20/04/2026

സൈരന്ദ്രി : ഭാഗം 13

രചന – രജിഷ അജയ്ഘോഷ്

ഫോൺ ഓഫാക്കി പോക്കറ്റിലിട്ട് നോക്കുമ്പോൾ സൈറ കുറച്ചു മുന്നിലെത്തിയിരുന്നു… കൈ വീശി ആസ്വദിച്ചാണ് നടപ്പെങ്കിലും തൻ്റെ ചോദ്യങ്ങളിൽ നിന്നുള്ള രക്ഷപ്പെടലാണ് അവളുടെ തിടുക്കപ്പെട്ടുള്ള നടപ്പെന്ന് അവനും മനസ്സിലായിരുന്നു.. ദേവനെയൊന്ന് കണ്ടിട്ട് വരാം.. കുട്ടി പോരുന്നോ? എന്ന അച്ഛമ്മയുടെ ചോദ്യത്തിന് രണ്ടാമത് ഒന്നാലോചിക്കാതെ വരാമെന്ന് പറഞ്ഞു സൈറ.. ഒന്നു കാണണമെന്ന് കരുതിയതാണ്.. നിമിഷനേരം കൊണ്ട് റെഡിയായി വരുന്നവളെ കണ്ട് കണ്ണുമിഴിച്ചു പത്മാവതിയമ്മ.. “സാധാരണ പെൺകുട്ടികൾ ഒരുങ്ങിവരാൻ ഇത്തിരി സമയമെടുക്കും.. ഇത് പോവണതും കണ്ടു വരണതും കണ്ടു. ഒരു പൊട്ടോ കണ്മഷിയോ തൊട്ടൂടെ കുട്ടീ.. “ജീൻസും ടീ ഷർട്ടും ഇട്ടവളെ കണ്ട് പത്മാവതിയമ്മ പറയുമ്പോൾ അവൾ ചിരിച്ചതേയുള്ളൂ.

. സതീഷിൻ്റെ കാറിലാണ് പോയത്..കേശു ഫ്രണ്ടിലിരുന്നു.. അച്ഛമ്മ തൻ്റെ കൈ പിടിച്ചിരിക്കുന്നുണ്ട്.. ചെറിയ കുട്ടികൾ വീണുപോയാലോ എന്ന് കരുതി അമ്മമാർ പിടിക്കുന്നത് പോലെ.. കാറിൻ്റെ ശബ്ദംകേട്ട് തൻ്റെ റൂമിൻ്റെ ജനലിലൂടെ പുറത്തേക്ക് നോക്കിയപ്പോഴാണ് ചെറിയച്ഛനും അച്ഛമ്മയും സൈറയും കേശുവിനൊപ്പം ഇറങ്ങുന്നത് കണ്ടത്.. ശാലു വേഗം ഉമ്മറത്തേക്കോടി… “ഏട്ടാ..” സതീഷിൻ്റെ ശബ്ദം കേട്ടാണ്ഹാളിൽ ന്യൂസ് ചാനലും നോക്കിയിരുന്ന ദേവരാജൻ തിരിഞ്ഞത്… അനിയനെ കണ്ടതും അയാളുടെ മുഖം വിടർന്നു… അമ്മയെയും അനിയനെയും കണ്ട സന്തോഷം പക്ഷേ പിന്നിൽ സൈറയെ കണ്ടതും നിമിഷനേരം കൊണ്ട് ഇല്ലാതായി…

സതീഷ് ദേവരാജനെ കെട്ടിപ്പിടിച്ചു.. രോഗവിവരങ്ങൾ ചോദിച്ചറിഞ്ഞു.. “ചെറിയച്ചാ…”ശാലു സതീഷിനരികിൽ എത്തിയതും അയാൾ അവളെ തൻ്റെ വലംകൈക്കുള്ളിലാക്കി. “നിനക്ക് ക്ലാസില്ലേ ശാലൂ…” “ഉണ്ട്… അച്ഛന് വയ്യാത്തത് കൊണ്ട് പോയില്ല.. രണ്ടു ദിവസം കൂടി കഴിയട്ടെ..” “മടിച്ചി… ” പത്മാവതിയമ്മയാണ് അത് പറഞ്ഞത്.. “അച്ഛമ്മേ.. ” അവളൊന്ന് കിണുങ്ങിക്കൊണ്ട് അച്ഛമ്മക്കടുത്തേക്ക് നടന്നു.. ഇടയിലൊന്ന് കേശുവിനെ നോക്കി.. എവിടെ? അങ്ങേര് ഇതുവരെയില്ലാത്ത ന്യൂസ് കാണലാണ്.. അടുക്കളയിൽ എന്തോ പണിയിലായിരുന്ന ഭാനു ശബ്ദം കേട്ട് തിരക്കിട്ട് വന്നു… “ഇതെന്താ എല്ലാരും നിന്ന് സംസാരിക്കണെ… ഇരിക്ക്.. ” പറഞ്ഞു കൊണ്ടവർ സൈറയുടെ കൈ പിടിച്ചു.. “സൈറമോള് ഇവിടെ ആദ്യമായിട്ട് വരുന്നതല്ലേ.. എത്ര ദിവസമായി മോള് തറവാട്ടില് വന്നിട്ട്..

ഇടക്കൊന്ന് ഇവിടേക്കൊക്കെ ഇറങ്ങണ്ടെ..” സൈറയൊന്ന് ചിരിച്ചതേയുള്ളു… “കുട്ടിയതിന് വീട്ടിലിരിക്കാറേയില്ല… തൊടീലും കുളത്തിലുമൊക്കെ ചുറ്റി നടക്കലന്നെ.. കൊയ്ത്ത് കഴിയണവരെ ആ ചേറിൽ തന്നെ..വെയിലുമുഴുവൻ കൊണ്ടു… ” പരാതി പോലെ അച്ഛമ്മ പറയുന്നുണ്ട്.. “മാമക്ക് നല്ല ക്ഷീണമുണ്ടല്ലോ..” കേശുവാണ്.. ” മ്… ഏത് നേരവും കിടപ്പാ.. എന്തേലും ചോദിച്ചാൽ ദേഷ്യപ്പെടും… ഇന്ന്തന്നെ ഇത്രനേരം കിടപ്പായിരുന്നു.. ഒരു കുഴപ്പോം ഇല്ലാതിരുന്ന ആളാ.. ഇതിപ്പൊ ആകെയൊരു അവശതയാ.. ” ഭാനുമതിയാണ് മറുപടി പറഞ്ഞത്.. “മരുന്നിൻ്റെയാവും ക്ഷീണം.. ഇവള് വെറുതെ ഓരോന്ന് പറയുന്നതാ.. ” ദേവരാജൻ വേഗം പറഞ്ഞു..

ചായ കുടിച്ചു കഴിഞ്ഞതും ശാലുവിനെയും കൂട്ടി സൈറ വീടു കാണാനെന്ന് പറഞ്ഞ് അകത്തേക്ക് നടന്നു.. കണ്ണുകൾ കൊണ്ട് സൂഷ്മമായി വീടിൻ്റെ ഓരോ മുക്കും മൂലയും ഒപ്പിയെടുത്തു.. കഴിഞ്ഞതവണ വാതിൽ ചാരിക്കിടന്നത് കൊണ്ട് അധികം ബുദ്ധിമുട്ടില്ലാതെ ഉദ്ദേശിച്ച കാര്യം നടന്നു.. ഇനി അങ്ങനെയാവണമെന്നില്ല.. വിചാരിച്ചത് പോലെ ഭംഗിയായി കാര്യങ്ങൾ നടക്കണമെങ്കിൽ വീടും പരിസരവുമെല്ലാം മനസ്സിലാക്കിയേ തീരൂ.. അടുക്കള കാണാനെന്നമട്ടിൽ അടുക്കള ഭാഗത്തേക്കും നടന്നു.. ചുറ്റുപാടും മനസ്സിലാക്കി തിരികെ ഹാളിലെത്തുമ്പോൾ കേശുവിൻ്റെയും ശാലുവിൻ്റെയും വിവാഹക്കാര്യമാണ് അവിടത്തെ ചർച്ച.. കേശുവിനെ അവിടെ കണ്ടില്ല.. “നീയെന്തിനാ ദേവാ ഇപ്പൊ തിടുക്കം കൂട്ടണെ… അവളുടെ പഠിപ്പ് കഴിഞ്ഞില്ലല്ലോ.. ” അച്ഛമ്മയാണ്. “കേശുവിൻ്റെ കൂടെയല്ലേ. അവൻ പഠിപ്പിച്ചോളും…

എനിക്കെന്തോ ഇത് വേഗം നടത്താമെന്നൊരു തോന്നൽ.. എനിക്കെന്തേലും പറ്റിയാൽ…” ദേവരാജൻ പാതിയിൽ നിർത്തി.. “ദേവാ..എന്ത് വർത്താനാ നീയീ പറയണത്..” പത്മാവതിയമ്മ അയാളെ ശാസിച്ചു.. “ഒന്ന് ബീപി കൂടിയതിനാണോ എൻ്റെ ഏട്ടാ നിങ്ങളീ വർത്താനം പറയുന്നത്… ഒരുമാതിരി കൊച്ചു പിള്ളേരേപ്പോലെ.. “സതീഷിനും ദേഷ്യമാണ് വന്നത്.. “ഇതൊക്കെ ചിന്തിച്ചിരിപ്പാണ് നിങ്ങളല്ലേ.. വെറുതെയാണോ ഊണും ഉറക്കവും ഇല്ലാത്തത്..”ഭാനുമതി കണ്ണുനിറച്ചു… കല്യാണം സന്തോഷമാണെങ്കിലും അച്ഛൻ്റെ പേടി തന്നെയോർത്താണെന്നതിൽ വിഷമം തോന്നി ശാലുവിന്… ഹോസ്പിറ്റലിൽ ആയതിൽ പിന്നെ അച്ഛൻ അസ്വസ്ഥനാണെന്ന് തോന്നിയിട്ടുണ്ട്.. എപ്പോഴും ആലോചനയിലാണ്… തന്നെ ബാധിക്കുന്ന കാര്യങ്ങൾ ഒന്നുമല്ലാത്തിനാൽ സൈറ പുറത്തേക്ക് നടന്നു..

ദേവരാജൻ തന്നെ ഭയക്കുന്നുണ്ടെന്ന് അയാളുടെ വാക്കുകളിൽ നിന്നും മനസ്സിലാവുന്നുണ്ട്.. കുറച്ച്നാൾ നീറി നീറി ജീവിക്കട്ടെ… എന്നിട്ട്മതി അയാൾക്കായി താൻ കരുതി വെച്ച ശിക്ഷ.. മനസ്സിൽ ഉറപ്പിച്ചവൾ.. ഗാർഡനിൽ നിറയെ പഴുത്ത കായ്കളുള്ള ചാമ്പച്ചെടി കണ്ടു… കൈ നിറയെ പറിച്ചെടുത്തു.. കടിച്ചപ്പോൾ ചെറിയ പുളിയുണ്ട്.. മധുരവും.. കൊള്ളാം… “അതിനുളളിൽ പ്രാണികളുണ്ടോന്ന് നോക്കിയോ..? “ഒന്നുരണ്ടെണ്ണം കടിച്ചുതിന്നു കുരു തുപ്പിക്കളഞ്ഞു കൊണ്ടിരിക്കുമ്പോഴാണ് കേശുവേട്ടൻ്റെ ശബ്ദം കേട്ടത്.. ഇല്ലെന്ന് ചുമല് കുലുക്കി.. ആള് തന്നെ കയ്യിൽ നിന്ന് വാങ്ങി പൊട്ടിച്ച് നോക്കി.. “ഇത് ഇങ്ങനെ പൊട്ടിച്ച് നോക്കീട്ട് തിന്നണം.. അല്ലെങ്കിൽ ദാ ഇതൊക്കെ വയറ്റിലെത്തും..” ആള് കാണിച്ച ചാമ്പക്ക നോക്കിയതും വായിലുണ്ടായിരുന്ന ചാമ്പക്ക തുപ്പിയതും ഒരുമിച്ചായിരുന്നു…

ചെറിയ വെളുത്ത പുഴുക്കൾ ഉള്ളിൽ… ദൈവമേ! ഞാൻ വിഴുങ്ങി വിട്ടതിൽ എത്ര പുഴുക്കൾ കാണുമോ ആവോ?.. ഓടി പുറത്തെ പൈപ്പിൽ നിന്നും വായ കഴുകുന്ന എന്നെ നോക്കി കേശുവേട്ടൻ ചിരിക്കുന്നുണ്ട്.. എനിക്കും ചിരി വന്നു… കേശുവേട്ടനോട് പറഞ്ഞിരിക്കാൻ വിഷയങ്ങൾ ഒന്നും ഇല്ലാത്തത് കൊണ്ട് വെറുതെ ഗേറ്റിന് വെളിയിലേക്ക് നടന്നു.. കൈക്കുള്ളിലൂടെ ഒരു കൈ ചേർന്നപ്പോൾ അമ്പരന്ന് നോക്കിയ കേശു കണ്ടത് ചിരിയോടെചേർന്ന് നിൽക്കുന്ന ശാലുവിനെയാണ്.. അവളെ നോക്കിയത് പോലെതന്നെ മുഖം തിരിച്ചു.. “മതി പിണക്കം.. അവിടെ എല്ലാവരും നമ്മുടെ കല്യാണക്കാര്യം പറയുമ്പോൾ ഇവിടൊരാള് മാത്രംപിണങ്ങിയിരിപ്പാ.. ” ശാലു ചുണ്ടുകൂർപ്പിച്ചു.. “ശാലൂ… കല്യാണം എന്നൊക്കെ പറയുന്നത് ചെറിയ കാര്യമൊന്നുമല്ല.. ജീവിതകാലം മുഴുവൻ പരസ്പരം എല്ലാം പങ്കുവെച്ച് ഒരുമിച്ച് ജീവിക്കണ്ടതാണ്..

” “ഇതൊക്കെ എനിക്കുമറിയാം.. ” കേശു പറയുന്നതിനിടയിൽ ശാലു പറഞ്ഞു.. “നമ്മുടെ നാടും വീടുമാണ് എൻ്റെ സന്തോഷം.. ടൗണിൽ പഠിച്ച് ഡോക്ടറായിക്കഴിയുമ്പോ നിനക്ക് ഇവിടെ ജോലി ചെയ്യാൻ പറ്റുമോ?” കേശുവിൻ്റെ ചോദ്യം കേട്ട് അവളൊന്ന് ഞെട്ടി.. ഇവിടത്തെ പഠിത്തം കഴിഞ്ഞ് വിദേശത്ത് പോയിMD ചെയ്യണമെന്നാണ് ആഗ്രഹം. അത് കഴിഞ്ഞ് അവിടെത്തന്നെ ജോലിക്ക് കയറണമെന്നാണ് കരുതിയിരുന്നത്… പതിയെ കേശുവേട്ടനെ പറഞ്ഞ് സമ്മതിപ്പിക്കാമെന്ന് കരുതി.. ഇതിപ്പോ എന്ത് പറയും.. “അത്.. ഇവിടൊക്കെ ജോലി ചെയ്താൽ ചെറിയ ശമ്പളമല്ലേ കിട്ടൂ… നമുക്ക് വിദേശത്തേക്ക് പോവാം. നല്ല ഹോസ്പിറ്റലിൽ കയറാം.. ” മടിച്ചാണെങ്കിലും പറഞ്ഞൊപ്പിച്ചു.. “എനിക്കതിന് സമ്മതമല്ല ശാലു…അമ്മമ്മയെ തനിച്ചാക്കി ഒന്നും ഞാൻ ചെയ്യില്ല.. ” കേശു തറപ്പിച്ച് പറഞ്ഞതും ശാലുവിന് വല്ലാതെ ദേഷ്യം വന്നു..

“നിങ്ങളൊരു മണ്ടനാണോ കേശുവേട്ടാ… അമ്മമ്മയോടുള്ള സ്നേഹത്തിൻ്റെ പേരും പറഞ്ഞ് പഠിക്കാൻ പോയിടത്ത് നിന്നും തിരികെ പോന്നു.. ഇപ്പൊ നമുക്ക് വിദേശത്ത് പോയി ജീവിക്കാമെന്ന് പറഞ്ഞപ്പോ അപ്പോഴും അമ്മമ്മ…”ശാലുവിൻ്റെ സ്വരത്തിലെ പുച്ഛം കേശു തിരിച്ചറിഞ്ഞു. “നിനക്കൊന്നും അത് പറഞ്ഞാൽ മനസ്സിലാവില്ല.. അച്ഛനും അമ്മയും ഇല്ലാത്ത എനിക്ക് അമ്മമ്മയെക്കാൾ വലുതല്ല മറ്റൊന്നും.. ” “ആയിരിക്കാം..പക്ഷേ,എത്രകാലം കാണുമവർ… അതിന് ശേഷമോ?.. ഇന്നോ നാളയോ മരിച്ചു പോവുന്നവർക്ക് വേണ്ടി സ്വന്തം ജീവിതം നശിപ്പിക്കേണ്ട ആവശ്യമുണ്ടോ..” ശാലുവിൻ്റെ സ്വരം ഉയർന്നു.. “ടീ… ” കേശുവിൻ്റെ സ്വരം ഉയർന്നു… കൈ മുഷ്ടി ചുരുട്ടിപ്പിടിച്ചവൻ.. ദേഷ്യം കൊണ്ട് വിറക്കുന്നവൻ്റെ ആ ഭാവംകണ്ട് ശാലുവും ഭയന്നു… ആദ്യമായാണ് കേശുവേട്ടൻ ഇത്ര ദേഷ്യപ്പെടുന്നത്… “കേശൂട്ടാ… എന്താ അവിടെ? ഏ.. ” കേശുവിൻ്റെ സ്വരം കേട്ട് പത്മാവതിയമ്മയും മറ്റുള്ളവരും പുറത്തേക്കെത്തിയിരുന്നു..

അവൻ്റെ ദേഷ്യഭാവം കണ്ടപ്പോഴേ കാര്യമായെന്തോ നടന്നിട്ടുണ്ടെന്ന് പത്മാവതിയമ്മക്ക് മനസ്സിലായി.. “എന്താ ശാലൂ…” പത്മാവതിയമ്മ ചോദിച്ചപ്പോൾ ശാലു മുഖം കുനിച്ചു.. “എന്താടാ…” അവരവൻ്റെ കയ്യിൽ പിടിച്ചു.. കേശു വേഗം അമ്മമ്മയെ കെട്ടിപ്പിടിച്ചു.. എത്രകാലം കാണുവർ.. ശാലുവിൻ്റെ ചോദ്യം അവനെ അത്രമേൽ നോവിച്ചിരുന്നു.. ദേവരാജനും ഭാനുവും എന്ത് പറ്റിയെന്ന് ചോദിച്ചതിന് ഒന്നുമില്ലെന്ന് മാത്രം പറഞ്ഞു.. മകൾ സ്വന്തം കാര്യം മാത്രം നോക്കുന്നവളാണെന്ന് പറഞ്ഞ് അവരെക്കൂടി വേദനിപ്പിക്കാൻ അവന് കഴിഞ്ഞില്ല.. ശാലു തലകുനിച്ച് തന്നെ നിൽപ്പാണ്.. “പോവാം…” സതീഷിനെ നോക്കിയവൻ പറഞ്ഞപ്പോൾ അയാൾ തലയാട്ടി.. കാറിൽക്കയറുമ്പോഴാണ് അയ്യോ കുട്ടിയെ കണ്ടില്ലല്ലോ.. എന്ന് പത്മാവതിയമ്മ പറഞ്ഞത്.. “വഴിയിൽ കാണും…

” കേശു പറഞ്ഞതും സതീഷ് കാറെടുത്തു… ഗേറ്റും കടന്ന് രണ്ടു വീടുകൾക്കപ്പുറം ആരോടോ സംസാരിച്ച് നിൽക്കുന്നവൾക്ക് അരികിൽ വണ്ടി നിർത്തി പോവാമെന്ന് പറഞ്ഞപ്പോൾ വേഗം വന്ന് വണ്ടിയിൽ കയറി.. “ശ്ശോ… യാത്ര പറഞ്ഞില്ലല്ലോ അച്ഛമ്മേ.. ” “അത് സാരല്ല..ഇനീം വരാലോ…” പത്മാവതിയമ്മ അവളെ സമാധാനിപ്പിച്ചു.. തിരികെയുള്ള യാത്രയിൽ എല്ലാവരുടെയും മൗനം കണ്ട് സൈറ മൂന്നാളെയും മാറി മാറി നോക്കി.. അച്ഛമ്മയെ നോക്കി പുരികമുയർത്തി.. “കേശൂട്ടനും ശാലുവും കൂടി വഴക്കിട്ടു.. ” സൈറയുടെ കാതിനരുകിൽ വന്ന് സ്വകാര്യമായി പത്മാവതിയമ്മ പറഞ്ഞു.. “എന്തിന്?” അത്പോലെത്തന്നെ സൈറയും പതിയെ ചോദിച്ചു..

അതിന് അവർ കൈമലർത്തി.. രണ്ടാളും തമ്മിലുള്ള ആംഗ്യം കാണിക്കലും സ്വകാര്യം പറച്ചിലും റിയർവ്യൂ മിററിലൂടെ കണ്ടപ്പോൾ ദേഷ്യത്തിനിടയിലും കേശുവിന് ചിരി വരുന്നുണ്ടായിരുന്നു… നേരം ഇരുട്ടിത്തുടങ്ങിയപ്പോഴാണ് വീട്ടിലെത്തിയത്.. രാത്രി ഭക്ഷണം കഴിക്കാനിരുന്നപ്പോഴും എല്ലാവരും നിശബ്ദമായിരുന്നു..പകലത്തെ സംഭവവും നാളെ സതീഷ് തിരിച്ചു പോവുന്നതിൻ്റെ വിഷമവും കൂടിയായപ്പോൾ പത്മാവതിയമ്മ കഴിച്ച് വേഗം കിടന്നു.. അൽപ്പം കഴിഞ്ഞ് കേശു അവർക്കരികിൽ ചെന്ന് പറ്റിച്ചേർന്നു കിടന്നു.. എന്തോ നല്ല വിഷമമുണ്ടവനെന്ന് അറിയാവുന്നത് കൊണ്ട് പതിയെ അവൻ്റെ പുറത്ത് തട്ടിക്കൊണ്ടിരുന്നു..

ആരും മിണ്ടാതിരുന്നപ്പോൾ വല്ലാത്ത ബോറടി തോന്നി സൈറക്ക്… നേരെ അച്ഛമ്മയുടെ റൂമിലേക്ക് നടന്നു.. “അതേ അച്ഛമ്മേ ഈ അച്ഛാച്ഛൻ ആദ്യമായിട്ട് പെണ്ണുകാണാൻ വന്ന കഥയൊന്ന് പറഞ്ഞേ..” അവർക്കരികിലിരുന്നവൾ.. “ഇന്നിനി വയ്യ.. നാളെ നോക്കാം കുട്ടീ.. ” “അത് പറ്റില്ല.. ഒന്ന് പറയൂന്നേ.. ” നിർബന്ധം പിടിച്ചവൾ… “അന്നെനിക്ക് പതിനാറ് വയസ്സേയുള്ളൂ… അച്ഛമ്മ പറഞ്ഞ് തുടങ്ങി… ഇടക്ക് സതീഷും വന്നിരുന്നു… വാതിൽക്കൽ ചന്ദ്രിയമ്മയും.. പെണ്ണുകാണലിൽ തുടങ്ങി കല്യാണവും അതിനിടയിലെ പിണക്കങ്ങളും ഇണക്കങ്ങളും ഒരു താളത്തിൽ അവരങ്ങനെ പറഞ്ഞു കൊണ്ടിരുന്നു.. കേശുവും അത് കേട്ടിരുന്നു… മനസ്സിൻ്റെ പിരിമുറുക്കം ഏറെക്കുറെ മാറിയിരുന്നു.. ചിലപ്പോഴൊക്കെ സൈറ ഉറക്കെചിരിച്ചു.. ചിലപ്പോഴൊക്കെ അവളുടെ മുഖത്ത് കൗതുകമായിരുന്നു.. അത്രയടുത്ത് അവളിലെ മുഖഭാവങ്ങളും ചിരിയൊച്ചകളും കേശുവിനെ അത്ഭുതപ്പെടുത്തുന്നുണ്ടായിരുന്നു… കണ്ണുകൾ അവളിൽ മാത്രമായിരുന്നു… എത്ര പെട്ടന്നാണവൾ ഈ വീടുണർത്തിയത്… എല്ലാ മുഖങ്ങളിലും ചിരി നിറച്ചത്.. തുടരും…