19/04/2026

സൈരന്ദ്രി : ഭാഗം 04

രചന – രജിഷ അജയ്ഘോഷ്

“കണ്ടു… ഈ രാത്രി മുതൽ അയാൾക്ക് ഉറക്കമുണ്ടാവില്ല.. അയാളുടെ സ്വസ്ഥത നശിപ്പിക്കും ഞാൻ…. എന്നിട്ട് ഇഞ്ചിഞ്ചായി നരകിപ്പിക്കും.. എന്നാലെ ഈ സൈരന്ദ്രിയുടെ മനസ്സിന് ആശ്വാസം കിട്ടൂ…” സൈറയുടെ കണ്ണിൽ പകയുടെ കനൽ ആളിക്കത്തി… ശബ്ദത്തിൽ ദേഷ്യം കലർന്നു…. “വേണം സൈറാ… ഞാനുണ്ടാവും നിനക്കൊപ്പം.. സമയമാവുമ്പൊ നീയൊന്ന് വിളിച്ചാ മതി പറന്നെത്തും ഞാൻ…” നാദിറയവൾക്ക് വാക്കു കൊടുത്തു… ” ഉം… വിളിക്കാം.. ” എന്ന് നാദിറയോട് പറഞ്ഞ് തിരികെ അകത്തേക്ക് കയറുമ്പോൾ അവളുടെ മുഖം വലിഞ്ഞു മുറുകിയിരുന്നു….. അകത്തളത്തിലെ ആട്ടുകട്ടിലിൽ കയറിയിരുന്ന് ആടുമ്പോഴും മനസ്ഏതോ ഓർമ്മകളുടെ നോവിൽ അലഞ്ഞ് തുടങ്ങിയിരുന്നു… “എന്താ സൈറമോൾക്ക് ഒരു ആലോചന ..” പത്മാവതിയമ്മ അവൾക്കരികിലിരുന്ന് ചോദിച്ചതും ഒന്നുമില്ലെന്ന് കണ്ണു ചിമ്മിക്കാണിച്ച് ആ മടിയിലേക്ക് കിടന്ന് വയറിലേക്ക് മുഖം ചേർത്ത് വെച്ച് കിടന്നവൾ…

ത്മാവതിയമ്മയുടെ കൈകൾ വാത്സല്യത്തോടെ അവളെ തലോടിക്കൊണ്ടിരുന്നു.. കണ്ണു തുറക്കുമ്പോൾ സൈറ ആട്ടുകട്ടിലിൽ തനിച്ചാണ്… അച്ഛമ്മ എഴുന്നേറ്റു പോയോ.. അറിഞ്ഞതേയില്ലല്ലോ.. എന്ന് ചിന്തിച്ചു കൊണ്ട് കൈകൾ ഉയർത്തി ഒന്ന് ഞെളിഞ്ഞ ശേഷം എഴുന്നേറ്റിരുന്നു… അച്ഛമ്മയും കേശുവും എന്തെല്ലാമോ പറയുന്നത് അവ്യക്തമായി കേൾക്കുന്നുണ്ട്.. അച്ഛമ്മയുടെ മുറിയുടെ മുന്നിലെത്തിയപ്പോൾ അങ്ങോട്ട് കയറിയപ്പോൾ അച്ഛമ്മയുടെ മടിയിൽ കിടക്കുന്ന കേശുവിനെ കണ്ടു.. ” എണീറ്റു വന്നോ… എന്തുറക്കമായിരുന്നു.. തണുപ്പ് കൂടിയപ്പോ ഞാനെണീറ്റു പോന്നു.. ചെറുതായിട്ട് ശ്വാസംമുട്ടൽ തുടങ്ങീട്ടുണ്ടേ..” അച്ഛമ്മ പറഞ്ഞപ്പോൾ സൈറ ഭംഗിയായൊന്നു ചിരിച്ചു… മുട്ടിന് മേലെക്കിടക്കുന്ന ഫ്രോക്കിലേക്കും സൈറയേയും നോക്കി കേശു ദേഷ്യത്തോടെ കണ്ണുരുട്ടി… ‘കൊശവൻ…’ പിറുപിറുത്തുകൊണ്ട് അവനെ നോക്കി ചുണ്ടു കോട്ടി സൈറ പുറത്തേക്ക് നടന്നു..

അത്താഴത്തിന് ചൂടുള്ള കുത്തരിയുടെ കഞ്ഞിയും ചമ്മന്തിയും പയറുപ്പേരിയുമായിരുന്നു… ” സൈറമോൾക്ക് കഞ്ഞിയൊക്കെ ഇഷ്ടാവുമോ.. ഇല്ലാച്ചാൽ നാളെ മുതൽ വേറെയുണ്ടാക്കാം… എന്താ വേണ്ടതെന്ന് പറഞ്ഞാ മതീട്ടോ… “ചന്ദ്രിയമ്മ പറഞ്ഞപ്പോൾ സൈറയൊന്ന് ചിരിച്ചു.. “എനിക്കങ്ങനെ ഇഷ്ടങ്ങളൊന്നുമില്ല… എന്തും കഴിക്കും… ഇത് നല്ല ടേസ്റ്റിയാണല്ലോ.. ഇത് മതി.. ” പറഞ്ഞു കൊണ്ട് സ്പൂണിൽ കഞ്ഞി കോരിക്കുടിച്ചു കൊണ്ടിരുന്നു.. കേശുവിനെ നോക്കുമ്പോൾ കൈകൊണ്ട് കഞ്ഞി വാരിക്കുടിക്കുന്നുണ്ട്… അവൾക്കതിൽ അത്ഭുതം തോന്നി.. “ഉം… ” കനപ്പിച്ചുള്ള അവൻ്റെ മൂളൽ കേട്ടതും “മ്ച്ചും… ” ഒന്നുമില്ലെന്ന് ചുമലനക്കിക്കൊണ്ട് കഞ്ഞിയിൽ മാത്രം ശ്രദ്ധിച്ചു… പതിവിലധികം കഴിച്ച് മുറിയിലേക്ക് നടക്കുമ്പോൾ വയറിനൊപ്പം മനസ്സും നിറഞ്ഞത് പോലെ തോന്നിയവൾക്ക്… പത്മാവതിയമ്മയുടെ ഫോണിൽ നിന്നും തപ്പിയെടുത്ത് തൻ്റെ ഫോണിലേക്ക് സേവ് ചെയ്ത നമ്പറിലേക്ക് ഡയൽ ചെയ്ത് കാതോട് ചേർത്തു.. മറുപുറത്ത് റിംഗ് ചെയ്തപ്പോൾ ഓഫാക്കി… വീണ്ടും ഡയൽ ചെയ്ത് രണ്ടു ബെല്ലടിച്ചതും ഓഫാക്കി വെച്ചു… അൽപ്പം കഴിഞ്ഞതും സൈറയുടെ ഫോൺ ശബ്ദിച്ചു…. സ്ക്രീനിൽ തെളിഞ്ഞപേര് കണ്ടതും സൈറയുടെ ചുണ്ടിൽ ചിരി വിരിഞ്ഞു…

ഫോണെടുത്ത് ഓണാക്കി വെച്ചു…. “ഹലോ.. ഹലോ.. ” മറുപുറത്ത് നിന്നും അയാളുടെ ശബ്ദം കേട്ടു… മറുപടിയൊന്നും പറയാതെ അവളിരുന്നു…. ഒടുവിൽ അയാൾ കട്ടാക്കിയതും അവൾ ആദ്യത്തേത് പോലെ ഡയൽ ചെയ്ത ശേഷം കട്ടാക്കിക്കൊണ്ടിരുന്നു… വീണ്ടും കോൾ വന്നതും അവളതെടുത്ത് കാതോട് ചേർത്തു … “ഹലോ…. ആരാ ഇത്.. ” മറുപുറത്ത് ഈർഷ്യനിറഞ്ഞ ശബ്ദം കേട്ടു…. ” മനുഷ്യനെയിട്ട് കളിപ്പിക്കാതെ ആരാന്ന് പറയെടാ..” മറുപടിയൊന്നും കേൾക്കാതായപ്പോൾ അയാൾ ദേഷ്യപ്പെട്ടു.. “സൈരന്ദ്രി…” ഉറച്ച ശബ്ദത്തോടെയവൾ പറഞ്ഞതും മറുപുറം പെട്ടന്ന് നിശബ്ദമായി… “വർഷങ്ങൾക്ക് മുൻപ് തൻ്റെ മുന്നിൽ ഭയത്തോടെ നിന്നിരുന്ന പത്ത് വയസ്സുകാരി സൈരന്ദ്രിയല്ല… മനസ്സും ശരീരവും കരുത്താർജ്ജിച്ച് നിന്നെ കൊല്ലാതെ കൊല്ലാനുള്ള പക നിറച്ച് വന്നവൾ.. ജന്മനാടിൻ്റെ കാവൽക്കാരി.. നിൻ്റെ സന്തോഷവും സമാധാനവും ഇന്നത്തോടെ അവസാനിച്ചു… നിൻ്റെ മുഖം മൂടിയഴിച്ച് നിനക്ക് പ്രിയപ്പെട്ടവർക്ക് മുന്നിൽ നിൻ്റെ യഥാർത്ഥ രൂപം കാണിച്ചു കൊടുക്കും ഞാൻ..” വല്ലാത്തൊരാവേശത്തോടെ സൈറ പറഞ്ഞു…

മറുപുറത്ത് നിശബ്ദത മാത്രമായിരുന്നു.. അപ്രതീക്ഷിതമായിക്കേട്ട വാക്കുകളിൽ അയാൾ ഞെട്ടിയിരുന്നു… അയാളുടെ ആ മുഖഭാവം സൈറ മനസ്സിൽ കണ്ടു.. അവളിൽ ക്രൂരമായ ചിരി വിരിഞ്ഞു .. “ഹലോ..കേൾക്കുന്നില്ലേ.. ” അവൾ വീണ്ടും ചോദിച്ചു… “നിനക്ക്… നിനക്കെന്താ വേണ്ടത്..” വിക്കി വിക്കി അയാൾ ചോദിച്ചപ്പോൾ അവൾ ഉറക്കെ ചിരിച്ചു.. ” നിൻ്റെ ജീവൻ വേണം… തരുമോ.. ” “വെറുമൊരു പീറപ്പെണ്ണാണ് നീ..നിനക്കെന്നെ ഒന്നും ചെയ്യാൻ കഴിയില്ല…” ആദ്യം സൈരന്ദ്രിയെന്ന പേര് കേട്ട ഞെട്ടലിൽ നിന്നും മോചിതനായതും അയാൾ പുച്ഛത്തോടെ പറഞ്ഞു… സൈറ പതിയെചിരിച്ചു.. ” ഇന്ന് മുതൽ താൻ കൗണ്ട്ഡൗൺ തുടങ്ങിക്കോ.. ഈ സൈരന്ദ്രിയെ താൻ അറിയാൻ പോവുന്നതേയുള്ളൂ… അപ്പോ ബാഡ്നൈറ്റ്…” പറഞ്ഞു കൊണ്ട് ഫോൺ കട്ടു ചെയ്ത് കട്ടിലിലേക്ക് മറിഞ്ഞവൾ…

❤❤ ഫോണിലെ കേശു അറിയാതെ എടുത്ത ഫോട്ടോകളിലേക്ക് നോക്കി ചെറുചിരിയോടെ കിടന്നു ശാലു… എപ്പോഴാണെന്നറിയില്ല കേശുവേട്ടനോട് ഇഷ്ടം തോന്നിത്തുടങ്ങിയത്.. ആ കണ്ണുകളും ചിരിയും എല്ലാം വല്ലാത്തെരു ആകർഷണമാണ്… അച്ഛൻ എതിർക്കുമോ എന്നൊരു പേടിയുണ്ടായിരുന്നു.. എന്നാൽ അപ്രതീക്ഷിതമായി അച്ഛമ്മ ചോദിച്ചപ്പോൾ അച്ഛൻ സമ്മതം പറഞ്ഞപ്പോൾ അമ്പരന്ന് പോയിരുന്നു.. സ്വപനം കാണുന്നതാണെന്ന് വരെ തോന്നിപ്പോയി.. ഫോൺ നെഞ്ചോടു ചേർത്ത് കിടന്നപ്പോൾ ആ സ്വരമൊന്ന് കേൾക്കാൻ തോന്നി.. വിളിച്ചാലോ.. അല്ലെങ്കിൽ വേണ്ട.. നാളെ ഷോപ്പിങ്ങിന് പോവുമ്പോ വിളിച്ച് നോക്കാം.. കേശുവിനെ സ്വപ്നം കണ്ടുകൊണ്ട് ചിരിയോടെ കിടന്നവൾ.. ❤❤ തൻ്റെ പാതിയാവാൻ ഒരു പെണ്ണ് വരുന്നു…

അമ്മമ്മ പലപ്പോഴും കല്യാണത്തെക്കുറിച്ച് പറയാറുണ്ടെങ്കിലും ഇത്രപെട്ടന്ന് തീരുമാനിക്കുമെന്ന് കരുതിയതേയില്ല.. അതും ശാലിനിയെ…മുറപ്പെണ്ണാണെങ്കിലും താനങ്ങനെ ചിന്തിച്ചിട്ടേയില്ല… തൻ്റെ മനസ്സിലെ സങ്കൽപ്പങ്ങൾക്കനുസരിച്ചുള്ള ഭാര്യയാവാൻ ശാലുവിന് കഴിയുമോ..? മുതിർന്നതിൽ പിന്നെ വല്ലപ്പോഴും ഹോസ്റ്റലിൽ നിന്നും വരുമ്പോൾ കാണുമെന്നല്ലാതെ അവളുടെ രീതികളൊന്നും തനിക്കറിയില്ല.. തന്നെ മനസ്സിലാക്കുന്നവളാവണം മണ്ണിനെയും മനുഷ്യനെയും അറിയുന്നവൾ.. വിവാഹത്തെക്കുറിച്ച് പലരും പറയുമ്പോഴും മനസ്സിൽ അങ്ങനെയൊരാഗ്രഹം ഉണ്ടായിരുന്നു.. ഡോക്ടറാവാൻ പഠിക്കുന്നവളാണ്.. ഈ ഗ്രാമത്തിൽ ജീവിക്കാൻ അവൾ തയ്യാറാവുമോ? കേശുവിൻ്റെ മനസ്സങ്ങനെ ചോദ്യങ്ങളാൽ നിറഞ്ഞു തുടങ്ങിയിരുന്നു.. അമ്മമ്മേടെ തീരുമാനമൊന്നും മോശമാവില്ല.. സ്വയം സമാധാനിക്കാൻ ശ്രമിച്ചു കൊണ്ടു കണ്ണടച്ചു കിടന്നവൻ… ❤❤ പട്ടാളക്യാമ്പിലെ ചിട്ടവട്ടങ്ങളെല്ലാം തെറ്റിച്ച് ഇന്നും രാവിലെ വൈകിയാണ് സൈരന്ദ്രിയുണർന്നത്.. നേരം വെളുത്തു തുടങ്ങിയിരുന്നു. ഇന്നലെ ജോഗിങിന് പോയ വഴിയൊന്ന് മാറ്റിപ്പിടിച്ചു അവൾ..

.പാടത്തിന് അരികിലൂടെയുള്ള റോഡിലൂടെ അൽപ്പദൂരം ഓടിയപ്പോഴാണ് ചെറിയ വീടുകൾ കണ്ടുതുടങ്ങിയത്.. അടുത്തടുത്തായി ഷീറ്റ് മേഞ്ഞതും ഓടിട്ടതുമായ ഒതുക്കമുള്ളവീടുകൾ… ആദിവാസികളുടെ പാടികളാണ് അതെല്ലാം.. അൽപ്പദൂരം കഴിയുമ്പോൾ ചെറുതും വലുതുമായ വീടുകൾ കാണാം.. എല്ലാത്തിലും ഗ്രാമീണത നിറഞ്ഞു നിൽക്കുന്നു… റോഡിനരികിലുള്ള ചാടക്കടക്കുള്ളിൽ രാവിലത്തെ തിരക്കിലേർപ്പെട്ട ജാനകിയും ശശാങ്കൻ ചേട്ടനും പുതിയതായി റോഡിലൂടെ ഓടുന്നതാരെന്ന് എത്തി നോക്കിയെങ്കിലും ആളെ മനസ്സിലായില്ല.. പതിവിലധികം ദൂരം ഓടിയിട്ടും മതിയാവാത്തത് പോലെ തോന്നി സൈറയ്ക്ക്.. തിരികെ വരുമ്പോൾ ചുറ്റും കാഴ്ച്ചകൾ കണ്ട് നടന്നാണ് വന്നത്.. ചായക്കടയിൽ നിന്നും എണ്ണക്കടികളുടെ മണം മൂക്കിലേക്ക് കയറിയതും ഒരു കാപ്പി കുടിക്കാൻ തോന്നി..

അല്ലേലും തണുപ്പുള്ളപ്പോൾ ചൂടുകാപ്പി ഊതിക്കുടിക്കാൻ ഒരു പ്രത്യേകരസമാണ്.. പണിക്ക് പോവുന്നവർ അധികവും ശശാങ്കൻ ചേട്ടൻ്റെ പറ്റുകാരാണ്.. രാവിലെ കടിയും ചായയോ കാപ്പിയോ കുടിച്ച് പോവുന്നവർ.. പുതിയതായി കടയിലേക്ക് കയറിവരുന്ന സൈറയെ കണ്ട് എല്ലാ കണ്ണുകളും അവളിലേക്കാണ്.. “എന്താ കുഞ്ഞേ വേണ്ടത്..” ശശാങ്കൻ തോളത്തിട്ട തോർത്തുമുണ്ടിൽ കൈ തുടച്ച് കൊണ്ട് സൈറയോട് ചോദിച്ചു.. “ഒരു കാപ്പി…” ചിരിയോടെ പറഞ്ഞവൾ. “ടാ.. വെളുക്കാ നീയൊന്നെണീറ്റേ.. കുഞ്ഞ് ഇങ്ങോട്ടിരുന്നോളു.. “അകത്തെ ബെഞ്ചിലിരിക്കുന്ന ആദിവാസിയെ എഴുന്നേൽപ്പിച്ച് ശശാങ്കൻ സൈറക്കിരിക്കാൻ സ്ഥലമൊരുക്കുകയാണ്. ” വേണ്ട.. ചേട്ടനവിടെത്തന്നെയിരുന്നോളൂ.. ” എഴുന്നേൽക്കാൻ തുടങ്ങിയ വെളുക്കനരികിൽ സൈറയിരുന്നു. “മോളെവിടെന്നാ.. ഇന്നാട്ടിൽ കണ്ടിട്ടേയില്ലല്ലോ…” ചായയെടുക്കുന്നതിനിടയിൽ ജാനകിയുടെ ചോദ്യം കേട്ടു…

“മാണിക്യമംഗലത്ത് വന്നതാ.. ” ” പട്ടാളത്തീന്ന് വന്നതാണോ..?” തലേ ദിവസം ചായ കുടിക്കാൻ വന്നവരാരോ പറയുന്നത് കേട്ടിരുന്നു പട്ടാളത്തിൽ നിന്നൊരു പെൺകുട്ടി മാണിക്യ മംഗലത്ത് എത്തിയിട്ടുണ്ടെന്ന്.. ആ ഊഹം വെച്ചാണ് ജാനകിചോദിച്ചത്.. “അതെ.. ” എന്ന് സൈറപറയുമ്പോൾ പല മുഖങ്ങളിലും ബഹുമാനവും ആശ്ചര്യവും നിറഞ്ഞുനിന്നു.. “കുറച്ച് നാള് ഇവിടെ കാണുവോ “ചായ കുടിച്ചു കൊണ്ടിരുന്ന കണാരൻ ചേട്ടനാണ്.. ” ഒന്ന് രണ്ട് മാസം ഉണ്ടാവും.” ഓരോരുത്തർക്കും ചോദിക്കാനുണ്ടായിരുന്നു ഏറെ.. ചിരിയോടെ അവർക്കെല്ലാം മറുപടി കൊടുത്ത് കാപ്പിയും കുടിച്ച് തിരികെയിറങ്ങുമ്പോൾ ചില്ലുഭരണിയിലെ നാരങ്ങമിട്ടായികൂടി വാങ്ങിയിരുന്നു…. തിരികെ തറവാട്ടിലെത്തുമ്പോൾ പത്രവും വായിച്ച് ഹാളിൽ ഇരിപ്പുണ്ട് അച്ഛമ്മ. “ഗുഡ്മോണിംഗ് പത്മാവതിയമ്മേ.. ” ” ഉം.. ഈ തണുപ്പത്ത് നാടുമുഴുവൻ ഓടിയോ സൈറക്കുട്ടി.. ” പത്രത്തിൽ നിന്നും തലയുയർത്തി നോക്കി പത്മാവതിയമ്മ.. “ഏയ്.. ബാക്കിനാളെ… ” കണ്ണുചിമ്മിയവൾ. ” പോയി കുളിച്ച് വല്ലതും കഴിക്കാൻ നോക്ക്.. “പത്മാവതിയമ്മ പറഞ്ഞ് തീരും മുൻപേ നാരങ്ങ മിഠായി അവരുടെ വായിലേക്കിട്ട് സൈറ ഓടിയിരുന്നു.. ആദ്യമൊന്ന് അമ്പരന്നെങ്കിലും ചെറുചിരിയോടെ മധുരം നുണഞ്ഞവർ.. ❤❤

“കേശൂട്ടാ.. ശാലൂന് ഇന്ന് ഹോസ്റ്റലിലേക്ക് തിരികെ പോവണംന്ന്… നിന്നോടൊന്ന് കൂടെച്ചെല്ലാൻ പറഞ്ഞ് വിളിച്ചിരുന്നു.. ” കേശു രാവിലെ പാടത്ത് പോയി തിരികെയെത്തിയപ്പോഴാണ് പത്മാവതിയമ്മ പറഞ്ഞത്. പതിവില്ലാത്ത കാര്യമായത് കൊണ്ട് തന്നെ കേശുവിന് അമ്പരപ്പാണ് തോന്നിയത്.. ”ഞാനെന്തിനാ പോണത്… മാമയല്ലേ അവളെ കൊണ്ടുവിടാറ്.. ” അവൻ ചോദിച്ചു. ” അതൊക്കെ മുൻപല്ലേ.. ഇനിയിപ്പൊ കൊണ്ടാക്കാനും കൊണ്ടുവരാനുമൊക്കെ നീ പോവേണ്ടി വരും.. ” “അങ്ങനെയൊക്കെയുണ്ടോ..?” കേശു മുഖം ചുളിച്ചു.. ” പണ്ടൊക്കെ കല്യാണം കഴിഞ്ഞാണ് ചെക്കനും പെണ്ണും കാണുന്നത് തന്നെ.. ഇപ്പോ പെണ്ണ്കണ്ട് കഴിഞ്ഞാൽ പിന്നെ ഒരുമിച്ചാണ് യാത്രകൾ.. ശാലു പിന്നെ നിനക്ക് അന്യയുമല്ലല്ലോ.. എന്തായാലും അവള് വിളിച്ചതല്ലേ നീ പോയിട്ട് വാ.. ” “ഉം.. ” മൂളിക്കൊണ്ട് റൂമിലേക്ക് നടന്നവൻ. റെഡിയായി ഇറങ്ങുമ്പോൾ അമ്മമ്മയുടെ മടിയിൽ കിടന്ന് ഏതോ പുസ്തകം വായിക്കുന്നുണ്ട് സൈറ.. അമ്മമ്മ അവളുടെ മുടിയിഴകളിലൂടെ കൈവിരലോടിക്കുന്നുണ്ട്..

” പോയിട്ട് വരാം.. ” പത്മാവതിയമ്മയോട് പറഞ്ഞ് ഇറങ്ങിയവൻ.. ദേവമാമ്മയുടെ വീട്ടിലെത്തിയതും തന്നെ കാത്തെന്ന പോലെ ഇരിപ്പുണ്ട് എല്ലാവരും… ഭാനു അമ്മായി ചായ കുടിക്കാൻ നിർബന്ധിച്ചെങ്കിലും വേണ്ടെന്ന് പറഞ്ഞൊഴിഞ്ഞു.. ഇടക്കിടെ ഓടിവരാറുള്ള വീടാണെങ്കിലും ഇന്നെന്തോ ഒരു മാറ്റം.. മറ്റുള്ളവരുടെ പെരുമാറ്റത്തിലും പതിവിലും കവിഞ്ഞ സ്നേഹമോ കരുതലോ പോലെ.. ഒരുതരം വീർപ്പുമുട്ടൽ തോന്നിയവന്… ശാലു റെഡിയായി ഇറങ്ങിയതും.. ” എന്നാപ്പിന്നെ നിങ്ങളിറക്കിക്കോ.. ” എന്ന് ദേവമാമ്മ പറഞ്ഞതും ശാലു ബാഗുമെടുത്ത് കാറിൽ കയറിയിരുന്നു. ഡ്രൈവ് ചെയ്യുമ്പോൾ മൗനമായിരിക്കുന്ന കേശുവിനെ നോക്കി ശാലു..ആള് ഗൗരവത്തിലാണ്. ” കേശുവേട്ടാ എനിക്ക് വൈകിട്ട് ഹോസ്റ്റലിൽ എത്തിയാ മതീട്ടോ..” ശാലു തന്നെയാണ് സംസാരത്തിന് തുടക്കമിട്ടത്.. “എന്നാപ്പിന്നെ ഉച്ചകഴിഞ്ഞ് ഇറങ്ങിയാ പോരായിരുന്നോ…?” “നമുക്ക് പതിയെ പോവാം.. കുറച്ച് ഷോപ്പിംഗ് ഉണ്ടായിരുന്നു.. പിന്നെ ബീച്ചിലൊക്കെ പോയിട്ട് …” പതിയെ ശാലു പറഞ്ഞു.. ”

ഉം.. ” കേശു മൂളി.. ആള് വീണ്ടും മൗനമാണ്.. ശാലുവൊന്ന് ഇടംകണ്ണിട്ട് നോക്കി.. എവിടെ കക്ഷി മറ്റേതോ ലോകത്താണ്.. ” കേശുവേട്ടാ…” “ഉം… ” “എൻ്റെ എത്ര നാളത്തെ സ്വപ്നമാണെന്നറിയോ ഇതുപോലെ കേശുവേട്ടനൊപ്പം ഒരു ദിവസം.. ” വിടർന്ന കണ്ണുകളോടെ അവൾ പറയുമ്പോൾ കേശുവൊന്ന് നോക്കി.. “നിനക്കെന്നാ എന്നോടിങ്ങനെ ഒരിഷ്ടം തോന്നിയത്..?” “അങ്ങനെ ചോദിച്ചാൽ..മുതിർന്ന കുട്ടിയായപ്പോൾ എപ്പോഴോ കേശുവേട്ടനെ ശ്രദ്ധിച്ചു തുടങ്ങി .. കേശുവേട്ടനെ കാണാനും കൂടെ നടക്കാനും ഒക്കെ വല്ലാത്തൊരിഷ്ടം തോന്നിത്തുടങ്ങി.. കേശുവേട്ടൻ കാണാൻ വേണ്ടിയാ ഉടുക്കാനറിയാത്ത ദാവണിയും സാരിയുമൊക്കെ ചുറ്റി ഓരോതവണ വരുമ്പോഴും തറവാട്ടിലേക്ക് ഓടി വരുന്നത്.. പക്ഷേ കേശുവേട്ടനെന്നെ നോക്കാറേയില്ല.. ” പരിഭവത്തോടെ പറഞ്ഞവൾ.. “എനിക്കറിയില്ലല്ലോ നിൻ്റെ മനസ്സിലെ ചിന്തകൾ.. ” കേശു പുഞ്ചിരിച്ചു… പതിയെ ഓരോന്ന് പറഞ്ഞ് മണിക്കൂറുകൾ കടന്നു പോയിരുന്നു..

ചുരമിറങ്ങി കോഴിക്കോടെത്തുമ്പോഴേക്കും രണ്ടാൾക്കും സംസാരിക്കാൻ വിഷയങ്ങൾ ഏറെയായിരുന്നു. “വിശക്കാൻ തുടങ്ങി.. വല്ലതും കഴിക്കാം… ” കേശു ശാലുവിനെ നോക്കി.. ” ഞാനെപ്പഴേ റെഡി.. ” താജ് ഹോട്ടലിൻ്റെ പാർക്കിങ്ങിൽ കാർ ഒതുക്കിയിറങ്ങി.. വായിൽക്കൊള്ളാത്ത പേരുള്ള എന്തെല്ലാമോ ഓർഡർ ചെയ്യുന്നുണ്ട് ശാലു.. “കേശുവേട്ടനോ.. ” ഒടുവിൽ കേശുവിനോട് ചോദിച്ചു.. “എനിക്കൊരു ചിക്കൻ ബിരിയാണി മതി.. ” അരമണിക്കൂറോളം കാത്തിരുന്ന ശേഷമാണ് ഭക്ഷണമെത്തിയത്.. മേശമേൽ നിരന്ന വിഭവങ്ങളിൽ പാതിയിൽ അധികവും ബാക്കിയാക്കി ശാലു എഴുന്നേറ്റു.. “ആവിശ്യമില്ലെങ്കിൽ എന്തിനാ വെറുതെ വാങ്ങി വേസ്റ്റാക്കുന്നത്..” കേശു അറിയാതെ ചോദിച്ചു പോയി.. ” വയറു നിറഞ്ഞിട്ടാ…” എന്ന് പറഞ്ഞവൾ കൈകഴുകാൻ നടന്നിരുന്നു.. വണ്ടി നേരെപ്പോയത് ബീച്ചിലേക്കാണ്.. കാറിൽ നിന്നിറങ്ങി നടക്കുമ്പോൾ ശാലുവിൻ്റെ കൈ കേശുവിൻ്റെ കൈയ്യിൽ ചേർന്നിരുന്നു.. ആദ്യമൊന്ന് ഞെട്ടിയെങ്കിലും അവനാ കൈ വിടുവിക്കാതെ നടന്നു.. തുടരും.