19/04/2026

സൈരന്ദ്രി : ഭാഗം 30

രചന – രജിഷ അജയ്ഘോഷ്

കുളികഴിഞ്ഞ് വന്നാൽ തല തുടക്കലും ഉണക്കലുമൊക്കെ അച്ഛമ്മയാണ്.. സൈറ എല്ലാത്തിനും ഇരുന്ന് കൊടുക്കും.. ഇത്രനാൾ അനുഭവിക്കാത്ത ആ സ്നേഹവും കരുതലും
അവളും ആസ്വദിച്ചിരുന്നു..

അന്ന് ഉച്ചകഴിഞ്ഞുള്ള ഉറക്കത്തിനിടയിലാണ് ഒരു മണികിലുക്കം കേട്ട്സൈറ കണ്ണു തുറന്നത്.. വാതിൽക്കൽ നിന്ന് എത്തി നോക്കുന്ന ചേതനയുടെ പാദസരത്തിൻ്റെ കിലുക്കമായിരുന്നത്.. അടുത്തേക്ക് വരാൻ സൈറ മുഖം കൊണ്ട് വിളിച്ചതും ചിരിയോടെ ചേതന ഓടി വന്നു..

“ചേതനക്കുട്ടിക്ക് സുഖാണോ?.. ”

“ഉം… ” മൂളുന്നുണ്ടെങ്കിലും കുഞ്ഞു കണ്ണുകൾ സൈറയുടെ മുഖത്താണ്..
അടുത്തുള്ള കസേരയിലേക്ക് ഇരിക്കാൻ പറഞ്ഞതും അനുസരണയോടെ കേറിയിരുന്നു..

“ഇവിടെ വേദനയുണ്ടോ?” മുഖത്തേക്ക് കൈ ചൂണിയാണ് കുഞ്ഞ് ചോദിച്ചത്..

“കുഞ്ഞിതായിട്ടൊരു വേദന.. ഒരുറുമ്പു കിടക്കുന്നത് പോലെ.. ” സൈറ ചിരിച്ചു..

ചന്ദ്രിയമ്മയോട് പറഞ്ഞ് ചേതനക്ക് ചായയും പലഹാരവും കൊടുത്തു.. അവളിത്രയും ദിവസം അമ്മ വീട്ടിലായിരുന്നത്രേ… അതാണ് ചേച്ചിയെ കാണാൻ വരാതിരുന്നതെന്ന് കഴിക്കുന്നതിനിടയിൽ പറയുന്നുണ്ട്..
ചിരുതമ്മ വിളിക്കുന്നുണ്ടെന്ന് ചന്ദ്രിയമ്മ പറയുന്നത് വരെ ഓരോന്ന് പറഞ്ഞു കൊണ്ടങ്ങനെ സൈറക്കൊപ്പം കൂടിയവൾ…

“ഇടക്ക് ചേച്ചിയെ കാണാൻ വരണം ട്ടോ..” പോകാൻ നേരം സൈറയൊന്ന് ഓർമ്മിപ്പിച്ചു..
തലയാട്ടിക്കൊണ്ട് പുറത്തേക്കോടിയവൾ..

വെറുതെയങ്ങനെ കിടന്നപ്പോൾ ഒന്നെണീറ്റു നോക്കിയാലോ എന്നൊരു തോന്നൽ..
ഇടത്തേ കൈക്കും വലത്തേക്കാലിനുമാണ് പൊട്ടൽ അത് കൊണ്ട് കാലിനും ബലം കൊടുക്കാനാവില്ല..
വലതു കൈ കുത്തി നിരങ്ങിയെണീക്കാൻ ഒന്നു ശ്രമിച്ചതേയുള്ളു..
“ഡീ… ” ഒരലർച്ച കേട്ടു…
ആഹാ… പൂർത്തിയായി..

” എണീക്കണെങ്കിൽ ഒന്നു വിളിച്ചാ പോരെ? വയ്യാത്ത കയ്യും വെച്ച് അഭ്യാസം കാണിക്കുന്നോ…”
കേശു പാഞ്ഞു വന്നു..

“ഞാനൊന്ന് എണീക്കാൻ പറ്റുമോന്ന് നോക്കീതാ.. ”

“എത്ര പറഞ്ഞാലും കേൾക്കില്ല.. അവൾക്ക് തോന്നിയതേ ചെയ്യൂ… മനുഷ്യന്മാരായാൽ കുറച്ച് ബുദ്ധിയും ബോധവുമൊക്കെ വേണം.. പൊട്ടിയത് അനക്കാതെ വെക്കണമെന്ന് അറിയാനുള്ള പ്രായമൊന്നും ആയിട്ടില്ലല്ലോ…”കേശു വായിൽ വന്നത് മുഴുവൻ വിളിച്ച് പറഞ്ഞു..
ഇനിയൊന്നും പറഞ്ഞിട്ടു കാര്യമില്ലെന്ന് തോന്നിയത് കൊണ്ട് സൈറ മിണ്ടാതെ കിടന്നതേയുള്ളു..

“എന്താ കേശൂട്ടാ…” ഒച്ച കേട്ടിട്ടാവും അച്ഛമ്മയും പിന്നാലെയെത്തിയതോടെ ഒന്നും കഴിക്കാതെ തന്നെ സൈറ സൈറയുടെ വയറു നിറഞ്ഞു..
രണ്ടാളുടെയും ഉപദേശം മുഴുവൻ കേട്ടു..

“വാ…” അൽപ്പം കനത്തോടെ കേശുവേട്ടൻ അരികിൽ വന്ന് കൈ നീട്ടി.. വലതു കൈ നീട്ടിയതും ആള് പുറത്തൂടെ കയ്യിട്ട് എഴുന്നേൽപ്പിച്ചു..
പുറകിലേക്ക് ചാരിയിരുത്തും എന്ന് കരുതിയെങ്കിലും എടുത്ത് വീൽചെയറിലേക്കാണ് ഇരുത്തിയത്… വീൽചെയറുരുട്ടിക്കൊണ്ട്
മുറ്റത്തേക്കിറങ്ങിയപ്പോൾ കേശുവിൻ്റെ മുഖത്തേക്ക് നോക്കി സൈറ.. എവിടെ അവിടെ ദേഷ്യം തന്നെയാണ്.. ഏറെ നാളുകൾക്ക് ശേഷം പുറത്തെ കാഴ്ച്ചകൾ കണ്ട് നേർത്ത കാറ്റേറ്റ് ഇരുന്നപ്പോൾ ഒരു സുഖം തോന്നിയവൾക്ക്..

പിന്നീടുള്ള ദിവസങ്ങളിൽ അതൊരു പതിവായി..
വൈകിട്ടൊന്ന് പുറത്തിറങ്ങും.. പതിയെ റോഡിലേക്കും നീങ്ങിത്തുടങ്ങി… വഴിയിൽ കാണുന്നവരോടൊക്കെ കുശലം പറഞ്ഞ് തിരികെയെത്തുമ്പോൾ സൈറയുടെ മുഖം തെളിഞ്ഞിരിക്കും…
എപ്പോഴും ഓടിച്ചാടി നടന്നിരുന്നവൾക്ക് ഒരു മുറിക്കുള്ളിൽ മാത്രം ഒതുങ്ങിക്കൂടുന്നത് എത്രത്തോളം പ്രയാസമാവുമെന്ന് കേശുവും മനസിലാക്കി..

തമ്പ്രാട്ടിക്കാവിൽ ഉത്സവത്തിന് ദിവസമടുത്തു തുടങ്ങി… സൈറയെ തിരിച്ചു തന്നാൽ ഇത്തവണത്തെ ഉത്സവം നടത്താമെന്ന് നേർന്നിരുന്നത് കൊണ്ട് കേശു ഇടക്കിടെ അമ്പല കാര്യങ്ങൾക്കായി പോവാൻ തുടങ്ങി..
വിളിച്ചാൽ വിളിപ്പുറത്തുള്ള ദേവിയാണെന്ന് അമ്മമ്മ പറഞ്ഞു കേട്ട അറിവേ അവനുണ്ടായിരുന്നുള്ളു.. പക്ഷേ ഇപ്പോൾ അവനത് ശരിയാണെന്ന് ഉറപ്പായി..

“ഇത്തവണത്തെ ഉത്സവം നമ്മള് നടത്താമെന്ന് കമ്മറ്റിക്കാരോട് പറഞ്ഞിരുന്നു.. അവർക്കൊപ്പം
ബാക്കി കാര്യങ്ങൾക്കൊക്കെ കൂടേണ്ടി വരും.. ” പത്മാവതിയമ്മയോട് കേശു പറഞ്ഞു..
അവരുടെ മുഖത്ത് സന്തോഷം നിറഞ്ഞു..

“അതെന്തായാലും നന്നായി.. പണ്ട് നിൻ്റെ അച്ഛച്ഛൻ്റെ കാലത്ത് ഒരിക്കൽ നടത്തിയതാ ഉത്സവം.. പിന്നെയാർക്കും അതിനൊന്നും താൽപര്യമില്ലാതായി.. എല്ലാർക്കും ഓരോരോ തിരക്കല്ലേ.. ” അമ്മമ്മയൊന്ന് നെടുവീർപ്പിട്ടു..

സൈറയുടെ രാവിലത്തെ കാര്യങ്ങളും കുളിയും കഴിഞ്ഞ് കിടത്തിയ ശേഷം കേശു പോകും.. അടുത്തായത് കൊണ്ട് ഇടക്കിടെ വന്ന് നോക്കാം..
വൈകുന്നേരത്തെ പുറത്തേക്കുള്ള പോക്ക് മാത്രം നിന്നുപോയി… ഒരാഴ്ച്ചയായി കേശു തിരക്കിലാണ്..
രാത്രി സൈറക്ക് മരുന്നും കൊടുക്കാനാവുമ്പോഴേക്കും വരും..

“ഈ നാടിൻ്റെ ഐശ്വര്യം തന്നെ തമ്പ്രാട്ടിയുടെ അനുഗ്രഹമാണ്.. ഒരു കാലത്ത് ആനയൊക്കെ വന്ന് വല്യ എഴുന്നള്ളത്തൊക്കെ ഉള്ളൊരു ഉത്സവമായിരുന്നത്രേ… പിന്നീട് ആരും കൊണ്ടാടാതായപ്പോൾ നാടാകെ നാശം തുടങ്ങി..
നാൽക്കാലികൾ ചത്തൊടുങ്ങി.. കൃഷി നശിച്ചു..
മനുഷ്യര് തന്നെ സ്വയം ജീവനൊടുക്കി തുടങ്ങി..
ഒടുവിലാണ് തമ്പ്രാട്ടിയുടെ കോപമാണെന്ന് അറിഞ്ഞത് തന്നെ…
ഇവിടത്തെ അച്ഛനും നാട്ടുകാരും കൂടിയാണ് വീണ്ടും അമ്പലം പുനരുദ്ധാരണം ചെയ്ത് ഉത്സവം കൊണ്ടാടിത്തുടങ്ങിയത്… പതിയെ മാറ്റങ്ങൾ കണ്ടുതുടങ്ങി..
ഇപ്പൊ എല്ലാവർഷവും എല്ലാവരും ചേർന്ന് ഉത്സവം നടത്തും.. ജാതിയും മതവും നോക്കാതെ എല്ലാവരും വരും.. “രാത്രി ഉറങ്ങാൻ നേരത്താണ് പത്മാവതിയമ്മ സൈറയോട് കാവിനെപ്പറ്റി പറഞ്ഞത്..
സൈറ ശ്രദ്ധയോടെ കേട്ടു കിടന്നു.. പതിയെ കണ്ണുകളടഞ്ഞു..

“നാളെ രാവിലെ നേരത്തെ സൈറയെ കുളിപ്പിക്കണം ചന്ദ്രിയമ്മേ.. അമ്പലത്തിലേക്ക് അവളെക്കൂടി കൊണ്ടുപോവാം…” ചന്ദ്രിയമ്മ സൈറക്കുള്ള വെള്ളവുമായി വന്നപ്പോഴാണ് കേശുവത് പറഞ്ഞത്..

“കുട്ടിക്ക് വയ്യാത്തതല്ലേ കേശൂട്ടാ… ഇത്തവണ
ഞാനും കുട്ടിയും കൂടി ഇവിടിരുന്നോളാം…” കേട്ടപാടെ പത്മാവതിയമ്മയുടെ മറുപടി വന്നു..

“അത് വേണ്ട.. ഞാനും സൈറ മോളും കൂടി ഇവിടിരുന്നോളാം… അമ്മയും കേശൂട്ടനും
പോയിട്ട് വാ..” ചന്ദ്രിയമ്മയാണ്..

സൈറക്ക് വേണ്ടിയാണ് ഇതെല്ലാം എന്ന് പറയാനും വയ്യ… കേശുവാകെ വിഷമത്തിലായി..
“സൈറയെ കൊണ്ടു പോവുന്ന കാര്യമൊക്കെ ഞാനേറ്റു.. രണ്ടാളും പോവാൻ റെഡിയായിക്കോ.. ഇനി തർക്കം വേണ്ട.. “കേശു വേഗം തന്നെ പറഞ്ഞു..
അമ്മമ്മ വീണ്ടും എന്തോ പറയാൻ വന്നതും നല്ല ക്ഷീണമുണ്ടെന്ന് പറഞ്ഞവൻ എഴുന്നേറ്റ് നടന്നിരുന്നു..

രാവിലെ സൈറ കണ്ണു തുറക്കുമ്പോൾ കേശു അടുത്തിരിക്കുന്നുണ്ട്..
“ഞാനിന്ന് വൈകിയോ?” അവൾ വേഗം ക്ലോക്കിലേക്ക് നോക്കി.. വൈകിയിട്ടില്ലല്ലോ ആറ് മണി കഴിഞ്ഞിട്ടേയുള്ളൂ.. ഇപ്പൊ അധികവും ഏഴുമണിയൊക്കെയാവും എഴുന്നേൽക്കാൻ..

“അമ്പലത്തിൽ പോവാനുള്ളതല്ലേ അതാ ഞാൻ നേരത്തെ വന്നത്..” സൈറയുടെ ഭാവം കണ്ട് കേശു പറഞ്ഞു..

” ഞാനോ? ”

“ഉം… താനും.. തനിക്കിഷ്ടമല്ലേ ഉത്സവത്തിന് പോവാൻ?”

“ഇഷ്ടാണ്..പക്ഷേ… ”

“പക്ഷേയില്ല… നമ്മള് പോവുന്നു.. ക്ഷീണം തോന്നിയാൽ ഇങ്ങ് പോരാം.അത് പോരെ?”
കേശുവിൻ്റെ ചോദ്യത്തിന്ചിരിയോടെ തലയാട്ടി സൈറ..

പിന്നെയെല്ലാം വേഗത്തിലായിരുന്നു..
ചന്ദ്രിയമ്മ കുളിപ്പിച്ചു കഴിഞ്ഞപ്പോഴാണ് ഡ്രസ്സിൻ്റെ കാര്യം ഓർമ്മ വന്നത്…വീട്ടിലിപ്പോൾ അയഞ്ഞ നൈറ്റിയാണ് വേഷം..
ഒടുവിൽ ലൂസുള്ളൊരു പാൻ്റും ബനിയനും ഇടീപ്പിച്ചു കൊടുത്തു..

താമ്പ്രാട്ടിക്കാവിലേക്ക് നടക്കാനുള്ള ദൂരമേയുള്ളുവെങ്കിലും സൈറയുള്ളത് കൊണ്ട് കേശു കാറെടുത്തു. സൈറയെ അമ്മമ്മക്കരുകിൽ ഇരുത്തിയ ശേഷം വീൽച്ചെയറും എടുത്ത് ഡിക്കിയിൽ വെച്ചു.. ഉച്ചക്കത്തേക്ക് സൈറക്കുള്ള
മരുന്നുകൾ ചന്ദ്രിയമ്മ എടുത്തു വെച്ചു..

റോഡിലൂടെ ഒരു വളവ് തിരിഞ്ഞ് ഇടവഴികടന്ന്
കാറ് നിന്നു..

“കുറച്ചൂടി മുന്നോട്ടെടുത്തോ.. “സാമിൻ്റെ സ്വരം കേട്ടു… കേശു വണ്ടി ഒന്നുകൂടി മുൻപിലേക്കിട്ടു..
സാം വന്ന് ഡോറ് തുറന്ന് പിടിച്ചതും പത്മാവതിയമ്മ ഇറങ്ങി.. കേശു കുനിഞ്ഞ് വന്ന് സൈറയെ എടുത്തു.. സാമാണ് വീൽചെയർ എടുത്തത്.. വണ്ടിയിൽ നിന്നും ഇറങ്ങിയപ്പോഴാണ് ഒരു കുന്നിന് താഴെയാണ് നിൽക്കുന്നതെന്ന് സൈറക്ക് മനസിലായത്.. ചെറിയ സ്റ്റെപ്പുകൾ വെട്ടിയിട്ടുണ്ട്..

“പതിയെ വന്നാ മതീട്ടോ.. ഞങ്ങള് മുന്നിൽ പോവാണേ.. ” പത്മാവതിയമ്മയോട് പറഞ്ഞു കൊണ്ട് കേശു സൈറയെ ഒന്നു കൂടി ഉയർത്തി ചേർത്ത് പിടിച്ച് നടന്നു തുടങ്ങി…

“സൈറക്കൊച്ചേ… ആ കൈയ്യൊന്ന് കഴുത്തിലൂടെ പിടിച്ചോ.. അപ്പൊ എടുക്കാനൊരു എളുപ്പം കിട്ടും..” പിന്നിൽ നിന്നും സാം പറഞ്ഞപ്പോൾ സൈറ
കേശുവിൻ്റെ കഴുത്തിലൂടെ വലത്തേ കൈയ്യിട്ടു..
കേശുവിൻ്റെ മുഖത്ത് നേർത്ത ചിരിയുണ്ട്…
പകുതിയായപ്പോഴേക്കും കേശു ശ്വാസം മുട്ടലോടെ കേശു അണച്ചു തുടങ്ങിയിരുന്നു..

“ഡാ.. എൻ്റെ കൊച്ചിനെ താഴെയിടല്ലേട്ടോ..” സാം പറയുന്നത് കേട്ട് സൈറ ചിരിച്ചു..
ഒടുവിൽ മുകളിലെത്തിയപ്പോഴേക്കും സാം വീൽചെയർ മുന്നിൽ വെച്ചു… കേശു സൈറയെ അതിലിരുത്തി..

“ഡാ… വെള്ളം വേണോ?” കിതപ്പോടെ ശ്വാസമെടുക്കുന്നവനെ നോക്കി കളിയാക്കി സാം..
“പോടാ…”കേശു അവന് നേരെ കൈയ്യോങ്ങിക്കൊണ്ട് വീൽചെയർ ഉരുട്ടാൻ തുടങ്ങി.. സൈറയൊന്ന് തല ചെരിച്ച് കേശുവിനെ നോക്കിയപ്പോൾ അവനൊന്ന് കണ്ണ് ചിമ്മിക്കാണിച്ചു.. ചുണ്ടിൽ നിറഞ്ഞ ചിരിയുണ്ട്..

“നീ ക്ഷീണിച്ചതല്ലേ.. ഇനി ഞാൻ നോക്കാടാ..” സാം വീൽ ചെയറിൽ പിടിച്ചതും ആ കൈക്കിട്ടൊരു തട്ടു കൊടുത്തു കേശു..

സൈറയാ അമ്പലം നോക്കിക്കാണുകയായിരുന്നു..
കുന്നിൻ്റെ മുകളിൽ നിറയെ മരങ്ങൾക്കിടയിൽ ഒരു കാവ്..മനസ്സിന് കുളിർമ്മയേകുന്ന അന്തരീക്ഷം..

സൈറയെക്കൂട്ടി ദേവിയുടെ മുന്നിൽ നിൽക്കുമ്പോൾ അന്ന് സൈറയെ ഓർത്ത് കരഞ്ഞു പോയ നിമിഷങ്ങൾ വീണ്ടും കേശുവിന് ഓർമ്മ വന്നു.. എന്തിനോ കണ്ണു നിറഞ്ഞു..

ദേവി തിരികെ തന്നവളെ ദേവിയുടെ മുന്നിൽ കൊണ്ടു വന്നിട്ടുണ്ടെന്ന് മനസ്സിൽ പറഞ്ഞു.. എന്നും എൻ്റെ കൂടെത്തന്നെ സൈറയുമുണ്ടാവണമെന്ന് പ്രാർത്ഥിച്ചു.. പൂജാരി നീട്ടിയ ചന്ദനം വാങ്ങി അവളുടെ നെറ്റിയിൽ തൊട്ടു കൊടുത്തു..

രാവിലെ കുട്ടിച്ചാത്തൻ തിറയും ഉച്ച കഴിഞ്ഞ് ദുർഗ്ഗാഭഗവതി തിറയും ഭദ്രകാളി തിറയുമുണ്ടെന്ന് അച്ഛമ്മ പറയുന്നത് കേട്ടു.. ഇതുവരെ കാണാത്ത കാഴ്ച്ചകൾ കാണാൻ സൈറക്ക് ഉത്സാഹമായിരുന്നു..

ചെണ്ടമേളങ്ങളുടെ അകമ്പടിയോടെ വേഷംകെട്ടി വരുന്ന കോമരങ്ങളെ കണ്ട് ശ്രദ്ധയോടെ തന്നെയിരുന്നവൾ… ചാടി മറിഞ്ഞും ഓടിയടുത്തും
ഒരു മണിക്കൂറോളം നേരമെടുത്തു കുട്ടിച്ചാത്തൻ തിറ കഴിയാൻ… ഒട്ടും മടുപ്പ് തോന്നിയതേയില്ല.. അവര് ചെയ്യുന്നതെന്താണെന്ന് സൈറക്ക് പറഞ്ഞ് മനസിലാക്കി കൊടുക്കുന്നുണ്ട് പത്മാവതിയമ്മ..
പിന്നെ കൽപ്പന കൊടുക്കലാണ്..എല്ലാവർക്കും അനുഗ്രഹം വാങ്ങാം..

കേശുവും സാമും ഭക്ഷണപ്പുരയിൽ തിരക്കിലാണെങ്കിലും ഇടക്ക് സൈറക്ക് എന്തെങ്കിലും ആവശ്യമുണ്ടോ എന്ന് ചോദിച്ച് വരും..

“ഭഗവതി തിറ കഴിഞ്ഞിട്ട് അനുഗ്രഹം വാങ്ങാട്ടോ.. അപ്പോഴേക്കും തിരക്കൊന്ന് കുറയും.. ” കേശു വന്നപ്പോൾ പറഞ്ഞിട്ട് പോയി..
ഉച്ചക്ക് അന്നദാനത്തിന് ശേഷമാണ് ദുർഗ്ഗാഭഗവതിയുടെ തിറ…

കുരുത്തോല കൊണ്ട് മുടിയുണ്ടാക്കി ചുവന്നവേഷത്തിൽ ആഭരണങ്ങളും മുല്ലപ്പൂമാലയുമണിഞ്ഞ് ദുർഗ്ഗവേഷം കെട്ടിയ ആൾക്കൊപ്പം വാദ്യക്കാരും നിരന്നു…
ദേവികുളിക്കുന്നതും ഒരുങ്ങുന്നതും കണ്ണാടിയിൽ തൻ്റെ രൂപം നോക്കി ഭംഗിയുണ്ടെന്ന് കാണിക്കുന്നതും സൈറ അത്ഭുതത്തോടെ നോക്കിയിരുന്നു.. ഇടക്കെല്ലാം ചുറ്റും ഓടി.. ഉയർന്നു ചാടി.. ചിലപ്പോഴോക്കെ കാഴ്ച്ചക്കാർക്കിടയിലേക്ക് ഓടിച്ചെന്നു… ചെണ്ടമേളത്തിനൊപ്പം ചുവട് വെച്ചു.. ദുർഗ്ഗ ഭഗവതി തിറ കഴിയുന്നത് വരെ അതിൽ ലയിച്ച് അനങ്ങാതിരുന്നു പോയി സൈറ…

“വാ കൽപ്പന കേൾക്കാം.. ” വീൽചെയർ നീങ്ങി തുടങ്ങിയപ്പോഴാണ് അടുത്ത് കേശു വേട്ടൻ ഉണ്ടായിരുന്നെന്ന് അറിഞ്ഞത് തന്നെ..
അമ്മമ്മയും ചന്ദ്രിയമ്മയും കൂടെ വന്നു..

തിരക്കെല്ലാം ഒഴിഞ്ഞപ്പോൾ കേശു അവളെ മുന്നിലേക്ക് നീക്കി നിർത്തി..
“എല്ലാവരെയും പേടിപ്പിച്ച് കളഞ്ഞല്ലേ.. ” സൈറയോട് ചോദിച്ചപ്പോൾ അവളൊന്ന് മൂളി..

“പക്ഷേ… കാത്തിരിക്കാനും പ്രാർത്ഥിക്കാനും ആളുകളുണ്ടല്ലോ ചുറ്റിനും… ദേവിയെ മനമുരുകി വിളിച്ചവനല്ലേ കൂടെയുള്ളത്..”ഭഗവതി രൂപം കെട്ടിയ ആളുടെ നോട്ടത്തിനൊപ്പം സൈറയുടെ കണ്ണുകളും കേശുവിലെത്തി..

“ദേവിയെ വിളിച്ചു പ്രാർത്ഥിച്ചു.. ദേവിയത് കേട്ടു തിരികെ തന്നില്ലേ.. അടുത്ത ഉത്സവത്തിന്
ആരോഗ്യത്തോടെ കൈ പിടിച്ച് ദേവീടെ മുന്നിൽ വരാൻ പറ്റും…” കേശുവിൻ്റെ തലയിൽ കൈവച്ച് അനുഗ്രഹിച്ചു.. സൈറയുടെയും…
പത്മാവതിയമ്മയും ചന്ദ്രിയമ്മയും എന്തൊക്കെയോ പറയുന്നുണ്ട്..
കേശു സൈറയെ കൂട്ടി തിരികെ വന്നു..
ദേവിയെ മനമുരുകി പ്രാർത്ഥിച്ചവനല്ലേ കൂടെയുള്ളത്..സൈറയുടെ മനസിലപ്പോൾ ആ വാക്കുകളായിരുന്നു..

സന്ധ്യയാവുമ്പോഴാണ് അടുത്ത തിറ തുടങ്ങുകയുള്ളൂ എന്നറിഞ്ഞപ്പോൾ കേശു സൈറയെയും ചന്ദ്രിയമ്മയെയും വീട്ടിലേക്കാക്കി..

“കുറച്ച് നേരം കിടന്നോട്ടോ..ഇന്ന് ഒരേ ഇരിപ്പായിരുന്നില്ലേ.. അപ്പോഴേക്കും അമ്മമ്മയേം കൂട്ടി വരാം.. ” സൈറയെ കട്ടിലിലേക്ക്
കിടത്തിക്കൊണ്ട് കേശുപറഞ്ഞു..

“ഇപ്പോഴും എന്നെ ഇഷ്ടാണോ?” സൈറ പെട്ടന്ന് ചോദിച്ചു.. കേശു ചിരിച്ചു..

“ആദ്യത്തേതിനേക്കാൾ കൂടുതൽ… ”

“നാളെ നമുക്കൊന്ന് പുറത്ത് പോവാം.. എനിക്ക് സംസാരിക്കാനുണ്ട്.. ” സൈറയവനെ നോക്കി..

“പോവാം.. ഇപ്പൊ ഒന്നുറങ്ങിക്കോട്ടോ..” അവളുടെ കൈക്ക് മേലെ കൈ ചേർത്ത് വെച്ചവൻ..
പിന്നെ പുറത്തേക്ക് നടന്നു..

തുടരും..