23/04/2026

അന്നൊരിക്കൽ : ഭാഗം 10

രചന – അഞ്ജു തങ്കച്ചൻ

മുളകിട്ട മീൻകറി ഉണ്ടാക്കി ഇന്ന് അച്ഛനെ ഞെട്ടിക്കണം.

ആദ്യം ഫോണിൽ നോക്കി എങ്ങനെയാണ് മീൻകറി ഉണ്ടാക്കുന്നത് എന്ന് മനസിലാക്കി.

ഓഹ് ഇത്ര എളുപ്പമായിരുന്നോ ഇതുണ്ടാക്കാൻ.

വളരെ സാവധാനത്തിൽ ഓരോന്നും ചേർത്ത് കറിയുണ്ടാക്കി.ഒന്നിനും ഒരു കുറവും ഉണ്ടാകരുത്.

കറിയുണ്ടാക്കി കഴിഞ്ഞപ്പോഴേക്കും അടുക്കളയുടെ കാര്യം കഷ്ട്ടത്തിൽ ആയിരുന്നു. ഓരോരാ സാധനങ്ങളും നിരന്നുനിരന്നു കിടക്കുന്നു.

ഉലുവയും കടുകും പൊട്ടിച്ചപ്പോൾ എണ്ണ തെറിച്ചു ചാടി സ്റ്റൗവ് ആകെ വൃത്തികേടായിരിക്കുന്നു.

പാത്രം കഴുകൽ അവൾക്കു പൊതുവെ മടിയാണ്.
പക്ഷെ വീട് വൃത്തിയിൽ ഇടാൻ, സാധനങ്ങൾ ഒതുക്കി പെറുക്കി വയ്ക്കാൻ ഒക്കെ അവൾക്ക് ഇഷ്ട്ടമാണ്.
അടുക്കള തിടുക്കത്തിൽ വൃത്തിയാക്കി.

കറി പാകമായതിനു ശേഷം ഒരു സ്പൂൺ പച്ചവെളിച്ചെണ്ണ കൂടെ ചേർത്ത് കറി വാങ്ങി.

കാണാൻ നല്ല ഭംഗിയുണ്ട്എണ്ണയൊക്കെ തെളിഞ്ഞ് അൽപ്പം കുറുക്കിയ ചാറിൽ മീൻകഷണങ്ങൾ കിടക്കുന്നതു കണ്ടപ്പോൾ അവൾക്ക് സ്വയം ഒരു മതിപ്പ് തോന്നി.

അവൾ വേഗത്തിൽ പോയി കുളിച്ചു വന്നു.

ആറര ആയപ്പോൾ നിലവിളക്കു കൊളുത്തി അമ്മ പഠിപ്പിച്ച കീർത്തനങ്ങൾ ചൊല്ലി.

സൗമിനിയും അങ്ങനെയായിരുന്നല്ലോ എന്ന് ഗിരി ഓർത്തു.

കലാപരമായ ഒരുപാട് കഴിവുകൾ ഉള്ളവളായിരുന്നു സൗമിനി.

വേണ്ടാ.. അതൊന്നും ഓർമിക്കണ്ട. അയാൾ ഹെഡ് സെറ്റ് ചെവിയിൽ വച്ച് പഴയ പാട്ടുകൾ കേട്ടു. അല്പനേരമെങ്കിൽ അൽപനേരം മനസ് ശാന്തമാക്കാൻ സംഗീതത്തിനു കഴിയും.

പ്രാർത്ഥന കഴിഞ്ഞ് നാളത്തേക്ക് ഇടാനുള്ള ഡ്രസ്സ്‌ ഒക്കെ കീർത്തി തേച്ചുവച്ചു.

ഫോൺ എടുത്തു നോക്കിയപ്പോൾ അമ്മയുടെ പതിനെട്ട് മിസ്സ്ഡ് കാൾ കിടപ്പുണ്ട്.

ഇല്ല എടുക്കുന്നില്ല.

മനസ്സറിയാതെ ഞാനെന്തെങ്കിലും പറഞ്ഞു പോകും.
എത്ര പാവമായിരുന്നു അമ്മ.
അമ്മക്ക് ഇങ്ങനൊരു ഭൂതകാലം ഉണ്ടായിരുന്നു എന്നതും അമ്മ ചതിച്ചു നേടിയതാണ് പലതും എന്നുള്ള ചിന്ത എനിക്ക് താങ്ങാൻ കഴിയുന്നില്ല.

കുറേ നേരം അവൾ ഓരോന്നും ചിന്തിച്ചങ്ങനെ ഇരുന്നു.

സമയം എട്ടുമണിയോട് അടുത്തപ്പോൾ അവൾ അത്താഴം വിളമ്പി ടേബിളിൽ വച്ചു.

അൽപ്പം കട്ടിതൈരിൽ ഇത്തിരി പച്ചമുളകും കറി വേപ്പിലയും ഉപ്പും ചേർത്ത് എടുത്തുവച്ചു.

എന്താന്നറിയില്ല കുറച്ച് തൈര് ഉണ്ടെങ്കിൽ വലിയ ഇഷ്ട്ടമാണ് തനിക്ക്.

അവൾ അച്ഛനെ ആഹാരം കഴിക്കാൻ വിളിച്ചു.

ഇത്ര ദിവസങ്ങൾ കഴിഞ്ഞിട്ടും അച്ഛൻ അവളോട്‌ ഒന്നും സംസാരിച്ചിട്ടൊന്നും ഇല്ല.

അവൾ വന്നു വിളിക്കുമ്പോൾ കഴിക്കാൻ ചെല്ലും, കഴിച്ച് കഴിഞ്ഞാൽ പാത്രവും കഴുകി വച്ചിട്ട് അച്ഛൻ പോകും.
ഫുഡ്‌ നല്ലതാണെന്നോ, മോശമാണെന്നോ പറയാറില്ല. എന്ത് കൊടുത്താലും കഴിക്കും.

അച്ഛന് വിളമ്പി കൊടുത്തിട്ട് അവളും ഇരുന്നു.

ഇന്ന് എന്തായാലും അച്ഛൻ മീൻകറിയെക്കുറിച്ച് നല്ലത് പറയും.

അവൾ അച്ഛന്റെ മുഖത്തേക്ക് നോക്കി.

മീൻചാർ ചേർത്തിളക്കി ചോറ് വായിൽ വച്ചതും അച്ഛന്റെ മുഖം ഇഞ്ചി കടിച്ച കുരങ്ങന്റേത് പോലെ ഒരു പ്രത്യേക ഭാവത്തിൽ ഇരുന്നു.

അവൾ പെട്ടന്ന് കുറച്ച് കറി കൂട്ടി നോക്കി.
അയ്യേ… വല്ലാത്ത ഒരു കയ്പ്പ്.
അവൾ ബുദ്ധിമുട്ടി അതിറക്കി.

അവൾ ഒളിക്കണ്ണിട്ട് അച്ഛനെ നോക്കി.
മീൻ കറി ഒഴിച്ച ഭാഗം മാറ്റി വച്ചിട്ട്, തൈര് കൂട്ടി അച്ഛൻ ചോറ് കഴിക്കുകയാണ്.

അവൾക്കു വല്ലാത്ത ചമ്മൽ തോന്നി.

കഴിച്ചെഴുന്നേറ്റ്,പോകും മുൻപ് അച്ഛൻ പറഞ്ഞു. ഇത്രയധികം ഉലുവ ചേർക്കരുത് ഒരൽപ്പം ചേർക്കേണ്ടതിന് എത്ര ചേർത്തു??

ഒരു സ്പൂൺ ഉലുവയും ഒരു സ്പൂൺ കടുകും പൊട്ടിച്ചു.

ഒരു സ്പൂൺ നിറയെയോ??

ഉം.. രുചി കൂടുമെന്ന് കരുതി പിന്നേം ഒരു അര സ്പൂൺ കൂടെ ഇട്ടു.

അവൾ തലകുനിച്ചു.

പതിയെ നോക്കിയപ്പോൾ,അച്ഛൻ പൊട്ടിവന്ന ചിരി അടക്കിപിടിക്കുന്നത് അവൾ വ്യക്തമായി കണ്ടു.

ശ്ശൊ… അവൾ ഒരു ചമ്മിയ ചിരി ചിരിച്ചു.

പിറ്റേന്ന് അവൾ എഴുന്നേറ്റ് വന്നപ്പോൾ അച്ഛൻ അടുക്കളയിൽ ഉണ്ടായിരുന്നു.

ചായ തിളപ്പിച്ചിട്ടുണ്ട്, അടുപ്പിൽ കഞ്ഞി തിളക്കുന്നുണ്ട്,
ഒരു പാനിൽ ഇന്നലെ മേടിച്ച മീൻ കുറച്ച് ഫ്രിഡ്ജിൽ വച്ചിരുന്നത് അച്ഛൻ ഫ്രൈ ചെയ്യുന്നു..

അടുക്കളയിൽ ആകെ നല്ല മീൻ വറുത്തതിന്റെ ഗന്ധം.

അവളും ചേർന്ന് ബാക്കി പണികൾ കൂടെ തീർത്തു.

പഴം ഇരിപ്പുണ്ട് അതുകൊണ്ട് പെട്ടന്ന് അവൾ പുട്ട് ഉണ്ടാക്കി.

ഒന്നും പരസ്പരം മിണ്ടുന്നില്ലെങ്കിലും അവർ ഒരുമിച്ച് വേഗത്തിൽ ജോലി തീർത്തു..

കുളിച്ചു വന്നിട്ട് ബ്രേക്ക് ഫാസ്റ്റ് കഴിച്ച് അവൾ ഓഫീസിലേക്ക് പോകാനായി ഇറങ്ങി.

@@@@@@

കീർത്തി ജോലിക്ക് പോയിക്കഴിഞ്ഞപ്പോൾ,
ഗിരി സുഹൃത്തുക്കളുടെ അടുത്തൊക്കെ പോയി. ഇനി രണ്ടാഴ്ച കഴിഞ്ഞാൽ വിദേശത്തേക്ക് മടങ്ങണം.
ഇവിടെ നിന്നിട്ട് എന്ത് ചെയ്യാനാണ്

അടുത്ത കൊല്ലത്തോട് കൂടി,അവിടുത്തെ ജോലി മതിയാക്കണം.
ബാക്കിയുള്ള കാലം ഇവിടെ കഴിയണം.സ്വന്തം വിയർപ്പിൽ നേടിയ നാല്പത് സെന്റ് സ്ഥലമുണ്ട്.
അതിൽ കുറച്ച് പച്ചക്കറികൾ ഒക്കെ നടണം. ഈ മണ്ണിന്റെ മണമറിഞ്ഞ് കുറച്ചു നാൾ ജീവിക്കണം.

അയാൾ മധുവിന്റെ വീട്ടിലേക്കു ചെന്നു.

എന്താ ഗിരിയേട്ടാ ഇങ്ങോട്ടൊന്നും കാണാറില്ലല്ലോ, ഞങ്ങൾ അന്യരായോ ഗിരിയേട്ടന്?

മധുവിന്റെ ഭാര്യ സിന്ധു കെറുവോടെ ചോദിച്ചു.

അങ്ങനൊന്നും ഇല്ല സിന്ധു..

ഗിരിയേട്ടൻ വാ… വല്ലതും കഴിക്ക്.

അവിടെ വരുന്നവരെ നിറയെ ഭക്ഷണം കഴിപ്പിച്ചേ അവൾ വിടൂ..

നല്ല കൈപ്പുണ്യമാണ് അവൾക്ക് എന്തുണ്ടാക്കിയാലും ഒരു പ്രേത്യേക രുചിയാണ്.

ഒരു കൂടെപ്പിറപ്പിനേപ്പോലെയാണ് അവൾ തന്നെ കരുതുന്നത്.

തനിക്ക് മധുവിനോളം തന്നെ പ്രിയപ്പെട്ടവളാണ് അവളും.

ആരെങ്കിലും സങ്കടപ്പെട്ടിരിക്കുന്നത് കണ്ടാൽ പോലും അവൾക്കു സഹിക്കില്ല. എല്ലാവരെയും കാശ് കൊടുത്ത് സഹായിക്കും.
സഹായം അവളുടെ സ്വർണ്ണം ഊരി കൊടുക്കുന്നതിൽ വരെ എത്തിയപ്പോൾ, മധു പണമൊന്നും അവളെ ഏൽപ്പിക്കില്ല.

അല്ലെങ്കിൽ ആരെങ്കിലും ഒരു വിഷമം പറഞ്ഞാൽ അവരെ സഹായിക്കാൻ നോക്കും.
അവളെ അറിയുന്നവർ കള്ളത്തരം പറഞ്ഞവളെ പറ്റിക്കുകയും ചെയ്യും.

അത്ര ലോലഹൃദയമാണ്. കാര്യം പറഞ്ഞാൽ ഹൈസ്കൂൾ ടീച്ചറാണ് പക്ഷെ സാലറി കിട്ടിയാൽ അതിന്റെ കൈയിൽ ഇരിക്കില്ല.ആരെങ്കിലും വന്ന് ചോദിക്കും ഉള്ളതൊക്കെ എടുത്തു കൊടുക്കും.

വന്ന് കഴിക്ക് ഗിരിയേട്ടാ..

അയാൾ കൈ കഴുകി ഇരുന്നു.

അയാൾ കഴിച്ച് പകുതിയായപ്പോഴാണ് മധു കയറി വന്നത്.

നീ വന്നോ? നീ ഇങ്ങോട്ട് വരുന്നതും നോക്കി സിന്ധു ഓരോന്നും ഉണ്ടാക്കി നോക്കിയിരിക്കാൻ തുടങ്ങിയിട്ട് എത്ര ദിവസമായെന്ന് അറിയുമോ?

ഞാനിത്തിരി തിരക്കിൽ ആയി പോയി അതാ.

എന്ത് തിരക്ക്? ഞാൻ അറിയാത്ത എന്ത് തിരക്കാ നിനക്ക്.

എടാ… അതല്ലടാ…

ഏതല്ല..

എന്റെ മധുവേട്ടാ നിങ്ങളൊന്നു മിണ്ടാതിരിക്ക് ഗിരിയേട്ടൻ എന്തേലും കഴിക്കട്ടെ ആദ്യം.

ഓ… ഉത്തരവ്. അയാൾ കൈ തൊഴുതു.

ഇവന്റെ ഒരു കാര്യം ഗിരി അയാളുടെ തോളിൽ അടിച്ചു.

ദേ… ഗിരിയേട്ടാ ഒരു കാര്യം ഞാൻ പറഞ്ഞേക്കാം ആ മോളോട് വഴക്കൊന്നും ഉണ്ടാക്കരുത് കേട്ടോ അതൊരു പാവം കുട്ടിയാ..
സിന്ധു പറഞ്ഞു.

അല്ലെങ്കിലും സിന്ധുവിന് എല്ലാവരും പാവം ആണല്ലോ.ഗിരി പറഞ്ഞു.

അതെ… ആ കൊച്ചിന്റെ മുഖത്തു നോക്കിയാൽ അറിയാം അതൊരു നിഷ്കളങ്ക ആണെന്ന്. ഗിരിയേട്ടന്റെ പഴയ കാമുകിയുടെ മോള് ആണെന്ന് കരുതി അതിനോട് പരിഭവം ഒന്നും വേണ്ടാ കേട്ടോ ഗിരിയേട്ടാ…സിന്ധു പറഞ്ഞു.

ഉം… അയാൾ തല കുലുക്കി.

കുറച്ച് നേരം കഴിഞ്ഞപ്പോൾ മധുവും, ഗിരിയും കൂടെ പുറത്തേക്കു പോയി.

എടാ… നമുക്കൊന്ന് കൂടണ്ടേ?

പിന്നെ വേണ്ടേ, നല്ല സ്കോച്ചും വീട്ടിൽ വച്ച് കൊതിയും വിട്ട് ഇരിപ്പ് തുടങ്ങിയിട്ട് കുറേ ദിവസം ആയി മധു പറഞ്ഞു.

എന്നാൽ പിന്നെ രണ്ടെണ്ണം വീശാൻ മേലാരുന്നോ നിനക്ക്.

ഓഹ് ആരും കൂട്ടില്ലാതെ എന്തോന്ന് വീശാൻ.

നമുക്ക് അവന്മാരെ എല്ലാരേം വിളിക്കാം എല്ലാരും ഉണ്ടെങ്കിലേ ഒരു രസമുള്ളൂ..

അതും ശരിയാ.

എന്നാൽ ഇന്ന് കൂടിയാലോ?

ഇന്ന് വേണ്ടടാ.. ദേവൂട്ടൻ ഡൽഹിക്ക് പോയതാ, നാളെയെ വരൂ.
കീർത്തി ഒറ്റക്കല്ലേ ഉള്ളൂ.. അന്നേരം മദ്യപിച്ചിട്ടൊക്കെ ചെല്ലുന്നത് മോശമല്ലേ.
അതുകൊണ്ട് ദേവൂട്ടൻ വന്ന് കഴിഞ്ഞ്,മറ്റന്നാൾ നമുക്ക് കൂടാം.

അപ്പോൾ കീർത്തിയോട് സ്നേഹമൊക്കെ ഉണ്ട് അല്ലേ… മധു ചിരിച്ചു.

പിന്നെ ഇല്ലാതിരിക്കുമോ,എന്റെ മോളല്ലേടാ…

മധു അയാളുടെ കണ്ണുകളിലേക്ക് നോക്കി, എന്തൊരു പാവമാടാ നീ.

ഞാനോ?

ഉം.. നിന്റെ ഉള്ളം നിറയെ നന്മ മാത്രേ ഉള്ളൂ…

ഒന്ന് പോടാ…

അവർ ചിരിച്ചു.

@@@@@@@

വൈകുന്നേരം അയാൾ വന്നപ്പോഴേക്കും കീർത്തി വന്നിരുന്നു

പതിവ് പോലെ ചായ ഒഴിച്ച് വച്ചിട്ടുണ്ട്. ആളെ കാണുന്നില്ല.

അയാൾ നോക്കിയപ്പോൾ അവൾ കിടക്കുകയാണ്.

അയാൾ കുറച്ച് നേരം ടീവി കണ്ടു.

നേരം പതിയെ മയങ്ങി തുടങ്ങി.

വിളക്ക് കൊളുത്തിയിട്ടില്ല. അയാൾ കുളിച്ചു വന്ന് നിലവിളക്ക് കൊളുത്തി.

ചെറിയ ഞരക്കം കേട്ടാണ് അയാൾ കീർത്തിയുടെ മുറിയിലേക്ക് ചെന്നത്.

അവളെ വെട്ടി വിറക്കുന്നുണ്ട്. അയാൾ അവളുടെ നെറ്റിയിൽ കൈ വച്ച് നോക്കി. പൊള്ളുന്ന പനി

അയാൾ ഒരു പുതപ്പെടുത്ത് അവളെ പുതപ്പിച്ചു.

ചെറിയൊരു
കഷ്ണം തുണി നനച്ചവളുടെ നെറ്റിയിൽ വച്ചു.

പനിയുടെ മരുന്ന് തന്റെ മുറിയിൽ ഇരിപ്പുണ്ട്.

അയാൾ പോയി ഡോളോ എടുത്ത് അവളെ കഴിപ്പിച്ചു.

സാരമില്ല കേട്ടോ വേഗം പനി കുറയും.അയാൾ പതിയെ പറഞ്ഞു.

അവളുടെ കണ്ണുകൾ അടഞ്ഞടഞ്ഞു പോയി..

അയാൾക് ആകെ വെപ്രാളം തോന്നി.
അപ്പോഴാണ് ദേവദത്ത് വിളിച്ചത്.

ഫോൺ എടുത്തതുംഗിരി കീർത്തിയുടെ പനിയെക്കുറിച്ച് പറഞ്ഞു.

അത് സാരമില്ല അച്ഛാ… അച്ഛൻ പരിഭ്രമിക്കണ്ട
ഒരു പാരസെറ്റാമോൾ കൊടുത്താൽ കുറഞ്ഞോളും.

ദേവദത്ത് ഫോൺ വച്ചിട്ടും, ഗിരി ഫോണും പിടിച്ച് നിന്നു.

ദൈവമേ… എന്റെ കുട്ടിക്ക് പനി കുറയണേ…
അയാൾ മുറിയിലേക്ക് പോകാതെ ഹാളിലെ സെറ്റിയിൽ കിടന്നു.

ഉറക്കം വരുന്നില്ല…

തിരിഞ്ഞും മറിഞ്ഞും കിടന്നു.

ഇടയ്ക്കു നോക്കിയപ്പോൾ കീർത്തിയുടെ പനി കുറഞ്ഞിരുന്നു.

അയാൾ സമാധാനത്തോടെ കിടന്നു.

അൽപ്പം മയങ്ങിയതേ ഉള്ളൂ എന്തോ ശബ്‌ദം കേട്ട് അയാൾ എഴുന്നേറ്റു.

കീർത്തി എന്തൊക്കെയോ പിച്ചും പേയും പറയുകയാണ്. അവളെ പൊള്ളി വിറക്കുന്നുണ്ട്, അവളുടെ ചുണ്ടുകൾ പനിയുടെ കാഠിന്യത്താൽ കറുത്തിരുന്നു.

മോളേ… കീർത്തി… അയാൾ അവളെ വിളിച്ച് നോക്കി.

അവളുടെ അടുത്ത് നിന്നിട്ട് അയാൾക്ക്‌ ചൂട് എടുത്തു..

അവൾ എന്തോക്കെയോ പറയുന്നുണ്ട് ഒന്നും വ്യക്തമല്ല എങ്കിലും അയാൾക്ക്‌ ഒന്ന് മാത്രം മനസിലായി അച്ഛാ… അച്ഛാ…. എന്നെ വെറുക്കല്ലേ… എന്ന് ആ ചുണ്ടുകൾ പറയുന്നുണ്ട്. വേറെയും എന്തെല്ലാമോ പറയുന്നുണ്ട്.

ഈശ്വരാ… എന്റെ കുഞ്ഞിനു തീരെ വയ്യ.
ഇതെന്തൊക്കെയാ എന്റെ മോള് പറയുന്നത്…

അവൾ കണ്ണുകൾ തുറക്കാൻ ശ്രെമിക്കുന്നുണ്ട് എങ്കിലും അതിൽ പരാജയപ്പെട്ടവൾ ഉറക്കത്തിലേക്കു വീണു.

അയാൾക്ക്‌ എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. രാത്രിയാണ്.

പെട്ടന്നായാൽ മധുവിനെ വിളിച്ചു.

എടാ… പെട്ടന്ന് സിന്ധുവിനെയും കൂട്ടി ഒന്ന് വാടാ. മോൾക്ക്‌ കടുത്ത പനി പെട്ടന്ന് ഒന്ന് വാ….

ഞങ്ങൾ ഇപ്പോൾ വരാം നീ പേടിക്കാതെ ഇരിക്ക്.

അവർ വന്ന് അവളെ വേഗം ഹോസ്പിറ്റലിൽ എത്തിച്ചു.

ഗിരി ആകെ തകർന്നു പോയിരുന്നു.

എടാ… എന്റെ മോള്.

നീ പേടിക്കാതെ, ഒരു പനി വന്നതിനാണോ ഇത്രക്കും പേടിക്കുന്നത്?

എടാ… എന്റെ കുഞ്ഞ് ഉറക്കത്തിൽ പറഞ്ഞത് എന്താന്ന് അറിയുമോ? അച്ഛാ എന്നെ വെറുക്കല്ലേ എന്ന്, ഞാൻ എന്ത് പാപിയാടാ ആ കൊച്ചിനോട് എന്തോരം ദേഷ്യപ്പെട്ടു ഞാൻ.അതിന്റെ മനസ് എത്ര നൊന്തുകാണുമെടാ

എന്റെ പൊന്ന് ഗിരി നീയൊന്നു സമാധാനപ്പെട്. ഇപ്പോൾ എല്ലായിടത്തും പകർച്ചപ്പനിയാ. രണ്ടുമൂന്നു ദിവസം പനിക്കും അതുകഴിയുമ്പോൾ മാറും. അതിനു നീയിത്ര പേടിക്കണ്ട കാര്യം ഇല്ല.

നീയിവിടെ ഇരുന്നേ അയാൾ ഗിരിയെ ഒരു കസേരയിൽ പിടിച്ചിരുത്തി.

@@@@@@

തുടരും.