18/04/2026

നില : ഭാഗം 26

രചന – അഹാനിക അനു

ബാക്ക് ഡോർ തുറന്നു ശ്രുതി ഇറങ്ങിയത് കണ്ട് നന്ദു വാണം വിട്ട പോലെ അകത്തേക്ക് ഓടി…… നന്ദു പോയ വഴിയേ നോക്കി നിന്ന് പിന്നെ ശ്രുതിയെ മനസിലായ പോലെ പാറു അവളുടെ അടുത്തേക്ക് ഓടി……… “” ആന്റി…… “” പരിജയകുറവൊന്നും കാണിക്കാതെ അടുത്തേക്ക് വന്നു ശ്രുതിയുടെ അടുത്ത് നിൽക്കുന്ന പാറുവിനെ രേവതി വാത്സല്യത്തോടെ നോക്കി……. തടിച്ചു വെളുത്ത ഒരു ഗുണ്ടു കയ്യിൽ കെട്ടുണ്ടേലും അതൊന്നും തന്നെ ബാധിക്കുന്ന കാര്യമല്ല എന്ന മട്ടിലാണ് കക്ഷി നിൽക്കുന്നത്…….. ശ്രുതി കുനിഞ്ഞു ഇരുന്നു പാറുവിനേ കൂട്ടി പിടിച്ചു……….. “” എങ്ങനെ ഉണ്ട് ഇപ്പോൾ കയ്യിക്ക് വേദന ഉണ്ടോ…. “” “” ഇല്ല ആന്റി….. പശേ ചൊരിച്ചിലുണ്ട്…… അറ്റ് വിക്രമൻ പപ്പറ്റ കോൽ കൊണ്ട് കുത്തി തരും.. “” പാറു പറഞ്ഞത് മനസിലാവാതെ ശ്രുതി അമ്മയെ നോക്കി …… “” ഹോ പെണ്ണ് നശിപ്പിച്ചു……. “” ഉള്ളാലെ പറഞ്ഞു കിച്ചു പാറുവിനെ ശ്രദ്ധിച്ചു…. എവിടെ നോക്കാൻ പെണ്ണ് ശ്രുതിയുടെ കമ്മലും മാലയും അവളുടെ മുഖവും എല്ലാം തൊട്ട് കളിക്കുകയാണ് ….. “” എന്താ പുറത്തു നിൽക്കുന്നത് അകത്തേക്ക് കയറി വരൂ…… “” വീട്ടിൽ വന്ന അതിഥികളെ കണ്ട് സന്തോഷത്തോടെ പുറത്തേക്ക് ഇറങ്ങി ശരത്ത് അവരോട് അകത്തു കയറാൻ പറഞ്ഞു രാജേഷും രേവതിയും നിറഞ്ഞ ചിരിയോടെ തന്നെ വീട്ടിലേക്ക് കയറി…….

പാറു പിറകിൽ ശ്രുതിയുടെ കയ്യും പിടിച്ചു നിന്നു……….. ഉള്ളിൽ കയറിയ രേവതി വീട് ചുറ്റും ഒന്ന് വീക്ഷിച്ചു………പഴമയെ വിളിച്ചോതുന്ന ചെറിയ ഓടിട്ട വീടാണ്…കയറിയപ്പോൾ തന്നെ ഒരു തണുപ്പ് വന്നു പൊതിഞ്ഞു………. ഉള്ളിൽ എല്ലാം വൃത്തിയാക്കി വച്ചിട്ടുണ്ട്…………രാജേഷിന്റെ മുഖത്തേക്ക് നോക്കിയപ്പോൾ അവിടെയും തൃപ്തിയുള്ള ചിരിയുണ്ട് ……. പൊതുവേ വൃത്തി കുറച്ച് കൂടുതലാണ് രാജേഷിന് മറ്റുള്ളവരുടെ വീട്ടിൽ അതികം പോവാറില്ല….. പോയാൽ തന്നെ അഞ്ചു മിനിറ്റിൽ കൂടുതൽ നിൽക്കാറില്ല എന്നതാണ് വാസ്തവം…………. അയാളുടെ ചിരിയിൽ നിന്നും മനസിലായി ഇഷ്ട്ടപെട്ടിട്ടുണ്ടെന്ന്………… ശ്രുതി ഉള്ളിൽ കയറി കണ്ണ് കൊണ്ട് ആരെയോ തിരഞ്ഞു……. “” ശ്രുതി ആരെയാ തിരയുന്നത്…… “” ശ്രുതിയുടെ കണ്ണുകൾ ചലിക്കുന്നത് കണ്ട് കിച്ചു ചോദിച്ചു……. “” അല്ല…. ചേച്ചി ഇല്ലേ ഇവിടെ……. “” “” അടുക്കളയിൽ ഉണ്ട് ഞാൻ വിളിക്കാം….. “” പറഞ്ഞു കൊണ്ട് ശരത് എഴുനേറ്റു അടുക്കളയിലേക്ക് പോയി……….

“” ആന്റി എൻറ്റാ നിൽക്കുന്നത് ഇരിക്കി…. ഇറ്റ് ശോന്തം വീറ്റായിറ്റ് കൻറ്റാൽ മറ്റി …. “” വലിയ ആളുകളെ പോലെയുള്ള പാറുവിന്റെ സംസാരം കേട്ട് രാജേഷ് അവളെ തന്നെ നോക്കി ശ്രുതിക്കും കിച്ചുവിനും ചിരി വന്നിട്ട് നിൽക്കാനും വയ്യ……… “” മോളെ പേരെന്താ…… “” രേവതി പാറുവിനെ പിടിച്ചു അടുത്തു ഇരുത്തി……. “” പാരുന്ന് വിലിച്ചാൽ മതി…… എല്ലാരും അറ്റാ വിളിക്കാ……….. ആന്റിന്റെ പേരെന്താ…… “” “”എല്ലാവരും നിനക്ക് ആന്റിമാർ അണോ പെണ്ണേ……….”” കിച്ചു പറഞ്ഞപ്പോൾ പാറു ശ്രുതിയെ ഒന്ന് ഇടം കണ്ണിട്ട് നോക്കി……… പാറു ചേച്ചിന്ന് വിളിച്ചാൽ മതി…….. ശ്രുതി തിരുത്തി കൊടുത്തപ്പോൾ തലയാട്ടി രേവതിയെ നോക്കി……… “” ചേച്ചിന്റെ പേരെന്റ…… “” രേവതി ഞെട്ടി രാജേഷിനെയും കിച്ചുവിനെയും നോക്കി ശ്രുതിയുടെ മുഖം ഇഞ്ചി കടിച്ച പോലെയായി രാജേഷ് ചിരി വന്നിട്ട് തല തിരിച്ചു……. “” എടി മണ്ടത്തി ആന്റിയെ അല്ല ചേച്ചിന്ന് വിളിക്കാൻ പറഞ്ഞത് ശ്രുതിയെ ആണ്……. “” “” ശോരി…… ഈ ശുതി ചേച്ചി എനിക്ക് തെറ്റിച്ചു പരഞ്ഞു തന്നിറ്റ…… “” പാറുവിന്റെ അവസാന അടവും പുറത്തേടുത്തു……….

“” നീ ആള് കൊള്ളാമല്ലോ കാന്താരി………പോരുന്നോ ഞങ്ങളെ കൂടെ……. “” രേവതി ചേർത്തു പിടിച്ചു ചോദിച്ചപ്പോൾ പാറു രാജേഷിനെ ഒന്ന് നോക്കി….അവിടെ ചിരി ഇല്ലെന്ന് കണ്ടപ്പോൾ അയാളെ കൂർപ്പിച്ചു നോക്കി മുഖം തിരിച്ചു കളഞ്ഞു …. ആ സമയം നിലയും ശരത്തും അങ്ങോട്ട് വന്നു…….. ശ്രുതിയെ കണ്ടപ്പോൾ മനസിലായെങ്കിലും കൂടെ ഉള്ളവരെ പിടി കിട്ടിയില്ല…. ശ്രുതിയുടെ അച്ഛനും അമ്മയും ആവുമെന്ന് ഊഹിച്ചു എല്ലാവരെയും നോക്കി ഒന്ന് ചിരിച്ചു …… ഇരു നിറമായി മെലിഞ്ഞു സാരി ഉടുത്തു നല്ല ഐശ്വര്യമുള്ള ഒരു സ്ത്രീ……… അടുത്തുള്ള ആളിനു ഗൗരവം നിറഞ്ഞ മുഖമാണെലും ചുണ്ടിൽ ഒരു ചിരി ഉണ്ട്…….. ശ്രുതി എഴുനേറ്റു നിലയുടെ അടുത്തേക്ക് വന്നു….. “” ചേച്ചി പണിയിയിരുന്നോ…… “” “” ആ നിലാന്റി പാരുവിന് പായശം ഉൻറ്റാക്കുകയായിരുന്നു….എൻറ്റേ പിരന്നാള…… “” നില പറയുന്നതിന് മുന്നേ പാറു ചാടി കയറി പറഞ്ഞത് കേട്ട് എല്ലാവരും അവളെ നോക്കി……….. “” പിറന്നാൾ ആയിരുന്നോ എന്നിട്ട് ആരും പറഞ്ഞില്ലല്ലോ………. “” “” അറ്റിന് ശുതി വരുമ്പോ പാരുവിനെ വിലിച്ചിറ്റുൻറ്റായിരുന്നോ………”” ഇതിലും നല്ലത് ചോദിക്കാഞ്ഞത് ആയിരുന്നു എന്ന് തോന്നി …….ഇനി ചമ്മാൻ ബാക്കി ഇല്ല………. മൂർഖൻ പാമ്പിനെയാണ് ചവുട്ടിയത് എന്ന് മനസിലാക്കി……….. കിച്ചു ചിരിച്ചു ശ്രുതിയെ നോക്കി……

“”ഇപ്പോ ചേച്ചി മാറ്റി ശ്രുതി അയോടി…..”” കിച്ചു കുറച്ച് ഗൗരവത്തിൽ ചോദിച്ചപ്പോൾ പാറു ഇളിഞ്ഞ ചിരി ചിരിച്ചു….. “” ആ ചേച്ചി പരിജയപെടുത്താൻ മറന്നു…… അത് അച്ഛൻ രാജേഷ്……. അമ്മ രേവതി……….”” നില രണ്ട് പേരെയും നോക്കി ഒന്ന് ചിരിച്ചു….. “”മോള് കാന്താരി ആണ് ട്ടോ…….. ഒരു മോള് മാത്രേ ഉള്ളോ……. “” രേവതി ചോദിക്കുന്നത് കേട്ട് നില ശരത്തിനേ നോക്കി……… “” അയ്യോ അത് ഇവിടത്തെ വാഴ അല്ല……… അപ്പുറത്ത് ഉള്ളത ……… വളയും വെള്ളവും കൊലക്കലും എല്ലാം ഇവിടെ നിന്നാണെന്ന് മാത്രം…… “” കുളിക്ക പോലും ചെയ്യാതെ സുന്ദര കുട്ടപ്പനായി പുതിയ ഷർട്ട്‌ ഒക്കെ ഇട്ട് വന്ന് ഡോറിന്റെ എടുത്ത് നിന്ന് നന്ദു ആണ് പറഞ്ഞത്……… അവന്റെ വേഷം കണ്ട് കിച്ചു ഒന്ന് നോക്കി…………. തെണ്ടി എന്റെ പുതിയ ഷർട്ട്‌ ആണ് ഇട്ടിരിക്കുന്നത്……. ദഹിപ്പിക്കുന്ന അവന്റെ നോട്ടം കണ്ട് നന്ദു ഒന്ന് കണ്ണിറുക്കി ചിരിച്ചു………. രേവതിയും രാജേഷും രണ്ട് പേരെയും നോക്കി നിൽക്കുന്നത് കണ്ട് നില അവരെ ഒന്ന് നോക്കി ചായ എടുക്കാം എന്ന് പറഞ്ഞു വേഗം അടുക്കളയിലേക്ക് പോയി ………പിറകിൽ തന്നെ ശ്രുതിയും…… അവർ രണ്ട് പേരും പോവുന്നത് കണ്ട് രേവതിയും കൂടെ ചെന്നു……… ശരത് വന്നു രാജേഷിന്റെ എടുത്തിരുന്നു……… രേവതിക്ക് പലതും നിലയോട് ചോദിക്കണം എന്നുണ്ട്…. പക്ഷെ വാക്കുകൾ അന്യമായി പോവുന്നു…………. ശ്രുതി ആണേൽ കൂടെ നിന്ന് അവൾക്ക് ചായ ഇട്ട് കൊടുക്കാൻ എല്ലാം സഹായിക്കുന്നുണ്ട്………..

സ്വന്തമായി ഒരു ചായ പോലും ഇട്ട് കുടിക്കാൻ അറിയാത്ത ആളാണ് നിലയെ സഹായിക്കുന്നത് എന്ന് കണ്ട് രേവതിക്ക് ചിരി വന്നു…………….ചായ പൊടി എത്ര സ്പൂൺ ആണ് ഇടേണ്ടത് എന്ന് ശ്രുതി ചോദിക്കുന്നത് കണ്ട് ഇതൊന്നും അറിയില്ലേ എന്ന ഭാവത്തിൽ നില നോക്കിയപ്പോൾ പെണ്ണ് ചിരിച്ചു കാണിച്ചു……. നില പറഞ്ഞത് പോലെ ചെയ്തു ചായയിൽ പഞ്ചാസാര ഇടുമ്പോൾ ശ്രുതി ഒരു അഹങ്കാരത്തിൽ രേവതിയെ നോക്കി ……….. “” അമ്മ ജോലിക്ക് പോവുന്നുണ്ടോ…… “” കഴിക്കാൻ ഉള്ളത് പ്ലേറ്റിൽ എടുത്തു വയ്ക്കുമ്പോളാണ് നില ചോദിച്ചത് പെട്ടെന്ന് എന്തോ ഓർത്ത പോലെ അവൾ രേവതിയെ നോക്കി….. “” മോള് അമ്മെന്ന് വിളിച്ചാൽ മതി……”” നിറ ചിരിയാലേ രേവതിയിൽ നിന്ന് അത് കേട്ടപ്പോൾ അവൾക്കും സന്തോഷമായി…… “” അമ്മ പണിക്കൊന്നും പോവുന്നില്ല ചേച്ചി ചുമ്മാ വീട്ടിൽ ഇങ്ങനെ ഇരിക്കും……. വല്ല പണിക്കും പോയി കുടുംബം നോക്കാൻ പറഞ്ഞാൽ കേൾക്കില്ല…. “” “” എന്റെ ശ്രുതി നീ ഞങ്ങളെ പാറുവിനെ കടത്തി വെട്ടല്ലോ……..”” നില അവളുടെ തലയ്ക്ക് ഒരു കൊട്ട് കൊടുത്തു… “” ഹോ എന്റെ ചേച്ചി പാറുവിനെ ഓർമിപ്പിക്കല്ല…ഇവിടെ നിന്ന് എത്ര വട്ടമാണ് ഞാൻ ചമ്മിയത്….. “” “” ആ കുട്ടിയുടെ മുന്നിലെങ്കിലും നീ മുട്ട് കുത്തിയലോ …… അത് മതി…… “”” “” അമ്മയോട് ഞാൻ ഒന്നും പറഞ്ഞില്ല……..” “” എന്നാൽ ഞാൻ പറഞ്ഞത് നിന്നോട് മാത്രമാണ്.. “” രണ്ട് പേരുടെയും സംസാരം നില കൗതുകത്തോടെ നോക്കി ……..

അവരുടെ കൂടെ നിൽക്കുമ്പോൾ ഒരു സന്തോഷം വരുന്നത് അവൾ അറിഞ്ഞു…..ഒപ്പം നോവും……… ഇല്ല തനിക്ക് ശരത്തേട്ടനും ഇവിടെ ഉള്ളവരും അല്ലാതെ ആരുമില്ല………… ജീവൻ തന്നവർ ഉപേക്ഷിച്ചു പോയതാണ്……..പരസ്പരം തർക്കിക്കുന്ന അവരെ കണ്ട് കൊണ്ട് നില വേഗം ചായ എടുത്തു ഹാളിലേക്ക് പോയി… പിറകിൽ തന്നെ രണ്ട് പേരും………………. ചായ കുടിക്കാൻ എല്ലാവരും ഇരുന്നപ്പോൾ പാറുവിനും നന്ദുവിനും ഇരിക്കാൻ ചെയർ ഉണ്ടായിരുന്നില്ല…. ബാക്കി ഉള്ളത് ഒരേ ഒരു ചെയർ ആണ്……… പെണ്ണ് തല ചെരിച്ചു നന്ദുവിനെ നോക്കി……… നന്ദുവും തന്നെ നോക്കി നിൽക്കുകയാണെന്ന് കണ്ടപ്പോൾ പിന്നെ മുന്നും പിന്നും നോക്കിയില്ല ഓടി അതിൽ ഇരിക്കാൻ പോയപ്പോളേക്കും നന്ദു സ്ഥാനം പിടിച്ചിരുന്നു………അവരെ ആരും നോക്കുന്നില്ലെങ്കിലും രാജേഷിന്റെ ശ്രദ്ധ മുഴുവൻ രണ്ട് പേരിലും ആയിരുന്നു …….. ദേഷ്യം പിടിച്ച പാറു പിന്നേ ഒന്നും നോക്കാതെ നന്ദുവിന്റെ മടിയിൽ ചാടി കയറി ഇരുന്നു……….നന്ദു ആരേലും കണ്ടോ എന്ന് ചുറ്റുമൊന്ന് നോക്കിയപ്പോൾ രാജേഷ് നോക്കി നിൽക്കുകയാണെന്ന് കണ്ടപ്പോൾ ഒരു ഇളിഞ്ഞ ചിരി ചിരിച്ചു…….

അവന്റെ അപ്പോളത്തെ എക്സ്പ്രഷൻ കണ്ട് കുടിച്ചു കൊണ്ട് നിൽക്കുന്ന ചായ നെറുകയിൽ കയറി രാജേഷ് ചുമയ്ക്കാൻ തുടങ്ങി…… “” ശോ പറ്റുക്കെ കുറ്റിച്ചാൽ മറ്റി……. ശുതി കറ്റു കുടിക്കുല…… “” “” ഓ നീ ഒന്ന് മിണ്ടാതെ നിൽക്കോ….. വീട്ടിൽ വന്നവരെ ഇങ്ങനെ അപമാനിക്കല്ല…”” ചെവിയിൽ വന്നു നന്ദു പിറുപിറുത്തപ്പോൾ പാറു അവനെ കൂർപ്പിച്ചു നോക്കി…… “” നാൻ മിൻറ്റും……. വേനേൽ വിക്രമൻ മിൻറ്റാതെ നിന്നോ……. “”” ഇതിൽ കൂടുതൽ ഇനി എന്ത് വേണം ഒരാവശ്യവും ഇല്ലായിരുന്നു…… ഇവിടെ കയറി ഇരിക്കണ്ടായിരുന്നു എന്ന് വരെ നന്ദുവിന് തോന്നി പോയി….. തല ചെരിച്ചു നിലയെ നോക്കിയപ്പോൾ അവിടെയും ആക്കിയ ചിരി തന്നെ………. അവന്റെ ദയനീയ മുഖം കണ്ട് വേഗം വിഷയം മാറ്റാൻ വേണ്ടി നില അവർക്ക് വേണ്ടത് എടുത്തു കൊള്ളാൻ പറഞ്ഞു പലഹാരവും ചായയും നീക്കി വച്ചു…………… എല്ലാവരും കഴിച്ചു കഴിഞ്ഞേരെ പത്രമെല്ലാം എടുത്തു അടുക്കളയിൽ കൊണ്ട് വക്കാൻ വന്ന ശ്രുതിയെ നില തടഞ്ഞു ഹാളിലേക്ക് പറഞ്ഞയച്ചു……….. ശ്രുതിയെ ഒഴിവാക്കി തിരിഞ്ഞപ്പോൾ കാണുന്നത് സാരി തല ഇടുപ്പിൽ കുത്തി സിങ്കിൽ നിന്ന് പത്രം കഴുകുന്ന രേവതിയെ ആണ്….. “” അമ്മ എന്താ ഈ ചെയ്യുന്നത്….. ഞാൻ ചെയ്തോളാം ഡ്രെസ്സിലൊക്കെ അഴുക്കാവും……”” “” അഴുക്കല്ലേ അത് കഴുകിയാൽ പോയിക്കോളും….. എനിക്കറിയാം പുറത്ത് നിന്ന് ആളുകൾ വന്നാൽ ഒരു അടുക്കളയിൽ ഉണ്ടാവുന്ന ബുദ്ധിമുട്ടോക്കേ…. മോള് വേറെ വല്ല പണിയും ചെയ്തോ….. ഇത് ഞാൻ ഏറ്റു….. “” രേവതിയുടെ സംസാരം കേട്ടപ്പോൾ എന്തിനോ കണ്ണുകൾ നിറഞ്ഞു…. അത് സഹായിക്കുന്നത് കൊണ്ടല്ല…….. ആ മോളെ എന്ന വിളിയിൽ സ്നേഹം നിറഞ്ഞു നിന്നിരുന്നു……….. ദിവസം വയ്ക്കുന്ന ചോറും ചെമ്പ് മാറ്റി കുറച്ച് വലുത് അടുപ്പിലേക്ക് വയ്ക്കുമ്പോളാണ് റൂമിൽ നിന്ന് ദേവൂട്ടിയുടെ കരച്ചിൽ കേട്ടത്…………..ചേമ്പ് അവിടെ വച്ചു നില റൂമിലേക്ക് ഓടി…………. ‘

ശരത്തിന്റെയും രാജേഷിന്റെയും അന്താരാഷ്ട്ര ചർച്ച ഒട്ടും ദഹിക്കാതെ വന്നപ്പോൾ ശ്രുതി എഴുനേറ്റു പുറത്തേക്ക് ഇറങ്ങി……. മഴ പെയ്തു മുറ്റമെല്ലാം ചളി നിറഞ്ഞിട്ടുണ്ട്…. തലേ രാത്രിയിലെ മഴയിൽ അടർന്നു വീണു നിറം മങ്ങിയ മുല്ല അവൾ നിലത്ത് നിന്ന് രണ്ട് മൂന്നെണ്ണം കയ്യിലെടുത്തു മൂക്കിലേക്ക് അടുപ്പിച്ചു…… അതിന്റെ പകുതി ഗന്ധവും നഷ്ട്ടപെട്ടിരിക്കുന്നു ……….. അല്ലേലും എന്താണ് കൂടുതൽ നില നിൽക്കുന്നത്…….. എന്തിനും പരിധികളേറേ …… മനുഷ്യന്റെ സന്തോഷത്തിന് പോലും……… കയ്യിലെ മുല്ല താഴേക്ക് ഇട്ട് പടർന്നു കയറിയ വള്ളിയിൽ ഒന്ന് പറിച്ചു അതിന്റെ മൃതു ഗന്ധം വാസനിച്ചു മുടിയിൽ തിരുകി………. മതിലിന്റെ അപ്പുറത്ത് നിന്ന് ആരോ നോക്കുന്ന പോലെ തോന്നിയപ്പോൾ ശ്രുതി ഒന്ന് ഏന്തി നോക്കി ജിതിനാണെന്ന് കണ്ട് വേഗം തിരിഞ്ഞതും ഇടിച്ചു നിന്നത് ആരുടെയോ നെഞ്ചിലാണ്…….. കണ്ണുകൾ ഇറുക്കെ അടച്ചു തല പൊക്കി നോക്കിയപ്പോൾ കണ്ടത് നന്ദുവിനെയാണ്….. പിടഞ്ഞു കൊണ്ട് അവൾ മാറി നിന്നു………. അവന്റെ മുഖത്തും ഒരു വെപ്രാളം ഉണ്ടായിരുന്നു………. “” നന്ദുവേട്ടാ നമുക്കൊന്ന് നടന്നാലോ…….. “”” ശ്രുതിയുടെ പ്രതീക്ഷയോടെയുള്ള ചോദ്യം കേട്ട് അവൻ ചിരിച്ചു തലയനക്കി മുന്നിൽ നടന്നു………

“”അടുത്ത മഴ വരുന്നുണ്ട് കാറ് വന്ന് മൂടിയിട്ടുണ്ട് ……..”” “” താൻ വാടോ മഴയല്ലേ ഒന്ന് നഞ്ഞാലും കുഴപ്പമില്ല…….. മുകളിലേക്ക് നോക്കി മുണ്ട് ഒന്ന് മടക്കി കുത്തി നന്ദു നടന്നു…… പിറക് വശത്തു നിന്ന് മുന്നിലേക്ക് വന്ന പാറുവും കിച്ചുവും കാണുന്നത് ശ്രുതിയുടെ കൂടെ നടന്നു പോവുന്ന നന്ദുവിനെയാണ്……. ചെറിയൊരു അസൂയ പാറുവിന് എവിടെയോ മുള പൊട്ടി……… തല പൊക്കി കിച്ചുവിനെ നോക്കിയപ്പോൾ അവനും അവരെ തന്നെ നോക്കി നിൽക്കുകയാണ്…….. “” വാ കിച്ചു സേട്ടാ നമുക്ക് അങ്ങോട്ട് പോവാ…. “” “” അവർ സംസാരിക്കുകയല്ലേ പാറു…….. അതൊക്കെ കഴിഞ്ഞിട്ട് പോവാം ……. “” “” വേണ്ട…… വാ കിച്ചു സേട്ടാ…. നമുക്ക് പോവാ………. അത്രയും നേരം ചിരിച്ചു കൊണ്ട് നിന്ന മുഖമൊക്കെ മാറി വാശി പിടിക്കുന്ന പാറുവിനെ വിഷമിപ്പിക്കാൻ തോന്നിയില്ല…. അവളുടെ കയ്യും പിടിച്ചു നടന്നു…… റോഡ് ക്രോസ് ചെയ്യ്തു പടത്ത് എത്തിയപ്പോൾ തന്നെ പാറു കിച്ചുവിന്റെ കൈ വിട്ട് ഓടി ശ്രുതിയുടെയും നന്ദുവിന്റെ നടുക്ക് കയറി നിന്നു നന്ദുവിനെ കൂർപ്പിച്ചു നോക്കി……

“”നീ എന്തിനാടി സ്വന്തം ഇങ്ങോട്ട് വന്നത്….ഇനിയും വണ്ടി തട്ടി കയ്യ് പൊട്ടി കിടക്കാനാണോ …..ഇങ്ങോട്ട് വരണേൽ ഒന്ന് വിളിച്ചാൽ പോരായിരുന്നോ… “” ആ സംസാരത്തിൽ മുഴുവൻ നിറഞ്ഞു നിന്നത് പറുവിനോടുള്ള സ്നേഹവും കരുതലുമാണെന്ന് മനസിലായ ശ്രുതി ഇഷ്ട്ടത്തോടെ അവരെ നോക്കി നിന്നു ….. “” ഓ നാൻ സോന്തം അല്ല ബന്നത്…… കിച്ചു സേട്ടൻ ഉണ്ട്…….. “” മുഖം കോട്ടി പിറകിലേക്ക് നോക്കി കിച്ചുവിനെ ചൂണ്ടിയപ്പോൾ ശ്രുതിയും വേഗം തിരിഞ്ഞു…… നന്ദുവിനാണേൽ എല്ലാം കയ്യിൽ നിന്ന പോയി എന്ന അവസ്ഥയിലായി……… “” കിച്ചു ഏട്ടൻ എന്താ അവിടെ തന്നെ നിൽക്കുന്നത്….. വാ….. കിച്ചു അടുത്തേക്ക് വന്നപ്പോൾ അവർക്ക് ഒപ്പം നടക്കാനായി നന്ദു പാറുവിന്റെ കൈ പിടിച്ചു മുന്നിലേക്ക് നിന്നു……..3 പേരും പരസ്പരം ഒന്നും സംസാരിച്ചിരുന്നില്ല………. മഴയുടെ വരവറിയിച്ച പോലെ കാറ്റവരെ വന്ന് പുൽകി നടത്തത്തിനിടയിൽ ശ്രുതിയുടെയും കിച്ചുവിന്റെയും അകലം കുറഞ്ഞു വന്നിരുന്നു കൈകൾ ഇടയ്ക്ക് കൂട്ടി മുട്ടിയപ്പോൾ ശ്രുതി വേഗം പിൻ വലിച്ചു കാറ്റിൽ ആടിയുലയുന്ന പുല്ലിലൂടെ വിരലുകളോടിച്ചു……….രണ്ട് ചുണ്ടുകളിലും മനോഹരമായ ഒരു ചിരി തെളിഞ്ഞു………

“” ഇറ്റ് എൻറ്റാ ആരും ഒന്നും മിൻറ്റാത്തത്…… നിക്ക് ബോരടിക്കുന്നു …………. “” സഹി കേട്ട് പാറു നന്ദുവിന്റെ മുഖത്തേക്ക് നോക്കി….. “”നിന്നോട് ആരേലും പറഞ്ഞോ ഇങ്ങോട്ട് എഴുന്നള്ളാൻ ….. അവിടെ എവിടേലും ഇരുന്നാൽ പോരായിരുന്നോ…..”” “” വിക്രമൻ എൻറ്റിനാ ശുതിയെ കൊൻറ്റ് ഇങ്ങോട്ട് വന്നത്….. അറ്റല്ലേ നാനും കിച്ചു സേട്ടനും ഇവിടേക്ക് വന്നത്…….. “” “” ഞങ്ങൾ പോവുന്ന എല്ലാ സ്ഥലത്തേക്കും നീ വരോ….. “” “” ഓ ബരും….. “” വാശി പോലെ പാറു തിരിച്ചടിച്ചു…… “” ശ്രുതി നീ ഇന്ന് പോവുമ്പോൾ ഇവളെയും കൊണ്ട് പോവണം ട്ടോ …… നാളെ കോളേജിലേക്ക് വരുമ്പോൾ കൊണ്ട് വന്നാൽ മതി………നിനക്ക് ഫ്രീ ആയിട്ട് ഒരു bodyguard നെയും കിട്ടും ……. “” കോളേജെന്ന് കേൾക്കേണ്ട താമസം പാറു നന്ദുവിന്റെ കൈ വിട്ട് മുന്നിൽ നടന്നു…. “” പോന്നു നന്ദു അവൾ തന്നെ നേഴ്സറിയിൽ പോവുന്നത് എങ്ങനെ മുടക്കാം എന്ന് ആലോജിച്ചു നിൽക്കാണ്… പ്ലാസ്റ്റർ ഇന്ന് മാറ്റാൻ ഡോക്ടർ പറഞ്ഞതാണ്…. ഇനി അത് അഴിച്ചാൽ സ്കൂളിൽ പോയി തുടങ്ങേണ്ടി വരോ എന്ന് വച്ചിട്ടാണ് വരില്ല എന്ന് പറഞ്ഞു മടിച്ചിരിക്കുന്നത് .. അതിന്റെ ഇടയിലാണ് നിന്റെ കോളേജ്…… “” നന്ദു ചിരിച്ചു ഓടി പാറുവിന്റെ അടുത്ത് പോയി തലയ്ക്ക് ഒരു കൊട്ട് കൊടുത്തു……

“” വിക്രമ……. “” “” എന്തോ……. “” “” എനിക്ക് ശുതിയെ ഈസ്‌റ്റമായില്ല….. “”” മുഖത്തേക്ക് നോക്കാതെ ആണ് പാറു പറയുന്നത് നന്ദു അവൾ പറയുന്നത് കേട്ട് ഞെട്ടി പിറകിലേക്ക് നോക്കി ശ്രുതി വല്ലതും ഇത് കേട്ടോ എന്ന്…… രണ്ട് പേരും നല്ല സംസാരത്തിൽ ആണെന്ന് കണ്ടപ്പോൾ ഒരു സമാധാനമായി…………. “” അത് എന്താ പാറുസിന് ഇഷ്ട്ടമില്ലാത്തത്…. “” “” അരില്ല……. “” “‘അപ്പോൾ എന്തോ ഒന്ന് ഉണ്ട്…….”” “” എനിക്ക് ഈസ്‌റ്റായില്ല വിക്രമ…. അവരെന്തിനാ വന്നേ…… “” “” ഇത് നല്ല കോള്…… നിന്നേ കാണാൻ അല്ലേ പെണ്ണേ അവർ വന്നത്……… അതിന് പെണ്ണ് ഒന്നും മിണ്ടിയില്ല…….രാവിലത്തെ ഉത്സാഹം ഒന്നും നന്ദുവിന് അവളിൽ കാണാൻ കഴിഞ്ഞില്ല…….മുഖമൊക്കെ വല്ലാതെ ഇരിക്കുന്നു……. എന്തോ ഉണ്ടെന്ന് അവന് മനസിലായി……… “” കിച്ചുവേട്ട എനിക്ക് ഒരു ഹെല്പ് വേണം……”” കിച്ചു എന്താണെന്ന രീതിയിൽ ശ്രുതിയെ നോക്കി… “” ഈ നാട്ടിൽ എനിക്ക് ആരെയും പരിജയം ഇല്ല അതാണ്………”” “” താൻ കാര്യം പറ …… “” “” അത് ഞാൻ പറയാം….. കൂടെ നിൽക്കോ….. “” “” നിൽക്കുന്നതിൽ കുഴപ്പമൊന്നും ഇല്ല………… താൻ എന്താണെന്ന് പറ…. “” “” അത് ഇവിടെ നിന്ന് പറഞ്ഞാൽ ശേരിയാവില്ല.. “” “” എന്നാൽ താൻ ഫ്രീ ആവുമ്പോൾ പറഞ്ഞോ…”” ശ്രുതി ഒന്ന് ചിരിച്ചു

“” എന്നാലും നിങ്ങക്ക് ബ്രദർ ആള് കൊള്ളാം ട്ടോ…… എന്നേ ഒന്ന് പറ്റിച്ചു…… “” കിച്ചു കാര്യം മനസിലാവാത്ത പോലെ ശ്രുതിയെ നോക്കി………… “”അതെല്ലാം ഞാൻ വിശദമായി പറഞ്ഞു തരാം … എന്റെ കൂടെ നാളെ ഒരിടം വരെ വരണം…… നമ്പർ തന്നാൽ മതി ഞാൻ വിളിക്കണ്ട് ……”” പറഞ്ഞു കൊണ്ട് ശ്രുതി വയലിൽ നിന്ന് മാറി ദൂരെ നടന്നു പോവുന്ന നന്ദുവിനെയും പാറുവിനെയും നോക്കി…… “” ഇവർ രണ്ട് പേരും തമ്മിൽ വല്ലാത്തൊരു ബോണ്ട്‌ ഉണ്ടെന്ന് തോന്നുന്നല്ലേ….. “” “” കണ്ടാൽ കീരിയും പാമ്പും ആണേലും ഒരാള് ഇല്ലേൽ മറ്റൊരാൾക്ക്‌ ഭയങ്കര മിസ്സിങ്ങാണ് …..നന്ദു ആണേൽ എപ്പോളും പെണ്ണിനെ ചൂടാക്കാൻ നടക്കും…. പാറു ആണേൽ അത്രയും വിട്ട് കൊടുക്കില്ല…… “” “” എനിക്ക് അസൂയ തോന്നുന്നു…….. “” “” എന്തിന്…….. “” “” ഈ വീട് കാണുമ്പോൾ……… നമുക്ക് തിരിഞ്ഞു നടന്നാലോ…….. ഇറങ്ങണം….. ഉച്ചയ്ക്ക് ക്ലാസ്സിൽ കയറാൻ ഉള്ളതാണ്………”” അത് സമ്മതിച്ചു കൊണ്ട് കിച്ചു തിരിഞ്ഞു….. “” അല്ല അവരെ വിളിക്കുന്നില്ലേ…… “” “” അവർ വരുമെടോ……..ഇനി ഇപ്പോൾ നമ്മൾ പോയാലും അവർക്ക് കുഴപ്പമില്ല…….. “” കിച്ചുവിന്റെ കൂടെ നടക്കുമ്പോളും ശ്രുതി തിരിഞ്ഞു നോക്കി പാറുവിന്റെ കൈ കരുതലോടെ പിടിച്ചു വെള്ളത്തിലേക്ക് ഇറക്കുകയാണ് നന്ദു…… അവൻ പറഞ്ഞത് കേട്ട് പെണ്ണ് ഉറക്കെ ചിരിക്കുന്നുണ്ട്………. അത് കാണെ ഒരു സന്തോഷം……….. ”

കിച്ചുവിന്റെ കൂടെ വീട്ടിൽ എത്തിയ ശ്രുതി മുന്നിലെ കാഴ്ച കണ്ട് നോക്കി നിന്നു…… അച്ഛന്റെ മടിയിലേക്ക് ദേവൂട്ടിയെ ഇരുത്തി കൊടുക്കുന്ന അമ്മ….. അച്ഛന്റെ മുഖത്ത് പേടി തെളിഞ്ഞു കാണുന്നുണ്ട്………. അമ്മ ദേവൂട്ടിയെ നോക്കി എന്തൊക്കയോ പറഞ്ഞു ചിരിക്കുന്നു….. അത് മനസിലാവുന്ന പോലെ ദേവൂട്ടിയും തുള്ളി ചാടുന്നുണ്ട്……… എല്ലാം കണ്ട് കൊണ്ട് ശരത്തിന്റെ കയ്യിൽ മുറുകെ പിടിച്ചു കൊണ്ട് നിലയും…… “” നിലേച്ചിയുടെ വീട്ടിൽ ഉള്ളവരോന്നും വരാറില്ലേ…ചേച്ചിയുടെ വീട് എവിടാ….. “” “” ഏട്ടത്തി ഓർഫണ…. “” ശ്രുതി ഞെട്ടി കിച്ചുവിനെ തന്നെ നോക്കി നിന്നു….. 🦋തിരികെ വരും 🦋