25/04/2026

നില : ഭാഗം 57

രചന – അഹാനിക അനു

അവളെ ഞാൻ സ്നേഹിച്ചില്ല എന്ന് മാത്രം പറയരുത്. അവൾക്ക് എന്തേലും പറ്റുന്നത് പോലും എനിക്ക് താങ്ങാൻ കഴിയില്ല. അന്ന് സുധി നിങ്ങളെ ഇല്ലാതാക്കാൻ…… ”

” ഇന്ദ്ര. ”

ഇന്ദ്രൻ പറഞ്ഞവസാനിപ്പിക്കുന്നതിന് മുന്നേ നിരഞ്ജന്റെ ശബ്ദം ഉയർന്നിരുന്നു. ശ്രുതിയും രാജേഷും ശരത്തും സംശയത്തോടെ നോക്കി.
മുന്നിൽ കാർ വന്ന് നിന്ന ശബ്ദം കേട്ട് എല്ലാവരുടെയും ശ്രദ്ധ പുറത്തേക്ക് നീണ്ടു. നിരഞ്ജൻ സമാധാനത്തോടെ ശ്വാസം വലിച്ചു ഇന്ദ്രനെ ദേഷ്യത്തിൽ നോക്കി.
എന്നാൽ ഉള്ളിൽ കയറി വന്ന സുധീയെ കണ്ടതും മുഖം ചുളിഞ്ഞു.

” സുധിയുടെ ഒരു കുറവ് കൂടെ ഉണ്ടായിരുന്നു. ബാക്കി പറ ഇന്ദ്ര… ഞങ്ങളെ…”

സുധി വന്നത് കാര്യമാക്കാതെ രാജേഷ് ഇന്ദ്രനെ നോക്കി.

” ഇനിയെങ്കിലും ഒളിച്ചു വയ്ക്കാതെ എല്ലാം തുറന്ന് പറയുന്നതാണ് നിനക്ക് നല്ലത്. മായയോട് നീതി പുലർത്താൻ നിനക്ക് കഴിഞ്ഞിട്ടില്ല….. അവളെ സ്നേഹിക്കാൻ നിനക്ക് കഴിഞ്ഞിട്ടില്ല….
നിലയെക്കാളും പ്രായം കുറഞ്ഞ ഒരു മകളില്ലേ നിനക്ക്…
എല്ലാം ഞാനായിട്ട് അവളോട് പറയണോ.”

എന്ത് പറഞ്ഞാൽ ഇന്ദ്രന് കൊള്ളുമെന്ന് രാജേഷിന് വ്യക്തമായി അറിയാം.
രാജേഷിന്റെ സംസാരത്തിൽ രംഗം പന്തിയല്ലെന്ന് മനസിലായ സുധി നിരഞ്ജനെ നോക്കി.

” ഇന്ദ്രൻ പറയുന്നുണ്ടോ. അതോ.. ”

രാജേഷ് അവസാനമായി ചോദിച്ചു.

” ഞാൻ പറയാം..
പക്ഷെ ഒന്നിലും എനിക്ക് പങ്കില്ല. നിലയെ ഇങ്ങോട്ട് കൊണ്ട് വന്നത് പോലും. ”

” അതെല്ലാം നീ പറഞ്ഞു കഴിഞ്ഞിട്ട് ഞങ്ങൾ തീരുമാനിക്കാം ”

” സത്യമാണ് രാജേഷ് എനിക്ക് ഒന്നും അറിയില്ലായിരുന്നു. നിങ്ങൾ വന്നത് പോലും അറിഞ്ഞിരുന്നില്ല. ഏട്ടൻ വന്നു പറഞ്ഞപ്പോൾ എല്ലാവരുടെയും ജീവിതം തകർക്കാനുള്ള വരവാണെന്ന് കരുതി. നിന്നേ ഇല്ലാതാക്കാൻ വേണ്ടി പലതും പ്ലാൻ ചെയ്തിരുന്നു. അതിന് മുന്നേ നിലയെ കണ്ടെത്താനുള്ള ശ്രെമം. മദറിനെ ഭീഷണിപ്പെടുത്തി ഏട്ടനാണ് അവളെ കണ്ടത്… നില ഇല്ലാതായാൽ ആരും ഒന്നും അറിയില്ലേന്ന് കരുതി. അതിന് വേണ്ടി ജിതിനെ കൂട്ട് പിടിച്ചു അവൻ ചെയ്യില്ലെന്ന് പറഞ്ഞു കയ്യൊഴിഞ്ഞു. അതിന് മുന്നേ സുധിക്ക് പറ്റിയ അബദ്ധം. ആരോടും ചോദിക്കാതെ എടുത്തു ചാടി ചെയ്തു പോയി. നിങ്ങളെ ഇല്ലാതാക്കാൻ ചെയ്തതായിരുന്നു ഒരു നിമിഷത്തേ അശ്രെദ്ധ കൊണ്ട് വണ്ടി മാറി രണ്ട് ജീവൻ നഷ്ട്ടമായി.
നിലയുടെ കൂടെയുള്ള കുട്ടിയുടെ പേരെന്റ്സ്. ”

പെട്ടെന്നൊരു ശബ്ദം കേട്ട് എല്ലാവരും ഞെട്ടി പിറകിലേക്ക് നോക്കി.
നിലത്ത് കിടക്കുന്ന സുധിയേയും അവന്റെ മുന്നിൽ നിൽക്കുന്ന ശരത്തിനെയും കണ്ട് രാജേഷ് കൈ കെട്ടി മാറി നിന്നു

“പരസ്പരം ദേഷ്യവും വൈരാഗ്യവും മനസ്സിൽ വച്ചു നിങ്ങൾ ചെയ്തു കൂട്ടിയ തോന്നിവാസം കാരണം എന്റെ കുട്ടിക്ക് നഷ്ടമായത് രണ്ടല്ല മൂന്ന് ജീവനാട.. ”

നിലത്ത് വീണ സുധിയെ എടുത്തു പൊക്കി ചുമരിനോട് ചേർത്ത് നിർത്തി ശരത്ത് ദേഷ്യം തീരും വരെ മൂക്കിനിട്ട് കുത്തി. എതിർക്കാൻ സുധിക്ക് കഴിഞ്ഞിരുന്നില്ല. മദമിളകിയ ആനയെക്കാൾ കരുത്തായിരുന്നു ശരത് ആ നിമിഷം. എല്ലാം കണ്ട് നിന്ന ശ്രുതി വല്ലാതെ തളർന്ന് പോയിരുന്നു.
മൂക്കിൽ നിന്ന് ചോര എടുത്തപ്പോൾ രാജേഷ് ഇടപെട്ടു.

” ഇത്രയൊക്കെ ചെയ്തിട്ടും ഇവർക്കൊന്നും മതിയായില്ലേ.
ഈ സമയം വരെ രേവതിയെ മറക്കാൻ കഴിയില്ലെന്ന് ഒരായിരം വട്ടം പറയുമ്പോളും ഒരിക്കൽ പോലും നിങ്ങൾ നിലയെ കുറിച്ച് പറഞ്ഞിട്ടില്ല. എന്റെ മകളെ ഓർക്കാറുണ്ടെന്ന് പറഞ്ഞിട്ടില്ല. മദറിനെ ഭീഷണിപ്പെടുത്തി 23 വർഷങ്ങൾക്ക് ശേഷം നിലയെ നിങ്ങൾക്ക് കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ടെൽ തീർച്ചയായും അന്നും നിങ്ങൾക്കത് സാധിക്കുമായിരുന്നു…
ഇനി എന്റെ നിലയ്ക്ക് ഇങ്ങനൊരു അച്ഛനോ അമ്മയോ ഇല്ല…. ഇത്രയും വർഷം അവൾ തനിച്ചായിരുന്നു ഇനിയും അങ്ങനെ മതി. പുതിയ ബന്ധവുമായി ആരും ഞങളുടെ ജീവിതത്തിലേക്ക് കടന്ന് വരരുത്.. അഥവാ വന്നാൽ
ജീവനോടെ വച്ചേക്കില്ല ഞാൻ. ”

ശരത് നിന്ന് കിതച്ചു. പിടിച്ചു വച്ച രാജേഷിന്റെ കൈ തട്ടി മാറ്റി പുറത്തേക്ക് ഇറങ്ങാൻ നിന്ന ശരത്തിന്റെ മുന്പിൽ രാജേഷ് കയറി നിന്നു.

” ജന്മം നൽകി അവൾക്ക് അച്ഛനാവാൻ സാധിച്ചില്ലെങ്കിലും എന്റെ രേവതിയുടെ മകൾ എന്റേതാണ്. ഇനിയെങ്കിലും എനിക്ക് എല്ലാം തുറന്നു പറയണം അവളോട് . അന്നവളുടെ കൈ പിടിച്ചു ആ പടി ഇറങ്ങിയപ്പോൾ ഒരു വാക്ക് മാത്രമേ കൊടുത്തിരുന്നുള്ളു. നിന്റെ മകളെ ഞാൻ കണ്ടെത്തി തരും…
പക്ഷെ ഇനിയൊരിക്കലും
സ്നേഹിച്ച പെണ്ണിനെ ചേർത്ത് പിടിക്കാൻ കഴിവില്ലാത്തവന്റെ പിറകെ പോവരുത്.
എന്നിൽ വിശ്വാസം ഉള്ളത് കൊണ്ടായിരിക്കും അവളതിന് സമ്മതിച്ചത് .
ഇപ്പോൾ താമസിക്കുന്ന വീട്ടിലേക്കായിരുന്നു അവളെയും കൊണ്ട് പോയത്.
എല്ലാം കൊണ്ടും തളർന്ന ആ പെണ്ണിനെ സമാധാനിപ്പിക്കാൻ പോലും എനിക്ക് കഴിഞ്ഞിരുന്നില്ല.
നാട്ടുകാരുടെ മുന്നിൽ മാന്യനായി പുതിയ സമ്മന്തം കൂടിയ ഇന്ദ്രനിൽ വെറുപ്പിന്റെ കണികയല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല. രേവതിയെ കാണുന്ന ഓരോ നിമിഷവും അത് കൂടി വന്നു. എങ്ങനെ നിന്നേ ഇല്ലാതാക്കാം എന്ന് വരെ ചിന്തിച്ചിട്ടുണ്ട്.
പിന്നെ തോന്നി നിനക്ക് നൽകാവുന്ന ഏറ്റവും നല്ല പ്രതികാരം ഞാൻ അവളെ സ്വന്തമാക്കുക എന്നതാണ്. എന്റെ നിർബന്ധത്തിന് വഴങ്ങി അവളും സമ്മതം മൂളി. അതിനിടയിൽ ഞാൻ നിലയെ അന്വേഷിക്കുന്നുണ്ടായിരുന്നു.
വീട്ടിൽ പ്രശ്നമുണ്ടാകുമെന്നറിഞ്ഞു കൊണ്ട് തന്നെയാണ് അവളെയും കൊണ്ട് കയറിയത്.
അമ്മയുടെ ഭരണം. എല്ലാം കണ്ടിട്ടും കേട്ടിട്ടും ചെവി കൊട്ടിയടച്ച അച്ഛൻ. ഇനിയും അവളെ അവിടെ നിർത്തിയാൽ നിങ്ങൾ ഇല്ലാതാക്കുമെന്ന് അറിഞ്ഞു കൊണ്ട് ഡൽഹിക്ക് പോയി . അപ്പോളും അവൾക്ക് കൊടുത്ത വാക്ക് അങ്ങനെ തന്നെ നിന്നു. നഗരത്തിലെ ഒച്ചയും ആൾകൂട്ടവും അവൾ ഒറ്റപ്പെടൽ അറിഞ്ഞില്ല പഴയ ജീവിതത്തിലേക്ക് തിരിച്ചു വരാൻ സമയമെടുത്തു. ശ്രുതി ജനിച്ചപ്പോൾ അവളുടെ മുഖത്ത് ഞാൻ കണ്ടത് സന്തോഷമല്ല മറിച്ച് നിർവചിക്കാൻ പറ്റാത്ത ഭാവം.
വർഷങ്ങൾ കഴിഞ്ഞ് ശ്രുതിക്ക് ഇങ്ങോട്ട് വരണമെന്ന് പറഞ്ഞപ്പോൾ മനസ് കൊണ്ട് ഞാൻ സന്തോഷിച്ചിരുന്നു. ഈ വട്ടം ഞാൻ രേവതിയുടെ മകളെ കണ്ടെത്തും. പിന്നീട് തിരച്ചിലായിരുന്നു എല്ലാ ഓർഫണെജിലും തിരക്കി അവസാനം ചെന്നെത്തിയത് mothers ഓർഫനെജിൻ . പക്ഷെ ഞാൻ വൈകി പോയിരുന്നു. നിരഞ്ജൻ അവിടെ വന്നിരുന്നുവെന്ന് മദർ പറഞ്ഞപ്പോൾ തന്നെ മനസ്സിൽ കണക്ക് കൂട്ടിയതാണ് ഇതെല്ലാം.
ഇത്രയെല്ലാം ചെയ്തു കൂട്ടിയിട്ട് എന്ത് നേടിയെടോ നിങ്ങൾ..
സ്വത്ത് എല്ലാം ഞാൻ സ്വന്തമാക്കും എന്ന് ഭയന്നാണേൽ എടുത്തോ എല്ലാം..
എനിക്ക് വേണ്ട നിങ്ങളുടെ ഒന്നും തന്നെ…..
എല്ലാം അവസാനിപ്പിച്ചോളണം…
രേവതി ഇന്നെന്റെ ഭാര്യയാണ് നില എന്റെ മകളും.

അവസാനം പറഞ്ഞ വാക്കുകൾ വല്ലാത്ത കനം ഉണ്ടായിരുന്നു. രാജേഷ് പറയുമ്പോൾ തല താഴ്ത്തി നിന്ന ഇന്ദ്രൻ പെട്ടെന്ന് ഞെട്ടി തല പൊക്കി.

” ഇന്ദ്രന് എല്ലാം മനസിലായിട്ടുണ്ടെന്ന് വിചാരിക്കുന്നു. ഇനി അവകാശം പറഞ്ഞു വരരുത്. നീ ജീവിക്ക്…. കുടുംബവുമായി..
പക്ഷെ ഒരിക്കലും സന്തോഷമെന്നത് നിനക്ക് ഉണ്ടാവില്ല. ഓരോ നിമിഷവും രേവതിയെയും നിലയെയും ഓർത്ത് നീറി നീറി ജീവിക്കും.
അത് മതി എനിക്ക്…. പിന്നെ നിരഞ്ജ നിനക്ക് ഞാൻ.. ”

പറഞ്ഞു കൊണ്ട് രാജേഷ് ചുറ്റും കണ്ണുകൾ കൊണ്ട് തിരഞ്ഞു പുറത്തേക്ക് ഇറങ്ങി കാറിന്റെ ഡിക്കി തുറന്നു ഇരുമ്പിന്റെ കമ്പി എടുത്തു വന്നു അഴിച്ചു വച്ച കയർ കൊണ്ട് വീണ്ടും കെട്ടി. ബലം പ്രയോഗിച്ചു കസേരയിൽ നിന്ന് പിടഞ്ഞ നിരഞ്ജന്റെ നെറ്റിക്ക് രാജേഷ് വീശി നെറ്റി മുട്ടിച്ചു.
ആരും എതിർത്തില്ല ഇന്ദ്രൻ പോലും. ശ്രുതി പുറത്തേക്ക് ഓടി. സുധിക്ക് അപ്പോളേക്കും ബോധം നഷ്ട്ടപെട്ടിരുന്നു.
രാജേഷ് നിരഞ്ജന്റെ മുഖത്ത് നോക്കി ചിരിച്ചു മുന്നിലേക്ക് ചെയർ നീക്കി വച്ചു അവന്റെ രണ്ട് കാലും മുകളിലേക്ക് വച്ചു ശരത്തിനെ നോക്കി

” ഒന്ന് പിടിക്ക് മരുമോനെ.. അച്ഛൻ ഇവിടെ നിന്ന് കഷ്ടപ്പെടുന്നത് കണ്ടില്ലേ …
പ്രായമായെടാ”

രാജേഷിന്റെ സംസാരം കേട്ട് ശരത്ത് കണ്ണ് ചിമ്മി ചിരിച്ചു നിരഞ്ജന്റെ കാൽ കൂട്ടി പിടിച്ചു.

” രാജേഷ് വേണ്ട….. ഒന്നും ചെയ്യരുത്….പ്ലീസ്..
ഞാൻ ഇനി ഒരു പ്രശ്നത്തിന് വരില്ല. നിങ്ങളുടെ ഇടയിൽ ഞാൻ വരില്ല…. ഉറപ്പായും ”

” എവിടെ പോയി നിന്റെ വീര്യം.. മുഖത്ത് എന്നുമുള്ള പുച്ഛം കാണുന്നില്ലല്ലോ.
മാപ്പ് അർഹിക്കുന്നില്ല നിരഞ്ജ… നീ ഇനിയും ശബ്ദത്തിൽ എന്നോട് കെഞ്ചണം… ഞാൻ ഇപ്പോൾ അനുഭവിക്കുന്ന സന്തോഷം എന്താണെന്ന് നിനക്ക് പറഞ്ഞാൽ മനസിലാവില്ല.
ഒരു ദയയും ഇല്ലാതെ നീ എന്തൊക്കെയാണ് ചെയ്തു കൂട്ടിയത് …
എല്ലാത്തിനും ഉള്ളത് ഞാൻ തരണ്ടേ. ”

ശരത്തിനെ നോക്കി രാജേഷ് കമ്പി കൊണ്ട് ആഞ്ഞു വീശി വേദന കൊണ്ട് ആർത്ത് കരയുന്ന നിരഞ്ജനെ കാണെ വീണ്ടും ആവേശം കൂടി. തുടരെ തുടരെയുള്ള അടിയിൽ നിരഞ്ജന്റെ ശബ്ദം പതിയെ കുറഞ്ഞു വന്നിരുന്നു.
കുറച്ചു നേരം നിർത്തി രാജേഷ് ശരത്തിന് നേരെ നീട്ടി.

” കൊടുക്കെടാ. ഇന്നലെ നീ അനുഭവിച്ച ടെൻഷനും വേദനയും എന്താണെന്ന് ഇവനറിയണം . നിലയെ ഇല്ലാതാക്കാൻ ശ്രമിച്ചതല്ലേ…നീ കൊടുക്ക്… ഇനി എഴുന്നേറ്റു നടക്കരുത് ”

കാലിനടിക്കുന്നതിന് പകരം ശരത് കൈക്കാണ് അടിച്ചത്. കലി തീരും വരെ അടിച്ചു കമ്പി നിലത്തേക്കെറിഞ്ഞു. തടയാൻ പോലും കഴിയാതെ ഇന്ദ്രൻ അവരെ നോക്കി നിന്നു.

” കൊണ്ട് പോയി ഹോസ്പിറ്റലിൽ കിടത്ത്.
ഇനിയും ഇവന്റെ കണ്ണ് രേവതിയുടെയും നിലയുടെയും മേൽ വീഴരുത് .. ഇനി അങ്ങനെ വല്ലതും തോന്നിയാൽ ഈ കിട്ടിയത് ഓർമ വേണം… ”

ഇന്ദ്രനോടായി പറഞ്ഞു ശരത്തിന്റെ തോളിൽ കൈ ഇട്ട് രാജേഷ് പുറത്തേക്കിറങ്ങി.
കാറിൽ ചാരി നിൽക്കുന്ന ശ്രുതിയുടെ പുറത്ത് രാജേഷ് തൊട്ടതും ഞെട്ടി കൊണ്ടവൾ തിരിഞ്ഞു.

” അച്ഛാ ഞാൻ.. ”

” എനിക്ക് മനസിലാവും ശ്രുതി നിന്നേ. അവർ പറഞ്ഞത് കൂടാതെ ആ ഡയറി.. രേവതിയ്ക്ക് നിലയോടുള്ള അടുപ്പം എല്ലാം വച്ചു നോക്കുമ്പോൾ നീ അങ്ങനെ ചിന്തിച്ചതിൽ ഒരിക്കലും തെറ്റ് പറയാൻ പറ്റില്ല.
ഒന്ന് നീ മനസിലാക്കണം നില നിന്റെ ചേച്ചിയാണ് ”

” അറിയാം അച്ഛാ. എനിക്ക് ഇഷ്ട്ടമാണ്..
ഒരുപാട്.
ആഗ്രഹിച്ചിരുന്നു ഇത് പോലെ ഒരു ചേച്ചിയേ കിട്ടിയിരുന്നെങ്കിലെന്ന്. എന്നാലും പെട്ടെന്ന് കേട്ടപ്പോൾ ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. ഈ കഥയൊന്നും ആയിരുന്നില്ല എന്നോട് പറഞ്ഞിരുന്നത്. എനിക്ക് ഇപ്പോൾ സന്തോഷം മാത്രമേ ഉള്ളു.. ശരത്തേട്ടന്റെ വീട്ടിലേക്ക് ഇനി എനിക്ക് ധൈര്യമായി കയറി ചെല്ലാമല്ലോ എന്റെ ചേച്ചിന്റെ വീടല്ലേ ”

ആദ്യം കരച്ചിലിലൂടെ പറഞ്ഞു പിന്നെ ഉത്സാഹത്തോടെ ചാടി ശരത്തിനെ കെട്ടി പിടിച്ചപ്പോൾ അവൻ തലയ്ക്കൊരു കൊട്ട് കൊടുത്തു.

” ചേച്ചിയുടെ വീടൊക്കെ തന്നെ… പക്ഷെ നീ ആരെ കാണാനാണ് വരുന്നത് ”

” അപമാനിക്കരുത് ഏട്ടാ. ”

ശ്രുതി ചമ്മിയ ചിരി ചിരിച്ചു.

” നമ്മൾ ഈ പ്രായമെല്ലാം കഴിഞ്ഞു തന്നെയാണ് മോളെ വന്നത് ”

രാജേഷ് കൂടി താങ്ങിയപ്പോൾ ശ്രുതി രണ്ട് പേരെയും നോക്കി.

” മതി എന്നേ കളിയാക്കിയത്. വേഗം വണ്ടിയിൽ കയറ് എനിക്ക് സസ്പെൻസ് പൊട്ടിക്കാൻ ഉള്ളതാണ്. രണ്ട് പേരുടെയും മുഖമൊന്ന് എനിക്ക് കാണണം ”

ശ്രുതി തുള്ളി ചാടി ഡോർ തുറന്നു മുന്നിൽ കയറി ഇരുന്നു.

” അച്ഛാ കീ അളിയന്റെ എടുത്തു കൊടുത്തു പിന്നിൽ കയറി ഇരിക്കി. അച്ഛൻ ഒച്ചിഴയുന്ന പോലെ പോയാൽ ഇതിന്റെ ചൂടങ്ങ് പോവും. ”

” ഓഹോ. ഇപ്പോൾ അളിയനെ കിട്ടിയപ്പോൾ നമ്മളെ വേണ്ട. ഇതെല്ലാം കാണിച്ചു തന്ന എന്നോട് സ്മരണ വേണമെടി സ്മരണ… ”

ശ്രുതി മുഖം കോട്ടി മുഖം തിരിച്ചു കീ ശരത്തിന് നേരെ എറിഞ്ഞു കൊടുത്ത് രാജേഷ് പിറകിൽ കയറി.

🦋തിരികെ വരും 🦋