17/04/2026

സൈരന്ദ്രി : ഭാഗം 23

രചന – രജിഷ അജയ്ഘോഷ്

 

പഴയ ഓർമ്മകൾ സൈറയുടെ ഉറക്കം നഷ്ടപ്പെടുത്തിയിരുന്നു..

വൈകിയാണ് എഴുന്നേറ്റത്..
പുറത്തേക്കിറങ്ങാൻ തോന്നാത്തത് കൊണ്ട് ചന്ദ്രിയമ്മയുടെ കൂടെ അടുക്കളയിൽ കൂടി..

” അച്ഛമ്മേഎനിക്ക് ഉടനെ പോവേണ്ടി
വരും.. “രാവിലെ കഴിക്കുന്നതിനിടയിലാണ് സൈറ പറഞ്ഞത്.. അച്ഛമ്മ ദയനീയമായി ഒന്ന് നോക്കിയതേ ഉള്ളൂ.. കേശുവേട്ടൻ ഇന്നലെ രാത്രി തന്നെ പറഞ്ഞിരിക്കുമെന്ന് തോന്നി..
അച്ഛമ്മയും കേശുവേട്ടനും മിണ്ടാതെ വിഷമത്തോടെ ഇരിക്കുന്നത് കണ്ടപ്പോൾ കണ്ണു നിറഞ്ഞെങ്കിലും എന്നെ സ്നേഹിക്കാനും എൻ്റെ വേർപാടിൽ വേദനിക്കാനും ആളുണ്ടല്ലോ എന്നൊരു ചിന്തയായിരുന്നു മനസിൽ..
ചന്ദ്രിയമ്മയടക്കം എല്ലാ മുഖങ്ങളിലും വാട്ടമാണ്..

മുറ്റത്തിറങ്ങിയപ്പോഴാണ് ചിരുതമ്മയും പേരക്കുട്ടിയും മുറ്റത്തിനറ്റത്ത് നിക്കുന്നത് കണ്ടത്.

“കേശുക്കുഞ്ഞിനെയൊന്ന് കാണാൻ വന്നതാ.. ”
ചിരുതമ്മ പറഞ്ഞതിന് തലയാട്ടിയെങ്കിലും കണ്ണുകൾ ചെന്നത് അടുത്തു നിൽക്കുന്ന കുട്ടിയിലാണ്.. അവളുടെ നോട്ടം തൻ്റെ ബുള്ളറ്റിലാണ്.

“മോൾക്ക് ബുള്ളറ്റ് ഇഷ്ടാണോ?” സൈറ അവൾക്കടുത്തേക്ക് കുനിഞ്ഞ് നിന്നാണ് ചോദിച്ചത്.. ചെറുചിരിയോടെ മടിച്ചാണ് അവൾ തലയാട്ടിയത്..

” എന്നാ വാ… ” എന്ന് പറഞ്ഞ് കൈയ്യിൽ പിടിച്ചപ്പോൾ അവളൊന്നും ആലോചിക്കാതെ കൂടെ വന്നു..

“ചേതനാന്നല്ലേ പേര്?.. ” സ്കൂളിലെ ക്യാമ്പിനിടയിൽ പരിചയപ്പെട്ട ഓർമ്മയിൽ സൈറ ചേദിച്ചപ്പോൾ
കുഞ്ഞു മുഖത്ത് സന്തോഷമായിരുന്നു.. അതേയെന്ന് ഒന്ന് മൂളി…
അവളെ ബുള്ളറ്റിനടുത്ത് നിർത്തി അകത്ത് പോയി കീയെടുത്ത് വരുമ്പോൾ കേശുവേട്ടനും ഒപ്പം വന്നു..

ചിരുതമ്മയും കേശുവേട്ടനും തമ്മിൽ എന്തൊക്കെയോ പറയുന്നുണ്ട്.സൈറ പിന്നിൽ ചേതനയെക്കയറ്റി വണ്ടി സ്റ്റാർട്ട് ചെയ്തു..
വലിയ കളത്തിലൂടെ രണ്ട് റൗണ്ടടിച്ചു.. മിററിലൂടെ നോക്കുമ്പോൾ നിറഞ്ഞ ചിരിയാണ് ചേതനയുടെ മുഖത്ത്.. ആ ചിരി കണ്ടപ്പോൾ അവളുടെ കൈയെടുത്ത് തൻ്റെ വയറിലൂടെ ചുറ്റിപ്പിടിപ്പിച്ച് ഗേറ്റും കടന്ന് റോഡിലേക്കിറങ്ങി.. കവലയും കടന്ന് സ്കൂളെത്തിയപ്പോൾ ഇതെൻ്റെ സ്കൂളാണെന്ന് അവൾ ആവേശത്തോടെ പറയുന്നുണ്ട്..
ആ ചിരിക്കായി മാത്രം വീണ്ടും ഏറെദൂരം പോയി..

തിരികെ എത്തുമ്പോൾ ചിരുതമ്മ കാത്തിരിപ്പുണ്ട്..
“സന്തോഷായോ ചേതനക്കുട്ടിക്ക്.. ”
വണ്ടി നിർത്തി അവളെ ഇറക്കുമ്പോൾ സൈറ ചോദിച്ചു..

” ഉം… ഒത്തിരി..എനിക്കും ചേച്ചിയെപ്പോലെയാവണം.. എന്നേം പട്ടാളത്തിലെടുക്കുവോ?” ചേതനയുടെ ചോദ്യം കേട്ട് സൈറചിരിച്ചു..

“ചേതന മിടുക്കിക്കുട്ടിയല്ലേ.. നല്ലോണം പഠിക്ക് ട്ടോ.. നമുക്ക് പട്ടാളത്തിൽ പോവാന്നേ.. ”
ചേതനക്ക് സന്തോഷം കൊണ്ട് തുള്ളിച്ചാടാൻ തോന്നി.. അവൾ ഓടിച്ചെന്ന് ചിരുതയോട് പറയുന്നുണ്ട്.. ആ സന്തോഷം കണ്ട് ചിരിയോടെ പിന്നിലേക്ക് ചാരി നിന്നു…

”അതേ… ഒന്ന് മാറിത്തന്നെങ്കിൽ എനിക്ക് പോവായിരുന്നു.. ” കേശുവിൻ്റെ സ്വരം കേട്ട് തല തിരിച്ചപ്പോഴാണ് കേശുവേട്ടൻ്റെ ദേഹത്ത് ചാരിയാണ് താൻ നിൽക്കുന്നതെന്ന് അറിഞ്ഞത് തന്നെ.. ചെറിയൊരു ചമ്മൽ തോന്നി..

” സോറീ…ഞാൻ കണ്ടില്ല.. “വേഗം മാറിക്കൊടുത്തു..

ഹോ.. ഈ പെണ്ണ്…നെഞ്ചിൽ കൈ ചേർത്ത് ശ്വാസം വലിച്ച് വിട്ട് ചിരിയോടെ കേശുവും…
❤❤
കാര്യങ്ങൾ കൈവിട്ട് പോവുന്ന തരത്തിലുള്ള വാർത്തകൾ കണ്ടപ്പോൾ ടി വി ഓഫാക്കി വെച്ചു സൈറ… സൈന്യം തിരിച്ചടിച്ചു കഴിഞ്ഞു..
തിരിച്ചൊരു അറ്റാക്ക് ഇങ്ങോട്ടും പ്രതീക്ഷിച്ചേ പറ്റൂ..

അസ്വസ്ഥമായ മനസ്സിനെ വേദനിപ്പിക്കാനെന്ന പോലെ ഉടനെ തിരികെയെത്തണമെന്ന അറിയിപ്പുകൂടി വന്നതോടെ അച്ഛമ്മയുടെ അടുത്തേക്കാണ് ആദ്യം പോയത്..
അ മടിയിൽ കയറിക്കിടന്നു.. ആ കൈകൾ വാത്സല്യത്തോടെ തൻ്റെ തലയിലൂടെ തഴുകുന്നുണ്ട്.

“ഇന്ന് വൈകിട്ട് പോവണമെനിക്ക്.. ”

“ഇന്നോ?.. ” ചോദിക്കുന്നതിനൊപ്പം അച്ഛമ്മയുടെ കൈകൾ നിശ്ചലമായി.
ഉം.. മൂളിക്കൊണ്ട് ആവയറിലേക്ക് മുഖം ചേർത്ത് കിടന്നു.. അച്ഛമ്മയുടെ മുഖത്തിപ്പോൾ സങ്കടമാണെന്ന് കാണാതെ തന്നെ അറിയാം..

“പോയിട്ട് വേഗം വരണം.. ഇവിടെ ഞങ്ങളൊക്കെ നോക്കിയിരിക്കും..” ചന്ദ്രിയമ്മയാണ് പറഞ്ഞത്..
വരാമെന്നും വരില്ലെന്നും പറഞ്ഞില്ല.. വെറുതെയൊന്ന് തലയാട്ടി..

ഇങ്ങോട്ട് വരുമ്പോൾ ഈ വീടും വീട്ടുകാരും നാട്ടുകാരുമൊക്കെ ഇത്രക്ക് തന്നെ സ്നേഹിക്കുമെന്ന് കരുതിയിരുന്നില്ല..
തൻ്റെ ലക്ഷ്യത്തിലേക്കുള്ള ഒരു വഴി അത് മാത്രമായിരുന്നു ഈ വരവ്..
പക്ഷേ.. ഇന്നിപ്പോൾ ഇവിടം വിട്ടിറങ്ങാൻ സമയമായപ്പോൾ തനിക്ക് നോവുന്നുണ്ട്..

ഡ്രസ്സുകളെല്ലാം പാക്ക് ചെയ്തു വെച്ചു..
ഏറെനേരം കുളത്തിൽ നീന്തി… ശരീരം മാത്രമേ തണുത്തുള്ളൂ.. മനസ്സ് പുകയുന്നുണ്ട്.. ഈയൊരു രാത്രി മാത്രമേ തനിക്ക് മുന്നിലുള്ളൂ..
എന്താണൊരു വഴി…

” സൈറാ…..” കേശുവേട്ടൻ നീട്ടി വിളിക്കുന്നുണ്ട്..
നനഞ്ഞത് മാറി വേഗം നടന്നു..
കേശുവേട്ടനെ നോക്കിയെന്ന് ചിരിച്ചെങ്കിലും ആളുടെ മുഖത്ത് അത്ര തെളിച്ചമില്ല..

“പോവാതിരുന്നൂടെ….” ആളെക്കടന്ന് മുന്നിലേക്ക് നടന്നപ്പോഴാണ് പിന്നിൽ ആ ചോദ്യം കേട്ടത്..

“എന്താ…”

“അല്ല..അമ്മമ്മ വല്ലാതെ വിഷമിക്കുന്നെടോ.. തനിക്ക് പോവാതിരുന്നൂടേന്ന്…” കേശു വേഗം പറഞ്ഞൊപ്പിച്ചു..

“ഇപ്പൊ നമ്മുടെ നാടിന് എൻ്റെ ആവശ്യമുണ്ട് കേശുവേട്ടാ.. എനിക്ക് പോയേ പറ്റൂ..” ഉറപ്പോടെ പറഞ്ഞവൾ നടക്കുമ്പോൾ കേശുവിൻ്റെ
ഹൃദയം നൊന്തു…
സൈറാ… ഞാൻ നിന്നെ സ്നേഹിക്കുന്നു…
പ്രണയിക്കുന്നു…

വീട്ടിലെത്തുമ്പോൾ സാമും മമ്മിയും വന്നിട്ടുണ്ട്..
മമ്മി കൊണ്ടുവന്ന ബീഫ് വരട്ടിയത് ബാഗിലേക്ക് വെച്ചു..ആള് കണ്ണും നിറച്ച് നോക്കുന്നുണ്ട്.. മമ്മിയെ ചേർത്ത് പിടിച്ച് കവിളിലൊരു ഉമ്മ കൊടുത്തു..

“താൻ പെട്ടന്നിങ്ങനെ പോവുംന്ന് കരുതീലാട്ടോ..” സാം പറഞ്ഞപ്പോൾ സൈറയൊന്ന് കണ്ണു ചിമ്മിക്കാണിച്ചു..

“ഞാൻ ഇപ്പൊ വരാം.. ”

മുറിയിലെത്തിയപ്പോൾ ഒന്ന് കരയാനാണ് തോന്നിയത്… ഇത്രയേറെ സ്നേഹവും കരുതലും ഓർമ്മയിൽ കിട്ടിയിട്ടില്ല.. എല്ലാം അവസാനിക്കുകയാണ്.. ഇനിയൊരു തിരിച്ച് വരവ് പോലും ഉണ്ടാവില്ല..

“നാദീ എനിക്കിവിടം വിട്ട് വരാനാവുന്നില്ല…” ഫോണെടുത്ത് നാദിയെ വിളിച്ച് ആദ്യം പറഞ്ഞത് അതാണ്..

“നീ വേഗം ഇറങ്ങ്.. രാത്രി വരെ നിക്കണ്ട…”

“നാദീ….. ”

“സൈറാ… വിഷമമുണ്ടാവും പക്ഷേ അത് മറികടന്നേ പറ്റൂ.. ഈ രാത്രി നമുക്ക് വിലപ്പെട്ടതാണ്.. നാളെ നേരം വെളുത്താൽ നമുക്ക് തിരികെപ്പോണം.. അതിനിടക്ക് നീ സെൻ്റിയാവരുത്. കേൾക്കുന്നുണ്ടോ?”

“ഉം… ” മൂളിക്കൊണ്ട് ഫോൺ ഓഫാക്കി..

അടുക്കളയിലാണ് എല്ലാരും… സാമും മമ്മിയും ചേർന്ന് ഒരു കുടുംബം പോലെ.അതാണ് തനിക്കിഷ്ടവും. സൈറ അവർക്കിടയിലേക്ക് നടന്നു..

“ചന്ദ്രിയമ്മേ എനിക്കൂടി ഒരു കാപ്പി.. ” പറഞ്ഞു കൊണ്ട് സാമിൻ്റെ കയ്യിലെ ഇലയട ഒരു കഷ്ണമെടുത്ത് വായിലേക്ക് വെച്ചു..
കണ്ണുരുട്ടി നോക്കിയ സാമിനെ നോക്കി കണ്ണിറുക്കി..

ചന്ദ്രിയമ്മ കൊടുത്ത കാപ്പി കുടിക്കുമ്പോഴും സാമിനോട് ചിരിയോടെ എന്തോ പറയുന്നുണ്ടവൾ.. കേശു അവളെ നോക്കിയിരുന്നു.. അവളുടെ ചിരിയിലെ അഴക് ആദ്യമായി കാണും പോലെ..
❤❤
നാലുമണി കഴിഞ്ഞപ്പോഴേക്കും സൈറ റെഡിയായിക്കഴിഞ്ഞിരുന്നു..
കണ്ണ് നിറച്ച് നിക്കുന്ന അച്ഛമ്മയെ കെട്ടിപ്പിടിച്ചു..
പത്മാവതിയമ്മ അവളുടെ നെറുകിൽ ചുണ്ട് ചേർത്തു..

“രണ്ടുമാസം എൻ്റെ കൂടെ നിക്കാന്ന് വാക്ക് തന്നിട്ട് പറ്റിച്ച് പോവ്വാണല്ലേ.. ഇത്തവണ ഞാനത് ക്ഷമിച്ചു..
ഇനിയും വരണം ൻെറ കുട്ടി.. കണ്ട് കൊതി തീർന്നില്ല എനിക്ക്… ” പറഞ്ഞ് തീരും മുന്നേ അവര് വിതുമ്പിപ്പോയി.. മറുപടി പറയാതെ അച്ഛമ്മയെ ഇറുക്കിപ്പിടിച്ചു.. നിറഞ്ഞൊഴുകുന്ന കണ്ണുകൾ
തുടച്ചു കൊടുത്ത്ആ കവിളിൽ പിടിച്ച് വലിച്ചു.. പിന്നെ രണ്ടു കവിളിലും മാറി മാറി ഉമ്മ കൊടുത്തു..

കണ്ണ് നിറച്ച് നിൽക്കുന്ന ചന്ദ്രിയമ്മയെയും കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്തു..
“ചന്ദ്രിയമ്മേടെ കൈപ്പുണ്യവും സ്നേഹവും ഞാനൊരിക്കലും മറക്കില്ലാട്ടോ..”
അവരൊന്ന് വിതുമ്പിക്കൊണ്ട് സൈറയെ ചേർത്ത് പിടിച്ചു..

സാം എല്ലാം നോക്കി നിൽക്കുന്നുണ്ട്.. മമ്മി പോയിരുന്നു..
സൈറ നോക്കിയതും രണ്ടു കൈയ്യും വിടർത്തിപ്പിടിച്ചവൻ.. കൊച്ചു കുഞ്ഞിനെപ്പോലെ
അവൻ്റെ കൈകൾക്കുള്ളിലേക്ക് ചേർന്ന് നിന്നവൾ..

“ഇനിയെന്നാ.. “സാം അവളുടെ തലയിൽ താടി മുട്ടിച്ചു കൊണ്ട് ചോദിച്ചു.. സൈറ അവനിൽ നിന്നകന്നു നിന്നു..

“ഇനി.. അറിയില്ല.. പക്ഷേ ഞാനെന്നും ഓർക്കും.. ഈ നാടും ഈ കൂട്ടുകാരനെയും.. ന്നാ ഇറങ്ങട്ടെ..”
സൈറ പറഞ്ഞപ്പോൾ സാം തലയാട്ടി..

കേശുവിനെ മാത്രം കണ്ടില്ല…

“സാം കേശുവേട്ടനെക്കണ്ടില്ലല്ലോ?..”

സാം ഒന്നാലോചിച്ചു..
“അവനാ ഏറുമാടത്തിലുണ്ടാവും.. ഞാനൊന്നു നോക്കീട്ട് വരാം…”

“വേണ്ട സാം.. ഞാൻ പോവാം.. ”

“ഞാനും കൂടി വരാടോ..”

“വേണ്ട… ഞാൻ വേഗം വരാം.. ” അവൾ മുറ്റത്തിറങ്ങി വയൽ വരമ്പ് ലക്ഷ്യമാക്കി നടന്നു..
കൊയ്ത്ത് കഴിഞ്ഞ പാടങ്ങൾക്കിടയിലൂടെ
ഏറുമാടത്തിനടുത്ത് എത്തിയപ്പോഴേയ്ക്കു
കാലുകൾ പുറത്തേക്കിട്ട് കിടക്കുന്നവനെ..

“കേശൂട്ടോ…… ”
കണ്ണടച്ച് കിടക്കുന്നതിനിടയിൽ സൈറയുടെ ശബ്ദം കേട്ട് കേശു അമ്പരന്നു…
വേഗം എഴുന്നേറ്റിരുന്നു.. സൈറ അവനരികിൽ വന്നിരുന്നു..

“ഞാൻ പോവാണെന്ന് പറയാൻ വന്നതാ…”
സൈറയവനെ നോക്കി.. അവൻ ദൂരേക്ക് നോക്കിയിരിപ്പാണ്..

“ഇനിയെന്നാ തിരികെ?… ” അവളെ നോക്കാതെയാണ് ചോദിച്ചത്..

“അങ്ങനെയൊന്ന് ചിന്തിച്ചിട്ടില്ല…”
വരും എന്നവൾ പറയുമെന്ന് കരുതിയിരുന്ന കേശുവിന് സങ്കടം തോന്നി..

“കേശുവേട്ടൻ്റ സൈറാ…. ന്നുള്ള വിളി ഞാൻ മിസ് ചെയ്യും..”
അവനൊന്നു ചിരിക്കാൻ ശ്രമിച്ചു.. സൈറയവനെ നോക്കി.. നോട്ടം ദൂരേക്കാണ്.. പറയാനുള്ളത് തൊണ്ടക്കുഴിയിൽ കിടന്ന് വിങ്ങുന്നുണ്ട്..

“അതേ.. ഞാൻ പോവുമെന്നറിഞ്ഞിട്ടും എന്തിനാ ഇവിടെ വന്നിരിക്കുന്നെ..” സൈറ വീണ്ടും പറഞ്ഞു കൊണ്ടേയിരുന്നു.. അവനപ്പോഴും മൗനമാണ്..
എന്താണ് സൈറാ ഞാൻ പറയേണ്ടത്.. നീ പോവുന്നത് കാണാൻ എനിക്കാവില്ലെന്നോ..

“ചിലപ്പോ ഇനിയൊരിക്കലും നമ്മൾ തമ്മിൽ കാണില്ല അല്ലേ കേശുവേട്ടാ.. എന്തോ എനിക്കങ്ങനെ തോന്നുന്നു.. ” സൈറ പറഞ്ഞത് കേട്ട് “സൈറാ…” എന്ന് വിളിച്ചു കൊണ്ട് കേശു ഞെട്ടലോടെ അവളുടെ കൈയിൽ മുറുക്കിപ്പിടിച്ചു..

“എൻ്റെ മുഖത്ത് നോക്ക് കേശുവേട്ടാ..”
കേശു ഇല്ലെന്ന് പതിയെ തലയാട്ടി..

“ആ കണ്ണുകളിൽ ഒളിപ്പിച്ച് വച്ചതൊക്കെ ഞാൻ കണ്ടു പിടിക്കുമെന്ന് പേടിയുണ്ടല്ലേ.. ” സൈറ കുസൃതിയോടെ അവനെ നോക്കി.

“നീ വാ.. നമുക്ക് പോവാം.. ” കേശു വേഗം എഴുന്നേറ്റു.. കൂടെ സൈറയും..

“എനിക്കറിയാം കേശുവേട്ടന് എന്നെ ഇഷ്ടമാണെന്ന്…”
കേശുവിൻ്റെ കാലുകൾ നിശ്ചലമായി..

തുടരും…