാണ്..

“തിയ്യതിയൊന്നും തീരുമാനിച്ചില്ല.. പക്ഷേ, പെൺകുട്ടിയെ തീരുമാനിച്ചു.. ”

“അത് നേരത്തെ തന്നെ തീരുമാനിച്ചതല്ലേ..” ചന്ദ്രിയമ്മ സംശയത്തോടെ പത്മാവതിയമ്മയെ നോക്കി..

“അത് വേണ്ടാത്രേ.. കേശൂട്ടന് വേറെ ഒരാളെ മതിയെന്നാ.. ”

“അതാരാ.. “ചന്ദ്രിയമ്മ ആലോചനയിലാണ്.. പത്മാവതിയമ്മ കണ്ണുകൊണ്ട് സൈറയെ കാണിച്ചു.. ചന്ദ്രിയമ്മ വീണ്ടും ആണോയെന്ന് കണ്ണുമിഴിച്ചു.. സൈറയെ നോക്കുമ്പോൾ അവിടെ ചെറുചിരിയുണ്ട്.. മുഖത്ത് തെളിച്ചവും..
ചന്ദ്രിയമ്മ ഓടിവന്ന് സൈറയുടെ മുഖം പിടിച്ചുയർത്തി..
“കേശൂട്ടന് ഇതിലും ചേർന്നൊരാളെ വേറെ
കിട്ടില്ല. അല്ലേ അമ്മേ.. ” പത്മാവതിയമ്മയോട് പറയുമ്പോൾ മകന് നല്ലൊരു പെൺകുട്ടിയെ കണ്ടു പിടിച്ചൊരു അമ്മയുടെ മനസ്സായിരുന്നവർക്ക്..

“അതിന് കേശൂട്ടന് ഇഷ്ടാന്നേ പറഞ്ഞുള്ളൂട്ടോ..
കുട്ടിക്ക് ഇഷ്ടാണോന്നറിയില്ലല്ലോ?” പത്മാവതിയമ്മ അൽപ്പം കുസൃതിയോടെ സൈറയെ നോക്കി..
മറുപടിയൊന്നും പറയാതെ ചിരിയോടെ അച്ഛമ്മയുടെ ദേഹത്തേക്ക് ചാഞ്ഞവൾ..
അവളുടെ ചിരിയും പ്രവർത്തിയും കണ്ട് പത്മാവതിയമ്മയും ചന്ദ്രിയമ്മയും ചിരിച്ചു..

ഉച്ചകഴിഞ്ഞ് ദേവരാജനെയൊന്ന് കണ്ടിട്ട് വരാമെന്ന് അമ്മമ്മ പറഞ്ഞപ്പോൾ കേശുവിന് താത്പര്യമൊട്ടും തോന്നിയില്ലെങ്കിലും വരാമെന്ന് പറഞ്ഞു..
“അടങ്ങി ഇരുന്നോണം.. വയ്യാത്ത കാലും വെച്ച് ഓടി നടന്നാൽ വരുമ്പോ ശരിയാക്കും ഞാൻ..”
പോവാൻ നേരം സൈറക്കരുകിൽ ചെന്ന് കേശു പറഞ്ഞപ്പോൾ സൈറയവനെ നോക്കി കണ്ണുരുട്ടി..

“പോട്ടെ..” ഇത്തവണ പതിയെയാണ് പറഞ്ഞത്..
ചിരിയോടെ സൈറ തലയാട്ടി..
❤❤

കാറ് ദേവരാജൻ്റെ ഗേറ്റിനുള്ളിലേക്ക് കയറുമ്പോഴേ പുറത്തൊരു ഫോർച്യൂണർ കിടക്കുന്നത് കണ്ടു..
കേശുവും പത്മാവതിയമ്മയും വണ്ടി നിർത്തി ഇറങ്ങിയപ്പോഴേക്കും ഭാനുമതി പുറത്തേക്ക് വന്നിരുന്നു..

“ആരാ ഭാനു വിരുന്നുകാര്?” പത്മാവതിയമ്മ ചോദിച്ചു..

“ശാലുമോളും മൂന്നാല് കൂട്ടുകാരും വന്നിട്ടുണ്ട്..
നിങ്ങള് കേറിവാ…” ഭാനുമതി വേഗം അവരെ അകത്തേക്ക് ക്ഷണിച്ചു..

റൂമിൽ നിന്നും സ്റ്റെയർ ഇറങ്ങി താഴേക്ക് വരികയായിരുന്ന ശാലു പെട്ടന്നവരെ കണ്ടൊന്ന് നിന്നു..
“ശാലിനി…. ” മുകളിൽ നിന്നൊരാളുടെ ശബ്ദം കേട്ടപ്പോൾ അവൾ അവരെ നോക്കിയൊന്ന് ചിരിച്ചെന്ന് വരുത്തി വേഗം മുകളിലേക്ക് തന്നെ കയറി..

തുടരും