17/04/2026

നില : ഭാഗം 31

രചന – അഹാനിക അനു

വീട്ടിലെത്തി ശ്രുതി വേഗം കാറിൽ നിന്നിറങ്ങി റൂമിലേക്ക് കടന്ന് ഡോർ ലോക്ക് ചെയ്തു………..കീ ടേബിളിലേക്ക് എറിഞ്ഞു രാജേഷ് സോഫയിൽ മലർന്ന് കിടന്നു ……………… സങ്കടം വന്ന് പൊതിയുന്ന പോലെ തോന്നി അവൾ ബാൽക്കണിയിൽ പോയിരുന്നു……ശക്തി പ്രാഭിച്ചു വന്ന മഴ ഒറ്റ നിമിഷം കൊണ്ട് നിശ്ചലമായി…… ഇടവേളകളില്ലാതെ മാറി മറയുന്ന പ്രകൃതിയുടെ മാറ്റത്തെ നോക്കി കാണുകയായിരുന്നു അവൾ……. തിരിച്ചു ആ വീട്ടിലേക്ക് തന്നെ മടങ്ങാൻ തോന്നുന്നു…….. ആ കൊച്ചു വീട്ടിൽ നിറഞ്ഞു നിൽക്കുന്നത് സന്തോഷം മാത്രം………….. കൊതി തോന്നുന്നു…….. നിലയുടെയും, പാറുവിന്റെയും,ദേവൂട്ടിയുടെ മുഖം അവളുടെ മനസ്സിൽ തെളിഞ്ഞു വന്നു …….. ഭാഗ്യവതിയാണ് അവർ……. സ്നേഹം കൊണ്ട് വീർപ്പു മുട്ടിക്കുന്ന കുറച്ച് പേരുടെ ഇടയിലാണ് ജീവിതം……. പാറുവും നന്ദുവും തമ്മിലുള്ള ബന്ധം കാണുമ്പോൾ അത്ഭുതം തോന്നുന്നു…………….അവളുടെ മുഖമൊന്ന് മാറിയാൽ അവൻ തിരിച്ചറിയുന്നു………രണ്ട് പേർക്കും വഴക്കിടാതെ പറ്റില്ല….. പരസ്പരം കാണാതിരിക്കാനും ……. എന്നാൽ സ്നേഹം പുറത്ത് കാണിക്കാൻ മടിയാണ്….. അല്ലേൽ അഭിമാനം സമ്മതിക്കുന്നില്ല………

പാറു ആയിരുന്നെങ്കിലെന്ന് കൊതിച്ചു പോയി അവിടെ നിന്ന കുറച്ച് നിമിഷം……. ശെരിക്കും നിവിൻട്ടനും തൃത്തചേച്ചിയുമാണ് ഭാഗ്യം ചെയ്തത് അവളെ പോലുള്ള ഒരു മകളെ കിട്ടിയതിൽ………… ഉള്ളിലേക്ക് പോയി ഫോൺ എടുത്തു ഇന്നെടുത്ത ഫോട്ടോ എല്ലാം നോക്കി….. അറിയാതെ ആണേലും അവളിൽ ഒരു ചിരി വന്നു……. പാറു നിലയെ കെട്ടി പിടിച്ചു കവിളിൽ ഉമ്മ വയ്ക്കുന്ന ഫോട്ടോയിലേക്ക് തന്നെ കുറച്ച് നേരം നോക്കി നിന്നു………. പെട്ടെന്ന് ഓർത്ത പോലെ ശ്രുതി കിച്ചുവിന്റെ നമ്പർ എടുത്തു വിളിച്ചു………. രണ്ട് വട്ടം വിളിച്ചിട്ടും ഫോൺ എടുക്കാതെ വന്നപ്പോൾ പിന്നെ വിളിക്കാൻ എന്ന് കരുതി എഴുനേറ്റു കുളിക്കാൻ കയറി……… 🌻🌻🌻🌻🌻🌻🌻 നനഞ്ഞു നിൽക്കുന്ന പാറുവിനെ ശരത് പടിയിൽ കയറ്റി നിർത്തി …… പാറുവിനെ കാണെ ഉള്ളിൽ നിന്ന് കണ്ണുകൾ തുളുമ്പി നില വന്നു …….. “” പാറുവിന്റെ ഡ്രസ്സ്‌ എല്ലാം മാറ്റി കൊടുക്ക്… ഇനി പനി ഒന്നും വരുത്തി വയ്ക്കേണ്ട….. ശരത് പറഞ്ഞതിന് ഒന്ന് മൂളി കൊണ്ട് നില പാറുവിനെ നോക്കി…….. തന്റെ മുഖത്തേക്ക് പോലും അവൾ നോക്കുന്നില്ല കണ്ണ് പിറകിലേക്കാണ്……… “” പാറു താഴേക്ക് ഇറങ്……. ആന്റി ഡ്രസ്സ്‌ മാറ്റി തരാം…….. “”

“” നാൻ പപ്പയെയും അമ്മയെയും കൻറ്റു നിലാന്റി….. സരത്തങ്കിൽ പരഞ്ഞു ആ വിരകിൽ കത്തിച്ച രണ്ട് പേരെയും കാനാ എന്ന്……… നാൻ കൻറ്റു……. ആകാശറ്റേക്ക് പാരുവിനെ നോക്കി പോനത്………… എന്നേ നോക്കി സിരിച്ചു……..”” നിലയുടെ കഴുത്തിലൂടെ കൈ ഇട്ട് സന്തോഷത്തോടെയുള്ള അവളുടെ വാക്കുകൾ കേട്ട് നിൽക്കാൻ അവൾക്കയില്ല ……… ഇതൊന്നും കണ്ട് നിൽക്കാൻ കഴിയാതെ പകുതി പേരും അവിടെ നിന്ന് ആരോടും പറയാതെ ഇറങ്ങി………. നില തളർന്നു പോവുന്നു എന്ന് മനസിലാക്കി ശരത് പാറുവിനെ എടുത്ത് നിലയെ ചേർത്ത് പിടിച്ചു റൂമിലേക്ക് കടന്നു………. നിവിന്റെ റൂമിൽ കയറിയപ്പോൾ അവിടെ പാറുവിനെ ചേർത്ത് പിടിച്ചു നിൽക്കുന്ന രണ്ട് പേരുടെയും ഫോട്ടോ കാണെ ശരത്തിന് പോലും ഒന്ന് ഉച്ചത്തിൽ കരയാൻ തോന്നി…. അവന്റെ മനസിൽ കുറച്ച് നിമിഷം മുൻപ് നിവിൻ പറഞ്ഞ വാക്കുകൾ തെളിഞ്ഞു വന്നു………. “”നില ആയിരുന്നെങ്കിലെന്ന് അവൾ ആഗ്രഹിച്ചു പോവാറുണ്ട് ശരത്……..അവളുടെ ഈ ദേഷ്യം നിലയോടുള്ള വെറുപ്പല്ല……… അസൂയയാണ്….. താൻ പ്രസവിച്ച തന്റെ മകൾ മറ്റൊരു സ്ത്രീയോട് കൂടുതൽ അടുത്തു അവരെ അമ്മയുടെ സ്ഥാനത്ത് കാണുമ്പോളുള്ള അസൂയ………. അവളെ ഞങ്ങൾക്ക് കിട്ടുന്നത് കുറച്ച് സമയം മാത്രമാണ്……… ആ നിമിഷവും അവൾക്ക് പറയാൻ ഉണ്ടാവ നില…. നില…. നില…….. എനിക്ക് തന്നെ അത്ഭുതം തോന്നാറുണ്ട്…….

ഞങ്ങളിൽ ഇല്ലാത്ത അല്ലേൽ ഞങ്ങൾ കൊടുക്കാത്ത എന്താണ് അവൾക്ക് ഇവിടെ നിന്ന് കിട്ടുന്നത് എന്ന്………ഇന്നവൾ ഒരുപാട് ആഗ്രഹിച്ചിരുന്നു പാറുവിനെ……… മോളെ ഇഷ്ട്ടത്തിന് നിന്നു കൊടുത്തതാണ്….. അവളുടെ സന്തോഷം അല്ലേ ഞങളുടേതും……… കരയിപ്പിക്കേണ്ട എന്ന് വച്ചു….. എന്നാൽ പോട്ടെ ട്ടോ……..”” അവളുടെ സന്തോഷം ആഗ്രഹിച്ചു അവസാനം വലിയൊരു സന്തോഷം നഷ്ടപ്പെടുത്തിയിട്ടല്ലേ രണ്ട് പേരും പോയത്…… ഈ ഒരു ദിവസം കരയരുതെന്ന് വച്ചു ഒരു ജീവിതം മുഴുവൻ കുട്ടിയെ കരയിപ്പിച്ചില്ലേ……….എന്തൊരു പരീക്ഷണമാണ്…….. ഒരു പക്ഷെ ഇന്ന് പാറു കൂടി അവരുടെ കൂടെ പോയിരുന്നേൽ തിരിച്ചു കിട്ടുമായിരുന്നോ ഞങ്ങൾക്ക്……… അത് ഓർക്കാൻ കഴിയാതെ ശരത് ഫോട്ടോയിൽ നിന്ന് കണ്ണുകൾ പിൻവലിച്ചു പാറുവിനെ നോക്കി……. നില കബോഡിൽ നിന്ന് ഒരു ഉടുപ്പ് എടുത്ത് പാറുവിന് നേരെ നീട്ടി…… അത് ഇഷ്ട്ടപെടാതെ ബെഡിലക്കേറിഞ്ഞു പെണ്ണ് താഴെക്കിറങ്ങി നിവിന്റെ കബോഡിൽ നിന്ന് അവന്റെ ഷർട്ടിനു താഴെ വൃത്തിയായി മടക്കി വച്ച ഒരു ഷോട്ട്സും കുഞ്ഞി ബനിയവും എടുത്ത് നിലയ്ക്കു നേരെ നീട്ടി……..

“” ഇറ്റ് പപ്പാ ബാങ്ങിയതാ…. പാരുവിന്റെ പിരന്നാലിന് കേക്ക് മുരിക്കുമ്പോൾ ഇറ്റാൻ…… പാരുവിന് സർപ്രൈസ്‌ തരാൻ ഒലിപ്പിച്ചു വച്ചറ്റായിരുന്നു…….. പശേ നാൻ കൻറ്റു പിടിച്ചു…. അമ്മോട് ശോകാര്യം പരയുന്നത് നാൻ കേറ്റതാ…. പാരുവിന് ഡ്രെസ് വാങ്ങാൻ പോവാനേന്ന് സുമ്മ പരഞ്ഞതാ…… കേക്ക് ബാങ്ങാൻ പോയറ്റ… പപ്പ നാൻ വിലിച്ചാൽ ബരും….. അപ്പൊ വരുമ്പോ നാൻ ഈ ഡ്രസ്സ്‌ കൻറ്റു പിടിച്ചു എന്ന് പരഞ്ഞു പപ്പയ്ക്ക് സർപ്രൈസ് കോറ്റുക്കും…….ഇറ്റ് ഇട്ട് തന്നാൽ മറ്റി നിലാന്റി…..,……. ഡ്രസ്സ്‌ പൊന്തിച്ചു പിടിച്ചു നിൽക്കുന്ന പാറുവിനെ കണ്ട് നിൽക്കാൻ കഴിയാതെ നില വാ പൊത്തി പുറത്തേക്ക് ഓടി……. നില എന്തിനാണ് ഓടിയത് എന്ന് മനസിലാവാതെ പാറു ശരത്തിനെ നോക്കി…… കണ്ണുകൾ ഷർട്ടിൽ തുടച്ചു അവൻ പാറുവിനെ ബെഡിൽ കയറ്റി നിർത്തി ഡ്രസ്സ്‌ ഇടുപ്പിച്ചു കൊടുത്തു………. തിരിഞ്ഞു നോക്കിയപ്പോളാണ് പാറു കാണുന്നത് ബെഡിൽ കിടക്കുന്ന അച്ഛമ്മയെ…….. “” അച്ഛമ്മേ അച്ഛമ്മേ…. എയുന്നേൽക്ക്….. കുരെ നേരമായിലെ ഉരങ്ങുന്നു….. എയുനെല്ക്ക്……. ബെഡിൽ ഇരുന്നു തിരിഞ്ഞു കിടക്കുന്ന ശ്യാമയെ തോണ്ടി അവൾ വിളിച്ചപ്പോൾ അവർ നിറ കണ്ണുകളോടെ തിരിഞ്ഞു നോക്കി……….. “” എന്റെ കുട്ടി വല്ലതും അറിയുന്നുണ്ടോ…… എല്ലാം മനസ്സിലാവുമ്പോൾ മോള് വേദനിക്കും…. ഒത്തിരി…. ഒത്തിരി…….. ഈ അച്ഛമ്മയെക്കാൾ ഏറെ….. “” പാറുവിന്റെ മുഖം താഴ്ത്തി നെറ്റിയിലും കവിളിളും മാറി മാറി ഉമ്മ വച്ചു ശ്യാമ അവളെ ചേർത്ത് പിടിച്ചു……. അനുസരണയോടെ അച്ഛമ്മയുടെ എടുത്ത് കിടന്നു നെഞ്ചിൽ നിന്ന് തല പൊക്കി ശ്യാമയുടെ കണ്ണുകൾ തുടച്ചു കൊടുത്തു……….. “”””

‘ നിലയെ അന്വേഷിച്ചു പുറത്തേക്ക് ഇറങ്ങിയ ശരത് അവളെ മുന്നിലെല്ലാം തിരഞ്ഞിട്ടും കണ്ടില്ല…. അടുക്കള ഭാഗത്തേക്ക് പോയപ്പോൾ കണ്ടു മതിലിൽ ചാരി നിൽക്കുന്ന അവളെ ….. അടുത്തേക്ക് പോയി അവളുടെ പുറത്ത് തൊട്ടു…. “” നീ കൂടി ഇങ്ങനെ അവല്ല നില…. അവൾക്ക് ഇപ്പോളും ഒന്നും മനസിലായിട്ടില്ല…….. കാത്തിരിക്കുകയാണ് പപ്പയെയും അമ്മയെയും…………തൃത്തയുടെ അമ്മയ്ക്ക് സുഖമമില്ലാതെ ഹോസ്പിറ്റലിൽ കൊണ്ട് പോയി ……. അവളെ ചേർത്ത് പിടിക്കാൻ ആരുമില്ല…….. ആൾ കൂട്ടത്തിൽ നിന്ന് കൂട്ടി പിടിച്ച കൈ നഷ്ട്ടപെട്ട് വെപ്രാളപെടുന്ന കുട്ടിയുടെ അവസ്ഥയാനവൾക്ക് ….നീ അടുത്തു പോയി ഇരി….. മോളെ മുന്നിൽ നിന്ന് ഇങ്ങനെ കരയരുത്…………. ചെല്ല്….സമയം ഇത്രയായില്ലേ…….അവൾക്ക് വിശക്കുന്നുണ്ടാവും…….. ഞാൻ കഞ്ഞി കൊണ്ട് തരാം…………… “” “” എന്നേ കൊണ്ട് കഴിയുന്നില്ല ശരത്തെട്ട……. നോവുന്നുണ്ട് എനിക്ക്….. പിടിച്ചു നിൽക്കാൻ കഴിയുന്നില്ല……. എനിക്കൊന്നു ഉറക്കെ കരയാൻ തോന്നുന്നു………… “” ശരത്തിന്റെ നെഞ്ചിലേക്ക് വീണു നില പൊട്ടി കരഞ്ഞു……

ഭക്ഷണം കഴിച്ചു കിടക്കാൻ റൂമിലേക്ക് വന്നപ്പോളാണ് ശ്രുതി ഫോൺ എടുത്തു നോക്കിയത് കിച്ചുവിന്റെ രണ്ട് missed call ഉണ്ട്… തിരിച്ചവനെ വിളിച്ചു അവൾ ബാൽക്കണിയിലേക്ക് നടന്നു……. “” എവിടെയാണ് മാഷേ…. ഒന്ന് വിളിച്ചാൽ പോലും കിട്ടുന്നില്ലല്ലോ ……. “” തിരിച്ചു എന്തേലും പറയുന്നതിന് മുന്നേ ശ്രുതി ചോദിച്ചതിന് മറുപടി ഇല്ലായിരുന്നു ………. “” എന്ത് പറ്റി ……. എന്താ മിണ്ടാത്തത് …….. “” മൗനത്തിനു ശേഷം അവിടെ നിന്ന് പറഞ്ഞത് കേട്ട് ശ്രുതിക്ക് ശ്വാസം വിലങ്ങി…… ഒന്നും പറയാൻ കഴിയാതെ കുറച്ച് നേരം അതേ നിൽപ്പ് തന്നെ തുടന്നു…. പെട്ടെന്ന് ബോധം വന്ന് ഫോൺ നിലത്തേക്ക് എറിഞ്ഞു അവൾ പുറത്തേക്ക് ഓടി…….. “” അച്ഛാ നമുക്ക് പാറുവിന്റെ വീട് വരെ പോണം..”” കരഞ്ഞു കൊണ്ട് രാജേഷിന്റെ റൂമിലേക്ക് ഓടി വന്നു ബെഡിലിരിന്നു അയാളുടെ കൈ കൂട്ടി പിടിച്ചു ശ്രുതി പറയുന്നത് എന്താണെന്ന് രണ്ട് പേർക്കും മനസിലായില്ല…… “” നീ എന്തിനാ കരയുന്നത്……..ഇന്ന് നമ്മൾ അവിടെ പോയി വന്നതല്ലേ…….. “” “” ഇതങ്ങനെ അല്ല അമ്മേ….. അച്ഛാ…. വാ അച്ഛാ നമുക്ക് പോവാം…… “” “” നീ എന്തൊക്കെയാ ശ്രുതി പറയുന്നത് സമയം എത്രയായി എന്നറിയോ നിനക്ക്…….. അവരൊക്കെ കിടന്നുറങ്ങിയിട്ടുണ്ടാവും……. “”

“” അതേ ഉറങ്ങിയിട്ടുണ്ട്…… ഇനിയൊരു തിരിച്ചു വരവില്ലാതെ പാറുവിനെ ഒറ്റയ്ക്കാക്കി….. നിവിൻട്ടനും തൃത്തേച്ചിയും പോയി അച്ഛാ…….. ഇന്ന് കൂടി നമ്മൾ കണ്ടതല്ലെ…. എന്നോട് സംസാരിച്ചതല്ലേ……… “” ശ്രുതി പറയുന്നത് കേട്ട് വിശ്വസിക്കാൻ കഴിയാതെ രാജേഷ് രേവതിയെ നോക്കി………. അവരും ഒന്നും പറയാൻ കഴിയാതെ ചലനമറ്റ് നിൽക്കുകയാണ്…… ചിരിക്കാതെ നിന്ന തന്റെ മുഖത്തേക്ക് ദേഷ്യത്തിൽ നോക്കിയ ഒരു കുട്ടിയുടെ മുഖം അയാളുടെ മനസിലേക്ക് വന്നു…….കൈ തന്ന് തന്നെ ചേർത്ത് പിടിച്ച ഒരു ചെക്കനെ ഓർത്തു……. തന്റെ മകളെ സ്നേഹത്തോടെ നോക്കിയ അയാൾ………ചായ കുടിക്കുമ്പോൾ ഇടം കണ്ണിട്ട് നോക്കി തന്നെ ചിരിപ്പിച്ച ആ കുട്ടിയെ ഓർക്കേ കേട്ടത് സത്യമാവരുതേ എന്ന് ആഗ്രഹിച്ചു……… “”വാ അച്ഛാ പോവാം……. എനിക്ക് കഴിയുന്നില്ല……എന്റെ കണ്ണ് തട്ടിയിട്ടുണ്ടാവോ…….കുറച്ച് നിമിഷം മാത്രമേ അവിടെ നിന്നുള്ളു… രണ്ട് നിമിഷം മാത്രമേ ആ മുഖം കണ്ടുള്ളു സംസാരിച്ചിട്ടുള്ളു…………. പക്ഷെ….. വർഷങ്ങളുടെ പരിജയം തോന്നിയിട്ടുണ്ട് ആ ഏട്ടനോട് സംസാരിച്ചപ്പോൾ….. ആ കുട്ടിയോട് കൂട്ട് കൂടിയപ്പോൾ….. നമുക്ക് പോവാം അച്ഛാ…..”” ശ്രുതിയുടെ കരച്ചിൽ കൂടി വന്നപ്പോൾ രാജേഷ് അവളുടെ കൈ പിടിച്ചു പുറത്തേക്ക് നടന്നു…കൂടെ തന്നെ രേവതിയും…….. 🌻

നിലയുടെ കയ്യിൽ കഞ്ഞി കൊടുത്തയച്ചു ശരത് അവളെ റൂമിലാക്കി…….. ശ്യാമേച്ചിയെ മടിയിൽ കിടത്തി മുടിയിൽ തലോടി ഹെഡ്ബോർഡിൽ ചാരി ഇരുന്നു പാറുവിനെ കാണെ മനസ് വിങ്ങി…… “” ശൂ ഒച്ച ഉൻറ്റാക്കല്ല നിലാന്റി…. അച്ഛമ്മ ഉരങ്ങാ.”” ഡോറിൽ നിലയെ കാണെ പാറു ചുണ്ടിൽ കൈ വച്ചു പറഞ്ഞു…….. “” പാറു വാ ആന്റി കഞ്ഞി തരാം…… “” “” നിക്ക് ബെൻറ്റ നിലാന്റി……. “” “” അതെന്താ വേണ്ടാത്തത്…. ഒന്നും കഴിച്ചില്ലല്ലോ….. വിശക്കുന്നില്ലേ പാറുവിന്…….. “” ബെഡിൽ ഇരുന്നു ശ്യാമേച്ചിയുടെ തല പാറുവിന്റെ മടിയിൽ നിന്നും പതുക്കെ മാറ്റി കൊണ്ട് നില ചോദിച്ചു……… “” അമ്മ തന്നാൽ മതി….. “” മുന്നിൽ ഫ്രെയിം ചെയ്തു വച്ച ഫോട്ടോയിലേക്ക് നോക്കിയാണ് പറഞ്ഞത്……. നിലയ്ക്ക് പിടിച്ചു വച്ചതൊക്കെ ഇപ്പോ പൊട്ടി തെറിക്കും എന്ന് തോന്നി …. “” ഇന്ന് നിലാന്റി തരാം….. നാളെ അമ്മ തരും…. “” കരച്ചിൽ വന്നു ശബ്ദമിടറിയാണ് നില പറഞ്ഞത്…… അത് വിശ്വസിച്ച പോലെ പാറു അടുത്തേക്ക് നീങ്ങി നിലയുടെ എടുത്തു ഇരുന്നു വാ തുറന്നു……………. “” നിലാന്റി പാരു ഒരു കാര്യം സോയികറ്റേ… “” ചുണ്ടിൽ പറ്റി പിടിച്ച വറ്റ് കൈ കൊണ്ട് എടുത്ത് നിലയുടെ മുഖത്തേക്ക് നോക്കി തന്നെ നോക്കി നിലയുടെ കണ്ണുകൾ നിറഞ്ഞിരുന്നു……

“” നാൻ സോയിക്കട്ടെ….. “” വീണ്ടും അത് തന്നെ അവർത്തിച്ചപ്പോൾ നില ചോദിച്ചു കൊള്ളാണ് തലയനക്കി……… “” പാരുവിന്റെ പപ്പയും അമ്മയും ഇനി പാറുവിനെ കാണാൻ വരില്ലേ…… “” കണ്ണൊക്കെ നിറഞ്ഞു മുഖമെല്ലാം ചുവന്നു വിറയ്ക്കുന്ന ചുണ്ടുകളോടെ കരഞ്ഞു പാറു ചോദിച്ചപ്പോൾ നില ഞെട്ടി ….. “”പാറുവിനോട് ആര് പറഞ്ഞു ഇതൊക്കെ……. പപ്പയും അമ്മയും മോളെ അടുത്ത് തന്നെ ഉണ്ട്….. പാറുവിനെ തേടി വരും………”” പാറുവിന്റെ തലയിൽ തലോടി അവളെ ചേർത്ത് പിടിച്ചു നെറ്റിയിൽ ചുണ്ടുകൾ ചേർത്തപ്പോൾ പാറു കരഞ്ഞു കൊണ്ട് നിലയെ ചുറ്റി പിടിച്ചു……… “” പപ്പയും അമ്മയും വരുന്ന വരെ പാരുവിനെ വിട്ട് പോവല്ല നിലാന്റി…പേറ്റിയാണ് പാരുസിന്…… “” വാക്കുകൾ മുറിഞ്ഞു തേങ്ങി കരഞ്ഞു നിലയെ കൂട്ടിപിടിച്ച പാറുവിന്റെ കൈ മുറുകി………. “” ഏട്ടത്തി……. “” ഡോറിൽ നിന്ന് കിച്ചുവിന്റെ ഇടറിയ ശബ്ദം കേട്ട് രണ്ട് പേരും അങ്ങോട്ട് നോക്കി……… “” മോൾക്ക് വിശക്കുന്നുണ്ടാവും…….. കുറച്ച് നേരമായി കരയുന്നു……. “” ദേവൂട്ടിയെ നിലയുടെ കയ്യിൽ കൊടുത്തു പാറുവിനെ നോക്കാതെ കിച്ചു തിരിഞ്ഞു നടന്നു……

കിച്ചു നോക്കുമെന്നവൾ പ്രതീക്ഷിച്ചിരുന്നു………… അതുണ്ടായില്ല എന്നായപ്പോൾ വീണ്ടും കരച്ചിൽ വന്നു….. ദേവൂട്ടി അമ്മയെ കണ്ട സന്തോഷത്തിൽ കരഞ്ഞു കൊണ്ട് മാറിൽ പരതി……… നില പാറുവിനെ ഒന്ന് നോക്കി……. നിലയുടെ മടിയിൽ നിന്നും കഞ്ഞി പാത്രം എടുത്ത് അവളുടെ മടിയിൽ വച്ചു ഒരു കൈ കൊണ്ട് കോരി കുടിച്ചു……..ദേവൂട്ടിക്ക് പാൽ കൊടുക്കുന്ന നിലയുടെ മാറിടത്തിലേക്ക് പാറുവിന്റെ കണ്ണുകൾ ചലിച്ചു………ആ നോട്ടം കണ്ട് നിൽക്കാനായില്ല നിലയ്ക്ക്………….മുറിവാണത്….മാതൃത്വത്തിന്റെ മധുരവും ചൂടുമറിഞ്ഞ ആ പിഞ്ചു കുഞ്ഞിനിന്ന് അത് മുറിവാണ്……. വർഷങ്ങൾ കഴിഞ്ഞാലും രക്തം കിനിയുന്ന മുറിവ്………… 🦋തിരികെ വരും 🦋