18/04/2026

സൈരന്ദ്രി : ഭാഗം 19

രചന – രജിഷ അജയ്ഘോഷ്

“അതേയ്…കേശുവേട്ടാ…” പതിയെ വിളിച്ചു..

“ഉം… “കേശു മൂളി..

“കേശുവേട്ടനന്ന് ചോദിച്ചില്ലേ… പഠിത്തമൊക്കെ കഴിഞ്ഞിട്ട് ഇവിടെ ജോലി ചെയ്യാൻ പറ്റുമോന്ന്… പറ്റും… എനിക്ക് സമ്മതമാണ്..
നമ്മുടെ തറവാട്ടിൽ നിന്നു കൊണ്ട് ഇവിടെ അടുത്ത് ജോലി നോക്കാം.. എൻ്റെ കൂടെ കേശുവേട്ടൻ ഉണ്ടായാമതി.. “ശാലു ശാന്തമായി പറഞ്ഞു..

ഇത്തവണ കേശു ശരിക്കും ഞെട്ടി..
ശാലുവിൻ്റെ ഈ ഭാവം അവൻ പ്രതീക്ഷിച്ചിരുന്നില്ല..

“കേശുവേട്ടൻ എന്നോട് പിണങ്ങിയിരുന്നപ്പോഴാണ് ഞാനെത്രമാത്രം കേശുവേട്ടനെ സ്നേഹിച്ചിരുന്നു എന്ന് മനസിലായത്.. നമുക്കീ നാട് മതി.. പറഞ്ഞതിനൊക്കെ സോറീട്ടോ..” ശാലു കേശുവിൻ്റെ കൈയ്യിൽ പിടിച്ചു കൊണ്ട് ക്ഷമാപണം നടത്തി…
എല്ലാം അവസാനിപ്പിക്കാമെന്ന് കരുതിയിട്ട് ഈ പോക്ക് എവിടേക്കാണോ? കേശു
അന്തംവിട്ടിരിപ്പാണ്..

“അല്ലാ..നീ ശരിക്കും ആലോചിച്ചിട്ടാണോ?.. ” കേശു വീണ്ടും ചോദിച്ചു നോക്കി..

“ഞാൻ ആലോചിച്ചിട്ട് തന്നെയാ.. കേശുവേട്ടന് പിണക്കമൊന്നുമില്ലല്ലോ..” ശാലുവിൻ്റെ ചോദ്യത്തിന് യാന്ത്രികമായി ഇല്ലെന്ന് തലയാട്ടിയവൻ..

“എന്നാ.. വാ ചായ കുടിക്കാം..” ശാലു എഴുന്നേറ്റ് നടന്നിരുന്നു..

പിണക്കമൊന്നുമില്ല ശാലൂ… പക്ഷേ, പ്രണയവുമില്ല..കേശുവിൻ്റെ മനസ് മന്ത്രിച്ചു..

കണ്ണടച്ച് പിന്നിലേക്ക് ചാരിയിരുന്നവൻ..
കൺമുന്നിൽ സൈറയുടെ ചിരിക്കുന്ന മുഖം തെളിഞ്ഞു…
അവളുടെ കുറുമ്പുനിറഞ്ഞ കണ്ണുകളും കുസൃതികളും ഓർത്തതും അറിയാതെ ആ നിമിഷത്തിലും അവൻ്റെ ചുണ്ടിൽ ചിരി വിരിഞ്ഞു..

“ആഹാ.. ഇവിടിരുന്ന് തനിയെ ചിരിക്കുവാണോ?സ്വപ്നം കാണാൻ ഇനിയെത്ര സമയം കിടക്കുന്നെൻ്റെ കേശുവേട്ടാ..” ശാലു തന്നെ കാണാതെ തിരികെ വന്ന് പറഞ്ഞപ്പോഴാണ് കേശു കണ്ണു തുറന്നത്..
ശാലു കരുതിയത് അവളെയോർത്താണ് കേശു ചിരിച്ചതെന്നാണ്.. ഇതെവിടെ ചെന്ന് അവസാനിക്കുമോ എന്തോ.. കേശുവൊന്ന് നെടുവീർപ്പിട്ടു..

ശാലുവിനൊപ്പം ചെല്ലുമ്പോൾ ചിരിയോടെ ഇരിപ്പുണ്ട് മൂന്നാളും..
“ദാ വന്നല്ലോ രണ്ടും.. ഇത്രേയുള്ളൂ… ജീവിതമാവുമ്പോൾ പിണക്കങ്ങളൊക്കെ ഉണ്ടാവും. ഉള്ളുതുറന്നൊന്ന് സംസാരിച്ചാൽ തീരാവുന്ന പ്രശ്നങ്ങളേ ഉള്ളൂന്നേ… ഇനി വഴക്കിട്ടാൽ
രണ്ടാളും കൂടി തീർത്തോളണം.. ഞങ്ങളെ വിളിക്കണ്ട കേട്ടല്ലോ.. ” ഭാനുമതി ചിരിയോടെയാണ് പറഞ്ഞത്..
കേശു ചിരിക്കാൻ ശ്രമിച്ചു..
ശാലു നാണത്തോടെ തലയാട്ടി..

” ഇവളുടെ പഠിപ്പ് കഴിയാൻ ഒരു വർഷം കൂടിയുണ്ട്.. കല്യാണം എന്നിട്ട് നടത്താം.. നമുക്ക് നിശ്ചയം വേഗം നടത്തിയാലോ.. “ചായ കുടിക്കുന്നതിനിടയിൽ ദേവരാജൻ പറഞ്ഞു..

“എനിക്ക് സന്തോഷമേയുള്ളൂ.. എന്തായാലും തീരുമാനിച്ചതല്ലേ നിശ്ചയിച്ച് വെക്കാം..
അല്ലേ കേശു.. ” പത്മാവതിയമ്മ കേശുവിനെ നോക്കി..

“അത്.. ഇവൾടെ പഠിപ്പ് കഴിഞ്ഞിട്ട് മതീന്നാ.. ” പാതി പറഞ്ഞവൻ നിർത്തി..

“നിശ്ചയമല്ലേ നടത്തുന്നുള്ളൂ കേശൂ.. എന്തായാലും പണിക്കരെ കണ്ട് നല്ല ദിവസമൊന്ന്
നോക്കിക്കാം.. ” അവസാന വാക്കെന്നോണം പത്മാവതിയമ്മ പറഞ്ഞ് നിർത്തി..

“അതൊക്കെ ഞാൻ നോക്കീട്ട് വിളിക്കാം.. ” ദേവരാജൻ ഉത്സാഹത്തിലാണ്..

കേശുവാണെങ്കിൽ എന്ത് ചെയ്യുമെന്നറിയാതെ ഇരുന്നു പോയി..
ആദ്യം വിവാഹത്തിന്സമ്മതം പറഞ്ഞത് കൊണ്ട് പെട്ടന്ന് ഒന്നും പറയാൻ വയ്യ…
ശാലുവുമായി ഒത്തുപോവാനാവില്ലെന്ന് പറഞ്ഞൊഴിയാമെന്ന് കരുതിയതാണ്.. പക്ഷേ.. തൻ്റെ ഇഷ്ടങ്ങൾക്കൊപ്പം ജീവിക്കാൻ തയ്യാറാണെന്ന് അവളും സമ്മതിച്ചു കഴിഞ്ഞു..

“ഞാനും കൂടെ വരട്ടെ അച്ഛമ്മേ? ” ഇറങ്ങാൻ നേരമാണ് ശാലു ചോദിച്ചത്..

” ഇനീം ലീവെടുക്കാനോ?പഠിക്കാൻ പോണില്ലേ നീയ്യ്.. ” പത്മാവതിയമ്മ തിരിച്ചു ചോദിച്ചു..

“നാളെ രാവിലത്തെ ബസ്സിന് പോവാം.. ഇന്നൊരു ദിവസം അവിടെ നിക്കാലോ.. പ്ലീസ് അച്ഛമ്മേ.. ” ശാലു കൊഞ്ചി…

“ന്നാ വേഗം വാ.. ” അച്ഛമ്മ പറഞ്ഞതും അവൾ അകത്തേക്കോടി..
ഹൊ.. ഇനിയിതിൻ്റയൊരു കുറവേയുള്ളൂ..
കേശുവിന് ദേഷ്യമാണ് തോന്നിയത്..

ശാലുവിൻ്റെ പാക്കിങ്ങും ഒരുക്കവും കഴിഞ്ഞ് നേരം ഇരുട്ടിക്കഴിഞ്ഞാണ് അവിടന്ന് ഇറങ്ങിയത്.
അമ്മമ്മയോട് വാതോരാതെ ഓരോന്നു പറയുന്നുണ്ട് ശാലു.. ഇടക്ക് അല്ലേ കേശുവേട്ടാ.. എന്നൊരു ചോദ്യവും.. അതെയെന്നൊന്ന് മൂളും അത്രതന്നെ..

വീട്ടിലെത്തുമ്പോൾ ചന്ദ്രിയമ്മ പതിവ് സീരിയൽ കാണലാണ്.. സൈറയെ കണ്ടില്ല..
ശാലുവിനെ കണ്ടപ്പോൾ ചന്ദ്രിയമ്മ വിശേഷങ്ങൾ ചോദിക്കുന്നുണ്ട്..
നേരെ മുറിയിലേക്ക് നടക്കുന്നതിനിടയിൽ കേശു സൈറയുടെ മുറിയിലേക്ക് ഒന്ന് എത്തി നോക്കി..
അവളെ അവിടെയും കണ്ടില്ല..

വേഷംമാറി തിരികെ ഹാളിലെത്തി ചന്ദ്രിയമ്മയോട് ചോദിച്ചപ്പോൾ ബുള്ളറ്റെടുത്ത് പുറത്തേക്ക് പോയെന്നറിഞ്ഞു..
വീട്ടിലിരുന്നാൽ ശാലു പിന്നാലെ കൂടുമെന്നറിയാവുന്നത്കൊണ്ട് പുറത്തേക്കിറങ്ങി..
സൈറ സാമിൻ്റെ വീട്ടിലെങ്ങാൻ പോയതാവുമോ എന്ന് ചിന്തിച്ചാണ് അവിടേക്ക് പോയത്..

ഹാളിൽ സോഫയിൽ കിടന്ന് സാം ടീ വി കാണുന്നുണ്ട്.. അടുത്ത് സ്വെറ്ററും തൊപ്പിയുമിട്ട് പപ്പയും ഇരിക്കുന്നുണ്ട്..

“കേറി വാടാ..” സാം വിളിച്ചപ്പോൾ കയറിച്ചെന്ന് അവനൊപ്പം ഇരുന്നു..

“സൈറയെ ഇന്ന് കണ്ടതേയില്ലല്ലോ.. ആളവിടെ ഇല്ലെ?”സാം ചോദിച്ചപ്പോൾ അവളിവിടെയില്ലെന്ന് മനസിലായി..

“പുറത്തെവിടെയോ പോയതാ..”

“ഉം.. നീ വാ നമുക്ക് റൂമിലേക്കിരിക്കാം.. ” പപ്പയുടെ കയ്യിൽ റിമോട്ടും കൊടുത്ത് സാം നടന്നപ്പോൾ അവനൊപ്പം നടന്നു..

“എന്താടാ എന്തെങ്കിലും പ്രശ്നമുണ്ടോ?”സാമാണ്..

” ഇല്ലാന്ന് പറഞ്ഞാലത് കള്ളമാവും..” കേശു അലസമായി പറഞ്ഞു..

“എന്തു പറ്റി.. എന്താന്ന് വെച്ചാ പറയ്‌..” സാം വീണ്ടും ചോദിച്ചപ്പോഴാണ് ശാലുവിൻ്റെ കാര്യങ്ങൾ പറഞ്ഞത്.. അന്ന് വഴക്കിട്ടതും ഇന്ന് വീണ്ടും
സോറി പറഞ്ഞതും പറഞ്ഞു..

“ഇതിപ്പൊ പുലിവാലായല്ലോടാ.. ഇനിയിപ്പോ എന്ത് ചെയ്യും..” സാം ചോദിച്ചു..

“അറിയില്ലെടാ.. എന്തായാലും വരുന്നിടത്ത് വെച്ച് കാണാം..”

“നീ വെഷമിക്കാതെടാ.. എന്തേലും വഴിയുണ്ടാക്കാം.. “സാം അവനെ സമാധാനിപ്പിച്ചു..

“ശെരീടാ ഞാനിറങ്ങട്ടെ..” സാമിനോട് യാത്ര പറഞ്ഞിറങ്ങി.. വീട്ടിലെത്തിയതും നോക്കിയത് സൈറയുടെ വണ്ടിയാണ്…
ഇല്ല.. അവൾ വന്നിട്ടില്ല..
മണി പത്ത് കഴിഞ്ഞിരിക്കുന്നു.. ഇവിളതെവിടെ പോയതാണാവോ?

” കേശൂട്ടാ.. സൈറമോള് ഇതുവരെ വന്നില്ലല്ലോ.. കുട്ടീടെ നമ്പറിൽ വിളിച്ചിട്ടാണെങ്കിൽ എടുക്കുന്നുമില്ല.. ” അകത്തേക്ക് കയറിയതും ചന്ദ്രിയമ്മ ഓടിവന്നു.. പിന്നിൽ അമ്മമ്മയുമുണ്ട്..
അവൻ്റെ കയ്യിൽ സൈറയുടെ നമ്പറില്ലാത്തത് കൊണ്ട് അമ്മമ്മയുടെ ഫോണിൽ നിന്നും നമ്പറെടുത്ത് വിളിച്ചു നോക്കി.. ഫോണടിക്കുന്നുണ്ട്
എടുക്കുന്നില്ല…

” എന്നാലും എൻ്റെ ഭഗവതീ ഈ കുട്ടിയിതെവിടെ പോയതാണാവോ..” പത്മാവതിയമ്മ നെടുവീർപ്പിട്ടു..

“ഞാനൊന്നു നോക്കീട്ടു വരാം.. ” കേശു കാറിൻ്റെ കീയെടുത്ത് വേഗം പുറത്തിറങ്ങി..
കാറെടുക്കാൻ തുടങ്ങുമ്പോഴാണ് സൈറയുടെ ബുള്ളറ്റ് ഗേറ്റ് കടന്ന് വന്നത്..

വണ്ടി നിർത്തിയ സൈറ ഉമ്മറത്തെത്തുമ്പോൾ എല്ലാവരുമുണ്ട്…
“എവിടെപ്പോയതാൻ്റെ കുട്ടീ നീയ്.. ഇവിടെല്ലാവരും പേടിച്ച് പോയല്ലോ.. ” പത്മാവതിയമ്മയാണ് ചോദിച്ചത്..

“ടൗണ് വരെ…” പതിയെ പറഞ്ഞവൾ..

“നീയെന്താ സൈറാ ഫോണെടുക്കാതിരുന്നത്.. വൈകുമെങ്കിൽ ഒന്നു വിളിച്ചു പറഞ്ഞൂടെ?വെറുതെ മനുഷ്യനെ പേടിപ്പിക്കാനായിട്ട്.. ”
കേശുവിൻ്റെ സ്വരം ഉയർന്നു..

“അത്.. അത് പിന്നെ വണ്ടിയൊന്ന് സ്ലിപ്പായി… ”
അവൾ തല കുനിച്ചു..
അപ്പോഴാണ് കേശു അവളുടെ കൈയ്യിൽ
കെട്ടിയത് ശ്രദ്ധിച്ചത്…

“കയ്യിലെന്താ പറ്റിയേ..” വേഗം അവളുടെ കയ്യിൽ പിടിച്ചു നോക്കി..

“ചെറുതായൊന്ന് മുറിഞ്ഞു.. കുഴപ്പമൊന്നുമില്ല..”
പിന്നെ അച്ഛമ്മയും ചന്ദ്രിയമ്മയും കൂടി എണ്ണിപ്പെറുക്കലും കരച്ചിലും ഉപദേശവുമായി..
സ്നേഹക്കൂടുതൽ കൊണ്ടാണെന്നറിയാം അതുകൊണ്ട് തന്നെ എല്ലാം നിന്നു കേട്ടു സൈറ…

“അതെങ്ങനെയാ റോഡിലൂടെ പറന്നല്ലേ പോവാറ്..
പിന്നെങ്ങനെയാ വീഴാതിരിക്കുന്നത്..
നിന്നെയൊക്കെ എന്താ പറയേണ്ടത്..”
കേശു ദേഷ്യപ്പെട്ടു..

“നീയൊന്ന് മിണ്ടാതിരിക്ക് കേശൂ..
മോള് കേറിവാ.. ” പത്മാവതിയമ്മ സൈറയെ അകത്തേക്ക് വിളിച്ചു..
അവർക്കൊപ്പം അകത്തേക്ക് നടക്കുമ്പോൾ
സൈറ കേശുവിനെ നോക്കി..
തന്നെ ദേഷ്യത്തോടെ നോക്കി നിൽപ്പുണ്ട് ആള്..

“കൈയ്യില് മാത്രേ ഉള്ളൂ.. ഞാനത് ഹോസ്പിറ്റലിൽ കാണിച്ച് ഡ്രസ്സ് ചെയ്യിച്ചു..മരുന്നും വാങ്ങിച്ചു..”
തന്നെ അടിമുടി പരിശോധിക്കുന്ന അച്ഛമ്മയോട് സൈറ പറയുന്നുണ്ട്..

” കുട്ടിക്ക്എന്തോ മോശം സമയമാണെന്നാ തോന്നണേ ചന്ദ്രീ.. തലയിലെ മുറിവൊന്ന് ഉണക്കായപ്പോഴേക്കും കയ്യിലായി.. നാളെ അമ്പലത്തിൽ പോയൊന്ന് വഴിപാട്
കഴിപ്പിക്കണം.. ” അടുത്ത് നിൽക്കുന്ന ചന്ദ്രിയമ്മയോട് അമ്മമ്മ പറഞ്ഞപ്പോൾ സൈറക്ക് ചിരിയാണ് വന്നത്..

“ഒരു ശത്രുസംഹാരത്തിനും കൂടി ശീട്ടാക്കാം..” ചന്ദ്രിയമ്മയും അതിനെ ശരിവെച്ചു…

ഭക്ഷണം കഴിക്കാനിരിക്കുമ്പോഴും കേശുവിൻ്റെ മുഖത്ത് ഗൗരവമാണ്..
“ശാലുവിനെ കണ്ടില്ലല്ലോ ചന്ദ്രീ..” എന്ന് അമ്മമ്മ പറഞ്ഞപ്പോഴാണ് ശാലു വന്നിട്ടുണ്ടെന്ന് സൈറ അറിഞ്ഞത് തന്നെ..

“ശാലുമോള് നേരത്തെ കഴിച്ച് കിടന്നു.. അതിനുറക്കം വരുന്നെന്ന് പറഞ്ഞു.. ” കേശുവിൻ്റെ പാത്രത്തിലേക്ക് വിളമ്പുന്നതിനിടെ ചന്ദ്രിയമ്മ പറയുന്നുണ്ട്..
കേശു മിണ്ടാതെ കഴിച്ചെഴുന്നേറ്റു..

“സൈറാ..” റൂമിലേക്ക് കയറിയപ്പോഴാണ്
പിന്നിൽ നിന്നുംകേശു വിളിച്ചത്.. സൈറ തിരിഞ്ഞതും കേശു അവൾക്കരികിലെത്തി..

“നീ പറഞ്ഞത് നുണയാണെന്ന് എനിക്കറിയാം.. വണ്ടി സ്ലിപ്പായെങ്കിൽ ഈയൊരു മുറിവിൽ നിൽക്കില്ല.. എന്താ സംഭവിച്ചത്?”

“വേറൊരു വണ്ടി പെട്ടന്ന് നേരെ വന്നപ്പോ ഒന്ന് വെട്ടിച്ചതാ.. ഒരു വീടിൻ്റെ മതിലിലൂടെ കൈ ഉരഞ്ഞു പോയി.. കുറച്ച് മുറിഞ്ഞു അത്രേയുള്ളൂ…
അമ്മമ്മ പേടിക്കണ്ടാന്ന് കരുതിയാണ് സ്ലിപായെന്ന് പറഞ്ഞത്.. ” സൈറ പറഞ്ഞു..

“സൂക്ഷിക്കണ്ടേ.. എന്തേലും പറ്റിയിരുന്നെങ്കിലോ.. നിനക്കെന്നെയൊന്ന് വിളിക്കാമായിരുന്നില്ലേ.. ”
ദേഷ്യം മാറി അവൻ്റെ സ്വരം ആർദ്രമായി..

“സത്യം പറഞ്ഞാ വിളിക്കുന്നതിനെക്കുറിച്ചൊന്നും ഓർത്തില്ല ഞാൻ… അങ്ങനൊരു ശീലമില്ലാത്തത് കൊണ്ടാവാം..”

“വേദനയുണ്ടോ?”

“പിന്നെ..കൈയ്യിൻ്റെ തോല് പോയാൽ നല്ല ഇക്കിളിയാവൂലോ.. ഒന്ന് പോയേ കേശൂട്ടാ..” സൈറ ചുണ്ടു കോട്ടി..
കേശു അവളെ നോക്കി നിന്നു…

കാണാതിരുന്നപ്പോൾ ഭയം തോന്നിയെന്ന് പറയണമെന്നുണ്ട്..
ഒന്ന് ചേർത്ത് പിടിച്ച് ആശ്വസിപ്പിക്കണമെന്നുണ്ട്..
പക്ഷേ.. ഒന്നിനും ആവാതെ നിന്നതേയുള്ളൂ..

“ഉം.. ” സൈറ പുരികമുയർത്തിയപ്പോൾ വാത്സല്യത്തോടെ അവളുടെ കവിളിലൊന്ന് കൈ ചേർത്തു.. കൂടെയുണ്ടെന്ന് പറയാതെ പറയുന്നത് പോലെ.. പിന്നെ തിരികെ നടന്നു..

സന്തോഷം തോന്നി സൈറക്ക്…
ഇവിടെയെല്ലാവരും വഴക്ക് പറയുന്നതും ഉപദേശിക്കുന്നതും തന്നോടുള്ള സ്നേഹം കൊണ്ടാണെന്നറിയാം.. കേശുവേട്ടനും തന്നോടുണ്ടായിരുന്ന അകൽച്ച മാറിയിട്ടുണ്ട്..

വാതിലടച്ച് വേഷം മാറാതെ കട്ടിലിലേക്കിരുന്ന്
രാത്രി നടന്ന സംഭവം ഓർത്തെടുക്കാൻ ശ്രമിച്ചവൾ..
ടൗണിൽ നിന്നും തിരിച്ച് വരുമ്പോഴാണ് പോക്കറ്റ് റോഡിൽ നിന്നും പെട്ടന്നൊരു ലോറി സ്പീഡിൽ വന്നത്.. വേഗം സൈഡിലേക്ക് ബുള്ളറ്റ് തിരിച്ചത് കൊണ്ട് മാത്രമാണ് രക്ഷപെട്ടത്..
ലോറിനിർത്താതെ പോവുകയും ചെയ്തു..
വീണ്ടും വീണ്ടും കഴിഞ്ഞ കാര്യങ്ങൾ ആലോചിച്ചപ്പോഴാണ് അതൊരു അപകടമായിരുന്നില്ലെന്ന് സൈറക്ക് തോന്നിയത്..
തൻ്റെ മരണം ആഗ്രഹിക്കുന്നയാൾ മനപ്പൂർവ്വം ഒരുക്കിയ കെണി..

വേഗം ഫോണെടുത്ത് നാദിയെ വിളിച്ചു..
“നാദീ നീയൊന്ന് ഇവിടെ വരെ വാ.. എൻ്റെ വണ്ടി ഗേറ്റിനകത്താ എടുത്താൽ ഇവിടെ അറിയും.. എനിക്കയാളെ ഈ രാത്രി തന്നെ കാണണം..”
സൈറയുടെ വാക്കുകളിൽ പക നിറഞ്ഞുനിന്നു..

തുടരും…