രചന – രജിഷ അജയ്ഘോഷ്
റൂമിൽ നിന്നും സ്റ്റെയർ ഇറങ്ങി താഴേക്ക് വരികയായിരുന്ന ശാലു പെട്ടന്നവരെ കണ്ടൊന്ന് നിന്നു..
“ശാലിനി…. ” മുകളിൽ നിന്നൊരാളുടെ ശബ്ദം കേട്ടപ്പോൾ അവൾ അവരെ നോക്കിയൊന്ന് ചിരിച്ചെന്ന് വരുത്തി വേഗം മുകളിലേക്ക് തന്നെ കയറി..
“ശാലുവിൻ്റെ കൂടെയൊരു ഡോക്ടർ വന്നിട്ടുണ്ട്..
അമേരിക്കയിലൊക്കെ പഠിച്ചിട്ട് വന്നതാ.ദേവേട്ടനെ നോക്കിക്കൊണ്ടിരിക്കുവാ.. “ഭാനു വേഗം പറഞ്ഞു..
“അത് നന്നായി എന്തെങ്കിലും ഒരു മാറ്റമുണ്ടായാൽ മതിയായിരുന്നു.. ” എന്ന് അമ്മമ്മ പറഞ്ഞപ്പോൾ കേശുവിന് അയാളൊരിക്കലും എഴുന്നേൽക്കരുതെന്ന ചിന്തയായിരുന്നു..
ദേവരാജൻ്റെ റൂമിലെത്തിയപ്പോൾ അവിടെ ശാലുവിനൊപ്പം അയാളുമുണ്ട്.. വെളുത്തു നല്ല ഉയരമുള്ളൊരു ഭംഗിയുള്ള ചെറുപ്പക്കാരൻ..
ശാലു തന്നെ കേശുവിനെയും അച്ഛമ്മയെയും പരിചയപ്പെടുത്തിക്കൊടുത്തു..
നിവേദ് വിശ്വനാഥൻ.. അമേരിക്കയിൽ സെറ്റിലായ ഡോക്ടർ വിശ്വനാഥൻ്റെയും ഡോക്ടർ കമലയുടെയും മകൻ..
പരിചയക്കുറവൊന്നുമില്ലാതെ കേശുവിനോട് നന്നായി സംസാരിച്ചവൻ..
പത്മാവതിയമ്മ ദേവരാജൻ്റെ തളർന്ന കൈയ്യിൽ തലോടിക്കൊണ്ടിരുന്നു.. മകൻ്റെ കിടപ്പ് കണ്ട്
ആ അമ്മയുടെ കണ്ണുകൾ നിറഞ്ഞിരുന്നു..
കുറെ കഴിഞ്ഞ് മറ്റാരുമില്ലാത്ത നേരത്താണ് പത്മാവതിയമ്മ കേശുവിൻ്റെ വിവാഹക്കാര്യം പറഞ്ഞത്.. സൈറയാണ് പെണ്ണെന്ന് പറഞ്ഞപ്പോൾ ഭാനു ഞെട്ടി..
“അപ്പോ ശാലുവോ?അന്ന് എല്ലാവരും ചേർന്ന് തീരുമാനിച്ചതല്ലേ.. എന്നിട്ടിപ്പൊ മാറ്റിപ്പറഞ്ഞാൽ എങ്ങനെയാ ശരിയാവാ.. “ഭാനു തൻ്റെ സംശയം മറച്ചു വെച്ചില്ല..
“അന്നങ്ങനെ ആലോചിച്ചത് നേരാ.. പക്ഷേ, ഇവരുടെ രണ്ടു പേരുടെയും രീതികളും
ചിന്തകളുമൊക്കെ വ്യത്യാസമാണ്..
ശാലുവിന് ഈ നാട്ടിൽ നിൽക്കാൻ ഇഷ്ടമല്ല.. കേശുവാണെങ്കിൽ ഇവിടം വിട്ട് പോവുകയുമില്ല..
അങ്ങനെയാവുമ്പോ അത് പിന്നീട് പ്രശ്നമാവുകയേ ഉള്ളൂ.. അത് വേണ്ട.. ” പത്മാവതിയമ്മ തറപ്പിച്ചു പറഞ്ഞു..
“എന്നാലും ദേവേട്ടൻ ഇതെങ്ങനെ സഹിക്കും.” ഭാനുമതി വീണ്ടും പറഞ്ഞു കൊണ്ടിരുന്നു..
പത്മാവതിയമ്മ ശാലുവിനോട് സംസാരിച്ചപ്പോൾ അവൾക്ക് എതിർപ്പൊന്നും ഇല്ല എന്നതിൽ പത്മാവതിയമ്മക്ക് അമ്പരപ്പാണ് തോന്നിയത്..
കേശു പുറത്തിറങ്ങി മുറ്റത്തൂടെ വെറുതെ നടന്നു..
“കേശുച്ചേട്ടാ സൈരന്ദ്രി ചേച്ചി വീട്ടിലുണ്ടോ?” പിന്നിലൊരു സ്വരം കേട്ടു.. ശാലിനിക്കൊപ്പം തറവാട്ടിൽ വന്ന നിവ്യയാണ്..
“വീട്ടിലുണ്ട്.. സുഖായിരിക്കുന്നു.. ” കേശു ചിരിച്ചു..
“ആക്ച്വലി ഞങ്ങൾക്ക് അവിടേക്ക് വരാൻ താത്പര്യമുണ്ടായിരുന്നു.. സൈരന്ദ്രിയെ കാണാല്ലോ പക്ഷേ.. ശാലു സമ്മതിക്കാഞ്ഞിട്ടാ..” നിവ്യ നിരാശയോടെ നിന്നു.. കേശു ഒന്നും മിണ്ടിയതേയില്ല..
“നിങ്ങൾക്കിടയിൽ എന്താ സംഭവിച്ചത്? കേശുച്ചേട്ടനെ ശാലുവിന് വല്യ ഇഷ്ടമായിരുന്നല്ലോ.. ”
“അത്…” കേശു പറയാൻ തുടങ്ങുമ്പോഴേക്കും ശാലിനി വരുന്നത് കണ്ട് പറയാൻ വന്നതവൻ നിർത്തി.. നിങ്ങള് സംസാരിക്കെന്നും പറഞ്ഞ് നിവ്യ അകത്തേക്ക് നടന്നു..
“കല്യാണക്കാര്യം പറയാൻ വന്നതാണല്ലേ.. ” ശാലു കേശുവിനെ നോക്കി..
“അങ്ങനെയും പറയാം..”
“അവൾക്കൊപ്പം ഡൽഹിയിൽ നിന്നപ്പോഴേ ഞാനൂഹിച്ചു നിങ്ങൾ അവളെ കെട്ടുമെന്ന്.. അത് കൊണ്ട് തന്നെ പിന്നെ നിങ്ങളെ ബുദ്ധിമുട്ടക്കേണ്ടെന്ന് കരുതിയാണ് കോൺടാക്റ്റ് ചെയ്യാതിരുന്നത്..” ശാലുവിൻ്റെ സ്വരത്തിലെ പുച്ഛം കേശു തിരിച്ചറിഞ്ഞു..
“ഓ.. അങ്ങനെ! അല്ലാതെ അമേരിക്കക്കാരൻ ഡോക്ടറെ കണ്ടിട്ടല്ലാലേ.. നീയത് പറഞ്ഞത് നന്നായി. അല്ലേൽ ഞാൻ തെറ്റിദ്ധരിച്ചേനേ.. ”
കേശുവും അതേ ടോണിൽ തിരിച്ചടിച്ചതോടെ ശാലുവിൻ്റെ മുഖം വിളറിപ്പോയി..
“കേശുവേട്ടനെന്തായാലും സൈറയെക്കെട്ടാൻ തീരുമാനിച്ചല്ലോ അപ്പൊ ഞാനും എനിക്ക് പറ്റിയൊരാളെ കണ്ടു പിടിച്ചെന്ന് കരുതിക്കോ.. ” വിട്ടുകൊടുക്കാൻ ഭാവമില്ലായിരുന്നവൾക്ക്..
കേശു പുച്ഛത്തോടെ ചുണ്ടൊന്ന് കോട്ടി..
“അത് നന്നായി.. നിനക്കെന്തായാലും വിദേശത്ത് പോവാനാണല്ലോ താൽപര്യം..നിവേദാവുമ്പോ എളുപ്പമാവും.പിന്നെ നല്ല പൂത്ത കാശും കാണും..”
കേശു പരിഹസിക്കുന്നതാണെന്ന് ശാലുവിന് മനസിലാവുന്നുണ്ട്..
“നിങ്ങൾക്ക് പിന്നെ ചെളിയിൽ കിടക്കാനല്ലേ ഇഷ്ടം.. സൈറയാവുമ്പോ അതിന് പറ്റും.
ഏത് അഴുക്കുചാലിലുള്ളവരുടെയും തോളത്ത് കൈയ്യിട്ട് നടന്നോളും അവൾ.. നിങ്ങൾക്ക് നന്നായി ചേരും.. ” ശാലു പരിഹസിച്ചു ചിരിച്ചു..
“ഡീ…. “കേശുവിന് ഒരു നിമിഷംനിയന്ത്രണം വിട്ടു പോയി..
അവൻ്റെ കൈ ശാലുവിൻ്റെ കഴുത്തിലമർന്നു..
സൈറയെ പറഞ്ഞത് സഹിക്കാൻ കഴിഞ്ഞില്ലവന്..
” വിട്…” ശാലു ഞരങ്ങി.. രണ്ട് കൈ കൊണ്ടും കേശുവിൻ്റെ കൈ തള്ളിമാറ്റാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു പോയി..
” അതേടി ചേറിൽ പണിയെടുക്കുന്നവനാ ഞാൻ.എൻ്റെയും എൻ്റെ പെണ്ണിൻ്റെയും ദേഹത്തെ ചേറൊക്കെ ഒന്ന് കുളിച്ചാൽ പോവുന്നതേയുള്ളൂ.. പക്ഷേ നീയോ? നിൻ്റെ മനസിലാണ് ചേറ്..
അതിങ്ങനെ ജീവിതകാലം മുഴുവൻ നിൻ്റെ ജീവിതത്തിൽതന്നെ ദുർഗന്ധം പരത്തിക്കൊണ്ടിരിക്കും..
ഓർത്തോ നീയ്…” കേശു ദേഷ്യത്തോടെ അവളെ പിടിച്ച കൈ ഒന്നു കൂടി മുറുക്കി..
ശാലു പിടഞ്ഞു.. കേശു പിടി വിട്ടതും ശാലു ആശ്വാസത്തോടെ നിലത്തിരുന്നു.. കണ്ണുകൾ നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു..
ആ ദേഷ്യത്തോടെ നേരെ ദേവരാജൻ്റെ മുറിയിലേക്കാണ് കേശു പോയത്..
തൻ്റെ നേരെ കൃഷ്ണമണികൾ ചലിപ്പിക്കുന്ന അയാൾക്കരികിലേക്ക് കസേര വലിച്ചിട്ടിരിരുന്നു..
പഴയ പ്രൗഢി ഒട്ടുമില്ലാത്ത അയാളുടെ കരിവാളിച്ച് തുടങ്ങിയ മുഖത്തേക്ക് നോക്കി…
സൈറയെ ഓർമ്മ വന്നു.. അവളനുഭവിച്ച വേദനകളും..
“ഞാൻ സൈറയെ വിവാഹം കഴിക്കാൻ തീരുമാനിച്ചു.. ” അയാളുടെ കണ്ണുകളിലേക്ക് നോക്കി ഗൗരവത്തോടെ തന്നെയാണ് പറഞ്ഞത്..
ഇഷ്ടപ്പെടാത്തത് കേട്ടത് കൊണ്ടാവാം അയാളുടെ കൃഷ്ണമണികൾ ധൃതിയിൽ ചലിച്ചത്..
“നിങ്ങളെ ആരാണ് ഇങ്ങനെ കിടത്തിയത് എന്ന് എനിക്കറിയാം.. നിങ്ങൾ ഇനി എഴുന്നേൽക്കില്ലെന്നും അറിയാം.. ” കേശുവിൻ്റെ വാക്കുകൾ കേട്ട് ദേവരാജൻ കണ്ണുകൾ ഇറുക്കിയടച്ചു..
“പിന്നെയൊരു കാര്യം കൂടി…
നിങ്ങളെപ്പോലെ തന്നെയാണവൾ നിങ്ങളുടെ മകൾ… സൂക്ഷിച്ചോ അച്ഛൻ്റെ കിടപ്പ് ബാധ്യതയാണെന്ന് തോന്നിയാലവൾ നിങ്ങളുടെ ഉള്ള ജീവനും കൂടി എടുക്കും..”കേശു എഴുന്നേറ്റു..
വാതിൽക്കൽ എത്തി ഒന്നു തിരിഞ്ഞു നോക്കിയപ്പോൾ ദേവരാജൻ്റെ അടഞ്ഞ കൺപോളകൾക്കിടയിലൂടെ കണ്ണുനീരൊഴുകുന്നുണ്ട്..
“ഞാനിനിയും വരും.. തനിച്ചല്ലാട്ടോ.. സൈറയെയും കൂട്ടി വരാം.. ” വാതിൽക്കൽ നിന്ന് ദേവരാജനോട് പറഞ്ഞ ശേഷം തിരിഞ്ഞ് നടന്നു..
അമ്മമ്മയെ കൂട്ടി പെട്ടന്ന് തന്നെ അവിടെ നിന്നും ഇറങ്ങി..
❤❤❤
ഏഴ് ദിവസം എണ്ണ തേപ്പും ചൂടുവെക്കലും കഴിഞ്ഞതോടെ സൈറയുടെ കയ്യിലെയും കാലിലെയും വേദന ഏറെക്കുറെ മാറിയിരുന്നു..
ഇപ്പൊ സുഖമായി നടക്കാം…
അന്നത്തെ എണ്ണ തേപ്പും കുളിയും കഴിഞ്ഞപ്പോൾ കുളത്തിൻ്റെ പടവിൽ പോയിരുന്നു സൈറ..
ഇനിയിവിടെ വരാനാവുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് ഓർത്തവൾ..
എല്ലാം ഒരു സ്വപ്നം പോലെ…
ഇനി പഴയത് പോലെ നീന്തണം..
കൊതി മാറുവോളം..
കരിയിലകളമരുന്ന ശബ്ദം കേട്ടപ്പോഴാണ് തിരിഞ്ഞുനോക്കിയത്.. കേശുവേട്ടനാണ്..
പിന്നിലെ പടവിൽ കേശുവേട്ടൻ വന്നിരിക്കുന്നത് അറിഞ്ഞപ്പോൾ പിന്നിലേക്കൊന്ന് ചാഞ്ഞിരുന്നു കൊണ്ട് ആ മുഖത്തേക്കൊന്ന് നോക്കി.. ആ നെഞ്ചിലാണിപ്പോൾ തലചേർന്നിരിക്കുന്നത്..
കേശുവേട്ടൻ്റെ താടി തൻ്റെ തലയിൽ മുട്ടിച്ച്
കൈ കഴുത്തിലൂടെയിട്ടപ്പോൾ ഇക്കിളിയോടെ ഒന്ന് പിടഞ്ഞു പോയി സൈറ..കേശു ചിരിച്ചു..
എന്നാലും പറ്റിച്ചേർന്നങ്ങനെയിരിക്കാൻ ഒരു സുഖമുണ്ട്.. ആരുമില്ലാതിരുന്നവൾക്ക് കിട്ടിയ ഏറ്റവും വലിയ ഭാഗ്യമാണവനെന്ന് തോന്നിയവൾക്ക്..
ഇടക്കെപ്പോഴോ തലയുയർത്തി നോക്കിയപ്പോൾ പ്രതീക്ഷിക്കാതെ പിന്നിൽ നിന്നും ഒരു മുത്തം നെറ്റിയിൽ കിട്ടി..
അധികം സംസാരിക്കാതെ എന്നാൽ അത്രമേൽ
അടുത്തായി കുറെയധികം നേരമിരുന്നവർ..
പക്ഷേ രണ്ടു പേരുടെയും മുഖത്ത് കുസൃതി നിറഞ്ഞ ചിരിയാണ്… മനസു നിറയെ പ്രണയവും..
ദിവസങ്ങൾ വീണ്ടും കടന്നു പോകവെ
ഇതുവരെ അറിയാത്ത പുതിയൊരു ലോകത്തായിരുന്നു സൈറയും കേശുവും..
പ്രണയം വല്ലാത്തൊരു മായാജാലമാണെന്ന് തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു..
രാത്രിയിൽ ഉറക്കം പിടിച്ചപ്പോഴാണ് പുറത്ത് നിന്നും ഹോണടി കേട്ടത്.. ആരാണ് ഈ നേരത്ത് എന്ന ചിന്തയോടെ കേശു എഴുന്നേറ്റ് വാതിൽ തുറന്നു..
സതീഷും കുടുംബവും കാറിൽ നിന്നും ഇറങ്ങി വരുന്നത് കണ്ടപ്പോൾ അവന് അമ്പരപ്പാണ് തോന്നിയത്..
“ഇതെന്താടാ വായും പൊളിച്ച് നിക്കുന്നെ.. ” സതീഷ് വരുന്ന വഴി കേശുവിൻ്റെ വയറ്റിനിട്ടൊരു കുത്ത് കൊടുത്തു..
“ഒരു മുന്നറിയിപ്പും ഇല്ലാതെ വന്നാപ്പിന്നെ
ഞെട്ടിപ്പോവില്ലേ മാമാ.. ”
“നീയറിഞ്ഞില്ലെ? അമ്മ ഇന്നലെ പെട്ടന്ന് വരണമെന്നും പറഞ്ഞ് വിളിച്ചപ്പൊ എന്തോ അർജൻ്റാണെന്നും കരുതി ഓടി വന്നതാടാ ഞങ്ങള്…” സതീഷ് പറയുന്നത് കേട്ടപ്പോൾ കേശുവിനൊന്നും മനസ്സിലായില്ല..
എന്നാലും അമ്മമ്മയൊന്നും പറഞ്ഞില്ലല്ലോ..
എന്ന ചിന്തിച്ചു പോയവൻ..
രാവിലെ മാധവനും നിർമ്മലയും എത്തി..
ചായ കുടിയെല്ലാം കഴിഞ്ഞ് ഹാളിലിരിക്കുമ്പോഴാണ് കേശുവിൻ്റെയും സൈറയുടെയും കല്യാണത്തെക്കുറിച്ച് പത്മാവതിയമ്മ പറഞ്ഞത്.. എല്ലാ മുഖങ്ങളിലും അമ്പരപ്പാണ്..
കേശുവിൻ്റെ കല്യാണം ശാലുവുമായി ഉറപ്പിച്ചതാണല്ലോ എന്ന ചിന്തയായിരുന്നു എല്ലാവർക്കും..
ദേവരാജൻ്റെ വീട്ടിൽ പോയതും കാര്യങ്ങൾ സംസാരിച്ചതുമെല്ലാം പത്മാവതിയമ്മ വിശദമായിത്തന്നെ വിവരിച്ചു..
മാധവന് മകളെ കേശുവിനെ ഏൽപ്പിക്കുന്നതിൽ സന്തോഷം മാത്രമേ ഉണ്ടായിരുന്നുള്ളൂ..
പത്മാവതിയമ്മക്ക് വിവാഹം വേഗം തന്നെ നടത്തണമെന്നാണ് ആഗ്രഹം..
” എന്നാലും ഇതൊക്കെ എങ്ങനെ സംഭവിച്ചു? ഞാൻ ശരിക്കും ഞെട്ടീട്ടോ കേശൂ…” സതീഷ്
അമ്പരപ്പോടെ സ്വകാര്യം പോലെ കേശുവിൻ്റെ കാതിൽ ചോദിച്ചു…
“എല്ലാം വളരെ പെട്ടന്നായിരുന്നൂന്നേ.. പിന്നെ ശാലുവിനെ കെട്ടി മാമയെ പോലെ അഡ്ജസ്റ്റ് ചെയ്ത് കഷ്ടപ്പെട്ട് ജീവിക്കാൻ വയ്യെന്ന്
തോന്നി..”
“അത് നന്നായെടാ.. സൈറ മിടുക്കിയാ.. നിനക്ക് അവളാ ചേരുന്നത്..” സതീഷ് കേശുവിനെ കെട്ടിപ്പിടിച്ചു..
“എനിക്കിനി എത്ര കാലമുണ്ടെന്നറിയില്ല.. ഇനിയുള്ള നാളുകൾ എൻ്റെ കുട്ടികളുടെ കൂടെ സന്തോഷമായിട്ട് കഴിയണം..” പത്മാവതിയമ്മ പറഞ്ഞപ്പോൾ കേശു സൈറയെ നോക്കി.. തിരികെ അവളും..
“പണിക്കരെ കണ്ട് ദിവസം നോക്കണം..
ഈ നാട് മുഴുവൻ വിളിക്കണം..
ഒന്നിനും ഒരു കുറവും ഉണ്ടാവാൻ പാടില്ല..
മാധവന് എന്താ അഭിപ്രായം?” പത്മാവതിയമ്മ മാധവനെ നോക്കി..
“ആയിക്കോട്ടെ അമ്മേ.. നമുക്ക് ഉഷാറാക്കാം..”
സന്തോഷം കൊണ്ടാവാം മാധവൻ്റെ ശബ്ദമൊന്നിടറി..
സതീഷിനോടും മാധവനോടും ഉച്ചകഴിഞ്ഞ് പണിക്കരെ കാണാൻ പോവാൻ പറഞ്ഞേൽപ്പിച്ചു പത്മാവതിയമ്മ..
എല്ലാവരുടെ മുഖത്തും സന്തോഷമാണ്..
ഉച്ചത്തേക്ക് ചെറിയൊരു സദ്യ തന്നെ ഒരുക്കി ചന്ദ്രിയമ്മ..
വെയിൽ കാര്യമാക്കാതെ ഊണും കഴിഞ്ഞതേ സൈറ വയൽവരമ്പിലൂടെ ഇറങ്ങി നടന്നു..
കേശുവേട്ടനെ ഒരുപാട് ഇഷ്ടമാണ്… എന്നിട്ടും പെട്ടന്ന് വിവാഹത്തെക്കുറിച്ച് പറഞ്ഞപ്പോൾ ഒരു ഭയം പോലെ…
തൻ്റെ ചിന്തകളിൽ ഒരിക്കലും വിവാഹമെന്നതേ ഉണ്ടായിരുന്നില്ല.പ്രണയവും..
എല്ലാം സ്വപ്നം പോലെ..
വിവാഹത്തെക്കുറിച്ചും വിവാഹം കഴിഞ്ഞും എങ്ങനെ മുന്നോട്ട് പോവണമെന്ന ചിന്തയിൽ സൈറയുടെ മനസ്സൊന്ന് അസ്വസ്ഥമായി…
ചെറുതിലേ മുതൽ ഒറ്റക്കായിരുന്നത് കൊണ്ട്തന്നെ
കുടുംബങ്ങളെക്കുറിച്ചൊന്നും വല്യ പിടിപാടില്ല.
“ഈ വെയില് മുഴുവൻ കൊള്ളാമെന്ന് നിനക്ക് വല്ല വഴിപാടുവുണ്ടോ സൈറാ… നട്ടുച്ചക്ക് വെയിലു കൊള്ളാൻ ഇറങ്ങിയേക്കുന്നു.. ” തൊട്ടു മുന്നിൽ കേശു നിന്ന് ചോദിച്ചപ്പോഴാണ് അവനെ കണ്ടത്..
തലയുയർത്തി നോക്കിയതും അവളുടെ മുഖത്തെ ഭാവം കണ്ട് കേശു മുഖം ചുളിച്ചു..
വാ.. കൈ പിടിച്ചു കൊണ്ട് നേരെ ഏറുമാടത്തിലേക്കാണ് പോയത്..
കാലും പുറത്തേക്കിട്ട് ഇരിക്കുമ്പോഴും സൈറ എന്തോ കാര്യമായ ആലോചനയിലാണ്..
“കല്യാണക്കാര്യം പറഞ്ഞത് കൊണ്ടാണോ തനിക്കൊരു വിഷമം പോലെ.. പെട്ടന്ന് വേണമെന്ന് അമ്മമ്മ പറഞ്ഞത് തനിക്കിഷ്ടായില്ലേടോ.. ” അവളൊന്നും മിണ്ടാതിരുന്നപ്പോൾ കേശു തന്നെയാണ് തുടക്കമിട്ടത്..
സൈറയവനെ ഒന്ന് നോക്കി വീണ്ടും മുഖം താഴ്ത്തി..
“അങ്ങനെയല്ല കേശുവേട്ടാ..എനിക്കെന്തോ ഒരു ടെൻഷൻ പോലെ.. എനിക്കങ്ങനെ കുടുംബ ബന്ധങ്ങളൊന്നും അറിയില്ലല്ലോ. ഞാൻ തനിച്ചായിരുന്നില്ലേ.കല്യാണം എന്നൊക്കെ പറയുമ്പോ എനിക്കൊന്നും…” എങ്ങനെ പറഞ്ഞു മനസിലാക്കും എന്നറിയാതെ സൈറയാകെ ബുദ്ധിമുട്ടി.. കൈ ചുരുട്ടിപ്പിടിച്ചു..
അവളുടെ ഭാവങ്ങൾ കണ്ട് കേശുവിന് ചിരിയാണ് വന്നത്.. അവൾക്കരുകിലേക്ക് ഒന്നുകൂടി
ചേർന്നിരുന്നു കൊണ്ട് കൈയ്യെടുത്ത് ചുരുട്ടിപ്പിടിച്ച
വിരലുകൾ വിടർത്തി തൻ്റെ കൈയ്യിൽ കൊരുത്തു പിടിച്ചു..
“നമ്മുടെ വീടല്ലേ സൈറാ.. അവിടെ അമ്മമ്മേം ചന്ദ്രിയമ്മേം നീയും ഞാനും മാത്രേ ഉണ്ടാവൂ..
ഞങ്ങൾക്കെല്ലാം ഈ സൈറയെ ഒരുപാടിഷ്ടമാണ്.
കല്യാണം കഴിഞ്ഞാലും സൈറ എന്താണോ അത് പോലെ മതി എന്നും… എപ്പോഴും.. കൂടുതലൊന്നും ആലോചിച്ച് ടെൻഷനാവണ്ട..” കോർത്തു പിടിച്ച സൈറയുടെ വിരലുകളെ ഒന്നുകൂടി മുറുക്കിപ്പിടിച്ചു ചുണ്ടിലേക്ക് ചേർത്തവൻ..
കേശുവിൻ്റെ വാക്കുകൾ കേട്ടപ്പോൾ ചെറിയൊരു ആശ്വാസം തോന്നി സൈറക്ക്…
തുടരും…

by