22/04/2026

സൈരന്ദ്രി : ഭാഗം 24

രചന – രജിഷ അജയ്ഘോഷ്

 

“നീ വാ.. നമുക്ക് പോവാം.. ” കേശു വേഗം എഴുന്നേറ്റു.. കൂടെ സൈറയും..

“എനിക്കറിയാം കേശുവേട്ടന് എന്നെ ഇഷ്ടമാണെന്ന്…”
കേശുവിൻ്റെ കാലുകൾ നിശ്ചലമായി..
“സൈറാ… ഞാൻ…”

“ഇത്രേയുള്ളോ മാണിക്യമംഗലത്തെ ആദികേശ്… ഒരു പെണ്ണിനെ ഇഷ്ടമാണെന്ന് പറയാനുള്ള ധൈര്യം കൂടെയില്ലല്ലേ.. അയ്യേ… അയയ്യേ….”
സൈറ ഉറക്കെച്ചിരിച്ചു..
കേശുവിന് ദേഷ്യമാണ് വന്നത്..

“സൈറാ വേണ്ടാ…. ” അവൻ ശബ്ദമുയർത്തി..

“ഞാനിനിയും പറയും… പേടിത്തൊണ്ടനാ നിങ്ങള്..
അത് കൊണ്ടല്ലേ ഈ ഒളിച്ചുകളി…
ഞാൻ കരുതീത് കേശു നല്ല ചുണക്കുട്ടിയാന്നാ..
ഇതെവിടെ.. ” ഉറക്കെ വിളിച്ചു പറഞ്ഞ് കൊണ്ടവൾ ഓടിയപ്പോൾ പിന്നിൽ ദേഷ്യത്തോടെ അവനുണ്ടായിരുന്നു…

സൈറ ഇടക്കൊന്ന് തിരിഞ്ഞ് നോക്കിയപ്പോൾ പിന്നിലവനുണ്ട്.. ഈശ്വരാ… പിന്നിൽത്തന്നെയുണ്ടല്ലോ.. ഓട്ടത്തിന് സ്പീഡ് കൂട്ടിയതേ ഓർമ്മയുള്ളൂ..
വരമ്പിൽ നിന്നും താഴേക്ക് കാലൊന്ന് തെന്നി…
ദാ.. കിടക്കുന്നു കൊയ്ത്ത് കഴിഞ്ഞ പാടത്ത്..
ശ്ശൊ.. ഇത് ചതിയായിപ്പോയി..

മുന്നിലേക്ക് നീണ്ട കേശുവിൻ്റെ കൈയ്യിൽ പിടിച്ച് സൈറ എഴുന്നേറ്റു.. കാലൊന്നു കുടഞ്ഞ് നോക്കി.. ഭാഗ്യം കുഴപ്പമൊന്നുമില്ല..

“അല്ല നീയെന്തൊക്കെയാ പറഞ്ഞത് എനിക്ക് ധൈര്യമില്ലല്ലേ.. പേടിത്തൊണ്ടനാണല്ലേ.. ”
കേശു ചോദിച്ചപ്പോഴാണ് ദൈവമേ പെട്ടല്ലോ എന്ന് ഓർത്തത്.. തോറ്റുകൊടുക്കാൻ പറ്റില്ലല്ലോ..

“അതെ… ഞാനിപ്പോഴും പറയുന്നു താനൊരു പേടിത്തൊണ്ടനാന്ന്…” സൈറ പറഞ്ഞു തീരും മുന്നേ കേശു അവളെ വലിച്ച് തൻ്റെ നെഞ്ചിൽ ചേർത്തിരുന്നു..
“ഇപ്പഴോ… ”
അപ്രതീക്ഷിതമായതിനാൽ സൈറയൊന്ന് ഞെട്ടി..

“ഇഷ്ടാണ് സൈറാ… ഒരുപാട് ഒരുപാട്…
ദാ ഇങ്ങനെ എന്നും ചേർത്ത് പിടിച്ചോളാം..
നിൻ്റെ കുറുമ്പുകൾക്ക് കൂടെ കൂടിക്കോളാം..
നിൻ്റെ ചിരി കണ്ട് മതിമറന്ന് നിന്നോളാം..
കാത്തിരുന്നോട്ടെ ഞാൻ….” അവളുടെ കാതോരം അത്രമേൽ മൃദുലമായി ചോദിച്ചവൻ..
സൈറ ഉറക്കെ പൊട്ടിച്ചിരിച്ചു…

“കഴിഞ്ഞോ സാഹിത്യം… എന്നാലേ ഈ കൈയ്യൊന്നെടുത്താ എനിക്ക് പോവായിരുന്നു..
ഇനി കേശുവേട്ടൻ്റെയും ശാലൂൻ്റെയും കല്യാണത്തിന് വരാം..” ചിരിക്കിടയിൽ തന്നെ തള്ളിമാറ്റാൻ ശ്രമിച്ചു കൊണ്ടവൾ പറഞ്ഞപ്പോൾ കേശുവിൻ്റെ മുഖം വാടി.. അവളെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ച കൈകൾ അയഞ്ഞു..

സമയമായെന്ന് പറഞ്ഞ് തിരക്കുകൂട്ടിയവൾ നടന്നകലുമ്പോൾ നിരാശയോടെ നോക്കി നിന്നു..

” പോയിട്ട് വരാട്ടോ..” എല്ലാവരോടും യാത്ര പറഞ്ഞിറങ്ങുമ്പോൾ കണ്ടു ഗേറ്റ് കടന്ന് വരുന്ന കേശുവിനെ…
വലിയ ബാഗെടുത്ത് തോളിലിട്ട് ഷൂസിൻ്റെലൈസ് ഒന്നുകൂടെ കെട്ടി…

“എത്തിയാ വിളിക്കണം ട്ടോ… സൂക്ഷിച്ച് പോണം..”
അച്ഛമ്മ മുഖത്തൂടെ തലോടുന്നുണ്ട്..
ആ ചുളിവു വീണ കവിളിലേക്ക് ഒന്നൂടി ചുണ്ടു ചേർത്തു സൈറ…

“അപ്പൊ ഇനി കല്യാണത്തിന് കാണാട്ടോ
കേശുവേട്ടാ….” കേശുവിനോട് ചിരിയോടെ പറഞ്ഞു.. നിർവികാരതയോടെ തലയാട്ടുന്നവനെ
പെട്ടന്ന് ഒന്ന് പുണർന്നു സൈറ..
എന്താണ് സംഭവിച്ചതെന്ന് കേശു മനസിലാക്കും മുന്നേ അവൾ അകന്ന് മാറി..
“മിസ് യൂ….” കാതോരം പറഞ്ഞു കൊണ്ട് വേഗം ബുള്ളറ്റിൽ കയറി സ്റ്റാർട്ട് ചെയ്തു..
കുടുകുടു ശബ്ദത്തോടെയാ ബുള്ളറ്റ് ഗേറ്റുംകടന്നു പോയി..

കാറ്റ്പോലെ വന്ന് ചേർത്ത് പിടിച്ച് പെട്ടന്നവൾ പോയപ്പോൾ എല്ലാം മായപോലെ തോന്നി
കേശുവിന്…
മിസ് യൂ… കാതിൽ അവളുടെ ശബ്ദം മാത്രം..

❤❤

“സൈറാ…. ” തന്നെ മുറുക്കിപ്പിടിച്ചവളെ മാറ്റാൻ ശ്രമിക്കുന്നുണ്ട് നാദിറ.. എവിടെ ഉടുമ്പിനെപ്പോലെ അള്ളിപ്പിടിച്ചിരിക്കുവാണ് പെണ്ണ്..

“ഡീ.. മാറെടി… എനിക്ക് ശ്വാസം മുട്ടുന്നു.. എന്താ കാര്യമെന്ന് പറയ് നമുക്ക് പരിഹാരമുണ്ടാക്കാം..” നാദി വീണ്ടും പറയുന്നുണ്ട്..
വന്നപ്പോൾ മുതൽ ഒരേ ഇരിപ്പാണവൾ തന്നെ ശ്വാസം വിടാനനുവദിക്കാതെ..

” സൈറാ… പൊന്നുമോളെ.. ഞാനൊന്ന്
റെഡിയാവട്ടേടി… ” കെഞ്ചിയപ്പോൾ ഇഷടപ്പെടാത്ത മട്ടിൽ കൈയ്യയച്ച് നേരെയിരുന്നു..

“ഇനി പറ… എന്താ നിൻ്റെ പ്രശ്നം.. ”

“ഒന്നൂല്ല.. “കൊച്ചു കുട്ടികളെപ്പോടെ മുഖം തിരിച്ചു കളഞ്ഞവൾ…

“ഞാനാരോടും അധികം അടുക്കില്ല.. എൻ്റെ ലക്ഷ്യം കഴിഞ്ഞാൽ ഉടനെ മടങ്ങും..ഈ നാടുമായി ഒരു ബന്ധവും ആഗ്രഹിക്കുന്നില്ല എന്നൊക്കെ പറഞ്ഞ് വന്നവളാ… ഇപ്പൊ അവിടെയാണ് നിൻ്റെ മനസ്സ് മുഴുവൻ.. അവിടം വിട്ട് പോന്നതിൻ്റെ സങ്കടമല്ലേ ഈ കാണിക്കുന്നത്..”നാദി സൈറയുടെ മുഖം പിടിച്ചു തനിക്കു നേരെ തിരിച്ചു.. വാടിയ മുഖത്ത് തൻ്റെ ചുണ്ടു ചേർത്തു..
സൈറ നാദിയെ കെട്ടിപ്പിടിച്ചു.. അവളുടെ
സങ്കടം തൻ്റെ തോളിലെ നനവിലൂടെ
നാദിയറിഞ്ഞു..

“ഇത്രക്കും സങ്കടമാണെങ്കിൽ നിനക്കവിടുത്തെ
ആ പയ്യനെക്കെട്ടി അവിടെക്കൂടിയാ മതിയായിരുന്നല്ലോ… ഇത് ഒരുമാതിരി പട്ടി മോങ്ങുന്ന പോലെ ഇരുന്നു മോങ്ങുന്നു..” നാദി ദേഷ്യത്തോടെ പറഞ്ഞു..

“കേശുവേട്ടന് എന്നെ ഇഷ്ടാണ് നാദീ…
ഞാൻ പോവുവാന്ന് പറഞ്ഞപ്പോൾ മുതൽ ആ മുഖത്ത് മുഴുവൻ സങ്കടമായിരുന്നു.. ”

നാദിയൊന്ന് ഞെട്ടി… അവളുടെ കണ്ണ് നിറഞ്ഞപ്പോൾ ദേഷ്യപ്പെട്ട് പറഞ്ഞതാണ്..

“അപ്പൊ നിനക്കോ?അങ്ങേരെ വിട്ടു വന്നതിനാണോ നിനക്കിത്ര സങ്കടം ?…” നാദി ഒറ്റ ശ്വാസത്തിൽ ചോദിച്ചു..

“ഒന്ന് പോടീ… എനിക്കിഷ്ടമൊന്നുമില്ല..
പെട്ടന്ന് അച്ഛമ്മയെ പിരിഞ്ഞതിൻ്റെ ഒരു വിഷമം അത്രേയുള്ളൂ..
ഹൊ…നല്ല വിശപ്പ്.. ഞാനൊന്ന് ഉമ്മയെ കണ്ടിട്ട് വരാമേ.. ” സൈറയെഴുന്നേറ്റ് അടുക്കളയിലേക്ക് നടന്നു..

“ഡീ… ആ മുഖമൊന്ന് നോക്കട്ടെ… എന്തോ കള്ളത്തരമുള്ള ലക്ഷണമുണ്ടല്ലോ.. “നാദി പിന്നിൽ നിന്നും ഉറക്കെ വിളിച്ച് പറയുന്നുണ്ട്..

“വിശപ്പിൻ്റെയാ..വയറു നിറഞ്ഞാ മാറിക്കോളും.. ”

“ഉം.. ഉം… ” നാദിമൂളിക്കൊണ്ട് കൊണ്ടുപോവാനുള്ളതെല്ലാം പാക്ക് ചെയ്ത് തുടങ്ങി..

നാദിയുടെ ഉമ്മ നെയ്ച്ചോറും കുറുമയും ഉണ്ടാക്കി വെച്ചത് സ്വാദോടെ തന്നെ കഴിച്ചു.. നാദിയെ കാണാൻ വരുമ്പോഴുള്ള പരിചയമാണ് ഉപ്പയെയും ഉമ്മയെയും..

രാവിലെ ഒമ്പതിനാണ് ട്രെയിനെങ്കിലും രാത്രി പത്തിനാണ് ട്രെയിനെന്നും പറഞ്ഞാണ് അവിടെ നിന്നും ഇറങ്ങിയത്..
ബുള്ളറ്റിൽ കോഴിക്കോട് വരെ.. അവിടെ നാദിയുടെ ഒരു ഫ്രണ്ടിനെ ബുള്ളറ്റ് ഏൽപ്പിച്ച്
ട്രെയിനിൽ ബാംഗ്ലൂർ വരെ.. പിന്നെ ബാംഗ്ലൂരിൽ നിന്നും കുറച്ച് ഫ്രണ്ട്സുണ്ട് അവരുമൊത്ത് മാറിക്കയറി വേണം ജമ്മുവിലെത്താൻ…

“നിനക്ക് വഴി ഓർമ്മയുണ്ടോ സൈറാ..” പിന്നിലിരുന്ന നാദി ഇടക്കൊന്ന് സൈറയെ തോണ്ടി.

“ആ വഴിയങ്ങനെ മറക്കാൻ പറ്റില്ലല്ലോ.. ”

സൈറയുടെ ബുള്ളറ്റങ്ങനെ ചീറിപ്പാഞ്ഞ് ദേവരാജൻ്റെ വീടിനു മുന്നിലൂടെ പാഞ്ഞു..

“ഗേറ്റ് പൂട്ടിയിരിക്കുകയാണല്ലോ..”നാദി നിരാശയോടെ സൈറയെ നോക്കി..
കുറച്ചപ്പുറത്ത് മാറി വണ്ടിയൊതുക്കി നിർത്തിയിട്ട് രണ്ടാളും ഗേറ്റിനരികിൽ വന്നു നോക്കുമ്പോൾ
പുറത്ത് നിന്നും പൂട്ടിയിട്ടുണ്ട്..
ഛെ… സൈറ മുഷ്ടി ചുരുട്ടി ഗേറ്റിലൊന്ന് ഇടിച്ചു..

“നീ ടെൻഷനാവാതെ നമുക്ക് വെയ്റ്റ് ചെയ്യാം.. ”
നാദിയവളെക്കൂട്ടി തിരികെ നടന്നു…
ആ പരിസരത്ത് നിൽക്കുന്നത് ആളുകൾ ശ്രദ്ധിക്കുമെന്ന് തോന്നിയപ്പോൾ വണ്ടിയെടുത്ത്
കുറച്ചധികം ദൂരം പോയി..

പത്തുമണി കഴിഞ്ഞാണ് തിരികെ വീണ്ടും വന്നത്..
ദേവരാജൻ്റെ വീടിൻ്റെ ഗേറ്റ് അപ്പോഴും അടഞ്ഞു തന്നെ കിടന്നു..
സൈറയുടെ മുഖത്ത് നിരാശയായിരുന്നു..

“നാദീ… വീണ്ടും ഞാൻ തോറ്റുപോവുമോ?”

“ഇന്നല്ലെങ്കിൽ ഇനിയൊരു നാൾ അയാൾക്കുള്ളത് നമ്മൾ കൊടുത്തിരിക്കും.. നീ വിഷമിക്കാതെ.. ”
നാദി സൈറക്ക് ധൈര്യം പകർന്നു..
കുറച്ച് സമയം കൂടി കഴിഞ്ഞപ്പോൾ ദേവരാജൻ്റെ കാറ് വരുന്നതും ഗേറ്റിനരികിൽ നിർത്തി അയാൾ ഇറങ്ങി ഗേറ്റ് തുറക്കുന്നതും കണ്ടു..

“നാദീ അയാള് വന്നു… ”

“ഉം…നീ വാ…” ചെറിയൊരു ബാഗെടുത്ത് തോളത്തിട്ടു കൊണ്ട് നാദി പതുങ്ങി നടന്നു..ഒപ്പം സൈറയും..
ദേവരാജൻ ഗേറ്റ് തുറന്ന് വെച്ചിട്ട് കാർ പാർക്ക് ചെയ്യാൻ പോയ സമയത്ത് ശബ്ദമുണ്ടാക്കാതെ രണ്ടാളും അകത്ത് കയറി ഒളിച്ചു നിന്നു..

“സൈറാ ദൈവം നമ്മുടെ കൂടെയാ.. അയാള് തനിച്ചേയുള്ളൂ.. “നാദി പറഞ്ഞത് ശരിയാണെന്ന് സൈറക്കും തോന്നി..

“ബാൽക്കണി വഴി അകത്ത് കയറാം നീ വാ.. ” സൈറ നാദിയെ പിടിച്ച് സൈഡിലേക്ക് നടന്നു..
ഒരിക്കൽ ഇതുവഴി കയറിയത് കൊണ്ട് എളുപ്പമാണ്..
ദേവരാജൻ അകത്ത് കയറി വാതിലടച്ച് തൻ്റെ മുറിയിലേക്ക് വന്ന് വേഷം മാറി ഫ്രഷാവാൻ കയറുന്നത് വരെ ബാൽക്കണിയിൽ ഒതുങ്ങി നിന്നു..

ബാഗിൽ കരുതിയ ചെറിയ കമ്പി മുകളിലെ ഹോളിലൂടെയിട്ട് ബാൽക്കണിവാതിൽ തുറന്നു.. പൂട്ടിയിട്ടില്ലാത്തത് കൊണ്ട് കാര്യങ്ങൾ എളുപ്പമായിരുന്നു.. ശബ്ദമുണ്ടാക്കാതെ അകത്ത് കയറി ആവലിയ റൂമിൽ അയാൾ കാണാത്ത വിധം ഒളിച്ചിരുന്നു..

നേരം ഏറെ വൈകിയതിനാലാവാം ഫ്രഷായി വന്ന ദേവരാജൻ നേരെ ബെഡ്ഡിൽ വന്ന് കിടന്നു..
കുറച്ച് നേരം തിരിഞ്ഞു മറിഞ്ഞും കിടന്ന അയാൾ ഉറങ്ങുന്നത് വരെ നാദിയും സൈറയും ശ്വാസം പിടിച്ചിരുന്നു..

ദേവരാജൻ ഉറങ്ങിയെന്ന് ഉറപ്പായപ്പോൾ നാദി ബാഗിൽ കരുതിയ ഒരു സ്പ്രേയെടുത്ത് അയാളുടെ മുഖത്തേക്കടിച്ചു… അയാളൊന്ന് അനങ്ങിയിട്ട് കിടന്നു…

“ഇനി തുടങ്ങാം.. “നാദി കൈയ്യുയർത്തി കാണിച്ചു.. ലൈറ്റിട്ടശേഷം ദേവരാജൻ്റെ വസ്ത്രകളെല്ലാം ഊരിമാറ്റി സൈറ…
ബാഗു തുറന്ന് മയമുള്ള തുണിയെടുത്ത് അയാളുടെ കൈകളും കാലുകളും കട്ടിലിൽ ചേർത്ത് കെട്ടി.. കയറിൽ കെട്ടിയാൽ അയാൾ ബലം പിടിച്ചാൽ പാടുകൾ വീഴും..
നാദിയപ്പോൾ സിറിഞ്ചിലേക്ക് മരുന്ന് നിറക്കുന്ന തിരക്കിലാണ്..

“ഓകെ… “നാദി പറഞ്ഞപ്പോൾ സൈറ ചിരിച്ചു..
ബന്ധനസ്ഥനായിക്കിടക്കുന്ന ദേവരാജനെ കണ്ട്
അവളൊന്ന് കണ്ണടച്ചു..
ഇരുട്ടിൽ പിടഞ്ഞ പത്ത് വയസുകാരിയെ ഓർമ്മ വന്നു… അയാൾ ഞെരിച്ചുടച്ച മാറിടങ്ങളിൽ അറിയാതെ കൈവച്ചുപോയി..
തനനുഭവിച്ച ആ വേദനകളെ കനലാക്കി ഊതിപ്പെരുപ്പിച്ച് ദേവരാജൻ്റെ കാലുകൾക്കിടയിലേക്ക് തൻ്റെ കാലു വെച്ച് ചവിട്ടി ഞെരിച്ചു സൈറ…

“ആ…. ” ഉറക്കത്തിനിടയിലും ദേവരാജൻ വലിയ ശബ്ദത്തോടെ ചാടിയെഴുന്നേൽക്കാൻ ശ്രമിച്ചു..
കൈകളും കാലുകളും അനക്കാനാവാതെ എന്താണ് സംഭവിച്ചതെന്നറിയാതെ നോക്കിയ അയാൾ കണ്ടത് സൈറയെയാണ്..
ഭയത്തോടെ അതിലേറെ വേദനയോടെ അയാൾ കണ്ണു മിഴിച്ചു..

സൈറ കാലൊന്നു കൂടി അമർത്തി..

“വേണ്ട…” അയാൾ ഞെരങ്ങി..

“അങ്ങനെ പറയല്ലേ… ഞാനീ ദിവസത്തിനു വേണ്ടി കാത്തിരുന്ന് വന്നതല്ലേ.. ” സൈറ ഒരീണത്തിൽ പറഞ്ഞു.. പിന്നെ പതിയെ ചിരിച്ചു…
അവളുടെ കണ്ണിലെ പകയിൽ താൻ ഇല്ലാതാവുന്നത് അയാളറിഞ്ഞു..
വേദന കൊണ്ട് ഉറക്കെക്കരഞ്ഞപ്പോൾ
തുണി തിരുകികൊണ്ടവൾ അയാളുടെ വായടച്ചു..

“ഇങ്ങനെയല്ലേ നീയെൻ്റെ വായടച്ചത്.. ” സൈറയുടെ സ്വരം ഉയർന്നു..

“ഇന്ന് എൻ്റെ ദിവസമാണ ദേവരാജാ… ഞാൻ നിനക്ക് ശിക്ഷ വിധിക്കുന്ന ദിവസം.. നിന്നെ ഞാൻ കൊല്ലില്ലാട്ടോ… മരണം നിനക്കുള്ള കുറഞ്ഞ ശിക്ഷയായിപ്പോവും…
ഇനിയുള്ള കാലം നീയൊരു പുഴുവിനെപ്പോലെ ജീവിക്കണം..
ശബ്ദിക്കാനാവാതെ…
ഒന്നനങ്ങാൻ പോലുമാവാതെ ചെയ്ത് പോയ തെറ്റോർത്ത് നീറി നീറി ജീവിക്കണം…
അതാണ് ഞാൻ തരുന്ന ശിക്ഷ…” ഉറപ്പോടെ പറഞ്ഞവൾ..

“നാദീ…..” സൈറ വിളിച്ചതും നാദി തൻ്റെ കയ്യിലെ സിറിഞ്ചവൾക്ക് നേരെ നീട്ടിയിരുന്നു..

സൈറയത് വാങ്ങി ദേവരാജന് അരികിലെത്തി..
വേണ്ടെന്നയാൾ തലയനക്കുന്നുണ്ട്..
സൈറയത് ശ്രദ്ധിക്കാതെ അയാളുടെ കഴുത്തിലേക്ക്‌ തൻ്റെ കയ്യിലെ മരുന്ന് കുത്തിയിറക്കി.. വെപ്രാളത്തോടെ പിടയുന്ന ദേവരാജനെക്കണ്ട് പൊട്ടിച്ചിരിച്ചു..

അയാളുടെ ശരീരം വിയർത്തു.. വല്ലാത്തൊരു വിമ്മിഷ്ടത്തോടെ അയാൾ പിടഞ്ഞു.. കണ്ണുകൾ നിറഞ്ഞൊഴുകി..
ആ കാഴ്ച്ച തൻ്റെ മനസിലേക്ക് ആവാഹിച്ചെടുത്തവൾ… ഇനിയുള്ള കാലം അയാളാ കിടപ്പ് തുടരും…
ഒന്നുമറിയാത്ത കുഞ്ഞുങ്ങളെ പിച്ചിച്ചീന്തുന്നവരൊക്കെ ഇങ്ങനെ പിടയണം..
നരകിച്ച് ജീവിച്ച് തീർക്കണം…
ആത്മസംതൃപ്തിയോടെ കുറച്ചേറെ നേരം അയാളെ നോക്കി നിന്നശേഷം കെട്ടുകൾ അഴിച്ചെടുത്തു..
വായിലെ തുണി മാറ്റി.. രണ്ടാളും കൂടി വസ്ത്രങ്ങൾ
ഇടീപ്പിച്ചു.. കയ്യിലും കാലിലും പാടുകൾ ഒന്നുമില്ലെന്ന് ഉറപ്പു വരുത്തിയ ശേഷം തെളിവുകൾ ഒന്നും ബാക്കിയാക്കാതെ സൈറയും നാദിയും തിരികെയിറങ്ങി…

“ഇനി പോകാം…” നാദി ചോദിച്ചപ്പോൾ നിറഞ്ഞ ചിരിയോടെ സൈറയവളെ കെട്ടിപ്പിടിച്ചു..
“പോവാടി പെണ്ണേ.. ഇനി നമ്മുടെ നാടിന് വേണ്ടി പൊരുതാം..”

നാദിയാണ് ബുള്ളറ്റോടിച്ചത്.. സൈറയവളെ ചുറ്റിപ്പിടിച്ചിരുന്നു…

തുടരും…
( ദേവരാജനുള്ളത് കൊടുത്തിട്ടുണ്ട് ട്ടോ.. അങ്ങനെ സൈറയെ പറഞ്ഞു വിട്ടു☺)