രചന – നെച്ചു നസ്രിൻ
ക്രിസ്റ്റി ഓർമകളുടെ വേലിയേറ്റത്തിൽ പെട്ടുഴറി.ഓർമ വെച്ച നാൾ മുതൽ തന്റെ തോളോട് ചേർന്ന് നിന്നവളെ തന്നിൽ നിന്ന് പറിച്ചെടുത്ത വിധിയോട് അവന് ദേഷ്യം തോന്നി. അമ്മച്ചിക്ക് വേണ്ടിയെല്ലാം മറന്നെന്നു നടിച്ചതാണ്. പക്ഷേ താനതിന് പ്രാപ്തനല്ലെന്നവൻ മനസ്സിലാക്കിയതാണ് പല തവണ. ഞാൻ ഓക്കേയാണെന്ന് എല്ലാവരോടും അഭിനയിക്കുമ്പോളും രാത്രി ഇരുട്ടിൽ ഒരുപാട് കണ്ണീർ വാർത്തിട്ടുണ്ട്.
ഐദൻ , പെങ്ങൾക്ക് വേണ്ടി ലോകം മുഴുവൻ അവളുടെ കാൽ കീഴിൽ കാഴ്ച വെയ്ക്കാൻ ശക്തനായവൻ. അവൻ വിതച്ച നാശം എന്റെ ലോകത്തെ ഒന്നാകെ പിഴുതെടുത്തിരുന്നു. മറ്റുള്ളവരുടെ ജീവിതം പന്താടാൻ ഒരു മടിയുമില്ലവർക്ക്. ഒരു പെൺകുട്ടിയുടെ ജീവിതം കാൽകീഴിൽ ചവിട്ടിയരച്ചതാണ്. വീണ്ടും വീണ്ടും തെറ്റിലേക്കാണ് പോകുന്നതും. “പീലി സൂരജ്” അവർ ഒരുപാട് സ്നേഹിക്കുന്നുണ്ട്.അവന് വേണ്ടിയവളും അവൾക്ക് വേണ്ടിയവനും ജീവത്യാഗം ചെയ്യാനും തയ്യാറാണ്. ഐദൻ കാരണം ഇനിയാരുടെ കണ്ണും നിറയാൻ പാടില്ലെന്നവൻ ഉറപ്പിച്ചു. ഇനിയൊരു ക്രിസ്റ്റിയും നാൻസിയും ഉണ്ടാകാൻ പാടില്ലെന്നവന് നിർബന്ധമുണ്ടായിരുന്നു എന്ന് വേണം പറയാൻ.
മേരിയുടെ മാനസികാവസ്ഥ മനസിലാക്കിയ പീലി അടുത്ത ദിവസമാക്കാം മടക്ക യാത്രയെന്ന് തീരുമാനിച്ചു. അന്നത്തെ രാത്രി അവരവിടെ കൂടി. വൃശ്ചിക കുളിരു കലശലായി. സന്ധ്യയോടടുക്കുമ്പോൾ തന്നെ കോടയിറങ്ങാൻ തുടങ്ങും. പുറത്തൊരു മൂലയിൽ വിറക് കത്തിച്ചു തീ കായാൻ ക്രിസ്റ്റിയ്‌ക്കൊപ്പം സൂരജും ആനന്തും ജീവനുമുണ്ടായിരുന്നു. എല്ലാവരുടെയും ലക്ഷ്യം ഐദന്റെ പതനമായിരുന്നു.
“എന്റെ ജീവിതം ഇല്ലാതാക്കിയ നിങ്ങളെ , ജീവിക്കാൻ അനുവദിക്കാത്ത ഒരേയൊരാളാണ്. അവൻ ശക്തനായി ജീവിക്കുന്നിടത്തോളം കാലം ഇനിയും ഒരുപാട് പേരുടെ കണ്ണീർ വീഴ്ത്തും. അതിനവസരം ഉണ്ടാക്കാൻ പാടില്ല. എല്ലാത്തിനും ഞാനുമുണ്ട് കൂടെ. ഒന്നിച്ച് നിന്നാൽ ഐദൻ എന്ന ഒറ്റകൊമ്പനെ നമുക്ക് തളയ്ക്കാം”.
ക്രിസ്റ്റിയുടെ ആ പ്രസ്താവന കേൾക്കാനാണ് എല്ലാവരും ആകാംഷയോടെ കാത്തിരുന്നത്.ഐദനെന്ന അസുരനുള്ള ചിതയൊരുക്കുകയായിരുന്നു ആ നാൽവർ സംഘം. അവനെതിരെയുള്ള നീക്കങ്ങൾ ഒരു രീതിയിലും പാളിപോകരുതെന്ന നിർബന്ധം അവർക്കുണ്ടായിരുന്നു. കൃത്യമായ പ്ലാനിങ് തയ്യാറാക്കിയിരുന്നു. ആ രാത്രി അവരാരും ഉറങ്ങിയിരുന്നില്ല. മേരിയ്ക്ക് ക്രിസ്റ്റി സൂരജിനൊപ്പം ഐദനെതിരെ പട വെട്ടുന്നതിനോട് എതിർപ്പുണ്ടായിരുന്നു.സ്വന്തമെന്ന് പറയാൻ ആകെയുള്ള മകന്റെ ജീവനാപത്ത് ഉണ്ടാകരുതെന്ന് മാത്രമാണ് അവരാഗ്രഹിച്ചത്.
” ക്രിസ്റ്റി ഒന്ന് കൂടി ആലോചിച്ചിട്ട് പോരെ. നിനക്കറിയാല്ലോ നിനക്കെന്തെങ്കിലും സംഭവിച്ചാൽ പിന്നെ അമ്മച്ചിക്കാരാണുള്ളത്”.
ക്രിസ്റ്റി മേരിയുടെ കണ്ണിലേക്കു സൂക്ഷിച്ചു നോക്കി. ഒരമ്മയുടെ വ്യാകുലതയും ആധിയുമാണ് അവൻ കണ്ടത്. അവൻ മേരിയുടെ തോളിൽ കൈ ചേർത്തു.
“അമ്മച്ചി ഞാനിപ്പോൾ ഒറ്റയ്ക്കല്ലലോ. നമുക്ക് നഷ്ടപെടാനുള്ളതെല്ലാം നഷ്ടമായി. പീലിയെ അമ്മച്ചി അല്ലെ ഇങ്ങോട്ടേക്ക് കൊണ്ട് വന്നത്. അവളുടെ ജീവിതത്തിൽ സംഭവിച്ചതും ഇനി സംഭവിക്കാൻ പോകുന്നതും നമുക്കും അറിവുള്ളതല്ലേ. നാൻസിയെ മരണത്തിനു വിട്ട് കൊടുത്തത് പോലെ പീലിയെയും വിട്ട് കൊടുക്കാനാകുമോ. നമ്മുടെ നാൻസിക്ക് വേണ്ടി ചെയ്യാൻ ആകാത്തത് ഇപ്പോ പീലിയ്ക്ക് വേണ്ടി ചെയ്യുന്നു അത്രേ ഒള്ളു”.
“അറിയാം മോനെ. പക്ഷേ അമ്മച്ചിക്കെന്തോ ഒരു ഭയം”.
“അമ്മച്ചി ഒന്നുകൊണ്ടും പേടിക്കണ്ട. എല്ലാം കൃത്യമായി പ്ലാൻ ചെയ്തിട്ടുണ്ട്. അവനൊരിക്കലും ഞങ്ങളുടെ കയ്യിൽ നിന്ന് രക്ഷപെടില്ല.ഇതോടെ അവന്റെ എല്ലാ അഹങ്കാരവും അവസാനിക്കും അമ്മച്ചി. നാൻസി,പപ്പ അങ്ങനെ ഒരുപാട് പേരുടെ രക്തം പുരണ്ട അവന്റെ കൈ ഞാൻ അറുത്തെടുക്കും”.
മേരിയ്ക്കൊരു സമാധാനവും ഉണ്ടായിരുന്നില്ല. വീട്ടിൽ നിന്ന് ഇറങ്ങാൻ നേരം അവരുടെ മുഖം വ്യസനം നിറഞ്ഞതായിരുന്നു. സൂരജ് അവർക്കരികിൽ വന്നു കയ്യിൽ പിടിച്ചു.
“അമ്മച്ചിയുടെ മനസിലിപ്പോൾ എന്താണെന്ന് എനിക്ക് മനസിലാകും. പീലിയെ തിരികെ കിട്ടാൻ നിങ്ങളൊക്കെ ഒരു കാരണമാണ്. അതിനുള്ള നന്ദി എത്ര പറഞ്ഞാലും മതിയാകില്ല. ക്രിസ്റ്റിയെ ഓർത്താണ് അമ്മച്ചിയിപ്പോൾ സങ്കടപ്പെടുന്നതെന്ന് എനിക്കറിയാം. തിന്മയ്ക്കെതിരെയുള്ള ഞങ്ങളുടെ ഈ പോരാട്ടം ഒരിക്കലും ഞങ്ങളിൽ ഒരാളുടെ അന്ത്യം കൊണ്ടാകില്ല. അവൻ നിങ്ങളോട് കാണിച്ച ക്രൂരതകളൊക്കെ അവൻ ഇനിയും ചെയ്യും. അതിനിടവരാൻ ഞങ്ങൾ അനുവദിക്കില്ല. ക്രിസ്റ്റിക്ക് ഒരു കുഴപ്പവും വരാതെ തിരിച്ച് അമ്മച്ചിയുടെ അടുത്ത് തന്നെ വരും. സങ്കടപ്പെടരുത്”.
മേരി നിറകണ്ണുകളാലെ സൂരജിനെ നോക്കി. അവന്റെ തലയിലൊന്ന് തലോടി.
“ഇല്ല മോനെ അമ്മച്ചിക്കിപ്പോൾ പേടിയില്ല. എന്റെ ക്രിസ്റ്റിക്ക് എന്തെങ്കിലും പറ്റിയാൽ പോലും ഞാനത് നേരിടാൻ പ്രാപ്തയാണ്. പക്ഷേ ആ ദുഷ്ടന്റെ ചെയ്തികൾക്കൊരു അവസാനം ഉണ്ടാകണം.നിങ്ങൾ പറഞ്ഞ പോലെ ഇനിയൊരു കുടുംബത്തിന്റെ കണ്ണീർ അവൻ കാരണം ഈ ഭൂമിയിൽ വീഴാൻ പാടില്ല. കർത്താവ് നിങ്ങടെ കൂടെയുണ്ടാകും. ഞാൻ പ്രാർത്ഥിക്കാം. നിങ്ങൾ പോയിട്ടു വാ”.
കാറിൽ സൂരജിനൊപ്പം ചേർന്നിരിക്കുമ്പോൾ പീലിയിൽ വല്ലാത്തൊരു ഭയം വന്നു നിറഞ്ഞു. ദൂരം കുറഞ്ഞു വരുന്നതനുസരിച് അവളിലെ വിറയൽ കൂടി വന്നു. ഇരുട്ടത് താൻ താണ്ടിയ വഴികളൊക്കെ അവൾ ഭയത്തോടെ നോക്കിയിരുന്നു.എന്തൊക്കെ ആശ്വാസ വാക്കുകൾ കേട്ടാലും ഐദന്റെ വാക്കുകൾ അവളുടെ ചെവിയിൽ മുഴങ്ങിക്കൊണ്ടിരുന്നു .അവളിലെ വിറയലും ഭയവും തിരിച്ചറിഞ്ഞ സൂരജ് അവളുടെ തോളിൽ പിടിച്ച് തന്റെ ദേഹത്തേക്ക് ചേർത്തു. അവന്റെ മുഖത്തേക്ക് നോക്കിയ പീലിയെ ഒന്നുമില്ലെന്നർത്ഥത്തിൽ കണ്ണടച്ചു കാണിച്ചു.
പീലിയുടെ മനസ് അപ്പോഴും ചുട്ട് പഴുത്ത മരുഭൂമി പോലെയായിരുന്നു. വീട്ടിലേക്ക് ചെല്ലുമ്പോൾ ഭദ്രയുടെ പ്രതികരണം എന്താകുമെന്ന് അവൾ ഭയന്നു. ഉറപ്പായും തന്നോട് ദേഷ്യപെടുമായിരിക്കും. അത്രക്ക് വലിയ തെറ്റല്ലേ താൻ എല്ലാരോടും ചെയ്തത്.
“ഒന്നും ആലോചിക്കേണ്ട പീലി.നിനക്ക് ഒന്നും വരാൻ ഞാൻ സമ്മതിക്കില്ല. ഞാനില്ലേ പീലി നിന്റെ കൂടെ”.
ആ വാക്കുകൾ മതിയായിരുന്നു പീലിയുടെ ഹൃദയം കുളിരാൻ. അവളവന്റെ നെഞ്ചിലേക്ക് ചാഞ്ഞു.സൂരജും പീലിയും അവരുടെ വീടിന് മുന്നിലിറങ്ങി. വൈകിട്ട് ഒന്നിച്ച് കൂടാമെന്ന് സൂരജും ക്രിസ്റ്റിയും ആനന്തും ജീവനും തീരുമാനിച്ചു.പീലിയ്ക്ക് നെഞ്ചിടിപ്പേറി. ഭദ്ര കട്ടിലിൽ കണ്ണടച്ചു കിടക്കുകയായിരുന്നു. അപ്പോളും കണ്ണിൽ കണ്ണുനീരിന്റെ നനവുണ്ടായിരുന്നു.പീലി ഭദ്രയുടെ കാലിൽ പതിയെ തൊട്ടു. അതറിഞ്ഞതും ഭദ്ര ആയാസപ്പെട്ട് കണ്ണുകൾ വലിച്ചു തുറന്നു. മുന്നിൽ കണ്ട കാഴ്ച സത്യമാണോ എന്നവർ സംശയിച്ചു.അവരുടെ കണ്ണിനു ചുറ്റും കറുപ്പ് വ്യാപിച്ചിരുന്നു.
അത്യധികം ആഹ്ലാദത്തോടെ ഭദ്ര ചാടിയെണീറ്റു.അവർ പീലിയെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു. പീലിയും കരയുകയായിരുന്നു.
“നിനക്കെങ്ങനെ കഴിഞ്ഞു മോളെ ഞങ്ങളെയൊക്കെ വിട്ടിട്ട് പോകാൻ. എത്ര ദിവസമായെന്നറിയുമോ തീ തിന്ന് ജീവിക്കാൻ തുടങ്ങിയിട്ട്.നീ ഈ അമ്മയെക്കുറിച്ചോർത്തില്ലല്ലോ. ഇതാണോ നീ പറഞ്ഞത് എന്നെ സ്വന്തം അമ്മയായിട്ടാണ് കണ്ടതെന്നൊക്കെ. ഇത്രക്കേ ഉണ്ടായിരുന്നുള്ളൂ അല്ലെ”.
ഭദ്രയുടെ വാക്കുകൾ ചാട്ടുളി കണക്കെ പീലിയുടെ ഹൃദയത്തിൽ തറച്ചു.
“അമ്മേ എന്നെ മനസിലാക്കണം. ഒരിക്കലും നിങ്ങളെയൊന്നും വിഷമിപ്പിക്കണം എന്ന് കരുതിയല്ല. ഞാൻ കാരണം നിങ്ങൾക്കാർക്കും ഒന്നും വരരുതെന്ന് ആഗ്രഹിച്ചതേയുള്ളൂ.ഇവിടുന്ന് പോയ അന്ന് തൊട്ട് ഇന്ന് വരെ ഞാൻ ഓരോ നിമിഷവും ഉരുകിയാണ് ജീവിച്ചത്. അമ്മയെ സ്വന്തമായി കണ്ടത് കൊണ്ടാണ്. അല്ലെന്ന് മാത്രം പറയരുതേ”.
ഭദ്ര പീലിയുടെ മിഴികൾ തുടച്ചവളെ നെഞ്ചോടടക്കി.
“നീയാരെയും പേടിച്ചു ഓടി പോകേണ്ട. അങ്ങനങ്ങു എല്ലാവരെയും ദ്രോഹിക്കുവാണേൽ ദ്രോഹിക്കട്ടെ. ഒന്നിച്ചനുഭവിക്കും.മരണത്തിലായാലും ജീവിതത്തിലായാലും തലയുയർത്തി ഒന്നിച്ച് നിൽക്കാം. മോൾക്ക് വേണ്ടി മരിക്കാനും ഞങ്ങൾക്ക് സന്തോഷമേയുള്ളൂ. സ്വപ്നത്തിൽ പോലും ഇനി ഞങ്ങളെ വിട്ട് പോകാനാഗ്രഹിക്കരുത് മോളെ. ഞങ്ങൾക്കത് താങ്ങാനാകില്ല”.
“എന്നോട് ക്ഷമിക്കണം അമ്മേ”.
ഭദ്ര പീലിയെ വയർ നിറയും വരെ ഊട്ടി. പീലിയുടെ മനസും വയറും നിറഞ്ഞു. സൂരജ് അമ്മയുടെ മുഖത്തെ തെളിച്ചം ആനന്ദത്തോടെ നോക്കിക്കണ്ടു. ദിവസങ്ങൾ മുൻപ് നഷ്ടമായ സന്തോഷം വീട്ടിലേക്കു വീണ്ടും വിരുന്നെത്തിയിരിക്കുന്നു.വിളക്ക് തെളിയിക്കാനോ നാമം ജപിക്കാനോ എന്തിനു പറയുന്നു ആഹാരം കഴിക്കാൻ പോലും മനസ്സില്ലാതെ തളർന്നു കിടന്ന ഭദ്രയിൽ ഒരു പുത്തനുണർവ് നിറഞ്ഞു.അന്ന് രാത്രി ഒരുപാട് ദിവസങ്ങൾക്കു ശേഷം അവരൊന്നിച്ചിരുന്നു ഭക്ഷണം കഴിച്ചു. രാത്രി ഏറെ വൈകിയിട്ടും ഭദ്രയും പീലിയും വിശേഷം പറഞ്ഞു കഴിഞ്ഞിരുന്നില്ല.
സൂരജ് കട്ടിലിലേക്ക് ചാഞ്ഞു കിടന്ന് കണ്ണടച്ചു. അവന്റെ മനസിൽ വല്ലാത്തൊരു സന്തോഷവും സമാധാനവും നിറഞ്ഞു.പീലിയുടെയും അമ്മയുടെയും മുഖത്തെ സന്തോഷം മതിയായിരുന്നു അവന്റെ മനസ് നിറയാൻ. സൂരജ് പീലിയെ കാത്തിരിക്കാൻ തുടങ്ങിയിട്ട് ഏറെ നേരമായി. വീട്ടിലേക്ക് വന്നതിൽ പിന്നെ അവൾ തന്നെ മറന്നത് പോലെയാണ്. അമ്മയെ കണ്ടതിനു ശേഷം അവൾ മറ്റൊരു ലോകത്താണ്. അമ്മയും പീലിയും മാത്രമുള്ള ലോകം.
സൂരജിന് ക്ഷമ നശിച്ചു. അവൻ റൂമിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. ഒടുവിൽ എന്തും വരട്ടെ എന്ന് കരുതി അവൻ താഴേക്ക് ഇറങ്ങി വന്നു. അമ്മയുടെ മടിയിൽ തല ചേർത്തു കിടക്കുകയാണവൾ.
“ഹ്മ്മ് ഇവിടൊരുത്തൻ കണ്ണിൽ എണ്ണയൊഴിച്ചു കാത്തിരിക്കുന്നത് അവൾക്കറിയേണ്ട. പാട് പെട്ട് അലഞ്ഞു തിരിഞ്ഞ് ഊട്ടി വരെ വന്നു ഇങ്ങോട്ടേക്ക് സുരക്ഷിതമായി കൊണ്ട് വന്നപ്പോൾ എന്നെ വേണ്ട. ഇങ്ങ് വരട്ടെ കാണിച്ചു കൊടുക്കാം ഞാൻ”.
അവൻ ദേഷ്യത്തിൽ പടി കയറി തിരികെ മുകളിലേക്ക് പോയി. ഭദ്ര സൂരജ് വരുന്നതും തിരിച്ച് പോകുന്നതും കണ്ടിരുന്നു.അവരുടെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു.
“എങ്കിൽ മോൾ പോയി കിടക്കാൻ നോക്ക്. ബാക്കിയൊക്കെ നമുക്ക് നാളെ സംസാരിക്കാം. അവിടൊരാൾ നിന്നെ കാത്ത് ഉറങ്ങി പോയിട്ടുണ്ടാകും”.
അവൾ അമ്മയുടെ കവിളിലൊന്ന് മുത്തി മുകളിലേക്ക് പോയി. റൂമിലേക്ക് കടക്കാനായി കാലെടുത്തു വെച്ചതും എന്തോ ഒരു ഭയം അവളിൽ നിറഞ്ഞു.റൂമിലെങ്ങും സൂരജിനെ കണ്ടില്ല. ബാൽക്കണിയിലുണ്ടാകും എന്നവൾ ഊഹിച്ചു. മറ്റെവിടെയോ നോക്കിയിരിപ്പാണ് സൂരജ്. അവൾ അടുത്ത് വന്നതറിഞ്ഞിട്ടും അവനവളെ നോക്കിയില്ല. ആട്ടുകട്ടിലിന്റെ ഒരു വശത്തേക്ക് പീലിയിരുന്നു സൂരജിന്റെ മുഖത്തേക്ക് നോക്കി.
അവന്റെ മുഖത്തെ പരിഭവം കണ്ടതും പീലിയ്ക്കവനോട് വാത്സല്യവും പ്രണയവും ഒരുപോലെ തോന്നി. അവൾ പതിയെ അവന്റെ കവിളിലൊന്ന് തൊട്ടു . സൂരജിന് ചെറുതായി ചിരി വന്നെങ്കിലും അവനത് ഭംഗിയായി മറച്ചു വെച്ചു.അവനൊരു കുലുക്കവും ഇല്ലെന്നറിഞ്ഞ പീലി അവന്റെയാ കവിളിൽ ഒരു പിച്ചു കൊടുത്തു. ഒരു രക്ഷയുമില്ല എന്ന് കണ്ടതും പീലിയിൽ കുസൃതി നിറഞ്ഞു. അവൾ കുറച്ച് കൂടി അവനോട് ചേർന്നിരുന്നു. പെട്ടെന്നാണ് അവളവന്റെ കവിളിലൊരു ഉമ്മ കൊടുത്തത്. സൂരജ് ഞെട്ടി തിരിഞ്ഞവളെ നോക്കി.
പീലി മനോഹരമായി അവനെ നോക്കി ചിരിച്ചു.
“എന്താ സോപ്പിടാനുള്ള പരിപാടിയാണോ?. പിന്നത്തേക്ക് പറയാൻ എന്തേലും ബാക്കി വെച്ചിട്ടുണ്ടോ അതോ ഇന്ന് കൊണ്ടെല്ലാം പറഞ്ഞു തീർത്തോ”?.
“സൂരജേട്ടാ”.
“ഓഹോ നിനക്കെന്റെ പേരൊക്കെ ഓർമ്മയുണ്ടോ. ഞാൻ കരുതി മറന്ന് പോയെന്ന്”.
” മതി കേട്ടോ സൂരജേട്ടാ. ഈ പിണക്കമിപ്പോൾ എന്തിനാ”.
“എനിക്കെന്തിനാ പിണക്കം. ഞാൻ എന്റെ കാര്യം നോക്കിയിരിക്കുവല്ലേ”.
“ദേ എനിക്ക് സങ്കടം വരുന്നുണ്ടേ”.
പീലിയുടെ കണ്ണ് ചെറുതായി നിറഞ്ഞു വന്നു. അവളെണീറ്റ് പോകാനായതും സൂരജ് അവളുടെ കയ്യിൽ പിടിച്ച് വലിച്ചു. അവളവന്റെ മടിയിലേക്കാണ് വീണത്.
“വിട്ടേ സൂരജേട്ടാ ഞാൻ പോകട്ടെ”.
“ഇത്ര പോയതൊന്നും നിനക്ക് മതിയായില്ലേ ഇനിയും പോകണമെന്നോ. നിന്നെ ഇനി മുതൽ ഇവിടെ കെട്ടിയിടാൻ പോകുവാ. ഇനിയും ഓടി പോകാൻ തോന്നിയാലോ”.
“ആഹാ. അതൊന്ന് കാണണമല്ലോ”.
“കാണണോ. ഇപ്പോ കാണിച്ചു തരാം”.
അവനവളെ കയ്യിൽ കോരിയെടുത്തു. പീലി ഒന്ന് ഞെടുങ്ങി. അവന്റെ നെഞ്ചിലേക്ക് പറ്റി ചേർന്നു. സൂരജ് അവളെ കട്ടിലിലേക്ക് കിടത്തി. അരികിൽ അവനും കിടന്നു. പീലി അവന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.ആ കണ്ണുകളിൽ സ്നേഹം മാത്രമായിരുന്നു. സൂരജ് അവളുടെ മുഖം കൈകുമ്പിളിൽ എടുത്തു.
അവൾ അവന്റെ നെഞ്ചിലൊട്ടി കിടന്നു. സൂരജിന്റെ കൈ പീലിയുടെ നീണ്ട ഇടതൂർന്ന മുടിയിൽ തലോടി. വല്ലാത്തൊരു ശാന്തത അവരിരുവരുടെ മനസിലും കളിയാടി.

by