11/05/2026

നില : ഭാഗം 41

രചന – അഹാനിക അനു

നില ജിതിനാണെന്ന് പേടിച്ചു ഉള്ളിലേക്ക് ഓടാൻ നിന്നപ്പോളാണ് ശ്യാമ അവളുടെ പേര് വിളിച്ചത്.

“” ചേച്ചി ആയിരുന്നോ ഞാൻ പേടിച്ചു പോയി.
ഇതെന്താ ഇരുട്ടത്ത് നിൽക്കുന്നത്. ജിതിനില്ലേ അവിടെ “”

സ്റ്റെപ്പിൽ നിന്നിറങ്ങി മതിലിന്റെ എടുത്തേക്ക് നടന്നു.

“”” അവനിപ്പോൾ കുഴപ്പമൊന്നുമില്ല. മര്യാദക്കാണ് സംസാരിക്കുന്നതെല്ലാം . ഉള്ളിൽ ഇങ്ങനെ ഇരിക്കേണ്ട ഇവിടെ ഇരുന്നിട്ടാണ് പല ഓർമകളും വരുന്നതെന്ന് പറഞ്ഞു പുറത്തേക്ക് ഇറങ്ങാൻ പറഞ്ഞത് അവൻ തന്നെയാണ് “”

“” പേടിയാവുന്നില്ലേ ശ്യാമേച്ചിക്ക്‌.
എന്ത് ധൈര്യത്തിൽ അവിടെ നിൽക്കും “”

ശ്യാമയുടെ കൈകൾ നില കൂട്ടി പിടിച്ചു

“” ഞാൻ പ്രസവിച്ചതല്ലേ അവനെ. ആ ധൈര്യത്തിൽ നിൽക്കും. ഇന്നലെയും ഇന്നുമായി ഒരു കുഴപ്പവും ഇല്ല.. മോളെ പാറു “”

“” അവൾ സുഖമായി ഇരിക്കുന്നു.. ശരത്തേട്ടൻ പഠിപ്പിച്ചു കൊടുക്കുന്നുണ്ട് “”

നില നിറചിരിയാലേ പറഞ്ഞു

“” തൃത്തയെയും നിവിനെയും തിരക്കാറുണ്ടോ.
കുഞ്ഞാണ് … കാണാൻ കൊതിയുണ്ടാവും “”

സാരി തല കൊണ്ട് കണ്ണുകൾ ഒപ്പി പറയുന്ന ശ്യാമയെ കാണെ നില വല്ലാതായി. അതിലുപരി അവർ പറഞ്ഞത് ഇഷ്ട്ടപെടാത്ത പോലെ മുഖം താഴ്ത്തി..

“” അവൾക്ക് എല്ലാം മനസിലായിട്ടുണ്ട് ചേച്ചി. പലതും അവൾ തന്നെ മറന്നു വരുന്നു… കുഞ്ഞാണ് വളരും തോറും കഴിഞ്ഞതെല്ലാം വെറും ഓർമയായി മാറും… അങ്ങനെ ആയിരിക്കണമെന്ന് ഞാൻ ഇപ്പോൾ ആഗ്രഹിക്കുന്നുണ്ട്….

“” ഞാൻ… ഞാൻ അവളെ ഇങ്ങോട്ട് കൊണ്ട് വന്നോട്ടെ മോളെ “”

“” ഇല്ല ചേച്ചി ഞാൻ സമ്മതിക്കില്ല “”

മുഖത്തടിച്ച പോലെ പറഞ്ഞു നില ശ്യാമയുടെ കൈകൾ വിട്ടു

“” ഞാൻ അവളെ കാണാൻ അത്രമേൽ ആഗ്രഹിക്കുന്നുണ്ട്.. ഇനി അവൾ മാത്രേ ഉള്ളു..
ഞാൻ നാളെ വന്ന് കൊണ്ട് വരട്ടെ “”

“” ഇതിന്റെ പേരിൽ ശ്യാമേച്ചി എന്നോട് തർക്കിക്കരുത്.. ഞാൻ വിട്ട് തരില്ല.. അതും ജിതിനുള്ള വീട്ടിൽ എന്ത് വിശ്വാസത്തിൽ അയക്കും… എന്റെ മകളായിട്ടാണ് കാണുന്നത് . അത് തിരുത്തരുത് ചേച്ചി. ദേവൂട്ടിയെക്കാൻ കൂടുതൽ ഞാൻ സ്നേഹിക്കുന്നുണ്ട് . ഇപ്പോളും അവൾക്ക് അച്ഛനും അമ്മയും നഷ്ട്ടമായിട്ടില്ല.. ശ്യാമേച്ചിയായിട്ട് ഇനി എല്ലാം ഇല്ലാതാക്കരുത് “”

അത്രയും ഉറച്ച ശബ്ദത്തിൽ ശ്യാമയുടെ പിറകിലേക്ക് നോക്കി പറഞ്ഞു ഒലിച്ചിറങ്ങിയ കണ്ണ് നീർ കൈ കൊണ്ട് അമർത്തി തുടച്ചു അവൾ വീട്ടിലേക്ക് നടന്നു.. ഇനിയും പാറുവിനെ നഷ്ടപ്പെടുമോ എന്ന ഭയം അവളിൽ നിറച്ചു .. കൂടാതെ അടുക്കളയിലേ ജനലിൽ നിന്ന് തുറിച്ചു നോക്കിയ ജിതിന്റെ കണ്ണുകൾ പാറുവിനെ ആഗ്രഹിക്കുന്ന പോലെ…

“””””””””””””””””””””

“” നിനക്ക് എന്തിനാണ് ജിതിൻ പാറുവിനെ.. ആ കുട്ടിയെ കൂടി ഇല്ലാതാക്കാനാണോ.. നീ വേണേൽ എന്നേ കൊന്നോ.. അവളെ വെറുതെ വിടു “”

അടുക്കളയിൽ കയറി ജിതിന്റെ ഷർട്ടിൽ കൂട്ടി പിടിച്ചു ശ്യാമ ഒച്ചത്തിൽ കരഞ്ഞു.. തിരിച്ചൊന്നും പറയാതെ അവൻ ആ നിമിഷവും ചിരിച്ചു തന്നെ നിന്നു….

“” ഇനിയും നീ എന്നേ മുന്നിൽ നിർത്തി പാറുവിനെ ഇങ്ങോട്ട് കൊണ്ട് വരില്ല.. നിന്റെ കൈ കൊണ്ട് മരിച്ചാലും വേണ്ടില്ല ഇനി ഞാൻ പോവില്ല… എല്ലാത്തിനും ഇറങ്ങി തിരിക്കുമ്പോൾ ഒന്നാലോജിച്ചോ ഇവിടെ നീ ഒരൊറ്റൊരുത്തനാണ്.. അവിടെ മൂന്ന് ആൺപിള്ളേർ ഉണ്ട്.. നീ ഇഷ്ട്ടപെട്ടില്ലേലും അവിടെ ഉള്ളവർ പാറുവിനെ അത്രമേൽ സ്നേഹിക്കുന്നുണ്ട്.. ജയിക്കില്ല നീ അവരുടെ ഒന്നും ഒരു കൈക്കില്ല….. ഒരിക്കലും നന്നാവില്ല… “”

ജിതിനെ പിടിച്ചു പിറകിലേക്ക് തള്ളി അവർ ഉള്ളിലേക്ക് കടന്നു

🌻🌻🌻🌻🌻🌻🌻

നിലയ്ക്ക് വല്ലാതെ പേടി തോന്നി.. പല ചിന്തകളും മനസ്സിൽ കയറി കൂടിയപ്പോൾ അവൾ തലയൊന്ന് കുടഞ്ഞു ചെമ്പിൽ നിന്ന് കുറച്ച് വെള്ളമെടുത്തു കുടിച്ചു റൂമിലേക്ക് പോയി..
നന്ദുവിന്റെയും പാറുവിന്റെയ് കിച്ചുവിന്റെയും ഒച്ച അവരുടെ റൂമിൽ നിന്ന് കേട്ട് അങ്ങോട്ട് ചെന്നു..
നന്ദുവിന്റെയും കിച്ചുവിന്റെയും നടുവിൽ പാറു കിടക്കുന്നുണ്ട്… അവളുടെ കഥ പറയുകയാണ് ..
അവരുടെ കാലിന്റെ ചുവട്ടിൽ ശരത്ത് കിടക്കുന്നുണ്ട് നെഞ്ചത്ത് ദേവൂട്ടി വായയിൽ വിരലിട്ട് കിടക്കുകയാണ്.. ഉള്ളിലേക്ക് കയറാതെ അവൾ കുറച്ച് നേരം അവർ പറയുന്നത് കേട്ട് നിന്നു

“” ടി പാറുസേ ഇന്ന് പഠിച്ച a,b, c, d ഒന്ന് ചൊല്ല് “”

“” ഹോ ഈ സരത്തങ്കിൽ എൻറ്റോരു വേരുപ്പിക്കലാണ്.. ഇത്രയും നേരം നാൻ സോള്ളി തന്നിലേ. ഇനി നാളെ “”

നന്ദുവിനെ ഒന്ന് ഉന്തി പാറു കമഴ്ന്നു കിടന്നു

“” ഇവൾ എന്തൊരു മടിച്ചിയാണ് ഏട്ടാ. എണീക്ക് പെണ്ണ് “”

നന്ദു ഇക്കിളി ആക്കിയപ്പോൾ ചിരിച്ചു കൊണ്ട് കിച്ചുവിന്റെ കയ്യിലേക്ക് തല വച്ചു

“” ഇക്കിളി ആക്കല്ല വിക്രമ നാൻ പരയാം.. “”

“” ആ എന്നാൽ പറയി “”

“” ഇനി നാലേ പരയാം ഇപ്പോൾ പാരു ഉരങ്ങി വീയും “”

“” എഴുനേൽക്കടി നീ ഇത് പറഞ്ഞിട്ട് ഉറങ്ങിയാൽ മതി””

നന്ദു അവളെ പിടിച്ചൊന്ന് കുലുക്കി

“” അവൾ പറയും നന്ദു . ഇപ്പോൾ ഒന്നും ചെയ്യണ്ടാ……നീ നിലയെ ഇപ്പോൾ എന്താണ് വിളിക്കാറുള്ളത് പാറു “”

പാറുവിന്റെ കാലിൽ ശരത്ത് ഇക്കിളിയാക്കി

“” അമ്മ “”

തല പൊക്കി പെട്ടെന്ന് പറഞ്ഞു

“” പിന്നെ എന്നേ മാത്രം എന്താ ശരത്തങ്കിൽ എന്ന് വിളിക്കുന്നത് “”

ശരത്ത് പിണക്കം നടിച്ചു തല തിരിച്ചപ്പോൾ പാറു വേഗം ചാടി എഴുനേറ്റു ശരത്തിന്റെ എടുത്ത് വന്ന് കിടന്നു പതുക്കെ ചെവിയിൽ ചോദിച്ചു

“” നാൻ എൻറ്റാ വിലിക്കേൻറ്റേ “”

“” പാറുവിന് എന്ത് വിളിക്കാനാണ് ഇഷ്ട്ടം “”

“” പപ്പേന്ന് വിലിക്കട്ടെ “”

വളരെ പതിഞ്ഞ ശബ്ദത്തോടെയാണ് ചോദിച്ചത്…കണ്ണുകൾ നിറഞ്ഞിരുന്നത് കണ്ട് ശരത്ത് ഒരു കൈ കൊണ്ട് കൂട്ടി പിടിച്ചു..

“” അയ്യേ പാറു എന്തിനാണ് കരയുന്നത് പപ്പ തന്നെയല്ലേ. ഇനി അങ്ങനെ വിളിച്ചാൽ മതി ട്ടോ “”

മറ്റൊന്നും പറയാതെ മൂളി കൊണ്ട് അവന്റെ കൈക്കുള്ളിൽ ചുരുണ്ടു കൂടി…

“”മതി കഥ പറഞ്ഞത്.. എഴുന്നേറ്റ പോയി ഉറങ്ങാം ”

രംഗം പന്തിയല്ലെന്ന് കണ്ട് നില ഇടപെട്ടു ദേവൂട്ടിയെ ശരത്തിന്റെ നെഞ്ചിൽ നിന്ന് എടുത്ത്
പാറുവിനെ ഒരു കൈ കൊണ്ട് പൊക്കി….

“”ഞാൻ എടുത്തോളാം അവളെ നീ നടക്ക് “”

“” വേൻറ്റ നാൻ നടന്നോളാം “”

ശരത്തിന്റെ കൈ പിടിച്ചു താഴേക്ക് ഇറങ്ങുന്ന ടൈം നന്ദുവിന്റെ കാലിനൊരു ചവുട്ടും കൊടുത്തു നിലയുടെ പിറകെ ഓടി. ബാക്കിൽ നിന്ന് നന്ദുവിന്റെ ഒച്ച കേട്ടെങ്കിലും ആര് കേൾക്കാൻ അവൾ റൂമിൽ എത്തിയിട്ടുണ്ടാവും

“””””””””””””””””””””””””

“” ശരത്തേട്ട എനിക്ക് എന്തോ പേടിയാവുന്നു.. എന്തോ നടക്കും എന്ന് മനസ് പറയുന്ന പോലെ.
പാറുവിനെ കൊണ്ട് പോവോ… നമുക്ക് എതിർക്കാൻ കഴിയില്ല.. ഇതും ശ്യാമേച്ചി നേരിട്ട് വന്നു ചോദിച്ചതാണ്. ആ ജിതിൻ ശ്യാമേച്ചിയെ കൊണ്ട് നിർബന്ധിച്ചു ചോദിപ്പിച്ചതാവും “””

പാറുവിനെ ചേർത്ത് പിടിച്ചു കിടക്കുന്ന ശരത്തിന്റെ എടുത്ത് ഇന്ന് ശ്യാമ പറഞ്ഞ കാര്യങ്ങൾ പറയുകയാണ് നില

“” നീ എന്തിന് പേടിക്കണം നില.. നീ പറഞ്ഞ പോലെ ജിതിൻ നിർബന്ധിച്ചു ചെയ്യിപ്പിക്കുന്നതാണേൽ ശ്യാമേച്ചി എന്തായാലും പാറു അവിടേക്ക് വരണമെന്ന് ആഗ്രഹിക്കില്ല.. അവൾ മറ്റെവിടെ നിൽക്കുന്നതിനേക്കാൾ സേഫ് ആണ് ഇവിടെ എന്നറിയാം. അത് കൊണ്ട് നീ പേടിക്കേണ്ട. ഇനി എന്തേലും ഉണ്ടാവുകയാണേൽ നമുക്ക് നോക്കടോ…””

“”എന്നാലും “”

“”ഒരേന്നാലും ഇല്ല നീ പലതും ചിന്തിച്ചു കൂട്ടുന്നത് കൊണ്ടാണ് “”

“” പാറു ശെരിക്കും നിവിനേട്ടനെ മിസ്സ്‌ ചെയ്യുന്നുണ്ട്.. പുറത്ത് കാണിക്കുന്നില്ലെന്ന് മാത്രം.
ഇടയ്ക്ക് ആലോജിച്ചിരിക്കുന്നത് കാണാം. അപ്പോളേക്കും നന്ദു പോയി വെറുപ്പിക്കും “”

“” ഇവളെ ഒന്ന് ഉഷാറാക്കാനാണ് രണ്ട് പേരും കോളേജിൽ പോലും പോവാതെ ഇവിടെ ഇരിക്കുന്നത്….. പിന്നെ നിവിന്റെ കാര്യം അവൾക്ക് അത്ര പെട്ടെന്ന് മറക്കാൻ കഴിയെടോ മരിച്ചിട്ട് അധിക ദിവസം പോലും ആയിട്ടില്ല. എന്തേലും പഠിച്ചിരുന്നാൽ കുറച്ചെങ്കിലും അവൾ ഓർക്കാതിരിക്കുമല്ലോ എന്ന് കരുതിയാണ് ബുക്ക്‌ എല്ലാം വാങ്ങി കൊണ്ട് വന്നത്… ഈ കാന്താരി ആണേൽ നിന്നേ കടത്തി വെട്ടുന്ന മട്ടാണ്. ഭയങ്കര മടിയാണ്… ഇപ്പോൾ ഇവളുടെ അച്ഛനും അമ്മയുമായി നമ്മളില്ലേ കുറച്ച് കൂടി കഴിയുമ്പോൾ അവൾ തന്നെ അത് ഉൾക്കൊള്ളും ഇപ്പോൾ നീ ഓരോന്ന് ആലോജിക്കാതെ ഉറങ്ങു “””

നിലയുടെ കവിളിൽ തട്ടി പാറുവിനെ കൂട്ടി പിടിച്ചു കണ്ണുകൾ അടച്ചു… നിലയ്ക്ക് ഉറക്കം വന്നിരുന്നില്ല. എന്തോ സംഭവിക്കുമെന്ന് മനസ് പറയുന്ന പോലെ

🌻🌻🌻🌻🌻🌻🌻

“” നീ എവിടെയായിരുന്നു സുധി ഒന്ന് കാണാനും കിട്ടുന്നില്ല. വിളിച്ചിട്ടാണേൽ ഫോൺ സ്വിച്ച്ഓഫ് “”

ഇന്ദ്രനും നിരഞ്ജനും രാവിലെ കോഫി ഷോപ്പിൽ ഇരിക്കുമ്പോൾ അവിടേക്ക് വന്ന സുധിയെ കണ്ട് നിരഞ്ജൻ ചോദിച്ചു

“” ഏയ് ഒന്നുമില്ല ഏട്ടാ കുറച്ച് തിരക്കായി പോയി “”

“” നിനക്ക് എന്ത് പറ്റി. സുഖമില്ലേ മുഖമെല്ലാം വല്ലാതെ ഇരിക്കുന്നു. ഉറങ്ങാറും ഇല്ലേ “”

ഇന്ദ്രൻ സുധിയുടെ കൈ പിടിച്ചു

“” ഒന്നുമില്ല…തോന്നുന്നതാവും. നിങ്ങൾ കാര്യം പറ എന്തായി അന്വേഷിച്ചോ… ”

“” ഉവ്വ. ആ കുട്ടിയെ കുറിച്ച് അറിഞ്ഞു “”

“” എങ്ങനെ. മദർ ഡീറ്റെയിൽസ് തന്നോ “”

ഇന്ദ്രനിൽ ആകാംക്ഷ നിറഞ്ഞു

“” ആ മദർ പറഞ്ഞില്ല പകരം മറ്റൊരു മദറിനേ പൊക്കി””

“” അത് വേണമായിരുന്നോ ഏട്ടാ “” ഇന്ദ്രനാണ്

“” അതല്ലാതെ മറ്റൊരു ഓപ്ഷൻ എനിക്ക് ഇല്ലായിരുന്നു. അവിടെ ഉള്ള മദർ എന്തായാലും ഡീറ്റെയിൽസ് പറയില്ല… ഇനി നമ്മളായി പ്രശ്നത്തിന് പോയാൽ അച്ഛനറിയും. അല്ലെങ്കിലേ നമ്മളെ മൂന്നെണ്ണത്തിനെ കണ്ണിമ്മേ കണ്ടൂടാ. അതാണ് ഇങ്ങനെ ഒന്ന് ചെയ്തത്. കുറച്ച് ചീപ് പരിപാടി ആണ് but നമുക്ക്‌ ഇതല്ലാതെ മറ്റൊന്ന് ചെയ്യാനില്ല “”

“” എന്നാണ് പൊക്കിയത്. “”

സുധി കോഫീ കുടിച്ചു ചോദിച്ചു

“” അത് ഞാൻ അന്ന് orphanage ൽ നിന്ന് ഇറങ്ങിയപ്പോൾ തന്നെ പൊക്കിയിരുന്നു. അവരെ കൊന്നാലും പറയില്ല എന്നായിരുന്നു. അവരെ കൊല്ലില്ല മറിച്ചു അവിടെ ഉള്ള കുട്ടിയെ തീർത്താലോ എന്ന് ചോദിച്ചപ്പോൾ അവരൊന്നു പേടിച്ചു. മദർ കുറച്ച് കഷ്ട്ടപെട്ടിട്ടുണ്ട്.
എന്റെ ഒരു കണക്ക് വച്ചു നോക്കുമ്പോൾ ആ കുട്ടിക്ക് 23,24 വയസ്സായിട്ടുണ്ടാവും. 24 വർഷം പിറകോട്ടു നോക്കി മദർ അന്വേഷിച്ചു പറഞ്ഞത് അവിടെ ഒരു കുട്ടിയെ മാത്രമേ ഗേറ്റിൽ മുന്നിൽ ഉപേക്ഷിച്ചു പോയിട്ടുള്ളൂ . ബാക്കി കുട്ടികളെ എല്ലാം നേരിട്ട് കൊടുത്തതാണ് . “”

“” ആ കുട്ടി ഇപ്പോൾ എവിടെ ഉണ്ട്. അവിടെ തന്നെയാണോ.. പേരെന്താണ് “”

ഇന്ദ്രൻ ചെയറിൽ നിന്ന് മുൻപിലേക്ക് ഇരുന്നു

“” പേര് നില . അവളിപ്പോൾ orphanage ൽ ഇല്ല.
വിവാഹം കഴിഞ്ഞു . മദർ വളർത്തിയ കുട്ടികളിൽ ആ സ്ത്രീക്ക് ഏറ്റവും ഇഷ്ട്ടമുള്ളവൾ . ആരെയും വെറുക്കാൻ അറിയാത്ത സ്നേഹിക്കാൻ മാത്രം അറിയുന്നവൾ. മറ്റു കുട്ടികൾക്ക് വേണ്ടി സോമേധ്യയാൽ ഒഴിഞ്ഞു കൊടുത്തു ജോലിക്ക് പോയവൾ. ഇതൊക്കെയാണ് അവൾക്ക് അവിടെ ഉള്ളവർ നൽകിയ വിശേഷണം “”

കോഫി കയ്യിൽ എടുത്തു നിരഞ്ജൻ ചെയറിൽ ചാരി ഇരുന്നു

“” മാര്യേജ് കഴിഞ്ഞതാണ് അത് കൊണ്ട് ടെൻഷനടിക്കേണ്ട ആവശ്യമില്ലല്ലോ “”

ഇന്ദ്രൻ സന്തോഷത്തോടെ പറഞ്ഞു

“” ഇനിയാണ് നമ്മൾ ടെൻഷനടിക്കാൻ പോവുന്നത്.. അവളെ വിവാഹം കഴിച്ചത് ഒരു വാദ്യർ ആണ് പേര് ശരത്ത്.
2 അനിയന്മാരും അച്ഛനും ഉണ്ട് . പിന്നെ ഏറ്റവും വലിയ കാര്യം എന്താണെന്ന് വച്ചാൽ ആ കുടുംബവുമായി രാജേഷിന് അടുത്ത ബന്ധമുണ്ട്. ആ വീട് അന്വേഷിച്ചു പോയപ്പോൾ ഇന്നലെ ഈവെനിംഗ് അവന്റെ മകൾ ശ്രുതി ആ വീട്ടിൽ ഉണ്ടായിരുന്നു.
അതിലുപരി അവൻ ഇന്നലെ നമ്മുടെ വീടിന്റെ മുന്നിൽ വന്നിരുന്നു… ആ പെണ്ണും നോക്കുന്നത് കണ്ടു…
ഒന്നെങ്കിൽ അവന് എല്ലാം അറിയാം . അല്ലേൽ ഒന്നും അറിയാതെയാണ് നിൽക്കുന്നത്. എന്തായാലും ഒന്ന് ഉറപ്പാണ് നമുക്കുള്ളതെല്ലാം വഴിയേ വരും “”

“” അവനൊന്നും അറിഞ്ഞിട്ടില്ല “”

എടുത്തടിച്ചു സുധി പറഞ്ഞു

“” അതെന്താ നിനക്ക് ഇത്ര ഉറപ്പ് “” നിരഞ്ജനാണ്

“” ഇത്രയും ദിവസം അവൻ ജോലിക്കാണെന്ന് പറഞ്ഞു നടന്നത് orphanage ന് മുന്നിലാണ്. ഇവിടെ ഉള്ളിടത്തെല്ലാം അവൻ അന്വേഷിക്കുന്നുണ്ട്.. “”

“” അതിനി വരുന്നിടത്ത് വച്ചു കാണാം.. ഇത്രയും നാൾ അവൻ അറിയാതെ കൊണ്ട് നടന്നില്ലേ ഇനി വേണേൽ അവൻ കാണുന്നതിന് മുന്നേ ആ പെണ്ണിനെ ഇല്ലാതാക്കാനും മടിയില്ല.. “”

നിരഞ്ജൻ പറഞ്ഞത് കേട്ട് ഇന്ദ്രന്റെയും സുധിയുടെയും മുഖം മാറി. അത് മനസിലായ പോലെ അയാളൊന്ന് ചിരിച്ചു

“” ഞാൻ ചുമ്മാ പറഞ്ഞതാണ് അത് സീരിയസ് ആക്കണ്ട.. ഇതെല്ലാം ഒഴിവാക്ക് ഇനി സുധി പറയി.
എന്താ നിന്റെ പ്രശ്നം “”

നിരഞ്ജൻ താടി ഉഴിഞ്ഞു

“” എനിക്ക് എന്ത് പ്രശ്നം ഒന്നുമില്ല ഏട്ടാ “”

സുധി മുഖം താഴ്ത്തി

“” നീ എന്നോട് കള്ളം പറഞ്ഞു ഫലിപ്പിക്കേണ്ട സുധി. നിന്റെ കണ്ണ് കണ്ടാൽ അറിയാം ഉറങ്ങിയിട്ട് ദിവസങ്ങളായി.. വിളിച്ചാൽ ഫോൺ എടുക്കില്ല. ജാനകിയുടെ ഫോണിലേക്ക് വിളിച്ചാലോ അവളെ എടുക്കാനും സമ്മതിക്കില്ല… “”

സുധി തല ഉയർത്താതെ നിന്നപ്പോൾ നിരഞ്ജൻ
അവന്റെ കൈ പിടിച്ചു .

“” എനിക്ക് തെറ്റ് പറ്റി പോയി ഏട്ടാ “”

അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു

“”നീ കാര്യം പറയി “” ഇന്ദ്രനാണ്

“”എടുത്തു ചാടി ചെയ്തതായിരുന്നു. ഇതോടെ എല്ലാം തീരുമല്ലോ എന്ന് കരുതി. നിങ്ങളോട് പോലും ചോദിച്ചില്ല. അപ്പോൾ തോന്നിയ ഭ്രാന്തിൽ ചെയ്തു പോയതായിരുന്നു “”

“” നീ ഞങ്ങളെ കൂടി ടെൻഷനടിപ്പിക്കാതെ കാര്യം പറയെടാ. “”

നിരഞ്ജന് ക്ഷമ കേട്ടു

“” രാജേഷിനെയും കുടുംബത്തെയും ഇല്ലാതാക്കാൻ തീരുമാനിച്ചതായിരുന്നു. പക്ഷെ വണ്ടി മാറി പോയി. ഒന്നുമറിയാത്ത രണ്ട് ജീവൻ ഞാൻ കാരണം ഇല്ലാതായി “”

സുധി പറഞ്ഞു തീരുന്നതിന് മുന്നേ ഇന്ദ്രന്റെ കൈ മുഖത്ത് വീണിരുന്നു