19/04/2026

സൈരന്ദ്രി : ഭാഗം 08

രചന – രജിഷ അജയ്ഘോഷ്

“എന്നിട്ട് ആളെവിടെ?” ചോദിക്കുന്നതിനൊപ്പം സൈറ എഴുന്നേറ്റ് അകത്തേക്ക് നടന്നിരുന്നു..
ഇവൾക്ക് എവിടെയും യാതൊരു പരിചയക്കുറവുമില്ലല്ലോ എന്നോർത്തുകൊണ്ട്
സാം പിന്നിൽ നടന്നു..

“പപ്പ കഞ്ഞി കുടിക്കുവാണോ?… ” ചോദിച്ചു കൊണ്ട് റൂമിലേക്ക് കടന്നവളെ കണ്ട് സാമിൻ്റെ മമ്മി സലീന തിരിഞ്ഞു നോക്കി..
ആളെ മനസ്സിലാവാത്തതിനാൽ അവരുടെ നെറ്റി ചുളിഞ്ഞു..

” മമ്മീ.. തറവാട്ടില് വന്ന കുട്ടിയാ.. സൈരന്ദ്രി..” പിന്നാലെ വന്ന സാം അവളെ പരിചയപ്പെടുത്തി.

ആളെ അറിഞ്ഞതും സലീന നിറഞ്ഞ്ചിരിച്ചു.. അവരുടെ വെളുത്ത കവിൾത്തടങ്ങൾ വിടർന്നപ്പോൾ പ്രേത്യേക ഭംഗിയുണ്ടെന്ന് തോന്നി സൈറക്ക്.. അടുത്തു കിടന്ന കസേരയിലേക്ക് ഇരിക്കാൻ കൈ കൊണ്ട് കാണിച്ചവർ…

അപ്പ അവളെ നോക്കിയൊന്ന് പതിയെ ചിരിച്ചു..സാമിൻ്റെ അപ്പയ്ക്ക് സംസാരിക്കാൻ ബുദ്ധിമുട്ടുള്ളത് പോലെ തോന്നി… കഞ്ഞിയിറക്കുമ്പോൾ അപ്പയുടെ വയ്യായ്ക കണ്ട് സാം വേഗം പുറവും നെഞ്ചുമെല്ലാം തടവിക്കൊടുക്കുന്നുണ്ട്..

“ഈ തണുപ്പുകാലത്ത് അപ്പായ്ക്ക് തീരെ വയ്യാതാവും.. ഹോസ്പിറ്റലും വീടുമായിട്ടങ്ങനെ കൂടും ഞങ്ങൾ ല്ലേ.. അപ്പാ.. ” സൈറയോട് പറയുന്നതിനിടെ അവൻ അപ്പയോടും ചിരിയോടെ പറഞ്ഞപ്പോൾ അയാൾ വയ്യായ്കക്കിടയിലും നേർത്തൊരു ചിരി പകരം നൽകിയവന്..
കഞ്ഞി മതിയെന്ന് പപ്പ കൈയ്യുയർത്തി പറയുമ്പോൾ കണ്ണുരുട്ടി ദേഷ്യം പ്രകടിപ്പിക്കുന്ന മമ്മിയെ കണ്ടപ്പോൾ
സൈറയുടെ ചുണ്ടിൽ അവളറിയാതെ ചിരി വിരിഞ്ഞു..

ചൂടുവെള്ളത്തിൽ അപ്പായുടെ മുഖവും വായുമെല്ലാം കഴുകി വൃത്തിയാക്കി കിടത്തി കമ്പിളിപ്പുതപ്പ് കൊണ്ട് പുതപ്പിച്ച ശേഷം സാം പുറത്തേക്ക് നടന്നു. പിന്നാലെ സൈറയും സലീനയും..
പിന്നിൽ കൈയ്യടി ശബ്ദം കേട്ട് പെട്ടന്ന് സൈറ തിരിഞ്ഞു നോക്കുമ്പോൾ കൈ കൊണ്ട് ആംഗ്യം കാണിക്കുന്ന സലീനയെ കണ്ടു..

“എടുത്തോ മമ്മീ… ദാ വരുന്നു… “സാം പറയുന്നത് കേട്ടു..

“എടോ താനെന്താ അന്തംവിട്ട് നിൽക്കണെ… മമ്മിയെ കണ്ടിട്ടാണോ?”സൈറയുടെ നിൽപ്പ് കണ്ടവൻ ചോദിച്ചു. സൈറ അതെയെന്ന് തലയനക്കി..

“മമ്മിക്ക് സംസാരിക്കാൻ കഴിയില്ലെടോ..പക്ഷേ.. കേൾക്കാം.. തന്നേം കൂട്ടി ചായ കുടിക്കാൻ വരാൻ പറഞ്ഞതാ ഇപ്പോൾ.. താൻ വാ.. ഇല്ലേൽ ഇനി പാത്രങ്ങൾ ശബ്ദമുണ്ടാക്കാൻ തുടങ്ങും..”

“എടോ.. താൻ ബീഫ് കഴിക്കില്ലേന്ന് മമ്മി ചോദിക്കുന്നു .. “സാം ടേബിളിനരികിലേക്ക് നടക്കുമ്പോൾ ചോദിച്ചു..

” കഴിക്കും.പക്ഷേ..എനിക്കിപ്പൊ ചായമാത്രം മതീട്ടോ… ഇപ്പൊ കഴിച്ചിറങ്ങിയതേയുള്ളൂ… ” സലീന ഒഴിച്ചു വെച്ച ഗ്ലാസെടുത്ത് കയ്യിൽ പിടിച്ചവൾ.. സലീനയുടെ മുഖം വാടി.. സൈറയും സാമും അത് ശ്രദ്ധിച്ചു..

” വീട്ടിലേക്ക് ആര് വന്നാലും എന്തേലും കൊടുത്തില്ലേൽ മമ്മിക്ക് വല്യ വിഷമമാവും.. താനെന്തെങ്കിലും കഴിക്ക്.. “സാം പതിയെ പറഞ്ഞു.
അൽപ്പം പോലും വിശപ്പ് തോന്നിയില്ലെങ്കിലും സലീനയുടെ പ്ലേറ്റിലിരുന്ന അപ്പം മുറിച്ച് ബീഫും കൂട്ടി വായിലേക്ക് വെച്ചു സൈറ..

“സൂപ്പർ.. ബീഫ് നല്ല ടേസ്റ്റായിട്ടുണ്ടല്ലോ
മമ്മി.. ” സൈറയുടെ വാക്കുകൾ കേട്ട് സലീനയുടെ മുഖം തെളിഞ്ഞു.. അപ്പം മുറിച്ച് ബീഫും കൂട്ടി സൈറയുടെ നേരെ നീട്ടിയതും അറിയാതെ വായ പൊളിച്ചു പോയവൾ..

“മമ്മീടെ കൈപ്പുണ്യം ഒന്നുകൊണ്ട് മാത്രമാ ഉള്ള ജോലിയും കളഞ്ഞ് ഞാനിവിടെത്തന്നെ കൂടിയത്.. അല്ലേ മമ്മീ… “സാം കളിയാക്കി പറഞ്ഞപ്പോൾ മമ്മിയവനു നേരെ കൈയ്യോങ്ങി.. സാം പിന്നിലേക്ക് ചാഞ്ഞു കൊണ്ട് ഉറക്കെചിരിച്ചു..

വേണ്ടെന്ന് പറഞ്ഞ സൈറ മമ്മിയുടെ സ്നേഹത്തോടെയുള്ള ഊട്ടലിൽ ഒരപ്പം മുഴുവൻ കഴിച്ചുതീർത്തിരുന്നു.. വീണ്ടും നിർബന്ധിച്ചപ്പോൾ
വയറും പൊത്തിപ്പിടിച്ച് എഴുന്നേറ്റവൾ..

ചായ കുടിച്ചു കഴിഞ്ഞാണ് മമ്മി സൈറയെക്കുറിച്ച് കൂടുതൽ ചോദിച്ചത്.. സാമാണ് ഓരോ ചോദ്യവും സൈറക്ക് പറഞ്ഞ് കൊടുക്കുന്നത്. മിലിട്ടറിയാണെന്ന് പറഞ്ഞപ്പോൾ സലീനയുടെ കണ്ണുകൾ വിടർന്നു.. സൈറയെ ചേർത്തു പിടിച്ചു..
മുഖത്തൂടെ വിരലുകൾ ഓടിച്ചു..
പിന്നെയും ഒരുപാട് വിശേഷങ്ങൾ പറഞ്ഞു. അപ്പോഴെല്ലാം സലീന സൈറയുടെ കൈകളെ ചേർത്ത് പിടിച്ചിരുന്നു..

തിരികെയിറങ്ങുമ്പോൾ ഇടക്ക് വരണമെന്ന് സാമിൻ്റെ മമ്മി പറഞ്ഞു.. മമ്മീടെ ബീഫ് കഴിക്കാൻ ഉറപ്പായും വരാമെന്ന് സൈറയും വാക്ക് കൊടുത്തു.

” തന്നെ മമ്മിക്ക് ഒരുപാടിഷ്ടമായിട്ടുണ്ട്..
അതാ ചേർത്തു പിടിക്കലും വിശേഷം പറച്ചിലുമൊക്കെ.. “തിരികെ നടക്കുമ്പോൾ ഒപ്പം വന്ന സാം പറഞ്ഞപ്പോൾ
” എനിക്കും മമ്മിയെ ഇഷ്ടമായെ”ന്ന് സൈറയുടെ മറുപടിയും വന്നു..
പിന്നെക്കാണാമെന്ന് സാമിനോട് പറഞ്ഞ്
പതിയെ തറവാട്ടിലേക്ക് നടന്നു…
പോവുന്ന വഴിയിലുള്ള ചെറിയ ഗ്രൗണ്ടിൽ കുട്ടികൾ ക്രിക്കറ്റ് കളിക്കുന്നുണ്ട്… അവരുടെ ആരവങ്ങൾ കേട്ടപ്പോൾ കാലുകൾ അറിയാതെ അവർക്കരികിലേക്ക് ചലിച്ചു..

” ചേച്ചീ.. വാ.. കളിക്കാം.. ” സൈറയെക്കണ്ടതും അഭിക്കുട്ടൻ ഓടി അരികിലേക്ക് വന്നിരുന്നു..

” ചേച്ചി എൻ്റെ ടീമിലാണേ.. ”

കൂടെയുള്ളവരോട് പറഞ്ഞത് അവനാണ്..
കോളേജിലെ വനിതാ ക്രിക്കറ്റ് ടീമിലെ പഴയ സൈരന്ദ്രിയായി മാറിയ നിമിഷങ്ങൾ…
കുട്ടികളുടെ ആവേശത്തിനൊപ്പം നന്നായി ബാറ്റ് ചെയ്തു..
ഒടുവിൽ അഭിയുടെ ടീം ജയിച്ച് കളി നിർത്തിപ്പോരുമ്പോൾ ഇട്ടിരുന്ന
ബനിയൻ വിയർത്തൊട്ടിയിരുന്നു…

“ചേച്ചീ നാളേം വരണം ട്ടോ.. നാളെ ഞങ്ങടെ ടീമിലാണേ.. ” കൂട്ടത്തിൽ ഒരുത്തൻ വിളിച്ചു പറഞ്ഞപ്പോൾ ഓകെയെന്ന് കയ്യുയർത്തിക്കാണിച്ചു..

തറവാട്ടിലെ ഗേറ്റ് കടന്ന് അകത്തേക്ക് കയറുമ്പോഴാണ് അച്ഛൻ്റെ കാറ് കണ്ടത്..
പുറത്ത് കേശുവേട്ടനുണ്ട്.. തൻ്റെ ഡ്രസ്സിലേക്കാണ് നോട്ടമെന്ന് തോന്നിയപ്പോൾ സ്വയമൊന്ന് നോക്കി..
വെള്ള ടീ ഷർട്ട് ചുവന്നിരിക്കുന്നുണ്ട്.. വിയർപ്പും പൊടിയും കൂടി ആകെ അലങ്കോലമാണ്..
ആളെ നോക്കിയെന്ന് വളിച്ച ചിരി പാസാക്കി.
എവിടെ പുശ്ചത്തോടെ നോക്കിയിട്ട് അകത്തോട്ട് കയറിപ്പോയി കക്ഷി..

“കൊശവൻ….” പിറുപിറുത്തു കൊണ്ട് സൈറയും..

അച്ഛമ്മക്കൊപ്പം ഇരിക്കുന്ന അച്ഛനരികിലേക്ക് ഓടിച്ചെല്ലുമ്പോൾ ചെറുപ്പത്തിൽ അച്ഛേ… എന്ന് നീട്ടി വിളിച്ച് നിറഞ്ഞ ചിരിയോടെ തനിക്കരുകിലേക്ക് ഓടി വരുന്നവളെയാണ് മാധവന് ഓർമ്മ വന്നത്..

പിന്നീലൂടെ ചെന്ന് കഴുത്തിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ചു..
“എവിടെയായിരുന്നു സൈറാ നീയ്.. എത്ര നേരായീന്നറിയോ ഞാൻ വന്നിട്ട്.. “മാധവൻ്റെ സ്വരത്തിൽ പരിഭവം നിറഞ്ഞു..

” അത്.. ഞാൻ ചുമ്മാ പുറത്തൊക്കെ.. ” സൈറയൊന്ന് ചിരിച്ചു..

“ഇതെന്ത് കോലാ കുട്ടിയേ… ” മണ്ണുപുരണ്ട സൈറയുടെ വസ്ത്രങ്ങളിലേക്ക് നോക്കി പത്മാവതിയമ്മ ചോദിച്ചു..

” അത് കുട്ടികൾടെ കൂടെ ക്രിക്കറ്റ്..” പറഞ്ഞ് തീരാത്തതിന് മുന്നേ പിന്നിലൂടെ രണ്ടു കൈകൾ സൈറയുടെ കണ്ണുകൾ പൊത്തി..
ഒരു നിമിഷം ഞെട്ടിയെങ്കിലും ആ കൈകളുടെ ഉടമയെ കണ്ടു പിടിക്കാൻ അധികം സമയം വേണ്ടി വന്നില്ലവൾക്ക്..
തന്നെയിങ്ങനെ ചേർത്ത് പിടിക്കാൻ ഒരേ ഒരാളേയുള്ളൂ ഈ ലോകത്ത്…
സായൂട്ടൻ…

“സായൂ.. നീയെപ്പഴാ വന്നെ.. “കണ്ണടച്ച് തന്നെ ചോദിച്ചപ്പോൾ “ഇന്നലെയെത്തി… ” എന്നവൻ പറയുന്നുണ്ടായിരുന്നു..

“നീയൊന്നും കഴിക്കാറില്ലേ… വല്ലാണ്ട് ക്ഷീണിച്ചല്ലോ.. “അവനെ നോക്കി പറയുന്നവളെ കണ്ടപ്പോൾ സായുവിന് ചിരിയാണ് വന്നത്.
” ഈ പറയുന്ന ആള് പിന്നെ തടിച്ചുരുണ്ട് ഇരിക്കുവാണല്ലോ.. ” സായുവിൻ്റെ വാക്കുകൾ കേട്ട് തൻ്റെ മെലിഞ്ഞ ശരീരത്തിലേക്കൊന്ന് നോക്കിയവൾ..
” ഞാനൊന്ന് കുളിച്ചിട്ട് വരാം.. എന്നിട്ട് വിശേഷങ്ങൾ പറയാം.. ” എന്ന് പറഞ്ഞ് ബാത്റൂമിലേക്ക് നടക്കുമ്പോൾ സായുവിനെ കണ്ട സന്തോഷത്തിൽ മനസ്സ് തുള്ളിച്ചാടുന്നുണ്ടായിരുന്നു..
കഴിഞ്ഞ തവണ കണ്ടപ്പോൾ കണ്ണ് നിറച്ച് യാത്ര പറഞ്ഞവൻ പോയമ്പോൾ കുറച്ച് ദിവസത്തേക്ക് വല്ലാത്ത വിഷമമായിരുന്നു..

കുളി കഴിഞ്ഞ് അടുക്കളയിൽ കയറി ചന്ദ്രിയമ്മയുടെ പുട്ടും കടലയും സായുവിനൊപ്പമാണ് കഴിച്ചത്… ചന്ദ്രിയമ്മയുടെ
കൈപ്പുണ്യത്തെക്കുറിച്ച് സായുവിനോട് പറഞ്ഞ് കൊണ്ടിരുന്നവൾ..
“എൻ്റെ ചേച്ചീ.. എനിക്കറിയാലോ.. ഞാനിടക്ക് വരാറുള്ളതല്ലേ.. ” അവൻ പറഞ്ഞപ്പോഴാണ് താനാണ് ഏറെ നാളുകൾക്ക് ശേഷം ഇവിടേക്ക് വന്നതെന്ന ഓർമ്മതന്നെ അവൾക്ക് വന്നത്.

” അവര് തമ്മില് നല്ല അടുപ്പത്തിലാണല്ലോ.. അതെങ്ങനെയാ മാധവാ.. “സായുവിൻ്റെയും സൈറയുടെയും അടുപ്പം കണ്ടപ്പോൾ പത്മാവതിയമ്മ മകനോട് ചോദിച്ചു.. അവർക്കരികിൽ ഇരുന്ന കേശുവിനും ആ സംശയമുണ്ടായിരുന്നു..

“ഒരിക്കൽ ഡൽഹിയിൽ പോയി സായുവിനെ കണ്ടിട്ട് നേരെ സൈറയെ കാണാനിറങ്ങി… സൈറയന്ന് പഞ്ചാബിലായിരുന്നു.. സൈറക്കടുത്തേക്കാണെന്ന് പറഞ്ഞപ്പോ അവനും വരുന്നുണ്ടെന്ന് പറഞ്ഞു.. അമ്മയറിഞ്ഞാൽ വഴക്കാകുമെന്ന് പറഞ്ഞപ്പോൾ ഞാനായിട്ട് പറയില്ല.. അച്ഛൻ പറയാതിരുന്നാ മതിയെന്നായി സായു.. ആ യാത്രക്ക് ശേഷം വീണ്ടും ഞങ്ങളൊരുമിച്ച് രണ്ടു തവണ പോയി…
കഴിഞ്ഞ തവണ വെക്കേഷന് ലീവില്ലെന്ന് അമ്മയോട് പറഞ്ഞ് ഒരാഴ്ച്ച സൈറക്കൊപ്പം
ഗുജറാത്തിലായിരുന്നവൻ..

അവര് തമ്മിൽ ഇടക്ക് വിളിക്കും.. ചേച്ചി എന്തൊരു പാവമാണച്ഛാ.. അമ്മയെന്താ ഇങ്ങനെയെന്നവൻ ഇടക്കൊരു ദിവസം ചോദിച്ചു.
എനിക്കൊന്നും പറയാൻ കഴിയാതെയായിപ്പോയി. ”
മാധവൻ്റെ സ്വരം ഇടറി..

” ഉം..കുട്ടികളെങ്കിലും സ്നേഹിച്ച് കഴിയട്ടെ..” ഒരു നെടുവീർപ്പോടെ പത്മാവതിയമ്മ പറഞ്ഞു നിർത്തി.

അപ്പൊ സൈറ എല്ലാവരെയും വിട്ട് പോയതല്ലെ.. കേശുവിൻ്റെയുള്ളിൽ സംശയം നിറഞ്ഞു..

വൈകിട്ടാണ് സായുവും അച്ഛനും തിരികെ പോയത്.
സായുവിന് ഇന്നിവടെ നിൽക്കണമെന്നുണ്ടായിരുന്നുവെങ്കിലും സൈറയാണ് നിർബന്ധിച്ച് പറഞ്ഞയച്ചത്. അല്ലെങ്കിൽ അമ്മയവനോട് ദേഷ്യപ്പെടും..
അവരിറങ്ങിക്കഴിഞ്ഞപ്പോൾ വല്ലാത്തൊരു വിഷമം തോന്നി.. റൂമിൽക്കയറി കിടന്നു നോക്കി..
ഓർമ്മകൾ ശ്വാസം മുട്ടിക്കുന്നത് പോലെ…
കണ്ണുകൾ അടച്ച് തലകയ്യിൽ താങ്ങി ഇരുന്നു..
ഇവിടെ വന്ന ആദ്യത്തെ ദിവസത്തിന് ശേഷം
ഇന്നാദ്യമായി കുടിക്കണമെന്ന് തോന്നി..

അന്നത്തെ ബാക്കി എവിടെയാണെന്നറിയില്ല..
വേഗം ചവിയെടുത്ത് പുറത്തേക്കിറങ്ങി..
ബുള്ളറ്റ് സ്റ്റാർട്ട് ചെയ്യുന്ന ശബ്ദം കേട്ടാണ് പത്മാവതിയമ്മ പുറത്തേക്ക് നോക്കിയത്.
“നേരം ഇരുട്ടിയ നേരത്ത് ഈ കുട്ടിയത് എങ്ങോട്ടാണാവോ..” അവർ വേവലാതിപ്പെട്ടു..

“നേരം വെളുക്കുമ്പോ തുടങ്ങി ഊര്തെണ്ടി നടക്കണവൾക്ക് എന്ത് രാത്രിയും പകലും വെച്ചിരിക്കുന്നു… ” കേശു അത് കേട്ട് ഈർഷ്യയോടെ പറഞ്ഞു..

” കേശൂ…” പത്മാവതിയമ്മയുടെ സ്വരം അൽപ്പം ഉയർന്നതും കേശു വേഗം തിരിഞ്ഞ് നടന്നു.
അല്ലെങ്കിൽ ഒന്നും രണ്ടും പറഞ്ഞ് ഇന്നത്തെ ദിവസം പിണങ്ങി ഉറങ്ങേണ്ടി വരുമെന്ന് അവനറിയാം..
❤❤
ബീവറേജിൽ ക്യൂ നിന്ന് വാങ്ങാനുള്ള മൂഡ് തോന്നിയില്ല..
നേരെയൊരു ബാറിലേക്ക് വിട്ടു..
അകത്തേക്ക് നടക്കുമ്പോൾ ടേബിളിൽ ഇരിക്കുന്നവരിൽ പലരും അത്ഭുത ജീവിയെപ്പോലെ തന്നെ നോക്കുന്നത് സൈറ കണ്ടിരുന്നു.
ഡൽഹിയിലൊക്കെ പെൺകുട്ടികൾ അവിടന്ന് വാങ്ങുകയും കഴിക്കുകയും ചെയ്യുന്നത് സ്ഥിര കാഴ്ചയായത് കൊണ്ട് അവിടുള്ളവർ ഇതൊന്നും ശ്രദ്ധിക്കാറേയില്ല…
ഇവിടെ പുരുഷന്മാർ മാത്രമേയുള്ളൂ.. അതാണ് എല്ലാവരും തന്നെ മാത്രം ശ്രദ്ധിക്കുന്നത്..

കൗണ്ടറിലിരിക്കുന്ന പയ്യനോട്
“ഒരു Bacardi Lemon full bottle….” എന്ന് പറഞ്ഞപ്പോൾ അവനൊന്ന് മിഴിച്ച് നിന്നു.

എന്തേ.. സാധനം ഇല്ലേ..? രണ്ടാമതും അവൾ ചോദിച്ചപ്പോൾ തലയാട്ടിക്കൊണ്ട് വേഗം
എടുത്തു കൊടുത്തു..

തുടങ്ങിയാൽ ചെറുതിൽ നിർത്താൻ കഴിയില്ലെന്ന് ഉറപ്പാണ്..
അത്കൊണ്ട് വീട്ടിൽ പോയിട്ട് തുടങ്ങാമെന്ന് ഉറപ്പിച്ച് കാശും കൊടുത്ത് പുറത്തേക്ക് നടന്നു..

ഉമ്മറത്ത് വണ്ടിയൊതുക്കിയപ്പോഴാണ്
കുപ്പിയെങ്ങനെ മുറിയിലെത്തിക്കുമെന്നത് ഓർത്തത് തന്നെ..
താൻ പോവുന്നത് കണ്ടതുകൊണ്ട് അമ്മമ്മ ചിലപ്പോ ഹാളിലുണ്ടാവാം..
അടുക്കള വശത്തെത്തി ആരും പെട്ടന്ന് കാണാത്ത വിധത്തിൽ സാധനം ഒളിപ്പിച്ച് മുൻപിൽകൂടെ തന്നെ അകത്തേക്ക് കയറി..
പ്രതീക്ഷിച്ചത് പോലെ തന്നെ അമ്മമ്മ ആട്ടു കട്ടിലിൽ ഇരിപ്പുണ്ട്..
ആ മടിയിൽ തല വെച്ച് കേശുവേട്ടനും…
ഹോ… അടുക്കളപ്പുറത്ത് വെച്ചത് നന്നായി..
സൈറയൊന്ന് ആശ്വസിച്ചു..

“ഇതെവിടെപ്പോയതാ കുട്ടിയേ ഈ നേരത്ത്.ഈ അസമയത്തൊക്കെ പെൺകുട്ടികളിങ്ങനെ തനിച്ചിറങ്ങി നടക്കാന്ന് വെച്ചാ.. കാലം ശരിയല്ലാ.. ടീവീലൊക്കെ കാണാറില്ലേ ഓരോ വാർത്തകള്..”
അമ്മമ്മയുടെ സ്വരത്തിൽ വേവലാതി നിറഞ്ഞു..

സൈറ നേർത്ത ചിരിയോടെ അവരുടെ അരികിൽ നിലത്ത് മുട്ടുകുത്തിയിരുന്നു.. ആ കൈകൾ തൻ്റെ കയ്യിൽ പൊതിഞ്ഞു പിടിച്ചു.. കേശു എഴുന്നേറ്റ് നീങ്ങിയിരുന്നു..

“ഈ പെണ്ണിന് മാത്രം അസമയം എന്താ.. ആണിന് അസമയം ഇല്ലേ അച്ഛമ്മേ.. ” സൈറയുടെ ചോദ്യത്തിന് മുന്നിൽ പത്മാവതിയമ്മയൊന്ന് പതറി..

തുടരും..