രചന – രജിഷ അജയ്ഘോഷ്
അൽപ്പസമയം കൊണ്ട് ദേവരാജനെ റൂമിലേക്ക് മാറ്റി… എല്ലാവരും റൂമിലേക്ക് നടന്നു…
എല്ലാവരും ഭയന്ന കാര്യവും അയാളുടെ സുഖവിവരവും അന്വേഷിച്ചു ചുറ്റും കൂടി… മക്കളെയും അമ്മയെയും ഭാര്യയെയും കണ്ടപ്പോൾ അയാളുടെ മുഖത്തും ആശ്വാസം നിഴലിച്ചു…
സൈറ പുറത്ത് മാറി നിന്നതേയുള്ളു…
അവരുടെ സംസാരം കഴിയട്ടെ.. അത് കഴിഞ്ഞാണ് തൻ്റെ ഊഴം…
ഹോസ്പിറ്റലിൻ്റെ പുറത്തിറങ്ങി നടന്നു സൈറ..
കാൻ്റീനിൽ കയറിയൊരു ചായ കുടിച്ചു..
പതിയെ ദേവരാജനെ കിടത്തിയ റൂമിലേക്കെത്തുമ്പോൾ എല്ലാവരും ആശ്വാസത്തോടെ ഇരിക്കുന്നുണ്ട്..
“ഇതെവിടെ പോയതാ കുട്ട്യേ…” പത്മാവതിയമ്മയാണ് ചോദിച്ചത്..
“ഞാൻ ഇവിടെ പുറത്തൂടെയൊക്കെ നടന്നു…”
സൈറയുടെ ശബ്ദം കേട്ട് ദേവരാജൻ കണ്ണു തുറന്നു.. വെപ്രാളത്തോടെ അയാൾ എഴുന്നേൽക്കാൻ ശ്രമിക്കുന്നുണ്ട്..
“ഹാ… എഴുന്നേക്കണമെങ്കിലൊന്ന് പറയണ്ടേ ദേവമാമ്മേ.. വയ്യാത്തതല്ലേ.. ” ഉറക്കെ പറഞ്ഞു കൊണ്ട് സൈറ പെട്ടന്ന് അയാളെ പിടിച്ചു എഴുന്നേൽപ്പിച്ചു… ദേവരാജൻ അസ്വസ്ഥനായി..
“വെറുമൊരു വൈറ്റമിൻ ടാബ്ലെറ്റ് കഴിച്ചപ്പോഴേക്കും ഇത്രക്ക് വയ്യായ്കയോ..?” സൈറ ദേവരാജന് മാത്രം കേൾക്കാൻ പാകത്തിന് ചോദിച്ചു..
അയാളവളെ നോക്കി…
“ഞാൻ ചുമ്മാ തന്നെയൊന്ന് ടെസ്റ്റ് ചെയ്തതല്ലേ..
തനിക്ക് ജീവിക്കാൻ നല്ല കൊതിയുണ്ടല്ലേ..
അത് കൊണ്ടാണല്ലോ വെറുമൊരു വൈറ്റമിൻ ടാബ്ലെറ്റ് കഴിച്ചപ്പോഴേക്കും ഇപ്പൊ മരിച്ച് പോകുമെന്ന് കരുതി ടെൻഷനായത്.. ഇപ്പൊ ബിപി കൂടി തട്ടിപ്പോയേനെ..” പരിഹാസം നിറഞ്ഞ സൈറയുടെ സ്വരം കേട്ട് അയാളൊന്നും മിണ്ടിയില്ല..
“എന്താ രണ്ടാളും കൂടിയൊരു സ്വകാര്യം..” ഭാനുവാണത് ചോദിച്ചത്…
“അത്… കുറച്ച് നേരം കൊണ്ട് മാമ്മ എല്ലാരേം പേടിപ്പിച്ചൂന്ന് പറയായിരുന്നു ഞാൻ.. അല്ലേ മാമ്മേ..” സൈറ ചോദിച്ചതും അയാളൊന്ന് മൂളി…
അവളുടെ സാന്നിധ്യം അയാളെ വല്ലാതെ അസ്വസ്ഥനാക്കുന്നുണ്ടായിരുന്നു.
ഇതൊരു തുടക്കം മാത്രമാണെന്ന് ദേവരാജനെ ഒന്നുകൂടി ഓർമ്മിപ്പിച്ചിട്ടാണ് സൈറ ഇറങ്ങിയത്..
ചന്ദ്രിയമ്മ മാത്രമേ തറവാട്ടിലുള്ളൂ… അടുക്കളയിലും തൊഴുത്തിലുമൊക്കെ അവർക്കൊപ്പം നടന്നു….
ചന്ദ്രിയമ്മക്ക് ഒരുപാട് കഥകളറിയാം… പണ്ട് കാലത്തെ ഓരോ കഥകളും കേട്ടിരുന്നാൽ സമയം പോവുന്നതറിയില്ല…
വെയിലാറിയപ്പോൾ കുളത്തിലേക്ക് പോയി…
വെള്ളത്തിലങ്ങനെ മീനെന്നപോലെ നീന്തി നടന്നു..
തിരികെയെത്തുമ്പോൾ അച്ഛമ്മയും കേശുവേട്ടനും തിരികെയെത്തിയിട്ടുണ്ട്…
ദേവന് നാളെ വീട്ടിലേക്ക് പോരാമെന്ന് അച്ഛമ്മ പറയുന്നുണ്ടായിരുന്നു…
നാളെ കൊയ്ത്തിനുള്ള പെണ്ണുങ്ങളെ വിളിക്കണമെന്ന് പറഞ്ഞ് കേശു പുറത്തേക്കിറങ്ങി.
ശാലുവിൻ്റെ പെരുമാറ്റം കൊണ്ട് മനസ്സ് വല്ലാതെ അസ്വസ്ഥമായിരുന്നു…അതിനിടയിലാണ് മാമക്ക് വയ്യെന്നും പറഞ്ഞ് ഫോൺ വന്നത്.. പെട്ടന്നൊന്ന് ഭയന്നു പോയി…
ബീപി കൂടിയതാണെന്ന് പറഞ്ഞപ്പോഴാണ് ആശ്വാസമായത്…
ഹോസ്പിറ്റലിൽ നിന്നും ഇറങ്ങുമ്പോഴും ശാലുവിനെ ശ്രദ്ധിച്ചതേയില്ല.. അവളുടെ പ്രവർത്തി അത്രമേൽ നോവിച്ചിട്ടുണ്ട് തന്നെ….
❤❤
കൊയ്ത്ത് തുടങ്ങുന്നത് കൊണ്ട് കേശു രാവിലെ നേരത്തെയെഴുന്നേറ്റു…
ഇപ്പൊ എല്ലാവരും കൊയ്യുന്നതും മെതിക്കുന്നതും ഒക്കെ മെഷീനിലാണ്… അതാണ് ലാഭവും..
ഇവിടെ മാത്രം മാറ്റങ്ങൾ വരുത്തിയിട്ടില്ല.. വിത്തിട്ട് വളർത്തിയവർ തന്നെ കൊയ്യട്ടെ എന്ന നിലപാടാണ് കേശുവിന്.. അവരുടെ വിയർപ്പും പ്രാർത്ഥനയും ആവോളമുണ്ട് ഓരോ നെൽച്ചെടിയിലും..
പണിക്കാരെല്ലാം നേരത്തെ തന്നെ വന്നു…
അവർക്കൊപ്പം വയലിലേക്ക് പോയി നോക്കിയിട്ട് തിരികെ വന്നു..
ദേവരാജനെ ഡിസ്ചാർജ്ജ് ചെയ്യുന്ന ദിവസമാണ്.
പണിത്തിരക്കാണെങ്കിലും പോവാതെ പറ്റില്ല..
ശാലുവും ഭാനുമതിയുമാണ് ദേവരാജനൊപ്പമുണ്ടായിരുന്നത്.. ശ്രേയ മോനെയും കൊണ്ട് ഹോസ്പിറ്റലിൽ നിക്കാൻ പറ്റാത്തത് കൊണ്ട് രാത്രി തന്നെ ഭർത്താവ് ദീപകിനൊപ്പം തിരികെപ്പോയിരുന്നു..
“ഇതെന്താ വല്യമ്മാമേ ഒറ്റ ദിവസം കൊണ്ട് ക്ഷീണമായല്ലോ.. ” കേശു അയാൾക്കരികിലിരുന്നു.
ദേവരാജൻ മറുപടിയൊന്നും പറയാതെ അവൻ്റെ കൈ തൻ്റെ കൈക്കുള്ളിലാക്കി..
“എന്താ മാമ്മേ.. എന്തേലും വയ്യായ്കയുണ്ടോ?”
അവൻ അയാളുടെ ഭാവങ്ങൾ ശ്രദ്ധിച്ചു കൊണ്ട് ചോദിച്ചു…
“ഏയ്… ഒന്നൂല്ലടാ.. ഈ തിരക്കിനിടയിൽ നീ ഓടി വരണ്ടായിരുന്നു.. ദീപു ഇപ്പൊ വരും.. ” അയാൾ ചിരിക്കാൻ ശ്രമിച്ചു.. അവനും..
ശാലു ഭാനുവിനോട് ചേർന്നിരുന്ന് കേശുവിനെ നോക്കി.. തന്നെയൊന്ന് ശ്രദ്ധിക്കുന്നു പോലുമില്ല..
ഡോക്ടറെ കണ്ടതും ഡിസ്ചാർജ്ജിൻ്റെ കാര്യങ്ങൾ ശരിയാക്കിയതും കേശുവാണ്… വീട്ടിലാക്കിയിട്ട് പോവാമെന്ന് കരുതിയപ്പോഴേക്കും ദീപക് എത്തി..
” കേശുവേട്ടാ…”ബാഗുമായി ദീപകിൻ്റെ കാറിനരികിലേക്ക് നടക്കുമ്പോഴാണ് പിന്നിൽ ശാലുവിൻ്റെ സ്വരം കേട്ടത്.
അവിടെത്തന്നെ നിന്നു.തിരിഞ്ഞു നോക്കിയില്ല..
“സോറീ.. പെട്ടന്ന് എനിക്ക് അങ്ങനെ പറ്റിപ്പോയി..”
അവൾ തൊട്ടരികിലുണ്ട്.
“അത് നന്നായി.. അത്കൊണ്ട് യഥാർത്ഥ സ്വഭാവം അറിയാൻപറ്റി.. ” അത്രമാത്രം പറഞ്ഞുകൊണ്ട് മുന്നോട്ട് നടന്നു..
ശാലു തറഞ്ഞു നിന്നുപോയി..
അച്ഛനോടും അമ്മയോടും ദീപുവേട്ടനോടും യാത്ര പറഞ്ഞ് മറ്റുള്ളവരെ കാണിക്കാനായി തന്നോട് തലയാട്ടിക്കൊണ്ടവൻ യാത്ര പറഞ്ഞപ്പോൾ
കുറ്റബോധം കൊണ്ട് കണ്ണുകൾ നിറഞ്ഞൊഴുകിത്തുടങ്ങിയിരുന്നു.. അമ്മ കാണാതിക്കാനായി പുറത്തേക്ക് കണ്ണും നട്ടിരുന്നു..
കേശു തിരികെ തറവാട്ടിലെത്തുമ്പോൾ ഉച്ചയോടടുത്തിരുന്നു.. ചന്ദ്രിയമ്മ പണിയെടുക്കുന്നവർക്കുള്ള ഭക്ഷണം പാത്രങ്ങളിലാക്കുന്ന തിരക്കിലാണ്…കൊയ്ത്തിന് കൂടുതൽ പണിക്കാരുള്ളത് കൊണ്ട് കുമാരേട്ടൻ്റെ ഭാര്യ സത്യയും ചന്ദ്രിയമ്മക്കൊപ്പം അടുക്കളയിലുണ്ട്…
ചോറുണ്ട് ചന്ദ്രിയമ്മക്കൊപ്പം ഭക്ഷണപാത്രങ്ങളുമായി വയലിലേക്ക് നടന്നു..
നിരനിരയായി കൊയ്യുന്ന പെണ്ണുങ്ങളും അത് വാരിക്കൂട്ടി വരമ്പിനരികെ കൊണ്ടു വെക്കുന്ന ആണുങ്ങളും ഭംഗിയുള്ളൊരു കാഴ്ച്ചയാണ്..
അവർക്കരികിൽ എത്തിയപ്പോഴാണ്
ആ കൂട്ടത്തിൽ സൈറയെ കണ്ടത്..
ചീതയോട് എന്തോ പറഞ്ഞ് ചിരിച്ചു കൊണ്ട്
അരിവാളുകൊണ്ട് കൊയ്യുന്നുണ്ടവൾ..
അവളുടെ വേഷം കണ്ടപ്പോൾ ചിരിവന്നു കേശുവിന്.. വെളുത്ത ടീഷർട്ടും വെള്ളയിൽ നേർത്ത ചുവന്ന പൂക്കളുള്ള പാൻ്റും… പണിയെടുക്കാൻ പറ്റിയ കോലമാണ്..
പാൻ്റിൻ്റെ ഒരുകാൽ മുട്ടൊപ്പം ഉയർത്തിവെച്ചിട്ടുണ്ട്.. മറ്റേ കാൽ താഴെയുമുണ്ട്..
താഴെ ഇറങ്ങിക്കിടക്കുന്ന പാൻ്റ് ഇടക്ക് ഉയർത്തിവെക്കാൻ നോക്കുന്നുണ്ടവൾ…
ഭക്ഷണത്തിന് വിളിച്ചപ്പോൾ അവർക്കൊപ്പം അവളും കയറി… വെളുത്ത ഡ്രസ്സിലാകെ ചളി പുരണ്ടിട്ടുണ്ട്..
“നമുക്ക് വീട്ടിലേക്ക് പോവാം.. “കൈകഴുകി കയറി വരുന്നവളെ കണ്ട് ചന്ദ്രിയമ്മ പറയുന്നുണ്ട്..
” ഞാനിവിടെ ഇരുന്നോളാം.. ” പറയുന്നതിനൊപ്പം ചന്ദ്രിയമ്മയുടെ കയ്യിൽ നിന്നും പ്ലേറ്റ് വാങ്ങി ചോറും കറികളും വിളമ്പിയെടുത്തിരുന്നു..
വയൽ വരമ്പിൽ നിരന്നിരുന്നു കഴിക്കുന്നവർക്കരികിലേക്ക് അവളും ഇരുന്നു..
ഈ കുട്ടീടെ ഒരു കാര്യം.. ചന്ദ്രി അവളുടെ കാട്ടിക്കൂട്ടലുകൾ കണ്ട് അന്തംവിട്ട് നിന്നുപോയി..
കേശുവും മറിച്ചായിരുന്നില്ല. ആദിവാസികൾക്കിടയിൽ കുമാരേട്ടൻ പോലും ഭക്ഷണം കഴിക്കാൻ ഇരിക്കാറില്ല.. അൽപ്പം മാറി വേറെ വരമ്പിലിരുന്ന് കഴിക്കാറാണ് പതിവ്..
പക്ഷേ,സൈറ അവരിൽ ഒരാളായി ഇരിക്കുന്നു.
കഴിക്കുന്നതിനിടയിലും ചിരിക്കുന്നും എന്തെല്ലാമോ പറയുന്നുമുണ്ട്..
ശാലു തലേദിവസം ചെയ്ത പ്രവർത്തി കേശുവിൻ്റെ
മനസ്സിലേക്ക് ഓടിവന്നു… അവൾക്കൊരിക്കലും ഇത്പോലെ ഇവർക്കൊപ്പം ഇരിക്കാനോ ചിരിക്കാനോ കഴിയില്ലെന്നവൻ മനസ്സിലാക്കി..
സൈറയെ വെറുതെ നോക്കി നിന്നവൻ..
വയലിന് നടുവിലൂടെയുള്ള റോഡിൽ നിന്നും നീട്ടിയുള്ള ഹോണടി കേട്ടിട്ടാണ് കേശു തിരിഞ്ഞ് നോക്കിയത്… കാറ് കണ്ടതും കയ്യുയർത്തിക്കാണിച്ചവൻ അങ്ങോട്ട് നടന്നു..
കാറിൽ ചെറിയ മാമൻ സതീഷാണ്..
“വൈകിയല്ലോ മാമേ.. ” അവൻ കാറിനുള്ളിലേക്ക് തലയിട്ടു കൊണ്ട് പറഞ്ഞവൻ..
“ഇന്നലെ രാത്രി വരാമെന്ന് കരുതീതാടാ.. പറ്റിയില്ലാന്നെ.. ഞാൻ വേഗം പോയിട്ട് വരാം..” അയാൾ കാറ് സ്റ്റാർട്ട് ചെയ്ത് പോയി…
കൊയ്ത്ത് സമയത്ത് ഈ വരവ് പതിവുള്ളതാണ്..
കൃഷിയും കൊയ്ത്തുമൊക്കെ വല്യ ഇഷ്ടമാണ് സതീഷിന്…
ചോറൂണ് കഴിഞ്ഞിരിക്കുന്ന സമയത്ത് വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകലയും കൂട്ടിയൊരു മുറുക്കലുണ്ട് ആദിവാസികൾക്ക്… സൈറയും അവര് ചെയ്യുന്നത് പോലെയൊക്കെ ചെയ്ത് നോക്കി.. എല്ലാം കൂടി വായിലിട്ട് ചവച്ചതും ചവർപ്പ് കൊണ്ട് തുപ്പിക്കളഞ്ഞു.. അവളുടെ മുഖത്തെ ഭാവങ്ങൾ കണ്ട് ചീത ചിരിച്ചുപോയി..
“വെയിലുകൊണ്ട് ആകെ കരിവാളിച്ചു.. പറഞ്ഞാലും കേൾക്കില്ല.. ” ശാസനയോടെ പറഞ്ഞ് കൊണ്ട് തൻ്റെ തോളിൽക്കിടന്ന തോർത്തെടുത്ത് സൈറയുടെ തലയിൽ കെട്ടിക്കൊടുത്തു ചന്ദ്രിയമ്മ…
ബനിയനും മുണ്ടുമുടുത്ത് സതീഷും വന്നതോടെ പണികൾ ഒന്നൂടെ ഉഷാറായി..
ഉച്ചകഴിഞ്ഞ് ആണുങ്ങൾ കൊയ്ത് വെച്ച കറ്റകൾ വീട്ടിലെ വൃത്തിയാക്കിയിട്ട കളത്തിലേക്ക് ഏറ്റിയിട്ടു തുടങ്ങി.. കേശുവും സതീഷും കറ്റകെട്ടാനും പിടിച്ചു കൊടുക്കാനും നിന്നു..
പതിവിലും വൈകിയാണ് അന്ന് പണികയറിയത്..
കൂലി വാങ്ങാൻ വരുന്ന പണിക്കാർക്കൊപ്പം കയറി വരുന്ന സൈറയെ കണ്ട് പത്മാവതിയമ്മക്ക് ചിരി വന്നു പോയി.. മണ്ണുരുള പോലെയുണ്ട്..
ഇന്നിങ്ങ് വരുമ്പോ നല്ല വഴക്ക് പറയണംന്ന് കരുതിയിരുന്നതാണ്… അവളുടെ മുഖത്തെ സന്തോഷം കണ്ടപ്പോൾ ഒന്നും പറയാൻ തോന്നിയില്ല.. അടുത്തേക്കവൾ വന്നപ്പോൾ മുഖത്ത് ദേഷ്യം വരുത്തിനിന്നു..
“എന്തൊരു കോലായിത്.. രാവിലെ ഇറങ്ങിപ്പോയതല്ലേ നീയ്യ്.. കുളിച്ചിട്ട് കയറിയാ മതി ഇങ്ങട്ട്.. ”
സൈറ നന്നായി ഇളിച്ചു.. ന്നാ.. ഞാൻ കുളത്തിൽ പോയി കുളിച്ചിട്ട് വരാം…
തിരിഞ്ഞ് നടക്കാൻ തുടങ്ങിയവൾ..
“അവിടെ നിക്ക്… ” പറഞ്ഞ് കൊണ്ട് പത്മാവതിയമ്മ
അകത്തേക്ക് കയറി.. തിരികെ വരുമ്പോ കാച്ചെണ്ണയുടെ കുപ്പിയുണ്ട് കയ്യിൽ..
തല പിടിച്ച് എണ്ണ നന്നായി തേച്ച് പിടിപ്പിച്ചു..
മുടി ഉയർത്തി ഉച്ചിയിൽ കെട്ടി… അത് അഴിഞ്ഞു വീണു.
“നല്ല ഉള്ളുള്ള മുടിയാ.. മുറിച്ച് കളഞ്ഞേക്കണ കണ്ടില്ലേ. കെട്ടാനും കൂടി പറ്റില്ല..” ഇഷ്ടപ്പെടാത്ത മട്ടിൽ പത്മാവതിയമ്മ പിറുപിറുക്കുന്നുണ്ട്..
“എൻ്റെ ജോലിക്കിടയിൽ മുടിയൊന്നും നോക്കാൻ നേരം കിട്ടില്ല അച്ഛമ്മേ.. കഴുത്തിനൊപ്പം മുറിക്കും.. ഇത് തന്നെ നീണ്ട് വന്നതാ.. ” സൈറ പറഞ്ഞു..
പത്മാവതിയമ്മ പിന്നെയൊന്നും മിണ്ടിയില്ല..
എന്ത് പറയാനാണ് അവളോട്…
ചെറിയ പ്രായത്തിൽ തന്നെ തനിച്ചായി
പോയവളല്ലേ..
ആരെല്ലാമോ വെച്ച് കൊടുക്കുന്ന ഭക്ഷണവും കഴിച്ച് ഹോസ്റ്റൽ മുറികളിൽ മാറി മാറി താമസിച്ചവൾ.. അവരുടെ കണ്ണുകൾ നിറഞ്ഞു വന്നു..
സതീഷും കേശുവും ഒന്ന് ചുറ്റി നടന്നാണ് വീട്ടിലെത്തിയത്.. ചെറിയ മാമനാണെങ്കിലും സതീഷും കേശുവും സുഹൃത്തുക്കളെപ്പോലെയാണ്.
“ഇനി കുളത്തിലൊന്ന് നീന്തിക്കുളിക്കണം.. ” സതീഷ് കൈയ്കൾ ഉയർത്തുകയും താഴ്ത്തുകയും ചെയ്തു കൊണ്ടിരുന്നു…
അധികം നീന്താൻ നിക്കാതെ സൈറ കുളിച്ചു കയറി… കഴുകിവെച്ച ബനിയനും പാൻ്റും എടുത്ത് നോക്കി.. വെള്ളയെല്ലാം മങ്ങിയിരിക്കുന്നു..
കയ്യിൽ പിടിച്ച് നടക്കുമ്പോൾ എതിരെ കേശുവും സതീഷും വരുന്നുണ്ട്..
“കഴിഞ്ഞോ സൈറ മോളെ… ” സതീഷാണ് ചോദിച്ചത്…
“കുളി കഴിഞ്ഞു… ഇനിയൊരു ചായ
കുടിക്കണം… ” സൈറ അയാളെ നോക്കിച്ചിരിച്ചു.
“നല്ല തണുപ്പത്ത് കുളത്തിലൊരു കുളിയും കഴിഞ്ഞ് വന്ന് ചൂടുള്ളൊരു കട്ടനടിച്ചാൽ കിട്ടുന്നൊരു ഫീൽ… ഇയ്യോ.. ഓർക്കാൻ വയ്യ.. ” സതീഷിന് രോമാഞ്ചം വന്നു..
“നീന്തല് നാളെയാക്കാം.. ഇന്ന് വേഗം കുളിച്ച് കയറാം.. ” കേശുവിനോട് പറയുന്നുണ്ട് സതീഷ്..
കേശു ചിരിയോടെ തലയാട്ടി..
തല ഒന്നു കൂടെ തുടച്ചു..
കഴുകിയതെല്ലാം പുറത്ത് വിരിച്ചിട്ട് സൈറ അടുക്കളയിലേക്ക് തന്നെ നടന്നു..
“വന്നേ.. ചന്ദ്രിയമ്മ ചായയിട്ട് തരാം.”
കണ്ടതും ചന്ദ്രിയമ്മ പറഞ്ഞു.
ചായക്കൊപ്പം മുറിച്ച് വേവിച്ച കപ്പയും വെളിച്ചെണ്ണയൊഴിച്ച കാന്താരിച്ചമ്മന്തിയും നിരത്തിവെച്ചു…
ഇങ്ങനൊരു കോമ്പിനേഷൻ ആദ്യമായിട്ടാണ് കാണുന്നത്…
“ഇതെങ്ങനെയാ.. ” ഒരു കഷ്ണം കപ്പയെടുത്ത് കയ്യിൽ പിടിച്ചുകൊണ്ട് ചന്ദ്രിയമ്മയോട് ചോദിച്ചു..
ഇതെടുത്ത് ചമ്മന്തിയിൽ തൊട്ട് കഴിച്ചാ മതി.. കുഞ്ഞിത് കഴിച്ചിട്ടില്ലെ…?
ഇല്ലാ.. പറഞ്ഞു കൊണ്ട് കാന്താരിച്ചമ്മന്തിയിൽ മുക്കി കപ്പ കടിച്ചു നോക്കി.. എരിവുണ്ട് എങ്കിലും നല്ല ടേസ്റ്റ്… വീണ്ടും കഴിച്ചു…
സതീഷും കേശുവും വരുമ്പോൾ അകത്ത് പത്മാവതിയമ്മയുടെയും ചന്ദ്രിയമ്മയുടെയും ശബ്ദം കേൾക്കുന്നുണ്ട്…
എന്താണാവോ.. രണ്ടാളും എത്തിനോക്കി..
സൈറയുടെ ഇര് വശവും രണ്ടാളും നിൽക്കുന്നുണ്ട്. കുനിഞ്ഞിരിക്കുന്നത്കൊണ്ട് സൈറയുടെ മുഖം കാണുന്നില്ല…
“എന്താമ്മേ…?”സതീഷാണ്..
“കാന്താരിചമ്മന്തി കൂട്ടി കപ്പ കഴിച്ചതാ..
എരിവ് കൂടീട്ട് കുട്ടിക്ക് തീരെ പറ്റാതായി.. മധുരം കൊടുത്തതാ..”ചന്ദ്രിയമ്മയാണ് മറുപടി പറഞ്ഞത്.
“സൈറ മോളെ… ” സതീഷ് വിളിച്ചതും അവൾ മുഖമുയർത്തി…
മുഖമാകെ ചുവന്നിട്ടുണ്ട്.. മൂക്കിൻ്റെ തുമ്പിൽ നിന്നും ചോര തൊട്ടെടുക്കാം.. ചുണ്ടുകൾ വിറക്കുന്നുണ്ട്.. നിറഞ്ഞ കണ്ണുകൾ..
കേശു അവളെ നോക്കി… വേഗം അടുക്കളയിലേക്ക് പോയി കുപ്പിയിലെ തേനെടുത്ത് കൊണ്ടുവന്നു..
“വാ തുറന്നെ… ”
വായിലേക്ക് തോനൊഴിച്ച് കൊടുത്തു..
“കുറച്ച് നേരം വായില് വെച്ചാമതി… ”
സൈറ തലയാട്ടി..
വേഷം മാറി മുടിയൊക്കെ ഒതുക്കി വരുമ്പോൾ സൈറയെ ഒന്നു നോക്കിയവൻ…
കണ്ണടച്ച് കവിളും വീർപ്പിച്ച് പിടിച്ചിരിപ്പുണ്ട്…
മൂക്കിൻ തുമ്പിപ്പോഴും ചുവന്നിട്ടാണ്..
അവൻ്റെ ചുണ്ടിൽ ചെറുചിരി വിരിഞ്ഞു…
തുടരും…

by