22/04/2026

ഇനിയും : ഭാഗം 11

രചന – അഞ്ജു തങ്കച്ചൻ

അമ്മു അവർക്കരികിലേക്ക് വന്നു.
ഞങ്ങൾ പോട്ടെ അച്ഛാ…?അവൾ ഷിജുവിന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു.

ആ ചോദ്യം കേട്ടതും അയാളുടെ ഉള്ളുപിടഞ്ഞു.
പൊയ്ക്കോട്ടേ എന്ന് ചോദിക്കുന്നത്,ഈ അച്ഛനിൽ നിന്നുമുള്ള ഇറങ്ങിപ്പോക്കാണ് .
അയാൾക്ക്‌ സഹിക്കാൻ കഴിയാത്ത സങ്കടം തോന്നി.

പിന്നെ ഞാൻ ആർക്കുവേണ്ടി ജീവിക്കണം മോളേ, അതുകൂടി പറഞ്ഞിട്ട് പൊയ്ക്കോ.

എനിക്ക് അറിയില്ല അച്ഛാ… ഒന്നുമറിയില്ല.
എനിക്ക് രണ്ടാളെയും ഇഷ്ട്ടമാ… അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

മോൾക്ക്‌ രണ്ടാളും ഉണ്ടാകും, രണ്ടിടങ്ങളിൽ ആയിരിക്കും എന്നേഉള്ളൂ…
ഹിമ അവളുടെ കണ്ണുനീർ തുടച്ചു.

വരൂ… മോളിപ്പോൾ ഒന്നും ആലോചിക്കേണ്ട,
മോൾക്കും, അച്ഛനും, അമ്മയ്ക്കും ഈ തീരുമാനം കൊണ്ട് നല്ലതേ വരൂ..ഹിമ അവളെ ചേർത്ത് പിടിച്ചുകൊണ്ട് പുറത്തേക്ക് നടക്കാൻ ആഞ്ഞതും ഷിജു പെട്ടന്ന് ഹിമയുടെ കൈയിൽ പിടിച്ചു.

ഹിമ തിരിഞ്ഞ് നോക്കി.

അയാളുടെ കണ്ണുകൾ നിറഞ്ഞിട്ടിട്ടുണ്ട്, ആദ്യമായാണ് ആ കണ്ണുകൾ നിറഞ്ഞ് ഹിമ കാണുന്നത്.

പോകാതിരുന്നൂടെ…. എന്റെ തെറ്റുകൾ ഞാൻ സമ്മതിക്കുന്നു. ശരിയാണ് പലപ്പോഴും
നിന്നെ കണ്ടില്ലെന്ന് നടിച്ചിട്ടുണ്ട്.
പക്ഷെ,അമ്മയ്ക്കും ഭാര്യക്കും ഇടയിൽ കിടന്നുരുകുന്ന ഞങ്ങൾ ആണുങ്ങളെ കാണാൻ, അവരുടെ വിഷമങ്ങൾ മനസിലാക്കാൻ ആരും ഇല്ല.

ഷിജു അത്രയ്ക്ക് ഉരുകാൻ, ഷിജുവിന്റെ അമ്മയോട് ഞാൻ വഴക്ക് ഉണ്ടാക്കിയിട്ടില്ല. അവർ ഇങ്ങോട്ടാണ് ഓരോന്നും പറയുന്നത്. എല്ലാം കേട്ട് മൗനമായി ഇരുന്നിട്ടേ ഉള്ളൂ ഞാൻ..

എപ്പോഴെങ്കിലും ഞാൻ വഴക്കുണ്ടാക്കുന്നത് ഷിജു കണ്ടിട്ടുണ്ടോ?

ഇല്ല.

ഷിജുവിന്റെ അമ്മ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ ഷിജുവിന് കഴിയുമായിരുന്നു, എന്നിട്ടും ഒന്നും കാണാത്ത പോലെ ഇരുന്നു.

ഇനി ഒരു പ്രശ്നവും ഉണ്ടാകാതെ ഞാൻ ശ്രെദ്ദിച്ചോളാം. അയാൾ പറഞ്ഞു.

അമ്മേ… അമ്മുക്കുട്ടി അവളുടെ കൈയിൽ പിടിച്ചു..
നമുക്ക് പോകണ്ട അമ്മേ

മോളേ, നീ കുട്ടിയാണ്. വിവാഹജീവിതത്തിൽ ഒരാൾ മാത്രം എല്ലാം ത്യജിച്ച്‌, സ്വന്തം ജീവിതം, സമാധാനം, എല്ലാം ഉപേക്ഷിച്ച്‌ ഒരു കാവൽ നായയെ പോലെ ഇങ്ങനെ ജീവിക്കുന്നത് എന്തിനാ,അതൊന്നും ഒരു ജീവിതമല്ല മോളേ.
മോൾക്കതുമനസിലാവണമെങ്കിൽ മോൾ വളർന്ന്,വിവാഹിത ആകണം.

ഹിമാ…. പ്ലീസ്… ഷിജുവിന്റ ശബ്‌ദം ഇടറിയിരുന്നു.
പോവണ്ട അമ്മേ… അച്ഛന് നമ്മൾ അല്ലാതെ വേറെ ആരാ ഉള്ളത്..

ഒരവസരം താടോ എനിക്ക്. ഒരു നല്ല ഭർത്താവാകാൻ,നല്ലൊരു അച്ഛനാകാൻ.

അമ്മേ… അച്ഛൻ പാവമല്ലേ.

അമ്മുവിന്റെ കണ്ണുകളിലെ ദയനീയ ഭാവം ഹിമക്ക് കണ്ടുനിൽക്കാൻ കഴിഞ്ഞില്ല. ഇനിയും അവളെ സങ്കടപ്പെടുത്താൻ പറ്റില്ല.

ഷിജു അവൾക്ക് നേരെ കൈ നീട്ടി..
അമ്മുവിന് നേരെ ഒന്ന് നോക്കിയിട്ട്, അയാൾ നീട്ടിയ കൈകളിൽ പിടിച്ച് അവൾ അകത്തേക്ക് കയറി.

ഓഹ്… പോക്കും വരവും ഒരുമിച്ചു കഴിഞ്ഞോ?
ഷിജുവിന്റ അമ്മ പുച്ഛത്തോടെ ചോദിച്ചു.

ഹിമ അവരെ തുറിച്ചു നോക്കി.

എന്താടീ നീ എന്നെ നോക്കി പേടിപ്പിക്കാൻ പോകുവാണോ, നിന്നെ പേടിക്കണ്ട കാര്യമൊന്നും എനിക്കില്ല.

കണ്ടില്ലെടാ.. നിന്റെ പെണ്ണുമ്പിള്ള എന്നെ തുറിച്ചു നോക്കുന്നത്.

അമ്മ പോയി സാരീ മാറ്റി വരൂ… അയാൾ പറഞ്ഞു.

എങ്ങോട്ട് പോകാനാടാ… അമ്മ സന്തോഷത്തോടെ ചോദിച്ചു.

ആദ്യം അമ്മ പോയി ഡ്രസ്സ്‌ മാറ്റി വരൂ…

ദാ… ഞാനിപ്പോൾ വരാം. അവർ വേഗം മുറിയിലേക്ക് പോയി.
സാരി മാറ്റി, പെട്ടന്നവർ ഇറങ്ങി വന്നു.

എങ്ങോട്ടാ പോകുന്നത് സിനിമക്കാണോ?

അല്ല..

പിന്നെ എങ്ങോട്ടാ…

അമ്മയുടെ മകൾ വരും. അവരുടെ കൂടെ അമ്മ പൊയ്ക്കോ.

ഓഹോ… അങ്ങനെയാണോ, നിനക്കിപ്പോൾ അമ്മയെ വേണ്ട അല്ലേ..

വേണ്ടെന്ന് ആര് പറഞ്ഞു. കുറച്ച് ദിവസം അവിടെ പോയി നിൽക്ക്…

നിന്റെ ഭാര്യ പറഞ്ഞിട്ടായിരിക്കും അല്ലേ?

അല്ല, കഴിഞ്ഞ പതിനാറു വർഷവും അമ്മക്ക് മാറ്റം ഉണ്ടാകുമെന്നു ഞാൻ കരുതി. ഒരിക്കലും അമ്മക്ക് മാറാൻ കഴിയില്ല, അതെനിക്കറിയാം.എന്റെ ജീവിതം ഒന്നിന് വേണ്ടിയും കളയാൻ എനിക്ക് മനസ്സില്ല.

അവർ സംസാരിച്ച് കൊണ്ട് നിന്നപ്പോഴാണ് മുറ്റത്ത് വണ്ടി വന്ന് നിന്നത്.

വണ്ടിയിൽ നിന്നും ഷിജുവിന്റ ചേച്ചി ഇറങ്ങി വന്നു.

എന്താടാ വരാൻ പറഞ്ഞത്?
നീ അമ്മക്ക് കഴിഞ്ഞ മാസം ഏഴ് പവന്റെ മാല വാങ്ങിക്കൊടുത്തു എന്ന് അമ്മ പറഞ്ഞല്ലോ, എനിക്കൊന്നും വാങ്ങിയില്ലേ??വന്ന പാടെ അവർ ചോദിച്ചു.

ഇല്ല…

ഓ… ഭാര്യയും കുട്ടിയും ആയാൽ പിന്നെ പെങ്ങളെ മനപ്പൂർവം അങ്ങ് മറക്കും അല്ലേ..
നിനക്ക് നല്ല സാലറി ഉള്ളതല്ലേ അമ്മക്ക് വാങ്ങിയപ്പോൾ എനിക്കും കൂടെ വാങ്ങാമായിരുന്നു. നിനക്ക് കൂടെപ്പിറപ്പായിഞാനല്ലേ ഉള്ളൂ..

മോൾക്ക്‌ പരീക്ഷ ആയി,അതുകൊണ്ട് അമ്മയെ കുറച്ച് ദിവസത്തേക്ക് ചേച്ചി വീട്ടിൽ കൊണ്ടുപോയ്ക്കോളൂ…അത് പറയാനാ ചേച്ചിയോട് വരാൻ പറഞ്ഞത്.
പിന്നെ,അടുത്ത മാസത്തോട് കൂടി എനിക്ക് മിക്കവാറും മലപ്പുറത്തേക്ക് മാറ്റം കിട്ടും. അപ്പോൾ വന്ന് ഞാൻ അമ്മയെ
കൂട്ടിക്കൊള്ളാം.

നീയല്ലേ അമ്മയെ നോക്കേണ്ട ആൾ?അമ്മയെ നോക്കേണ്ടത് മകന്റെ കടമ അല്ലേ..

അമ്മയെ ഞാൻ നോക്കിക്കോളാം, ഇപ്പോൾ തല്ക്കാലം കുറച്ച് ദിവസത്തേക്ക് ഒന്ന് കൊണ്ടുപോകാനാണ് പറഞ്ഞത്.ഷിജു പറഞ്ഞു.

ഞാൻ എങ്ങനെ കൊണ്ടുപോകാൻ ആണെടാ, ചേട്ടന് അതൊന്നും ഇഷ്ട്ടമാകില്ല.

അതിന് നിങ്ങളുടെ വീട്ടിലേക്ക് കൊണ്ടുപോകാൻ അല്ല പറഞ്ഞത്. അമ്മയുടെ പേരിൽ കിടന്ന വീടും സ്ഥലവും നിങ്ങളുടെ പേർക്കല്ലേ അമ്മ എഴുതി തന്നത്. ആ വീട്ടിൽ അല്ലേ നിങ്ങൾ ഇപ്പോൾ താമസിക്കുന്നത്. അങ്ങോട്ട് അമ്മയെ കൊണ്ടുപോയാൽ മതി.

അത് എനിക്ക് ജോലിയൊന്നും ഇല്ലല്ലോ,നിനക്ക് ജോലി ഉണ്ടല്ലോ നല്ല ശമ്പളവും . അതുകൊണ്ടല്ലേ അമ്മ അത് എനിക്ക് തന്നത്.

പിന്നെ, നിനക്ക് ഹിമയുടെ വീട്ടിൽ നിന്നും ഇനി സ്ഥലത്തിന്റെ വീതം കിട്ടില്ലേ? അവിടെ വീട് വയ്ക്കാമല്ലോ നിനക്ക്.
എനിക്ക് ആകെ തന്നത് ഇരുപത്തിരണ്ട് പവനാ. അവർ പറഞ്ഞു

ആ ഇരുപത്തിരണ്ട് പവൻ ഈ ഞാൻ ഉണ്ടാക്കിയതാ, അല്ലാതെ നമ്മുടെ അച്ഛൻ മകൾക്ക് വേണ്ടി സമ്പാദിച്ചു വച്ചിരുന്നതല്ല. എന്നിട്ടും കണക്ക് പറഞ്ഞ് വീടും അതിരിക്കുന്ന പതിനഞ്ചു സെന്റും നിങ്ങൾ എഴുതി വാങ്ങി.
ഞാൻ മണ്ടനായത് കൊണ്ടല്ല അതൊക്കെ അനുവദിച്ചു തന്നത്. അയാളുടെ ഒച്ച ഉയർന്നു.
അമ്മയുടെ സ്വന്തം വീട്ടിൽ കുറച്ച് ദിവസത്തേക്ക് അമ്മയെ കൊണ്ടുപോകണം എന്നേ ഞാൻ പറഞ്ഞുള്ളൂ…

അതിന് നീയിങ്ങനെ ഒച്ച എടുക്കണ്ട, ഞാൻ എന്റെ മോളുടെ കൂടെ പോകുവാ.. അവൾ എന്നെ പൊന്നുപോലെ നോക്കും.
നീ നിന്റെ ഈ ഒണക്കക്കൊള്ളി പോലിരിക്കുന്ന പെണ്ണുമ്പിള്ളയേം കെട്ടിപ്പിടിച്ചിരിക്ക്.

അമ്മ മുറിയിലേക്ക് പോയി അലമാരയിൽ ഇരിക്കുന്ന സ്വർണ്ണവും അത്യാവശ്യം തുണികളും എടുത്തു.

ഞാൻ മേടിച്ചു തന്ന സ്വർണ്ണം തല്ക്കാലം കൊണ്ടുപോകേണ്ട. എന്റെ അധ്വാനത്തിന്റെ ഫലമാണ് അമ്മ ഓരോ മാസവും കണക്ക് പറഞ്ഞ് മേടിച്ച്‌ആ കാശിനു സ്വർണ്ണം വാങ്ങി സൂക്ഷിക്കുന്നത്.

രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ഞാൻ പെട്ടപാട് പറഞ്ഞാൽ ആർക്കും മനസിലാകില്ല.

പിന്നെ ഒരു പെങ്കൊച്ചല്ലേ വളർന്നു വരുന്നത് അവൾക്ക് വേണ്ടി എന്തെങ്കിലും സമ്പാദ്യമായിക്കോട്ടെ എന്ന് കരുതിയാ ഞാൻ ഇതൊക്കെ വാങ്ങുന്നതിൽ നിന്നും അമ്മയെ തടയാതിരുന്നത്.
ഇതൊക്കെ ഇനി അമ്മ അമ്മയുടെ മകൾക് കൊടുത്താൽ എന്റെ അധ്വാനം വെറുതെ ആകും. അതുകൊണ്ടിത് എന്റെ കൈയിൽ ഇരിക്കട്ടെ.
അയാൾ സ്വർണ്ണം
എടുത്തുകൈയിൽ പിടിച്ചു.

നീയത് തരുന്നുണ്ടോ അമ്മ ദേഷ്യത്തോടെ അയാളുടെ നേർക്ക് കൈ നീട്ടി.

ഇല്ല… അത്യാവശ്യം മാലയും കൈനിറച്ചും വളയും ഉണ്ടല്ലോ ശരീരത്തിൽ, അത് മതി.

എടാ മര്യാദക്ക് എന്റെ സ്വർണ്ണം തരാനാ പറഞ്ഞത്.

ആഹാ… അത് കൊള്ളാമല്ലോ. ഞാൻ പണിയെടുത്ത പൈസക്ക് ഒരു വിലയും ഇല്ലേ..
ഇതിപ്പോൾ തല്ക്കാലം തരുന്നില്ല.

അയാൾ സ്വന്തം മുറിയിലേക്ക് പോയി.

വരൂ അമ്മേ നമുക്ക് പോകാം മകൾ അമ്മയുടെ കൈ പിടിച്ചു.

നീ നശിച്ചു പോകുവെ ഉള്ളൂ.. ഹിമയുടെ മുന്നിൽ വന്ന് നിന്ന് അവർ പ്രാകി.
ഹിമ ഒന്ന് ചിരിച്ചു.

അവർ വണ്ടിയിൽ കയറി പോയതും ഹിമ ഷിജുവിന്റ അടുത്തേക്ക് ചെന്നു.

അമ്മയെ പറഞ്ഞ് വിടേണ്ടിയിരുന്നില്ല ഹിമ ഷിജുവിനോട് പറഞ്ഞു.

ഇനി വേറെ വാടക വീട് നോക്കണം.
അടുത്ത മാസം വരെ സമയം ഉണ്ടല്ലോ. വീട് മാറിക്കഴിഞ്ഞ് അമ്മയെ വിളിച്ചു കൊണ്ടുവരാം.
അതുവരെ അമ്മ അവിടെ നിൽക്കട്ടെ മകളുടെ സ്വഭാവം അമ്മയും ഒന്നറിയട്ടെ. അമ്മയും ഇത്തിരി ഒന്ന് ഒതുങ്ങട്ടെ… അയാൾ പറഞ്ഞു.

അമ്മൂ… ഇന്ന് സ്കൂളിലേക്ക് അച്ഛൻ വിടാം. ഞാൻ വേഗം പോയി കുളിച്ചിട്ട് വരാം.

അമ്മു തലയാട്ടി….
കുളി കഴിഞ്ഞ് വന്ന് ഡ്രസ്സ്‌ മാറ്റി ഷിജു വേഗം ഇറങ്ങി.

അമ്മുവും ഷിജുവും പോകുന്നത് ഹിമ നോക്കി നിന്നു.

അച്ഛാ… ശരിക്കും അച്ഛന് സ്ഥലംമാറ്റം കിട്ടിയോ? വണ്ടിയിൽ അച്ഛനോടൊപ്പം ഇരിക്കുമ്പോൾ അമ്മു ചോദിച്ചു

മിക്കവാറും കിട്ടുമെന്നാണ് അറിഞ്ഞത്.

അപ്പോൾ നമ്മൾ ഇവിടെ നിന്നും പോകുമോ?

പിന്നെ പോകാതെ?

ഇനി നമുക്ക് സ്വന്തമായി ഒരു വീട് പണിയണം അമ്മൂ…

അച്ഛമ്മയെ കൊണ്ടുവരില്ലേ…?

കൊണ്ട് വരണോ?

വേണം, പക്ഷെ അച്ഛമ്മ വല്ലാത്ത കുശുമ്പിയാണ്. അതൊക്കെ മാറിയിട്ട് കൊണ്ടുവന്നാൽ മതി.

അമ്പടീ… അയാൾ ഉറക്കെ ചിരിച്ചു.

അമ്മു സീറ്റിലേക്കു നന്നായി ചേർന്നിരുന്നു.

ഇവിടെ നിന്നും പോയാൽ തന്റെ ഹൃദയം കവർന്ന ആളെ പിന്നെ എങ്ങനെ കാണും.

വിശ്വനാഥൻ എന്ന ആ മനുഷ്യനെ കാണാതിരിക്കാൻ തനിക്ക് പറ്റുമോ?

ഇല്ല…. അതിനൊരിക്കലും കഴിയില്ല.
ഇനി എന്ത് ചെയ്യും അമ്മു ആലോചനയോടെ ഇരുന്നു.

*************
തുടരും