രചന – അഹാനിക അനു
എന്താണ് നന്ദു മോള് ഫോൺ എടുക്കുന്നില്ലേ ”
ഉള്ളിൽ നിന്ന് പുറത്തേക് വന്ന അച്ഛൻ ഫോൺ ചെയ്യുന്ന നന്ദുവിന്റെ പുറത്ത് തട്ടി
” ഇല്ല അച്ഛാ. എന്നേ ഏട്ടത്തി ഇങ്ങോട്ട് വിളിച്ചതാണ്ഞാൻ കാൾ എടുത്തപ്പോൾ തിരിച്ചു റെസ്പോൺസ് ഇല്ല. തിരിച്ചു വിളിച്ചിട്ടാണേൽ എടുക്കുന്നില്ല. രണ്ട് മൂന്ന് വട്ടം വിളിച്ചപ്പോൾ റിങ് ചെയ്തു ഇപ്പോൾ സ്വിച്ച്ഓഫായി. ”
ഫോൺ കയ്യിൽ അടിച്ചു ടെൻഷനോട് നിൽക്കുന്ന നന്ദുവിനേ അച്ഛൻ നോക്കി .
” അവളുടെ ഫോണിൽ ചാർജ് ഉണ്ടാവില്ല. നീയൊന്ന് പോയി അന്വേഷിച്ചു വാ. ശരത്തും കിച്ചുവും വരാൻ സമയമായി .
ഈ മഴ നിൽക്കുന്ന ലക്ഷണമില്ല. ചിലപ്പോൾ ലേറ്റ് ആയിട്ട് വിളിച്ചതാവും നീ വേഗം പോ. ”
അച്ഛൻ പറഞ്ഞവസാനിപ്പിക്കുന്നതിന് മുൻപേ നന്ദു ഉള്ളിലേക്ക് കയറി കീ എടുത്തു റൈൻകോട്ട് പോലും ഇടാതെ ഇറങ്ങി. അവന്റെ മനസ്സിൽ അരുത്താതത് സംഭവിക്കുന്നത് പോലെ.
മുടിക്കിടയിലൂടെ താഴ്ന്നിറങ്ങിയ വെള്ളം കൺ തടത്തിലൂടെ ഒലിച്ചിറങ്ങി നാസിക തുമ്പിൽ നിന്ന് ഊർനിറങ്ങിയതവൻ കൈ കൊണ്ട് തെറിപ്പിച്ചു ഇടത്തെ കൈ കൊണ്ട് അരയിൽ തിരുകിയ ഫോൺ എടുത്തു കിച്ചുവിനെ വിളിച്ചു. ബിസി എന്ന് കേട്ടപ്പോൾ വീണ്ടും വിളിച്ചു അത് തന്നെ ആവർത്തിച്ചപ്പോൾ ദേഷ്യത്തിൽ ഫോൺ ഷർട്ടിന്റെ പോക്കറ്റിൽ വച്ചു. ആറടി മുക്ക് വണ്ടി നിർത്തി അവൻ ചുറ്റും വീക്ഷിച്ചു. മഴയുടെ ശക്തി മൂലം റോഡിലൊന്നും ആളുകളില്ല. ചില കടകളെല്ലാം അടച്ചിട്ടുണ്ട്. ടെൻഷനോട് അവൻ വണ്ടിയിൽ നിന്നിറങ്ങി ബസ് സ്റ്റോപ്പിലേക്ക് ഓടി കയറി നിലയെ വിളിച്ചു സ്വിച്ച്ഓഫ് തന്നെയായിരുന്നു. മറ്റൊന്നും നോക്കാതെ അവൻ എല്ലാ ഷോപ്പിലും കയറി അവിടെയും കാണാതെ വന്നപ്പോൾ അവന് എന്തോ പന്തികേട് തോന്നി. ശരത്തിനെ വിളിച്ചു.
” എന്തായി നന്ദു അവരെ കണ്ടോ ”
മറു വശത്തു ശരത്തിന്റെ ശബ്ദം ഉയർന്നു.
” ഇല്ല ഏട്ടാ. ഇവിടെ ഒന്നുമില്ല. എനിക്ക് എന്തോ…
തിരിച്ചു വണ്ടിയിൽ കയറാൻ നേരം നന്ദുവിന്റെ കണ്ണുകൾ ബസ് സ്റ്റോപ്പിന് മുന്നിലേ ചളി വെള്ളത്തിലേക്ക് നീണ്ടു.
നിലയുടെ ഫോണും കുറച്ച് കവറും കണ്ട് അവൻ അങ്ങോട്ട് ഓടി കവർ തുറന്നു നോക്കിയപ്പോൾ പാറുവിന്റെയും ദേവൂട്ടിയുടെയും ഡ്രസ്സ് കണ്ട് അവന്റെ കണ്ണുകൾ കുറുകി
” ടാ നന്ദു. നീ എന്താ മിണ്ടാത്തത്. ഞാൻ വരാം അങ്ങോട്ട് ”
” ഏട്ടാ… ഏട്ടാ. ഇങ്ങോട്ട് വരണ്ട. എനിക്കെന്തോ പന്തികേട് തോന്നുന്നു. ആരോ പ്ലാൻ ചെയ്തു ചെയ്ത പോലെ. ഏട്ടത്തിയുടെ ഫോണും കവറും ഇവിടെയുണ്ട്. ”
വെപ്രാളപെട്ട ഇറങ്ങാൻ നിന്ന ശരത് ഒറ്റ നിമിഷം സ്റ്റേക്കായി.
നന്ദുവിന്റെ മനസ്സിൽ ജിതിന്റെ മുഖം തെളിഞ്ഞു വന്നു. തല ചുറ്റുന്ന പോലെ തോന്നി അവന്. ഇന്ന് നിലയെ നോക്കിയ അവന്റെ കണ്ണുകൾ. വലിഞ്ഞു മുറുകിയ നന്ദുവിന്റെ മുഖത്ത് പച്ച ഞെരമ്പുകൾ തെളിഞ്ഞു നിന്നു. കയ്യിലെ ഫോൺ ഞെരിച്ചവൻ എഴുനേറ്റു.
” ഏട്ടാ. ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്കണം.
ഏട്ടാ. പറയുന്നത് കേൾക്കുന്നുണ്ടോ. “..
മറു വശത്ത് നിന്ന് പ്രതികരണം ഇല്ലാത്തത് കണ്ട് നന്ദു വീണ്ടും വിളിച്ചു. പെട്ടെന്ന് ബോധം വന്ന പോലെ ശരത് വിളി കേട്ടു.
” ജിതിൻ അവൻ..
അവൻ തന്നെയാണ് എല്ലാത്തിനും കാരണം. ഇന്ന് ഞാൻ കണ്ടിരുന്നു വല നെയ്തു ഇരയെ കാത്തിരുന്ന ചിലന്തിയെ പോലെ അവന്റെ കണ്ണുകളിൽ ഒരു നിർവൃതി ഉണ്ടായിരുന്നു. ഇര വീണു കിട്ടിയ സുഖം.
എനിക്ക് ഉറപ്പാണ് അവൻ തന്നെയാണ്. ഞാൻ ഇപ്പോൾ വരാം ഏട്ടൻ ആ വീട്ടിലേക്ക് ചെല്ല്. അവൻ അവിടെ ഉണ്ടോ എന്ന് നോക്ക് . ”
പിറകെ വന്ന് കാര്യം തിരക്കിയ അച്ഛനെ ശ്രദ്ധിക്കത്തെ ശരത് മുഷ്ട്ടി ചുരുട്ടി മുറ്റത്തേക്കിറങ്ങി.
കവറും ഫോണും എടുത്തു വണ്ടി സ്റ്റാർട്ട് ചെയ്തു പോവാൻ നേരം അവന്റെ കണ്ണുകൾ റൈൻകോട്ട് ഇട്ട് സ്പീഡിൽ പോവുന്ന ജിതിന്റെ വണ്ടിയിൽ ശ്രദ്ധ പിടിച്ചു. മറ്റൊന്നും നോക്കാതെ നന്ദു ജിതിന്റെ പിറകെ വിട്ടു.
നെറ്റിയിൽ നിന്ന് താഴ്ന്നിറങ്ങുന്ന വെള്ളം കൺ പീലികൾക്കിടയിലൂടെ ഉൾ ഭാഗത്തേക്ക് പടർന്നപ്പോൾ അവന് കാഴ്ച അവക്തമായി ഷർട്ടിന്റെ കയ്യിൽ മുഖം തുടച്ചു അതൊന്നും കാര്യമാക്കിയില്ല. ശ്രദ്ധ മുഴുവൻ ജിതിനിൽ ആയിരുന്നു.
അരയിൽ നിന്ന് ഫോൺ വീണ്ടും വൈബ്രേറ്റ് ചെയതപ്പോൾ അസ്വസ്ഥകേടോടെ ഇടത്തെ കൈ കൊണ്ട് ഫോൺ എടുത്തു കഴുത്തിൽ ബാലൻസ് ചെയ്ത് വച്ചു.
” നീ ഇത് എവിടെ പോയി കിടക്കുകയായിരുന്നു മൈ ##%@#… വീട്ടിലേക്ക് വിളിച്ചു നോക്ക് ഞാൻ ഇപ്പോൾ വിളിക്കാം ”
കിച്ചുവിനെ തിരിച്ചൊന്നും പറയാൻ അനുവദിക്കാതെ ദേഷ്യത്തിൽ ഫോൺ കട്ട് ചെയ്തു പോക്കറ്റിൽ വയ്ക്കാൻ നേരം സൈഡിലൂടെ പോയ ബസ് തെറിപ്പിച്ച വെള്ളം അവന്റെ മുഖത്തേക്ക് ചീറ്റി കാഴ്ച വ്യക്തമല്ലാതാക്കിയതിനാൽ മുഖം വെട്ടിച്ചതും ഓപ്പോസിറ്റ് വന്ന ലോറി അവനെ തട്ടി തെറിപ്പിച്ചതും ഒപ്പമായിരുന്നു.
കണ്ണിൽ ഇരുട്ട് കയറിയത് അവനറിഞ്ഞു.
തട്ടി വീഴ്ത്തിയ ലോറിക്കിടയിലൂടെ ബൈക്ക് ഞെരിഞ്ഞമരുന്നത് പുരികത്തിൽ നിന്ന് ഉറ്റു വീണു മിഴികൾക്ക് മുകളിൽ സ്ഥാനം പിടിച്ച ചോര തുള്ളികളിലൂടെ കണ്ടു.
തലയ്ക്ക് ഭാരം തോന്നി തുടങ്ങി പിൻ ഭാഗത്ത് നിന്ന് ഒഴുകുന്ന രക്തം മഴ തുള്ളിയിലൂടെ റോഡിൽ പടർത്തി. ആളുകൾ ആരും തന്നെ ഉണ്ടായിരുന്നില്ല. ഒന്ന് രക്ഷിക്കാൻ. ഒച്ചത്തിൽ കരയാൻ പോലും മറന്നു പോയി. ചുറ്റും കണ്ണുകൾ പ്രതീക്ഷയോടെ നോക്കുന്നതോടൊപ്പം അത് പതിയെ അടച്ചു വന്നു. ആ നിമിഷവും മനസ്സിൽ തെളിഞ്ഞു വന്നത് തന്റെ മടിയിൽ തല ചാഞ്ഞു ഉറങ്ങുന്ന പാറുവിന്റെയും. ചിരിച്ചു നിൽക്കുന്ന നിലയുടെയും മുഖമായിരുന്നു. ആ വേദനയിൽ അവന്റെ ചുണ്ടുകൾ പുഞ്ചിരിച്ചു ഓർമകൾ ഇല്ലാതായി മുഖങ്ങൾ ഓരോന്നും മാഞ്ഞു വന്നു. പൂർണമായും മിഴികൾ പൂട്ടി.
മുന്നിൽ പോയ ജിതിൻ പിറകിൽ ഒച്ച കേട്ട് തിരിഞ്ഞു നോക്കി പിന്നെ അത് ശ്രദ്ധിക്കതെ തിരിഞ്ഞു.
🌻🌻🌻🌻🌻🌻🌻
കിച്ചു വീട്ടിലേക്ക് ഓടി കയറുമ്പോൾ അവന്റെ നെഞ്ച് വല്ലാതെ മിടിക്കുന്നുണ്ടായിരുന്നു. നന്ദുവിനെ ഒന്ന് വിളിക്കാനും കാണാനും തോന്നി.
ഫോൺ എടുത്തു വിളിക്കാൻ നിൽക്കുമ്പോളാണ് ജിതിന്റെ വീട്ടിൽ നിന്ന് ശരത്തിന്റെ ശബ്ദം കേട്ടത്. ഫോൺ അവിടെ വച്ചു എത്രയും വേഗം കാലുകൾ അങ്ങോട്ട് ചലിച്ചു.
നിവിന്റെ അച്ഛനോട് കയർത്തു സംസാരിക്കുകയാണ് ശരത്. ഏട്ടന്റെ ഈ ഒരു മുഖം അവന് പുതുമ ഉള്ളതാണ്. അച്ഛൻ ശരത്തിനേ പിടിച്ചു മാറ്റാൻ ശ്രമിക്കുന്നുണ്ട്.
” എന്റെ പൊന്ന് മോനേ അവൻ ഇത്രയും നേരം ഇവിടെ ഉണ്ടായിരുന്നു. കുറച്ച് നേരം മുന്നേയാണ് ഇപ്പോൾ വരാം എന്ന് പറഞ്ഞു പുറത്തേക്ക് ഇറങ്ങിയത്. ഞങ്ങൾക്കൊന്നും അറിയില്ല. അല്ലേൽ ഇപ്പോൾ അവന്റെ ഭാഗത്ത് നിന്നു അങ്ങനൊരു നീക്കം ഉണ്ടാവുമെന്ന് തോന്നുന്നില്ല. ”
” സ്വന്തം ഏട്ടനെ ഇല്ലാതാക്കാൻ ശ്രമിച്ച അവനാണോ നിലയെയും പാറുവിനെയും കൊണ്ട് പോവാൻ ബുദ്ധിമുട്ട്. എല്ലാം അറിഞ്ഞിട്ടും ഒരു ഉളുപ്പുമില്ലാതെ അവന് വേണ്ടി വാദിക്കുന്നോ ”
ശരത് നിവിന്റെ അച്ഛന്റെ കോളറിൽ പിടിച്ചു ചുമരിനോട് ചേർത്ത് നിർത്തി. കിച്ചു പിടിച്ചു മാറ്റാൻ നോക്കുമ്പോൾ അതിനെക്കാൾ ശക്തിയിൽ ശരത്തിന്റെ പിടി മുറുകി.
” പറയെടോ അവൻ എവിടെ ”
ശരത്തിന്റെ കണ്ണുകൾ ചുവന്നിരുന്നു.
അവന്റെ കരുത്തിന് മുമ്പിൽ നിവിന്റെ അച്ഛൻ തളർന്നു പോയിരുന്നു. ഒന്ന് എഴുനേൽക്കാൻ കഴിയാതെ റൂമിൽ നിന്ന് ശ്യാമ കരയുന്നത് സഹിക്കാൻ കഴിയാതെ ഒരു കാഴ്ച്ചക്കാരിയായി എല്ലാം കണ്ട ശ്രേയ ഓടി ശരത്തിന്റെ കൈ പിടിച്ചുമാറ്റി .
” നിങ്ങളൊരു അധ്യാപകനല്ലേ.. മറ്റൊരാളുടെ വീട്ടിൽ കയറി വന്ന് ഇത്രയും പ്രശ്നം ഉണ്ടാക്കിയതും പോരാ പ്രായത്തിന് മുതിർന്ന ഒരു മനുഷ്യനോട് ഇങ്ങനെയാണോ ചെയ്യുന്നത്. അച്ഛൻ പറഞ്ഞല്ലോ ജിതിൻ ഇവിടെ ഇല്ല. ഇവിടെ ഉള്ള ആർക്കും തന്നെ അയാൾ എവിടെയാണ് പോയത് എന്ന് അറിയില്ല.
ഒരു കാര്യം ഞാൻ പറയാം ജിതിൻ നിങ്ങളുടെ ഭാര്യയെ കൊണ്ട് പോവില്ല. അതിന്റെ ആവശ്യം അവനില്ല. ഒരു പക്ഷെ പാറു.
അവളെ അവൻ കൊണ്ട് പോയാലും നിങ്ങൾക്ക് എതിർക്കാൻ കഴിയില്ല. സ്വന്തം ഏട്ടന്റെ മകളെ കൊണ്ട് പോവുമ്പോൾ അന്യരേക്കാളും അവകാശം ഉണ്ടാവും. അതിനി ഏത് കോടതിയിൽ പോയാലും കുട്ടി അച്ഛന്റെ വീട്ടിൽ വളരണം എന്ന് മാത്രമേ പറയൂ.
അത് കൊണ്ട് ഇവിടെ കിടന്നു വീണ്ടും പ്രശ്നമുണ്ടാക്കാനാണ് ഭാവമെങ്കിൽ ഞാൻ പോലീസിനേ വിളിക്കും.. ”
ശ്രേയ പറഞ്ഞു തീരുന്നതിനു മുന്നേ കിച്ചുവിന്റെ കൈ ഉയർന്നു താഴ്ന്നിരുന്നു. എല്ലാവരും ഞെട്ടി അവനെ നോക്കി. ശ്രേയ കവിളിൽ കൈ ചേർത്ത് കത്തുന്ന നോട്ടത്തോടെ കിച്ചുവിന്റെ നേരെ തിരിഞ്ഞു.
” ഒരു അധ്യാപകൻ ആയത് കൊണ്ട് തന്നെയാടി ഈ മനുഷ്യൻ ജിതിനെ കൊല്ലാതെ വിട്ടത്.
സ്വന്തം ഭാര്യയുടെ നേരെ ജിതിന്റെ കഴുകൻ കണ്ണുകൾ ഉണ്ടെന്ന് അറിഞ്ഞിട്ട് പോലും അവനെ വെറുതെ വിട്ടത് ഈ വീട്ടിലെ രണ്ട് ജീവനുകളെ ഓർത്തു മാത്രമാണ്. അന്യന്റെ നേരെ ഈ മനുഷ്യൻ പാറുവിന്റെ കൈ ചേർത്ത് വച്ചിട്ടുണ്ടെൽ സ്വന്തം ചോരയേക്കാൾ വിശ്വാസം അന്യന് ഉള്ളത് കൊണ്ടാണ്.
എത്ര പേർക്ക് ലഭിക്കും ശ്രേയ നിലയെ പോലുള്ള അമ്മയെയും ശരത്തിനെ പോലുള്ള അച്ഛനെയും.
നിവിനേട്ടൻ ഇല്ലാതായത് മുതൽ ഈ നിമിഷം വരെ എന്റെ ഏട്ടത്തി പാറുവിനെ കൊണ്ട് നടക്കുന്നത് കണ്ടിട്ടുണ്ടോ. ദേവൂട്ടിയെ പോലും മറന്നിട്ടുണ്ട്. സ്വന്തം ചോരയല്ലാത്ത കുഞ്ഞിനെ നിനക്ക് സ്നേഹിക്കാൻ കഴിയോ. കഴിയും എന്ന് പറഞ്ഞാൽ തന്നെ എത്ര നാൾ.
നീ ഇങ്ങനെ മാത്രമേ ചിന്തിക്കൂ. അതെനിക്കറിയാം ആ ഏട്ടന്റെ അനിയത്തിയല്ലേ.”
ശ്രേയ പതറുന്നത് കിച്ചു കണ്ടു.
” എനിക്ക് എല്ലാം അറിയാം ശ്രേയ. എല്ലാം….
ജിതിനെ എന്റെ കയ്യിൽ കിട്ടിയാൽ വച്ചേക്കില്ല. തീർക്കും. വാ ഏട്ടാ ഇവിടെ നിന്നിട്ട് കാര്യമില്ല ”
കിച്ചു ശരത്തിന്റെ കൈ പിടിച്ചു നിവിന്റെ അച്ഛനോടായി പറഞ്ഞു തിരിഞ്ഞു നടന്നു. അപ്പോളും അവൻ തന്നോട് തന്നെ ചോദിച്ചു
ഇനി എന്ത് ?
എവിടെ പോയി തിരക്കും?
ആരോട് അന്വേഷിക്കും ?
ദേവൂട്ടിയുടെ കരച്ചിൽ ഉയർന്നപ്പോൾ ശരത് വീട്ടിലേക്ക് ഓടി.
കിച്ചു മുടി പിടിച്ചു വലിച്ചു സ്റ്റെപ്പിൽ ഇരുന്നു
🦋തിരികെ വരും 🦋

by