The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – ഊർമ്മിള മിഥിലാത്മജ
“””””ഞങ്ങൾക്ക് ഗായുനേം എപ്പോഴും കാണണം ന്നാ തോന്നുന്നേ… ഗായു എപ്പോഴും കൂടെ വേണം ന്നാ ആഗ്രഹം… “”””””അതും പറഞ്ഞു കുറുമ്പുകൾ രണ്ടും സൂര്യനെ കെട്ടിപ്പിടിച്ചു കരയുമ്പോൾ അവന്റെ കണ്ണുകളും നിറഞ്ഞൊഴുകിയിരുന്നു.. പുറത്തതിനേക്കാൾ വേദനയിൽ ഹൃദയം തകർന്നു നിൽക്കുകയായിരുന്നു ഗായത്രി… എനിക്ക് പറ്റുമോ?? ഈ കുരുന്നുകളെ സങ്കടപ്പെടുത്തി പോകാൻ… ഈ സ്നേഹം വേണ്ടന്ന് വക്കാൻ എന്നെക്കൊണ്ട് ആകുമോ ???അവളുടെ മനസ്സ് വലിയൊരു ആശയക്കുഴപ്പത്തിൽ അകപ്പെട്ടു പോയിരുന്നു… എന്ത് ചെയ്യണമെന്നോ എങ്ങനെ ചെയ്യണമെന്നോ അവൾക്ക് ഒരൂഹവും ഇല്ലായിരുന്നു… ദിവസങ്ങൾ പിന്നെയും ഇഴഞ്ഞു നീങ്ങിക്കൊണ്ടിരുന്നു . ഓരോ ദിവസവും ആ വീട്ടിലേ സന്തോഷത്തിന്റെ മാറ്റ് കുറച്ച് കൊണ്ടിരുന്നു… ഗായത്രിയുടെ ഹൃദയത്തിൽ ഒരു കല്ലെടുത്തു വച്ചതുപോലെ ഭാരം നിറഞ്ഞുകൊണ്ടിരുന്നു…കുറുമ്പുകളുടെ പരിഭവം തുടർന്നുകൊണ്ടിരുന്നു.. സൂര്യന്റെ ആശ്വാസം പകരലും..
🍂🍂🍂🍂🍂🍂🍂
സ്വന്തമായൊരു തീരുമാനം എടുക്കാൻ ആവാതെ അവൾ തിരിഞ്ഞും മറിഞ്ഞും കിടക്കുകയായിരുന്നു… കുറുമ്പുകളെ ആശ്വസിപ്പിച്ചു തിരികെ ഇറങ്ങിവന്ന സൂര്യൻ കണ്ടത് നിറകണ്ണുകളോടെ അവനെ നോക്കികിടക്കുന്ന ഗായത്രിയേ ആണ്..ആഹ് താൻ ഉറങ്ങിയില്ലായിരുന്നോ???ചെക്കന്മാരുടെ ഒരു കാര്യം… താൻ പോകുന്നെന്റെ സങ്കടം പറച്ചിൽ ആയിരുന്നു ഇത്രനേരം… അതും പറഞ്ഞവൻ മുന്നോട്ട് നടക്കാൻ ആഞ്ഞതും ഗാത്രിയുടെ വാക്കുകൾ അവനെ തടഞ്ഞുനിർത്തികഴിഞ്ഞിരുന്നു ..ഞാനെന്താ സൂര്യ ചെയ്യേണ്ടത്?? എന്താ ചെയ്യേണ്ടത് എന്നെനിക്കൊരു ഊഹവും ഇല്ല.. ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്ന ജോലിയാണ് … പക്ഷെ….. എന്തോ പറയാൻ വന്നശേഷം അവൾ പാതിയിൽ നിർത്തി മൗനമായി നിന്നു … എന്താടോ?… ഒരു പക്ഷയും ഇല്ല.. തന്റെ ആഗ്രഹങ്ങൾക്കൊന്നും ഞങ്ങൾ ആരും തടസ്സം നിൽക്കില്ല.. ഞങ്ങൾ മൂന്ന് ആണുങ്ങൾക്കിടയിലേക്ക് താനും കൂടി വന്നപ്പോ അച്ഛനും അമ്മയും മരുമകൾ ആയല്ല മകളായാ തന്നെ സ്വീകരിച്ചത്…പിന്നെ അവന്മാർ അത് തന്നെ പിരിയാനുള്ള സങ്കടം കൊണ്ടു വിഷമിച്ചു നടക്കുന്നതാ.. അല്ലതെ തന്നെ ജോലിക്ക് വിടുന്നതിൽ ഇവിടെ ആർക്കും ഏതിർപ്പില്ല… താൻ ധൈര്യമായിട്ട് സ്വപ്നം കാണെടോ .. അതൊക്കെ നടത്തിത്തരാൻ ഇന്നീ വീട്ടിൽ തനിക്കു മാത്രം സ്വന്തമായി അഞ്ചുമനുഷ്യന്മാർ ജീവിച്ചിരിപ്പുണ്ട്… ഇനിയൊന്നും ആലോചിച്ചു തലപ്പുണ്ണാക്കേണ്ട. അഞ്ചുദിവസം കഷ്ടി ആണ് ബാക്കിയുള്ളത് വേഗം പാക്കിങ് ഒക്കെ തുടങ്ങണം…സൂര്യൻ ലൈറ്റ് ഓഫ് ആക്കി അവളുടെ അടുത്ത് വന്നു കിടന്നു.. മൗനമായവൾ അവന്റെ നെഞ്ചിൽ തലചായ്ച്ചു കിടക്കുമ്പോളും രണ്ടുഹൃദയങ്ങളിൽ ഒരേ വേദന വേരിറക്കുകയായിരുന്നു…
🍂🍂🍂🍂🍂🍂🍂🍂🍂🍂
ഗായത്രിക്ക് പോകാനുള്ള ഡ്രസ്സ് സെലക്ട് ചെയ്യാൻ പുറത്ത് പോയിരിക്കുകയായിരുന്നു സൂര്യനും ഗായത്രിയും .. മാധവന്റെ വരവിനു ശേഷം വീടാകെ ഉറങ്ങിയത് പോലെ ആയിരുന്നു.. നച്ചുവും ദേവൂവും സദാസമയവും ഗായത്രിയുടെ പുറകെ നടക്കുന്നുണ്ടെങ്കിലും പഴയപോലെ കളിയും ചിരിയും ഒന്നുമില്ല. ചിരിക്കുമ്പോളും ആ നാലുകണ്ണുകളിൽ കണ്ണുനീർ പൊടിയുന്നത് ഗായത്രി ശ്രദ്ധിക്കുകയും ചെയ്തിരുന്നു…കടയിൽ പോയി ഇതുവരെയും തിരിച്ചെത്താത്ത സൂര്യനെയും ഗായത്രിയേയും നോക്കി വാതിൽക്കൽ കാത്തിരിപ്പാണ് കുരുന്നുകൾ. കൂടെ രാഖിയുമുണ്ട്…നാളെ ചേച്ചി പോകുമ്പോൾ കരയുവൊന്നും ചെയ്തേക്കരുത് കേട്ടോ മക്കളെ.. ചേച്ചി ദൂരെ സ്ഥലത്ത് നിൽക്കാൻ അല്ലേ പോകുന്നത്. കരഞ്ഞോണ്ട് പറഞ്ഞു വിട്ടാൽ ചേച്ചിക്ക് സങ്കടം ആവില്ലേ.. ചിരിച്ചോണ്ട് വേണം സംസാരിക്കാൻ… പിന്നെ ചേച്ചി രണ്ട് മാസം കൂടുമ്പോൾ ഇങ്ങ് വരില്ലേ… അമ്മേടെ മക്കൾ കരഞ്ഞു ചേച്ചിയെ കൂടി കരയിക്കരുത്…രാഖിയുടെ വാക്കുകൾ കേട്ടിരുന്ന മക്കൾ സമ്മതഭാവത്തിൽ തലയാട്ടി.. അമ്മയുടെ മടിയിലേക്ക് തലവെച്ചവർ മൗനമായി കിടന്നു… അവരുടെ സങ്കടം അറിഞ്ഞെന്നവണ്ണം രാഖി അവരുടെ നിറുകയിൽ കയ്യോടിച്ചുകൊണ്ടിരുന്നു…
🍂🍂🍂🍂🍂🍂🍂🍂🍂🍂
വൈകിട്ട് ഗായത്രി ഡ്രസ്സ് ഒക്കെ അടുക്കി വയ്ക്കുന്ന തിരക്കിലായിരുന്നു… ദേവനും രാഖിയും സൂര്യനും ഒക്കെ അവളെ സഹായിക്കാൻ അവളോടൊപ്പം കൂടിയിരുന്നു .. അവിടേക്കാണ് കുറുമ്പുകൾ ചെറിയ ചിരിയോടെ കടന്നുവരുന്നത്..ഗായത്രിക്ക് നേരെ നീട്ടിപ്പിടിച്ച കവറുമായി നിൽക്കുന്ന കുട്ടിപ്പട്ടാളത്തെ എല്ലാവരും സംശയത്തോടെ നോക്കി.. ചെറുചിരിയോടെ അവരുടെ കയ്യിൽ നിന്നും കവർ വാങ്ങി ഗായത്രി മെല്ലെ തുറന്നു നോക്കി… അവളുടെ കണ്ണുകൾ നീരണിഞ്ഞു തുടങ്ങിയിരുന്നു…കറുപ്പും സിൽവറും കരയുള്ള സെറ്റും മുണ്ടുമാണ് ആദ്യം കണ്ടത്.. അത് പുറത്തെടുത്തു നോക്കുമ്പോൾ ചെറിയ ഒരു ബോക്സും കൂടെ കിട്ടി. അതിൽ നിറയെ കറുപ്പും പച്ചയും നിറം കലർന്ന കുപ്പിവളകൾ ആയിരുന്നു കൂടെ കണ്മഷിയും പൊട്ടും തുടങ്ങി എല്ലാം അടുക്കി വച്ചിരിക്കുന്നു…പുറത്തെടുത്ത സെറ്റ് കണ്ടു സൂര്യൻ പൊട്ടിച്ചിരിച്ചു പോയിരുന്നു.. “”” എന്റെ പൊന്നു മുത്തുമണികളെ ഗായു പോകുന്നത് അമ്പലത്തിലേക്കല്ല ഓഫീസിൽ വർക്ക് ചെയ്യാനാണ് . അവിടെ ഇങ്ങനെ സാരിയും ഇട്ട് കുപ്പിവളയും കിലുക്കി പോകാനൊന്നും പറ്റില്ല…
സൂര്യന്റെ വക്കുകൾ കേട്ട കുരുന്നുകളുടെ കണ്ണിൽ സങ്കടം നിഴലിച്ചു തുടങ്ങിയിരുന്നു .. ഇമചിമ്മാതെ അപ്പോഴും അവരെ തന്നെ നോക്കി നിൽക്കുകയായിരുന്നു ഗായത്രി…അല്ല അതൊക്കെ പോട്ടെ ഇതൊക്കെ വാങ്ങിക്കാൻ പൈസ എവിടുന്നാ കിട്ടിയത് ഗായത്രി വിഷയം മാറ്റാൻ എന്നോണം അവരെ നോക്കി ചോദിച്ചു..കുടുക്കപൊട്ടിച്ചു… ദേവൂട്ടൻ കൂസലില്ലാതെ മറുപടി പറഞ്ഞു… കുടുക്കയോ?? അങ്ങനെയുള്ള നല്ലശീലങ്ങളൊക്കെ എന്റെ അനിയന്മാർക്കുണ്ടെന്ന് ഇപ്പോഴാ ഞാനറിഞ്ഞത്.. സൂര്യൻ അവരെ കളിയാക്കി പറഞ്ഞു..ഒന്ന് പോ സൂര്യ ഗായുന്റെ കൂടെ കറങ്ങാൻ പോകാൻ ഞാനും ദേവൂട്ടനും കൂടെ ഒന്നിച്ചു തുടങ്ങിയ കുടുക്കയാ… പക്ഷെ ഗായു ഇത്ര പെട്ടന്ന് പോകുന്നോണ്ട് ഒരു സാരി വാങ്ങാൻ ഉള്ള പൈസയെ കിട്ടിയുള്ളൂ..നച്ചു സങ്കടത്തോടെ പറയുമ്പോളേക്കും അവിടെയുള്ളവരുടെയെല്ലാം കണ്ണുകൾ ഒരുപോലെ നിറഞ്ഞു തുളുമ്പിയിരുന്നു..
സ്നേഹം കൊണ്ടു വീണ്ടും വീണ്ടുമെന്നേ തോൽപ്പിക്കുകയാണല്ലോ ഈ ഇത്തിരിക്കുഞ്ഞന്മാർ… പത്തോ പന്ത്രണ്ടോ വയസ്സ് മാത്രമുള്ള ഈ മനസ്സുകളിൽ ഇത്ര ആഴത്തിലൊരു സ്ഥാനം തന്നു അവരെന്നെ കുടിയിരുത്തുമ്പോളും അവരുടെ സ്നേഹം കണ്ടില്ലന്നു നടിച്ചു പോകുന്ന ഞാനൊരു മഹാപാപി തന്നെയാണ്…കുടുക്ക പൊട്ടിച്ചു ഗായുന് സാരി വാങ്ങിയെന്നു പറയുന്ന ഈ കുരുന്നുകളിൽ ഇത്രമാത്രം സ്നേഹം നിറച്ചുകൊടുത്തത് എന്തിനാണ് ഭഗവാനെ ഇവരുടെ സ്നേഹം എന്നെ പുറകോട്ടു വലിക്കുന്നു.. ഒരടി മുന്നോട്ട് വയ്ക്കാൻ ആയുമ്പോഴും സ്നേഹം കൊണ്ടു നാലടി പിന്നിലേക്ക് വലിക്കുന്നു.. ഈ സ്നേഹം അനുഭവിക്കാൻ ഉള്ള യോഗ്യത എനിക്കില്ലേ… അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.. അവരുടെ സമ്മാനം ആവൾ ഹൃദയത്തോട് ചേർത്ത്പിടിച്ചു..ഇത്രയും വിലപ്പെട്ട മറ്റൊരു സമ്മാനവും തനിക്ക് കിട്ടിയിട്ടില്ലന്നവൾ മനസ്സിലോർത്തു. വിലമതിക്കാനാവില്ല ഇത് തന്നോടുള്ള സ്നേഹത്തിന്റെ ബാക്കിപ്പത്രമാണ്.. എന്റെ കുറുമ്പന്മാരുടെ മനസ്സാണ്…നിറഞ്ഞൊഴുകിയ മിഴികളുമായി ആ സെറ്റ് നെഞ്ചോടു ചേർത്ത് പിടിച്ചു കരയുന്ന ഗായുവിനെ ചേർത്ത് പിടിക്കുമ്പോളും രണ്ട് കുഞ്ഞിക്കൈകൾ അവളുടെ കണ്ണുനീർ തുടച്ച് മാറ്റിക്കൊണ്ടിരുന്നു…
🍂🍂🍂🍂🍂🍂🍂🍂🍂
രാത്രിയിൽ ഒന്നിച്ചിരുന്നു ആഹാരം കഴിക്കുമ്പോളും ആ വീടിനെ മൗനം ഒന്നാകെ വിഴുങ്ങിയിരുന്നു… വാചലമായിരുന്ന മനസ്സുകൾക്കിടയിൽ കാലമെത്രപെട്ടന്നാണ് മൗനം കൊണ്ടൊരു മതിൽ പടുത്തുയർത്തിയത്…ഇന്നലെയോളം ചിരിയുയർന്നിരുന്ന അകത്തളങ്ങളിൽ എത്രഭംഗിയായാണവർ കണ്ണീർമുത്തുകൾ മറച്ചുപിടിക്കുന്നത്. ഓരോരുത്തരും സ്വയമൊരു അഭിനേതാവിന്റെ കുപ്പായം എടുത്തണിഞ്ഞിരിക്കുകയാണെന്നവൾക്ക് തോന്നി. ആഹാരം കഴിച്ചെഴുന്നേൽക്കുമ്പോളും കുറുമ്പന്മാരുടെ മുഖം കരഞ്ഞുതൂങ്ങിയത് അവൾ ശ്രദ്ധിച്ചിരുന്നു… തന്നെകാണുമ്പോൾ മാത്രമവർ ചിരിയുടെ മറ സ്വീകരിക്കുന്നതവൾ അറിഞ്ഞിരുന്നു.. മൗനത്തിന്റെ മറക്കൊണ്ടവർ അടക്കിവച്ചിരിക്കുന്ന സ്നേഹത്തിന്റെ മലവെള്ളപ്പച്ചിലുകൾ അവളുടെ ഹൃദയത്തെ തകിടം മറിക്കുന്നതായവൾക്ക് തോന്നി..
കിടന്നിട്ടും ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും വീണ്ടും കിടന്നുനോക്കി… കണ്ണിലത്രയും സങ്കടക്കടലൊളിപ്പിച്ച രണ്ടു കുഞ്ഞുമുഖങ്ങളാണ്… അവരെ കാണാതെ അവൾക്കുറങ്ങാൻ പറ്റില്ലാന്ന് തോന്നി …എഴുന്നേറ്റ് മെല്ലെ ലൈറ്റ് ഇട്ട് അവരുടെ മുറി ലക്ഷ്യമാക്കി നടന്നു…മുറിയുടെ പുറത്ത് നിന്നെ കേട്ടു പിച്ചും പെയ്യും പറയുന്നത്… ശബ്ദം ഉണ്ടാക്കാതെ അകത്തു കയറി നോക്കി.. നല്ല ഉറക്കത്തിൽ ആണ് രണ്ടാളും ദേവൂട്ടനാണ് പിച്ചും പെയ്യും പറയുന്നത്… അവൻ കരയുകയാണ്… അവൾ അവന്റെ നെറുകയിൽ മെല്ലെ തലോടി… ചുട്ടുപൊള്ളുന്ന പനിയാണവനെന്നവൾക്ക് മനസ്സിലായി.. മെല്ലെ അവനെ വാരിയെടുത്ത് തോളത്തിട്ട്കൊണ്ടു സൂര്യനെ വിളിക്കാൻ ഓടുമ്പോളും കേട്ടു .. “””””ഗായു പോവണ്ട പ്ലീസ്… ഗായു പോവണ്ട “”””
🍂🍂🍂🍂🍂🍂🍂🍂🍂🍂
ആശുപത്രിവരാന്തയിൽ കാത്തിരിക്കുമ്പോളും ഗായത്രി സൂര്യനോട് പറഞ്ഞു.. “”””സൂര്യാ ഞാൻ പോകാതിരുന്നാലോ.. എനിക്ക് മനസ്സ് വരുന്നില്ല.””””അവനും ആ വാക്കുകളെ ഒരുപാട് ആഗ്രഹിച്ചിരുന്നവയാണ് പക്ഷെ ഗായത്രി തന്നെ പറഞ്ഞിരുന്നു അവളുടെ സ്വപ്നം ആയിരുന്നു ആ ജോലിയെന്ന്… അവളുടെ ആഗ്രഹമായിരുന്നു . അതെന്നു.. തന്നെ വിവാഹം കഴിച്ചു എന്നപേരിൽ മാത്രം ഗായത്രിയുടെ ഒരാഗ്രഹങ്ങളും നടക്കാതെ പോകരുതെന്നവൻ ആഗ്രഹിച്ചു…നാളെ താനും തന്റെ അനിയന്മാരും കാരണം അവളുടെ നല്ലൊരു ചാൻസ് നഷ്ട്ടപ്പെട്ടു എന്നവൾ പരാതി പറയരുത്.. അവന്റെ മനസ്സ് അവളോട് പോകണ്ടാന്നു നൂറു വട്ടം പറയുമ്പോളും ..യാന്ത്രികമായവൻ പറഞ്ഞുകൊണ്ടേയിരുന്നു… തന്റെ ആഗ്രഹം നടക്കണം ..ഈ സങ്കടം ഒക്കെ രണ്ടുദിവസം കഴിയുമ്പോൾ മാറിക്കോളും താൻ പോകണം ..
ഹോസ്പിറ്റലിൽ നിന്നു തിരിച്ചെത്തി… കുളിച്ചു റെഡിയായി ഗായത്രി പോകാൻ തയ്യാറായി നിൽക്കുമ്പോളും ദേവൂട്ടൻ നല്ല ഉറക്കം തന്നെയായിരുന്നു… നച്ചു ദേവൂന്റെ കൂടെ അവനടുത്തുന്ന് മാറാതെ കാവലിരുന്നു.. രണ്ടാളുടെയും നെറുകയിൽ ചെറിതായി മുത്തി യാത്രപറഞ്ഞിറങ്ങുമ്പോളെക്കും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു.. സൂര്യൻ മാത്രമാണ് അവളെ യാത്രയാക്കാൻ പോയത്… നിറകണ്ണുകളോടെ അവളെ യാത്രയാക്കി തിരികെ വീട്ടിൽ എത്തിയ സൂര്യന് അവിടമൊരു മരണവീട് കണക്കെ തോന്നി.. തനിക്കു ചുറ്റുമുള്ള മുഖങ്ങളിലാകെ കണ്ണീരിന്റെ നിഴലാട്ടം… രാഖിയുടെ മടിയിൽ തലവച്ചു കിടക്കുന്ന കുരുന്നുകൾ കരഞ്ഞു തളർന്നിരുന്നു എന്നവന് മനസ്സിലായി. പറയുവാനോ ആശ്വസിപ്പിക്കുവാനോ വാക്കുകൾ കയ്യിലില്ല എന്ന് മനസ്സിലായ സൂര്യൻ നേരെ മുറിയിലേക്ക് നടന്നു …തുടരും…