രചന – രജിഷ അജയ്ഘോഷ്
“അതേയ് പെരയൊക്കെ വീണതല്ലേ..തലക്ക് വല്ലതും പറ്റിയോന്ന് അറിയണെങ്കിലേ മറ്റേ സ്കാനിങ്ങില്ലേ.. ശ്ശോ..ഞാനതിൻ്റെ പേരും മറന്നു.. അതൊന്ന് എടുത്ത് നോക്കിയാ മതീട്ടോ… ” പോവുന്ന പോക്കിൽ സൈറയോട് സ്വകാര്യമായി പറഞ്ഞവർ.. ” നിങ്ങള് പോണുണ്ടോ…. ” കേശുവിൻ്റെ ശബ്ദം വീണ്ടും ഉയർന്നതും അവരെന്തോ പിറുപിറുത്തു കൊണ്ട് തിടുക്കപ്പെട്ട് പുറത്തേക്ക് നടന്നു.. സൈറക്കത് കണ്ട് ചിരിയാണ് വന്നത്.. “എന്നാലും എൻ്റെ കുട്ടീ.. എന്തേലും പറ്റിയിരുന്നെങ്കിലോ?”പത്മാവതിയമ്മ അവളുടെ മുഖത്തൂടെ കൈവിരലോടിച്ചു കൊണ്ട് പറഞ്ഞതും സൈറ പുഞ്ചിരിച്ചു.. “എനിക്കങ്ങനൊരു പേടി ഇക്കാലം വരെയും തോന്നിയിട്ടില്ല അച്ഛമ്മേ… ആ കുഞ്ഞിനെ രക്ഷിക്കാൻ കഴിഞ്ഞില്ലെങ്കിൽ ആ അച്ഛനെങ്ങനെ സഹിക്കും എന്ന് മാത്രമേ അപ്പോൾ ചിന്തിച്ചുള്ളൂ..” “നല്ല കാര്യം തന്നെയാ മോള് ചെയ്തത്.. പക്ഷേ ” പത്മാവതിയമ്മയുടെ ഭയം തനിക്കെന്തെങ്കിലും സംഭവിച്ചാലോ എന്നതാണെന്ന് സൈറക്ക് മനസ്സിലായിരുന്നു.. “അങ്ങനെ അപകടമൊന്നും ഉണ്ടാവില്ല അച്ഛമ്മേ.. ഇതൊക്കെ എത്ര നിസ്സാരമാ..
റിസ്കുള്ള ഓപ്പറേഷനുകൾ നടക്കുന്ന സമയത്ത് മുന്നിൽ നിൽക്കുന്നയാളാണ് ഞാൻ.. മറ്റുള്ളവരെല്ലാം തിരികെ വരാമെന്ന് വീട്ടുകാർക്ക് വാക്കുകൊടുത്ത് വന്നവരാണ്.. അവർക്കെന്തെങ്കിലും സംഭവിച്ചാൽ അനാഥമാവുന്ന കുടുംബങ്ങളും കുഞ്ഞുങ്ങളും ഉണ്ടാവും.. ഞാനങ്ങനെയല്ലല്ലോ.. എന്നെ കാത്തിരിക്കാനും സ്നേഹിക്കാനും ആരാ ഉള്ളത്..അത്കൊണ്ട് എന്തിനും മുൻപിൽ ഞാനുണ്ടാവും…” ചിരിയോടെ പറഞ്ഞു തുടങ്ങിയ സൈറയുടെ വാക്കുകൾ ഇടക്കെപ്പോഴോ ഇടറിയിരുന്നു.. കേട്ടു നിന്ന പത്മാവതിയമ്മയും കേശുവും ഒന്നും മിണ്ടാനാവാതെ നിന്നു പോയി.. “എൻ്റെ കുട്ടീ ഞാനില്ലേ ഇവിടെ.. ഇവിടേക്ക് വരാൻ എത്ര തവണ വിളിച്ചിരിക്കുന്നു.. ഇക്കാലമത്രയും നിന്നെയോർത്ത് വേദനിച്ചിട്ടേയുള്ളൂ.. എൻ്റെ മാധവൻ്റെ മൂത്ത മകളായിട്ടേ കണ്ടിട്ടുള്ളൂ.. പക്ഷേങ്കില് നിനക്ക് ഞാൻ അന്യയായിരുന്നൂലേ.. അതോണ്ടാണല്ലോ ആരുമില്ലെന്ന് കരുതീത്..” പത്മാവതിയമ്മയുടെ നിറഞ്ഞ കണ്ണുകൾ കണ്ടതും സൈറ വല്ലാതായി.. “അങ്ങനല്ല അച്ഛമ്മേ…ഞാൻ അനാഥയാണെന്ന തോന്നലാവാം, അല്ലെങ്കിൽ മറ്റുള്ളവർ എങ്ങനെ കാണുമെന്ന ചിന്തയാവാം ആരെയും കാണാൻ തോന്നിയില്ലെനിക്ക്.. എല്ലാവരിൽ നിന്നും ഓടിയൊളിക്കാൻ തോന്നി..
പക്ഷേ, ഇപ്പൊ തോന്നുവാ നേരത്തെ വന്നെങ്കിൽ നിങ്ങടെയൊക്കെ സ്നേഹം കുറെക്കൂടി എനിക്ക് കിട്ടിയേനെ എന്ന്.. ” പറഞ്ഞു കൊണ്ട് പത്മാവതിയമ്മയെ ഇറുകെ പുണർന്നവൾ.. കേശുവിന് സങ്കടം തോന്നി..താനും അവളെ അവഗണിച്ചിട്ടുണ്ട്.. വഴക്കിട്ടിട്ടുണ്ട്.. എടുത്ത് വളർത്തിയവരെ ഉപേക്ഷിച്ച് പോയ സൈറയോട് ഉള്ളിലെവിടെയോ ദേഷ്യമായിരുന്നു.. പക്ഷേ.. ഈ ദിവസങ്ങളിൽ ആരും പറയാതെതന്നെ സൈറക്കതിന് കഴിയില്ലെന്ന് മനസ്സിലായി.. അവളുടെ കണ്ണുകളിലെനോവ് തൻ്റെ നെഞ്ചിൽ പതിയുന്നത് പോലെ തോന്നിയവന്.. “ഇങ്ങനെ ഇരുന്നാ മതിയോ? എനിക്ക് വെശക്കുന്നു അച്ഛമ്മേ…” വിഷയം മാറ്റാനായി വയറിൽ കൈ ചേർത്തു സൈറ… “ഞാനത് മറന്നു കുട്ടീ..നേരം ഉച്ചയാവാറായി വേഗം വാ.. ഞാൻ ചന്ദ്രിയോട് ചായയെടുക്കാൻ പറയാം.. ” അച്ഛമ്മ എഴുന്നേറ്റു നടന്നു.. സൈറയെ ഒന്നു നോക്കി കേശുവും.. ചായ കുടിച്ചെഴുന്നേറ്റപ്പോഴാണ് സാം വന്നത്.. “വേദനയുണ്ടോടോ…” “ഏയ്… ഇതൊക്കെയെന്ത്…” നിസാരഭാവത്തിൽ പറഞ്ഞവൾ..
“ഞാനൊന്നു കെട്ടിപ്പിടിച്ചോട്ടേ…” സാം പെട്ടന്ന് ചോദിച്ചപ്പോൾ എന്നെയോ.. എന്ന ഭാവത്തിൽ അവളൊന്ന് നോക്കി.. അതെയെന്നവൻ തലയാട്ടിയതും രണ്ടു കൈകളും വിടർത്തി നിന്നവൾ.. ചിരിയോടെ അവളെ ചേർത്ത് പിടിച്ചു സാം.. “ഇന്നലെ താനാ സാഹസം കാണിച്ച സമയത്ത് അനുഭവിച്ച ടെൻഷനുണ്ടല്ലോ ഓർക്കാൻ കൂടെ വയ്യ.. നെഞ്ചിടിപ്പ് കൂടി വീണുപോവുമെന്ന് തോന്നി.. ഇങ്ങനെ തനിക്കേപറ്റൂ..യു ആർ ഗ്രേറ്റ് സൈറാ..” കെട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞവൻ.. സാമിൻ്റെ ശബ്ദം കേട്ട് പുറത്തിറങ്ങിയ കേശു കെട്ടിപ്പിടിച്ച് നിൽക്കുന്നവരെ കണ്ട് ഒരു നിമിഷം അവിടെത്തന്നെ നിന്നു.. ചിരിയോടെ സാമിൻ്റെ നെഞ്ചിൽ മുഖം ചേർത്ത് സൈറ… പിന്നിലോട്ട് പോവാനാണ് തോന്നിയത്.. എന്തിനെന്നറിയാതെ വല്ലാത്ത സങ്കടം തോന്നിയവന്… അപ്പോഴാണ് ഫോണടിച്ചത്.. ദേവമാമ്മയുടെ നമ്പറ് കണ്ടതും ഫോണെടുത്തു ചെവിയോട് ചേർത്തു.. “കേശുവേട്ടാ…” മറുപുറത്ത് ശാലുവിൻ്റെ സ്വരം കേട്ടതും ദേഷ്യമാണ് വന്നത്.. ” എത്ര ദിവസായി ഞാൻ വിളിക്കുന്നു.. എന്താ ഫോണെടുക്കാത്തെ.. കേശുവേട്ടനില്ലാതെ എനിക്ക് പറ്റില്ലാഞ്ഞിട്ടാ… ഞാനന്ന് പറഞ്ഞതിനൊക്കെ സോറി..” ശാലു ദയനീയമായി പറഞ്ഞു..
” ശാലൂ പ്ലീസ്… നമ്മള് തമ്മിൽ ശരിയാവില്ലെന്ന് അന്ന് മനസിലായതല്ലേ.. ഞാനൊരിക്കലും മാറാൻ ഉദ്ദേശിക്കുന്നില്ല.. ഇത് നടക്കില്ലെന്ന് മാമയോട് ഞാൻ പറഞ്ഞോളാം.. ” ” ഞാൻ… ഞാൻ അഡ്ജസ്റ്റ് ചെയ്തോളാം.. കേശുവേട്ടനെ എനിക്ക് വേണം.. ” ശാലുവിൻ്റെ സ്വരം നേർത്തിരുന്നു.. “നടക്കില്ല… നീവെച്ചിട്ട് പോയേ..എനിക്ക് കുറച്ച് തിരക്കുണ്ട്. “തറപ്പിച്ച് അത്രയും പറഞ്ഞ് ഫോൺ കട്ടാക്കിയവൻ… വഴക്കിട്ട് പോന്നതിൻ്റെ പിറ്റേന്ന് മുതൽ ശാലു വിളിക്കുന്നുണ്ടെങ്കിലും എടുക്കാൻ തോന്നിയിട്ടില്ല.. അവളുടെ വാക്കുകൾ അത്രക്ക് തന്നെ വേദനിപ്പിച്ചിട്ടുണ്ട്.. “ടാ… സ്കൂളിലാണ് ആളുകളെയെല്ലാം മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്.. അവിടെ ഭക്ഷണത്തിന് ആവശ്യമുള്ളതെല്ലാം എത്തിക്കണ്ടേ.. നീ വരുന്നോ ?”സാം ഉറക്കെ വിളിച്ചു ചോദിക്കുന്നുണ്ട്.. “ദാ വരുന്നൂടാ..” സാമിനരികിലേക്ക് നടന്നു.. “അരിയും തേങ്ങയുമൊക്കെ ഇവിടുന്നെടുക്കാം.. നീ വാ…” കേശു തിടുക്കപ്പെട്ട് പത്തായപ്പുരയിലേക്ക് നടന്നു.. “ഞാനും കൂടെവരാം…”രണ്ടാളും കൂടി കുറച്ച് അരിച്ചാക്കുകളും തേങ്ങയും കാറിലേക്ക് എടുത്ത് വെച്ച് കാറിലേക്ക് കയറാൻ തുടങ്ങുമ്പോൾ പിന്നിൽ സൈറയുടെ സ്വരം കേട്ടു.. “നാളെ പോവാം സൈറാ.. ഇന്ന് താൻ റെസ്റ്റെടുക്ക്.. നല്ല ക്ഷീണമുണ്ട് മുഖത്ത്.. ” സൈറയുടെ കവിളിൽ കൈ ചേർത്താണ് സാം അത് പറഞ്ഞത്.. അനുസരണയോടെ തലയാട്ടിയവൾ.. സാമും സൈറയും ഒരുമിച്ച് നിൽക്കുമ്പോൾ കേശുവിന് എന്തോ ഒരു പെടപ്പാണ്.. അത് കൊണ്ട് തന്നെ വേഗം കാറിൽ കയറി..
അടുത്തായി സാമും.. അന്ന് സൈറ അച്ഛമ്മക്കും ചന്ദ്രിയമ്മക്കും ഒപ്പം കൂടി.. ഇടക്കൊന്ന് ഉറങ്ങി.. ഉച്ചകഴിഞ്ഞ് മഴയൽപ്പം കുറഞ്ഞെങ്കിലും രാത്രിയോടെ മഴ വീണ്ടും കനത്തു.. ചന്ദ്രിയമ്മ പണികളൊക്കെ തീർത്ത് സീരിയൽ കാണാനിരുപ്പാണ്.. അച്ഛമ്മക്ക് തണുപ്പധികം താങ്ങാനാവില്ല..ആള് കട്ടിലിൽ കയറി പുതച്ച്ക്കിടന്നു.. ബാഗിൽ നിന്നൊരു ഇംഗ്ലീഷ് നോവലെടുത്ത് സൈറ അച്ഛമ്മയുടെ അരികിൽ കാലും നീട്ടിയിരുന്നു… തനിച്ചായതിനു ശേഷം ഒഴിവു സമയങ്ങൾ മുഴുവൻ വായനയിൽ മുഴുകും.. ഹോസ്റ്റലിൽ തൻ്റെ ഏറ്റവും വലിയ കൂട്ട് പുസ്തകങ്ങൾ തന്നെയായിരുന്നു.. അല്ലെങ്കിലും അക്ഷരങ്ങൾക്ക് വല്ലാത്തൊരു കഴിവാണ്..പലതും മറക്കും.. മറ്റൊരു ലോകത്തേക്ക് നമ്മളെയെത്തിക്കും..പല കഥകളിലും കഥാപാത്രങ്ങൾ നമ്മളാണെന്ന് സങ്കൽപ്പിച്ച് പോവും.. എത്രയോ പുസ്തകങ്ങൾ വായിച്ചു തീർക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു.. ഈ നാട്ടിൽ വന്നതിന് ശേഷം എന്നോ ഒരു ദിവസം കുറച്ച് നേരം നോക്കിയതല്ലാതെ ഇന്നാണ് വായനയെക്കുറിച്ചോർത്തത് പോലും..
കേശു അച്ഛമ്മയുടെ മുറിയിലെത്തുമ്പോൾ അച്ഛമ്മ മയക്കത്തിലാണ്.. സൈറ വായനയിലും.. തിരികെ പോവാൻ മനസ്സനുവദിക്കാത്തത് കൊണ്ട് കട്ടിലിൽ അച്ഛമ്മയുടെ കാലിൻ്റെ അരികിൽ ഇരുന്നു.. സൈറയൊന്ന് തലയുയർത്തി നോക്കി അതുപോലെ വായന തുടർന്നു.. സാമിനോട് എന്തൊരു ചിരിയായിരുന്നു.. കെട്ടിപ്പിടിക്കാൻ നിന്നു കൊടുക്കുന്നു.. ഇപ്പൊ ഒരു ഗൗരവം..കേശുവിന് സൈറയോടൊരു പരിഭവമൊക്കെ തോന്നി.. ” കേശൂട്ടൻ വന്നുവോ… എന്താ അവിടത്തെ സ്ഥിതിയൊക്കെ.. ആ കുട്ടിയെ കൊണ്ടുവന്നോ?” പത്മാവതിയമ്മ കേശു വന്നതറിഞ്ഞ് കണ്ണു തുറന്നിരുന്നു.. “എല്ലാവരും നല്ല സഹകരണം ഉള്ളത് കൊണ്ട് കാര്യങ്ങളൊക്കെ നന്നായി നടക്കുന്നുണ്ട്.. ഒന്നിനും ഒരു ബുദ്ധിമുട്ടുമില്ല.. പിന്നെ ആ കുട്ടിയെ വൈകിട്ട് കൊണ്ടുവന്നു.. കുഴപ്പമൊന്നുമില്ല.. ” കേശു പറയുമ്പോൾ കുഞ്ഞിൻ്റെ കാര്യം പറഞ്ഞപ്പോൾ സൈറയൊന്ന് തലയുയർത്തി നോക്കി.. വീണ്ടും വായന തന്നെ.. അച്ഛമ്മ ഓരോന്ന് ചോദിക്കുമ്പോൾ മറുപടി പറയുന്നുണ്ടെങ്കിലും കേശുവിൻ്റെ കണ്ണുകൾ ഇടക്കിടെ സൈറയിലെത്തും..
വായനക്കിടെ അവളുടെ മുഖത്ത് പല ഭാവങ്ങൾ കാണാം.. ചിലപ്പോഴൊക്കെ ചിരി വിടർന്നു… ചിലപ്പോഴൊക്കെ കണ്ണുചുരുക്കി.. ചുണ്ടു കൂർപ്പിച്ചു.. അതെല്ലാം കണ്ടിരിക്കാൻ തന്നെ ഒരു രസമുണ്ട്.. തനിക്കരികിൽ നീട്ടിയിരിക്കുന്ന മെലിഞ്ഞ കാൽവിരലുകൾ ഇടക്ക് അനങ്ങുന്നുണ്ട്.. ഇടക്ക് വലത്തേക്കാലിൻ്റെ വിരലുകൾ ഇടത്തേക്കാലിൻ്റെ വിരലുകളിൽ കൊരുക്കുന്നുണ്ട്.. ശ്രദ്ധ മുഴുവൻ പുസ്തകത്തിലും.. കഴിക്കാനിരുന്നപ്പോൾ സൈറയുടെ മുഖത്ത് ടെൻഷനാണ്.. തിടുക്കപ്പെട്ട് എഴുന്നേറ്റ് പോവുന്നത് കണ്ടു.. “എന്താപ്പോ കുട്ടിക്ക് പറ്റീതാവോ..” ചന്ദ്രിയമ്മ വേവലാതിപ്പെടുന്നുണ്ട്.. കേശു കഴിച്ചെഴുന്നേറ്റ് നോക്കുമ്പോൾ ആട്ടു കട്ടിലിൽ സൈറയുണ്ട്.. കയ്യിൽ പുസ്തകവും.. ചുണ്ടുകൾ കടിച്ച് പിടിച്ച് ആകാംക്ഷയോടെയാണ് ഇരിപ്പ്.. ഇത് വായിക്കാനുള്ള തിരക്കിലാണ് കഴിക്കാനിരുന്നപ്പോൾ പോലും മിണ്ടാതിരുന്നതെന്ന് ഇരുപ്പ് കണ്ടപ്പോഴാണ് മനസ്സിലായത്.. ഉറങ്ങാൻ കിടന്നപ്പോഴും സൈറയായിരുന്നു കേശുവിൻ്റെ മനസ്സിൽ.. കണ്ണടക്കുമ്പോഴും ഉറക്കം വരാത്തവിധം അവളങ്ങനെ കൺമുന്നിൽ തെളിഞ്ഞ് നിൽക്കുന്നത് അവനറിഞ്ഞു… ❤❤
” ഞാനും വരുന്നൂ.. ” സ്കൂളിലേക്ക് ഇറങ്ങുമ്പോൾ പിന്നിൽ നിന്നും സൈറ വിളിച്ചു പറഞ്ഞു.. “നിക്ക് ഞാനങ്ങ് വരാം.. “മഴച്ചാറൽ വകവെക്കാതെ വരാനിറങ്ങിയവൾക്കരികിലേക്ക് കുടയും ചൂടി കേശു നടന്നു.. “മുറിവ് നനയാതെ നോക്കണമെന്ന് നിനക്കറിയില്ലേ സൈറാ.. മഴ പെയ്യുന്നത് കണ്ടില്ലേ…” ചെറിയ ശാസന നിറഞ്ഞ വാക്കുകൾ കേട്ട് അവൾ ചിരിച്ചു.. കുട അവൾക്ക് നേരെ നീട്ടിയെങ്കിലും അവളത് വാങ്ങാതെ അതിലേക്ക് കയറി നിന്നു.. ഒരുമിച്ച് ഒരുകുടക്കീഴിൽ സൈറക്കൊപ്പം നടക്കുമ്പോൾ ചെറുചിരി കേശുവിൻ്റെ ചുണ്ടിൻ്റെ കോണിൽ വിരിഞ്ഞു.. “സാം വരുന്നില്ലേ.. ഇന്ന് കണ്ടതേയില്ലല്ലോ.. ” കാറിലിരുന്ന് സാമിൻ്റെ വീട്ടിലേക്ക് എത്തി നോക്കിയുള്ള സൈറയുടെ ചോദ്യം കേട്ടപ്പോൾ കേശുവിന് ദേഷ്യമാണ് വന്നത്.. “വരുമായിരിക്കും..” അലസമായി മറുപടി പറഞ്ഞവൻ.. “ഒന്നു വിളിച്ചു നോക്കിക്കൂടെ..” “നീയൊരു കാര്യം ചെയ്യ്.. വണ്ടീന്നെറങ്ങീട്ട് അവൻ്റെ വീട്ടിൽ പോയി നോക്ക്.. എന്നിട്ട് അവൻ്റെ കൂടെ വന്നാ മതി.. ” കേശു അൽപ്പം ശബ്ദമുയർത്തിയാണത് പറഞ്ഞത്..
“അത് ശരിയാ.. പപ്പയെ കണ്ടിട്ട് കുറച്ച് ദിവസമായി.. വണ്ടിയിവിടെ നിർത്തിക്കൊ.. “അപ്പൊത്തന്നെ സൈറയുടെ മറുപടി വന്നു.. കേശു ദേഷ്യത്തോടെ ബ്രേക്ക് പിടിച്ചതും വണ്ടിപെട്ടന്ന് നിന്നു.. “കുട ഞാനെടുക്കുന്നുണ്ടേ..” തൻ്റെ കുടയെടുത്ത് പുറത്തേക്കിറങ്ങുന്ന സൈറയെ കാണെ മറുപടി പറയാതെ മുന്നിലോട്ട് മാത്രം നോക്കിയിരുന്നു.. കുട നിവർത്തിപ്പിടിച്ച് സാമിൻ്റെ വീട് ലക്ഷ്യമാക്കിയവൾ നടക്കുമ്പോൾ കേശു വണ്ടിയെടുക്കാതെ അവിടെത്തന്നെയിരുന്നു.. ഞാനെന്താ ഇങ്ങനെ? അവൾക്കിഷ്ടമുള്ളവരുടെ കൂടെ വന്നോട്ടെ.. സൈറ തന്നെ ശ്രദ്ധിക്കാതെ സാമിനോട് മിണ്ടുമ്പോൾ എന്തിനാണിങ്ങനെ ദേഷ്യം വരുന്നതാവോ? ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങളുമായി കേശു ഇരുന്നു.. തുടരും…

by