23/04/2026

നില : ഭാഗം 33

രചന – അഹാനിക അനു

ഹോസ്പിറ്റലിലെത്തി നന്ദു തന്നെയാണ് പാറുവിനെയെടുത്ത് ഡോക്ടറുടെ റൂമിലേക്ക് കടന്നത്……. പ്രത്യേകിച്ചു കുഴപ്പമൊന്നുമില്ല നിലത്ത് കുത്തിയപ്പോൾ ഉള്ള ചെറിയ വേദനയും പിന്നെ പേടിച്ചു പോയതുമാണ്………..ഇന്നലെ ചേഞ്ച് ചെയ്യനായി വരാത്തതിന് ഡോക്ടറുടെ കയ്യിൽ നിന്ന് വഴക്ക് കേൾക്കുകയാണ് നന്ദു…. ഒന്നും മിണ്ടാതെ തലയും താഴ്ത്തി നിൽക്കുന്ന നന്ദുവിനെ പാറു ഇടം കണ്ണിട്ട് നോക്കി…… ഡോക്ടർ അവളുടെ കൈ ഒന്ന് ഉഴിഞ്ഞു പ്ലാസ്റ്റർ ഇടുകയാണ്……

“” മറ്റി നന്ദു സേട്ടനെ വയക്കു പരഞ്ഞത്………… പപ്പ ഇന്നലെ വരാൻ പരഞ്ഞറ്റായിരുന്നു പാരുവാ വരില്ല എന്ന് പരഞ്ഞത്……. “”

ഇരുന്ന ചെയറിൽ നിന്ന് ചാടി ഇറങ്ങി അടുത്തുള്ള നഴ്സിനെ ഉന്തി കരഞ്ഞു കൊണ്ട് നന്ദുവിന്റെ കാൽ കൂട്ടി പിടിച്ചു കരയുന്ന പാറുവിനെ ഡേക്ടർ അത്ഭുതത്തോടെ നോക്കി ………..പുറത്ത് നിന്ന് പാറുവിന്റെ കരച്ചിൽ കേട്ട് ഉള്ളിലേക്ക് വന്ന കിച്ചു നന്ദുവിനെയൊന്ന് നോക്കി ഡോക്ടറോട് പാറുവിന്റെ എല്ലാ കാര്യങ്ങളും പറഞ്ഞു……….വേദനയോടെ അയാൾ പാറുവിനെ കുറച്ച് നേരം നോക്കി…. പിന്നെ ചെറുതായി ചിരിച്ചു കൊണ്ട് അടുത്തേക്ക് വരാൻ പറഞ്ഞു…. ഇല്ലെന്ന് തലനക്കി വീണ്ടും നന്ദുവിനെ കൂട്ടി പിടിച്ച പാറുവിന്റെ എടുത്തേക്ക് ചെന്ന് അവളെ എടുത്ത് ടേബിളിൽ ഇരുത്തി….

“” ഞാൻ തന്റെ നന്ദു ചേട്ടനെ വഴക്കൊന്നും പറയില്ല…..ഇത് ഡോക്ടർ പറയുമ്പോൾ മാറ്റി കെട്ടിയില്ലേൽ വലിയ മുറിവായി പാറുവിന് കൂടുതൽ വേദനയാവും……… “”

“” ശെരിക്കും……….. “”

കണ്ണുകൾ വിടർത്തി അവൾ ചോദിച്ചപ്പോൾ ഡോക്ടർ അതേയെന്ന് തലയനക്കി……..

“” പാറു നക്ഷത്രങ്ങളെ കണ്ടിട്ടുണ്ടോ….. “”

അവളുടെ മുഖത്തേക്ക് നോക്കാതെ പ്ലാസ്റ്റർ ഇടുന്നതിൽ ശ്രദ്ധിച്ചു കൊണ്ട് ഡോക്ടർ ചോദിച്ചു……

“”” പിന്നെ….. കുരെ…… “”

“” ഇഷ്ട്ടമാണോ പാറുവിന്…… “”

“” ഒത്തിരി ഈസ്‌റ്റ…. എൻറ്റ് രശ കാണാൻ……..””

“” അതെന്താ ഇത്ര ഇഷ്ട്ടം… “”

“” പപ്പയ്ക്ക് ഒത്തിരി ഈസ്‌റ്റ….. അപ്പൊ പാരുവിനും ഈസ്‌റ്റ….. പപ്പ ഗേൾ അല്ലേ നാൻ….””

“”പപ്പയെ അത്രയും ഇഷ്ട്ടമായിരുന്നോ…..””

“” കുരെ…. കുരെ… കുരെ ഈസ്‌റ്റ……പാരുവിന് രാത്രി പുരറ്റേക്ക് നോക്കാൻ പേറ്റിയ അപ്പൊ ജനാല തുരന്നിറ്റ് പപ്പയാ പരഞ്ഞ് തന്നത് ആകാശത്തുള്ള നശത്രം ഇവിറ്റേ ഉല്ലവരായിരുന്നു എന്ന്………..പേറ്റിക്കേണ്ട ……. നശത്രത്തെ ഈസ്‌റ്റപ്പേറ്റാൽ അറ്റിന് ഭംഗി കൂറ്റോലേ….. ഡോക്റ്റർക്ക് ഈസ്‌ട്ടാണോ……””

പപ്പയെ കുറിച്ച് പറയുമ്പോൾ അവളുടെ കണ്ണുകൾ വിടരുന്നതും…. കവിളുകൾ വിറയ്ക്കുന്നതും ചുണ്ടിൽ അവൾ പോലും അറിയാതെ കുഞ്ഞി ചിരി വരുന്നതും നന്ദു അത്ഭുതത്തോടെ നോക്കി…..

“” ഡോക്ടർ ഒന്ന് വേഗമാക്കിയാൽ നന്നായിരുന്നു….. ഞങ്ങൾക്ക് ഇറങ്ങണം……. “”

അവരുടെ സംസാരം ഇഷ്ട്ടപെടാത്ത പോലെ നന്ദു ഇടയിൽ കയറി പറഞ്ഞപ്പോൾ ഡോക്ടർ നന്ദുവിനെ നോക്കി…..ദേഷ്യമാണ് മുഖത്ത് നിറഞ്ഞു നിൽക്കുന്നത്………… ഒന്ന് ചിരിച്ചു പ്ലാസ്റ്റർ ഇട്ട് പാറുവിന്റെ കവിളിൽ ഒന്ന് തട്ടി കൊണ്ട് അവളെ താഴെ ഇറക്കി……….പാറുവിനെ താഴേക്ക് ഇറക്കേണ്ട താമസം ഡോക്ടറോട് എന്തോ പറയാൻ വന്ന പാറുവിന്റെ കൈ പിടിച്ചു നന്ദു തിരിഞ്ഞു നടന്നു…. ഒന്നും മിണ്ടാതെ അനുസരണയോടെ പാറു കൂടെ ചെന്നു…..
ഡോർ തുറക്കാൻ നേരം ഒന്ന് തിരിഞ്ഞു ഡോക്ടറേ നോക്കി പെണ്ണ് പല്ലില്ലാതെ ചിരിച്ചു….. അവളുടെ ചിരിയിൽ മനസ് നിറഞ്ഞു പൊക്കോളാൻ ഡോക്ടർ തലയനക്കി……….

“” അവൾ തനിച്ചാവില്ലെടോ….. അല്ലേൽ തനിച്ചാക്കില്ല……… ഭാഗ്യം ചെയ്ത കുട്ടിയ………. ഒന്ന് വിട്ടക്കന്നാൽ മറ്റൊന്ന് വിടാതെ ചേർത്ത് പിടിക്കും ………

നന്ദു പോയ വഴിയേ നോക്കി ചെയറിൽ വന്നിരുന്നു കിച്ചുവിനെ നോക്കി ചിരിച്ചു കൊണ്ട് ഡോക്ടർ പറഞ്ഞപ്പോൾ കിച്ചുവും ഒന്ന് ചിരിച്ചും……. ഇനി വരേണ്ട ദിവസം ചോദിച്ചു കൊണ്ട് അവൻ തിരിഞ്ഞു നടന്നു…….

🌻🌻🌻🌻🌻🌻🌻

വീട്ടിലെത്തിലേത്തിയപ്പോൾ മുന്നിൽ തന്നെ നില ഉണ്ടായിരുന്നു……… നിലയെ കണ്ടപ്പോൾ തന്നെ പാറു ഡോർ തുറന്നു പുറത്തേക്ക് ചാടി……

“” നിലാന്റി…. എവിറ്റേനി…… പാരുവിനെ ഒറ്റയ്ക്കാക്കി പോയതാണോ….. നാൻ പരഞ്ഞറ്റല്ലേ പപ്പയും അമ്മയും വരുന്ന വരെ ഒറ്റയ്ക്ക് ആക്കല്ലേ എന്ന്……പാരുവിന് പേറ്റി ആണെന്ന്……””

മുട്ട് കുത്തി ഇരുന്ന നിലയെ കെട്ടി പിടിച്ചു കരഞ്ഞു പറയുന്ന പാറുവിന്റെ കവിളിൽ നില ഉമ്മ വച്ചു………

“” നിലാന്റി ഇനി പോവോ…….പാരു വീണു……. പാരുവിന് വേറ്റനയായി…….. അമ്മ വന്നിൻറ്റേൽ പാരുവിനെ എറ്റുക്കേനി …ഉമ്മ വയ്ക്കേനി…. പാരുവിന് തടി ഉൻറ്റോ നിലാന്റി………. വിക്രമൻ വിലിക്കുന്നത് സതിയമാണോ….. തറ്റിച്ചി പാരു അണോ…. ഇന്ന് പാപ്പൻ പാരുവിനെ എറ്റുക്കൻ കയിഞ്ഞില്ല…..പാപ്പന് പാരുവിനെ എറ്റുക്കൻ കഴിയില്ലേ……പപ്പ എറ്റുക്കലുൻറ്റല്ലോ…… സരത്തങ്കിൽ എറ്റുകാലുണ്ടല്ലോ……..എന്റെ കൈ പിറ്റിച്ചു വലിച്ചു………….തറ്റിച്ചി എന്ന് വിലിച്ചു……..നാൻ കേറ്റു….. വേറ്റന അയി നിലാന്റി…… പപ്പയെ കാനണം ….. “”

നുള്ളി പെറുക്കി ഓരോന്ന് പറയുന്നത് പാറുവിനെ കേട്ട് നിൽക്കാൻ നിലയ്ക്കയില്ല…….. നിലയുടെ ബാക്കിൽ നിൽക്കുന്ന ജിതിനെ ഒന്ന് കാനപ്പിച്ചു നോക്കി അവൾ പാറുവിന്റെ മുഖം നിറച്ചും ഉമ്മ വച്ചു…. പിന്നെ എഴുനേറ്റു ഉള്ളിലേക്ക് കടക്കാൻ നിന്നു….. പെട്ടെന്ന് അവൾ പാറു പിടിച്ചു വച്ചു……..

“” ഇവിറ്റേ വേണ്ട നിലാന്റി…… നമുക്ക് അവിടെ പോവാം….അവിറ്റേ ദേവൂട്ടി ഒക്കെ ഉൻറ്റ്….. ഇവിറ്റേ പാരുവിന് ആരുമില്ല………. “”

വീട് ചൂണ്ടി കാട്ടി പാറു പറഞ്ഞപ്പോൾ നിലയുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു….. ദേവൂട്ടിയെയും എടുത്ത് പുറത്തേക്ക് വന്ന ശ്രുതിക്ക് പോലും അത് കണ്ട് നിൽക്കാൻ ആയില്ല…….. നന്ദു കണ്ണുകൾ തുടച്ചു ജിതിനെ ദേഷ്യത്തിൽ നോക്കി തിരിഞ്ഞു നടന്നു പിറകിൽ തന്നെ കിച്ചുവും……നില അപേക്ഷയോടെ നിവിന്റെ അച്ഛനെ നോക്കി……

“” പറ്റില്ല മോളെ…….. സ്വന്തമാണ് ഇല്ലാതായത്…… ദിവസം പോലും അധികമായില്ല…. ആളുകളുടെ വായ അടയിപ്പിക്കാൻ നമുക്ക് കഴിയില്ല …….. നമ്മളായി അവസരം ഒരുക്കി കൊടുക്കാതിരിക്കുക…….. “”

മുഖത്തേക്ക് നോക്കാതെ പിറകിലേക്ക് നോക്കി അയാൾ പറഞ്ഞു ഉള്ളിൽ കയറി…..

“” ഇപ്പോൾ നമുക്ക് ഇവിടെ നിൽക്കാം…. കുറച്ച് കഴിഞ്ഞു അവിടേക്ക് പോവാം…. കുളിക്കണ്ടേ…. ചായ കുടിച്ചിട്ടില്ലല്ലോ…. കുളിച്ചിട്ട് ആന്റി വാരി തരാം ട്ടോ……..പാറുവിനെ കാണാൻ അതാ ശ്രുതിയും ദേവൂട്ടിയുമൊക്കെ വന്നിട്ടുണ്ടല്ലോ…..””

നില ചൂണ്ടിയ ഭാഗത്തേക്ക് നോക്കി പാറു അവിടേക്ക് ഓടി……..

“” ശുതി എപ്പോ വന്നു…… പാരുവിനെ കാനാൻ വന്നതാണോ……… പപ്പയും അമ്മയും പാരുവിനെ എറ്റുത്തേക്ക് വരോ ശുതി…… “”

ശ്രുതിയുടെ മുഖത്തേക്ക് നോക്കി ദേവൂട്ടിയുടെ കാലിൽ ഏന്തി വലിഞ്ഞു ഉമ്മ വച്ചു പാറു ചോദിക്കുന്നത് ശ്രുതിയെ തളർത്തുന്ന പോലെ തോന്നി……….ദയനീയമായി നിലയെ നോക്കിയപ്പോൾ അവൾ അടുത്തേക്ക് വന്നു……

“” ശ്രുതി ഇവിടെ തന്നെ ഉണ്ടാവും….. പാറു വാ ആന്റി കുളിപ്പിച്ച് തരാം…… വാ…. “”

നില വിളിച്ചപ്പോൾ പാറു അനുസരണയോടെ ശ്രുതിയെ ഒന്ന് നോക്കി ചിരിച്ചു അവളുടെ കൂടെ നടന്നു…………

“”””””””””””””””””””””””””””””””

പാറുവിനെ കുളിപ്പിച്ചു ശ്രുതിയെ ഏൽപ്പിച്ചു നില നിവിന്റെ റൂമിൽ കയറി പാറുവിന്റെ കാബോഡ് തുറന്നു അവളുടെ ഡ്രസ്സ്‌ തിരയുകയായിരുന്നു…. കാബോഡ് തുറക്കുമ്പോൾ മുന്നിൽ തന്നെ ഒരു ടെഡിബിയർ ഉണ്ട്…..അത് കയ്യിൽ എടുത്ത് ഉള്ളിൽ നിന്ന് ഡ്രെസ് എടുക്കാൻ നിൽക്കുമ്പോൾ താഴേക്ക് എന്തോ ഒന്ന് വീണു……. നിലത്തേക്ക് വീണത് അവൾ സൂക്ഷിച്ചു നോക്കി…. ദേഹം വിയർക്കുന്ന പോലെ…… വിറയാലേ തന്നെ അത് കയ്യിൽ എടുത്തു കുറച്ച് നേരം നോക്കി നിന്നു….. കണ്ണുകൾ നിറഞ്ഞു വരുന്നു….. പെട്ടെന്ന് ബോധം വന്ന പോലെ പുറത്തേക്ക് ഓടി…… അടുക്കള ഭാഗത്ത്‌ അരിയുടെ ചാക്ക് പൊക്കി കൊണ്ട് വരുന്ന ശരത്തിന്റെ എടുത്തേക്ക് ഓടി………

“” ശരത്തെട്ട അവരുടെ ബോഡി പോസ്റ്റ്മോർട്ടം ചെയ്തിരുന്നോ….. “”

കിതപ്പ് നിർത്താതെ കണ്ണുകൾ നിറഞ്ഞു കൊണ്ട് നില ചോദിക്കുന്നത് കേട്ട് ശരത്ത് സൂക്ഷിച്ചു നോക്കി…..

“” നീ എന്താ ഇപ്പോൾ ഇങ്ങനെ ചോദിക്കുന്നത്…. “”

“” ഞാൻ ചോദിച്ചതിന് പറ……. “”

“” ഉവ്വ…. ചെയ്തിട്ടുണ്ട്…….””

“” റിപ്പോർട്ട്‌ കിട്ടിയിട്ടുണ്ടോ…… “”

“” എനിക്ക് അറിയില്ല…….. ആരും അതിനെ കുറിച്ച് പറഞ്ഞിട്ടില്ല……… നിനക്ക് എന്തിനാ ഇപ്പോൾ അത്…. “”

ശരത് പറയുന്നത് കേൾക്കാതെ നില അകത്തേക്ക് ഓടി ശ്യാമേച്ചിയുടെ റൂമിന്റെ മുന്നിൽ നിന്നു……. റൂമിൽ ചുരുണ്ടു കൂടിയാണ് ശ്യാമേച്ചി കിടക്കുന്നത്……….അടുത്തേക്ക് ചെന്ന് ആ തലയിലൊന്ന് തോട്ടപ്പോൾ അവർ ഞെട്ടി കൊണ്ട് തിരിഞ്ഞു നോക്കി…….

“” ഞാൻ എന്റെ മോനാണെന്ന് കരുതി മോളെ….. ഇങ്ങനെ വന്ന് ചെയ്യാറുണ്ടായിരുന്നു….. “”

നിലയുടെ മടിയിൽ തല വച്ചവർ കരഞ്ഞു…..

“” ചേച്ചി ഞാ….. ഞാൻ ഒരു കാര്യം ചോദിക്കട്ടെ… “”

വിറയ്ക്കുന്നുണ്ട്…….അവൾക്ക് ഭയത്തോടെയാണ് ചോദിച്ചത്….. ഒന്നും മിണ്ടാതെ നിൽക്കുന്ന ശ്യാമേച്ചിയുടെ തലയിൽ അവൾ തലോടി……

“” ഞാൻ ചോദിക്കട്ടെ ചേച്ചി………. എന്നോട്…. എന്നോട് ദേഷ്യം തോന്നോ……. “”

അതിനും ഒന്നും പറഞ്ഞില്ല ശ്യാമ ഒന്ന് മൂളക മാത്രം ചെയ്തു……….

“” പാറുവിന്…..പാറുവിന് നഷ്ട്ടമായത് രണ്ട് പേരെ മാത്രമാണോ…… “”

സാരിയുടെ മുന്താണി ചുരുട്ടി പിടിച്ചു ചോദിച്ചവൾ കണ്ണുകൾ ഇറുക്കെയടച്ചു…….. മടിയിൽ നിന്ന് ശ്യാമേച്ചി എഴുന്നേറ്റത് അറിഞ്ഞിരുന്നു….. കണ്ണുകൾ തുറക്കാൻ തോന്നിയില്ല……. മുഖത്ത് തഴുകുന്ന ചേച്ചിയുടെ കൈകളുടെ ചലനം അറിഞ്ഞപ്പോൾ കണ്ണു തുറന്നു….. ശ്യാമ കണ്ണുകൾ നിറഞ്ഞു നിൽക്കുകയാണ്…….

“” രണ്ടല്ല ….. മൂന്നു ജീവിൻ തന്നെയാണ് നഷ്ട്ടമായത് മോളെ…….. പാറുവിന് കൊടുക്കാൻ വച്ച പിറന്നാളിന്റെ ഏറ്റവും വലിയ സമ്മാനം…. എത്ര സന്തോഷത്തിലായിരുന്നു എന്റെ മക്കൾ എന്ന് അറിയോ……… അതേ സന്തോഷത്തോടെ തന്നെയാണ് അന്ന് അവിടേക്ക് വന്നത്……… പുറത്ത് കൊണ്ട് പോയി അവളെ ചേർത്ത് പിടിച്ചു രണ്ട് പേർക്കും പറയാൻ…. ഒരു അനിയത്തിയെയോ അല്ലേങ്കിൽ അനിയനെയോ അവൾക്ക് വരുന്നുണ്ടെന്ന് പറയാൻ……… എന്റെ…. എന്റെ കുട്ടി അന്ന് പോവാഞ്ഞതും നന്നായി മോളെ……അവളും……. അവളും കൂടി പോയിരുന്നേൽ ഞാൻ ജീവനോടെ ഉണ്ടാവില്ലായിരുന്നു മോളെ………””

കരഞ്ഞു കൊണ്ട് ശ്യാമേച്ചി നിലയുടെ നെഞ്ചിൽ വീണു പൊട്ടി കരഞ്ഞു…. കയ്യിലെ പ്രെഗ്നൻസി കിറ്റിലേക്ക് നോക്കി നിലയ്ക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല……. പുറത്ത് നിന്ന് അവർ പറയുന്നത് കേട്ട ശരത് പുറത്തേക്ക് ഇറങ്ങി…… നിവിന്റെ വാക്കുകൾ വീണ്ടും ചെവിയിൽ മുഴങ്ങി…….

“” അവളിന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നെടോ മോളെ……..””

കലങ്ങിയ കണ്ണുകളുമായി ഇറങ്ങിയ നിവിനെ ഓർക്കേണ്ട നെഞ്ചിൽ കല്ലെടുത്തു വച്ച പോലെ…… കണ്ണുകൾ കലങ്ങി ഓർക്കാൻ കൂടി കഴിയാതെ എഴുനേറ്റു പുറത്തേക്ക് ഇറങ്ങി…….

🌻🌻🌻🌻🌻🌻🌻🌻🌻

കാറിൽ ഇരുന്നു ഒന്നും മിണ്ടാതെ പുറത്തേക്ക് നോക്കി നിൽക്കുന്ന നിരഞ്ജനേ സുധീഷ് സൂക്ഷിച്ചു നോക്കി….

“” കുറച്ച് നേരമായല്ലോ ഇവിടെ ഇങ്ങനെ ഇരിക്കുന്നു….. ഈ കടൽ കാണാനാണോ രാവിലെ തന്നെ എന്നോട് വരാൻ പറഞ്ഞത്…… “”

“” രാജേഷ് എന്തിനാവും ഇത്രയും കാലം വരാതെ ഇപ്പോൾ വന്നിട്ടുണ്ടാവുക……””

സ്റ്റിയറിങ്ങിൽ താളം പിടിച്ചു പുറത്തേക്ക് നോക്കി തന്നെയാണ് ചോദിച്ചത്…….

“” എനിക്ക് അറിയില്ല….. എന്തൊക്കയോ മനസിൽ കണ്ടിട്ടുണ്ടാവും……..””

“” ഒതുക്കണ്ടേ……. “”

തിരിഞ്ഞു സുധീഷിന്റെ മുഖത്തേക്ക് നോക്കി പുരികം പൊക്കി ചിരിച്ചു കൊണ്ട് ചോദിച്ചു….

“” വേണം….. വല്ലതും മനസ്സിൽ കണ്ടിട്ടുണ്ടോ…..””

“” ഉണ്ട്…… അതിന് മുന്നേ ഇവിടെ എന്തിന് വന്നു….. ഇവിടെ ഉള്ളപ്പോൾ ഇല്ലാത്ത പുതിയ ബന്ധങ്ങൾ എതൊക്കെയാണെന്ന് അറിയണം……. ഒരു മകൾ ഉണ്ട്……… അറിയണം….. എല്ലാം…………””

“” ഞാൻ ഏറ്റു…. “”

നിരഞ്ജനേ നോക്കി ഒന്ന് ചിരിച്ചു കൊണ്ട് സുധീഷ് പറഞ്ഞപ്പോൾ അയാളിൽ ഒരു ചിരി വിരിഞ്ഞു…….

🦋തിരികെ വരും 🦋