24/04/2026

ശ്രുതി : ഭാഗം 30

രചന – ഭദ്ര രുദ്ര

” ശ്രുതി ആർ യു സീരിയസ് ??? ”

പതറിയ ശബ്ദത്തോടെയാണ് അഭിയേട്ടൻ എന്നോട് ചോദിച്ചത് . എന്നാൽ എന്റെ സ്വരം ഉറച്ചതായിരുന്നു .

” യെസ് ”

” ശ്രുതി താൻ എന്നെ കളിപ്പിക്കാതെ കാര്യം പറയടോ ”

” ഞാനെന്തു പറയാൻ , കാര്യം തന്നെയാണ് ഇതുവരെ പറഞ്ഞത് അത് അഭിയേട്ടന് കളിയായി തോന്നിയെങ്കിൽ അത് എന്റെ തെറ്റല്ല . ”

” എടോ ഞാനങ്ങനെ പറഞ്ഞതല്ല , ഞാൻ എങ്ങോട്ടാണ് പോകുന്നതെന്ന് തനിക്കറിയാമോ ? ”

” അറിയില്ല . എങ്ങോട്ടാ പോകുന്നത് ? ”

” അതൊന്നും അറിയാതെയാണോ താൻ എന്റെ കൂടെ വരാൻ പോകുന്നത് ? നീ എന്തു വിശ്വസിച്ചാണ് എന്റെ കൂടെ വരാം എന്ന് പറഞ്ഞത് ? ”

” ഇന്നത്തെ കാലത്ത് ഒരു പെൺകുട്ടി ഒരു ആണിന്റെ കൂടെ വരാം എന്നു പറയുന്നുണ്ടെങ്കിൽ അതിൽനിന്നും മനസ്സിലാക്കി കൂടെ അവൾക്ക് അയാളെ എത്രത്തോളം വിശ്വാസമുണ്ടെന്ന് . ”

ആർമിയുടെ വായടക്കാൻ അപ്പോൾ അങ്ങനെ ഒരു ഡയലോഗ് അടിക്കേണ്ടത് ആയി വന്നു . അതോടെ ആർമിയുടെ കിളി പോയി എന്നു തോന്നുന്നു .

” ഹലോ ആർമി , ഹലോ ഫോൺ കട്ട് ആയോ ”

” ഇല്ലെടോ എനിക്കെന്തോ താൻ പറഞ്ഞ റിപ്ലൈ കേട്ടപ്പോൾ മനസ്സിൽ എന്തോ പോലെ ”

” അയ്യോ എന്റെ പൊന്നു ആർമി തെറ്റിദ്ധരിക്കല്ലേ , ഞാൻ പറഞ്ഞത് ഇന്നത്തെ കാലത്ത് ഒരു പെൺകുട്ടി ഒരാണിനെ സ്വന്തം സഹോദരനെ പോലെ കണ്ട് കൂടെ വരാം എന്നു പറയുമ്പോൾ അവളെ ഒരു നല്ല ഫ്രണ്ടിനെ പോലെ സഹായിക്കുകയും ഒരു സഹോദരിയെ പോലെ കാണുകയും ചെയ്യുക എന്നതാണ് 😉 ”

” സഹോദരിയെ പോലെയോ ??????? ”

” ആ എന്താ പറ്റില്ലേ ? ”

” പറ്റില്ല … എനിക്കിപ്പോൾ തന്നെ ആവശ്യത്തിലധികം സഹോദരിമാരുണ്ട് . അതുകൊണ്ടുതന്നെ ആ പോസ്റ്റ് ഫുള്ളായി കഴിഞ്ഞു . ഇനി ഗേൾഫ്രണ്ട് 😉 , ലവർ 😍 , വൈഫ് 😜 എന്നീ പോസ്റ്റുകൾ മാത്രമേ ബാക്കിയുള്ളൂ . ഇതിലേത് പോസ്റ്റിലേക്കാ നിനക്ക് പ്രമോഷൻ വേണ്ടത് ??? 😇 ”

” അയ്യടാ , അപ്പൊ ഇതാണല്ലേ മനസ്സിലിരിപ്പ് . തൽക്കാലം ആ പോസ്റ്റുകൾ ഒന്നും എനിക്ക് വേണ്ട . എനിക്ക് ആർമിയുടെ ബെസ്റ്റ് ഫ്രണ്ട് എന്ന പോസ്റ്റ് മാത്രം മതി . പിന്നെ അതിൽ നിന്ന് ഒരു പ്രമോഷൻ വേണമെങ്കിൽ ഞാൻ തന്നെ ചോദിച്ചോളാം 😉 ”

” എന്ത് 😇😃😇 ??? ”

” തൽക്കാലം ഒന്നുമില്ല . അല്ല , ഇയാൾ എങ്ങോട്ടാണ് നാടുവിട്ടുപോകാൻ പോകുന്നത് ? ”

” ഞാനോ …… ഞാൻ അങ്ങ് ദൂരെ വയനാട്ടിലേക്ക് . അവിടെ ചുരം കയറി മുകളിൽ എത്തുമ്പോൾ ഇരുളം – പുൽപ്പള്ളി എന്ന സ്ഥലത്തെത്തും . അവിടെ നിന്ന് റബ്ബർ തോട്ടത്തിലൂടെ ഒരു രണ്ട് കിലോമീറ്റർ യാത്ര. ആ യാത്ര നേരെ തേയിലത്തോട്ടത്തിലെത്തും അവിടെനിന്നും കയറിയാൽ നീണ്ടു നിവർന്നു കിടക്കുന്ന കാടെത്തി . കാട്ടിൽ നിന്നും അൽപ സമയത്തെ യാത്രയ്ക്കൊടുവിൽ കാടിന്റെ ഒത്ത നടുക്കുള്ള കോവിലകം ഗസ്റ്റ് ഹൗസ് എത്തി . അവിടേക്കാണ് എന്റെ യാത്ര . ഞാൻ എങ്ങോട്ടാ പോവുന്നതെന്ന് മനസ്സിലായല്ലോ , ഇനി പറ താൻ പോരുന്നോ എന്റെ കൂടെ ”

പിന്നെ ഒന്നും ഓർക്കാൻ നിന്നില്ല . ആർമിയുടെ വിളിക്ക് കാതോർത്ത് എന്നപോലെ ഞാൻ മറുപടി കൊടുത്തു .

” ഞാനും വരാം , എനിക്ക് തൽക്കാലത്തേക്ക് ഒരു ചേഞ്ച് ആവശ്യമാണ് ”

” ഞാൻ എപ്പോഴാണ് തന്നെ കൂട്ടാൻ വരേണ്ടത് ? ”

” ഇന്നുതന്നെ ”

” ഇന്നോ ? ആർ യൂ സീരിയസ് ? ”

” യെസ് . സമയം സ്ഥലവും ഞാൻ വാട്സ്ആപ്പ് ചെയ്യാം . ”

” ഒക്കെ ”

ആർമി യോട് സംസാരിച് കഴിഞ്ഞതിനുശേഷം നേരെ താഴേക്ക് ചെന്നു . എല്ലാവരും താഴെ തന്നെ ഉണ്ടായിരുന്നു . ഓരോരുത്തരും അവരുടേതായ പണികളിൽ തിരക്കിലായിരുന്നു . ഇന്നൊരു ദിവസം കൂടിയേ എനിക്ക് ഇത്രയും സ്നേഹമുള്ള ഈ ഫാമിലിയുടെ കൂടെ നിൽക്കാൻ സാധിക്കൂ എന്ന അറിവ് എന്റെ മനസ്സിനെ വല്ലാതെ വേദനിപ്പിക്കുന്നു . പോകുന്നതിനു മുൻപ് അവർക്കുവേണ്ടി ഞാൻ എന്തെങ്കിലും ചെയ്യേണ്ടേ , വേണം ചെയ്തേ പറ്റൂ . ചെറിയച്ഛന്റെ സമ്മതം വാങ്ങി എല്ലാവരെയും കൊണ്ട് ഒരു ഔട്ടിംഗ് പോകാൻതന്നെ ഞാൻ തീരുമാനിച്ചു .

ചെറിയമ്മയും ചെറിയച്ഛനും ഇല്ലെന്നു പറഞ്ഞ് ഒഴിഞ്ഞുമാറി . സ്വാതിയും ശ്വേതയും ശ്രേയയും പുറത്തു കറങ്ങാൻ പോകുന്നതിനുള്ള ത്രില്ലിലാണ് . ഇവരേയും കൊണ്ട് ഒറ്റയ്ക്ക് പുറത്തു പോകുന്നത് റിസ്കാണ് , അതുകൊണ്ട് എന്തായാലും ലാലുവിനെ കൂടി കൂടെ കൂട്ടാം . ലാലുവിനെ വിളിച്ചപ്പോൾ ആദ്യം അവൻ ഒന്നു മടിച്ചു നിന്നെങ്കിലും . അവന്റെ വണ്ടിയിൽ ഫുൾ ടാങ്ക് എണ്ണ അടിച്ചു തരാം എന്നു പറഞ്ഞപ്പോൾ അവൻ കൂടെ വരാമെന്ന് സമ്മതിച്ചു .

ഞങ്ങളെല്ലാവരും പോകാൻ തയ്യാറായി കാറിൽ കയറിയിരുന്നു . ലാലുവിനെ കൂടെ ഫ്രണ്ട് സീറ്റിൽ ഇരുന്നത് ഞാനാണ് . അവരും മൂന്നുപേരും ബാക്ക് സീറ്റിലാണ് ഇരുന്നത് . ലാലു ഡ്രൈവിംങ്ങിൽ ശ്രദ്ധ കേന്ദ്രീകരിച്ചു . നമ്മുടെ മൂവർ സംഘം പുറത്തെ കാഴ്ചകൾ എല്ലാം കണ്ടിരിക്കുകയാണ് . ഞാൻ ഇവരെ വിട്ടുപിരിയുന്നതിലുള്ള ദുഃഖത്തിലും . ടൗണിലെ തന്നെ ഏറ്റവും വലിയ ഷോപ്പിംഗ് മോളിന് മുന്നിൽ തന്നെ ലാലുവിനെ വണ്ടി പോയി നിന്നു . ഞങ്ങൾ എല്ലാവരും വണ്ടിയിൽ നിന്നും ഇറങ്ങിയ ഉടൻ ലാലു വണ്ടി പാർക്ക് ചെയ്യാൻ പോയി . ലാലു വന്നതിനുശേഷം ഞങ്ങൾ എല്ലാവരും ഷോപ്പിംഗ്‌ മാളിൽ കയറി .

ശ്രേയയും ശ്വേതയും മറ്റേതോ വിസ്മയലോകത്ത് ചെന്നു പെട്ട ഒരു അവസ്ഥയിലായിരുന്നു . ഞാൻ അവരെയും കൂട്ടി നേരെ ലേഡീസ് സെക്ഷനിലേക്ക് പോയി . അവർക്ക് മൂന്നു പേർക്കും വേണ്ട ഡ്രസ്സ് മുഴുവൻ വാങ്ങിക്കൊടുത്തു . ചെറിയമ്മയ്ക്ക് കുറച്ച് സാരിയും വാങ്ങി . ഒപ്പം എനിക്കും കുറച്ചു മോഡേൺ ഡ്രസ്സും വാങ്ങി . അത് കഴിഞ്ഞു നേരെ ഞങ്ങൾ ജെൻസ് സെക്ഷനിലേക്ക് പോയി . ലാലുവിനും ചെറിയച്ഛനും കുറച്ച് ഡ്രസ്സ് വാങ്ങി . അപ്പോഴാണ് വൈറ്റിൽ റെഡ് ഡിസൈൻ വർക്ക് ഉള്ള ഒരു റ്റീ ഷർട്ട് എന്റെ കണ്ണിൽ പെട്ടത് . അൽപ്പനേരം നോക്കിയതിനുശേഷം ഞാൻ അതും വാങ്ങി . എല്ലാവർക്കും ഒരുമിച്ച് ഡ്രസ്സ് എടുത്തത് കൊണ്ട് ടീഷർട്ട് ആർക്ക് വാങ്ങിയതെന്ന ചോദ്യം മൂവർ സംഘത്തിന് അടുത്ത് നിന്നും വന്നില്ല .

ഡ്രസ്സ് സെക്ഷനിൽ നിന്നും പുറത്തിറങ്ങിയപ്പോൾ ഞാൻ നമ്മുടെ മൂവർ സംഘത്തിനോട്‌ ചോദിച്ചു , ഇനി എന്തെങ്കിലും വേണോന്ന് . അതിനുള്ള ഉത്തരം ചാടിക്കേറി പറഞ്ഞത് ശ്രേയ ആണ് . അവൾക്ക് കുറച്ച് കോസ്മെറ്റിക് ഐറ്റംസ് വേണമെന്ന് . പിന്നെ എല്ലാവർക്കും അവർക്ക് വേണ്ട എല്ലാ വിധ ഐറ്റംസും വാങ്ങി കൊടുത്തു . പർച്ചേസിംഗ് എല്ലാം കഴിഞ്ഞപ്പോൾ ഞങ്ങളെല്ലാവരും നേരെ ഷോപ്പിങ് മാളിന് താഴെയുള്ള കൂൾബാറിൽ കയറി .

” എല്ലാവർക്കും എന്താ വേണ്ടതെന്നു വെച്ചാൽ ഓർഡർ ചെയ്തോളൂ ”

ശ്വേത : ” ഇതെന്താ ശ്രുതി ചേച്ചി , ചേച്ചിക്ക് ഇന്ന് വല്ല ലോട്ടറിയും അടിച്ചോ ? ”

ശ്രേയ : ” അത് തന്നെയാണ് ഞാനും ആലോചിക്കുന്നത് . ”

ലാലു : ” അവൾക്ക് ലോട്ടറി അടിക്കുകയോ അടിക്കാതിരിക്കുകയോ എന്ത് വേണമെങ്കിലും ചെയ്തോട്ടെ , എന്തായാലും നമുക്ക് അല്ലേ കോൾ അടിച്ചത് ”

ശ്രേയ : ” അത് ശരിയാ 😁 ”

ലാലു : ” എന്ത് ശരിയാണെന്ന് , നിനക്ക് അല്ലേ ശരിക്കും കോൾ അടിച്ചത് . ശ്രുതിയുടെ പോക്കറ്റ് കീറുന്ന വിധത്തിൽ അല്ലേ നിന്റെ പർച്ചേസ് ”

ശ്രേയ : ” ഞാൻ അതിനു മാത്രം ഒന്നും പർച്ചേസ് ചെയ്തിട്ടില്ല . ”

ലാലു : ” ഹേയ് ഇല്ല , ഒരു വീടിന് അടിക്കാനുള്ള പുട്ടി മുഴുവൻ നീ വാങ്ങിയിട്ടില്ലേ ”

ശ്രേയ : ” ലാലു ചേട്ടന് ഞാൻ സുന്ദരിയായി നടക്കുന്നതിൽ അസൂയയാണ് ”

ലാലു : ” ഒരുപാട് പുട്ടി വാരി തേച്ചാൽ സുന്ദരിയാകും എന്ന് നിന്നോട് ആരാ പറഞ്ഞത് , ഈ സൗന്ദര്യം എന്നൊക്കെ പറയുന്നത് നമ്മുടെ മനസ്സിലാണ് വേണ്ടത് അല്ലാതെ ശരീരത്തിനല്ല . പെൺകുട്ടികൾ എന്ന് പറഞ്ഞാൽ എപ്പോഴും നാച്ചുറൽ ബ്യൂട്ടി ആയിരിക്കണം . ശരിക്കും നമ്മുടെ ശ്രുതിയെ പോലെ ”

ശ്രേയ : ” അങ്ങനെ പറ , ഇപ്പോഴല്ലേ മനസ്സിലായത് ശ്രുതി ചേച്ചി ഇതൊക്കെ വാങ്ങിത്തന്നതിന് സോപ്പിടുകയാണല്ലേ ? ”

ലാലു : ” ഒരാളെ സോപ്പിടാൻ വേണ്ടി ചുമ്മാ പൊക്കി പറയുന്ന സ്വഭാവം ഒന്നും ഈ ലാലുവിന് ഇല്ല . ഞാൻ പറഞ്ഞത് സത്യമാണ് . വിദേശത്ത് ജനിച്ചു വളർന്നിട്ടും ശ്രുതി നാടൻ ശൈലിയിൽ ആണ് എപ്പോഴും ജീവിക്കുന്നത് . അതുകൊണ്ട് പറഞ്ഞെന്നേയുള്ളൂ . ഇനി ഇതും പറഞ്ഞ് എന്നെ തിന്നാൻ വരണ്ട ”

സീൻ കയ്യിൽ നിന്ന് പോകും എന്ന് തോന്നിയപ്പോൾ അവസാനം ഞാൻ തന്നെ അവർക്കിടയിൽ കയറി ഇടപെട്ടു.

” മതി മതി , ഇനി നിങ്ങൾ തമ്മിൽ ഇതിന്റെ പേരിൽ വഴക്കിടണ്ടാ . നിങ്ങളൊക്കെ എന്താ കഴിക്കാൻ വേണ്ടതെന്നു വച്ചാൽ ഓർഡർ ചെയ്യാൻ നോക്കൂ . വല്ലതും കഴിച്ചിട്ട് നമുക്ക് ഫിലിമിന് പോകാം ”

” സത്യമാണോ ശ്രുതി ചേച്ചി ? ”

” അതെ മോളെ , വേഗം ഓർഡർ ചെയ്യാൻ നോക്കൂ ”

ഞാൻ അത് പറയേണ്ട താമസം അപ്പോൾ തന്നെ അവരോരോരുത്തരും ഓരോ ഫുഡ് വിളിച്ചു പറയാൻ തുടങ്ങി . ഫുഡ് കഴിച്ചതിനു ശേഷം ഞങ്ങൾ ഫിലിം കാണാനായി പോയി . ഫിലിം കണ്ടു കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തുമ്പോൾ വൈകുന്നേരം 7 മണി കഴിഞ്ഞിരുന്നു . വീട്ടിൽ തിരിച്ചെത്തിയപ്പോൾ മുതൽ ഇവരെ എല്ലാവരെയും പിരിയണല്ലോ എന്ന ചിന്ത എന്നെ വല്ലാതെ അലട്ടിയിരുന്നു . ഇനി കുറച്ചു സമയം കൂടിയേ ഞാൻ ഇവരുടെ കൂടെ ഉണ്ടാവു . ആ നിമിഷങ്ങൾ എല്ലാം എന്നും ഞാൻ ഓർക്കുന്ന തരത്തിലായിരിക്കണം . അങ്ങനെ ഓരോന്നോർത്ത് ഇരിക്കുമ്പോഴാണ് ചെറിയമ്മ എല്ലാവരെയും ചോറുണ്ണാൻ വിളിച്ചത് . എല്ലാവരുടെ ഒപ്പമുള്ള അത്താഴം കഴിക്കുമ്പോഴും മനസ്സു മുഴുവൻ നീറുകയായിരുന്നു . ഇവരുടെയൊക്കെ കൂടെയുള്ള എന്റെ അവസാനത്തെ അത്താഴം . എല്ലാവരുടെയും കൂടെയിരുന്നു ഞങ്ങൾ എല്ലാവരും ഒരുമിച്ച് ഭക്ഷണം കഴിച്ചു .

അതിനുശേഷം അല്പസമയം എല്ലാവരുടെയും കൂടെ ഇരുന്നു സംസാരിച്ചു . ഇന്നെന്തോ അവരോടൊക്കെ എത്ര സംസാരിച്ചിട്ടും മതിയാവുന്നില്ല . ഒരു പക്ഷേ ഇനി അവരോടൊന്നും സംസാരിക്കാൻ കഴിയില്ല എന്ന ചിന്തയാകാം ഈ രാത്രി ഒരിക്കലും പുലരാതിരുന്നെങ്കിലെന്നു എന്റെ മനസ്സ് ഒത്തിരി കൊതിച്ചു . സാധാരണ എന്നും മൂവർ സംഘത്തിന്റെ കൂടെ കിടന്നിരുന്ന ഞാൻ ഇന്ന് ഓരോ കാരണങ്ങൾ പറഞ്ഞു അവരിൽ നിന്നും മാറി കിടന്നു . ഇന്നത്തെ എന്ത് യാത്രയിൽ ഒരു തടസ്സം ഇല്ലാതിരിക്കാൻ ആണ് ഞാനങ്ങനെ ചെയ്തത് .

രാത്രിയുടെ ഇരുട്ട് എല്ലായിടത്തും പരന്നപ്പോൾ എല്ലാവരും ഉറക്കത്തിലേക്കു വഴുതി വീണെന്ന് തോന്നിയപ്പോൾ ഞാൻ നേരത്തെ തന്നെ പാക്ക് ചെയ്തു വച്ചിരുന്നു എന്റെ ഡ്രസ്സും സാധനസാമഗ്രികളും ബാഗും എല്ലാം എടുത്തു റൂമിനു പുറത്തേക്ക് വന്നു . ഞാൻ സ്വാതിയും ശ്വേതയും ശ്രേയയും കിടക്കുന്ന റൂമിലേക്ക് കയറി അവരുടെ മേശപ്പുറത്ത് ഞാൻ എഴുതി വച്ചിരുന്നു കത്ത് അവർ കാണത്തക്കവിധത്തിൽ വെച്ചു . പതിയെ ശബ്ദമുണ്ടാക്കാതെ അവരുടെ റൂമിൽ നിന്നും പുറത്തിറങ്ങിയ ഞാൻ വീടിന് പുറത്തേക്കിറങ്ങി . ആർമിയോട് പറഞ്ഞ ലൊക്കേഷനിലേക്ക് നടക്കുമ്പോൾ ആ രാത്രിയിൽ ഞാനറിയാതെ എന്നെ ഒരു നിഴൽ പിന്തുടരുന്നുണ്ടായിരുന്നു .

( തുടരും )