രചന – അഹാനിക അനു
“” വിക്രമ ഒറ്റല്ല…… ഒറ്റല്ല…. ഇവിറ്റേ ബാ…. “”
പാറുവിന്റെ ഒച്ച കേട്ട് ചെവി കുടഞ്ഞു കുളിമുറിയിൽ നിന്ന് ഇറങ്ങിയ നന്ദു ഒന്ന് ചുറ്റും നോക്കി…..
“” വിക്രമ ഓറ്റല്ല പാരു മിൻറ്റുല…. ”
ഒച്ച ആദ്യത്തെക്കാൾ ഉയർന്നപ്പോൾ നന്ദു മതിലിന്റെ മുകളിലെക്ക് ഒന്ന് തല പൊക്കി നോക്കി ……..
ആ പൂച്ചയെ ആണ് പെണ്ണ് വിക്രമ എന്ന് വിളിക്കുന്നത്…… അതിനെ കൊല്ലാകൊല ചെയ്യുന്നുണ്ട്….. അവളുടെ തലോടലും കൂട്ടി പിടിക്കലും സഹിക്കാൻ കഴിയാഞ്ഞിട്ട് അത് ഉള്ള ജീവനും കൊണ്ട് ഓടുന്നുണ്ട് …….. ഏട്ടത്തി സ്റ്റെപ്പിൽ ഇരിക്കുന്നു അവൾക്ക് ഉപ്പ് മാവ് കൊടുക്കുന്നുണ്ട്…. അടുത്തു തന്നെ ശ്രുതിയും ദേവൂട്ടിയും ഇരിക്കുന്നുണ്ട്……..
കുട്ടികൾ ഒരു അത്ഭുതമാണ്….. അവൾക്ക് മനസിലായിട്ടുണ്ടാവോ ഇനി അച്ഛനും അമ്മയ്ക്കും ഒരു തിരിച്ചു വരവ് ഇല്ല എന്ന്….. അല്ലേൽ ഒന്നും അറിയാതെ ആവോ അവളുടെ ഈ കളികൾ……… കാണാൻ തോന്നുന്നില്ലേ…… ഇന്നലെ മുഴുവൻ കരഞ്ഞു…. ഇന്നവൾ ഇങ്ങനെ നിൽക്കുന്നത് കാണുമ്പോൾ അത്ഭുതം തോന്നുന്നു……… അല്ലേൽ അവൾക്കറിയാവുന്ന ഒന്ന്…….. നില ….. കൈ വിടില്ല എന്ന ഉറപ്പ് അവൾക്കുണ്ടാവും അല്ലേൽ ദൈവം അവളെ അങ്ങനെ പഠിപ്പിച്ചിട്ടുണ്ടാവും……..ഒരമ്മ തന്നെയാണ്…….. ചേർത്ത് പിടിക്കും എന്ന ഉറപ്പ്….. വിശ്വാസം………….മുട്ടിന്റെ മുകളിൽ മുഖം വച്ചു പൂച്ചയെ നോക്കി നിൽക്കുന്ന പാറുവിനെ ഒന്ന് നോക്കി അവൻ ഉള്ളിലേക്ക് കയറി………..
“” മറ്റി നിലാന്റി… പാരുവിന്റെ കുമ്പ നിരഞ്ഞു…… നോക്ക്…. “”
ബനിയൻ പൊക്കി കാണിച്ചാണ് നിൽക്കുന്നത്….
“” കുറച്ച് കൂടി…….. “”
കയ്യിലുള്ളത് അവളുടെ വായയിലേക്ക് നീട്ടിയപ്പോൾ പെണ്ണ് മുഖം തിരിച്ചു……
“” വേൻറ്റ നിലാന്റി….. “”
“”പാറുവിന് വേണ്ടേൽ വേണ്ട…….. വാ ചേച്ചി വായ കഴുകി തരാം……””
ശ്രുതി എഴുനേറ്റു ദേവൂട്ടിയെ ഒക്കത്തു വച്ചു പാറുവിന്റെ കൈ പിടിച്ചു പിറകിലെ പൈപ്പിന്റെ എടുത്തേക്ക് കൊണ്ട് പോയി വായ കഴുകിപ്പിച്ചു……
“” ചലി തേരുപ്പിക്കല്ലേ ശുതി…… ശൂയിൽ ചലി ആവുന്നു…… പപ്പ വാങ്ങി തന്നതാ…… “”
വെള്ളം വീണു തെറിച്ച ചളി ഷൂസിൽ ആയപ്പോൾ പാറു ഒന്ന് പിറകിലേക്ക് നിന്നു……പെട്ടെന്ന് എന്തോ ഓർത്ത പോലെ നിലയുടെ എടുത്തേക്ക് ഓടി………
“” പപ്പ എപ്പോ വരും നിലാന്റി…… “”
നില ദയനീയമായി ശ്രുതിയെ ഒന്ന് നോക്കി…..കണ്ണുകൾ നിറയാതിരിക്കാൻ എത്ര ശ്രമിച്ചിട്ടും കഴിയുന്നില്ല………
“” ഏട്ടൻ ഇനി വരില്ലെടോ…… “”
പിറകിൽ നിന്ന് ജിതിൻ പറഞ്ഞു കൊണ്ട് നില ഇരിക്കുന്ന അതേ സ്റ്റെപ്പിൽ വന്നിരുന്നു…… ജിതിൻ അടുത്തു ഇരുന്നെന്ന് കണ്ടപ്പോൾ അവൾ വേഗം എഴുനേറ്റു മുറ്റത്തേക്ക് ഇറങ്ങി…….
“” പപ്പ വരും…. അമ്മയും…… പാരു വിലിച്ചാൽ വരും…….””
വിട്ട് കൊടുക്കാൻ താല്പര്യം ഇല്ലാതെ പാറു ദേഷ്യത്തോടെ പറഞ്ഞു……..
“” എന്നാൽ പിന്നെ നീ ഒന്ന് വിളിച്ചു നോക്ക്…… നിന്റെ പപ്പ വരോ ഇല്ലയോ എന്ന് നോക്കാലോ..””
“” പപ്പ വരും….. നാൻ വിലിച്ചാൽ വരും…. “”
“” ഇല്ല പെണ്ണേ അതൊക്കെ നിന്റെ തോന്നലാ…. “”
“” വരും…. വരും….. വരും…… “”
“” ഞാൻ പറയുന്നു….ഇല്ല…. ഇല്ല…. ഇല്ല……… “”
ആ കുട്ടിയെ വേദനിപ്പിക്കാനായി ജിതിന്റെ വാക്കുകളിൽ ഒളിഞ്ഞു നിൽക്കുന്ന സൂചി മുനകൾ കാണെ നിലയുടെ നെറ്റി ചുളിച്ചു…….അവന്റെ ചുണ്ടിൽ എവിടെയോ ഒരു ചിരി തെളിഞ്ഞു നിൽക്കുന്നു………
“”പര നിലാന്റി പാരു വിലിച്ചാൽ പപ്പ വരില്ലേ….. പപ്പ ഗേൾ അല്ലേ നാൻ….. അപ്പൊ വരി.
ല്ലേ…….””
മുഖമൊക്കെ ചുവന്നു ചുണ്ടുകൾ പുറത്തേക്ക് തള്ളി ഒന്ന് വിതുമ്പി കൊണ്ട് പാറു നിലയുടെ സാരി ചുറ്റി പിടിച്ചു പറയുമ്പോളും നിലയുടെ കണ്ണുകൾ ജിതിനിൽ ആയിരുന്നു…….. അവളെ മനഃപൂർവം വേദനിപ്പിക്കുന്ന പോലെ……..നോക്കി നിൽക്കുന്ന കണ്ണുകൾ മറ്റെന്തോ ആഗ്രഹിക്കുന്ന പോലെ…….. ഉള്ളാലെ ചിരിക്കുന്നവനെ മനസിലാക്കാൻ പറ്റും……
“” പര നിലാന്റി….. പാരു വിലിച്ചാൽ പപ്പ വരില്ലേ… “”
നിലയിൽ നിന്നും മറുപടി ലഭിക്കുന്നില്ല എന്ന് കണ്ടപ്പോൾ ജിതിൽ പറഞ്ഞത് സത്യമാണോ എന്ന് ആ കുഞ്ഞു ഭയന്നു…….. കണ്ണുകൾ തുളുമ്പി കൂട്ടിയടച്ച മിഴികൾ അവയെ ഒഴുക്കി വിട്ടു…… വയറിൽ പാറുവിന്റെ കണ്ണുനീർ പതിഞ്ഞപ്പോളാണ് നില ജിതിന്റെ മുഖത്ത് നിന്ന് കണ്ണെടുത്തത്……..
“” അയ്യേ പാറു കരയാണോ ….. പപ്പയുടെ സ്ട്രോങ്ങ് ഗേൾ ഇങ്ങനെ കരയാൻ പറ്റോ……മോശമാണ് ട്ടോ …… ആര് പറഞ്ഞു പാറു വിളിച്ചാൽ പപ്പ വരില്ലെന്ന്….. പപ്പ വരും….. പപ്പ മാത്രമല്ല അമ്മയും……””
കയ്യിലുള്ള പ്ലേറ്റ് അമ്മിയുടെ മുകളിൽ വച്ചു നില മുട്ട് കുത്തി ഇരുന്നു പാറുവിന്റെ കണ്ണുകൾ തുടച്ചു കൊടുത്തു……. ശ്രുതിക്ക് അവരെ കണ്ട് നിൽക്കാൻ ആവുന്നില്ല……. കണ്ണുകൾ കലങ്ങിയപ്പോൾ മുന്നിലേക്ക് നടന്നു……
അറിയണ്ടായിരുന്നു….. കാണേണ്ടായിരുന്നു…….. ആരോടും സംസാരിക്കരുതായിരുന്നു…….. ഈ വീട്ടിലേക്ക് അല്ലേൽ ഈ നാട്ടിലേക്ക് തന്നെ വരരുതായിരുന്നു………. ഈ വേദന കഠിനമാണ്…. ആ നഗരത്തിൽ ഒറ്റപ്പെട്ടാലും വേണ്ടിരുന്നില്ല… സ്നേഹം കൊണ്ട് മൂടി അവസാനം ഒറ്റയ്ക്കായി പോവുന്ന വേദന ഒരിക്കലും താങ്ങാൻ കഴിയില്ല………. തന്റെ ആരുമല്ലാഞ്ഞിട്ട് പോകും തനിക്ക് വല്ലാതെ നോവുന്നു……….
ദേവൂട്ടിയുടെ കവിളിൽ ഉമ്മ മുന്നിലെ കസേരയിൽ ഇരുന്നു….
ജിതിൻ ഇപ്പോളും അവിടെ നിന്ന് പോവാതെ അവരെ തന്നെ നോക്കി നിൽക്കുകയാണെന്ന് കണ്ട് നില ദേഷ്യത്തിൽ തന്നെ എഴുനേറ്റു അവൻ ഇരിക്കുന്ന ഭാഗത്തു കൂടി പോവാതെ മുന്നിലേക്ക് നടന്നു……… നിലയെ ഒന്ന് ചുഴ്ന്ന് നോക്കി അവൻ എഴുനേറ്റു…..
“”””””””””””””””””””””””””””
“”നിനക്ക് എന്ത് പറ്റി കുറച്ച് നേരമായല്ലോ എന്തോ ആലോജിച്ചു ഇരിക്കുന്നു ……””
ബെഡിൽ മലർന്നു കിടന്നു ആലോജിച്ചു കിടക്കുന്ന കിച്ചുവിന്റെ എടുത്ത് നന്ദു ഇരുന്നു….
“” എനിക്ക് എന്തോ നെഗറ്റീവ് ഫീൽ ചെയ്യുന്നെട.. “”
“” എന്ത് പറ്റി അങ്ങനെ തോന്നാൻ…… “”
“” നമ്മളിനി നിവിനേട്ടന്റെ ഫാമിലിയായി അധികം അടുപ്പം വേണ്ട എന്നൊരു തോന്നൽ……. “”
കിച്ചു പറഞ്ഞത് ഇഷ്ട്ടപെടാത്തത് പോലെ നന്ദുവിന്റെ കണ്ണുകൾ കുറുകി…….
“” അറിയാം ആർക്കും അത് കഴിയുന്നതല്ല എന്ന്….. പക്ഷെ കുറച്ച് സമയം എടുത്താലും അതാവും നല്ലത്……. “”
“” നിനക്ക് എന്താണ് കിച്ചു….. ചുമ്മ കിടന്നിട്ടാണ് ഇങ്ങനെയൊക്കെ തോന്നുന്നത്…. ഒന്ന് എഴുനേറ്റ് കുളിച്ചു വാ …. “”
കിച്ചുവിന്റെ പുറത്ത് തട്ടി എഴുനേൽക്കാൻ ശ്രമിച്ച നന്ദുവിന്റെ കൈ അവൻ പിടിച്ചു വച്ചു …..
“” ചുമ്മ കിടന്നു ആലോജിച്ചിട്ടല്ല നന്ദു…. ഇതാണ് ശെരി ……… “”
“” നിനക്ക് ഇഷ്ട്ടമില്ലേൽ നീ സഹകരിക്കണമെന്നില്ല…….. എനിക്ക് ആ കുടുംബത്തെ അത്ര പെട്ടെന്ന് ഒഴിവാക്കാൻ കഴിയില്ല…….. “”
“” അതിന് ഒഴിവാക്കാൻ ആര് പറഞ്ഞു….. അധികം അടുപ്പം വേണ്ട……… “”
“” നിനക്ക് വേണ്ടേൽ വേണ്ട…. എന്നേ അതിൽ പെടുത്തരുത് ……. എനിക്ക് കഴിയില്ല…… “”
കിച്ചുവിന്റെ സംസാരം ഇഷ്ട്ടപ്പെടാതെ നന്ദു ടേബിളിൽ ഉള്ള മുണ്ട് എടുത്ത് ഡോർ തുറന്നു പുറത്തേക്ക് ഇറങ്ങി………. അവൻ പോയ വഴിയെ നോക്കി കിച്ചു തല കുടഞ്ഞു……….
“””””””””””””””””””””””””””””””
രേവതി ഒരു അമ്മയെ പോലെ ആ വീട്ടിൽ സഹായിക്കുന്നത് നില നോക്കി നിന്നു…. സാരി തല അരയിൽ തിരുകി ചോറും ചേമ്പ് മാറ്റി വച്ചു കുടിക്കാനുള്ള വെള്ളം അടുപ്പിലേക്ക് വയ്ക്കുകയാണ് …….
“” അമ്മ പോയി ഒന്ന് കുളിചോളു….. ഇന്നലെ വന്നപ്പോൾ മുതൽ ഇട്ട ഡ്രസ്സ് തന്നെയല്ലേ…..ഇതൊക്കെ ഞാൻ ചെയ്തോളാം…””
മുന്നിലേക്ക് വന്ന് ചേമ്പ് രേവതിയുടെ കയ്യിൽ നിന്ന് വാങ്ങി അടുപ്പിലേക്ക് വച്ചു നില പറഞ്ഞു….
“” ഇനി മാറ്റണ്ട മോളെ…… ഞങ്ങൾ ഇപ്പോൾ ഇറങ്ങും…. “”
അത് പറഞ്ഞപ്പോൾ നിലയുടെ മുഖം മങ്ങി…..
“” ഇന്ന് കൂടി ഒന്ന് ഇവിടെ നിൽക്കോ അമ്മേ…. എനിക്ക് അറിയില്ല ഇവിടെ എന്തൊക്കെയാ ചെയ്യേണ്ടത് എന്ന്…. തനിച്ചായ പോലെ….. “”
“” മോളെ ഇവിടെ നിൽക്കുക എന്നൊക്കെ പറഞ്ഞാൽ…. ശ്രുതിയുടെ അച്ഛൻ സമ്മതിക്കില്ല…… ഈ വീട്ടിൽ ഒരു പരിചയവും ഇല്ലാത്ത ഞങ്ങൾ ഇങ്ങനെ നിൽക്കുന്നത് മോശം ആണ്…. ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത്…… ബന്ധുക്കൾ ഒന്നുമില്ലേ ഇവർക്ക്… ആരെയും അങ്ങനെ കാണുന്നില്ല……. “”
“”ശ്യാമേച്ചിയുടെയും ഇവിടത്തെ അച്ഛന്റെയും പ്രണയ വിവാഹം ആയിരുന്നു…… രണ്ട് പേരും വീട്ടിൽ നിന്ന് തെറ്റി വന്നതാ……ബന്ധങ്ങൾ ഒന്നുമില്ല…… പിന്നെ തൃത്തേച്ചിയുടെ അമ്മയ്ക്ക് സുഖമില്ലാതെ ഹോസ്പിറ്റലിൽ ആണ്……അതാണ് ആളുകൾ കുറവ്……..””
രേവതി ഒന്ന് മൂളുക മാത്രം ചെയ്തു…….
വീണ്ടും പണി ചെയ്യാൻ പോയ രേവതിയെ നില നിർബന്ധിച്ചു വീട്ടിലേക്ക് കൊണ്ട് പോയി കുളിക്കാൻ പറഞ്ഞയച്ചു അവളുടെ സാരി എടുത്തു കൊടുത്തു……….
“”””””””””””””””””””””””””
കയ്യിൽ ഒരു ടെഡിബിയറിനെയും പിടിച്ചു പടിയിൽ ഇരുന്നു പുറത്തേക്ക് നോക്കി നിൽക്കുനയാണ് പാറു……. അടുത്തു ആരോ വന്നിരുന്നത് കണ്ടത് തല ചെരിച്ചു നോക്കി………. ജിതിൻ ആണെന്ന് കണ്ടപ്പോൾ മുഖം വെട്ടിച്ചു നീങ്ങി ഇരുന്നു…….. പാറു നീങ്ങുന്നതിനനുസരിച്ചു ജിതിൻ വീണ്ടും വീണ്ടും അവളുടെ അടുത്തേക്ക് നീങ്ങി ഇരുന്നു….
“” എൻറ്റിനാ അറ്റുത്തേക്ക് ഇങ്ങനെ വരുന്നത്… “”
കയ്യിലെ ടെഡിബിയർ കൊണ്ട് ജിതിനെ ഉന്തി……
“” നിനക്ക് എന്താ ഞാൻ ഇവിടെ ഇരിക്കുന്നതിന്..”
“” എനിക്ക് ഈസ്‌റ്റമല്ല……. “”
“” അതിന് നിന്റെ ഇഷ്ട്ടം ആരേലും ചോദിച്ചോ…. “”
“” നീങ്ങി ഇരി….. “”
പാറു ഒരു കൈ കൊണ്ട് അവനെ വീണ്ടും ഉന്തി….അടുത്തേക്ക് വരികയല്ലാതെ ഒട്ടും നീങ്ങുന്നില്ല……. “”
“” എൻറ്റ വേണ്ടേ….. “”
പാറുവിന് സഹി കേട്ടു…..
“” നീ എന്തിനാ ഇവിടെ ഇരിക്കുന്നത്…. “”
“” പപ്പയെ നോക്കാ….. “”
“” അപ്പൊ നീ ഇന്നലെ കത്തിച്ചത് എന്താ…. “”
ജിതിൻ പറയുന്നത് കേട്ട് പാറു ഞെട്ടി അവനെ നോക്കി…… ആ മുഖത്ത് ഇപ്പോളും ഒരു ഭാവ മാറ്റവും ഇല്ല……
“” അത് സരത്തങ്കിൽ പരഞ്ഞിറ്റാണ്….. “”
ശബ്ദം വളരെ പതിഞ്ഞതായിരുന്നു …
“” ശരതങ്കിൽ നിന്നേ പറ്റിച്ചു….നീ തീ കൊണ്ട് കത്തിച്ചത് അവരെയ….. ഇനി തിരിച്ചു വരില്ല…… നിന്നേ ഒറ്റയ്ക്കാക്കി പോയി…… കൂടെ നിന്റെ വാവയും……. “”
“” പാരുവിന് വാവ ഇല്ല…. “”
എന്തൊക്കയോ മനസിലായ പോലെ കണ്ണുകൾ നിറഞ്ഞു…..തൊണ്ട വരണ്ടു…..
“” നിന്റെ അമ്മയുടെ വയറിൽ ഒരു കുഞ്ഞു വാവ ഉണ്ടായിരുന്നു ……അതും മരിച്ചു പോയി…… നിന്നേ ഒറ്റയ്ക്ക് ആക്കി അവർ മൂന്ന് പേരും പോയി…..””
“” ജിതിൻ…… “”
പിറകിൽ ഉയർന്ന ഒച്ചയിൽ രണ്ട് പേരും ഞെട്ടി തിരിഞ്ഞു നോക്കി……..പാറുവിന്റെ കണ്ണുകൾ തോരാതെ പെയ്തു……….
🦋തിരികെ വരും 🦋

by