19/04/2026

മയിൽപ്പീലി : ഭാഗം 41

രചന – നെച്ചു നസ്രിൻ

സൂരജ് കോളേജിലേക്ക് പോകാനിറങ്ങിയ പീലിയെ ഒപ്പം വരാൻ നിർബന്ധിച്ചെങ്കിലും പീലി സ്നേഹപൂർവ്വം അത് നിരസിച്ചു. സൂരജിനോട് മാനസികമായി പൊരുത്തക്കേടൊന്നുമില്ലെങ്കിലും എന്ത് കൊണ്ടോ കോളേജിൽ ഒരുമിച്ച് പോകാൻ അവളുടെ മനസ് അനുവദിച്ചില്ല. ആ ഒരു കാര്യത്തിൽ സൂരജിന് പീലിയോട് ചെറിയ പരിഭവമുണ്ട്. അവനത് പലപ്പോഴായി പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ പീലിയത് മുഖവുരയ്‌ക്കെടുക്കാറില്ല. പതിവ് പോലെ കോളേജിലേക്ക് പീലിയും സൂരജും ഇറങ്ങി. അവളൊപ്പം വരാത്തതിന്റെ ഈർഷ്യ സൂരജിൽ ഉണ്ടായിരുന്നു. കോളേജിൽ വെച്ച് പരസ്പരം കണ്ടപ്പോൾ സൂരജിന്റെ മുഖത്ത് നിന്ന് അവന്റെ പരിഭവം അവൾ തിരിച്ചറിഞ്ഞു. അവന്റെ മുഖം കണ്ടപ്പോൾ അവൾക്ക് ചിരിയാണ് വന്നത്.

സൂരജ് ഫസ്റ്റ് ഇയർ കുട്ടികൾക്ക് ക്ലാസ്സ്‌ എടുത്ത് കഴിഞ്ഞ് തിരികെ സ്റ്റാഫ്‌ റൂമിലേക്ക് വരുമ്പോളാണ് തനിക്കെതിരെ നിൽക്കുന്ന അന്നയെ അവൻ കണ്ടത്. അവളുടെ മുഖമാകെ ചുവന്നു തുടുത്തിരുന്നു. കണ്ണുകൾക്ക് തെളിച്ചമില്ലാതെ ചുണ്ടിൽ പുഞ്ചിരിയില്ലാതെ മറ്റാരെയോ പോലെ തോന്നിച്ചു.മുടിയാകെ അലങ്കോലമായി അവളൊന്നാകെ ക്ഷീണം ബാധിച്ച പോലിരുന്നു.അവനവളെ നോക്കാതെ മുൻപോട്ടു നടന്നെങ്കിലും അന്ന അവന് മുൻപിലേക്ക് കൈ നീട്ടി തടഞ്ഞു. അവൻ അവളെ നോക്കി.

“സൂരജ് എനിക്കിങ്ങനെ പറ്റില്ല. എനിക്ക് ഭ്രാന്ത് പിടിക്കുന്നു. ഇത്രയും ദിവസം ഞാൻ നിന്നെ കാണാതെ എങ്ങനെ തള്ളി നീക്കിയെന്ന് എനിക്കറിയില്ല. എന്നെ കാണാതെ പോകാൻ ഇനിയും നിങ്ങൾക്കാകില്ല”. “പ്ലീസ് അന്ന. ഇതൊരു കോളേജ് ആണ്. ഇതിനു മുൻപ് താനുണ്ടാക്കിയ പ്രശ്നം മറന്നിട്ടില്ലല്ലോ. ഇനിയുമൊരു സീൻ ഉണ്ടാക്കാൻ എനിക്കൊരു താല്പര്യവുമില്ല. അത് കൊണ്ട് കുട്ടി ഇപ്പോ പോ”. “പറ്റില്ല. എത്ര നാൾ നിങ്ങളിങ്ങനെ എന്നെ ഒഴിവാക്കി നടക്കും. ഈ അന്നയുടെ ജീവിതത്തിൽ ഒരു പുരുഷനുണ്ടേൽ അത് നിങ്ങൾ മാത്രമായിരിക്കും.ഇവിടെ വെച്ച് സംസാരിക്കാനല്ലേ ബുദ്ധിമുട്ട്. ഓക്കേ വൈകിട്ട് ബീച്ചിൽ വരണം ഞാനവിടുണ്ടാകും. പക്ഷേ ഒരു കാര്യം , എനിക്കൊരു പോസിറ്റീവ് മറുപടി മാത്രമാണ് വേണ്ടത്. ഒരു എസ്ക്യൂസ്‌ പറഞ്ഞു എന്നെ ഒഴിവാക്കാം എന്ന് കരുതണ്ട. നിങ്ങൾക്കെന്നെ അറിയില്ല. വൈകിട്ട് 5 മണി. ഞാൻ കാത്തിരിക്കും”.

അന്ന വെട്ടിതിരിഞ്ഞു പോയി.സൂരജ് പകച്ചവളെ നോക്കി നിന്നു. അവളിലെ ഭ്രാന്തമായ ആവേശം ഒരു ഭയത്തോടെയാണ് അവൻ നോക്കി നിന്നത്. അവൻ കുറച്ച് മാറി ഫോണിൽ ആരെയോ വിളിച്ചു . അധികം വൈകാതെ തന്നെ അവൻ കുന്നുമ്മേൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന ഓഫീസ് സമുച്ചയത്തിന് മുന്നിൽ വന്ന് നിന്നു. ഐദനെ കാണാനായി അവന്റെ കാബിനിൽ കുറച്ച് നേരം ഇരിക്കേണ്ടി വന്നു സൂരജിന്. സൂരജിനെ കണ്ടതും ഐദന്റെ മുഖം പ്രകാശപൂരിതമായി. “ആഹ് ഇത് വലിയൊരു സർപ്രൈസ് ആയിപോയല്ലോ സൂരജ്. ഞാനിതൊട്ടും പ്രതീക്ഷിച്ചില്ല ഈ വരവ്. കുടിക്കാൻ എന്താ പറയേണ്ടത്”?. “നൊ എനിക്കൊന്നും വേണ്ട”. “അത് പറഞ്ഞാൽ പറ്റില്ല.ഇപ്പോ എന്റെ ഏറ്റവും വലിയ ഗസ്റ്റ് സൂരജാണ്”. “മിസ്റ്റർ ഞാൻ നിങ്ങളുടെ സൽക്കാരം സ്വീകരിക്കാൻ വന്നതല്ല. എനിക്ക് നിങ്ങളോട് പ്രധാനപ്പെട്ട ഒരു കാര്യം സംസാരിക്കാനുണ്ട്.ഞാൻ പറയാൻ പോകുന്നത് നിങ്ങളെങ്ങനെ എടുക്കുമെന്ന് എനിക്കറിയില്ല.

ഞാനിതിപ്പോൾ പറഞ്ഞില്ലെങ്കിൽ അത് ഒരിക്കലും നല്ലതാകില്ല”. “സൂരജ് ധൈര്യമായി പറഞ്ഞോ”. ” എനിക്കന്നയുടെ കാര്യമാണ് സംസാരിക്കാനുള്ളത്. ആ കുട്ടി മെന്റല്ലി വല്ലാത്തൊരു സ്റ്റേജിലാണ്. ഇന്ന് വീണ്ടും അതെ ആവശ്യവുമായി എന്നെ കാണാൻ വന്നിരുന്നു. ഞാൻ എത്രത്തോളം എതിർക്കുന്നോ അത്രത്തോളം ആ കുട്ടി എന്നിലേക്ക് അടുത്ത് കൊണ്ടിരിക്കുവാണ് “. “അവൾക്ക് നിങ്ങളെ അത്ര ഇഷ്ടാണ് സൂരജ്. അവളുടെ എല്ലാ ആഗ്രഹങ്ങളും ഞങ്ങൾ നടത്തികൊടുത്തിട്ടുണ്ട് എന്ത് വില കൊടുത്തും.അവളാദ്യമായാണ് ഒരാളോട് പ്രണയമാണെന്ന് പറയുന്നത്. അവൾ തന്നെ ഒരുപാട് മോഹിച്ചു പോയി. എന്റെ കൊച്ചിനെ നിങ്ങൾ കാണാതെ പോകരുത്”. “പ്ലീസ് ഐദൻ നിങ്ങൾക്കിപ്പോഴും ഞാൻ പറയുന്നതിന്റെ സീരിയസ്നെസ്സ് മനസിലായിട്ടില്ല. അന്ന ,അവളൊരു വല്ലാത്ത മാനസിക അവസ്ഥയിലാണ് ഇപ്പോളുള്ളത്. ഒരേ വീട്ടിൽ കഴിയുന്ന നിങ്ങൾക്ക് അവളുടെ ഭാവവ്യത്യാസങ്ങൾ മനസിലാകാതെ പോകുമെന്ന് ഞാൻ വിശ്വസിക്കില്ല. എനിക്കൊരിക്കലും അന്നയെ സ്വീകരിക്കാൻ കഴിയില്ല. ഞാൻ വിവാഹിതനാണ്. എന്റെ ഭാര്യയെ അല്ലാതെ മറ്റാരെയും ആ സ്ഥാനത് കാണാൻ എനിക്കാവില്ല. സ്നേഹം പണം കൊണ്ട് വാങ്ങാൻ ആകുന്നതല്ല.

ഭീഷണിപ്പെടുത്തിയോ തട്ടിപ്പറിച്ചോ അത് സ്വന്തമാക്കാൻ കഴിയില്ലാ”. “നിങ്ങളെന്താണ് പറഞ്ഞു വരുന്നത്.”? “ഒരു കൗൺസിലിങ്ങിലൂടെ അന്നയെ നോർമലാക്കാൻ നമുക്ക് കഴിയും. ഓരോ നിമിഷവും അവളിൽ അപകടകരമായ ഒരു വന്യതയാണ് നിറയുന്നത്. അത് തടഞ്ഞില്ലെങ്കിൽ ഒന്നും ആരുടെ കൈപിടിയിലും നിൽക്കില്ല. നാളെ ഒരു സമയം ഒന്നിനെ ഓർത്തും പരിതപിക്കേണ്ടി വരാതിരിക്കാനാണ് ഞാനിപ്പോൾ നിങ്ങളോട് ഇത് പറയുന്നത് “. “നിർത്തു നിങ്ങളെന്താണ് പറഞ്ഞു വരുന്നത് ?.എന്റെ അന്ന ഭ്രാന്തിയാണെന്നോ. അങ്ങനെയാണോ?.ഞാനിനി അവളെ വല്ല ഭ്രാന്താശുപത്രിയിലും കൊണ്ട് കിടത്തണമെന്നാണോ?. ഒന്ന് നിങ്ങൾ മനസിലാക്കണം അവൾക്ക് ആകെയുള്ള ഭ്രാന്ത്‌ നിങ്ങളോടുള്ള സ്നേഹം മാത്രമാണ് അതിനു നിങ്ങളവൾക്ക് കൊടുക്കുന്ന ശിക്ഷ നന്നായിരിക്കുന്നു”. “ഐദൻ നിങ്ങളെങ്കിലും കുറച്ചൊന്നു മനസിലാക്കാൻ ശ്രമിക്”. “വേണ്ട സൂരജ് ഇത്രയും നേരം അന്നയെ ഓർത്താണ് നിങ്ങളോട് മര്യാദക്ക് സംസാരിച്ചത്. അതിനി ഞാൻ മറന്നെന്നു വരും അത് കൊണ്ട് നിങ്ങളിവിടുന്ന് പോകണം”. സൂരജ് ദേഷ്യത്തോടെയും അമർഷത്തോടെയും പുറത്തേക്കിറങ്ങി. അവന് തലപെരുക്കും പോലെ തോന്നി. വീണ്ടും വീണ്ടും അന്നയുടെ ചുവന്ന കണ്ണുകൾ അവന്റെ മനസിലേക്ക് വന്നു.

അവൾ പോലും അറിയാതെ ദിനം പ്രതി അവളുടെ മാനസിക നില വശളായി കൊണ്ടിരിക്കുകയാണ്. അത് പറഞ്ഞു മനസിലാക്കാൻ തന്നെ കൊണ്ട് സാധിക്കില്ല.മനസിലാക്കേണ്ടവൻ അതിനു ശ്രമിക്കുന്നില്ല. അവന് എന്ത് ചെയ്യുമെന്ന് ഒരെത്തും പിടിയും കിട്ടിയില്ല. അവൻ കോളേജിന് കുറച്ച് മാറി കാർ ഒതുക്കി സ്റ്റെയറിങ്ങിൽ തല ചായ്ച്ചു കണ്ണടച്ചു.ക്ലാസിനു പുറത്തിരിക്കുമ്പോളാണ് പീലിയുടെ ഫോണിലേക്ക് സൂരജിന്റെ കാൾ വന്നത്. ഫോൺ എടുത്തു സംസാരിച്ച ശേഷം പീലിയുടെ മുഖത്ത് ടെൻഷൻ വ്യക്തമായി. “രേഷു ഞാൻ പോകുവാണേ, സൂരജേട്ടൻ ഇപ്പോ വിളിച്ചു.പുറത്ത് നിൽക്കുവാ എന്നോട് അങ്ങോട്ട് ചെല്ലാൻ പറഞ്ഞു”. “മ്മ്മ് മ്മ്മ് കറക്കമൊക്കെ തുടങ്ങിയെ . ഇനി പിടിച്ചാൽ കിട്ടില്ലെന്ന്‌ സാരം”. ” പോടീ സൂരജേട്ടൻ എന്തോ ടെൻഷനിലാ അതിനെ കുറിച്ച് എന്നോട് പറയാനാ വിളിച്ചത്”. കാറിനുള്ളിലേക്ക് കയറി സൂരജിന്റെ മുഖത്തേക്ക് നോക്കിയ പീലിയ്ക്ക് അവന്റെ മനസിന്റെ സമ്മർദ്ദം മനസിലായി. അവനവളെ ഒന്ന് നോക്കി മുന്നോട്ടെടുത്തു. ഒഴിഞ്ഞ കടൽ തീരത്ത് ഒരുമരത്തണലിൽ അവരിരുന്നു.

സൂരജിന്റെ മുഖത്തേക്ക് പീലി സൂക്ഷിച്ചു നോക്കി. “എന്ത് പറ്റി സൂരജേട്ടാ വല്ലാത്ത ടെൻഷനിലാണല്ലോ. എന്താ പറയാനുണ്ടെന്ന് പറഞ്ഞത്”?. ” വല്ലാത്തൊരു അവസ്ഥയിലൂടെയാണ് ഞാനിപ്പോൾ കടന്ന് പോകുന്നത്. എന്ത് വേണമെങ്കിലും സംഭവിക്കാം”. “കാര്യമെന്താണെന്ന് തെളിച്ചു പറ സൂരജേട്ടാ”. “ഞാനിന്ന് അന്നയെ കണ്ടിരുന്നു. കഴിഞ്ഞ ദിവസങ്ങളിലെ പോലെയല്ല അവളിപ്പോൾ. ഭ്രാന്തമായ അവസ്ഥയിലെത്തി ചേർന്ന് കഴിഞ്ഞു. അവൾ വളരെ അപകടകാരിയാണ്. എന്ത് എപ്പോ ചെയ്യുമെന്ന് പറയാൻ കഴിയില്ല. ഞാനിന്ന് അവളുടെ ചേട്ടനെ പോയ്കണ്ടിരുന്നു. ഞാൻ കഴിയും വിധം അയാളോട് പറഞ്ഞു. പക്ഷെ ഞാൻ പറയുന്നതൊന്നും അക്‌സെപ്റ് ചെയ്യാൻ അയാൾ തയ്യാറല്ല”. ” ഒരു കൗൺസിലിംഗ് ചെയ്താൽ അവളുടെ ഇപ്പോളത്തെ അവസ്ഥക്ക് മാറ്റം വന്നേക്കാം. ഇനിയും വൈകിയാൽ ചിലപ്പോ ഒരു ജീവൻ തന്നെ നഷ്ടമായെന്ന് വരാം”. “നമ്മളിപ്പോൾ എന്ത് ചെയ്യും. വേറെ വഴിയൊന്നുമില്ലേ”?. “എനിക്കലോചിച്ചിട്ട് ഭ്രാന്ത്‌ പിടിക്കുന്നു. എന്നെക്കൊണ്ട് കഴിയും പോലെ ഞാൻ ശ്രമിച്ചിട്ടുണ്ട് ഇനി അവളോട് പറയാതെ വഴിയില്ല”. ” പക്ഷേ ആ കുട്ടി എങ്ങനെ റിയാക്ട് ചെയ്യുമെന്ന് നമുക്ക് ഊഹിക്കാമല്ലോ”. “പറയാതെ പറ്റില്ല പീലി. ഇനിയു ഒന്നും അറിയിക്കാതെയിരുന്നാൽ അത് കൂടുതൽ അപകടമാണ്.

ഇന്ന് വൈകിട്ട് നേരിട്ട് കാണാമെന്നു പറഞ്ഞിട്ടുണ്ട്. ഇവിടേക്ക് വരും. നമുക്കൊന്നിച്ചു അവളോട് കാര്യം പറഞ്ഞു മനസിലാക്കാം”. “എനിക്കെന്തോ പേടി തോന്നുന്നു സൂരജേട്ടാ. എന്തോ വലുത് വരാൻ പോകും പോലെ”. “നീ ഒന്നും പേടിക്കേണ്ട. ഞാൻ ജീവനോടെ ഉള്ളിടത്തോളം കാലം നിനക്കൊന്നും വരാൻ ഞാൻ സമ്മതിക്കില്ല”. “സൂരജേട്ടാ ഇങ്ങനെ ഒന്നും പറയാതെ. ഒന്നും സംഭവിക്കില്ല എന്ന് നമുക്കാശ്വസിക്കാം”. “എന്റെയും പ്രതീക്ഷ അത് തന്നെയാണ്. എനിക്ക് തല വെട്ടി പൊളിയും പോലെ. എല്ലാം കൂടി ആലോചിച്ചിട്ട്”. “ടെൻഷൻ ആകേണ്ട സൂരജേട്ടാ സമാദാനപെടൂ”. അവൻ അവളുടെ മടിയിൽ തല ചായ്ച്ചു അവൾ അവന്റെ മുടിയിഴകളിൽ പതിയെ തലോടി. അവനത് വലിയ ആശ്വാസമായിരുന്നു. അവൻ കണ്ണുകളടച്ചു. സമയം നീങ്ങിക്കൊണ്ടിരുന്നു. അഞ്ചു മണിയായതും അന്നയുടെ വരവിനായി കാത്തിരുന്നു. കാർ ഒതുക്കി നിർത്തി നടന്നു വരുന്ന അന്നയെ സൂരജ് സൂക്ഷിച്ചു നോക്കി.

അവളടുത്തേക്ക് വരും തോറും അവനിൽ പരിഭ്രമം നിറഞ്ഞു. പീലിയോട് കുറച്ച് മാറി നിൽക്കാൻ സൂരജാണ് പറഞ്ഞത്. അവന് തൊട്ട് മുന്നിൽ വന്ന് നിന്ന് അവന്റെ മുഖത്തേക്ക് നോക്കി അന്ന. “മ്മ്മ് ഇനി പറയൂ സൂരജ്. ഇവിടിപ്പോൾ ആരും ഇല്ലല്ലോ”. “അന്ന നിന്നോട് ഞാൻ പലതവണ വ്യക്തമായി തന്നെ പറഞ്ഞതാണ് നീ കരുതും പോലെ എനിക്ക് നിന്നെ ഇഷ്ടപെടാനാകില്ലെന്ന്. ഇപ്പോളും എനിക്കത് തന്നെയാണ് പറയാനുള്ളത്. നീ ഇനിയെങ്കിലും കാര്യങ്ങൾ മനസിലാക്കാൻ ശ്രമിക്കണം. ഞാൻ വിവാഹിതനാണ്. എന്നെ മാത്രം പ്രതീക്ഷിച്ചൊരു പെൺകുട്ടി ജീവിക്കുന്നുണ്ട്. അവളെ ഒരിക്കലും എനിക്ക് മറക്കാനാവില്ല. അവളെന്റെ ജീവനും ജീവിതവുമാണ്”. “മതി എനിക്ക് കേൾക്കേണ്ട. എനിക്ക് ഇനിയും നിങ്ങൾ പറയുന്നത് കേട്ട് നിൽക്കാനാകില്ല. എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാൻ കഴിയില്ല. നിങ്ങൾ എന്നെയല്ലാതെ മറ്റൊരു പെണ്ണിനെ കുറിച്ച് ചിന്തിക്കാൻ കൂടി പാടില്ല. ഞാൻ എന്ത് ചെയ്യുമെന്ന് എനിക്ക് അറിയില്ല.

നിങ്ങളെന്താ പറഞ്ഞത് നിങ്ങൾക്കവൾ ജീവനും ജീവിതവുമാണെന്നോ. അപ്പോ എനിക്കോ. എനിക്ക് നിങ്ങളില്ലാതെ ജീവിക്കാൻ കഴിയില്ലെന്ന് ഞാൻ എത്ര പറഞ്ഞു.എനിക്ക് പറ്റില്ല സൂരജ് നിങ്ങൾ എന്നെ മാത്രം സ്നേഹിച്ചാൽ മതി. എന്നെ വിവാഹം കഴിക്കണം. ഞാനാകണം നിങ്ങടെ ജീവനും ജീവിതവും. പറയ്. പറയാൻ” “ഒന്ന് മതിയാക്ക് നിന്റെ ഭ്രാന്ത്‌. ഞാനെന്താ നിന്റെ കളിപ്പാട്ടമാണോ നീ പറയും പോലെ തുള്ളാൻ. കുറേയായി സഹിക്കുന്നു. വില കൊടുത്ത് വാങ്ങാൻ ആണേൽ നീ വേറെ ആരെയെങ്കിലും നോക്കിയാൽ മതി. എന്നെയതിനു കിട്ടില്ല”. “അതെ എനിക്ക് ഭ്രാന്ത്‌ തന്നെയാ. ആ ഭ്രാന്ത്‌ എന്താണെന്നോ സൂരജ് എന്ന നിങ്ങൾ. നിങ്ങളോടുള്ള പ്രണയമാണ് എന്നെ ഭ്രാന്തിയാക്കുന്നത്. ഒന്നോർത്തോ നിങ്ങൾക്കൊരിക്കലും എന്നിൽ നിന്നൊരു മടക്കമുണ്ടാകില്ല. എനിക്ക് കിട്ടാതായാൽ നിങ്ങളെ കൊല്ലാനും ഞാൻ മടിക്കില്ല”. അവളവന്റെ ഷർട്ടിന്റെ കോളറിൽ കയറി പിടിച്ചുലച്ചു.

അവൻ അവളുടെ കൈ ബലമായി എടുത്ത് മാറ്റി. പീലി അപ്പോളാണ് അങ്ങോട്ടേക്ക് വന്നത്. അവൾക്ക് അന്നയുടെ ഭാവം കണ്ട് ഭയം തോന്നി. അടുത്തേക്ക് നടക്കും തോറും അവളുടെ നെഞ്ചിടിപ്പേറി. വർധിച്ച നെഞ്ചിടിപ്പോടെ അവൾ സൂരജിനരികിലേക്ക് നടന്നടുത്തു. സൂരജ് പീലിയെ ചേർത്തു പിടിച്ചു അന്നയ്ക്ക് മുൻപിലേക്ക് നിന്നു. “ഇതാണ് എന്റെ ഭാര്യ. പീലി. എന്റെ താലിയുടെ അവകാശി. എന്റെ ജീവനും ജീവിതവും. ഇവളെ മറന്ന് നിന്നെയൊരിക്കലും ഞാൻ സ്വീകരിക്കില്ല. ഇവൾക്കിനി എന്തെങ്കിലും സംഭവിച്ചാൽ പോലും ഞാൻ വിഭാര്യനായി തന്നെ ജീവിക്കും. അപ്പോളും ആ സ്ഥാനത്തേക്ക് മറ്റാരും വരില്ല. ഇതിൽ കൂടുതൽ എനിക്കൊന്നു പറയാനില്ല അന്ന. നീ കുറച്ച് കൂടി പ്രാക്ടിക്കൽ ആയി ചിന്തിക്കൂ”. ” നോ.” അതൊരലർച്ചയായിരുന്നു. പീലി ഞെട്ടി വിറച്ചു . അവൾ പിടക്കുന്ന മിഴികളോടെ അന്നയെ നോക്കി. പൊടുന്നനെയാണ് അന്ന പീലിയ്‌ക്കരികിലേക്ക് കുതിച്ചത്. അവൾ പീലിയുടെ കഴുത്തിൽ കുത്തിപിടിച്ചു.

പീലിയുടെ കണ്ണുകൾ തുറിച്ച് വന്നു. തൊണ്ടക്കുഴിയിൽ ശ്വാസം വിലങ്ങുന്നത് പീലിയറിഞ്ഞു.കണ്ണുകൾ നിറഞ്ഞൊഴുകി പീലി ജീവന് വേണ്ടി പിടിഞ്ഞു.. സൂരജ് അന്നയുടെ കൈ തട്ടിമാറ്റാൻ ശ്രമിക്കും തോറും അവളുടെ പിടി മുറുകി കൊണ്ടിരുന്നു. അന്നയ്ക്ക് വല്ലാത്ത കരുത്തുള്ളത് പോലെ തോന്നി സൂരജിന്. പീലിയുടെ പിടച്ചിൽ കണ്ട് സൂരജ് മറ്റൊന്നും ആലോചിക്കാതെ അന്നയെ തട്ടിമാറ്റി. അന്ന ദൂരേക്ക് തെറിച്ചു വീണു . പീലി ആഞ്ഞു ശ്വാസം വലിച്ചു. ചുമച്ചു നിലത്തേക്കിരുന്നു പോയി. സൂരജ് പീലിയെ ചേർത്തു പിടിച്ചു. അവളുടെ അവസ്ഥ കണ്ട് അവൻ കരഞ്ഞു പോയി. എന്നാൽ അന്ന കലിയടങ്ങാതെ വീണ്ടും പീലിയ്‌ക്കരികിലേക്ക് കുതിച്ചു. എന്നാൽ മുന്നിൽ തടസ്സം പോലെ സൂരജ് നിന്ന് അന്നയെ രൂക്ഷമായി തന്നെ നോക്കി. അവന് അന്നയെ കൊല്ലാനുള്ള ദേഷ്യമുണ്ടായിരുന്നു. അന്നയിലെ ഏറ്റവും ഭയാനകമായ ഭാവമാണ് പീലിയും സൂരജും അവിടെ കണ്ടത്.

അവളുടെ കണ്ണുകൾ പീലിയിൽ മാത്രമായിരുന്നു. “ടീ നിനക്കെന്ത് ധൈര്യമുണ്ടായിട്ടാണ് എന്റെ സൂരജിനോപ്പം ചേർന്നു നിന്നത്. നിന്നെ ഞാൻ കൊല്ലും. എനിക്ക് കിട്ടാത്തത് മറ്റാർക്കും കിട്ടാൻ ഞാൻ അനുവദിക്കില്ല. സൂരജ് എന്റെയാണ് എന്റെ മാത്രം നിനക്കെന്നല്ല മറ്റൊരുത്തിക്കും ഞാനവനെ വിട്ട് കൊടുക്കില്ല. കൊല്ലും ഞാൻ.” അവൾ സ്വന്തം തലമുടി വലിച്ചു ഭ്രാന്തിയെ പോലെ അലറി വിളിച്ചു. പീലി പേടിച്ചു എന്ത് ചെയ്യുമെന്നറിയാതെ അന്നയെ നോക്കി. പീലിയെ ഉപദ്രവിക്കാനായി മുന്നോട്ടാഞ്ഞ അന്നയെ സൂരജ് വലിച്ചു മാറ്റി. “മതിയാക്കിക്കോ നിന്റെ ഭ്രാന്തെല്ലാം. അവളുടെ ദേഹത്തു ഒരു തരി മണ്ണ് പോലും വീഴാൻ ഞാൻ സമ്മതിക്കില്ല. നിനക്ക് കൊല്ലണമെങ്കിൽ എന്നെ കൊന്നോ പക്ഷേ അവളെ നുള്ളി നോവിക്കാൻ പോലും നിന്റെ മുന്നിലിട്ട് തരില്ല ഞാൻ. മരിക്കുവോളം സൂരജ് പീലിയ്ക്കുള്ളതാണ്. അവിടെ മറ്റാർക്കും സ്ഥാനമില്ല”. അവന്റെ വാക്കുകൾ ഓരോന്നും അന്നയിലെ മൃഗത്തെ പുറത്തേക്ക് കൊണ്ട് വരാൻ കഴിവുള്ളതായിരുന്നു. സൂരജ് പീലിയെ ചേർത്തു പിടിച്ച് ആശ്വസിപ്പിക്കുന്ന കാഴ്ച അവളുടെ ശരീരമാസാകാലം കത്തി കൊണ്ട് വരഞ്ഞു കീറുന്നതിനു തുല്യമായിരുന്നു.

അവൾ ചെവി പൊത്തി നിലത്തേക്കിരുന്നു അലറി. ആ അലർച്ച കേട്ട് പീലി ഭയത്തോടെ സൂരജിന്റെ ഷർട്ടിൽ മുറുക്കെ പിടിച്ചു. അവൾ അവന്റെ നെഞ്ചിൽ മുഖമൊളിച്ചു കരഞ്ഞു. അന്ന കാറ്റ് പോലെ പാഞ്ഞു അവർക്കരികിലേക്ക് വന്നു. “അന്നയെ തോൽപിച്ചുവെന്ന് ആരും കരുതേണ്ട. അങ്ങനെ ആരുടെ മുൻപിലും ഈ അന്ന തോൽക്കില്ല. നിന്നെയൊന്നും ജയിക്കാൻ ഞാൻ സമ്മതിക്കില്ല. എന്നെ വേണ്ടെന്ന് പറഞ്ഞ നവിനെ നീ തന്നെ ശപിക്കുന്നൊരു നാൾ വരും. അന്ന തുടങ്ങിയിട്ടേ ഒള്ളു. ഇവളോടൊപ്പം സുഖമായി ജീവിക്കാമെന്ന് നീ കരുതേണ്ട”. അന്ന മണൽ ചവിട്ടി തെറിപ്പിച്ചു ദൂരേക്ക് പോകുന്നത് പീലിയും സൂരജും നിസംഗതയോടെ നോക്കിയിരുന്നു. സൂരജ് വേഗം പീലിയുടെ കഴുത്ത്‌ തടവി നോക്കി. അവൾക്കവിടെ സഹിക്കാൻ ആകാത്ത വേദന തോന്നി. അവന് അവളുടെ വേദന നിറഞ്ഞ മുഖം കാണെ സങ്കടം അടക്കാനായില്ല. അവൻ അവളെയും കൂട്ടി വീട്ടിലേക്ക് വന്നു.

ആ അന്തരീക്ഷത്തിൽ നിന്നൊരു മാറ്റം പീലിക്ക് ആവശ്യമായിരുന്നു. പീലിയെ സൂരജ് അലിവോടെ നോക്കി. എന്നും വേദന മാത്രമാണ് താൻ അവൾക്ക് കൊടുത്തിട്ടുള്ളത് എന്നോർത്തതും സൂരജിന് ഹൃദയം പൊട്ടി പോകും പോലെ തോന്നി. ” ഞാൻ വീണ്ടും വീണ്ടും നിന്നെ നോവിച്ചു കൊണ്ടിരിക്കുവാണ് പീലി. എനിക്കെന്നോട് തന്നെ ദേഷ്യം തോന്നുന്നു. ഞാൻ ചെയ്തത് തെറ്റായി പോയെന്ന് എനിക്കിപ്പോൾ തോന്നുന്നു. അവളുടെ മുന്നിലേക്ക് ഞാൻ നിന്നെ ഇട്ട് കൊടുത്തത് പോലെ ആയില്ലേ. എന്നെ എന്ത് വേണേലും ചെയ്തോട്ടെ പക്ഷേ നിനക്കെന്തെങ്കിലും പറ്റിയാൽ എനിക്കത് സഹിക്കാൻ കഴിയില്ല”. “അങ്ങനൊന്നും പറയല്ലേ ഏട്ടാ. എന്നെ ചേർത്തു നിർത്തി ഭാര്യ ആണെന്ന് പറഞ്ഞില്ലേ എനിക്കത് മാത്രം മതി. ഏട്ടനെന്നെ എത്രത്തോളം സ്നേഹിക്കുന്നുണ്ട് എന്നെനിക്ക് നന്നായറിയാം. അറിഞ്ഞു കൊണ്ട് ഒരിക്കലും എന്നെ വേദനിപ്പിക്കില്ലെന്നും അറിയാം”. ” പീലി. എനിക്ക് നീ ഇല്ലാതെ ജീവിക്കാൻ കഴിയില്ല പീലി. അത്രക്ക് ഞാൻ നിന്നെ ഇഷ്ടപെടുന്നുണ്ട്”. അവൻ പീലിയുടെ മുഖം തനിക്ക് നേരെ അടുപ്പിച്ചു.

നെറ്റിയിൽ നനുത്തൊരു മുത്തം കൊടുത്തതും പീലി കണ്ണുകൾ മെല്ലെയടച്ചു. പതിയെ കണ്ണ് തുറന്ന് നോക്കിയ പീലി കണ്ടത് പ്രണയാതുരമായി തന്നെ നോക്കുന്ന സൂരജിനെയാണ്. അവൾ നാണത്താൽ കണ്ണുകൾ താഴ്ത്തി. “അവൾ ശെരിക്കും വേദനിപ്പിച്ചു അല്ലെ “?. “അത് സാരമില്ല”. “വേദന മാറാൻ ഒരു സൂത്രമുണ്ട്” “എന്ത് സൂത്രം”? അവന്റെ കണ്ണുകൾ അവളുടെ ആദരത്തിലാണെന്ന് അറിഞ്ഞതും പീലിയിലൊരു പിടച്ചിൽ അനുഭവപ്പെട്ടു. സൂരജിന്റെ ശ്വാസം അവളുടെ ചുണ്ടിനു മേൽ തട്ടിയതും അവൾ കണ്ണുകളുയർത്തി അവനെ നോക്കി. അനുവാദം ചോദിക്കും പോലെ സൂരജിന്റെ കണ്ണുകൾ അവളുടെ കണ്ണുകളോട് സംവദിച്ചു. പിന്നെ പതിയെ വളരെ പതിയെ അവളുടെ അധരങ്ങൾ സ്വന്തമാക്കി. അവളുടെ നഖം അവന്റെ കയ്യിൽ മുറിവേൽപ്പിച്ചു. സൂരജ് കൊതിതീരുവോളം അവളുടെ ചെഞ്ച്ചൊടികളെ ആസ്വദിച്ചു.

ഒട്ടും വേദനിക്കാതെ പീലിയുടെ ഇളം ചുണ്ടുകൾ അവന്റെ ചുണ്ടുകൾക്കിടയിൽ ഞെരുങ്ങി. ദീർഘ നേരത്തെ ചുംബനത്തിന്റെ ആലസ്യത്തിൽ പീലി തളർന്ന് സൂരജിന്റെ മാറിൽ വീണു . “സൂത്രം നല്ലതല്ലേ. വേദന ഇപ്പോ കുറഞ്ഞു കാണുമല്ലോ. കുറവില്ലെൽ പറയണേ. സൂത്രം ഇനിയും സ്റ്റോക്കുണ്ട്”. പീലി അവന്റെ കൈ തണ്ടയിൽ വേദനിക്കും വിധം നുള്ളി. പക്ഷേ ആ വേദനയിലും സൂരജിൽ കുളിരുള്ളൊരു സുഖം നിറഞ്ഞു. തുടരും