18/04/2026

മയിൽപ്പീലി : ഭാഗം 53

രചന – നെച്ചു നസ്രിൻ

മേരി ഹാളിനോട്‌ ചേർന്ന് ഒരു വശത്ത് ഒരുക്കിയിട്ടുള്ള പ്രാർത്ഥനാമുറിയിലായിരുന്നു. കയ്യിലെ ജപമാലയിലെ ഓരോ മണികളും പ്രാർത്ഥനാ ഗീതങ്ങൾക്കനുസൃതമായി ചലിച്ചു കൊണ്ടിരുന്നു.കുരിശിൽ തറച്ച കർത്താവിന്റെ രൂപത്തിലേക്ക് മേരി ഭക്തിയോടെ നോക്കി.

” നന്മ നിറഞ്ഞ മറിയമേ സ്വസ്തി, കർത്താവ് അങ്ങയുടെ കൂടെ,
സ്ത്രീകളിൽ അങ്ങനുഗ്രഹിക്കപ്പെട്ടവളാകുന്നു
അങ്ങയുടെ ഉദരത്തിൻ ഭലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവനാകുന്നു.
പരിശുദ്ധ മറിയമേ,തമ്പുരാന്റെ അമ്മേ പാപികളായ ഞങ്ങൾക്ക് വേണ്ടി എപ്പോളും ഞങ്ങളുടെ മരണ സമയത്തും തമ്പുരാനോടപേക്ഷിക്കണമേ “.

ആ മാതൃഹൃദയം തന്റെ മകന്റെ വിജയത്തിനായി അതിലുപരി നന്മയുടെയും സത്യത്തിന്റെയും വിജയത്തിനായി അകമഴിഞ്ഞ് പ്രാർത്ഥിച്ചു കൊണ്ടിരുന്നു.അതേ നേരത്താണ് ഭദ്ര പൂജാമുറിയിൽ വിളക്ക് തെളിച്ചു ഭഗവാനോട് അതേ കാര്യം പ്രാർത്ഥിച്ചത്.പീലി മുറിയിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. അവൾക്കൊരു സമാധാനവും കിട്ടിയില്ല. വല്ലാത്തൊരു ഭയം അവളെ മൂടുന്നതവൾ അറിഞ്ഞിരുന്നു. താലി കയ്യിലേക്ക് ചേർത്തവൾ കണ്ണടച്ചു മനമുരുകി പ്രാർത്ഥിച്ചു. ഭർത്താവിനും സഹോദരന്മാർക്കും വേണ്ടി അവളുടെ ഹൃദയം ദ്രുത ഗതിയിൽ തുടിച്ചു.

സാധികയ്ക്ക് വല്ലാത്ത ആത്മനിർവൃതി അനുഭവപ്പെട്ടു. ദ്രോഹിച്ചവരെ ചെറിയ രീതിയിലെങ്കിലും സഹായിച്ചു പ്രായശ്ചിതം ചെയ്യാൻ കഴിഞ്ഞതിൽ അവൾ സംതൃപ്തയായിരുന്നു. തിരികെ പോകാൻ നേരം പീലിയും ആനന്തും അവളെ കാണാൻ പള്ളിയിലേക്ക് ചെന്നിരുന്നു. വളരെ സ്നേഹത്തോടെയാണ് അവരിരുവരും അവളോട് സംസാരിച്ചത്. ഇടക്ക് പീലി അവളുടെ തിരിച്ചു വരവിനെ കുറിച്ച് സൂചിപ്പിച്ചെങ്കിലും ഇനിയൊരു മടക്കമുണ്ടാകില്ലെന്ന് അവളുറപ്പിച്ചു പറഞ്ഞു.

അവിടം അവൾക്ക് സമ്മാനിച്ചത് വേദന മാത്രമാണ്. അവളായിട്ട് എല്ലാവർക്കും നൽകിയതും അതേ വേദന. ആ മുറിവുകളെല്ലാം പതിയെ ഉണങ്ങും. ഞാൻ തിരികെ ചെന്നാൽ ഒരു പക്ഷേ ഞാൻ കാരണം വേദനിച്ചവർ വീണ്ടും വേദനിക്കേണ്ടി വരും. അത് താനാഗ്രഹിക്കുന്നില്ല. ജീവിതത്തിൽ ചെയ്ത് തീർക്കാനുള്ളതെല്ലാം ഇനി ഇവിടുള്ളവർക്ക് വേണ്ടി മാത്രമാണ്.

വർഗീസ്‌ സിറ്റൗട്ടിൽ ഇരിക്കുകയാണ്. ഐദൻ ഇപ്പോൾ മിക്ക ദിവസങ്ങളിലും നേരം വൈകിയാണ് വരുന്നത്. അന്നയുടെ മരണത്തോടെ പരസ്പരമുള്ള കൂടിക്കാഴ്ചകൾ വളരെ വിരളമാണ്.രാത്രി എപ്പോളോ വരും പുലരുമ്പോൾ ഇറങ്ങി പോകും. അയാളും മുറി വിട്ട് വല്ലപ്പോളുമെ പുറത്തിറങ്ങാറുള്ളൂ. ഇന്നിപ്പോൾ ഒരുപാട് വൈകി. എന്നും വരാറുള്ള നേരം കഴിഞ്ഞു. ഓഫീസിലെ സെക്യൂരിറ്റിയെ വിളിച്ചു ചോദിച്ചപ്പോൾ ഐദൻ അവിടുന്നിറങ്ങിയിട്ട് ഒരുപാടു നേരമായി എന്നാണറിഞ്ഞത്. അയാളിൽ ഭീതി നിറഞ്ഞു. കുറേ ദിവസമായി ഐദൻ വല്ലാതെ അസ്വസ്ഥനാണ്. അന്നയുടെ വിയോഗം അവനെ ചെറുതായിട്ടല്ലല്ലോ ബാധിച്ചത്. പക്ഷേ മറ്റെന്തോ സംഭവിച്ചിട്ടുണ്ട്.അയാൾക്ക് ആരെ വിളിക്കണമെന്നറിയില്ലായിരുന്നു. സമയം വീണ്ടും ഇഴഞ്ഞു നീങ്ങി.

ക്രിസ്റ്റിയും സൂരജും അരികിലേക്ക് നടക്കുന്നതനുസരിച്ചു ഐദനിൽ വളരെ ക്രൂരമായൊരു ഭാവം നിറഞ്ഞു. ചത്ത പാമ്പ് വാൽ ഭാഗം കൊണ്ട് വീണ്ടും ജീവനിടും പോലെ അവൻ ഉയിർത്തെണീറ്റിരുന്നു. ക്രിസ്റ്റിയുടെ ഇടനെഞ്ചിലേക്കാണ് ഐദൻ ആദ്യ പ്രഹരം നൽകിയത്. ഒന്ന് പുറകിലേക്ക് നീങ്ങിയ ക്രിസ്റ്റി അതേ ശക്തിയിൽ തിരിച്ച് വന്ന് ഐദന്റെ ചെവിയ്ക്കിട്ടൊരു അടി കൊടുത്തു. ഒരു മിന്നൽ ഐദന്റെ തലയിലൂടെ കടന്ന് പോയി. കൊഴുത്ത ഒരു ദ്രാവകം അവന്റെ ചെവിയിലൂടെ ഒഴുകി കഴുത്തിലേക്ക് വന്നു. കൈ വിരൽ കൊണ്ടത് തൊട്ട് നോക്കി. രക്തം. ചെവിയിലൊരു മരവിപ്പാണ് ഐദനനുഭവപ്പെട്ടത്.

ക്രിസ്റ്റിയും സൂരജും പരസ്പരം നോക്കി ചിരിച്ചു. ആ കാഴ്ച ഐദന്റെ സർവ്വ നിയന്ത്രണവും ഇല്ലാതാക്കി. അവൻ ക്രിസ്റ്റിയുടെ കഴുത്തിൽ കുത്തിപ്പിടിച്ചു. ക്രിസ്റ്റിയുടെ കൈ വിരലുകൾ ഐദന്റെ മുഖത്ത് ആഴത്തിൽ മുറിവേൽപ്പിച്ചു. എന്നിട്ടും വിട്ട് മാറാത്ത ഐദനെ ചോരയൊലിച്ച ആ ചെവിയിൽ തന്നെ വീണ്ടും അടിച്ചു. അവൻ പെട്ടെന്നൊന്ന് മാറിയെങ്കിലും വീണ്ടും ക്രിസ്റ്റിക്ക് നേരെ ചെന്നു. അത് കണ്ട് നിന്ന സൂരജ് ഐദനെ കാലിൽ പിടിച്ചു നിലത്തേക്കിട്ടു. അവൻ ദേഷ്യം അടക്കാനാകാതെ മറു കാൽ കൊണ്ട് സൂരജിന്റെ കയ്യിൽ ചവിട്ടി. എന്നാൽ സൂരജ് ആ വേദന വകവെയ്ക്കാതെ ഐദന്റെ കാൽ പത്തി ഇടത്തേക്ക് പിടിച്ചൊടിച്ചു.

എല്ലുകൾ നുറുങ്ങുന്ന ശബ്ദം സൂരജിന്റെ ചെവിയിൽ പതിച്ചു. മറുഭാഗത്തേക്ക് വീണ്ടും തിരിച്ചതും ഐദനിൽ നിന്ന് ജീവൻ പറിയുന്ന നിലവിളി പുറപ്പെട്ടു. എണീറ്റ് നിൽക്കാൻ തന്നെക്കൊണ്ട് കഴിയില്ലെന്ന് മനസിലാക്കിയ ഐദൻ അതിനു ശ്രമിച്ചില്ല. ക്രിസ്റ്റിയുടെ കയ്യിലെ ഇരുമ്പ് ദണ്ടിലേക്ക് ഐദൻ പകച്ചു നോക്കി. ക്രിസ്റ്റി അവനെ കാൽ കൊണ്ട് ചവിട്ടി തിരിച്ച് കിടത്തി. കമഴ്ന്നു വീണ ഐദന്റെ നടുവിലേക്ക് ആ കമ്പി ആഞ്ഞു വീശി. നട്ടെല്ല് പൊട്ടിപൊളിയുന്നത് ഐദൻ ശെരിക്കും അറിഞ്ഞു. ക്രിസ്റ്റി ആ കമ്പി സൂരജിന് കൈ മാറി. അവൻ വേദന കൊണ്ട് പുളയുന്ന ഐദനെ പുച്ഛത്തോടെ നോക്കി.

“ഇത് നീ പീലിയോട് കാണിച്ചതിനല്ല. പകരം നാൻസിയെ പോലെ ഒരുപാട് പെൺകുട്ടികളോട് നീ കാണിച്ച ക്രൂരതയ്ക്കുള്ള ശിക്ഷയാണ്. എനിക്കുമുണ്ടെടാ ഒരു പെങ്ങളും ഭാര്യയും അമ്മയുമൊക്കെ. അവരെ പോലെയുള്ള സ്ത്രീകൾ നന്നായി ജീവിക്കണമെങ്കിൽ നിന്നെയും നിന്റെ പെങ്ങളെയും പോലെയുള്ളവർ ഈ ഭൂമിയിൽ ഉണ്ടാകാൻ പാടില്ല”.

സൂരജിന്റെ കയ്യിലെ കമ്പി അവൻ വായുവിലേക്ക് ഉയർത്തി ശേഷം താഴ്ത്തി. ഐദന്റെ ഇരു കാലും ഒടിഞ്ഞു തൂങ്ങി.

“മതി സൂരജ്. ഇനിയടിച്ചാൽ അവൻ ചത്തു പോകും. അങ്ങനെ പെട്ടെന്നൊന്നും ഇവൻ ചാകാൻ പാടില്ല. നരഗിക്കണം”.

പാതിബോധത്തിലായിരുന്ന ഐദന്റെ അരികിൽ ആനന്ദ് ചെന്നിരുന്നു.

“ഐദൻ നീ ഈ ചെയ്ത് കൂട്ടിയതൊക്കെ ഒന്നുകിൽ നിങ്ങളുടെ നിലനിൽപ്പിനു വേണ്ടി അല്ലെങ്കിൽ നിന്റെ പെങ്ങളുടെ സന്തോഷത്തിനു വേണ്ടി. ലോകം കാൽ കീഴിൽ കൊണ്ട് വെയ്ക്കാൻ നിനക്ക് കഴിഞ്ഞിട്ടും എന്ത് കൊണ്ട് നിനക്ക് നിന്റെ പെങ്ങളെ ജീവൻ നിലനിർത്താൻ കഴിഞ്ഞില്ല. സമ്പാദിച്ചു കൂട്ടിയതൊക്കെ അനുഭവിക്കാൻ അവളുണ്ടോ നിന്റെ കൂടെ. ദൈവം നിനക്കുള്ള ശിക്ഷ അവളുടെ രൂപത്തിൽ തന്നതാണ്. അങ്ങനെ എങ്കിലും നീ നന്നാകുമെന്ന് കരുതി. നീ വീണ്ടും മറ്റുള്ളവരെ ദ്രോഹിക്കാനാണ് ശ്രമിച്ചത്. അപ്പോ പിന്നെ നിനക്കുള്ളത് ഞങ്ങൾ തന്നല്ലേ ഒക്കൂ. നീ വേണമായിരുന്നു അന്നയെ തെറ്റിൽ നിന്ന് തിരുത്താൻ. നീയത് ചെയ്തില്ല.നീ ചെയ്ത പാപത്തിന്റെ ശിക്ഷ അനുഭവിച്ചത് നിന്റെ പുന്നാര പെങ്ങൾ തന്നെയല്ലേ”.

മറുപടി പറയാൻ പോലുമാകാതെ ഐദൻ നിലത്ത് കിടന്ന് മുരണ്ടു. ശരീരത്തിന്റെ ഏത് ഭാഗത്താണ് വേദന എന്ന് വേർതിരിച്ചറിയാൻ കഴിയുന്നില്ല. ഓരോ രോമാകൂപങ്ങൾക്ക് പോലും വേദന അനുഭവപ്പെടുന്നു.

” ഇങ്ങനെ ഇട്ടേക്കാതെ കൊന്നേച്ചും പോടാ”.

” ഇല്ല ഐദൻ മരണം നിനക്കുള്ള ഏറ്റവും ചെറിയ ശിക്ഷയാണ്. നേടിയെടുത്ത പണവും പദവിയും ആൾബലവുമെല്ലാം നിന്നെ നോക്കി കൊഞ്ഞനം കുത്തുന്ന നേരം വരും വരെ നീ ജീവനോടെ ഉണ്ടാകണം. ഒന്ന് കൊന്ന് തരാൻ നീ ആത്മാർത്ഥമായി ആഗ്രഹിക്കുന്ന ഒരു നിമിഷം. മരണത്തിനു പോലും നിന്നെ വേണ്ട ഐദൻ.അതിനു വേണ്ടിയുള്ള കാത്തിരിപ്പാണ് ഇനിയുള്ള നിന്റെ ജീവിതം”.

ഐദൻ വേദനയോടെ അവരെല്ലാവരും അകലെ മറയുന്നത് തിരിച്ചറിഞ്ഞു.സൂരജും ക്രിസ്റ്റിയും അവരുടെ കാറിൽ ഐദനെ എടുത്തുകയറ്റി ജീവനും ആനന്തും ഐദന്റെ കാറിലും കയറി യാത്ര തുടങ്ങി. ഐദന്റെ കാർ കുത്തനെ ഇറക്കമുള്ള ഒരു റോഡിൽ നിർത്തി. ഐദനെ താങ്ങിയെടുത്തു കാറിന്റെ ഡ്രൈവിംഗ് സീറ്റിലിരുത്തി.ഐദൻ കുഴഞ്ഞു സീറ്റിലേക്ക് തന്നെ വീണു. സീറ്റ് ബെൽറ്റ്‌ ഇട്ട് കൊടുത്തത് ക്രിസ്റ്റിയാണ്.ക്ലച്ച് കൊടുത്ത് ഗിയർ ഇട്ടതും വണ്ടി മുൻപോട്ടു നീങ്ങി തുടങ്ങി. ഡോർ അടച്ചു മാറി നിന്നതും ഐദനെയും കൊണ്ട് ഇറക്കം വേഗത്തിലിറങ്ങി പോകുന്ന കാറിനെ നോക്കി ചിരിച്ചു നിൽക്കുകയായിരുന്നു ക്രിസ്റ്റിയും സൂരജും.

ഒരു വലിയ ശബ്ദത്തോടെ ഐദന്റെ കാർ താഴ്‌വശത്തെ മരത്തിലേക്ക് ഇടിച്ചു കയറി. പ്ലാൻ ചെയ്തത് പോലെയെല്ലാം നടന്നതിന്റെ സമാശ്വാസത്തിലായിരുന്നു അവർ നാല് പേരും. രാഹുൽ സൂരജിന്റെ വീടിന് വെളിയിൽ കാർ ഒതുക്കിയിട്ട് അവരുടെ കാളിനായി കാത്തിരിക്കുകയായിരുന്നു. പീലിയ്ക്ക് നേരെ ഒരു ആക്രമണം ഉണ്ടായേക്കാം എന്ന് ഭയന്നിട്ടാണ് രാഹുലിനോട് സൂരജിന്റെ വീടിന് കാവലായി നിൽക്കാൻ പറഞ്ഞത്.

“രാഹുൽ, എല്ലാം പ്രതീക്ഷിച്ചതിലും നന്നായി അവസാനിച്ചു. അവനെക്കൊണ്ടുള്ള ശല്യം ഇനിയാർക്കുമുണ്ടാകില്ല”.

“നല്ലത്. പക്ഷേ അവനിട്ടു രണ്ട് കൊടുക്കാൻ എനിക്ക് കഴിഞ്ഞില്ലല്ലോ എന്ന നിരാശ മാത്രമേയുള്ളൂ”.

വർഗീസിന്റെ ഫോണിലേക്ക് വെളുപ്പിനെ 5 മണിക്കൊരു കാൾ വന്നു. ഫോണിലൂടെ കേട്ട വാർത്ത അയാളുടെ സകല ശക്തിയും കവർന്നെടുത്തു. വിറയ്ക്കുന്ന കാലടികളോടെ ഹോസ്പിറ്റലിൽ ചെല്ലുമ്പോൾ ഐദൻ ജീവന് വേണ്ടി മൽപ്പിടുത്തം നടത്തുകയായിരുന്നു.അടുത്ത പുലരി എല്ലാവർക്കും സന്തോഷത്തിന്റെയും പുത്തൻ ഉണർവിന്റേതുമായിരുന്നു. സൂരജിന്റെ വീട്ടിൽ അന്നെല്ലാവരും ഒത്തു കൂടി. ഉച്ചക്ക് പീലിയുടെ വക എല്ലാവർക്കും ഗംഭീര സദ്യ തന്നെയാണ് ഒരുക്കിയത്. കണ്ണീരിന്റെ കയർപ്പുള്ള ദിനങ്ങൾ ഒഴിഞ്ഞ് പോയതിന്റെ സന്തോഷം അവർ മധുരത്തിലൂടെ ആഘോഷിച്ചു.

രാഹുൽ ഊട്ടിയിലേക്ക് പോയി മേരിയെയും കൂട്ടി വന്നത് ആ സന്തോഷത്തിനു ഇരട്ടി മധുരം നൽകി. ഡോക്ടർ വാസുദേവിന് വർഗീസിനോട് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു. വന്നത് മുതൽ അയാൾ ഒരേയിരിപ്പായിരുന്നു. ഡോക്ടർ അരികിൽ വന്ന് നിന്നതറിഞ്ഞതും വർഗീസ് തലയുയർത്തി നോക്കി. വാസുദേവിന്റെ മുഖഭാവത്തിൽ നിന്ന് ഐദന്റെ അവസ്ഥയുടെ ഭീകരത അയാളൂഹിച്ചു.

“പറഞ്ഞോ ഡോക്ടർ.ഞാനിപ്പോൾ എന്തും നേരിടാൻ പ്രാപ്തനാണ്. എങ്ങനെയുണ്ട് ഐദനിപ്പോൾ”?.

“വെരി സോറി ടു സെ. കാർ നിയന്ത്രണം വിട്ട് ഒരു മരത്തിൽ ഇടിച്ചു കയറിയാണ് അപകടം ഉണ്ടായത്. ഐദൻ നന്നായി മദ്യപിച്ചിട്ടുണ്ടായിരുന്നു. സ്പീടും കൂടുതലായിരിക്കണം. അല്ലെങ്കിൽ ഇത്ര ഇഞ്ചുറീസ് വരില്ലല്ലോ. പിന്നെ ഒരു സമാദാനം എന്ന് പറയാൻ ജീവൻ തിരികെ കിട്ടാൻ ചാൻസുണ്ട് പക്ഷേ അവന് പഴയത് പോലെ എണീറ്റ് നടക്കാൻ കഴിഞ്ഞെന്ന് വരില്ല.സ്പൈൻ ഡാമേജ് ആയിട്ടുണ്ട്. പിന്നെ രണ്ട് കാലും മുട്ടിനു താഴെ ചലന ശേഷി ഉണ്ടായെന്നു വരില്ല.കാലിന്റെ മുട്ടുകൾക്ക് സാരമായി ക്ഷതമേറ്റതിലാണത്”.

“ഇനിയുള്ള കാലം ഐദന്റെ ലോകം ഒരു ബെഡ് മാത്രമായി ചുരുങ്ങും. സർ റിയാലിറ്റി അക്‌സെപ്റ്റ് ചെയ്യണം.മെഡിക്കൽ സയൻസിൽ പോസ്സിബിൾ ആയ എല്ലാം ഞങ്ങൾ ഐദന് പ്രോവൈഡ് ചെയ്യുന്നുണ്ട്. എല്ലാം സഹിക്കാൻ ദൈവം നിങ്ങൾക്ക് മനസ് തരട്ടെ എന്ന് പ്രാർത്ഥിക്കാം”.

വർഗീസ്‌ മരവിച്ച മനസോടെ കസേരയിലേക്കിരുന്നു. മകളെ മരണം കവർന്നെടുത്തപ്പോൾ പ്രതീക്ഷ മുഴുവൻ ഐദനിലായിരുന്നു. എന്നാൽ അവനുമിപ്പോൾ ഈ അവസ്ഥയിലെത്തിയിരിക്കുന്നു. ചിലപ്പോൾ താൻ ചെയ്ത് പോയ പാപത്തിന്റെ ഫലമായിരിക്കാം ഇതെന്നയാൾ സ്വയം വിലപിച്ചു.ഇടവും വലവും തന്റെ ശക്തി സ്ത്രോതസായിരുന്ന രണ്ട് മക്കളും പഴയത് പോലെ കൂടെ ഉണ്ടാകില്ലെന്ന ബോധ്യം അയാളെ പിടിച്ചുലച്ചു. മനോ ധൈര്യം നഷ്ടപ്പെടാതെ അയാൾ പിടിച്ചു നിന്നു.

മയക്കം വിട്ടുന്നർന്ന ഐദൻ പതിയെ കണ്ണ് തുറന്നതും കണ്ടത് വർഗീസിനെയാണ്. അയാളവനെ അലിവോടെ നോക്കി നിന്നു. ഐദൻ ചുറ്റിനും നോക്കി. ഹോസ്പിറ്റലിലാണ്. എത്ര ദിവസമായിട്ടുണ്ടാകും എന്നവന് ഓർമയില്ല. അരികിൽ ഡോക്ടർ നിൽപ്പുണ്ട്.

“ഹലോ ഐദൻ ഹൌ ഡൂ യൂ ഫീൽ നൗ”?.

“ഞാനെങ്ങനെയാണ് ഡോക്ടർ ഇവിടെത്തിയത്”?.

“ഐദൻ സഞ്ചരിച്ചിരുന്ന കാർ ആക്‌സിഡന്റ് ആയി. ഇവിടേക്ക് കൊണ്ട് വരുമ്പോൾ കണ്ടീഷൻ മോശമായിരുന്നു. ഇപ്പോ പേടിക്കാനൊന്നുമില്ല”.

അവനൊന്നും മിണ്ടിയില്ല.ക്രിസ്റ്റിയും കൂട്ടരും എല്ലാം വിദഗ്ധമായി തന്നെ പ്ലാൻ ചെയ്തത് നടപ്പിലാക്കി കഴിഞ്ഞിരിക്കുന്നു.അപ്പോളാണ് സി ഐ വിനോദ് അവിടേക്ക് വന്നത്.

“ഇപ്പോളെങ്ങനുണ്ട് ഐദൻ . ഞങ്ങൾ കഴിഞ്ഞ ദിവസം വന്നിരുന്നു. ഡോക്ടർ പറഞ്ഞു ബോധം വന്നിട്ടില്ലെന്ന്. ഐദന് അന്നെന്താണ് സംഭവിച്ചതെന്ന് റീകലക്റ്റ് ചെയ്യാൻ കഴിയുന്നുണ്ടോ”?.

അവൻ മറ്റേവിടേക്കോ ദൃഷ്ടി പതിപ്പിച്ചിരുന്നു.

“ഐദന്റെ കാർ ഓഫീസിനടുത്തുള്ള വൈൻ ഷോപ്പിലേക് കയറുന്നതിന്റെയും താൻ അവിടുന്ന് മദ്യപിക്കുന്നതിന്റെയും സിസി ടീവീ ഫുടേജ് കണ്ടിരുന്നു. തന്റെ മൊബൈൽ അവിടെ കിടന്നാണ് ലഭിച്ചത്. ആക്‌സിഡന്റ് കേസ് ആയിട്ടാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. മദ്യപിച്ചു വാഹനം ഓടിക്കുന്നതിന്റെ അപകടമൊക്കെ നിങ്ങളെ പോലുള്ളവരോട് പറയേണ്ട കാര്യമുണ്ടോ മിസ്റ്റർ”ñ.

ഐദനൊന്നും മിണ്ടിയില്ല. അവന്റെ മനസിൽ മറ്റു പലതുമായിരുന്നു.അവnteb റൂമിൽ നിന്നിറങ്ങിയ വിനോദ് ജീവന്റെ ഫോണിൽ വിളിച്ചു.

“പ്രതീക്ഷിച്ചത് പോലെ അവനൊന്നും പറഞ്ഞിട്ടില്ല ജീവൻ. എന്താണ് അവന്റെ കണക്ക് കൂട്ടലുകൾ എന്നറിയാൻ കഴിയില്ല”.

“ഏയ്‌ അവന്റെ കണക്ക് കൂട്ടലുകളൊന്നും ഇനി നടക്കില്ല വിനോദ്”.

“നേരിട്ടവനെ ഒന്നും ചെയ്യാൻ ആകില്ലെങ്കിലും ഇത്രയുമൊക്കെ ദ്രോഹം ചെയ്തവനിട്ട് നിങ്ങളൊരു പണി കൊടുക്കുമ്പോൾ ഞാൻ ഏതേലും രീതിയിൽ ഹെല്പ് ചെയ്യണ്ടേ”.

ഐദന്റെ ഫോൺ വൈൻ ഷോപ്പിന് മുൻപിൽ കിടന്ന് കിട്ടിയെന്ന് പറഞ്ഞത് ഒരു രീതിയിലെ ചെറിയ ഹെല്പ് ആയിരുന്നു. ജീവൻ ചിരിയോടെ ഫോൺ കട്ട്‌ ചെയ്തു. ബാത്‌റൂമിൽ പോകണമെന്ന് ആവശ്യപ്പെട്ട ഐദനോട് സത്യങ്ങൾ പറയാൻ വർഗീസിനായില്ല. അവന്റെ പ്രതികരണം എങ്ങനെയായിരിക്കും എന്നയാൾ ഭയന്നിരുന്നു.

” ഐദൻ ഞാൻ പറയുന്നത് നീ സമാധാനത്തോടെ കേൾക്കണം. പൊട്ടിത്തെറിച്ചു ബഹളം വെയ്ക്കരുത്. നിനക്കിനി എണീറ്റ് നടക്കാനാകില്ല. നട്ടെല്ലിനേറ്റ ക്ഷതവും കാൽ മുട്ടിലെ ലിഗമെന്റ് പൂർണ്ണമായി നശിച്ചു പോയതിനാലും നിനക്കിനി ഒരിക്കലും എഴുനേൽക്കാനോ നടക്കാനോ കഴിയില്ല”.

ഐദന്റെ ചെവി രണ്ടും കൊട്ടിയടച്ചത് പോലെയായി. അവൻ അവന്റെ കാലിലേക്ക് നോക്കി.

” നോ”.

അതൊരലർച്ചയായിരുന്നു.

പലിശയും കൂട്ട് പലിശയും ചേർത്തു കൊടുത്തിട്ടുണ്ട്. കുറഞ്ഞു പോയെന്നോ കൂടി പോയെന്നോ ആരും പറഞ്ഞേക്കരുത്. അപ്പോ സ്റ്റോറി ക്ലൈമാക്സിലേക്ക്. അടുത്തൊരു പാർട്ടോടു കൂടി എന്റെ പീലി അവസാനിക്കും 😊