18/04/2026

മയിൽപ്പീലി : അവസാന ഭാഗം

രചന – നെച്ചു നസ്രിൻ

പീലി റൂമിലെത്തി കുളിച്ച് ഫ്രഷായി ഭദ്രയുടെ വാലിൽ തൂങ്ങി വിശേഷങ്ങളോരോന്നും പറയാൻ തുടങ്ങി. വീണയുടെ കാര്യമൊക്കെ കേട്ടപ്പോൾ അവർക്ക് സങ്കടം തോന്നി.

“ആഹ് എത്രയായാലും ഒരു പെൺകുട്ടിയല്ലേ. തെറ്റ് ചെയ്‌തെന്ന് പറഞ്ഞാലും അനുഭവിക്കാനുള്ളതെല്ലാം അനുഭവിച്ചു. എന്റെ മോൾ ചെയ്തത് തന്നെയാ ശെരി. അമ്മയ്ക്കതിൽ സന്തോഷമേയുള്ളൂ. ഭഗവാൻ എല്ലാം നന്നായി നടത്തി തരട്ടെ. മോൾ എങ്കിൽ കഴിച്ചിട്ട് നേരത്തെ കിടക്കാൻ നോക്ക്. ഇത്രയും യാത്ര ചെയ്തതല്ലേ ക്ഷീണം ഉണ്ടാകും.സൂരജിനെ കൂടി വിളിക്ക്”.

കിടക്കുന്ന കാര്യം പറഞ്ഞപ്പോൾ പെട്ടെന്നവൾക്ക് കഴിഞ്ഞ ദിവസം സൂരജിനോട് പറഞ്ഞത് ഓർമ വന്നു. തങ്ങളുടെ മുറി. അവൾക്കൊരു വിറയലും വെപ്രാളവും അനുഭവപ്പെട്ടു. കഴിക്കാൻ ഇരിക്കുമ്പോൾ പീലി ഇടക്കിടക്ക് സൂരജിനെ പാളി നോക്കി. അവൻ ഫുൾ കോൺസെൻട്രേഷൻ ആഹാരത്തിലേക്ക് തിരിച്ചാണ് കഴിക്കുന്നത്. പീലി നോട്ടം മാറ്റിയതും സൂരജിൽ വിരിഞ്ഞ കുസൃതി ചിരി പീലി കണ്ടില്ല.

അമ്മ പോയി കിടന്നോളാൻ പറഞ്ഞിട്ടും പീലി വീണ്ടും ഓരോ ജോലി ചെയ്യാനെന്ന പേരിൽ അവിടെ കറങ്ങി തിരിഞ്ഞു. ഒടുവിൽ മറ്റൊരു വഴിയുമില്ലാതെ മുറിയിലേക്ക് തന്നെ പോകാൻ തീരുമാനിച്ചു. മുറിയുടെ വാതിലിൽ നിന്ന് ക്രമം തെറ്റിയ നെഞ്ചിടിപ്പിനെ വരുതിയിലാക്കാൻ ഒരു പാഴ് ശ്രമം നടത്തി.

” സ്വന്തം ഹൃദയമാണ് എന്ന് പറഞ്ഞിട്ടെന്താ കാര്യം. ഒട്ടും അനുസരണയില്ല. ചെണ്ട കൊട്ടും പോലെയല്ലേ കിടന്ന് തുള്ളിക്കളിക്കുന്നത്. ഒരൽപ്പം ഉളുപ്പ് എവിടുന്ന് ആരോട് പറയാൻ ആര് കേൾക്കാൻ “.

മുറിയിലെങ്ങും സൂരജിനെ കണ്ടില്ല. ബാത്‌റൂമിലും ഇല്ലെന്ന് ഉറപ്പായതോടെ പീലിയുടെ കാലുകൾ ബാൽക്കണിയിലേക്ക് ചലിച്ചു.

“ഓഹ് ഈ സാധനത്തിനു ബാൽക്കണിയിൽ ആരേലും കൈ വിഷം കൊടുത്തിട്ടുണ്ടോ. ഭഗവാനെ താനിതെന്തൊക്കെയാണ് പറയുന്നത്. ഇതിപ്പോ രേഷുന്റെ പ്രേതം വല്ലതും കൂടിയതാണോ. വിശന്നാൽ മാത്രമല്ല ടെൻഷൻ വന്നാലും നിങ്ങൾ നിങ്ങളല്ലാതെ ആകും “.

സൂരജ് പീലിയുടെ വരവ് പ്രതീക്ഷിച്ചു ആട്ടു കട്ടിലിൽ സ്ഥാനമുറപ്പിച്ചു.പീലി അവനെ നോക്കിയപ്പോൾ അവൻ കണ്ണ് കൊണ്ട് ചുറ്റും നോക്കാൻ കാണിച്ചു. അന്ന് കൊണ്ട് വെച്ച ചെടികൾ മിക്കതും പൂവിട്ടിട്ടുണ്ട്. മഞ്ഞയും വെള്ളയും ചേർന്ന ഓർക്കിഡ് ആണ് പീലികേറ്റവും ഇഷ്ട്ടം.

“ഇപ്പോ ഇവിടെ നല്ല ഭംഗിയുണ്ടല്ലേ. നിറയെ പൂവുകളായി “.

സൂരജ് ചിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല. അവൾ അവനരികിൽ വന്നിരുന്നു. സൂരജ് പീലിയുടെ കൈ കവർന്നു.അവൾ അവനോട് കുറച്ച് കൂടി ചേർന്നിരുന്നു.

“പീലി നിനക്കോർമ്മയുണ്ടോ നമ്മുടെ കല്യാണം കഴിഞ്ഞ ആദ്യ ദിവസങ്ങളിൽ മുറിയിലേക്ക് നീ വരുമ്പോളേക്കും ഞാനിവിടെ വന്നിരിക്കും. നീ ഉറങ്ങിയെന്നു ഉറപ്പ് വരുത്തിയതിനു ശേഷമാണു ഞാൻ റൂമിൽ വരുന്നത്. അന്നതൊരു ഒളിച്ചോട്ടമായിരുന്നു. പക്ഷേ ഇന്നിപ്പോൾ നീയില്ലാതെ എനിക്കാ മുറിയിൽ കുറച്ച് സമയം പോലും തനിച്ചിരിക്കാൻ കഴിയില്ല. അത്രത്തോളം നീ എന്നിൽ വേരിട്ടു കഴിഞ്ഞു”.

“എനിക്കറിയാം സൂരജേട്ടാ എന്നോടുള്ള സ്നേഹം ഓരോ നിമിഷവും ഞാനീ കണ്ണുകളിൽ കാണുന്നതല്ലേ. ഞാൻ ഇതിന് മാത്രം എന്ത് പുണ്യമാണ് ചെയ്തതെന്ന് എനിക്കറിയില്ല”.

അവൻ അവളുടെ കണ്ണുകളിലേക്കാണ് നോക്കിയത്.

“അതൊക്കെ പോട്ടെ ഇന്നലെ വലിയ എന്തോ ഡയലോഗ് അടിക്കുന്നത് കേട്ടു. നമ്മുടെ റൂം എന്തൊക്കെയോ ആണെന്നോ. എന്തായിരുന്നു. അപ്പോ എങ്ങനെയാണ്‌ . കാര്യപരിപാടികളിൽ മാറ്റമില്ലല്ലോ അല്ലെ”.

“അത് പിന്നെ,അതുണ്ടല്ലോ ,സൂരജേട്ടാ. ഞാനെ…”

“ഞാനിവിടെ അരിമണിയൊന്നും ഇട്ടിട്ടില്ല ഇങ്ങനെ കൊത്തിപെറുക്കാൻ”.

അത് പറഞ്ഞതും സൂരജ് പീലിയെ കയ്യിൽ കോരിയെടുത്തതും ഒന്നിച്ചായിരുന്നു. അവളവന്റെ ഷർട്ടിൽ മുറുക്കെ പിടിച്ചു.

“അയ്യോ താഴെ നിർത്തു സൂരജേട്ടാ ഞാൻ നടന്നു വന്നോളാം. നിർത്തിക്കേ”.

“മിണ്ടാതിരുന്നില്ലേൽ ഞാനിപ്പോൾ താഴേക്കെറിയും കേട്ടോ”.

അവനവളെ കട്ടിലിലേക്ക് കിടത്തി അരികിൽ ചേർന്നവനും കിടന്നു. പീലി കൂർപ്പിച്ചു നോക്കി.

” നീ നോക്കണ്ട ഇതൊക്കെ ഒരു ഭർത്താവിന്റെ മൗലികാവകാശമാണ്”.

“ഓഹ് ഒരു ഭർത്താവ് വന്നിരിക്കുന്നു”.

“എന്താടി എനിക്കൊരു കുറവ്.പറയെടി. കാണാൻ സുന്ദരനല്ലേ സൽസ്വഭാവിയല്ലേ സർവോപരി സൽഗുണ സമ്പന്നനല്ലേ”.

“ആണേ. സമ്മതിച്ചു”.

സൂരജ് ഒരു കയ്യാൽ പീലിയെ വലിച്ചടുത്തേക്ക് കിടത്തി. പീലി മുഖമുയർത്തിയില്ല. നെറ്റിയിലൊരു നനുത്ത ചുംബനം. അതിൽ സ്നേഹവും വാത്സല്യവും ലാളനയും ആയിരുന്നു. അവൾ അവനെ കെട്ടിപ്പിടിച്ചു.സൂരജിന്റെ കൈകളുടെ ബലം മുറുകുന്നത് മനസിലാക്കിയ പീലിയിൽ മറ്റെന്തോ വികാരം ഉടലെടുത്തു. സൂരജ് പീലിയുടെ മുഖത്തേക്ക് നോക്കി. അവന്റെ നോട്ടം അവളുടെ ചുണ്ടിലേക്കാണ് എന്നറിഞ്ഞതും പീലിയുടെ മുഖത്ത് നാണം വിരിഞ്ഞു. എന്നാലവൻ അവളുടെ പ്രതീക്ഷയ്‌ക്കെതിരായി മുഖം അവളുടെ കഴുത്തിടുക്കിലേക്ക് അമർത്തി.

സൂരജിന്റെ ചുണ്ട് പതിഞ്ഞിടം അവളിൽ കുളിർമ നിറച്ചു. അവളിട്ടിരുന്ന ടോപിനടിയിലൂടെ അവന്റെ വിരലുകൾ അവളുടെ അണിവയറിൽ കുസൃതി കാട്ടി. പീലി തളരിതയായി.

” സൂരജേട്ടാ.. എനിക്ക്…. മതി”.

പീലി കുറുകി. എന്നാൽ അവന്റെ വിരലുകൾ പലതും തേടി അലയുകയായിരുന്നു. ഒടുവിൽ അവളുടെ പൊക്കിൾ ചുഴിയിൽ അവന്റെ വിരലുടക്കിയതും പീലി പുളഞ്ഞു പോയി. രാത്രിയുടെ ഏതോ യാമങ്ങളിൽ അവരുടെ വസ്ത്രങ്ങൾ ഓരോന്നും വേർപെട്ടു കൊണ്ടിരുന്നു. ഇത് വരെ അനുഭവിക്കാത്ത ആ വികാരത്തിന്റെ തീവ്രതയിൽ പീലി സൂരജിനെ നോക്കാനാകാതെ അവനെതിരെ തിരിഞ്ഞു കിടന്നു. വെണ്ണ തോൽക്കുന്ന അവളുടെ പിൻകഴുത്തിൽ സൂരജിന്റെ ചുണ്ടുകളും നാവും മുദ്ര പതിപ്പിച്ചു. അവളുടെ ഉയർച്ച താഴ്ചകളെ തഴുകി തലോടി ചുംബിച്ചു കൊണ്ട് സൂരജൊരു സ്വർഗം അവൾക്കായൊരുക്കി. ഒടുവിൽ സുഖമുള്ളൊരു വേദനയോടെ അവളിലേക്ക് അമരുമ്പോൾ അവളുടെ വിരൽ അവന്റെ മുതുകിൽ മുറിവേൽപ്പിച്ചിരുന്നു.തന്റെയെല്ലാം അവൾക്കായി പങ്ക് വെച്ചും അവളുടേതെല്ലാം തന്റെ കൂടി സ്വന്തമാക്കിയും അവർ മത്സരിച്ചു പ്രണയിച്ചു കൊണ്ടിരുന്നു.

തളർന്നവന്റെ മാറിൽ വീഴുമ്പോൾ പീലിയുടെ കണ്ണിൽ നിന്ന് രണ്ട് തുള്ളി മിഴിനീർ സൂരജിന്റെ നെഞ്ചിലേക്ക് വീണു. അവനവളെ പൊതിഞ്ഞു പിടിച്ചു.

“നൊന്തോടി നിനക്ക്”?.

പീലി മറുപടിയൊന്നും പറയാതെ അവനെ മുറുക്കെ പുണർന്നു. പുറത്ത് മഴ തകർത്തു പെയ്തു. ഭൂമിയെ പുൽകാൻ കൊതിക്കുന്ന ഓരോ മഴത്തുള്ളിയെ പോലെ സൂരജ് വീണ്ടും അവളിലേക്ക് ആർത്തു പെയ്തു. പെയ്തു തോരാത്ത മഴയായി അവരും അവരുടെ പ്രണയവും പൂത്തു തളിർക്കട്ടെ.

രാവിലെ ആദ്യമുണർന്നത് സൂരജായിരുന്നു. അവൻ നോക്കുമ്പോൾ പീലി നല്ല ഉറക്കമാണ്. അവളുടെ മുടി അവന്റെ മുഖത്തും ദേഹത്തുമായി വിടർന്നു കിടക്കുന്നുണ്ട്. അവളുടെ മുഖത്തേക്ക് വീണു കിടന്ന മുടിയിഴകൾ അവൻ മെല്ലെ ഒതുക്കി വെച്ചു. പീലി പതിയെ കണ്ണ് തുറന്നു. മുന്നിൽ സൂരജിനെ കണ്ടതും അവളുടെ മനസ്സിൽ കഴിഞ്ഞ രാത്രി കടന്ന് വന്നു. അവളെണീക്കാൻ തുടങ്ങിയതും സൂരജ് അവളെ വട്ടം കെട്ടിപ്പിടിച്ചു.

“മിണ്ടാതേം പറയാതേം ഒരോട്ടം എന്താ. എന്നോട് ദേഷ്യമാണോ”?.

“എനിക്കെന്തിനാ ദേഷ്യം. അതും സൂരജേട്ടനോട്. സമയം വൈകി. ഞാൻ എണീക്കട്ടെ അമ്മ തിരക്കും”.

“കുറച്ച് നേരം കൂടി കഴിയട്ടെ എനിക്കെ ഇന്നലെ ഒന്നുമായില്ല”.

“എന്നാലേ എനിക്കെല്ലാമായി. മാറിക്കെ മയങ്ങാതെ”.

അവൾ പുതപ്പ് ചുറ്റി ബാത്‌റൂമിലേക്ക് ഓടുന്നത് സൂരജ് ചിരിയോടെ നോക്കി നിന്നു. അവൾ കുളി കഴിഞ്ഞ് പുറത്തേക്കിറങ്ങിയതും സൂരജ് അവളെ കടിക്കുന്ന രീതിയിൽ കോക്രി കാണിച്ചു ബാത്‌റൂമിലേക്ക് കയറി. മുടി വിടർത്തിയിട്ട് അവൾ ബാൽക്കണിയിൽ ചെന്ന് കഴിഞ്ഞ രാത്രിയിലെ കാര്യങ്ങൾ ഓർത്തെടുത്തു. മുഖം ചുവന്നു തുടുത്തു. തിരികെ മുറിയിലേക്ക് വന്നു സിന്ദൂര ചെപ്പിൽ നിന്നൊരു നുള്ള് സിന്ദൂരം അണിഞ്ഞതും സൂരജ് അവളുടെ വയറിൽ കൂടി പിടിച്ചതും ഒന്നിച്ചായിരുന്നു. അവൻ മുഖം അവളുടെ പിൻകഴുത്തിൽ അമർത്തി.

“പീലി നിനക്കറിയുമോ നല്ല ചന്ദനത്തിന്റെ മണമാണ് നിനക്ക്.നിന്റെ വിയർപ്പ് തുള്ളികൾക്ക് പോലും മധുരമാണ്”.

പീലി അവന്റെ കണ്ണുകളുടെ കാന്തികതയിൽ കുടുങ്ങി കിടന്നു. പെട്ടെന്നവന്റെ പിടി വിട്ട് വാതിലിനരികിലേക്ക് ഓടി.

“നിന്റെ ചാട്ടം എങ്ങോട്ടാണെന്നൊക്കെ എനിക്ക് മനസ്സിലാകുന്നുണ്ട് കേട്ടോ”.

“നിന്നെ എന്റെ കയ്യിൽ കിട്ടും”.

കുഞ്ഞു കുഞ്ഞു പിണക്കങ്ങളും അതിൽ കവിഞ്ഞ സ്നേഹവും പങ്കിട്ട് പീലിയും സൂരജും പ്രണയിച്ചു കൊണ്ടിരുന്നു. അവർക്കിടയിൽ ദിവസങ്ങളോ മാസങ്ങളോ കടന്ന് പോകുന്നത് പോലും അറിയാതെ. അമ്മയും അച്ഛനും അവരുടെ പ്രണയത്തിൽ മനസ്സ് നിറഞ്ഞു സന്തോഷിച്ചു. പവന് ലോകം തീരെ ചെറുതായത് പോലെ തോന്നി. എന്നും ഒരേ മുറി. നോക്കുന്നത് ഒരേ ചുവരിലേക്ക്. ആ കിടപ്പ് അവനെ ശ്വാസം മുട്ടിച്ചുകൊണ്ടിരുന്നു. ഒരേ കിടപ്പായത് കൊണ്ട് ശരീരത്തിൽ വ്രണം ഉണ്ടായതിനാൽ ഇപ്പോ വാട്ടർ ബെഡിലാണ് കിടക്കുന്നത്.

അവനിപ്പോൾ പലതും മനസിലാക്കാൻ തുടങ്ങിയിരിക്കുന്നു. പണവും പദവിയും കൊണ്ട് നേടിയെടുക്കാൻ കഴിയാത്ത പലതും ഭൂമിയിലുണ്ടെന്ന് അവൻ തിരിച്ചറിഞ്ഞു. അവന്റെ ചെവിയിൽ ആനന്ദിന്റെ വാക്കുകൾ മുഴങ്ങി.

“അതേ എല്ലാം ചെയ്തു കൂട്ടിയത് നിലനിൽപ്പിനു വേണ്ടിയും അന്നയ്ക്ക് വേണ്ടിയുമായിരുന്നു. എന്നിട്ടിപ്പോൾ കൂടെ അന്ന ഇല്ല. എനിക്കുള്ള ശിക്ഷ എനിക്ക് തന്നാൽ മതിയായിരുന്നില്ലേ. എന്റെ അന്നയോട് വേണമായിരുന്നോ.എത്രയോ ജീവിതങ്ങളുടെ കണ്ണീരിന്റെ കൂലിയാണ് ഞാൻ ഇപ്പോളനുഭവിക്കുന്നത്. എന്റെ ഈ ജീവിതം കൊണ്ട് ആർക്കും ഒരു പ്രയോജനവുമില്ല ഇപ്പോൾ”.

ആദ്യമായി അവന്റെ കണ്ണിൽ നിന്ന് ചെയ്തു പോയ പാപത്തെ ഓർത്തു രണ്ട് തുള്ളി കണ്ണീർ അടർന്നു വീണു. ആപ്പിൾ മുറിയിക്കാനായി കൊണ്ട് വെച്ച കത്തി അവൻ കൈ കൊണ്ട് എത്തിയെടുത്തു.

“ദൈവം നൽകിയ ജീവനെടുക്കാൻ ഞാൻ ഒരുപാട് തവണ കാരണക്കാരനായതാണ്. അതേ തെറ്റ് വീണ്ടും ആവർത്തിക്കുന്നു. എന്റെ അവസാനത്തെ പാപം”.

ആ കത്തി വിറയ്ക്കുന്ന കൈയ്യാൽ ഇടത്തെ കയ്യിലെ നീലഞ്ഞരമ്പിലേക്ക് അമർത്തി. ചോര ചീറ്റിതെറിച്ചു. കത്തി നിലത്തേക്ക് വീണു. ശരീരത്തിലെ അവസാന തുള്ളി ചോരയും നിലത്തേക്ക് ഇറ്റ് വീണു. ചങ്കിലെ പിടപ്പും നിലച്ചു.

8 മാസങ്ങൾക്കിപ്പുറം. ടൗണിലെ ഓഡിറ്റോറിയത്തിന് പുറത്ത് തീർത്ഥയുടെയും രാഹുലിന്റെയും ഫോട്ടോയോട് കൂടിയുള്ള ഫ്ലക്സ് വെച്ചിട്ടുണ്ട്.ഇന്നവരുടെ എൻഗേജ്മെന്റ് ആണ്.എല്ലാവർക്കും സന്തോഷമേകുന്ന കാര്യമായതിനാൽ തീർത്ഥയുടെ ഇന്റേൺഷിപ് കഴിഞ്ഞതും എൻഗേജ്മെന്റ് നടത്താൻ തീരുമാനിച്ചു. എല്ലാത്തിനും മുൻപിൽ സൂരജും ആനന്തും ക്രിസ്റ്റിയും ഓടി നടപ്പാണ്. പീലിയും രേഷ്മയും ഓഡിറ്റോറിയത്തിൽ മുന്നിലെ വരിയിൽ തന്നെയുണ്ട്.

ചില്ലി റെഡ് കളറിലെ ഹെവി വർക്ക്‌ ലാച്ചയാണ് തീർത്ഥ അണിഞ്ഞിരുന്നത്. രാഹുൽ അവൾക്കരികിൽ റെഡ് കുർത്ത അണിഞ്ഞു നിൽപ്പുണ്ട്. ഇരുവരും പേര് കൊത്തിയ മോതിരം വിരലിലേക്ക് ഇട്ട് കൊടുത്തു. പീലിയും രേഷ്മയും ഒരേ മോഡൽ എന്നാൽ രണ്ട് കളറിലെ സാരിയാണ് അണിഞ്ഞത്. ലൈറ്റ് പീച്ച് കളറിൽ പീലിയും ലൈറ്റ് പർപ്പിൾ കളറിൽ രേഷ്മയും അതി സുന്ദരിയായിരുന്നു. രേഷ്മയുടെ അടുത്തേക്ക് ആനന്ദ് വന്നു നിന്ന് സാരിയ്ക്കിടയിലൂടെ അനാവൃതമായ അവളുടെ വയറിൽ ഒന്ന് പിച്ചി. രേഷ്മ കൂർപ്പിച്ചൊന്ന് നോക്കിയതും ആനന്ദ് ചുണ്ട് കൊണ്ട് കിസ്സ് ചെയ്യുമ്പോലെ കാണിച്ചു.

സൂരജും പീലിയും മൗനമായി പ്രണയ സല്ലാപത്തിലായിരുന്നു. കണ്ണുകളിലൂടെ, പുഞ്ചിരിയിലൂടെ, സാമീപ്യത്തിലൂടെ പോലും പ്രണയം പങ്കിടുന്ന അവരെ രേഷ്മയും തീർത്ഥയും അത്ഭുതത്തോടെയാണ് നോക്കികാണുന്നത്. സൂരജ് നോക്കുന്നതറിഞ്ഞതും പീലി നാണത്തിലൊന്ന് ചിരിച്ചു. അപ്പോളാണ് സൂരജ് പീലിയെ ഒന്ന് കൂടി ശ്രദ്ധിച്ചത്. ഇന്നവളെ കാണാനൊരു പ്രത്യേക ഭംഗിയുണ്ട്. എന്താണെന്ന് മനസിലാകുന്നില്ല. പക്ഷേ വല്ലാത്ത ചൈതന്യം ആ മുഖത്ത് വ്യക്തമാകുന്നുണ്ട്.

തിരക്കുകളൊക്കെ ഒഴിഞ്ഞു എല്ലാവരും ഓരോകാര്യങ്ങൾ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു.നടന്നു വന്ന പീലിയ്ക്ക് പെട്ടെന്ന് തല ചുറ്റുന്നതായി തോന്നി. അവൾ കണ്ണ് വലിച്ചു തുറന്നു. അവളോട് മത്സരിക്കും വിധം അവ വീണ്ടും അടഞ്ഞു പോകുന്നു. എവിടെയെങ്കിലും പിടിക്കുന്നതിനു മുൻപ് പീലി താഴേക്ക് വീണു. സൂരജ് ഓടിവന്നവളെ താങ്ങിയെടുത്തു. ക്രിസ്റ്റി കാർ എത്രത്തോളം വേഗത്തിൽ ഓടിക്കാമോ അത്രത്തോളം വേഗത്തിൽ ഡ്രൈവ് ചെയ്തു. ഹോസ്പിറ്റലിൽ കാശ്വാലിറ്റിയ്ക്ക് മുന്നിൽ എല്ലാവരും അക്ഷമാരായി കാത്തിരുന്നു. ഡോക്ടർ പുറത്തേക്കിറങ്ങി പറഞ്ഞ കാര്യം അത്രയും നേരം എല്ലാവരിലും നിറഞ്ഞ ദുഖത്തെ അകറ്റാൻ കഴിവുള്ളതായിരുന്നു.

ബെഡിൽ മറ്റെങ്ങോ നോക്കിക്കിടന്ന പീലിയുടെ നെറുകിൽ സൂരജ് മുത്തി. ഒരു കുഞ്ഞി പീലിയോ ഒരു കുഞ്ഞി സൂരജോ വരവറിയിച്ചതിന്റെ സന്തോഷം എല്ലാവരിലും നിറഞ്ഞു.സന്തോഷത്തിനു ഇരട്ടി മധുരമായി പീലി ഫസ്റ്റ് റാങ്കോടെ പി ജി പാസ്സ് ആയി എന്ന സന്തോഷ വാർത്തയും അവരെ തേടിയെത്തി.പിന്നീടുള്ള ദിവസങ്ങൾ എല്ലാവരിലും ആനന്ദം നിറഞ്ഞതായിരുന്നു. ഒരു ഭർത്താവെന്ന നിലയിൽ മാത്രമല്ല ഒരച്ഛനെന്ന നിലയിലും സൂരജ് അവന്റെ കർത്തവ്യങ്ങൾ ഓരോന്നും ചെയ്തു കൊണ്ടിരുന്നു.9 മാസങ്ങൾക്കിപ്പുറം ആശുപത്രി വരാന്തയിൽ ടെൻഷൻ കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നതിനിടയിൽ നഴ്‌സ്‌ പുറത്തിറങ്ങി വന്ന് ആ സന്തോഷ വിവരം അറിയിച്ചു. “പീലി പ്രസവിച്ചു പെൺകുഞ്ഞ് “.

പീലിയുടെ കാര്യങ്ങളെല്ലാം ചെയ്യാൻ മുന്നിൽ തന്നെ രുക്‌മിണിയും വീണയുമുണ്ടായിരുന്നു. വീട്ടിലാകെ ആ കൊച്ചു കാന്താരിയുടെ കരച്ചിലും കളി ചിരിയും മുഴങ്ങി.പീലിയെ പോലെ നീണ്ട കണ്ണുകൾ നിറയെ പീലിയുള്ള ഒരു കൊച്ചു സുന്ദരി. കുഞ്ഞിന്റെ 28 ചടങ്ങിന് വയലറ്റ് കളറിലെ ബ്ലൗസിനോട് ഇണങ്ങുന്ന സെറ്റ് സാരിയാണ് പീലി ഉടുത്തിരുന്നത്.അവളൊരുങ്ങി ഇറങ്ങി വന്നത് കണ്ടപ്പോൾ സൂരജ് കണ്ണിമ ചിമ്മാതെ നോക്കി. അത് കണ്ട് അഭി ഒന്നാക്കി ചിരിച്ചു.

“എന്താടാ ഇങ്ങനൊരു നോട്ടം. നീ അതിനെ തിന്നുന്ന പോലുണ്ടല്ലോ”.

” അല്ലടാ ഇവൾക്കിപ്പോൾ ഭംഗി കൂടി കൂടി വരുകയാണ്. മുന്നിൽ പിടിച്ച് നിൽക്കാൻ ഞാൻ കുറച്ച് പാട് പെടും”.

സൂരജ് അവന്റെ മടിയിലേക്ക് കുഞ്ഞിനെയെടുത്തു വെച്ചു. കാതിലേക്ക് പേര് വിളിച്ചു” ദക്ഷ സൂരജ് “. തിരക്കൊഴിഞ്ഞു പീലി മുറിയിലേക്ക് വന്ന് കുഞ്ഞിനെ ഉറക്കി കിടത്തി കുളിക്കാനായി പോയി. കുളിച്ച് കൊണ്ട് നിന്നപ്പോൾ പുറത്ത് കുഞ്ഞിന്റെ കരച്ചിൽ കേട്ടു. അവൾ വേഗത്തിൽ വന്നതും സൂരജ് കുഞ്ഞിനെയെടുത്തു താലോലിക്കുന്നതാണ് കണ്ടത്. അവളൊരു ചിരിയോടെ ആ കാഴ്ച ആസ്വദിച്ചു നിന്നു.

“ഈ കുറുമ്പി ഉറങ്ങാതിരിക്കാനുള്ള അടവാണ് ഈ കരച്ചിൽ. എടുത്തപ്പോൾ കണ്ടില്ലേ ചിരിച്ചോണ്ടിരിക്കുന്നത്”.

“ആഹാ കൊള്ളാല്ലോ. ഞാൻ കരച്ചിൽ കേട്ട് ഓടി വന്നതാ”.

ഉറങ്ങിയ ദെച്ചുവിനെ പീലി തൊട്ടിലിലേക്ക് കിടത്തി. സൂരജ് ഇരു കയ്യും നീട്ടി പീലിയെ അവന്റെ നെഞ്ചിലേക്ക് ചായാൻ ആംഗ്യം കാണിച്ചു. ഒരുപാട് ദിവസങ്ങൾക്കു ശേഷം അവളവന്റെ നെഞ്ചിലെ ചൂട് പറ്റി കിടന്നു.

“സൂരജേട്ടാ ഒരു കാര്യം ചോദിക്കട്ടെ”?.

“ആയിക്കോട്ടെ”.

“അതേ സൂരജേട്ടന് എന്നെയാണോ വാവയെയാണോ കൂടുതൽ ഇഷ്ട്ടം”?.

“ആഹ് ബെസ്റ്റ് നല്ല ഫ്രഷ് ചോദ്യം. ഇനിയുമുണ്ടോ ഇത് പോലെ വല്ലതും”.

“കളിയാക്കാതെ. ഞാൻ ചോദിച്ചതിന് മറുപടി പറ.കുഞ്ഞിയെ സ്നേഹിക്കുന്നതിനിടയിൽ എന്നോടുള്ള സ്നേഹം കുറഞ്ഞു പോകുമോ”?.

“എന്റെ ആദ്യത്തെ കുഞ്ഞി ഈ പീലി പെണ്ണല്ലേ. നീ കഴിഞ്ഞല്ലേ എനിക്കാരുമുള്ളൂ. നമ്മുടെ കുഞ്ഞു എന്റെ കയ്യിലെത്താനായി നീ എന്ത് വേദന സഹിച്ചു.10 മാസം എന്തൊക്കെ കഷ്ടതകൾ അനുഭവിച്ചു. അപ്പോൾ എങ്ങനെയാടി എനിക്ക് നിന്നോടുള്ള സ്നേഹം കുറയുന്നത്”.

പീലി അവനെ ഇറുക്കെ കെട്ടിപ്പിടിച്ചു.അവരുടെ ലോകം സന്തോഷവും പ്രണയവും നിറഞ്ഞതായി മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു. എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും അവർക്കൊപ്പമുണ്ടായിരുന്നു.സൂരജിന്റെ ആഗ്രഹം പോലെ പീലി സൂരജിന്റേത് മാത്രമാണ്. എന്നും…

പീലിയുടെയും സൂരജിന്റെയും ജീവിതം മനോഹരമായി മുൻപോട്ടു പോകട്ടെ. എന്റെ പീലിയെയും സൂരജിനെയും മനസിലേറ്റിയ എല്ലാവരോടും സ്നേഹം ❤️. സാധികയെ ക്രിസ്റ്റിക്ക് കൊടുക്കണം എന്നാരൊക്കെയോ പറയുന്നത് കേട്ടു. ചിലരുടെ നഷ്ടവും ചിലരുടെ മനസിലെ മുറിവും കാലത്തിനു വിട്ട് കൊടുക്കുകയാണ്. അവർ അവരുടെ ലോകത്ത് വിഹരിക്കട്ടെ .ഇന്നലെ കമന്റ്‌ ചോദിക്കാത്തത് കൊണ്ട് ആരും വലിയ കമെന്റ് ഇട്ടില്ല. അത് കൊണ്ട് ഇന്ന് ഞാൻ ചോദിക്കും. അഭിപ്രായം പറയണേ. ഇനി അടുത്തൊരു കഥയുമായി ഞാൻ വരണോ അതോ കണ്ടം വഴി ഓടണോ എന്നും പറയണേ 😁. സ്നേഹം ❤️❤️