11/05/2026

നില : ഭാഗം 48

രചന – അഹാനിക അനു

രേവതി അവളാണ് എല്ലാത്തിനും കാരണം. ഈ കുടുംബത്തേ തമ്മിൽ തെറ്റിച്ചതും രാജേഷിനെ ഇവിടെ നിന്ന് കൊണ്ട് പോയതും അവളാണ്. ”

ശ്രുതിക്ക് അടി കിട്ടിയ പോലെയായി.
നിരഞ്ജൻ പറയുന്നത് വിശ്വസിക്കാൻ കഴിയാതെ രണ്ട് പേരെയും മാറി മാറി നോക്കി.

” ഞാൻ പറയുന്നത് മോൾക്ക് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടാവും. പക്ഷെ സത്യം അതാണ്.
രാജേഷിന് വിവാഹത്തിന് മുൻപേ മറ്റൊരു പെൺ കുട്ടിയുമായി അടുപ്പം ഉണ്ടായിരുന്നു. അച്ഛനും ഞങ്ങളും അതിനെ ശക്തമായി എതിർത്തു. എന്നാലും അവൻ തന്റെ തീരുമാനത്തിൽ ഉറച്ചു നിന്നു. എത്ര പറഞ്ഞിട്ടു കേൾക്കാതെ വന്നപ്പോൾ അച്ഛൻ തന്നെ അവളുടെ വീട്ടിൽ പോയി കാര്യം പറഞ്ഞു അവരുടെ ബന്ധം നിർത്താൻ ആവശ്യപെട്ടു. അച്ഛനെ നേരത്തെ അറിയുന്നത് കൊണ്ടോ അല്ലേൽ അച്ഛനോടുള്ള ബഹുമാനം കൊണ്ടോ അവർ ഈ നാട്ടിൽ നിന്ന് പോയി. രാജേഷുമായുള്ള ബന്ധം ഒഴിവാക്കി. അതിന് ശേഷം അവൻ വീട്ടിൽ വരുന്നതെല്ലാം കുറവായിരുന്നു. ആരോടും സംസാരിക്കാറില്ല. അധികവും പുറത്താവും.
പിന്നീട് അവൻ ചെയ്ത ഏറ്റവും വലിയ തെറ്റാണ് രേവതി. ഞങ്ങളോടുള്ള ദേഷ്യത്തിൽ അല്ലേൽ വാശി തീർക്കാൻ അവളെ വിവാഹം കഴിക്കണമെന്ന് പറഞ്ഞു.
അവൻ എങ്ങനെ അവളെ പരിജയപെട്ടു എന്നൊന്നും അറിയില്ല.
ഞങ്ങളാരും അത് ചോദിക്കാനും മുതിർന്നില്ല. ഇതെങ്കിലും അവന്റെ ഇഷ്ട്ടത്തിന് നടക്കട്ടെ എന്ന് കരുതി. കാരണം ആദ്യത്തെ സംഭവത്തിന് ശേഷമുള്ള അവന്റെ അവഗണന അമ്മയെയും അച്ഛനെയും വല്ലാതെ തളർത്തിയിരുന്നു.

പക്ഷെ എനിക്കും സുധിക്കും അവളെ കുറച്ച് അറിയാമെന്നു തോന്നി…. അന്വേഷിച്ചു.
രേവതി ഓർഫൻ ആണെന്ന് അപ്പോളാണ് അറിയുന്നത്.
അതിൽ ഞങ്ങൾക്ക് മറ്റൊന്നും തോന്നിയില്ല. എന്റെ അനിയൻ നല്ല കാര്യം തന്നെയാണ് ചെയ്തത്. ആരുമില്ലാത്ത ഒരു കുട്ടിക്ക് പുതു ജീവിതം നൽകുക. അഭിമാനം തന്നെയായിരുന്നു.
പിന്നീട് മദർ പറഞ്ഞത് ഞങ്ങൾക്ക് കേട്ട് നിൽക്കാൻ കഴിഞ്ഞിരുന്നില്ല. ഇനി ഇതും രാജേഷ് അറിഞ്ഞു കൊണ്ടാണോ എന്ന് ഭയന്നു. ”

നിരഞ്ജൻ ശ്രുതിയുടെ മുഖത്ത് നിന്ന് മുഖം വെട്ടിച്ചു. അവൾക്ക് എന്തെന്ന് അറിയാനുള്ള ആകാംഷ നിറഞ്ഞു.

” എന്താണ് ”

ശ്രുതി നിരഞ്ജന്റെ മുമ്പിൽ കയറി നിന്ന്

” രേവതിക്ക് ഒരു കുട്ടിയുള്ള കാര്യം. ”

ശ്രുതിയുടെ മുഖം പതറുന്നതും കണ്ണുകൾ കുറുക്കുന്നതും വിരലുകൾ മുറുകുന്നതും നിരഞ്ജൻ നോക്കി നിന്നു.

” മോളോട് ഞാൻ ആദ്യമേ പറഞ്ഞു ഇതൊന്നും കേട്ട് വീട്ടിൽ പോയി അവരോട് ദേഷ്യം കാണിക്കരുതെന്ന്. ഈ ഒരു സംഭവം ഞങ്ങൾ വിവാഹത്തിന് മുന്പേ അവനോട് സൂചിപ്പിച്ചതാണ്.
അന്നവൻ പറഞ്ഞത് ഇനി അവന്റെ കാര്യത്തിൽ ഇടപെടരുത് എന്നായിരുന്നു.
അമ്മയ്ക്ക് പോലും അത് ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല. രേവതി ഒരു വിവാഹം കഴിച്ചതാണോ അതോ വേറെ വല്ലതും അണോ എന്ന് ഇന്നും അറിയില്ല.
ഒന്നുറപ്പാണ് ഞങ്ങളോടുള്ള വാശിക്ക് പുറത്താണ് അവളെ തന്നെ കേട്ടു എന്ന് പറഞ്ഞത്.
വിവാഹത്തിന് ശേഷവും അമ്മ രേവതിയെ ഉൾക്കൊണ്ടിരുന്നില്ല. അമ്മയുടെ സംസാരം എല്ലാം കൂടി ആയപ്പോൾ അവളുടെ നിർബന്ധത്തിനാണ് ഇവിടെ നിന്ന് പോയത്.
ഇവിടെ നിന്ന് ഡൽഹിയിലേക്ക് പോയതും നാട്ടുകാർ പലതും പറഞ്ഞിട്ടാണ്. ഇന്നവൻ തിരിച്ചു ഇങ്ങോട്ട് വന്നിട്ടുണ്ടെൽ അത് നീ പറഞ്ഞിട്ടല്ല. അവന് സത്യം അറിയാൻ വേണ്ടിയാണ്. ”

” ഇതൊക്കെ എങ്ങനെ ഇത്ര കൃത്യമായി നിങ്ങൾക്കറിയാം ”

എല്ലാം കൂടി കേട്ട് അവൾക് ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നി ഇടയിൽ കയറി.

” എന്റെ പൊന്ന് മോളെ അവൻ ഇവിടെ വന്നപ്പോൾ മുതൽ ഇന്ന് വരെ എന്തൊക്കെ ഈ നാട്ടിൽ ചെയ്യുന്നു എന്ന് ഞങ്ങൾക്കറിയാം.
നിനക്ക് വിശ്വാസം ഇല്ലേൽ ഒരു ദിവസം അവനെ ശ്രദ്ധിച്ചു നോക്കിയാൽ മനസിലാവും. ഇത്രയും ദിവസം അവൻ എന്തിനാണ് എല്ലാ ഓർഫനെജിന് പോയി അന്വേഷിക്കുന്നത്. ”

” ഇല്ല. ഞാൻ വിശ്വസിക്കില്ല. അച്ഛൻ ജോബിന് ”

” എന്ത് ജോബിന്. മോൾക് ഞങ്ങളെ വിശ്വാസം ഇല്ലേൽ അന്വേഷിക്കാം. അന്ന് ഞങ്ങൾ പറഞ്ഞത് വിശ്വസിക്കാത്ത അവൻ ഇന്ന് എന്തിന് അവളെ തിരഞ്ഞു നടക്കുന്നു. അവൻ കണ്ടെത്തിയില്ലെങ്കിൽ ആ കുട്ടിയെ ഞങ്ങൾക്കറിയാം. ”

” ആരാണ്…. ഇപ്പോളും ഓർഫണെങ്കിൽ തന്നെയാണോ. എനിക്കൊന്ന് കാണിച്ചു തരോ ”

ശ്രുതിക്ക് ശ്വാസം എടുക്കാൻ മറന്ന പോലെ എല്ലാം ഒറ്റയടിക്ക് ചോദിച്ചു.

” അവളെ നിനക്കറിയാം. കണ്ടിട്ടുമുണ്ട്. സംസാരിച്ചിട്ടുമുണ്ട്. ”

ശ്രുതി സുധിയുടെ മുഖത്തേക്ക് നോക്കി.

” ഞാൻ കാണാൻ വഴിയില്ല. ഇവിടെ വന്നിട്ട് അധിക നാൾ ആയിട്ടില്ല. ”

” നീ കണ്ടിട്ടുണ്ട് കുട്ടി. പേര് പറഞ്ഞാൽ ഒരു പക്ഷെ നിനക്ക് അറിയും.”

” എനിക്കോ ”

” അതേ അറിയും
നില ”

ശ്രുതി ഒരു നിമിഷം തല കറങ്ങുന്ന പോലെ തോന്നി. കേൾക്കാൻ പാടില്ലത്തത് കേട്ട പോലെ അവൾ മാവിൽ പിടിച്ചു.
അവിടെ നിന്നാൽ ശെരിയാവില്ലെന്ന് തോന്നി സുധിയേയും നിരഞ്ജനെയും ശ്രദ്ധിക്കത്തെ അവൾ വണ്ടിയെടുത്ത് പോയി.
ശ്രുതിയുടെ കണ്ണുകൾ കലങ്ങിയതും വണ്ടിയെടുത്ത് പോയതും കൃഷ്ണൻ ഉമ്മറത്തു നിന്ന് കണ്ടിരുന്നു. നിരഞ്ജന്റെ ചിരി അയാളിൽ പല ചിന്തകളിലും കൊണ്ടെത്തിച്ചു.

നിരഞ്ജൻ പറഞ്ഞത് ശ്രുതിക്ക് ഉൾകൊള്ളാൻ കഴിഞ്ഞിരുന്നില്ല. അത് കള്ളമാണെന്ന് തന്നെ അവൾ വിശ്വസിച്ചു. പക്ഷെ നില ഓർഫൻ ആണെന്ന് ഒരു ദിവസം കിച്ചു പറഞ്ഞിരുന്നു.
വണ്ടി ഒന്ന് പാളി മനസ് കൈ വിടുന്നുവെന്ന് തോന്നി അവൾ വണ്ടി ഒതുക്കി നിർത്തി.

ഇനി ഇത് അമ്മയ്ക്ക് അറിയാവോ. നിലയെ കുറിച്ച് പറയുമ്പോളുള്ള രേവതിയുടെ മുഖത്തേ തെളിച്ചം മനസ്സിൽ തെളിഞ്ഞു. ഇടയ്ക്ക് അവളെ കാണണമെന്നു പറഞ്ഞു അങ്ങോട്ട് പോവുന്നതും ദേവൂട്ടിയെ നിലത്ത് വയ്ക്കാതെ കൊണ്ട് നടക്കുന്നത്. ഇനി എല്ലാം അറിഞ്ഞിട്ട് അമ്മ അച്ഛന്റെ മുന്നിൽ മറച്ചു വയ്ക്കുകയാണോ.
ഇനി ആ ഡയറി അച്ഛന്റേത് അല്ലേ.
ഫോൺ റിങ് ചെയ്തപ്പോൾ അവൾ ഞെട്ടി പോക്കറ്റിൽ നിന്ന് എടുത്തു നോക്കി കിച്ചുവിന്റെ നെയിം കണ്ടപ്പോൾ ഇഷ്ട്ടക്കേടോടെ അവൾ കട്ട്‌ ചെയ്തു പോക്കറ്റിൽ വച്ചു വണ്ടി സ്റ്റാർട്ട്‌ ചെയ്തു പോവാൻ നിൽക്കുമ്പോളാണ് അവൾ രാജേഷിനെ കണ്ടത്.

അച്ഛൻ എന്താ ഇവിടെ..
അവൾ സ്വയം ചോദിച്ചു ഓപ്പോസിറ് ഉള്ള ബോർഡിലേക്ക് നോക്കി.
Mothers orphanage എന്ന് കണ്ടപ്പോൾ അവർ പറഞ്ഞതെല്ലാം സത്യമാണെന്നു അവൾ മനസിലാക്കി. മദറിനോട്‌ സംസാരിച്ചു നടന്നു വരുന്ന രാജേഷ് അവളെ കാണാതിരിക്കാൻ ശ്രുതി വേഗം വണ്ടിയെടുത്ത് പോയി.

ഇത്രയും കാലം ഇല്ലാത്ത സംശയം അച്ഛന് ഇപ്പോൾ വന്നിട്ടുണ്ടെൽ എന്തായിരിക്കും കാരണം.
ഇനി അമ്മ വേറെ വല്ലതും. ശേ….
അവൾ തല വെട്ടിച്ചു.

🌻🌻🌻🌻🌻🌻

മുകളിലെ ബാൽക്കണിയിൽ ഇരുന്ന് പുറത്തേക്ക് നോക്കി നിൽക്കുന്ന ജിതിന്റെ പിറകിൽ നിന്ന് ശ്രേയ ഒന്ന് കുരച്ചു. ഒച്ച കേട്ട് തിരിഞ്ഞു നോക്കിയ അവൻ അവളെ കാണെ ഒന്ന് ചിരിച്ചു തിരിഞ്ഞിരുന്നു.

” ഒരു കല്യാണം കഴിഞ്ഞ് കുഞ്ഞുള്ള പെണ്ണിനെ ഇപ്പോളും നോക്കി വെള്ളമിറക്കുന്നത് മോശമാണ്. ”

ശ്രേയ പറയുന്നത് കേട്ട് ജിതിൻ തിരിഞ്ഞു നോക്കി അവളുടെ കണ്ണുകൾ അപ്പുറത്താണെന്ന് കണ്ടപ്പോൾ ജിതിൻ ശരത്തിന്റെ വീട്ടിലേക്ക് നോക്കി. അപ്പോളാണ് അവൻ ദേവൂട്ടിയെ ഒക്കത്ത് വച്ചു അലക്കിയത് അയലിൽ ഇടുന്ന നിലയെ കണ്ടത്. ജിതിൻ തിരിഞ്ഞു ശ്രേയയെ നോക്കി. അവൾ കണ്ണുകൾ ചിമ്മി അടച്ചു ചിരിച്ചു.

” കുറ്റ ബോധം തോന്നിയിട്ടില്ലേ. ”

” എന്തിന് ”

ജിതിന്റെ ശബ്ദത്തിൽ ഗൗരവം നിറഞ്ഞു.

” രണ്ട് ജീവൻ ഇല്ലാതാക്കാൻ ശ്രമിച്ചതിന് ”

” എനിക്കെന്തിന് കുറ്റബോധം തോന്നണം ”

” ഉണ്ടെന്ന് ഞാൻ പറയുന്നു. തന്റെ മുഖത്ത് നിന്ന് അത് മനസിലാക്കാൻ കഴിയും.
ഉപദേശിക്കുകയാണെന്ന് കരുതരുത്. തെറ്റുകൾ ആർക്കും പറ്റും. അതിൽ കുറ്റബോധം ഉണ്ടേൽ തെറ്റ് ഏറ്റു പറയുന്നത് നല്ലതാണ്. അതിൽ ഒരു കുറവും തോന്നേണ്ട കാര്യം ഇല്ല.”

” തന്നെ ഞാൻ എന്തിനാണ് ഇവിടെ നിർത്തിയത് ”

ജിതിന്റെ നെറ്റി ചുളിഞ്ഞു

” അമ്മയെ നോക്കാൻ ”

ശ്രേയ ഒന്ന് പരുങ്ങി.

” എന്നാൽ നീ പോയി ആ പണി ചെയ്യാൻ നോക്ക്
എന്നേ ഉപദേശിക്കാൻ വരണ്ട ”

ജിതിൻ തിരിഞ്ഞിരുന്നു. ശ്രേയ ചടപ്പോടെ തിരിഞ്ഞു നടന്നു.

” നീ ആദ്യം പോയി നിന്റെ ഏട്ടനെ ഉപദേശിക്കാൻ നോക്ക് അവനാണ് എനിക്ക് ഐഡിയ പറഞ്ഞു തന്നതും വണ്ടി ഓടിച്ചതും “..

ശ്രേയ ഞെട്ടി ജിതിനെ നോക്കി. അവന്റെ ചുണ്ടിൽ ഒരു ചിരി ഉണ്ടായിരുന്നു.

” ഇല്ല. എന്റെ ഏട്ടൻ അങ്ങനെ ചെയ്യില്ല. ”

” അതേ ആ മണ്ടൻ ചെയ്യില്ല കൈ വിറയ്ക്കും എന്ന് മനസിലായി ”

ജിതിന്റെ ആക്കിയുള്ള ചിരിയും സംസാരവും കണ്ടപ്പോൾ ശ്രേയ അവനെ കനപ്പിച്ചോന്ന് തിരിഞ്ഞു നടന്നു. അവൾ പോവുന്നതും നോക്കി ജിതിൻ ചിരിച്ചു ചെയറിൽ ഇരുന്നു.

🌻🌻🌻🌻🌻🌻

” ആ ജിതിൻ പന്ന കൈ ഒഴിഞ്ഞപ്പോൾ എല്ലാം തീർനെന്ന് കരുതിയതായിരുന്നു. അപ്പോളാണ് ഇവൾ ഇവിടെ എത്തിയിട്ടുണ്ടെന്ന് പറഞ്ഞുള്ള ഏട്ടന്റെ വിളി. തേടിയ വള്ളി കാലിൽ ചുറ്റുക എന്നൊക്കെ കേട്ടിട്ടില്ലേ. അതായിരുന്നു.
ഇവിടെ എത്തിയപ്പോൾ കാണുന്നതോ ശ്രുതിക്ക് ഒടുക്കത്തെ സൽക്കാരം. അമ്മയ്ക്ക് പോലും അവളെ കണ്ടപ്പോലുള്ള മാറ്റം ആയിരുന്നു വിശ്വസിക്കാൻ കഴിയാഞ്ഞത്. ”

നിരഞ്ജൻ ദേഷ്യത്തിൽ കയ്യിലില്ല മാങ്ങാ മുറ്റത്തേക്ക് എറിഞ്ഞു.

” നീ വാ അച്ഛൻ നോക്കി നിൽക്കുന്നുണ്ട്. ഇനി അവൾ പോയതിന് ഒരായിരം ചോദ്യം ചോദിക്കും ”

സുധിയുടെ പുറത്ത് തട്ടി നിരഞ്ജൻ വീട്ടിലേക്ക് നടന്നു.

🌻🌻🌻🌻🌻🌻🌻

” കാർണോരെ ഇനി അത് ”

” ഇത് ഇപ്പോൾ എത്രാമത്തതാണ് പെണ്ണേ. നിന്റെ പല്ലെല്ലാം പുഴു നിന്നും ട്ടോ ”

വൈകുന്നേരം നേഴ്സറി കഴിഞ്ഞു ശരത്തിന് സ്റ്റാഫ് മീറ്റിംഗ് ഉണ്ടെന്ന് പറഞ്ഞപ്പോൾ അച്ഛൻ പാറുവിനെ കൂട്ടാൻ വന്നതതാണ്. നടന്നു വരുമ്പോൾ പെണ്ണിന് എല്ലാ കടയിലും കയറണം.

” പല്ലില്ലാത്ത വായയിൽ എങ്ങനെ പുയു വരാനാണ്. കാർണോർ പോറ്റനാണ്. വാ ”

അച്ഛന്റെ കയ്യും പിടിച്ചു പാറു കടയിൽ കയറി മിഠായി വാങ്ങി റോഡിലേക്ക് ഇറങ്ങിയപ്പോൾ പിറകിൽ നിന്ന് ഹോൺ നിർത്താതെ അടിക്കുന്നത് കേട്ട് ദേഷ്യത്തിൽ പെണ്ണ് തിരിഞ്ഞു നോക്കി.

” ഹായ് വിക്രമൻ. ”

നന്ദുവിനെ കണ്ടതും ബാഗൊക്ക് ഊരി അച്ഛനെ എടുത്തു കൊടുത്തു പാറു വണ്ടിയുടെ എടുത്തേക് ഓടി.

” അയ്യടാ. നീ എങ്ങോട്ടാ പറ്റി പിടിച്ചു. നടന്നങ്ങു വന്നാൽ മതി. എന്റെ വണ്ടിയിൽ ഇനി നിന്നേ കയറ്റുന്ന പ്രശ്നമില്ല. രാവിലെ എന്തൊക്കെയാ ഏട്ടത്തിയോട് പറഞ്ഞത് ഡ്രൈവർ സ്ഥാനത് നിന്ന് പിരിച്ചു വിട്ടിരിക്കുന്നു എന്ന് ലേ.
നിനക്ക് അസൂയ ആണേടി അസൂയ. ഞാൻ കുറച്ച് കാണാൻ ഗ്ലാമർ ഉള്ളത് കൊണ്ട് എന്നേ പെൺ പിള്ളേർ നോക്കുന്നത് കൊണ്ടുള്ള അസൂയ.

” അറ്റിന് വിക്രമനെ ആരും നോക്കിനില്ലല്ലോ വിക്രമൻ അങ്ങോറ്റല്ലേ നോക്കുന്നത് ”

നന്ദുവിനെ നോക്കി ഒന്നു പുച്ഛിച്ചു പാറു അവന്റെ പിറകിൽ വലിഞ്ഞു കയറി ഇരുന്നു.

” കിച്ചു എവിടെടാ നന്ദു ”

” അവനെന്തോ പാർട്ടി മീറ്റിംഗ് ഉണ്ടെന്ന് പറഞ്ഞു കോളേജിൽ ഉണ്ട് ”

അച്ഛൻ വണ്ടിയിൽ കയറാൻ വന്നപ്പോൾ നന്ദു അവനെ പറ്റി ഇരിക്കുന്ന പാറുവിനെ ചോടിപ്പിക്കാൻ വണ്ടിയിൽ ഇരുന്നു കൊണ്ട് തന്നെ ഇളകി കളിച്ചു. അത് ഇഷ്ട്ടപെടാത്ത പോലെ പാറു അവന്റെ പുറത്ത് കടിച്ചു.

” ആ കടിക്കില്ല കടിക്കല്ല ഇനി വെറുപ്പിക്കില്ല. ”

” എന്താണ് നന്ദു നീ കളിക്കുന്നത് ആളുകൾ ശ്രദ്ധിക്കുന്നുണ്ട്. ചെറിയ മക്കളെ പോലെ ”

” അച്ഛനങ്ങനെ പറയാം ഈ പെണ്ണ് കടിച്ചിട്ടാണ് ”

നന്ദു മിററിൽ പാറുവിനെ നോക്കി പാറു മുഖം തിരിച്ചു കളഞ്ഞു.

” വിക്രമ.. വിക്രമ വൻറ്റി നിർത്ത് ശ്രേയ. ”

വീട്ടിലേക്ക് കയറാൻ നേരം നിവിന്റെ വീടിന്റെ മുന്നിൽ ശ്രേയ നിൽക്കുന്നത് കണ്ട് പാറു നന്ദുവിന്റെ പുറത്തടിച്ചു.

” ഓ അടിച്ചു പൊളിക്കണ്ട നിർത്താം ”

നന്ദു വീടിന്റെ മുന്നിൽ വണ്ടി നിർത്തി.

” ശൂ… ശൂ ശേയേ. അച്ഛമ്മയ്ക്ക് ശുകായോ ”

ഉണങ്ങിയ വസ്ത്രം എടുത്തു ഉള്ളിലേക്ക് കടക്കാൻ നിന്ന ശ്രേയ പാറുവിന്റെ ശബ്ദം കേട്ട് തിരിഞ്ഞു നോക്കി.

” ഹാ നീയാണോ കാന്താരി. അച്ഛമ്മയ്ക് സുഖമായി വരുന്നു. നേഴ്‌സറി കഴിഞ്ഞു വരാണോ”

ശ്രേയ ഗേറ്റ് തുറന്നു പാറുവിന്റെ എടുത്തേക്ക് നടന്നു.

” യൂണിഫോം കൻറ്റിട്ട് മനശിലായില്ലേ ശേയക്ക് ‘

പാറുവിന്റെ തിരിച്ചുള്ള മറുപടി കേട്ട് ശ്രേയ വളിഞ്ഞ ചിരി ചിരിച്ചു നന്ദുവിനെ നോക്കി അവനാണേൽ ചിരി പിടിച്ചു നിൽക്കുകയാണ്.

” പാറു വാ ചായ തരാം ”

ശ്രേയ വിഷയം മാറ്റി.

“” അവളുടെ വീട്ടിലേക്ക് തന്നെയാണോ നീ അവളെ ക്ഷണിക്കുന്നത് ”

നന്ദു ടാങ്കിന്റെ മുകളിൽ കൈ വച്ചു താടി ഉഴിഞ്ഞു

” അല്ല ഒരു ആവേശത്തിൽ ചോദിച്ചതായിരുന്നു ”

” ഉവ്വ… ഉവ്വ… ”

അവളുടെ മുഖം കണ്ട് നന്ദു തല താഴ്ത്തി ചിരിച്ചു.

” മറ്റി സിരിച്ചത് വീറ്റിൽ പോവാ. അച്ഛമ്മയുടെ അടുത്തു പാരു നാളെ വരും എന്ന് പരയനെ ”

” അപ്പോൾ നാളെ നിനക്ക് നേഴ്‌സറിയിൽ പോവണ്ടേ ”

നന്ദു തല ചെരിച്ചു ചോദിച്ചു.

” എന്നും അവിറ്റേ തന്നെയല്ലേ പോനെ. നാലേ പാരുവിന് വയരുവേതനയ ”

” വയറുവേദന ഓക്കേ നേരത്തെ പറഞ്ഞിട്ടാണോ വരുന്നത് ”

” ആ പാരുവിനോട് നേരറ്റേ പരയളിൻറ്റ്. വീറ്റിൽ പോവാ. ”

” നിന്നേ ഞാൻ നാളെ വീട്ടിൽ ഇരുത്തിയത് തന്നെ മോളെ. അപ്പോൾ ശ്രേയ പോയി ഇടയ്ക്ക് കാണാം ട്ടോ ”

നന്ദു വണ്ടി സ്റ്റാർട്ട്‌ ചെയ്തു ശ്രുതിയെ നോക്കി കണ്ണ് ചിമ്മി

” അറ്റേൻതിന ഇടയ്ക്ക് കാനുന്നത് ”

ശ്രേയ ഗേറ്റ് അടയ്ക്കുന്നത് കണ്ട് പാറു നന്ദുവിനോട് ചോദിച്ചു.

” നീ ആരാടി എന്റെ ഭാര്യയോ എല്ലാം കുത്തി കുത്തി ചോദിക്കുന്നുണ്ടല്ലോ. ഞാൻ എനിക്ക് ഇഷ്ട്ടമുള്ളവരെ ഇടയ്ക്ക് ഇടയ്ക്ക് കാണും. ”

വീട്ടിൽ വണ്ടി നിർത്തി നന്ദു പാറുവിനെ നോക്കി മുഖം തിരിച്ചു അവരുടെ സംസാരം ശ്രെദ്ധിച്ച അച്ഛന്റെ ചുണ്ടിൽ ഒരു ചിരി ഉണ്ടായിരുന്നു.

🦋തിരികെ വരും 🦋