18/04/2026

സൈരന്ദ്രി : ഭാഗം 09

രചന – രജിഷ അജയ്ഘോഷ്

“ഈ പെണ്ണിന് മാത്രം അസമയം എന്താ.. ആണിന് അസമയം ഇല്ലേ അച്ഛമ്മേ..” സൈറയുടെ ചോദ്യത്തിന് മുന്നിൽ പത്മാവതിയമ്മയൊന്ന് പതറി..

“എൻ്റെ പ്രായത്തിൽ അച്ഛമ്മ എവിടായിരുന്നു.. ” അവൾ വീണ്ടും ചോദിച്ചു…

“നിൻ്റെ പ്രായത്തിൽ എനിക്ക് മക്കള് നാലാ.. എല്ലാം ഒന്നും ഒന്നരയും വയസ്സ് വ്യത്യാസത്തിൽ..ഒന്ന് അങ്ങോട്ട് ഓടുമ്പോ ഒന്നിങ്ങോട്ട് ഓടും.. അടീം
പിടീം ബഹളോം വേറെ.. ” അവരൊന്ന് നെടുവീർപ്പിട്ടു…

” അപ്പൊ എത്ര വയസ്സിലായിരുന്നു കല്യാണം ?”

“പതിനാറില്… അന്നൊക്കെ പന്ത്രണ്ടും പതിമൂന്നും വയസ്സിലാ പെൺകുട്ടികളെ കെട്ടിക്കാറ്… ഇന്നാട്ടില് ഞാൻ മാത്രേ പതിനാറ് വരെ നിന്നുള്ളൂ.. പത്താം ക്ലാസ് എഴുതിക്കഴിഞ്ഞ് പിറ്റേന്ന് കല്യാണം.”

“ആഹാ.. എന്നിട്ടോ.. പിന്നെ പഠിക്കാൻ
പോയില്ലേ..?”

“പിന്നെയെവിടെ പഠിക്കാൻ…
പഠിക്കണംന്നൊക്കെ ഉണ്ടാരുന്നു..
ആര് കേൾക്കാൻ.പിന്നെ മക്കളായി വീട്ടുപണിയായി… കല്യാണം കഴിഞ്ഞ പെണ്ണുങ്ങൾ അടങ്ങിയൊതുങ്ങി വീട്ടിലിരിക്കണമെന്ന്
അമ്മവരെ പറഞ്ഞു.ആദ്യമൊക്കെ വല്യ സങ്കടമായിരുന്നു.പിന്നെ എല്ലാം ശീലായി… വിധി അല്ലാതെന്താ..” പത്മാവതിയമ്മയുടെ വാക്കുകളിൽ എങ്ങോ നിരാശ നിറഞ്ഞു നിന്നു..

“അതാണ്… അതാണ് നമ്മുടെ നാട്ടിലെ സ്ത്രീകളുടെ കുഴപ്പം.. എന്ത് സംഭവിച്ചാലും വിധിയെ പഴിക്കും… സങ്കടപ്പെട്ടിരിക്കും…
എന്നിട്ട് അവരുടെ മക്കളുടെ കാര്യം വരുമ്പോഴും
അടക്കവും ഒതുക്കവും ക്ഷമയുമൊക്കെ പഠിപ്പിച്ച് കൊടുക്കും… ഇതിൻ്റെയൊപ്പം സ്വപനം കാണാൻ പഠിപ്പിക്കില്ലവർ.. ഇനിയാ പെൺകുട്ടി സ്വപ്നം കണ്ടാലോ.. നീയൊരു പെണ്ണല്ലേ..
അങ്ങനെ ചെയ്യാമോ.. ഇങ്ങനെ ചെയ്യാമോ.. നൂറു ചോദ്യങ്ങൾ കൊണ്ടവരെ തളർത്തും..” പുച്ഛം കൊണ്ട് സൈറയുടെ ചുണ്ടുകൾ ഒരു
വശത്തേക്ക് കോടി..

“ആരും ചേർത്ത് പിടിക്കാൻ ഇല്ലാത്തത് കൊണ്ട്, അല്ലെങ്കിൽ ആരോടും ഒന്നും പറയാനാവാതെ, സ്വപ്നങ്ങളൊക്കെ മറന്ന് അകത്തളങ്ങളും അടുക്കളകളും മാത്രമായി കഴിച്ചുകൂട്ടുന്ന എത്ര പേരുണ്ടാവും ഈ ലോകത്ത്… പെണ്ണായത് കൊണ്ട് മാത്രം ഇഷ്ടപ്പെട്ടതൊന്നും നേടാനാവാതെ
ഈ അസമയത്തിൻ്റെ കണക്കും പറഞ്ഞ് നേരം ഇരുട്ടിയാൽ പുറത്തിറങ്ങാതെ എത്രയെത്ര പേർ..
അവരുടെ കണ്ണുനീരിനൊക്കെ ആര് മറുപടി കൊടുക്കും.. ഇതൊക്കെ തെറ്റല്ലേ അച്ഛമ്മേ..
അച്ഛമ്മയും ആഗ്രഹിച്ചിട്ടില്ലേ ഇങ്ങനൊക്കെ..
സ്വപ്നം കണ്ടിട്ടില്ലേ.. ” സൈറയുടെ വാക്കുകൾ ഇടറിയിരുന്നു..

പത്മാവതിയമ്മയുടെ കണ്ണുകൾ നിറഞ്ഞു..
രാവും പകലുമില്ലാതെ അടുക്കളയിൽ ഓടിനടന്നു പണിയെടുത്തിട്ടുണ്ട്.. അതിനിടയിൽ കുട്ടികളെയും നോക്കണം. പണിക്കാർക്ക് വെച്ചുവിളമ്പണം..
ഉണ്ണാൻ നേരമുണ്ടാവില്ല. ഉറങ്ങാനും.. എല്ലാവരും ഒരുറക്കം കഴിയുമ്പോഴാവും താൻ കുളിക്കുക..
ഒന്ന് മയങ്ങുമ്പോഴേക്കും നാലു മണിയാവും..
ഉണ്ടോന്നും ഉറങ്ങിയോന്നും ആരും ചോദിച്ചിട്ടുമില്ല..
എല്ലാം ഇട്ടെറിഞ്ഞ് പോവാൻ തോന്നീട്ടുണ്ട്..
തനിച്ചിരുന്ന് കരഞ്ഞിട്ടുണ്ട്..
വീട്ടിൽ പോവുമ്പോൾ പഴയ പാഠപുസ്തകങ്ങൾ കാണുമ്പോൾ വിഷമം തോന്നും..
കൂടെപ്പിറന്ന സഹോദരന്മാർ രണ്ടു പേരും പഠിച്ച് ജോലി വാങ്ങി… താൻ പെണ്ണായിപ്പോയില്ലേ..

സൈറയെ ചേർത്ത് പിടിച്ചു.. സ്നേഹവും വാത്സല്യവും നിറച്ച് നെറുകിലൊന്ന് അമർത്തി മുത്തി… നിറഞ്ഞ കണ്ണുകൾ സൈറയും കണ്ടു. അതിലുണ്ടായിരുന്നു അവൾക്കുള്ള മറുപടി..

കേശു എല്ലാം കേട്ട് നിശബ്ദനായിരുന്നതേയുള്ളൂ..
സൈറയുടെ ചോദ്യങ്ങൾ പലതും അവനെ
വല്ലാതെ സ്പർശിച്ചു… അമ്മയും സഹോദരിമാരുമൊന്നും ഇല്ലാത്തതിനാലാവാം ഇങ്ങനൊന്നും ഒരിക്കലും ചിന്തിച്ചിരുന്നില്ല..
പക്ഷേ, സ്ത്രീകളോടെന്നും സ്നേഹവും ബഹുമാനവും തോന്നാറുണ്ട്.. ജോലിക്ക് പോവുന്നത് നല്ലതല്ലേ..
ചിന്തകൾ അങ്ങനെ പലവഴിക്ക് തിരിയുമ്പോഴാണ്
അമ്മമ്മയുടെ മൂക്കുപിഴിയലും കണ്ണു തുടക്കലും ഒക്കെ കണ്ടത്..

“എൻ്റെ പത്മാവതിയമ്മേ ആ പെണ്ണ് പറയണത് കേട്ട് ഇവിടെ കരച്ചിലും പിഴച്ചലും തുടങ്ങിയോ..?” അവനവരെ ചേർത്തു പിടിച്ചു..
“ഏയ്‌.. അവള് പറഞ്ഞതൊക്കെ ശരിയല്ലേടാ..
ഞാനും ഇങ്ങനൊക്കെയായിരുന്നു…
ഞാൻ മാത്രമല്ല, തെക്കേലെ വിലാസിനീം,
എൻ്റെ കൂടെപ്പഠിച്ച കാർത്ത്യായനീം ഒക്കെ ഇങ്ങനെ കണ്ണീരുമായി ജീവിച്ചവരാ.. കാണുമ്പോ സങ്കടം പറയും തമ്മിൽ.. അല്ലാതെ എന്തു ചെയ്യാനാവും..
ഞങ്ങടെയൊക്കെ അച്ഛനമ്മമാരോ, കെട്ടിയോന്മാരോ ഒന്നും ചെയ്തില്ല..
അവരെല്ലാം അവരുടെ ഇഷ്ടത്തിന് വേണ്ടി ഞങ്ങളെപ്പോലുള്ളവരുടെ സ്വപനങ്ങളെ കണ്ടില്ലെന്ന് നടിച്ചു.. ” അമ്മമ്മയുടെ കണ്ണുനീർ
അവനെ വേദനിപ്പിച്ചു തുടങ്ങിയിരുന്നു.

“അമ്മമ്മയിങ്ങ് വന്നേ… തണുപ്പ് വീണ് തുടങ്ങി.. നമുക്ക് റൂമിൽ പോയിരുന്ന് ടീവി കാണാം.. ” വിഷയം മാറ്റാനെന്നവണ്ണം പറഞ്ഞവൻ പത്മാവതിയമ്മയെ പിടിച്ചെഴുന്നേൽപ്പിച്ച് കൊണ്ട് റൂമിലേക്ക് നടന്നു..

❤❤❤
അച്ഛമ്മയോട് എന്തൊക്കെയോ വിളിച്ചു പറഞ്ഞു.
മനപ്പൂർവ്വമായിരുന്നില്ല..
പെൺകുട്ടിയല്ലേ… ഇരുട്ടിയില്ലേ.. ഇതൊക്കെ കേട്ടപ്പോൾ അറിയാതെ പറഞ്ഞതാണ്.
പഴയ സൈറയാണെങ്കിൽ ഒന്നും മിണ്ടാതിരുന്നേനെ… നാദിയാണ് തന്നെയിങ്ങനെ മാറ്റിയെടുത്തത്. അവളാണ് തനിക്ക് പുതിയൊരു ലോകം കാണിച്ച് തന്നത്. സ്വപ്നങ്ങൾ കാണാൻ പഠിപ്പിച്ച് തന്നത്…
മനസ്സാകെ ഒന്നൂടെ അസ്വസ്ഥമായി…

അടുക്കളയിലെത്തിയപ്പോൾ ചന്ദ്രിയമ്മ
മീൻ പൊരിക്കുന്നുണ്ട്..

” കുളത്തിലെ മീനാണോ ചന്ദ്രിയമ്മേ.. ”

” ആ മോളെ കേശൂട്ടൻ വന്നപ്പോ കൊണ്ടുവന്നതാ. ദാ കഴിച്ച് നോക്ക്.. “ചന്ദ്രിയമ്മ വട്ടത്തിൽ വറുത്ത് കോരിയ മീനെടുത്ത് നീട്ടിയപ്പോൾ sച്ചിങ്സ് കിട്ടിയ സന്തോഷത്തിലായിരുന്നു മനസ്സ്..
ചെറിയൊരു പീസെടുത്ത് ടേസ്റ്റ് നോക്കി..
“ഓ.. സൂപ്പർ..” ചന്ദ്രിയമ്മയോട് പറഞ്ഞു.

അടുക്കളപ്പുറത്തിരിക്കുന്ന കുപ്പികൂടിയെന്ന് ചന്ദ്രിയമ്മ കാണാതെ റൂമിലെത്തിക്കണം..
കുറച്ച് നേരം കാത്തിരിക്കേണ്ടി വന്നു ചന്ദ്രിയമ്മയൊന്ന് അടുക്കളയിൽ നിന്ന് മാറാൻ..
വേഗം പുറത്തിറങ്ങി ബനിയനുള്ളിലാക്കി റൂമിലേക്ക് വിട്ടു..
അച്ഛമ്മയുടെ റൂമിൽ നിന്നും ടീവിയുടെ ശബ്ദം കേൾവാതിൽ അടച്ചിട്ടുണ്ട്… റൂമിൽക്കയറി വാതിലടച്ചപ്പോഴാണ് sച്ചിങ്സ്‌ അടുക്കളയിൽ തന്നെ… ശ്ശോ..

“ചന്ദ്രിയമ്മേ.. ഒരു കഷ്ണം കൂടി ഇട്ടോ.. ഞാൻ റൂമിൽ പോയി കഴിച്ചോളാം.. ” എന്നും പറഞ്ഞ് ഒന്നൂടി വാങ്ങിയാണ് റൂമിലേക്ക് പോയത്..

ഒന്ന്… രണ്ട്.. മൂന്ന്.. അങ്ങനെ പരിധി വിട്ട് തുടങ്ങിയപ്പോഴാണ് ഫോൺ ശബ്ദമുണ്ടാക്കിയത്.
ഹലോ…. നീട്ടി പറഞ്ഞതേ ഓർമ്മയുള്ളൂ..
മറുപുറത്ത് നിന്നും നല്ല ഡയലോഗുകൾ കാതിനെ തുളച്ച് കയറി… സൈറ ഒന്നും മിണ്ടിയില്ല..
ഇവിടെ വന്ന് കുടിക്കില്ലെന്ന് അവൾക്ക് വാക്കു കൊടുത്തതാണ്… താനത് തെറ്റിച്ചു..
അതും ഒന്നല്ല രണ്ട് തവണ..

സൈറാ… നാദിറയുടെ ശബ്ദം കേട്ടു…
ഉം.. നേർത്ത മൂളൽ മാത്രം പുറത്തേക്ക് വന്നു..
അൽപ്പനേരത്തെ നിശബ്ദതക്ക് ശേഷം
നാദി ഫോൺ ഓഫാക്കിയിരുന്നു…
ശ്ശേ… തലയിൽ കൈവച്ച് താഴേക്ക് ഇരുന്നു പോയി സൈറ…

❤❤

” കേശുവേട്ടാ… പ്ലീസ്..”ശാലുവിൻ്റെ ശബ്ദം കേട്ട് പറ്റില്ലെന്ന് തറപ്പിച്ച് പറഞ്ഞു കേശു..

“ഒരു ദിവസത്തെ കാര്യമല്ലെയുള്ളൂ… ഒന്ന് വാ.. ” അവൾ വീണ്ടും പറഞ്ഞു നോക്കി..

” നടക്കില്ല ശാലു… എനിക്ക് നാളെ കൃഷിഭവനിൽ പോവണം.. കൊയ്ത്ത് തുടങ്ങാൻ രണ്ട് ദിവസം കൂടിയേ ഉള്ളൂ… ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്..
നീ മാമയെ വിളിക്ക്… അല്ലെങ്കിൽ തനിച്ച് വരാലോ അത്രദൂരമേയുള്ളൂ… ”

“ഓ.. അത് ഞാനെന്തെങ്കിലും ചെയ്തോളാം.. ” ദേഷ്യത്തോടെ പറഞ്ഞ് കൊണ്ട് ശാലു ഫോൺ ഓഫാക്കി..
അവൾക്ക് ഇങ്ങോട്ട് വരണം… കൂടെ കുറച്ച് കൂട്ടുകാരും.കൂട്ടാൻ ചെല്ലാൻ പറഞ്ഞുള്ള ബഹളമാണ്… തൻ്റെ തിരക്കൊന്നും അവൾക്കറിയണ്ട… കഴിഞ്ഞ ആഴ്ച്ച ഒക്കലിടാമെന്ന് കരുതി എല്ലാം ഒരുക്കിയതാ.. മഴക്കാറ് കണ്ട് മാറ്റി വക്കേണ്ടി വന്നു…
ഇനിയും വൈകിയാൽ നെല്ലെല്ലാം പാകം തെറ്റും..

വയലിൽ പോയി കുമാരേട്ടനോട് പണിക്കാരെ നോക്കാനേൽപ്പിച്ചു വീട്ടിലേക്ക് നടന്നു..
മുറ്റത്ത് പതിവില്ലാതെ സൈറയെ കണ്ടു.. എന്തോ ടെൻഷനുള്ളത് പോലെയാണ് നടപ്പ്.. ഇടക്ക് ഫോണിലേക്കും നോക്കുന്നുണ്ട്..
സാധാരണ ഈ സമയത്ത് ഈ മുറ്റത്തൊന്നും അവളുണ്ടാവാറില്ല…
താൻ വന്നതൊന്നും അവളറിഞ്ഞിട്ടേയില്ല..
അറിഞ്ഞിട്ടെന്തിനാ… അവളോട് അടുക്കാൻ തോന്നിയിട്ടേയില്ല..
പുറത്തിറങ്ങുമ്പോൾ അധികവും കുട്ടികൾക്കൊപ്പം കാണാം.. ചിലപ്പോഴൊക്കെ പണിക്കു വരുന്ന ചീതയോടും ചിരുതയോടും ഓരോന്ന് പറഞ്ഞ് ചിരിക്കുന്നത് കാണാം..
കുറച്ച്നാൾ കൊണ്ട് അവൾക്കറിയാത്ത ആരും
ഈ നാട്ടിലില്ലെന്ന് തോന്നിയിട്ടുണ്ട്…
എന്ത് കൊണ്ടോ അവളെ കാണുമ്പോൾ അടുത്തിടപഴകാൻ ഒരു മടി… എന്തെങ്കിലും മിണ്ടിത്തുടങ്ങിയാൽ തന്നെ അത് വഴക്കിലെ തീരൂ..

നാദിറയെ വിളിച്ചിട്ട് കിട്ടാത്ത ടെൻഷനിലായിരുന്നു സൈറ…
അവൾ പറഞ്ഞ കണക്കിന് ഇന്നലെ എത്തിയിരിക്കണം… തന്നെ വിളിച്ചത് എത്തിയത് അറിയിക്കാനാവാം..പക്ഷേ താനിന്നലെ ഓവറായിപ്പോയി.. മറ്റാർക്കും അറിഞ്ഞില്ലെങ്കിലും നാദിയ്ക്ക് തൻ്റെ സ്വരത്തിലെ മാറ്റം അറിയും..

” ഇന്നെന്താ ഓടാനൊന്നും പോയില്ലേ.. കുളിച്ചിട്ടും ഇല്ലാലോ.. എന്തേലും വയ്യായ്കയുണ്ടോ കുട്ടീ.. ” അച്ഛമ്മയുടെ സ്വരത്തിൽ ആവലാതിയാണ്..

” ഒന്നൂല്ല.. ഞാൻ കുളിച്ചിട്ട് വരാം…” ധൃതിപ്പെട്ട് അകത്തേക്ക് നടന്നവൾ..
അന്ന് വീടിനുള്ളിൽ തന്നെ ചിലവഴിച്ചു..
രാത്രിയേറെ വൈകിയാണെങ്കിലും നാദിറ തിരിച്ചുവിളിച്ചപ്പോഴാണ് സൈറയൊന്ന് ഉഷാറായത്…

രാത്രിയോടെയാണ് ശാലിനിയും കൂട്ടുകാരും എത്തിയത്‌…
ചന്ദ്രിയമ്മ അടുക്കളയിൽ നല്ല തിരക്കിലാണ്..
കോഴി പൊരിച്ചു കോരുന്നുണ്ട്. പച്ചക്കറി ഐറ്റങ്ങൾ വേറെയും…

ഉമ്മറത്തെ സോഫയിൽ ശാലു കേശുവിനോട് ചേർന്നിരുന്നു… അവനൊന്ന് അകന്നിരുന്നു.. അവൾ വീണ്ടും അടുത്തേക്കും..
“അവരൊക്കെ ശ്രദ്ധിക്കും ശാലൂ ..” സഹികെട്ട് അവളോട് പതിയെ പറഞ്ഞു…

“അതിനെന്താ.. അവർക്കറിയാം കേശുവേട്ടൻ എൻ്റെതാണെന്ന്…” ഉടനെ മറുപടിയും വന്നു..

“ബ്രോ.. ബ്രോക്കെന്താ അഗ്രിക്കൾച്ചർനോട് ഇത്രയും താൽപര്യം….” ശാലിനിയുടെ കൂട്ടുകാരി നിവ്യയാണ് ചോദിച്ചത്..
“ഇവിടെ മുതലാളിയും തൊഴിലാളിയും നമ്മള് തന്നെയാ.. മറ്റെന്ത് ജോലിക്കും പലരുടെയും
താത്പര്യങ്ങൾ കേൾക്കേണ്ടി വരും..
സ്വസ്ഥം സുഖം… ” അവൻ പറഞ്ഞവസാനിപ്പിച്ചു…

മനസ്സിന് ഇഷ്ടപ്പെട്ട ജോലി ചെയ്യുന്നവൻ്റെ സംതൃപ്തി അവൻ്റെ മുഖത്ത് തെളിഞ്ഞു കാണാമായിരുന്നു…
കൂട്ടത്തിൽ ഒരുത്തി ശാലുവിനെ നോക്കി പുരികമുയർത്തി…
ശാലു അവളെ നോക്കി കണ്ണുചിമ്മിക്കാണിച്ചു…

” കേശുവേട്ടാ എൻ്റെ ഫ്രണ്ട്സിന് ഈ നാടൊക്കെയൊന്ന് കാണണംന്ന്…. നാളെയൊന്ന് ഫ്രീയാവുമോ?.. ” അത്താഴം കഴിച്ച് കിടക്കാൻ നേരത്താണ് ശാലു ചോദിച്ചത്..

“എനിക്ക് ഒഴിവുണ്ടാവില്ല… നീ കാറെടുത്തോ.. പിന്നെ ഗ്രാമത്തിലൂടെ നടക്കാനാണെങ്കിൽ രാവിലെ ഇറങ്ങിയാ മതി… വെയില് ചൂടാവുമ്പോഴേക്കും തിരികെ വരാം.. നമ്മുടെ വയലും തോട്ടവുമൊക്കെ അവരെ കാണിച്ചു കൊടുക്ക്.. ” കേശു പറഞ്ഞത് കേട്ട് ശാലുവിൻ്റെ മുഖം വാടി..

“എനിക്ക് ഈ നാടൊന്നും വല്യ പരിചയമില്ല…”
മടിച്ച് മടിച്ച് പറയുന്നവളെ അവനൊന്ന് നോക്കി..
“ഈ ഫോണിൽ മാത്രം നോക്കിയിരിക്കാതെ ഇടക്കൊന്ന് പുറത്തേക്കിറങ്ങണം… ഈ നാടും കൂട്ടത്തിൽ ജീവിതത്തിൻ്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ കഷ്ടപ്പെടുന്ന കുറെ മനുഷ്യരെയും കാണാം..”
കേശുവിൻ്റെ വാക്കുകൾ അത്രക്കങ്ങ് രസിച്ചില്ലെങ്കിലും ശാലു തലയാട്ടി…

രാവിലെ വൈകി എഴുന്നേറ്റാണ് ശീലം..പക്ഷേ അവളുമാർ നേരത്തെ എഴുന്നേറ്റ് കലപില കൂട്ടിത്തുടങ്ങിയത് കൊണ്ട് മടിയോടെ എഴുന്നേറ്റു..
നല്ല തണുപ്പുണ്ട്… കുറച്ച് കഴിഞ്ഞ് നടക്കാൻ പോവാമെന്ന് പറഞ്ഞെങ്കിലും അവർക്കതൊന്നും വിഷയമേയല്ല…

വയൽ വരമ്പിലൂടെ നടക്കുമ്പോഴാണ് എതിരെ വരുന്ന സൈറയെ കണ്ടത്…
” ചേച്ചീ… ഇന്നലെ കണ്ടില്ലല്ലോ.. ” ശാലു സൈറയോട് ചോദിച്ചു…

” നിങ്ങള് വൈകിയല്ലേ വന്നേ..
ഞാനുറങ്ങിപ്പോയി.. എല്ലാരും കൂടെ നാടു കാണാൻ ഇറങ്ങീതാണോ.. ” നേർത്ത ചിരിയോടെ ചോദിച്ചവൾ..

“ഉം.. ഇതൊക്കെ എൻ്റെ ഫ്രണ്ട്സാ…” കൂടെയുള്ളവരെയൊക്കെ സൈറയെ പരിചയപ്പെടുത്തി ശാലു…
കൂടെ വരാൻ അവര് വിളിച്ചെങ്കിലും ഫ്രഷാവണമെന്ന് പറഞ്ഞ് നടന്നു…

നാല് ചുവട് മുന്നിൽ പെൺപടകളെ നോക്കി നിൽക്കുന്നുണ്ട് സാം..
“നല്ല വായിനോട്ടമാണല്ലോ.. ” സൈറയൊന്ന് ആക്കിച്ചിരിച്ചു…

“ഏയ്.. അതൊന്നും നമുക്ക് സെറ്റാവൂലാന്നേ..
ഒക്കെ ചെറിയ കുട്ടികളാ… നമ്മുടെയൊരു റേഞ്ചിന് അതൊന്നും പോരാ..”

“ഓ..അങ്ങനെ… ആശാൻ്റെ റേഞ്ചിന് പറ്റിയ ആള് വരുമ്പോ ഒന്ന് പറയണേ… ഒന്ന് കാണാനാ.. ” സൈറ ചിരിച്ചു.. സാമും..
“നല്ല വിശപ്പുണ്ട്.. പോട്ടെ..” തലയാട്ടിക്കൊണ്ട് അവൾ നടന്നു..

“അതേ.. എനിക്കിഷ്ടം തന്നെപ്പോലെ വെള്ളമടിക്കാനും വാളുവെക്കാനുമൊക്കെ കൂടെ കൂടുന്ന പെണ്ണിനെയാ.. എന്താ തൻ്റെ അഭിപ്രായം.. ”
പിന്നിൽ നിന്നവൻ വിളിച്ചു ചോദിച്ചു…

“വെള്ളമടിച്ചു കഴിയുമ്പോ ചിലപ്പോ കൂടെയുള്ളോർക്കിട്ട് രണ്ടെണ്ണം കൊടുക്കുന്ന സ്വഭാവം ഉണ്ടെനിക്ക്… ചിലപ്പോ വാളും വെക്കും..ഭയങ്കര അലമ്പാവും അപ്പൊ സാമിന് ബുദ്ധിമുട്ടാവില്ലേ…” നടക്കുന്നതിനിടയിൽ ഒരു താളത്തിൽ ഉറക്കെത്തന്നെ ചോദിച്ചവൾ..

“അത് ഞാൻ അഡ്ജസ്റ്റ് ചെയ്തോളാം…” അവളെ നോക്കി ഉറക്കെ വിളിച്ചു പറഞ്ഞവൻ…

“എന്നാ ആലോചിക്കാം.. ” പറഞ്ഞ് കൊണ്ട് കൈ വീശി നടന്നവൾ…
ചിരിയോടെ സാമും….

തുടരും…