രചന – അഹാനിക അനു
രാവിലെ അമ്മ എഴുനേൽക്കുന്നതിന് മുന്നേ എഴുനേറ്റു ശ്രേയ കുളിച്ചു വന്ന് പഴയ ഒരു തോർത്ത് മുടിയിൽ കെട്ടി അടുക്കളയിൽ കയറി ചായക്ക് വെള്ളം വച്ചു.
ഇഡലി ചേമ്പിൽ വെള്ളം നിറച്ചു അടുപ്പിൽ വച്ചു ചൂടായി തലേന്ന് രാത്രി അടിച്ചു വച്ച മാവ് എടുത്തു ഒഴിച്ച് അടച്ചു വച്ചു സാമ്പാറിനുള്ളത് അരിഞ്ഞു വച്ചു. സാമ്പാർ ആവുമ്പോൾ പിന്നെ ഉച്ചയ്ക്കത്തേക്ക് അമ്മ ഉണ്ടാക്കണ്ടല്ലോ എന്ന് കരുതിയാണ്. തേങ്ങ രാഗി വറുക്കുമ്പോളാണ് അമ്മ എഴുനേറ്റു വന്നത്.
” നീ എന്താണ് മോളെ ഇത്ര നേരത്തെ എഴുനേൽക്കുന്നത്. നീ ഇന്ന് പോവുന്നുണ്ടോ. ഇന്നലെ വീണത് ശെരിയായോ ”
” പിന്നെ പോവാതെ. ഏട്ടനോട് ഇനി വീണ കാര്യം ഒന്നും പറയണ്ട. അല്ലേൽ തന്നെ എന്തേലും കിട്ടാൻ കാത്തിരിക്കുകയാണ് ഈ പണി ഒന്ന് നിർത്തിക്കാൻ . അമ്മ പോയി പല്ല് തേച്ചു വാ ‘”
അത് പറഞ്ഞു തിരിഞ്ഞപ്പോൾ ഉമ്മറത്ത് നിന്ന് ചായ എന്ന വിളി മുഴങ്ങി.
അമ്മയെ ഒന്ന് നോക്കി അവൾ ചായ ഗ്ലാസിലേക്ക് ഒഴിച്ച് പഞ്ചസാര ഇട്ട് മുന്നിലേക്ക് നടന്നു.
” നീ ഇന്ന് പണിക്ക് പോവുന്നുണ്ടോ ”
ചായ നീട്ടിയപ്പോൾ തന്നെ ചോദിച്ച ചോദ്യം ഇതാണ്. അതിനവൾ മൂളുക മാത്രം ചെയ്തു.
” നീ ഇനി അവിടെ പണിക്ക് പോവണ്ട. നിനക്ക് മറ്റൊരു സ്ഥലത്ത് ജോലി ശെരിയാക്കിയിട്ടുണ്ട് ”
” അത് പറ്റില്ല ഏട്ടാ. ഇപ്പോൾ ചെയ്യുന്നതാവുമ്പോൾ എന്നേ കൊണ്ട് കഴിയും എന്ന ഉറപ്പുണ്ട്. മുഴുവൻ പഠിക്കാൻ കഴിഞ്ഞില്ലെങ്കിലും ഞാൻ പഠിച്ചതാണ്. ഒരു പിഴവ് പറ്റില്ല എന്ന വിശ്വാസം ഉണ്ടായിരുന്നു. ഇത് എനിക്ക് ഒഴിവാക്കാൻ പറ്റില്ല
അല്ലേൽ ഏട്ടന് ഞാൻ ചെയ്യുന്ന ജോലിയിൽ എന്തേലും കുറച്ചിൽ തോന്നി തുടങ്ങിയോ. അങ്ങനെ ആണേൽ പറയാൻ മടിക്കേണ്ട. സ്വയം ജീവിതം നശിപ്പില്ല എന്ന ഉറപ്പ് ഏട്ടൻ തരുവാണേൽ ഞാൻ ആ പണിക്ക് പോവുന്നത് നിർത്തും.
അല്ലാത്ത പക്ഷം എനിക്ക് പോയെ പറ്റു. ഈ കുടുംബം പട്ടിണിയില്ലാതെ പോവുന്നത് ആ പണി കൊണ്ടാണ് ”
” മതി…. നിനക്ക് നിർത്താം. കുടുംബം പോറ്റുന്ന കണക്കൊന്നും പറയേണ്ട. ഞാൻ എങ്ങനെ ഇങ്ങനെ ആയി എന്നും നിനക്ക് നന്നായി അറിയാം. എന്ത് ജോലിക്കും അതിന്റേതായ മാന്യത ഉണ്ടെന്ന് വിശ്വസിക്കുന്നവനാണ് ഞാൻ.
നീ ചെയ്യുന്നതും മനസ്സിൽ നന്മ ഉള്ളവർ ചെയ്യുന്നത് തന്നെയാണ്. സുഖമില്ലാത്ത ഒരാളെ പരിചരിക്കുന്നതിൽ ഒരു തെറ്റും ഇല്ല. പക്ഷെ അവിടെ കഴിയില്ല എന്ന് തോന്നിയാൽ പിടിച്ചു തൂങ്ങി നിൽക്കരുത്. പണത്തിന് വേണ്ടി മാത്രം ഒന്നും ചെയ്യരുത്.
ഞാൻ അറിയുന്നുണ്ട് ആ വീട്ടിലെ സുഖമില്ലാത്ത മോന്റെ വിശേഷം .
ഇനി നീ അവിടെ പോവണ്ട. ഇപ്പോൾ ഞാൻ പറഞ്ഞ പണിയും നീ പഠിച്ചത് തന്നെയാണ്.
ഇത് അധികം ദൂരമില്ല ആറടി മുക്ക് നിനക്ക് അറിയാൻ മതിയാവും. നോക്കാൻ ഉള്ളത് ഒരു സ്ത്രീയെ ആണ്. അധികം പ്രായം ഇല്ല. സ്റ്റൈയറിൽ നിന്ന് വീണ് കാലൊന്ന് പൊട്ടിയതാണ്. ഭർത്താവും ഒരു മോനും.
മൂത്ത മകനും മരുമകളും ഒരു ആക്‌സിഡന്റിൽ ഇപ്പോൾ അടുത്ത് മരിച്ചതാണ്. അതിന്റെ ഷോക്കും എല്ലാം കൂടി അവർ മെന്റലി വീക്ക് ആണ്. അവിടെക്കാണ് ഒരു ഹോം നഴ്സിനെ വേണമെന്ന് പറഞ്ഞത്. ഞാൻ വാക്ക് കൊടുത്തു പോയി ആദ്യം നീ പണിക്ക് പോയ സ്ഥലത്തേക്ക് വിളിച്ചു പറയുകയും ചെയ്തു.
ഇനി അവിടെ പോയാൽ മതി ”
ശ്രേയയെ മറ്റൊന്നും പറയാൻ അനുവദിക്കാതെ എഴുനേറ്റു അവൻ ഉള്ളിലേക്ക് കടന്നു.
അവൾ കസേരയിൽ ഇരുന്നു തലക്ക് കൈ വച്ചു.
ഇനി ഇപ്പോൾ അവിടെ ജോലിക്ക് പോയില്ലെങ്കിൽ ഏട്ടൻ വീട് തല മറിച്ചിടും.
നഴ്സിംഗ് മുഴുവൻ ആക്കാൻ കഴിയാതെ നിർത്തി പോന്നു വീട്ടിൽ ഇരുന്നപ്പോൾ ഏട്ടൻ തന്നെ ശെരിയാക്കി തന്നതാണ് അവിടെ ഉള്ള ജോലി.
അതും ആക്‌സിഡന്റ് ആയി കിടക്കുന്ന അവരുടെ മകനെ നോക്കാൻ ആയിരുന്നു. മുഴുവനും തളർന്ന പോലെ ആയിരുന്നു.
ആരോഗ്യ സ്ഥിതി ഇപ്പോളാണ് ഒന്ന് മെച്ച പെട്ടു വരുന്നത് പക്ഷെ ആളുടെ സ്വഭാവത്തിൽ പല മാറ്റവും തോന്നി തുടങ്ങി. എന്നാലും ഇവിടത്തെ സ്ഥിതി ആലോജിക്കുമ്പോൾ പിടിച്ചു നിന്നതായിരുന്നു. എന്നാലും ഇതെങ്ങനെ ഏട്ടൻ അറിഞ്ഞു എന്ന് ആലോജിച്ചു ഇരിക്കുമ്പോളാണ് അടുക്കളയിൽ നിന്ന് വിസിൽ മുഴങ്ങിയത്. വേഗം അവിടേക്ക് ഓടി.
🌻🌻🌻🌻🌻🌻🌻
നന്ദുവിന്റെ ഒച്ച കേട്ട് കിച്ചു വേഗം പിറകിലേക്ക് നിന്ന്.
“ഹോ എന്നാത്തിനാ മാറി നിന്നത്.
അവളുടെ നെഞ്ചത്ത് കയറി ഇരിക്കാൻ പാടില്ലേനോ. ”
നന്ദു കൈ കെട്ടി ഡോറിൽ ചാരി നിന്ന്. കിച്ചു കണ്ണ് കൊണ്ട് നാറ്റിക്കരുത് എന്ന് കാണിക്കുന്നുണ്ട്. നന്ദു അത് ശ്രദ്ധിക്കതെ ശ്രുതിയെ സൂക്ഷിച്ചു നോക്കി.
” എന്റെ മുന്നിൽ എന്നാ അഭിനയമായിരുന്നു .
നീ ഏട്ടത്തിയോട് എന്തായിരുന്നു പറഞ്ഞത്. ഒരു ക്രഷ് മാത്രേ തോന്നിയിരുന്നു. എന്നിട്ട് ഇപ്പോൾ.
അല്ല മോളെ അറിയാൻ പറ്റാഞ്ഞിട്ട് ചോദിക്കുവാ.
നിനക്ക് രാത്രി ഉറക്കൊന്നും ഇല്ലേ.
ഇവനാണേൽ പോത്ത് പോലെ ബോധമില്ലാതെ ഉറങ്ങുന്നു. നല്ല ഉണങ്ങിയ കാമുകൻ ”
കിച്ചു ഇനി ചമ്മാൻ ബാക്കി ഇല്ല. ശ്രുതി ദയനീയമായി കിച്ചുവിനെ നോക്കി.
” നിനക്ക് എന്താടി ഇതിന്റെ ഉള്ളിൽ കാണാൻ ഉള്ളത് ”
ഡോറിന്റെ ഉള്ളിലൂടെ തലയിട്ട് നോക്കുന്ന പാറുവിന്റെ മുടി നന്ദു പിടിച്ചു വലിച്ചു.
” നാൻ നിക്ക് ഈസ്‌റ്റമുല്ലപ്പോൾ വരും. വിക്രമൻ വിക്രമന്റെ പണി എടുറ്റാൽ മതി ”
നന്ദുവിനൊരു ഉന്ത് പാറു ശ്രുതിയുടെ കൈ പിടിച്ചു.
” വാ ശുതി നമുക്ക് പുരത്ത് പോവാ ”
” ഇപ്പോൾ പോവണ്ട പുറത്ത് മഴ വരുന്നുണ്ട് ”
ശ്രുതി തിരിച്ചു പറയുന്നതിന് മുന്നേ കിച്ചു പറയുന്നത് കേട്ട് നന്ദു ചിരിച്ചു കൊണ്ട് ചുണ്ട് കൈ കൊണ്ട് കൂട്ടി പിടിച്ചു. അത് കണ്ട് ശ്രുതി വേഗം പാറുവിന്റെ കൈ പിടിച്ചു പുറത്തേക്ക് ഇറങ്ങി.
” എന്റെ കിച്ചു എന്നാലും എന്തൊക്കെ ആയിരുന്നു മലപ്പുറം കത്തി അമ്പും വില്ലും. നാണമില്ലേ മിസ്റ്റർ.”
“എനിക്ക് എന്തിന് നാണം ”
കിച്ചു താടി ഉഴിഞ്ഞു
” ശെരിക്കും കിസ്സടിച്ച ”
നന്ദു കിച്ചുവിന്റെ താടി പിടിച്ചു വലിച്ചു. അവന്റെ മുഖം ഒന്ന് പതറിയത് നന്ദു ശ്രദ്ധിച്ചു.
നീയൊന്ന് പോയ നന്ദു എന്ന് പറഞ്ഞു കിച്ചു പുറത്തേക്ക് നടന്നു.
ഇനി എന്റെ മാവൊക്കെ എന്നാണാവോ പൂക്കുക
നന്ദു ആത്മഗതം പോലെ പറഞ്ഞു കിച്ചുവിന്റെ പിറകെ ഓടി.
🌻🌻🌻🌻🌻🌻🌻
അറിയാത്ത നമ്പറിൽ നിന്ന് കാൾ വന്ന് ജിതിൻ ഫോൺ എടുത്തു വീടിന്റെ പുറത്തേക്ക് ഇറങ്ങിയപ്പോളാണ് ജിത്തു വണ്ടിയുമായി മുന്നിൽ വന്ന് നിന്നത്. ജിതിനെ കാണെ പരിജയ ഭാവത്തിൽ ജിത്തു ഒന്ന് ചിരിച്ചു തിരിച്ചു അവനും.
ശ്രേയ വണ്ടിയിൽ നിന്ന് ഇറങ്ങി ആ വീട് ചുറ്റും ഒന്ന് നോക്കി. അവളുടെ ശ്രദ്ധ അടുത്ത വീട്ടിൽ ശബ്ദം കേട്ട് അങ്ങോട്ട് നോക്കി. ഉമ്മറത്തു ആരും ഇല്ലായിരുന്നു. ശ്രേയ അവിടേക്ക് തന്നെ നോക്കി നിൽക്കുന്നത് കണ്ട് ജിതിന്റെ കണ്ണുകൾ കുറുകി.
” ഇതാണല്ലേ നിന്റെ സിസ്റ്റർ ജിത്തു. ഉള്ളിലേക്ക് കയറു. അച്ഛനുണ്ടാവും അവിടെ അമ്മ താഴത്തേ റൂമിലാണ് .
എല്ലാ കാര്യവും അച്ഛൻ പറഞ്ഞു തരും. ഞാൻ ഒരു കാൾ ചെയ്തു വരാം. ജിത്തുവും കൂടെ ചെല്ല് ”
രണ്ട് പേരോടായി പറഞ്ഞു ജിതിൻ പുറത്തേക്ക് പോയി. അവനെ വിളിച്ച നമ്പറിലേക്ക് വിളിച്ചെങ്കിലും ഫോൺ എടുത്തില്ല. തിരിച്ചു വീട്ടിലേക്ക് കയറാൻ നിൽക്കുമ്പോൾ വീണ്ടും കാൾ വന്നു അവൻ അറ്റൻഡ് ചെയ്തു.
അപ്പുറത്ത് നിന്ന് ഇന്ദ്രന്റെ ശബ്ദം കേട്ടപ്പോൾ സംശയം രൂപത്തിലാണ് സംസാരിച്ചത്. നാളെ കാണണം ഒന്ന് സംസാരിക്കണം എന്ന് ഇന്ദ്രൻ പറഞ്ഞപ്പോൾ എതിർത്തൊന്നും പറയാതെ സമ്മതിച്ചു കാൾ വയ്ക്കുമ്പോൾ അവന്റെ ശ്രദ്ധ ശരത്തിന്റെ വീട്ടിലേക്കായിരുന്നു.
“””””””””””””””””””””””””””””
വീടിന്റെ ഉള്ളിൽ കയറിയ ശ്രേയ ചുറ്റും നോക്കി. അധികം വൃത്തിയില്ല എല്ലാം അവിടെയും ഇവിടെയുമായി ചിതറി ഇട്ടിരിക്കുന്നുണ്ട്. പ്രായമായ ഒരാൾ അവരെ കണ്ട് അടുക്കളയിൽ നിന്ന് പുറത്തേക്ക് വന്നു ചിരിച്ചു കൊണ്ട് ശ്രെയയെ കൂട്ടി ശ്യാമ കിടക്കുന്ന റൂമിലേക്ക് കൊണ്ട് പോയി.
കണ്ണ് തുറന്നാണ് കിടക്കുന്നത്. മുഖം വല്ലാതെ തളർന്ന പോലെ. വേദന ഉണ്ടെന്ന് കണ്ടാൽ മനസിലാവും. ഇടയ്ക്ക് കണ്ണിൽ നിന്നും വെള്ളം വരുന്നു. ശ്രേയക്ക് ശ്യാമയെ കാണെ എന്തോ വേദന തോന്നി.
” എന്ത് പറ്റിയതാണ് ”
ശ്രേയ നിവിന്റെ അച്ഛന് നേരെ തിരിഞ്ഞു
” സ്റ്റൈയറിൽ നിന്ന് വീണതാണ്. ഡിസ്കിന് പ്രശ്നം ഉണ്ട്. കാൽ പൊട്ടിയിട്ടും ഉണ്ട്. നടക്കാൻ കഴിയില്ല. എന്നേ കൊണ്ട് സ്വന്തം കഴിയില്ല അതാണ് ഒരു ഹോം നഴ്സിനെ വേണമെന്ന് പറഞ്ഞത്. അവളൊന്ന് സംസാരിക്കുന്നും കൂടിയില്ല. എന്ത് നേരവും ഓരോ ചിന്തയിലാണ്. ”
അച്ഛന്റെ സംസാരം കേട്ട് ശ്രേയ ശ്യാമയെ നോക്കി. ഇവളെ തന്നെ നോക്കി നിൽക്കുകയാണ് ഒന്നും പറയുന്നില്ല.
” ഇനി സർ വിഷമിക്കേണ്ട ഞാൻ നോക്കിക്കോളാം.
എന്റെ ഇവിടത്തെ കാര്യം ഞാൻ ദിവസവും പോയി വന്നോട്ടെ ”
“അത് പറ്റില്ല. ഇവിടെ നിൽക്കണം ”
ഉള്ളിലേക്ക് വന്ന ജിതിൻ എടുത്തടിച്ച പോലെ പറഞ്ഞപ്പോൾ അവൾ ജിത്തുവിനെ നോക്കി. അവിടെയും അത് അനുകൂലിക്കുന്ന രീതിയിലായിരുന്നു. ജിതിനും ജിത്തുവിനും പരസ്പരം പരിജയം ഉണ്ടെന്ന് അവരെ കണ്ടപ്പോൾ തന്നെ അവൾക്ക് മനസിലായിരുന്നു.
മറ്റൊരു മുറി നിവിന്റെ അച്ഛൻ യൂസ് ചെയ്യാൻ പറഞ്ഞെങ്കിലും അവൾ വേണ്ടെന്ന് പറഞ്ഞു ശ്യാമ കിടകുന്ന റൂമിൽ തന്നെയുള്ള ബെഡിൽ കിടക്കാം എന്ന് പറഞ്ഞു. ശ്രേയയെ ഒന്ന് നോക്കി ജിത്തു ജിതിന്റെ കൂടെ വീട്ടിൽ നിന്ന് ഇറങ്ങി.
ചുരിതാറിന്റെ ഷാൾ അഴിച്ചു ബെഡിൽ ഇട്ടു ഡോർ ലോക്ക് ചെയ്തു അവൾ ബാത്റൂമിൽ പോയി ബാക്കറ്റിൽ വെള്ളം എടുത്തു വന്ന് ശ്യാമയെ പതുക്കെ നീക്കി കിടത്തി മുഖവും മേൽ എല്ലാം തുടച്ചു കൊടുത്തു. ശ്യാമ അത്ഭുതത്തോടെ അവളെ നോക്കുന്നത് കണ്ട് ശ്രേയ ചിരിച്ചു.
” മേൽ ഒന്നും കഴുകിയിട്ടില്ല എന്ന് കണ്ടപ്പോൾ തന്നെ മനസിലായി. ഈ മുഷിഞ്ഞ ഡ്രെസ്സും ബെഡ്ഷീറ്റും എല്ലാം ആദ്യം മാറ്റാം റ്റോ. റൂമിലേക്ക് വന്നപ്പോൾ തന്നെ ഒരു വൃത്തി ഇല്ലാത്ത പോലെ.
ഇങ്ങനെ ഉള്ള റൂമിൽ കിടക്കുമ്പോൾ തന്നെ നമുക്ക് നെഗറ്റീവ് ഫീൽ ചെയ്യും”
ശ്യാമയുടെ ഡ്രെസ്സ് മാറ്റി ബെഡ് ഷീറ്റ് മാറ്റി അച്ഛനെ വിളിച്ചു ശ്യാമയെ പതുക്കെ പിടിച്ചു പുതിയത് വിരിച്ചു അടച്ചിട്ട ജനൽ തുറന്നിട്ട് ബക്കറ്റും കൊണ്ട് ശ്യാമയോട് ഇപ്പോൾ വരാം എന്ന് പറഞ്ഞു പുറത്തേക്ക് കടന്നു.
ഇപ്പോൾ തന്നെ ശ്യാമക്ക് ഒരു ഉഷാർ വന്ന പോലെ അച്ഛന് തോന്നി.
പിറക് വശത്തു പോയി എല്ലാം തിരുമ്പുന്ന കല്ലിൽ വച്ചു തിരിയുമ്പോൾ അവൾ ശരത്തിന്റെ വീട്ടിലേക്ക് നോക്കി ചെറിയ കുട്ടിയുടെ ഒക്കെ ശബ്ദം കേൾക്കുന്നുണ്ട് ആരെയും കാണുന്നില്ല. തിരിച്ചു വീട്ടിലേക്ക് കയറി. എന്നാൽ ജനലിൽ നിന്ന് ശ്രേയയെ കണ്ട നില സംശയ രീതിൽ നോക്കി. ഇത് വരെ കണ്ടിട്ടില്ല.
എന്തോ പന്തികേട് തോന്നി അവൾ കിച്ചുവിന്റെയും നന്ദുവിന്റെയും എടുത്തേക്ക് ഓടി.
🦋തിരികെ വരും

by